വിലയിടാനാവാത്ത വൈരക്കൽ മൂക്കുത്തി; പ്രണയവും

Mail This Article
പശ്ചിമഘട്ടം കടന്ന് യാത്ര തുടങ്ങിയ മലയാളി മിക്ക ലോകരാജ്യങ്ങളിൽ എത്തിയെങ്കിലും മലയാളം ചെറിയൊരു ദേശത്തിന്റെ മാത്രം മാതൃഭാഷയായി കാലങ്ങളോളം തുടർന്നു; സാഹിത്യവും. അതിർത്തി കടന്ന് അപൂർവമായി മാത്രമാണ് മലയാള ഭാവന സഞ്ചരിച്ചത്. ചെറിയ പരാമർശങ്ങൾ മാത്രമായി. സൂചനകളായി. സഞ്ചാര സാഹിത്യ ശാഖയിൽ ഒട്ടേറെ കൃതികൾ ഉണ്ടായെങ്കിലും ഭാവനയുടെ തേര് മലയാളി കേരളത്തിൽ തന്നെയാണ് ഓടിച്ചത്. മലയാളികൾക്കിടയിലും. കുറേക്കാലം കാത്തിരുന്നെങ്കിലും പുതിയ തലമുറ അതിരുകൾ ഭേദിച്ച് അക്ഷരങ്ങളുമായി യാത്ര തുടങ്ങി. വിദൂര രാജ്യങ്ങളുടെ പശ്ചാത്തലത്തിൽ കഥകളും നോവലുകളും വന്നു. വ്യത്യസ്ത സംഭവങ്ങൾ പ്രമേയങ്ങളായി. ഭാവനയ്ക്ക് അതിരും ആകാശവും ഇല്ലെന്നു തെളിയിച്ചു.
കേരളത്തിനു പുറത്തേക്ക് ധീരമായും സാഹസികമായും ചാലു കീറിയ മലയാള കൃതികളുടെ കൂട്ടത്തിലാണ് നീലച്ചിറകുള്ള മൂക്കുത്തി എന്ന നോവലും ഉൾപ്പെടുന്നത്. കൊൽക്കത്ത ഉൾപ്പെടെയുള്ള വൻ നഗരങ്ങളുടെ പശ്ചാത്തലത്തിൽ സിനിമ, രാഷ്ട്രീയം, ബിസിനസ്, മോഡലിങ് എന്നിവയുടെ നിഗൂഢവും ദുരൂഹവുമായ സാമ്രാജ്യത്തിൽ നിന്ന് ഒറ്റയിരിപ്പിനു വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന കഥയുമായാണ് സന റുബീന എന്ന യുവ എഴുത്തുകാരി എത്തുന്നത്.
ഒഡീഷയിലെ കൊണാർക്ക് സൂര്യക്ഷേത്രത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്. ലോകത്തിനു വജ്രസൂര്യശോഭ നൽകി വെട്ടിത്തിളങ്ങുന്ന ബിസിനസ് ടൈക്കൂൺ റായ് വിദേതൻ ദാസ്. ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങളിലും ഇന്ത്യയ്ക്കു വെളിയിലും പന്തലിച്ചുകിടക്കുന്ന താരാ ഡയമണ്ട് ആൻഡ് ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമ. ചടുലമായ സംഭാഷണ മികവും ആകർഷിക്കുന്ന വ്യക്തിത്വവുമായി ബിസിനസ് സാമ്രാജ്യം മാത്രമല്ല, സെലിബ്രിറ്റികൾ അടക്കമുള്ള പെൺമനസ്സുകളെയും കീഴടക്കിയ കാസനോവ. രണ്ടു വിവാഹ പരാജയങ്ങൾ. പ്രായപൂർത്തിയായ ഒരു മകൾ. പ്രായത്തിൽ വലിയ വ്യത്യാസമുള്ള മിലാൻ പ്രണോതി എന്ന യുവ മോഡലുമായി ദാസ് പ്രണയത്തിൽ ആകുന്നതോടെയാണ് നീലച്ചിറകുള്ള മൂക്കുത്തി തുടങ്ങുന്നത്. മൂന്നാം വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതോടെയും. നീലച്ചിറകുള്ള മൂക്കുത്തിക്ക് നോവലിൽ സവിശേഷ സ്ഥാനമുണ്ട്. ദാസിന്റെ അമ്മ താരാദേവി അണിഞ്ഞ ഒറ്റക്കല്ലുള്ള വൈരമൂക്കുത്തി. രണ്ടു മുൻ ഭാര്യമാർക്കും ആ മൂക്കുത്തി ദാസ് കൈമാറിയിട്ടില്ല. പ്രായം 50 കഴിഞ്ഞു. ബിസിനസ് സാമ്രാജ്യത്തിന്റെ പിൻതുടർച്ചയുടെ അടയാളം കൂടിയായ മൂക്കുത്തി മിലാനു ലഭിക്കുമോ... ചിത്രശലഭം പോലെ പെൺപൂക്കളിൽ ഒന്നിൽ നിന്ന് ഒന്നിലേക്കു നിരന്തരം പാറിപ്പറക്കുന്ന ദാസിന്റെ ഒരേയൊരു പെണ്ണാകാൻ മിലാനു കഴിയുമോ? ദാസിന്റെയും പ്രണോതിയുടെയും പ്രണയത്തിൽ നിന്നു തുടങ്ങി പ്രണയത്തിൽ തന്നെ അവസാനിക്കുന്നതിനിടെ ഉദ്വേഗജനകമായ സംഭവങ്ങളിലൂടെയാണ് നോവൽ കടന്നുപോകുന്നത്.
വായിച്ചുതുടങ്ങിയാൽ അവസാന പേജും പൂർത്തിയാക്കാതെ പുസ്തകം താഴെവയ്ക്കാനാവാത്ത മാന്ത്രികതയാണ് സന റുബീനയുടെ കരുത്ത്. അപൂർവം വിശേഷണങ്ങൾ ഒഴിച്ചുനിർത്തിയാൽ ദൈനംദിന ഭാഷ തന്നെയാണ് നോവലിൽ ഉപയോഗിച്ചിരിക്കുന്നത്. പശ്ചാത്തലം മറ്റു നഗരങ്ങളാണെങ്കിലും തനി നാട്ടിൻപുറ മലയാളത്തിലാണു കഥ പറയുന്നത്. ഒരു വിദേശ സിനിമയുടെ കഥ സാങ്കേതിക പദപ്രയോഗങ്ങളില്ലാതെ എന്നാൽ രസച്ചരട് മുറിയാതെ അവതരിപ്പിക്കുന്നു. ബിസിനസ് ശത്രുതയും കിടമത്സരങ്ങളും കഥയുടെ ഭാഗമാണെങ്കിലും ദാസ്–മിലാൻ പ്രണയം തന്നെയാണ് ഫോക്കസ്. പ്രണയ സാഫല്യം കൊതിക്കുന്ന ഇരുവർക്കും നേരിടേണ്ടിവരുന്ന വെല്ലുവിളികൾ വിശദമായും നാടകീയമായും ആവിഷ്കരിച്ചിട്ടുണ്ട്.
പിഴവ് പറ്റാവുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ വിജയകരമായി അതിജീവിച്ചാണ് നോവൽ ക്ലൈമാക്സിൽ എത്തുന്നത്. കുറ്റാന്വേഷണ നോവലിന്റെ ചടുലതയുണ്ട് ആഖ്യാനത്തിന്. വില്ലനെ ഒളിപ്പിച്ചുനിർത്തിക്കൊണ്ടല്ല കഥ പറയുന്നത്. എന്നാൽ, വില്ലനിലേക്ക് പുതിയ വഴികൾ വെട്ടാനും വായനക്കാരുടെ ആകാംക്ഷയും ഉൽക്കണ്ഠയും നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. അധികമൊന്നും ആലോചിക്കാതെ, അസ്വസ്ഥതപ്പെടാതെ കഥയിൽ ലയിച്ചു ചെലവഴിക്കാവുന്ന മണിക്കൂറുകളാണ് നീലച്ചിറകുള്ള മൂക്കുത്തി സമ്മാനിക്കുന്നത്.
നീലച്ചിറകുള്ള മൂക്കുത്തി
സന റുബീന
മനോരമ ബുക്സ്
വില: 340 രൂപ
('നീലച്ചിറകുള്ള മൂക്കുത്തി' ഓർഡർ ചെയ്യാനായി www.manoramabooks.com സന്ദർശിക്കുക. മലയാള മനോരമ യൂണിറ്റ് ഓഫീസുകൾ, മനോരമ ഏജന്റസ്, എന്നിവിടങ്ങളിലും 8281765432 നമ്പറിൽ വാട്സാപ്പ് വഴിയും ഓർഡർ ചെയ്യാവുന്നതാണ്.)