ADVERTISEMENT

നാലു വരകൾ കൊണ്ട് ചതുരമുണ്ടാക്കുക പ്രയാസമാണെന്നതിൽ തുടങ്ങി നാലു വരകളില്ലാതെ ചതുരമുണ്ടാക്കുക പ്രയാസമാണെന്നതു വരെ 41 കവിതകളുടെ ചതുരത്തിൽ തന്നെയാണ് ഇപ്പോഴും. ഈ ദിവസങ്ങളിൽ  മറ്റൊന്നും വായിച്ചിട്ടേയില്ല. മറ്റൊന്നിലേക്കും വിട്ടില്ല എന്നാണു പറയേണ്ടത്. വായിച്ചുതീർന്നെന്ന് അവകാശപ്പെടുന്നില്ല. തിരിച്ചുവിളിക്കുന്നുണ്ട്. ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്നുണ്ട് ആഴത്തിൽ കുഴിച്ചിട്ട ആഘാതങ്ങൾ. വാക്കുകളായി, ആശയങ്ങളായി, ഉത്തരമില്ലാത്ത പദപ്രശ്നങ്ങളായി. ഇനിയും കാത്തിരിക്കാതെ എഴുതുകയാണ്. പ്രതികരണത്തെക്കുറിച്ച് ഈ വരികളോ വരിയാളോ ആലോചിക്കുന്നു പോലുമുണ്ടാവില്ല. എങ്കിലും എഴുതാതെവയ്യ.

കവിത ലാലിനെ (ലാൽമോഹൻ പി) പിടികൂടുന്നതാവും. കവിതയ്ക്കു മാത്രം കഴിയുന്ന ചങ്ങല കൊണ്ട് തളയ്ക്കുന്നതാവും. അപ്പോൾ, അപ്പോൾ മാത്രം കുറിച്ചുവച്ചതിന്റെ ചെറു പതിപ്പ് മാത്രമാണിത്. വൈകി മാത്രം പുറത്തെത്തുന്ന വിലപ്പെട്ട നിക്ഷേപം. ഇതിലില്ലാത്തവയുണ്ട്. ഉൾപ്പെടുത്താത്തവ. എന്നാൽ, ഇനി എഴുതാനിരിക്കുന്നവ ഉപേക്ഷിക്കരുത്. അവ പുറത്തുവരണം. നമ്മെ കൂട്ടിയിണക്കുന്ന, ലോകവുമായി ബന്ധിപ്പിക്കുന്ന, നമ്മുടെ അടിസ്ഥാനം തന്നെയായ കവിതയ്ക്കു വേണ്ടി. കവിതയിലൂടെ ശ്വസിച്ചാൽ മാത്രം തൽക്കാലത്തേക്കെങ്കിലും ശാന്തിയും സമാധാനവും ലഭിക്കുന്നവർക്കു വേണ്ടിയെങ്കിലും.

ഇതിങ്ങനെ പോയാൽ പറ്റില്ല. ഈ വാക്കുകളും വരികളും ഭാവവും മാത്രമായിട്ട് എന്തുകാര്യം. പുതുതാവണം. അതിന് ഇപ്പോൾ ഉപയോഗിക്കുന്ന വാക്കുകൾ പാടേ ഉപേക്ഷിക്കണം. ഇങ്ങനെയൊരു തീരുമാനവുമായി കഥയെഴുതാൻ തുടങ്ങിയിട്ടുണ്ട് മലയാളത്തിൽ ആധുനികതയുടെ ഒരു സംഘം. വെട്ടാൻ, വെട്ടിനിരത്താൻ അവർ ആദ്യം കണ്ടുവച്ച വാക്കാണ് അയാൾ. നമ്മുടെ പ്രിയപ്പെട്ട ക്ലീഷേ. ലാൽ കവിതകളിൽ ഇത്തരമൊരു തീരുമാനത്തിന്റെ വിജയ പതാക കാണുന്നുണ്ട്. (അയാൾ എന്ന വാക്ക് ഈ സമാഹാരത്തിലെ ഒരൊറ്റ കവിതയിൽ മാത്രമേയുള്ളൂ) കവിതയ്ക്കു പരിചിതരും സുഹൃത്തുക്കളും അനുരാഗികളുമായ കുറേയെണ്ണത്തിനെ പുറത്താക്കിയിട്ടാണ് (കവിതയല്ലേ,സാരമില്ല! ) ഈ കവി എഴുതിത്തുടങ്ങിയതുതന്നെ. അതിന്റെ വെളിച്ചം നൽകുന്ന ആനന്ദം ചെറുതല്ല. ഒട്ടേറെ പുതുവാക്കുകളും പ്രയോഗങ്ങളും സൃഷ്ടിച്ചിട്ടുമുണ്ട്. അതു നല്ല കവികൾ മാത്രം ഏറ്റെടുക്കുന്ന നിയോഗമാണ്. ആശയങ്ങളുടെ, നമ്മളെ നമ്മളാക്കുന്ന സമസ്ത വികാര–വിചാരങ്ങൾക്കും നവഭാവുകത്വം കൂടിയേ തീരൂ. ഉപയോഗിച്ചു തേഞ്ഞ ചക്രങ്ങളിൽ ഇനി ഉരുളില്ല. പുതിയൊരു മലയാളത്തിലാണ് ലാൽ എഴുതുന്നത്. വികാരം മുതൽ വിചാരം വരെ സുതാര്യമാണ്. അഗാധമായി അനുഭവിപ്പിക്കുന്നുമുണ്ട്. വ്യത്യസ്തമെന്നു പറഞ്ഞ് പഴയതല്ല വിളമ്പുന്നത്. പുതുതെന്ന് പറഞ്ഞ് പഴയതിലേക്ക് വിളിക്കുകയുമല്ല. കണ്ടിട്ടില്ല, കണ്ടിട്ടേയില്ല ഇങ്ങനെയൊന്ന് എന്ന് കണ്ണ് മാത്രമല്ല, അകം കൂടി പറയുന്നു.

കവിതയിൽ അവഗണന എളുപ്പമാണ്. ശരി തന്നെ. പരിഗണന ബുദ്ധിമുട്ടാണ്. എന്നാകിലും ബുദ്ധിമുട്ടി പരിഗണിച്ചാലോ അതങ്ങനെ വിട്ടുകളയില്ല. ചുറ്റിപ്പിടിക്കും. ഉണർവിൽ മാത്രമല്ല ഉറക്കത്തിലും. ഇന്നലെ വരെ വായിച്ച വാതിൽ അടച്ചുവച്ചു മാത്രം ലാലിനെ വായിക്കുക. എല്ലാ വാതിലുകളും അടയ്ക്കുക. ഈ കവിതകൾക്ക് സ്വന്തമായി വാതിലുണ്ട്. ജനാലകളുണ്ട്. ഇതൊരു സ്വയംഭരണ പ്രദേശമാണ്. അതിന് ആമുഖമോ അവതാരികയോ വേണ്ട. കരുത്തോടെ വായിക്കുക. വായിച്ചറിയുക.

കേൾക്കാത്ത

കാതുകൾക്ക്

കവിതയുടെ

ഉടലഴിച്ചിട്ട കാര്യം

പറയാനുണ്ടെന്നാൽ

കാണാനാകില്ല

ശബ്ദങ്ങളാകെ.

കാണുന്നതോ

വാക്കിൻ മേലാപ്പുകൾ ,

ചുണ്ടുകൾ

കൂട്ടിത്തൊടും

വാക്കിലല്ലാ

കവിതയനക്കങ്ങൾ.

വായിച്ച കവിതകളുടെ, കേട്ട വാക്കുകളുടെ, വ്യാമുഗ്ധമാക്കിയ വരികളുടെ തടവറയിൽ നിന്ന് ഇവനെങ്ങനെ ധീരമായി പുറത്തുകടന്നു എന്ന് ഓരോ കവിതയും സാക്ഷ്യപ്പെടുത്തുന്നു.

പുതിയ കുരുക്കും കൊളുത്തും ചൂണ്ടയുമായി പിന്നാലെ വരുന്നവ അദ്ഭുതം ഇരട്ടിപ്പിക്കുന്നു. ഈ വരിയാളൻ എത്ര ശ്വാസം മുട്ടി പിടഞ്ഞിട്ടുണ്ടാവും ഈ വരികളിലേക്കെത്താൻ. അലസത മാറ്റി ഈ വരികളിലൂടെ കടന്നുപോകുക. പ്രകോപനത്തിന് തയാറാകുക. ആഴത്തിൽ ഉൾക്കൊണ്ട, ചിന്തിച്ചുറപ്പിച്ച ആശയങ്ങൾക്ക് മനസ്സ് കൊടുക്കുക. ഓരോ വാക്കിലുമുണ്ട് പുതുവെളിച്ചം. സംവേദനം ചെയ്യുന്ന അനുഭൂതിക്ക് കത്തിത്തീരാത്ത തീച്ചൂട്. ഒരു നിമിഷത്തിന്റെ പൊട്ടിത്തെറിയോ പ്രകോപനമോ അല്ല ലാലിന് കവിത. കാൽപനിക താളങ്ങളുടെ ദുർമേദസ്സുമില്ല. അടിമുടി ഉലയ്ക്കുന്ന, അസ്വസ്ഥമാക്കുന്ന, ആഴത്തിലുള്ള ചിന്തയുടെ ആത്മപ്രകാശനമാണ്. ഇങ്ങനെയൊന്നും ചിന്തിച്ചില്ലല്ലോ എന്ന ഓർമപ്പെടുത്തലാണ്. കവിതയിൽ, ജീവിതത്തിൽ ഇങ്ങനെയും ചില വഴികളുണ്ടെന്ന സാക്ഷ്യങ്ങളാണ്. ദുർബലമല്ല. ഇടമുറപ്പിച്ച വാക്കുകളുടെ ആത്മബലം തന്നെ.

78 വയസ്സിൽ ആത്മഹത്യ ചെയ്ത കനു സന്യാൽ. 75 വയസ്സിൽ ആത്മഹത്യ ചെയ്ത എം.കുഞ്ഞാമൻ.

2010 മാർച്ച് 23, 

2023 ഡിസംബർ 3

ഒരു ആത്മഹത്യയുടെ

ഓർമയ്ക്ക്

ചെറുപ്പമാകുമ്പോൾ

അടുത്തത്.

മരണത്തിന്റെ ഉത്തരവാദിത്തം പോലും ധൈര്യപ്പെട്ട് ഏൽപിക്കാൻ വയ്യാതെ ലോകത്തെ വളരെ വളരെ വളരെത്തന്നെ ചെറുതാക്കി.... കുറ്റസമ്മതത്തിന് ഇത്ര തീവ്രതയോ. ജീവിതത്തിന്റെ കൊടിപ്പടം സ്വയം താഴ്ത്തിയ രണ്ടു പേർ. ഈ ചെറിയ ലോകത്തിലാണല്ലോ വലിയ മനസ്സുമായി നിങ്ങൾ പ്രവർത്തിച്ചത്. ഞങ്ങളാണ് നിങ്ങളെ പരാജയപ്പെടുത്തിയത്. മനസ്സിലാക്കാതെ. ഉൾക്കൊള്ളാതെ.

നിങ്ങളാകട്ടെ വ്യാഖ്യാനിക്കാൻ ശ്രമിക്കാതെ മാറ്റാൻ ദൃഢനിശ്ചയം ചെയ്തു. ഒരു ജീവിതം മുഴുവൻ നൽകി, ചിതയിലും വെളിച്ചമായി. മരണം പോലും വിപ്ലവമാക്കി. എന്നിട്ടും മാറ്റിമാറ്റി പണിഞ്ഞിട്ടും മരിക്കാൻ പോലും കൊള്ളാത്ത ലോകം. ഇല്ലാത്ത ദൈവത്തെ എങ്ങനെ വിളിക്കും; ഇനിയും വരാത്ത സഖാവിനെയും. കാലത്തെ തീപിടിപ്പിച്ച ജീവചരിത്രങ്ങളെ എത്ര തീക്ഷ്ണമായാണ് ലാൽ കവിതയിൽ അടയാളപ്പെടുത്തുന്നത്.

കവിതയുടെ തുടക്കം കൂടി വായിക്കാം.

തുടങ്ങിയിടത്തുനിന്ന്

വളരെ വളരെ,

വളരെത്തന്നെയൊന്നും

ദൂരമുയരത്തിലല്ല

പലതും അവസാനിക്കുന്നത് !

വേണ്ടിയിരുന്നില്ല പ്രവചനത്തിന്റെ മൗനധ്വനി. ഇനി എങ്ങനെ കൈകളെ, കാലുകളെ സ്വതന്ത്രമാക്കും. ചിന്തകളെ കെട്ടഴിച്ചുവിടും. ഒരു കൊച്ചുകവിത വലിയൊരു പ്രബന്ധത്തേക്കാൾ സംസാരിക്കുന്നു. ചോദിക്കുന്നു. ഉത്തരത്തിനു നിർബന്ധിക്കുന്നു. വലിയൊരു ഭാരം കൈമാറുന്നു. പ്രസ്ഥാന, പ്രത്യയശാസ്ത്ര, മുദ്രാവാക്യ, വിപ്ലവ, പ്രതിവിപ്ലവ ഭാരം.അതേറ്റെടുക്കാൻ ആകുന്നവർ മാത്രം വായിക്കട്ടെ. അവർക്കു വേണ്ടി മാത്രമാണ് ലാൽ എഴുതുന്നത്.

ചിലതുണ്ട് പൂട്ടുകൾ

അകത്തുനിന്ന് തുറക്കേണ്ടവ

പുറമേ പിഴുതുനോക്കും

അകം പൂട്ടിവച്ചാലതാർ തുറക്കും.

അളന്നുകുറിച്ച് അടുക്കിവയ്ക്കുകയാണെന്ന് ചിലപ്പോൾ തോന്നും. കെട്ടുപൊട്ടിച്ച് പായുന്നതു കണ്ട് ആനന്ദിക്കും. പെട്ടെന്ന് നോക്കി നിൽക്കും.പിന്നെ കൂടെപ്പോയേ മതിയാകൂ. ദൂരവും ഉയരവും ഒരുമിച്ച്. ഉയരവും പതനവും. വീഴ്ചയും വാഴ്ചയും. വേണ്ട നിർവചനങ്ങൾ. ശൈലീ ഗാംഭീര്യ വൃഥാ ജൽപനങ്ങൾ. അങ്ങനെയൊന്നും, അത്ര പെട്ടെന്നൊന്നും മെരുങ്ങുമെന്നു കരുതേണ്ട. കവിതയെ തള്ളാതെ തള്ളിപ്പറയുന്ന കവി. വരികളെ കൂടെക്കൂട്ടുമ്പോൾ തന്നെ നിഷേധിക്കുന്ന വരിയാളൻ. പ്രകമ്പനങ്ങൾ ബാക്കിയാകും. മുഴക്കങ്ങൾ നിലയ്ക്കില്ല. കവിത കൊണ്ടു തന്നെ നേരിടാം; നമ്മളെ, ലോകത്തെ, നമ്മുടെ തീരാത്ത സമസ്യകളെ. നാലു വരകൾ കൊണ്ട് ചതുരമുണ്ടാക്കുക പ്രയാസമാണെന്ന് ഇപ്പോൾ എനിക്കറിയാം. നാലു വരകളില്ലാതെ ചതുരമുണ്ടാക്കുക പ്രയാസമാണെന്നും. അതുകൊണ്ടാണ്, അതുകൊണ്ടു മാത്രമാണ് വാക്കുകൾ കൊണ്ടുള്ള ഈ ചിയേഴ്സ്.....

നാലു വരകൾ കൊണ്ട് ചതുരമുണ്ടാക്കുക പ്രയാസമാണ്

ലാൽമോഹൻ പി

ഇൻസൈറ്റ് പബ്ലിക്ക

വില 320 രൂപ   

English Summary:

Lal Mohan P's Groundbreaking Malayalam Poetry: A Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com