Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊഞ്ചലും കളിചിരിയുമായി ആനന്ദാനുഭൂതിയിലേക്ക്

ഒരു വളപ്പാട്ടുണ്ടെൻ കയ്യിൽ

ഒരു മയിൽപ്പീലിയുണ്ടെന്നുള്ളിൽ

വിരസ നിമിഷങ്ങൾ സരസമാക്കുവാ

നിവ ധാരാളമാണെനിക്കെന്നും

മലയാളത്തിന്റെ എക്കാലത്തെയും മികച്ച ബാലസാഹിത്യകാരൻ കുഞ്ഞുണ്ണിമാഷിന്റെ വരികളാണിത്. ഒരു വളപ്പൊട്ടും മയിൽപ്പീലിയും കൊണ്ട് കുട്ടികളുടെ ഭാവനയിൽ ഇതിഹാസങ്ങൾ വിരിയിപ്പിക്കാമെന്നു പറയുന്ന അദ്ദേഹം അരങ്ങൊഴിഞ്ഞിടത്താണ് സമകാലിക മലയാള ബാലസാഹിത്യം നില കൊള്ളുന്നത്. പ്രത്യേകിച്ച് കേരളത്തിലെ കുട്ടികളുടെ ഭാവനകൾ അവരുടെ സ്വഭാവങ്ങൾ, ഗുണങ്ങൾ ഒക്കെ വ്യാപകമായി മാറിയിരിക്കുന്നു.

പല പ്രമുഖരും പിൻവാങ്ങി നിൽക്കുന്ന ഒരു ഘട്ടത്തിലാണ് ഇന്ന് ബാലസാഹിത്യം നിലകൊള്ളുന്നത്. ബാല്യം അക്ഷരങ്ങളിൽ നിന്നകലന്നു എന്ന വേവലാതി ഉയിർകൊള്ളവേ, അറിയാതെയെങ്കിലും വായിച്ചു പോകേണ്ട പുസ്തകമായി കാരൂർ സോമന്റെ കിളിക്കൊഞ്ചൽ മാറുന്നു.

ലോകത്തെ മാറ്റിമറിച്ച അനേകം കഥകൾ നമുക്കുണ്ട്. വലയിൽ കുടുങ്ങിയ പക്ഷികളെ വേടനിൽ നിന്നു രക്ഷിക്കുന്ന എലിയുടെ കഥ ഓർക്കുക. എന്തിന്, ഈസോപ്പു കഥകളും പഞ്ചതന്ത്രം കഥകളും, ബീർബൽ കഥകളുമൊക്കെ ഒരു ഉദാഹരണമാണ്.

അതു വായിക്കുമ്പോഴോ കേൾക്കുമ്പോഴോ സ്നേഹത്തിന്റെ ഒരു നിലാവ് ഉള്ളിലൂടെ ഒഴുകിപ്പോകുന്ന ഒരു അനുഭവം ഉണ്ടാകും. ഈ കഥകളെല്ലാം അവസാനിക്കുന്നതു ഒരു കഥാപാത്രത്തിന്റെ രൂപപരിണാമത്തോടെയാണ് .

അതു കുട്ടികളുടെ മനസിലും ഭാവനയുണർത്തുന്നു. കഥാപാത്രത്തിനുണ്ടായ പരിണാമം തനിക്കും ഉണ്ടാകണമെന്നു ആഗ്രഹിക്കുന്നു. എന്നാൽ‍ ഇന്നത്തെ സാഹിത്യം അങ്ങനെ ഒരു സന്ദേശവും നൽകുന്നതായി കാണുന്നില്ല.

ഞാനെന്റെ മീശ ചുമന്നതിന്റെ

കൂലിചോദിക്കാൻ

ഞാനെന്നോടു ചെന്നപ്പോൾ

ഞാനെന്നെ തല്ലുവാൻ വന്നു

ഈ കുഞ്ഞുണ്ണിക്കവിത തന്നെയാണ് ഇതിന്റെ ചോദ്യവും ഉത്തരവുമെല്ലാം. കുട്ടികളുടെ മനശാസ്ത്രം അതീവഗൗരവമായ ഒന്നാണെന്നു പറയാം. പണ്ടത്തെ അമ്മമാർക്കൊക്കെ അതു അറിയാമായിരുന്നു.

കു‍ഞ്ഞിനെ ഒക്കത്തിരുത്തി കാക്കയേയും പൂച്ചയേയുമൊക്കെ കാണിച്ച് ചോറു കൊടുത്തിരുന്ന സന്ദർഭങ്ങൾ ഓർമിച്ചാൽ അതു മനസിലാകും. അമ്മ കുട്ടിക്ക് രണ്ടന്നങ്ങൾ ഒന്നിച്ചു നൽകുകയാണ്.

ഉടലിനെ വളർത്തുന്ന ബാഹ്യാന്നവും മനസിനെ ഉണർത്തുന്ന കാഴ്ചകളുടേയും ശബ്ദങ്ങളുടേയും ആന്തരികാന്നവും. അപ്പോൾ മനുഷ്യനെയെന്നല്ല ഒരു പുൽനാമ്പിനെ പോലും ദ്രോഹിക്കാൻ അവനു കഴിയില്ല.

ഈ പ്രകൃതിയിൽ ഓരോ ജീവിക്കും അതിന്റെതായ ഒരു സ്ഥാനമുണ്ടെന്നും അവയെ നിലനിർത്തിക്കൊണ്ട് വേണം താൻ വളരേണ്ടതെന്നും അവൻ ഉള്ളിലുറപ്പിക്കുന്നു. അതു അവനിൽ ഉണർത്തുന്ന ഒരു ശാന്തിയുണ്ട്.

അതു അവന്റെ ജീവിതത്തതിനു പ്രകാശം നൽകിയിരുന്നു.ഇവിടെയാണ് കിളിക്കൊഞ്ചൽ എന്ന ബാലനോവൽ അവതരിക്കുന്നത്, ഇവിടെ കുട്ടിയും പ്രകൃതിയും മൃഗങ്ങളുമൊക്കെ പരസ്പരം സംസാരിക്കുന്നു. പരസ്പരം സ്നേഹിക്കുന്നു. പരസ്പരം ശാന്തി തേടുന്നു. ജീവിതത്തെക്കുറിച്ചുള്ള ഉദാത്തമായ സങ്കൽപം ഉടലെടുക്കുന്നതിന്റെ രൂപാന്തവിന്യാസവും ഇവിടെ പ്രകടം

തത്തയുടെ കഥ പശ്ചാത്തലമാക്കി ചാർളി എന്ന ബാലന്റെ ജീവിതാനുഭവങ്ങൾ കുഞ്ഞുഹൃദയങ്ങളിൽ കുടിയിരുത്താനാണ് കാരൂർ സോമൻ കിളിക്കൊഞ്ചൽ എന്ന നോവലിലൂടെ ശ്രമിക്കുന്നത്, ബാല്യത്തിൽ ആർജിച്ചെടുക്കേണ്ട ധാർമ്മിക മൂല്യങ്ങളായ സ്നേഹവും ത്യാഗവും സ്വാതന്ത്ര്യവും ഇതിൽ തുടിച്ചു നിൽക്കുന്നു.

ഒരു സർഗ്ഗ ക്രിയയുടെ നിർവൃതികരമായ നിമിഷങ്ങൾ ഇതിൽ ലയിച്ചു നിൽക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ സാഹിത്യകാരൻ അമ്മയാവുകയും കുട്ടിയെ ഒക്കത്തിരുത്തി ഭക്ഷണം വാരി നൽകി കാക്കയേയും പൂച്ചയേയും കാണിച്ചു കൊടുക്കുകയും ചെയ്യുന്നു. ഇതിന്റെ രചന രീതി തന്നെ വൈഭവമാർന്ന ഒരു പ്രതീക്ഷയുടെ വേരോട്ടത്തിൽ അധിഷ്ഠിതമാണ്. അങ്ങനെ തന്നെ തുടർവിന്യാസപ്പെടുന്ന സാഹിത്യരൂപമായി മാറുന്ന ഭാവനാ ടെക്നിക്കും കിളിക്കൊഞ്ചലിൽ നിഴലിക്കുന്നതു കാണാം.

പ്രധാന കഥാപാത്രം ചാർളി എന്ന ബാലനാണ്. ഏഴുവയസുള്ളപ്പോൾ അവന്റെ അമ്മ മരിച്ചു. അച്ഛൻ സൗദിയിലാണ്. രണ്ട് വർഷത്തിലൊരിക്കലാണ് നാട്ടിൽ വരു. ദൂരങ്ങളിലിരുന്ന് സ്നേഹിക്കുന്ന അച്ഛൻ അവനൊരു മരീചിക മാത്രമാണ്.

ഏഴാം ക്ലാസിൽ പഠിക്കുന്ന ചാർളിയുടെ സംരക്ഷണം രണ്ടാനമ്മ റീനയിലായിരുന്നു. റീനയ്ക്ക് ഒരു മകനുണ്ട്, പേര് കെവിൻ. ഇവർ തമ്മിലുള്ള സംഘർഷങ്ങളുടെയും സ്വഭാവ വൈചിത്യത്തിന്റെയും ഏറ്റുമുട്ടലായി ഈ കൃതി മാറുന്നു.

ശൈശവത്തിൽ തന്നെ രൂപപ്പെട്ടു നിൽക്കേണ്ടുന്ന ധാർമ്മികമൂല്യങ്ങളെ സംരക്ഷിക്കുന്ന ഒരു രൂപവും, മൂല്യച്യുതി വന്ന സാമൂഹ്യ വ്യവസ്ഥയുടെ നിഴലായി മറ്റൊരു രൂപവും പരസ്പരം പോരടിക്കുന്നു.

ഇത് ലോകമാകെ പടർന്നു പിടിച്ചിരിക്കുന്ന അർബുദമാണ്. ഈ നോവലിലൂടെ കാരൂർ സോമൻ പറയാതെ പറയാൻ ശ്രമിക്കുന്നതും ഇതു തന്നെയാണ്. അധർമ്മത്തിനെതിരേയുള്ള പോരാട്ടം. കുരുക്ഷേത്രത്തിൽ ധർമ്മവും അധർമ്മവും പതിനെട്ടു നാൾ പോരാടിയ അതേ രൂപസാദൃശ്യങ്ങളെ ഓർമ്മിപ്പിക്കുകയും അതേ സമയം ഇന്നത്തെ ജനാധിപത്യത്തിലെ ചൂഷക-ചൂഷിത മേധാവിത്വത്തെയും നോവലിസ്റ്റ് ഓർമ്മപ്പെടുത്തുന്നു.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വർഗസംഘടനം കമ്മ്യൂണിസത്തിന് തുടക്കമിട്ട യുഗത്തിലാണ് നാം ജീവിക്കുന്നത്. അത് ഗോത്രപോരോ, വർഗ സംഘട്ടനമോ ഒന്നുമായിരുന്നില്ല. സാമൂഹികമായ സമത്വം ഇല്ലാതിരുന്നതിന്റെ വേരറുക്കുകയായിരുന്നു അതിന്റെ ലക്ഷ്യം.

മർദകനും മർദ്ദിതനും ഇവിടെ ഒരുപോലെ റോൾ അവതരിപ്പിച്ചു. കാലമെത്ര കടന്നിരിക്കുന്നു, എന്നിരിക്കിലും ഇന്നും ഇത് ഭവനങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും കാണാൻ കഴിയും. രണ്ടാനമ്മയായ റീനയുടെ കരാളഹസ്തത്തിൽ വെന്തുരുകുന്ന ചാർളി എല്ലാ ദുഃഖനൊമ്പരങ്ങളുടെയും പിടച്ചിലിൽ മുന്നേറാൻ ശ്രമിക്കുകയാണ്.

അവനെ സഹായിക്കാനെത്തുന്നത് ബന്ധനസ്ഥനായ ഒരു തത്തയാണ്. ആ തത്ത അവനെ വിളിക്കുന്നത് ചാ...ളിഎന്നാണ്. കിളിക്കൂട്ടിലെ തത്ത അവനോട് എപ്പോഴും പറയും ത..റ..ത...റ അതിനർഥം തുറന്നു വിടൂ എന്നതാണ്.

ജയിലുപോലുള്ള തടങ്കൽ പാളയത്തിൽ നിന്നും തത്തയെ സ്വതന്ത്രമാക്കണമെന്ന് അവന്റെ മനസു പറഞ്ഞു അത് സംഭവിച്ചു. അതിന് ലഭിച്ച ശിക്ഷ ക്രൂരമായ മർദ്ദനമായിരുന്നു. മുറ്റത്ത് മർദനമേറ്റ് പുളഞ്ഞ ചാർളിയെ രക്ഷിക്കാനെത്തിയത് തത്തയായിരുന്നു. റീനയുടെ തലയ്ക്ക് മുകളിൽ പറന്ന് ശിരസിൽ കൊത്തി മുറിവേൽപിച്ചു മരത്തിലിരുന്ന് കള്ളി... കള്ളീ എന്നു വിളിച്ചു.

തത്തയെ ഭയന്ന് റീന വീടിന് വെളിയിൽ ഇറങ്ങാതെയായി. പുറത്തിറങ്ങുന്നത് തലയ്ക്ക് മുകളിൽ കുട നിവർത്തി പിടിച്ചാണ്. വീട്ടിലെ ജോലികൾ ചെയ്ത് തളർന്നും വിശന്നുമിരിക്കുന്ന ചാർളിക്ക് മാമ്പഴമടക്കമുള്ള പഴങ്ങൾ എത്തിക്കുന്നത് തത്തയാണ്.

സ്വന്തം മകനെ താലോലിച്ച് വളർത്തുന്ന റീനയ്ക്ക് ചാർളിയോട് വെറുപ്പും വിദ്വേഷവുമായിരുന്നു. സ്വന്തം മകന് ലഭിക്കേണ്ട സമ്പത്ത് വീതം വയ്ക്കുന്നതിൽ തീരെ താൽപര്യമില്ലായിരുന്നു. അവനെ നാടുകടത്താനുള്ള ശ്രമങ്ങളും റീനയുടെ ഭാഗത്തു നിന്നുമുണ്ടായി.

അവന്റെ മനസ് എപ്പോഴും നിശബ്ദം കേഴുകയായിരുന്നു. ചാർളി ചാണകം മെഴുകിയ നിലത്ത് ചുരുണ്ടുകൂടി കിടന്നുറങ്ങുമ്പോൾ റീനയും മകനും മാർദവമേറിയ മെത്തയിൽ കിടന്നുറങ്ങി. അവന്റെ സഹപാഠികളെ, സഹോദരനെ നോക്കുമ്പോൾ അവരെല്ലാം മുറ്റത്ത് പാറി കളിക്കുന്ന തുമ്പികൾക്കും പൂമ്പാറ്റകൾക്കുമൊപ്പം കളിക്കുന്നു. ഈ നഷ്ടവും സ്വത്വബോധവും തമ്മിലുള്ള സംഘട്ടനങ്ങളിൽ നിന്നാണ് ഇവിടെ ഒരു വ്യക്തിത്വത്തിന് കരുത്തുണ്ടാകുന്നത്. ഈ ലോകത്ത് ഇങ്ങനെ ചിലതുണ്ടെന്നും എല്ലാ ബാല്യവും താലോലിക്കപ്പെട്ടല്ല വളരുന്നതെന്നും കാരൂർ സോമൻ വരച്ചിടുന്നു.

എത്രമേലകലാം

ഇനിയടുക്കാനിടമില്ലെന്നതുവരെ

എത്രമേലടുക്കാം

ഇനിയകലാനിടമില്ലെന്നതുവരെ

കുഞ്ഞുണ്ണിമാഷിനെ ഒരിക്കൽ കൂടി ഉദ്ധരിച്ചു കൊള്ളട്ടെ. അകലവും അടുപ്പവും സ്നേഹവും വിദ്വേഷവുമെല്ലാം തന്നെ സമത്വത്തിനു വേണ്ടിയുള്ള സമരത്തിന്റെ ഭാഗമാണ്. കാരൂർ സോമൻ കിളിക്കൊഞ്ചലിൽ പറയാതെ പറഞ്ഞു വയ്ക്കുന്നതും ഇതു തന്നെ.

കഥ പറയുന്ന കുട്ടികളുടെ കൃതികൾ അവരുടെ ചിന്താഗതികളെ എന്നും തൊട്ടുണർത്തുന്നതാണ.് ജീവിതയാഥാർഥ‍്യങ്ങൾ കൃതിയിൽ സൗന്ദര്യാത്മകമായി ആവിഷ്ക്കരിക്കാൻ ഗ്രന്ഥകർത്താവ് ബാധ്യസ്ഥനാണ്. പല കൃതികളും അങ്ങനെയാണ് ജീവിതദർശനങ്ങളായി ഒരു സാംസ്കാരിക പൈതൃകത്തിന് വെളിച്ചം പകരുന്നത്. കിളിക്കൊഞ്ചൽ ഒരു ഉണർത്തെഴുന്നേൽപ്പാണ്. സാമൂഹികമായ നവോത്ഥാനത്തിനുള്ള ജാഗ്രത്തായ മുന്നറിയിപ്പാണ്. ലോകത്തിന്റെ ഏതൊരു കോണിലും സംഭവിക്കാനിടയുള്ള അല്ലെങ്കിൽ സംഭവിച്ചിട്ടുള്ള ഒരു സംഭവത്തെ ഡോക്യുമെന്റ് ചെയ്യുകയാണ് ഇവിടെ കഥാകാരൻ.

ഒരു കൃതിയെ അടിമുടി അപഗ്രഥിക്കാതെ ആരോഗ്യകരമായ ഒരു വിമർശനമോ നിരൂപണമോ സാധ്യമല്ല. ഒരു കൃതിയുടെ ശക്തിദൗർബല്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുമ്പോഴാണ് അത് അഴകുള്ളതോ അഴുക്ക് പുരണ്ടതോ എന്ന് തിരിച്ചറിയുന്നത്.

ഒരു സാഹിത്യകാരന്റെ ആത്മസത്തയാണ് ആ കൃതിയിൽ ഉള്ളതെങ്കിലും അതിനെ വിലയിരുത്താനുള്ള അവകാശം വായനക്കാരനും വിമർശകനുമുണ്ട്. ബാലസാഹിത്യത്തിൽ പുഞ്ചിരിക്കുന്ന പൂമരങ്ങളെപ്പറ്റിയും മധുരമായി പാടുന്ന ഇണക്കുയിലുകളെപ്പറ്റിയും മനസിലാകുന്ന ഭാഷയിൽ അജ്ഞാതമായ ഒരു ലോകത്തേക്ക് അവരെ കൂട്ടിക്കൊണ്ടുപോകാതെ ഒരു എഴുത്തുകാരനും ബാലസാഹിത്യകാരനാവുന്നില്ലെന്നതാണ് സത്യം.

എന്നാൽ ഇവിടെ കാരൂർ സോമന് അതിനു കഴിയുന്നു. അദ്ദേഹം എഴുത്തിനൊപ്പം തന്നെ പ്രകൃതിയെ പക്ഷിയെ പൂമ്പാറ്റയെ കൂടെക്കൂട്ടുന്നു. പുഴകളെ, മലകളെ, പാടങ്ങളെ മാറോടണയ്ക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള നാഭീനാള ബന്ധത്തെക്കുറിച്ച് കുട്ടികളെ ഓർമിപ്പിക്കുന്നു. ഇതാണ് ഒരു സാഹിത്യകാരന്റെ ധാർമ്മികമായ ദൗത്യമെന്ന് അദ്ദേഹം അടിവരയിട്ടു പറയുകയും ചെയ്യുന്നു.

എനിക്കുണ്ടൊരു ലോകം

നിനക്കുണ്ടൊരു ലോകം

നമുക്കില്ലൊരു ലോകം

ഈ നോവലിലെ കഥാപാത്രം തത്തയോട് ഇങ്ങനെയാണ് പറയുന്നത്. ശരിയല്ലേ, നമുക്ക് ആർക്കെങ്കിലും ഇങ്ങനെയൊരു അവസ്ഥ ഒരിക്കലെങ്കിലും ഉണ്ടാകാതിരിന്നിട്ടുണ്ടോ?

വിരഹത്തിന്റെയും സ്നേഹത്തിന്റെ ആർദ്ര ദുഃഖം ഒരിക്കലെങ്കിലും പൊഴിയിക്കാതെ ഇരുന്നിട്ടുണ്ടോ?

പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ

മുന്നോട്ടു പായുന്നിതാളുകൾ

അതല്ലേ ശരി?

തത്തയെ മാത്രമല്ല ചാർളി സ്വതന്ത്രനാക്കിയത്. അടുത്ത വീട്ടിലെ ഗ്ലാസുകൾക്കുള്ളിൽ പാർത്തിരുന്ന മത്സ്യങ്ങളെയും അവൻ സ്വതന്ത്രരാക്കി തോടുകളിൽ വിട്ടു. മണ്ണു പുരണ്ട തണുത്ത വെള്ളത്തിലേക്ക് മത്സ്യങ്ങൾ ആഴ്ന്നുപോയപ്പോൾ ചാർളിക്ക് ലഭിച്ചത് ആത്മസംതൃപ്തി.

കിളികൊഞ്ചലുമായി തത്ത ആകാശവിതാനങ്ങളിൽ ആനന്ദം കണ്ടെത്തിയപ്പോൾ അവന്റെ മനസും ആഹ്ലാദചിത്തമായി. കാരൂർസോമനും അതു തന്നെയാണ് ആഗ്രഹിച്ചത്. കിളിക്കൊഞ്ചൽ വായിക്കുന്ന ഏതൊരു വായനക്കാരനും ആഹ്ലാദിക്കാനുള്ളതും ധാർമ്മികമൂല്യങ്ങളെ സംരക്ഷിച്ചു നിർത്തുന്നതുമായ ഒരു ഗുണപാഠവും ഇതിലുണ്ട്. ഇതിലില്ലാത്തത് മറ്റൊരിടത്തുമില്ലെന്നു ഭഗവദ്ഗീതയിൽ പറയുന്നതുപോലെ, സമകാലിക ബാലസാഹിത്യ കൃതികളിലെ അക്ഷരപ്പെരുമയാണ് കിളിക്കൊഞ്ചൽ എന്നു പറയട്ടെ.