Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രം ഞങ്ങളെ കുറ്റക്കാരല്ലെന്നു വിധിക്കും

മുണ്ടൂർ രാവുണ്ണി... പേരുകേൾക്കുമ്പോൾ ഓർമ്മയിലെത്തുക കേരളത്തിലെ നക്സലൈറ്റ് പോരാട്ടങ്ങളാണ്. പാലക്കാട്ടെ കോങ്ങാട്ട് നടന്ന നക്സലൈറ്റ് ഉന്മൂലനം കൂട്ടിചേർത്തല്ലാതെ രാവുണ്ണിയുടെ രാഷ്ട്രീയ ജീവിതം പരാമർശിക്കാൻ കഴിയില്ല. വിപ്ലവം ഇപ്പോഴും സ്വപ്നം കാണുന്ന രാവുണ്ണിയുടെ പോരാട്ട ജീവിതമാണ് ‘മുണ്ടൂർ രാവുണ്ണി, തടവറയും പോരാട്ടവും’.

നക്സലൈറ്റ് പോരാട്ടങ്ങൾ കേരളത്തിൽ സജീവമായ സമയം. തമിഴ്നാട്ടിലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് കേരളത്തിലെത്തിയ മുണ്ടൂർ രാവുണ്ണി കേരളത്തിലെ നക്സലൈറ്റ് പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാകുന്നത് തലശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിലൂടെയാണ്. തലശേരി ആക്ഷനു പുറപ്പെടുമ്പോഴുള്ള അനുഭവം രാവുണ്ണി വിവരിക്കുന്നു–‘ പാലക്കാട് വിക്ടോറിയ കോളജിൽ, യാത്ര പറയാൻ ഞങ്ങൾ ഒത്തുചേർന്നു. ജീവിതത്തിലെ ഏറ്റവും വികാരനിർഭരമായിരുന്നു ആ യാത പറയൽ. അന്നവിടെ കൂടിയ വിദ്യാർഥിനികളെ ഞാൻ ആദ്യമായാണു കാണുന്നത്. അവർ പൊട്ടിക്കരയുകയായിരുന്നു.

തലശേരിയിൽ കെ.പി. നാരായണന്റെ കെപീസ് ട്യൂട്ടോറിയയിലാണ് നാന്നൂറോളം പേർ ഒത്തുകൂടിയത്. ആരെങ്കിലും ചോദിച്ചാൽ ബീഡിത്തൊഴിലാളി സമ്മേളനത്തിനു വന്നതാണെന്നു പറയാൻ എല്ലാവർക്കും നിർദേശം നൽകി. അന്ന് ആക്ഷനായി രൂപീകരിച്ച നാലാം ബറ്റാലിയന്റെ കമാൻഡർ ആജാനുബാഹുവായ കാന്തലോട്ട് കരുണനായിരുന്നു. ഇദ്ദേഹം റിപ്പോർട്ട് നൽകിയത് ഇങ്ങനെയായിരുന്നു. പൊലീസ് സ്റ്റേഷനു ചുറ്റും ആയുധധാരികളായ പൊലീസാണ്. നമുക്ക് ആക്ഷൻ നടത്താൻ പറ്റില്ല.

ആക്ഷനുള്ള താവളപ്രദേശങ്ങൾ റെഡിയാണ്. ബീഡിത്തൊഴിലാളികളും കുടിയേറ്റ കർഷകരും കലാപത്തിനു തയ്യാറാണ്. നമ്മൾ എന്തു ചെയ്യണം? കുന്നിക്കൽ നാരായണൻ യോഗത്തിനെത്തിയവരോട് ചോദിച്ചത് ഇതായിരുന്നു. ഇതിൻറെ പേരിൽ യോഗത്തിനെത്തിയവർക്കിടയിൽ അഭിപ്രായഭിന്നതയുണ്ടായി.

ആദ്യ ദിവസം ആക്ഷൻ നടന്നില്ല. രണ്ടാംദിവസം എല്ലാ മുന്നൊരുക്കത്തോടെയുമാണ് കുന്നിക്കലിന്റെയും കെ.പി. നാരായണന്റെയും നേതൃത്വത്തിൽ കാര്യങ്ങൾ നടന്നത്. പങ്കെടുക്കാൻ എത്തിയവരെ നാലു കമ്പനികളായി തിരിച്ചു. നാലാം കമ്പനിലിയിലെ ഏഴാം സ്ക്വാഡിലായിരുന്നു ഞാൻ. കുന്നിക്കൽ തുടക്കം മുതലേ തന്നെ എന്നെ തഴയുകയായിരുന്നു. കാരണം ചോദിച്ചപ്പോൾ പുതിയ തലമുറ വരട്ടെയെന്നായിരുന്നു മറുപടി.

തലശേരി സ്റ്റേഷനിലേക്കുള്ള വഴി പോലും ആർക്കും കൃത്യമായി അറിയില്ല. കൊട്ടിയൂർ പോകുന്ന റോഡിലേക്കു കയറിയപ്പോഴാണ് പിന്നിൽ നിന്ന് ആരോ വിളിച്ചുപറഞ്ഞത് സഖാവേ, അതല്ല വഴി ഇതാണെന്ന്. അങ്ങനെ പൊലീസ് സ്റ്റേഷനിലെത്തി. കൂരിരുട്ട്. ഗെയിറ്റ് പൂട്ടിയിരിക്കുന്നു. പൊളിക്കെടാ പൂട്ട്, ഞാൻ വിളിച്ചു പറഞ്ഞു. വെള്ളത്തൂവൽ സ്റ്റീഫൻ അടുത്തുണ്ടായിരുന്നു. പ്ലാക്കോട്ട് രവിയും ഉണ്ടായിരുന്നു. സ്റ്റേഷൻ ഗാർഡ് ശബ്ദം കേട്ട് പൊസിഷൻ എടുത്തു.സ്റ്റീഫൻ കൈയിലിരുന്ന ആസിഡ് ബൾബ് എറിഞ്ഞു. അത് നോട്ടീസ് ബോർഡിൽ തട്ടി സ്ഫോടനമുണ്ടായി. ഇതുകേട്ട് പൊലീസുകാരൻ നിലവിളിച്ചു. സ്റ്റേഷന്റെ മുന്നിൽ മൈതാനമാണ്. അവിടെ കിടന്ന കന്നുകാലികൾ എഴുന്നേറ്റ് ഓടാൻ തുടങ്ങി. ഈ കുളമ്പടി ശബ്ദം കേട്ട് പലരും ഓടി. നോക്കുമ്പോൾ ഞാനും സ്റ്റീഫനും മാത്രമുണ്ട്. ചിലർ പൊലീസ് വാനിൻറെ ടയർ കുത്തിക്കീറി. പിന്തിരിഞ്ഞൊരു പാലായനമാണ് അവിടെ നടന്നത്. റോഡിലെല്ലാം ആക്രമിക്കാനായി കൊണ്ടുപോയ ആയുധങ്ങൾ ചിതറിക്കിടന്നു. വരിക്കുന്തവും കമ്പിപ്പാരയും , മടാളും കത്തിയുമൊക്കെയായിരുന്നു ആയുധങ്ങൾ. ഒന്നും ഉപയോഗിച്ചിട്ടില്ല. ആക്രമണം പാളി. പലരും പല സ്ഥലത്ത് ഒളിച്ചു. അങ്ങനെ 1968 നവംബർ 20ലെ തലശേരി പൊലീസ് സ്റ്റേഷൻ ആക്രമണം അവസാനിച്ചു.

കോങ്ങാട് ഉന്മൂലനം

കേരളത്തെ ആകെ ഞെട്ടിക്കുകയും ഭരണസംവിധാനത്തെപ്പോലും ഭീതിയുടെ നിഴലിലാക്കുകയും ചെയ്ത ഒരു നക്സലൈറ്റ് ഉന്മൂലനമായിരുന്നു കോങ്ങാട് എ.എം. നാരായണൻകുട്ടി നായരുടേത്. അതൊരു രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായുള്ള തീവ്രവാദ നിലപാടിന്റെ പര്യവസാനമായിരുന്നു. എന്നാൽ ആക്ഷനിൽ പങ്കെടുക്കുന്ന ആർക്കും തന്നെ അദ്ദേഹത്തോട് വ്യക്തിപരമായി വൈരാഗ്യമുണ്ടായിരുന്നില്ല.

പ്രധാനപ്രതിയായി ജീവപര്യന്തം തികച്ച മുണ്ടൂർ രാവുണ്ണി, അയാളെ കാണുന്നതു തന്നെ ആ സമയത്തായിരുന്നു. കോങ്ങാട് കേസിലെ വിധിന്യായത്തിൽതന്നെ ‘ ആരും സ്വന്തം താൽപര്യത്തിനു വേണ്ടിയല്ല കൊലനടത്തിയത്. തങ്ങൾ വിശ്വസിക്കുന്ന തത്വശാസ്ത്രത്താൽ പ്രേരിതമായി സാമൂഹിക മാറ്റത്തിനുള്ള പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് വ്യക്തമാണ്’ എന്നു പറയുന്നുണ്ട്. 1970 ജൂലൈ 30ന് ആണ് കോങ്ങാട് ആകഷൻ നടക്കുന്നത്. ഫ്യൂഡൽ കുടുംബത്തിലെ തലവനായിരുന്ന ചിന്നക്കുട്ടൻനായരുടെ അനിയനാണു നാരായണൻകുട്ടിനായർ. തല്ലാനും കൊല്ലാനും അധികാരമുള്ള തറവാടായിരുന്നു അത്. അയാളുടെ ജ്യേഷ്ഠന്റെ മരുമകനാണ് അന്നത്തെ ഐ.ജിയായിരുന്ന വി.എൻ. രാജൻ. നാരായണൻകുട്ടിനായർ, തനിക്ക് ഇഷ്ടപ്പെട്ട സ്ത്രീകളെ തട്ടിക്കൊണ്ടുപോകും. എപ്പോഴും എന്തിനും തയാറായി നിൽക്കുന്ന സിൽബന്തികൾ. ഇവരിൽ ഭാര്യയുടെ സഹോദരൻ ഗോപാലനായിരുന്നു പ്രധാനി. പേടിയായിരുന്നു നാട്ടിലെല്ലാവർക്കും. അതുകൊണ്ടുതന്നെ ഏറ്റവും ശരിയായ തിരഞ്ഞെടുക്കലായിരുന്നു അതെന്ന് രാവുണ്ണി പറയുന്നു.

ഇരുപത് പേരായിരുന്നു ആക്ഷനിൽ പങ്കെടുത്തത്. സാധാരണ ആയുധങ്ങളായിരുന്നു കൈയിൽ. തലേദിവസം ഈ വീടിനു പരിസരത്തായി ആയുധങ്ങൾ ശേഖരിച്ചു. ഏഴുപേരടങ്ങുന്ന മൂന്ന് സ്ക്വാഡാണ് കണക്കാക്കിയിരുന്നത്. അതിൽ ഒരാൾ വന്നില്ല. ഓരോ സ്ക്വാഡിനും ലീഡർ. ഇവരെ യോജിപ്പിക്കുന്ന കമാൻഡർ. പിന്നെ പൊളിറ്റിക്കൽ കമ്മീസാറും. അത് രാവുണ്ണിയായിരുന്നു.

വാർത്താവിതരണ ബന്ധങ്ങൾ ഇതിനിടയ്ക്ക് വിച്ഛേദിക്കപ്പെട്ടു. അകത്തു കടന്നാൽ സ്ത്രീകളെയും കുട്ടികളെയും മറ്റുള്ളവരെയും ഉപദ്രവിക്കരുതെന്ന് പ്രത്യേക നിർദേശം നൽകിയിരുന്നു. പിറകിലെ ഗേറ്റിലൂടെയാണ് മാർച്ച് നടത്തിയത്. മുൻ തീരുമാനപ്രകാരമുള്ള മിന്നൽ ആക്രമണം. ഒരു സ്ക്വാഡ് മുൻവശത്തെ പടിപ്പുരയിലെ ഗുണ്ടകളെ പിടിച്ചുകെട്ടി. മറ്റൊന്ന് വീടുവളഞ്ഞു. ആരെയും പുറത്തുപോകാൻ അനുവദിക്കരുതെന്നായിരുന്നു തീരുമാനം. മൂന്നാമത്തെ സ്ക്വാഡ് വീടിനകത്തു കയറി പണയവസ്തുക്കളും രേഖകളും ശേഖരിക്കാൻ തുടങ്ങി. സ്ത്രീകളുടെ ആഭരണങ്ങൾ അഴിച്ചുവാങ്ങി. അവ മുക്കുപണ്ടങ്ങളായിരുന്നെന്ന് പിന്നീടാണു ബോധ്യമായത്.

നാരായണൻകുട്ടി നായരും ഭാര്യയും കുളിക്കുകയായിരുന്നു. കുളിമുറിയിൽ നിന്ന് ഇരുവരെയും പിടിച്ചുകൊണ്ടുവന്നു. നാരായണൻകുട്ടിനായരുടെ ഭാര്യയ്ക്ക് വസ്ത്രങ്ങൾ നൽകി. സ്ത്രീകളെയെല്ലാം ഒരു മുറിയിലാക്കി. അയാളെ പുറത്തേക്കു കൊണ്ടുവന്നു. എഴുതി തയാറാക്കിയ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. തുടർന്ന് നാരായണൻകുട്ടിനായരെ വീടിനു പുറത്തെ കുളത്തിനു സമീപം കൊണ്ടുവന്ന് ശിക്ഷ നടപ്പാക്കി. തലയറുത്തെടുത്ത് പടിപ്പുരയിലേക്കു കയറുന്ന പടവിൽ വച്ചു. നക്സൽബാരി സിന്ദാബാദ്, സായുധ കാർഷിക വിപ്ലവം വിജയിക്കട്ടെ തുടങ്ങിയ മുദ്രാവാക്യം വിളികൊണ്ട് വീടും പരിസരവും മുഴങ്ങി... കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനം പരാജയപ്പെടാനുണ്ടായ കാരണത്തെ കൃത്യമായി മുണ്ടൂർ രാവുണ്ണി പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്. ചരിത്രത്തെ വളച്ചുകെട്ടില്ലാതെ തന്നെ അദ്ദേഹം വിവരിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.