Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവൽക്കാരുടെ സങ്കീർത്തനങ്ങൾ

ശരീരത്തിൽ ആത്മാവുള്ളതു പോലെ കാവ്യ രചനയിലും ആത്മാവുണ്ട്. ആ കാവ്യത്തിന്റെ ആത്മാവാണ് അല്ലെങ്കിൽ സൗന്ദര്യമാണ് ആസ്വാദകഹൃദയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുന്നത്. കാരൂർ സോമന്റെ കാവൽക്കാരുടെ സങ്കീർത്തനങ്ങൾ എന്ന നോവലിൽ ആത്മാവിൽ ഉറച്ച ഒരു ക്രിസ്തീയ പുരോഹിതന്റെ സത്യാന്വേഷണ യാത്രയാണ് വായനക്കാർക്ക് മുന്നിൽ തുറന്നിടുന്നത്. നോവൽ ആദ്യ തവണ വായിച്ചപ്പോൾ അനുഭവപ്പെട്ടത് ഇത്തരമൊരു വികാരമായിരുന്നുവെങ്കിൽ ദാർശനിക പരിവേഷത്തോടെ, വായനയെ ഉത്കൃഷ്ടമാക്കുന്ന സൂചനകളാണ് രണ്ടാം വായനയിൽ മുന്നിലെത്തിയയത്. ഇവിടെ ഭക്തിക്കും വിശ്വാസത്തിനും മധ്യേ മനുഷ്യന്റെ ആശ്വാസ ലബ്ധിയെയാണ് കാരൂർ ഈ നോവലിൽ ചിത്രീകരിക്കുന്നത്.

ലോകമെമ്പാടും ആത്മീയതയുടെ അടിത്തറയ്ക്ക് ഇളക്കമുണ്ടാക്കി ഭൗതികമായ അസ്വസ്ഥതകൾ സൃഷ്ടിച്ച് തമ്മിൽ തമ്മിലുള്ള ഏറ്റുമുട്ടൽ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഒരു കാലത്ത് ഈശ്വരന്റെ മുന്നിൽ പ്രണമിച്ചു നിന്നവർ ഇന്ന് ഭൗതികതയുടെ പ്രതീകങ്ങളായി മാറിയിരിക്കുന്നു. ഇതിന്റെയൊരു പ്രധാനപ്പെട്ട സ്വാധീനമായി കാണേണ്ടത് സ്വന്തം താൽപര്യങ്ങളോടുള്ള അമിതമായ അഭിനിവേഷമാണ്. അത് അഹം എന്ന ഭാവത്തെ സ്വയം സ്വീകരിക്കാനുള്ള വ്യഗ്രതയാണ്. ഇത് സാധാരണക്കാരിൽ നിന്നും പൗരോഹിത്യ സന്യാസ സമൂഹത്തിലേക്ക് വ്യാപൃതമായിരിക്കുന്നു.

ആത്മാവിൽ ആത്മ നിയന്ത്രണത്തോടെ തപസു ചെയ്യുന്നവരാണ് സന്യാസ സമൂഹം. അവരിൽ ആ പ്രത്യാശയുടെ ദീപക്കാഴ്ചകൾ പ്രകടമായി അനുഭവിക്കാനാവും. എന്നാൽ ഈ കാലത്ത്, പ്രത്യേകിച്ച് ന്യൂ ജനറേഷൻ സങ്കൽപങ്ങളെ ഇറുകെ പിടിക്കുന്ന സാംസ്കാരിക അധിനിവേശ ലോകത്ത് അതിന്ന് ലഭ്യമാണോ എന്ന ചോദ്യം പ്രസക്തമായിരിക്കുന്നു. ഇവരുടെ മധ്യത്തിൽ നിന്നു കൊണ്ടാണ് മലയാള ഭാഷയിൽ ഇതുവരെ ദർശിച്ചിട്ടില്ലാത്ത ശക്തമായ വെല്ലുവിളികൾ ഉയർത്തിക്കൊണ്ട് നേവലിസ്റ്റ് നിശബ്ദതയ്ക്ക് നേരെ തൂലിക എന്ന പടവാൾ ചലിപ്പിക്കുന്നത്.

കത്തനാർ വേറിട്ട ഒരു രൂപമാണ്. ഈ രൂപം ഒരേസമയം ദ്വന്ദ്വവ്യക്തിത്വങ്ങളായി പരിണമിക്കുന്നത് നോവലിൽ ഉടനീളം അനുഭവിക്കാൻ കഴിയും. ധ്യാനവും ഉപവാസവും പ്രാർഥനയും വാക്കുകളും മനുഷ്യനെ മനുഷ്യനായി രൂപാന്തരപ്പെടുത്തുന്നത് എങ്ങനെയെന്ന് നാം വിശ്വസാഹിത്യത്തിൽ വായിച്ചിട്ടുണ്ട്. ഇവിടെ ആ തട്ടകത്തിലേക്കാണ് നോവലിസ്റ്റ് വായനക്കാരെ നയിക്കുന്നത്. അവിടേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോൾ സമരസപ്പെട്ടു നിൽക്കുന്ന പല മേഖലകളെയും അനാദൃശ്യപ്പെടുത്താൻ എഴുത്തുകാരൻ മറന്നിട്ടില്ല

നോവലിലെ പ്ലോട്ടിലേക്ക് കടക്കുമ്പോൾ, അതൊരു സാധാരണപ്പെട്ട നിലയിലേക്ക് മാറി നിൽക്കുന്നതും സമൂഹത്തിൽ നമുക്ക് ഏരെ പരിചിതമായതുമാണെന്ന തോന്നൽ ്ല്ലെങ്കിൽ ഇഫക്ട് സൃഷ്ടിക്കാൻ കാരൂർ സോമന് കഴിയുന്നുണ്ട്. അതാണ് ഒരു നോവലിസ്റ്റിന്റെ ഏറ്റവും വലിയ വിജയം. സാധാരണക്കാർ നിറഞ്ഞ സ്ഥലം, അതിലെ സാധാരണപ്പെട്ടതും പ്രാദേശികവാദങ്ങൾ നിറഞ്ഞതുമായ സാമൂഹിക അന്തരീക്ഷം. അവിടെ ജാതിയും മതവും, രാഷ്ട്രവും രാഷ്ട്രീയവും തമ്മിലുള്ള ദ്വന്ദയുദ്ധത്തിന്റെ ശീതരസങ്ങൾ തുളുമ്പി നിൽക്കുന്നു. ഇതിൽ നിന്ന് നമ്മുടെ നായകപ്രതിരൂപമായ കത്തനാർക്ക് രക്ഷപ്പെടാൻ കഴിയുന്നില്ല. കത്തനാരോടു അസൂയയുള്ള പുരോഹിതരുടെ ഇടപെടലുകൾ കാണുമ്പോൾ അറിയാതെ സുഭാഷിതങ്ങളിലേക്കും സങ്കീർത്തനങ്ങളിലേക്ക് കടന്നു പോകാൻ വായനക്കാർ നിർബന്ധിതരാവുന്നു.

എല്ലാവിധ സാമൂഹിക സങ്കൽപ്പങ്ങളെയും തകിടം മറിച്ചുകൊണ്ട്, ഈ നോവൽ ശരിക്കും ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തുന്നത് ഇവിടെയാണ്. യാഥാസ്ഥിതികരായ സമുദായങ്ങൾക്കും ഈശ്വരനെ അറിയാനാഗ്രഹിക്കുന്നവർക്കും ജ്ഞാനാന്ധകാരമെന്ന സമകാലിക പ്രതിസന്ധിയുടെ മുന്നിൽ നിന്ന് അഹംബോധമില്ലാത്ത, നിസ്വാർതമായ പ്രകാശത്തിന്റെ മെഴുകുതിരി വെട്ടം സമ്മാനിക്കുമെന്ന കാര്യത്തിൽസംശയമേതുമില്ല.