Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴമയുടെ കാതല്‍

സമൂഹജീവിതത്തിന്റെ ഗുണങ്ങളേയും ശീലങ്ങളേയും അരുതുകളേയും ആജ്ഞകളേയും ബോധങ്ങളേയും അടുക്കടുക്കായി കരുതിവെച്ച വിശാലാര്‍ത്ഥദ്യോതകമായ നാടിന്റെ ഈടുവെപ്പുകളാണ് പഴമൊഴികള്‍. പഴയമൊഴികളേയാണ് നാം പഴഞ്ചൊല്ലുകള്‍ എന്നുപറയുന്നത്. പോയകാലത്തിന്റെ ജീവിതാനുഭവങ്ങളില്‍ നിന്നും കോറിയിട്ട മെയ്ക്കരുത്തും ഉള്‍ക്കരുത്തും നിറഞ്ഞ വാങ്മയരൂപങ്ങളാണവ. ഉന്നതമായ അവസ്ഥയില്‍ നിന്നും താഴേക്കിടയിലേക്കുള്ള ഒരു സംവേദനമാണ് പഴഞ്ചൊല്ലുകള്‍. “സമൂഹത്തിലെ ഉന്നതരും മേലാളരും താഴ്ന്നവരോടോ കീഴാളരോടോ സംസാരിക്കുമ്പോള്‍ പഴമൊഴികള്‍ പ്രയോഗിക്കും. തുല്യപദവിയുള്ളവരുടെ സംഭാഷണങ്ങളിലും അവ പ്രത്യക്ഷമാകാം. നേരെ മറിച്ച് പ്രായം കുറഞ്ഞവര്‍ പ്രായമേറിയവരോടോ, കീഴാളര്‍ മേലാളരോടോ സംസാരിക്കുമ്പോള്‍ പഴഞ്ചൊല്ലുകള്‍ പ്രയോഗിക്കുകയെന്നത് സര്‍വസാധാരണമല്ല. പഴമൊഴികള്‍ കേള്‍ക്കുന്നവരേക്കാള്‍ അവ പറയുന്നവര്‍ക്ക് മഹിമയും ഔന്നത്യവും കൂടുമെന്നത്രെ സങ്കല്‍പ്പം (എം. വി. വിഷ്ണുനമ്പൂതിരി, പഴഞ്ചൊല്‍ സാഹിത്യം).” പറച്ചിലില്‍ നിന്നു ഉരുവപ്പെട്ട ലോകോക്തികളുടെ സഞ്ചയമാണ് നാമിന്നു കാണുന്ന ചൊല്ലുകള്‍. മുതുമൊഴികളുടെ വാങ്മയവഴക്കമാണ് അവയെന്നും പറയാം. കാലത്തേയും ദേശത്തേയും മറികടന്ന്, തലമുറകള്‍ കൈമാറി വന്ന ബഹുരൂപിയായ അറിവടയാളങ്ങള്‍. പഴമൊഴികളുടെ കര്‍തൃത്വം പോയ കാലത്തെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളില്‍ നിന്നുയിര്‍ക്കൊണ്ട പഴമയുടെ കാതലാണ് എന്നു നിസ്സംശയം പറയാം. പണ്ഡിതനും പാമരനും ആണിനും പെണ്ണിനും ഒരുപോലെ പ്രയോഗിക്കാനുതകുന്ന തരത്തിലുള്ള അര്‍ത്ഥസംവേദകസംജ്ഞകളും സന്ദര്‍ഭങ്ങളും നിറഞ്ഞുനില്‍ക്കുന്നവയുമാണവ. ഉപദേശമായാലും വസ്തുസ്ഥിതി കഥനമായാലും കളിയാക്കലായാലും പഴമൊഴികള്‍ മുന്നോട്ടുവെക്കുന്ന ശബ്ദത്തില്‍ അദൃശ്യനായൊരു അധികാരിയെ കാണാനാകും. ലളിതമായി പറഞ്ഞാല്‍ ഒരു മുതുമുത്തച്ഛന്റെ കരുതലും നന്മയും വഴിനടത്തിക്കലും ഇവകളില്‍ തെളിഞ്ഞുകാണാം. അതുകൊണ്ടുതന്നെയാണ് പഴമൊഴികള്‍ നമുക്കു 'മൂത്തോറെ വാക്കാ'യി അഥവാ 'മൂത്തവരുടെ വാക്കാ'യി പരിണമിക്കുന്നതും.

മലയാളത്തിന്റെ പഴയകാലത്തെ സവിശേഷമായ സാഹചര്യങ്ങളില്‍ നിന്നും നിര്‍മിക്കപ്പെട്ട ചൊല്ലുകള്‍ കാലത്തിന്റെ ക്രമാതീതമായ മുന്നോട്ടുപോക്കിലും ശോഭകെടാതെ നില്‍ക്കുന്നു എന്നതുതന്നെയാണ് അതിന്റെ കാലാതീതമായ നവീനത്വം. മലയാളത്തനിമയുടെ തെളിഞ്ഞുനില്‍ക്കുന്ന നീര്‍ത്തടാകമാണ് പഴഞ്ചൊല്ലുകളും ശൈലികളും. ഇതിലും മെച്ചമായ ഉദാഹരണങ്ങള്‍ മറ്റൊന്നില്‍ നിന്നും ലഭിക്കുന്നില്ല എന്നതത്രെ വാസ്തവം. പഴഞ്ചൊല്ലുകള്‍ പ്രതിനിധീകരിക്കുന്ന വിഷയബാഹുല്യം അതിന്റെ വിശാലമായ പരിസരങ്ങളെ നമ്മെ ബോധ്യപ്പെടുത്തുന്നു. ഉപ്പുതൊട്ടു കര്‍പ്പൂരം വരെയും കുടിലു തൊട്ടു കൊട്ടാരം വരെയും പഴഞ്ചൊല്ലുകള്‍ നമ്മെ ആനയിക്കുന്നു.

'ഉപ്പോളം വരുമോ ഉപ്പിലിട്ടത്?'
'ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും'
'ഉപ്പും കൊള്ളാം വാവും കുളിക്കാം'
എന്നു തുടങ്ങി
'കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി'

എന്നിടത്തെത്തുമ്പോഴാണ് ചൊല്ലുകള്‍ നിറവേറ്റുന്ന സാകല്യം നമുക്കു മനസ്സിലാകുന്നത്. മലയാളത്തനിമ മുന്നോട്ടു വെക്കുന്ന, കേരളീയമായ മറ്റെന്തും അതാതിന്റെ നിശ്ചിതമായ ദൗത്യപരിസരത്തില്‍ നിന്നു കലാപരമോ സാമൂഹ്യമോ ആയ ധര്‍മം നിറവേറ്റുമ്പോള്‍ പഴഞ്ചൊല്ലുകള്‍ അനിയന്ത്രിതമായ പ്രപഞ്ചസാരസ്യങ്ങളെ സാക്ഷാല്‍ക്കരിക്കുന്നവയാണ്. ഗ്രാമീണജീവിതത്തിന്റെ ചൂരും ചൂടും നിറഞ്ഞ സങ്കല്‍പ്പനങ്ങള്‍ പഴമൊഴികളിലുടനീളം നമുക്കു വായിച്ചെടുക്കാന്‍ കഴിയും. എന്നാല്‍ പഴമൊഴികളുടെ സങ്കലനങ്ങളില്‍ കടന്നുകൂടിയ ന്യൂനത, അതു വാമൊഴിയില്‍ നിന്നും ലിഖിതരൂപങ്ങളിലേക്കു പരാവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ സംഭവിക്കുന്ന ഭാഷാപരമായ അപചയമാണ്. ഉദാഹരണമായി 'മൂത്തോറെ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ ഇനിയ്ക്കും' എന്ന ചൊല്ലിന്റെ ലിഖിതപാഠം 'മൂത്തവരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം ചവര്‍ക്കും പിന്നെ മധുരിക്കും' എന്നാണ്. ലിഖിതരൂപങ്ങളിലേക്കെത്തുമ്പോള്‍ സംഭവിക്കുന്ന അപചയം ചൊല്ലുകളുടെ തനിമ അപഹരിക്കപ്പെടുന്നു എന്നത് ആലോചനാവിഷയമാണ്. ഭാഷയുടെ പ്രാദേശികഭേദങ്ങളും ഇതുമൂലം പൊയ്‌പ്പോകുന്നു എന്നതും സങ്കടകരമാണ്. 'മൂത്തോറ്', 'കയ്പ്പ്', 'ഇനിപ്പ്' തുടങ്ങിയ സവിശേഷതയാര്‍ന്ന പ്രയോഗഭേദങ്ങള്‍ ഗളഹസ്തം ചെയ്യപ്പെടുന്നുമുണ്ട്. ഈ വിധത്തില്‍ ഉദാഹരിക്കാന്‍ എത്രയെങ്കിലും പഴമൊഴികള്‍ നമ്മുടെ മുന്നിലുണ്ട്. പഴമൊഴികളുടെ ആഗമപശ്ചാത്തലം തന്നെ, അതത് പ്രദേശങ്ങളുടെ ജീവിതസാഹചര്യങ്ങളില്‍ നിന്നും ഉയിരും ഉണര്‍വും നേടിയവയാണെന്നത് ഇത്തരം ലിഖിതപാഠങ്ങളുടെ അപനിര്‍മാണത്തെ പ്രതിരോധിക്കണം എന്ന സന്ദേശം ഉള്‍ക്കൊള്ളുന്നവയാണ്. എന്നിരുന്നാലും പുതിയകാലത്തിന്റെ പൊതുവായ സംവേദനക്ഷമതയില്‍ ഗ്രാമ്യമായ പ്രയോഗങ്ങള്‍ ചിലപ്പോഴെങ്കിലും ജുഗുപ്‌സ വളര്‍ത്തിയേക്കാം എന്നൊരു പരിമിതിയും കാണാതിരുന്നുകൂട. അതിന്റെ പ്രത്യക്ഷോദാഹരണമാണ് 'അച്ഛനാനപ്പുറത്തു കയറിയാല്‍ മകനു ആസനത്തില്‍ തഴമ്പുണ്ടാകുമോ?' എന്ന ചൊല്ലിന്റെ വാമൊഴിയിലെ 'അച്ഛന്‍ ആനകേറിയാ മകന്റെ കുണ്ടിക്ക് തയമ്പു കാണ്വോ?' എന്നത്. ഈ ലിഖിതപാഠത്തില്‍ ചിലവാക്കുകള്‍ക്കെങ്കിലും ടിപ്പണി ആവശ്യമായി വന്നേക്കാം.

മലയാളത്തനിമയുള്ള ചൊല്ലുകളേയും ശൈലികളേയും സമാഹരിക്കുകയും അവയ്ക്ക് ഹ്രസ്വമായൊരു പാഠം നിര്‍മിക്കുകയും ചെയ്യുമ്പോള്‍ത്തന്നെ ഒരു ഗ്രന്ഥത്തിന്റെ കേവലമായ പരിമിതികള്‍ക്കപ്പുറമാണ് ഇവയുടെ അസ്തിത്വം എന്നുള്ളത് ലളിതമായ യുക്തിയാണ്. മറ്റേതൊരു പാഠവുമെന്നപോലെ പഴമൊഴിയിലും ഇതര സംസ്‌കാര സമ്പര്‍ക്കം കൊണ്ട് ആദാനപ്രദാന പ്രക്രിയ നിര്‍ലോഭം നടന്നിട്ടുണ്ട്. അവയില്‍ നിന്നും മലയാളത്തിന്റെ സ്വന്തം മുതുമൊഴികളെ, തനിമയുടെ കൂമ്പുകളെ, ത്യാജ്യഗ്രാഹ്യ ബുദ്ധിയോടെ അണിനിരത്തുക എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രാഥമികവും പ്രാമാണികവുമായ കര്‍ത്തവ്യം. അതു നിര്‍വഹിക്കപ്പെട്ടോ എന്നുവിലയിരുത്തേണ്ടത് മാന്യവായനക്കാരുമാണ്. നമ്മുടെ നാടിന്റെ വിഷയവൈവിധ്യത്തെ പരമാവധി ഇതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.

'അകപ്പെട്ടവന് അഷ്ടമരാശി
ഓടിപ്പോയവനു ഒന്‍പതാമിടത്തു വ്യാഴം'
(ജ്യോതിഷം)

'അങ്ങാടിപ്പയ്യ് ആലയില്‍ നില്‍ക്കില്ല'
(അന്യാപദേശം)

'അഞ്ചോണം കൊഞ്ചോണം ആറാമോണം കാടിയോണം'
(ഉല്‍സവം)

'അടിച്ചാല്‍ തളിക്കാത്തിടത്ത് ചവിട്ട്യാ കുളിക്കണം'
(ആചാരം)

'അടിയും കൊണ്ടു പുളിയും കുടിച്ചു പണവും കൊടുത്തു'
(ശിക്ഷാരീതികള്‍)

'അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം
മുത്താഴമുണ്ടാല്‍ മുള്ളിലും കിടക്കണം'
(ആരോഗ്യം)

'അമരത്തടത്തടത്തില്‍ തവള കരയണം'
(കൃഷി)

'ഇനിയത്തെ കുളി വെമ്മേനാട്'
(ഐതിഹ്യം)

Your Rating: