ഏകാന്തതയുടെ കൊക്കൂണിൽ അല്ല; വിളിച്ചാൽ കേൾക്കുന്ന അകലത്തിലുണ്ട് പുട്ടുനൂൽപ്പുഴു

Mail This Article
വിപരിണാമം സംഭവിച്ച, അന്യവൽകരിക്കപ്പെട്ട, ബന്ധങ്ങളുടെ ക്രൂരമായ മറുപുറങ്ങളും ജീവിതമെന്ന അസംബന്ധവും അനുഭവിച്ചറിയുന്ന ഗ്രിഗർ സാംസയുടെ നിഴലിലല്ല പട്ടുനൂൽപ്പുഴുവിലെ സാംസയുടെ ജീവിതം. എല്ലാ പേരുകളും പോലെ ആ പേരും അവന്റെ വിധിയാണ്. ഗ്രിഗർ സാംസയെയോ വെറുക്കപ്പെട്ട ഷഡ്പദത്തെയോ അവൻ കണ്ടിട്ടില്ല. ആ ജീവിത നാടകം വായിച്ചിട്ടില്ല. വായിക്കാൻ തോന്നിയിട്ടുമില്ല. അഥവാ വായിച്ചാൽ തന്നെ പതിമൂന്നുവയസ്സുകാരന് ആ പരിണാമം മനസ്സിലാകുമായിരുന്നോ? ഒരുപക്ഷേ, എന്തെങ്കിലുമൊക്കെ മനസ്സിലാകുമായിരുന്നു. അതോ, പാതിവഴിയിൽ പുസ്തകം ഉപേക്ഷിക്കുമായിരുന്നോ. സാധ്യതകൾ ഒട്ടേറെയുണ്ട്, ജീവിതം പോലെ. എന്നാൽ, സാംസയ്ക്കു വിധിച്ചത് സാധാരണ ജീവിതമാണ്. സാധാരണ അനുഭവങ്ങളും. അപൂർവം അവസരങ്ങളിലൊഴികെ അവൻ സാക്ഷിയാണ്. അവന്റെ തന്നെ. കുടുംബത്തിന്റെ. ചുറ്റുപാടുകളുടെ. ചുറ്റുമുള്ള മനുഷ്യരുടെ. എല്ലാ വാക്കുകളും ചെവിയിൽ വീഴുന്നുണ്ടെങ്കിലും എല്ലാം അവനു വേണ്ടിയുള്ളതല്ല. വേണ്ടതു പെറുക്കിയെടുക്കാൻ, അവനറിയാം. അങ്ങനെയാണ് മരിച്ചുപോയ പെൺകുട്ടിയെ കണ്ടെടുക്കുന്നത്. പരസ്പരം ഒരിക്കലും കണ്ടിട്ടില്ലെങ്കിലും സംസാരിക്കുന്നത്. രണ്ടു ലോകങ്ങളിൽ തുടർന്നുകൊണ്ടു ജീവിതം പങ്കുവയ്ക്കുന്നത്.
സാംസ കാണുന്ന ലോകം തന്നെ അമ്മ ആനിയും കാണുന്നുണ്ട്. എന്നാൽ, സംസയ്ക്കു മുൻപുള്ള ലോകത്തിന്റെ സാക്ഷ്യം പറയാൻ ആനി മാത്രമേയുള്ളൂ. സാംസയുടെ ഓർമയുറച്ച ശേഷം ഒരേ സംഭവങ്ങളെയും വ്യക്തികളെയും അവർ ഇരുവരും കാണുന്നും അനുഭവിക്കുന്നുമുണ്ട്.
ജീവിതം എല്ലാവർക്കും ചലിക്കുന്ന ഒന്നല്ല. പലർക്കും ജീവിതം മുന്നോട്ടോടുന്ന പ്രതിഭാസമാണ്. പിന്നാലെ ഓടുകയാണവർ. ഒപ്പമെത്തിയെന്നു തോന്നിക്കുന്ന സന്തോഷത്തിന്റെ നിമിഷങ്ങളുണ്ട്. മുന്നിലെത്തിയെന്ന അഭിമാനവും അഹങ്കാരവുമുണ്ട്. എന്നാൽ, എന്നോ നിശ്ചലമായ ജീവിതത്തെ ഓർത്തിരിക്കുന്ന, ഓർമയുടെ ചാൽ തന്നെ അടഞ്ഞുപോയ മനുഷ്യരാണ് പട്ടുനൂൽപ്പുഴുവിലുള്ളത്.
കുട്ടിക്കാലത്തു രോഗം ബാധിച്ച് മാസങ്ങളോളം വീട്ടിൽ അശരണയായി കിടന്നിട്ടുണ്ട് ആനി. മരിച്ചുപോകുമെന്നുതന്നെ ബന്ധുക്കൾ കരുതി. അയൽക്കാരും. അവൾ തന്നെയും ആ വിചാരത്തിലായിരുന്നു. സെമിത്തേരിയിൽ ഒറ്റയ്ക്കു കിടക്കാൻ പേടിയായിരുന്നു. വീടിന്റെ പറമ്പിൽ തന്നെ കിടക്കണമെന്ന് ആഗ്രഹിച്ചു. വീട്ടിലുള്ളവർ വീട് വിട്ടുപോകരുതെന്നും അപേക്ഷിച്ചു. എന്നാൽ ജീവിതത്തിലേക്കു തിരിച്ചുവന്നു. അപ്രതീക്ഷിതമായി സ്നേഹിച്ചു. സാഹസികമായി ഒളിച്ചോടി. പറക്കാനാഗ്രഹിച്ചെങ്കിലും ചിറകുകൾ കരിഞ്ഞ് മണ്ണിൽ വീണ് ഇഴഞ്ഞു. ഇഴയാൻ പോലും കഴിയാതെ നിശ്ചലയായി. ജീവിതം മുന്നോട്ടോ പിന്നോട്ടോ ചലിക്കാതായി. അന്ന്, രോഗക്കിടക്കയിൽ നിന്ന് ആനി എഴുന്നേറ്റിട്ടേ ഇല്ലെന്നുവരുമോ. പിന്നെയുള്ള ജീവിതം മുഴുവൻ അവിടെ കിടന്ന് സ്വപ്നം കാണുക മാത്രമായിരുന്നോ. അങ്ങനെ ആലോചിക്കാതിരിക്കാൻ കഴിയുന്നില്ല. അത്രമാത്രം അവിശ്വസനീയമായിരുന്നു പിന്നീടുള്ള ജീവിതം. എല്ലാമെല്ലാം കയ്യിൽ നിന്നു വഴുതിവീഴുന്നതു കാണുമ്പോൾ, ആശ്രയിച്ചയാൾ തന്നെ ഓടിപ്പോകുമ്പോൾ സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയിലുള്ള ഇരുട്ടുവീണ വഴിയിലേക്ക് ആനി നോക്കുന്നു. ആളൊഴിഞ്ഞ വഴിയേ, ഇലക്ട്രിക് വെളിച്ചത്തിനു താഴെ സാംസ നടന്നുവരുന്നത് ആനി കാണുന്നു.
നടക്കുന്നുണ്ടെങ്കിലും സാംസ നടക്കുന്നില്ല. ഉണർന്നിരിക്കുകയാണെങ്കിലും ഉറങ്ങുകയോ സ്വപ്നം കാണുകയോ ആണ്. അതോ അഭിനയിക്കുകയാണോ. മാർക്ക് സാറിനെപ്പോലെ ലൈബ്രേറിയനായി. മരിച്ചുപോയ പെൺകുട്ടിയോട് സംസാരിക്കുന്നതുപോലെ. പതിമൂന്നു വയസ്സുകാരി. നടാഷ. സാംസയെപ്പോലെ അവളും ആ പേര് പ്രശസ്തമാക്കിയ പുസ്തകം വായിച്ചിട്ടില്ല. എന്നെങ്കിലും ഇനി വായിക്കുമെന്നും തോന്നുന്നില്ല.
സാംസ എന്ന പേരിലേക്കു നയിക്കുന്നത് വിജയനാണ്. അയാളെക്കുറിച്ചുള്ള അച്ഛന്റെ വിശ്വാസമോ ആത്മവിശ്വാസമോ കൂടിയാണ് ആ ജീവിതത്തിന്റെ ഒളിച്ചോട്ടത്തിന് ഇന്ധനമാകുന്നത്. ഓരോ സംരംഭം തുടങ്ങുമ്പോഴും ആവേശഭരിതനാകുന്നയാൾ. ഇതാ ജീവിതം കണ്ടെത്തിയെന്ന ഉറപ്പ്. സദാ വെള്ളമൂറുന്ന മണ്ണിൽ കെട്ടിപ്പൊക്കിയ വീട് പോലെ പല തവണ പ്രതീക്ഷകൾ തകർന്നിട്ടും മുന്നോട്ട്. എങ്ങോട്ടോ താനും കുടുംബവും ചലിക്കുമെന്നുതന്നെ അയാൾ വിചാരിച്ചിരിക്കണം. ഒരു സാധാരണ മനുഷ്യന്റെ എല്ലാ വികാരങ്ങളും അയാൾക്കുമുണ്ടായിരുന്നു എന്നു തെളിയിക്കുന്ന കുറച്ച് സംഭവങ്ങളുണ്ട്. അവസാന കാലത്തുപോലും. ബന്ധുവിനൊപ്പം മദ്യപിച്ച് പഴയ തമാശ പറയുന്ന വിജയനിൽ ആ നിഴലുണ്ട്. പലിശക്കാരനെ കണ്ട് വേലി ചാടി ഓടുമ്പോൾ. അപൂർവമായി മാത്രം വെളിച്ചത്തുവരുന്ന വ്യക്തിത്വം. എന്നാൽ, മൗനത്തിന്റെ കൊക്കൂണിൽ അടയിരിക്കുമ്പോൾ, ഏതൊക്കെയോ ഓർമകളിലോ സ്വപ്നങ്ങളിലോ നഷ്ടപ്പെട്ടിരിക്കുമ്പോൾ അയാളും സംസാരിക്കുന്നുണ്ടായിരിക്കും. ആനിയെപ്പോലെ അടുത്ത വീട്ടിലെ ഇല്ലാത്ത ആൺകുട്ടിയോട്. സാംസയെപ്പോലെ മരിച്ചുപോയ പെൺകുട്ടിയോട്.
നിസ്സഹായതയുടെ കൊച്ചുകൂട്ടിലാണു പട്ടുനൂൽപ്പുഴുവിന്റെ വാസം. വിഷാദമാണ് ആവരണം. പുറത്ത് മറ്റൊരു ലോകമുണ്ടെന്നതുപോലും തിരിച്ചറിയാത്ത ജീവിതം. കൂട്ടിലെ ഇരുട്ടിലും ഏകാന്തതയിലും നോക്കിനിൽക്കവെ തീർന്നുപോകുന്ന നിരർഥക നിമിഷങ്ങൾ. തലമുറയിൽ നിന്ന് തലമുറയിലേക്ക് പടരുകയാണ് ഏകാന്തത. ചുറ്റുമുള്ള ആരും ഒന്നും പ്രതികരിക്കാതാവുന്നതോടെ ഇല്ലാത്ത വ്യക്തികളും ലോകവും മാത്രമാണ് ആശ്രയം. അവർ കൈ നീട്ടുന്നു. ഹലോ... സ്നേഹാതുരമായി സംസാരിക്കുന്നു. പരസ്പരം മനസ്സിലാക്കുന്നു.
ആശ്വാസത്തിന്റെ മന്ത്രച്ചരടാണ് പട്ടുനൂൽപ്പുഴു. ഏകാന്തതയുടെ ഏകാശ്രയമാണ്. നിസ്സഹായതയിലെ ഒരേയൊരു ബലവും ഉറപ്പുമാണ്. എന്നും നോവിക്കേണ്ട ഓർമക്കുറിപ്പാണ്. ദുഃഖം മാത്രം സമ്മാനിക്കുന്ന സ്നേഹമാണ്. എന്നാലും സ്നേഹിച്ചുപോകുന്ന പാപവും പുണ്യവുമാണ്. അത് ഏറ്റുവാങ്ങാൻ ഏകാന്തതയിലൂടെ, വിഷാദത്തിലൂടെ, നിസ്സഹായതയിലൂടെ, നിരർഥകതയിലൂടെ കടന്നുപോകണമെന്നു മാത്രം. ജീവിതത്തിൽ ഒരിക്കലെങ്കിലും അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകാത്തവരുണ്ടാകുമോ..
പട്ടുനൂൽപ്പുഴു
എസ്.ഹരീഷ്
ഡി സി ബുക്സ്
വില: 350 രൂപ