ഹാക്കർ എക്സ് രണ്ടാമൻ: വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന ക്രൈം ത്രില്ലർ

Mail This Article
“ശാസ്ത്രത്തിന്റെ ചരിത്രം അതിബുദ്ധിമാന്മാരായ മനുഷ്യരുടെ മാത്രം കഥയല്ല, മറിച്ച് സാധാരണ മനുഷ്യന്റെ സമഗ്രമായ വളർച്ചയുടെ കഥ കൂടിയാണ്. അറിവ്, അധികാരം, അവസരം എന്നിവയുടെ തുല്യതക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ചരിത്രം.” ഡിജിറ്റൽ യുഗത്തിലും തുടരുന്ന ആ പോരാട്ടത്തിന്റെ ഉദ്വേഗജനകമായ ആവിഷ്ക്കാരമാണ് ഹാക്കർ എക്സ് രണ്ടാമൻ എന്ന നോവൽ. വിജ്ഞാനം ഏതൊക്കെ രീതിയിൽ സ്വകാര്യവത്കരിക്കപ്പെടുന്നുവെന്നും ശാസ്ത്ര ജ്ഞാനം സാധാരണക്കാർക്കു അപ്രാപ്യമാകുകയും പകരമത് കുത്തക കോർപ്പറേറ്റുകളുടെ വിൽപ്പന ചരക്കാകുകയും ചെയ്യുമ്പോൾ അതിനെതിരെയുള്ള പോരാട്ടങ്ങൾ സൈബർ ലോകത്ത് എങ്ങനെയാണു നടക്കുന്നതെന്നും വിശദീകരിക്കുന്ന ഒരു നോവലാണിത്. ഡി സി ബുക്സ് നടത്തിയ ക്രൈം ഫിക്ഷൻ നോവൽ മത്സരത്തിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഡാർക്ക് നെറ്റ് എന്ന നോവലിന്റെ രചയിതാവായ ആദർശ് എസിന്റെ രണ്ടാമത്തെ നോവലാണ് ഹാക്കർ എക്സ് രണ്ടാമൻ.
സയൻസ് സൊസൈറ്റി എന്ന ശാസ്ത്ര ഗവേഷണ സംഘടനക്ക് ഹാക്കർ എക്സ് എന്ന അജ്ഞാതനിൽ നിന്നും ചില ഭീഷണി ഇമെയിലുകൾ ലഭിക്കുന്നു. സയൻസ് സൊസൈറ്റി നടത്തുന്ന ശാസ്ത്ര ഗവേഷണങ്ങളുടെ ഫലങ്ങൾ ലോകമെങ്ങുമുള്ള ഗവേഷകർക്ക് സൗജന്യ നിരക്കിൽ നൽകിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നായിരുന്നു ആ ഭീഷണി. സയൻസ് സൊസൈറ്റിയിലെ ഉന്നതർ അത് അവഗണിക്കുന്നു. അവരെ ഞെട്ടിച്ചു കൊണ്ട് കോർ കമ്മിറ്റി അംഗമായ പ്രതിഭയെ കാണാതാകുന്നു. സയൻസ് സൊസൈറ്റിക്ക് നേരെ വരുന്ന ആക്രമണങ്ങൾ ചെറുക്കാനും പ്രതിഭയെ കണ്ടെത്താനുമായി സയൻസ് സൊസൈറ്റിയുടെ സെക്യൂരിറ്റി ഹെഡ് ഗാവിൻ ഐസക്കും അസിസ്റ്റന്റ് അമീർ ആലവും രംഗത്തിറങ്ങുന്നു. സൈബർ ലോകത്ത് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന അജ്ഞാതനായ ശത്രു ഗാവിനും കൂട്ടാളികൾക്കും തലവേദനയുണ്ടാക്കുന്നു.
അതെ സമയം തന്നെ പ്രതിഭ ടീച്ചറുടെ ശിഷ്യ ശ്രീബാല, സുഹൃത്തായ ഇൻസ്‌പെക്ടർ കെവിൻ മോസസിനൊപ്പം ടീച്ചറെ തേടിയിറങ്ങുന്നു. അവരോടൊപ്പം വിദേശത്തു നിന്നും വരുന്ന വിശാൽ കൂടി ചേരുന്നതോടെ അന്വേഷണത്തിന് വേഗം കൂടുന്നു. അവർ മൂവരും ചെന്ന് വീഴുന്നത് സയൻസ് സൊസൈറ്റിയെ ചൂഴ്ന്നു നിൽക്കുന്ന നിഗൂഢതകളുടെ ലോകത്തേക്കാണ്. സയൻസ് സൊസൈറ്റിയിൽ അരങ്ങേറുന്ന കൊലപാതകങ്ങൾ കഥയുടെ ഗതി തന്നെ മാറ്റി മറിക്കുന്നു.
ക്രൈം ത്രില്ലർ നോവലിന്റെ പ്രാഥമിക ധർമ്മം എപ്പോഴും അതിന്റെ വായനക്കാരെ അവസാനിക്കാത്ത ആകാംക്ഷയിലേക്ക് തള്ളിയിട്ടു കൊണ്ട് പിരിമുറുക്കം നിറഞ്ഞ വായന സൃഷ്ടിക്കുക എന്നതാണ്. സയൻസ് സൊസൈറ്റി കോർ കമ്മിറ്റി അംഗത്തിന്റെ തിരോധാനം, അവിടെ നടക്കുന്ന കൊലപാതകങ്ങൾ, സയൻസ് സൊസൈറ്റിയെ പുറത്തു നിന്നും നിയന്ത്രിക്കുന്ന അദൃശ്യശക്തികൾ, സ്നൈപ്പർ എന്ന പേരിൽ മറഞ്ഞിരിക്കുന്ന വാടക കൊലയാളി, സയൻസ് സൊസൈറ്റിയെ സൈബർ ലോകത്ത് നിന്ന് വിറപ്പിക്കുന്ന അജ്ഞാതനായ ഹാക്കർ X ഇങ്ങനെ വായനക്കാരനെ ആകാംക്ഷയുടെ കൊടുമുടിയിലെത്തിക്കുന്ന നിരവധി ചോദ്യങ്ങൾ മുന്നിൽ വെച്ച് ആദ്യ പേജ് മുതൽ അവസാന പേജ് വരെ നിഗൂഢതയുടെ പിരിമുറുക്കം സൃഷ്ടിച്ച് ഉദ്വേഗത്തിന്റെ വലിയൊരു ലോകത്തേക്ക് വായനക്കാരെ എഴുത്തുകാരൻ കൊണ്ട് പോകുന്നുണ്ട്.
ട്വിസ്റ്റുകളും സസ്പെൻസുകളും കൊണ്ട് നിറഞ്ഞ ഈ നോവലിന്റെ ഏറ്റവും കൗതുകകരമായതും എടുത്തു പറയേണ്ടതുമായ വസ്തുതകളിൽ ഒന്ന് കേരളത്തിലെ ജനകീയ പ്രസ്ഥാനം ഈ നോവലിൽ ഒരു പ്രധാന കഥാപാത്രമായി വരുന്നു എന്നുള്ളതാണ്. അടുത്ത അറിവിന്റെ സ്വതന്ത്ര ലഭ്യതക്ക് വേണ്ടി പോരാടി മരിച്ച ആരോൺ സ്വാർട്സ് ഇതിൽ ഒരു കഥാപാത്രമായി മാറുന്നു എന്നുള്ളതാണ്. കേരളത്തിലെ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ വളർച്ച ഇന്നെവിടെ എത്തി നിൽക്കുന്നു എന്ന് ചോദിക്കുന്ന എഴുത്തുകാരൻ ശാസ്ത്ര പ്രസ്ഥാനങ്ങൾ കാലോചിതമായി എങ്ങനെ മാറണമെന്നുള്ള വീക്ഷണം കൂടി മുന്നോട്ട് വെയ്ക്കുന്നു. ഇത് തീർച്ചയായും കൂടുതൽ ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ്. ഒരു ക്രൈം ത്രില്ലർ നോവൽ ആണ് ഇത്തരം ചർച്ചകൾ ഉയർത്തി കൊണ്ട് വരുന്നതെന്നുള്ളത് കൗതുകകരമായ സംഗതിയാണ്. അത് കൊണ്ട് തന്നെയാണ് ഹാക്കർ എക്സ് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു ക്രൈം ത്രില്ലർ ആണെന്ന് പറയുന്നത്.
ഇനി ആരോൺ സ്വാർട്സും നോവലും തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിച്ചാൽ ആദ്യം ആരോൺ സ്വാർട്സ് ആരായിരുന്നു എന്നറിയണം. നോവലിന്റെ ആദ്യ അധ്യായത്തിൽ വന്നു പോകുന്ന ഒരു കഥാപാത്രമാണ് ആരോൺ ലൂയിസ്. വായന പുരോഗമിക്കുമ്പോൾ മനസിലാകും 2013 ൽ ആത്മഹത്യ ചെയ്ത അമേരിക്കക്കാരനായ ഇന്റർനെറ്റ് ആക്ടിവിസ്റ്റ് ആരോൺ സ്വാർട്സിനെ മുൻനിർത്തി ഉണ്ടാക്കിയ കഥാപാത്രമാണ് അതെന്ന്. അറിവ് (knowledge), പ്രത്യേകിച്ച് പൊതു ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന അറിവ് എല്ലാവർക്കും സൗജന്യമായി ലഭ്യമാകണം എന്ന തത്വത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന സ്വാർട്ട്സ് അതിനു വേണ്ടി ഡിജിറ്റൽ ലോകത്ത് നിരന്തരം പോരാടി. പണം, അറിവിന്റെ ജനാധിപത്യവൽക്കരണത്തെ പരിമിതപ്പെടുത്തുന്നത് ശാസ്ത്രീയ പുരോഗതിയെയും സാമൂഹിക നീതിയെയും തടസ്സപ്പെടുത്തുമെന്നു വിശ്വസിച്ചിരുന്ന അദ്ദേഹം JSTOR-നെതിരെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും, ഓപ്പൺ ആക്‌സസിനായി പ്രവർത്തിക്കുകയും ചെയ്തു.
അക്കാദമിക് ഗവേഷണത്തിലേക്കുള്ള പ്രവേശനം പേവാൾ മുഖേന പരിമിതപ്പെടുത്തണമെന്ന കുത്തക കോർപറേറ്റുകളുടെ ആശയത്തെ വെല്ലുവിളിച്ചു കൊണ്ട് അക്കാദമിക് ജേണലുകളുടെ ഡിജിറ്റൽ ലൈബ്രറിയായ JSTOR-ൽ നിന്ന് ധാരാളം അക്കാദമിക് ലേഖനങ്ങൾ ഡൗൺലോഡ് ചെയ്തു ഗറില്ല ഓപ്പൺ ആക്സസ് മാനിഫെസ്റ്റോ പ്രകാരം, പൊതുജനങ്ങൾക്ക് അദ്ദേഹം സൗജന്യമായി ലഭ്യമാക്കി. ഇത് അമേരിക്കൻ ഫെഡറൽ നിയമ സംവിധാനത്തിന്റെ ക്രൂരമായ വേട്ടയാടലുകൾക്ക് കാരണമായി തീർന്നു. പിടിച്ചു നിൽക്കാനാകാതെ ഒടുവിൽ ആരോൺ ആത്മഹത്യ ചെയ്യുകയായിരുന്നു. സ്വാർട്‌സിന്റെ ആത്മഹത്യ വലിയ പൊതുജന പ്രതിഷേധത്തിന് കാരണമായി. ഡിജിറ്റൽ അവകാശങ്ങൾ സംരക്ഷിക്കാൻ ലോകമെമ്പാടും നടക്കുന്ന ശ്രമങ്ങൾക്ക് അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനവും വലിയ പ്രചോദനമാണ്.
അറിവിന്റെ സാർവത്രികതയ്ക്കായി രക്തസാക്ഷിയായ ആരോൺ സ്വാർട്സിനുള്ള സമർപ്പണം കൂടിയാണ് ഹാക്കർ എക്സ് രണ്ടാമൻ എന്ന നോവൽ. ആരോൺ സ്വാർട്സും, ജനകീയ ശാസ്ത്ര പ്രസ്ഥാനവും, സൈബർ ലോകത്തെ പുതിയ മുന്നേറ്റങ്ങളും ഒക്കെ കടന്നു വരുന്ന ഈ കുറ്റാന്വേഷണ നോവൽ മലയാള ത്രില്ലർ സാഹിത്യ മേഖലയിൽ പുതിയൊരു വഴി തുറന്നിടുകയാണ്. ഈ നോവൽ കൂടുതൽ വായിക്കപ്പെടേണ്ടതുണ്ട്.
ഹാക്കർ X രണ്ടാമൻ
ആദർശ് എസ്.
ഡി സി ബുക്സ്
വില: 399 രൂപ