Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിഴൽപ്പാടുകളിലെ നിരതെറ്റിയ ജീവിതങ്ങൾ

ബിരുദാനന്ദര ബിരുദ വിദ്യാർഥി. 21 വയസ്സ്. ഏതാനും കവിതകൾ എഴുതിയിട്ടുണ്ട്. ഒരു കവിത ആകാശവാണി കോഴിക്കോട് നിലയത്തിന്റെ മൽസരത്തിൽ ഒന്നാമതെത്തി. ഏതാനും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഒരു കഥ പോലുമെഴുതിയിട്ടില്ല. എന്നിട്ടും 1969– ലെ ഓണാവധിക്കാലത്ത് ഒരു നോവലെഴുതാൻ തോന്നി സി.രാധാകൃഷ്ണന്. രാവിലെ കുളിയും ക്ഷേത്രദർശനവും കഴിഞ്ഞു തിരികെ വരുന്ന വഴിയിൽ പരന്ന വയലിന്റെ പച്ചപ്പിൽ നോവൽ ഒറ്റയടിക്കു മനസ്സിൽ ചുരുൾ നിവർന്നു.

പതിറ്റാണ്ടുകൾക്കുശേഷവും ആ നിമിഷം എഴുത്തുകാരന്റെ ഓർമയിൽ പച്ചപിടിച്ചുനിൽക്കുന്നു. ഒരു വെളിപാടു പോലെ. ഓർക്കാപ്പുറത്ത് നേരം പുലരുന്ന മട്ടിൽ ഒരു ഉദയം. പിന്നെ എഴുത്തു തുടങ്ങുകയായി. പത്തുദിവസങ്ങൾകൊണ്ട് പത്ത് അധ്യായങ്ങൾ എഴുതിത്തീർത്തു. പേരിട്ടു: നിഴൽപ്പാടുകൾ. നോവൽ എന്തു ചെയ്യണമെന്ന് ആദ്യം ഒരു രുപവും ഉണ്ടായില്ല. പ്രസിദ്ധമായ ആനുകാലിക പ്രസിദ്ധീകരണത്തിന്റെ നോവൽ മത്സരം ആയിടക്ക് പ്രഖ്യാപിച്ചു. അയച്ചുകൊടുത്തു. അഞ്ചാറുമാസം കഴിഞ്ഞപ്പോൾ അറിയിപ്പ് വന്നു– 120 നോവലുകൾക്കിടയിൽ നിന്നു നിഴൽപ്പാടുകൾ തിരഞ്ഞെടുത്തിരിക്കുന്നു: ഒന്നാം സമ്മാനം.

വാരികയിലെ പ്രസിദ്ധീകരണം അവസാനിക്കുന്നതിനുമുമ്പുതന്നെ തൃശൂർ കറന്റ് ബുക്സ് പുസ്തകമായി പ്രസിദ്ധീകരിച്ചു. തൊട്ടടുത്ത വർഷം 1962– ൽ മികച്ച മലയാള കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്. സി.രാധാകൃഷ്ണൻ എന്ന എഴുത്തുകാരൻ മലയാളസാഹിത്യത്തിൽ ജ്വലിച്ചുയരുകയായിരുന്നു. പിന്നീട് രണ്ടുവർഷം കൂടുമ്പോൾ നിഴൽപ്പാടുകൾ പുനഃപ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. അരനൂറ്റാണ്ടിനുശേഷം വീണ്ടും നിഴൽപ്പാടുകൾ– ഇത്തവണ ഇരുപത്തിയൊന്നാം പതിപ്പ്.

'ലോകം പാടേ മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെയാണു കഴിഞ്ഞുപോയ കാലങ്ങളും നാട്ടുനടപ്പുകളും ഇത്ര വെടിപ്പായി ഓർമയിൽ തെളിഞ്ഞുവരുന്നതും. പഠിപ്പില്ലാത്തവളായതുകൊണ്ട്, ഞാൻ പറയുന്ന കാര്യങ്ങൾക്കു വലിയ അടുക്കും ചിട്ടയുമൊന്നുമുണ്ടാവില്ല. എല്ലാം പറഞ്ഞുതീർക്കണമെന്ന മോഹം കലശലായി ഉള്ളതുകൊണ്ടുമാത്രം ഒരു വിധം പറയാൻ ശ്രമിക്കുകയാണ്.'

ഈ വരികളിൽ നിഴൽപ്പാടുകൾ തുടങ്ങുന്നു. കഥ പറയുന്നത് നന്ദിനി. നന്ദിനിക്കുട്ടി. തുടക്കത്തിൽ ദുരന്തങ്ങളെക്കുറിച്ചുള്ള സൂചനകൾ ഇല്ലെങ്കിലും മലയാളത്തിലെ ലക്ഷണമൊത്ത ദുരന്തനോവലുകളിലൊന്നാണ് നിഴൽപ്പാടുകൾ. ഒറ്റയിരിപ്പിനു വായിച്ചുതീർക്കാവുന്ന ആദ്യന്തം ഹൃദ്യമായ കൃതി. വെറുതെ വായിക്കുകയല്ല. മനസ്സിൽ വിഷാദത്തിന്റെ കരിമേഘം വന്നുമൂടുന്നതുപൊലത്തെ അനുഭവം. പ്രസന്നമായ പ്രഭാതത്തിൽ തുടങ്ങി ഉച്ചവെയിലിന്റെ ആഘാതമേൽപിക്കുന്ന ദുരന്തങ്ങളിലൂടെ കടന്ന് സഹനത്തിന്റെ സായാഹ്നത്തിലൂടെ ജീവിതാന്ത്യത്തിന്റെ രാത്രിയിൽ എത്തിച്ചേരുന്ന പ്രതീതി.

എല്ലാവരോടും മാപ്പു ചോദിക്കുന്ന നന്ദിനിയിലാണു നോവൽ അവസാനിക്കുന്നത്. ഭൂമിയിൽ ആർക്കുവേണ്ടിയും ഒരു നല്ല കാര്യവും ചെയ്തിട്ടില്ലാത്തതിനാൽ എല്ലാവരും മറക്കണമെന്ന അപേക്ഷ നന്ദിനിക്കുണ്ടെങ്കിലും അത്രയെളുപ്പം നന്ദിനിയെ മറക്കാനാവില്ല. സ്നേഹിക്കാൻ കൊതിക്കുന്ന നിസ്സഹായയായ സ്ത്രീയുടെ പ്രതിരൂപം നന്ദിനിയിലുണ്ട്. ആശിച്ച സ്നേഹം കിട്ടാതെവരുമോയെന്ന പേടിയിൽ ചെയ്തുകൂട്ടുന്ന അബദ്ധങ്ങൾ സ്നേഹിച്ചവർക്കുതന്നെ വിനയാകുന്നു; ഒരുപാടു ജീവിതങ്ങളെ ഇല്ലാതാക്കി കുടുംബങ്ങൾ തന്നെ നശിപ്പിക്കുന്നു.

നവോത്ഥാനകാലഘട്ടത്തിലേക്കുണരുന്ന കേരളത്തിന്റെ പശ്ഛാത്തലത്തിൽ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരു നാലുകെട്ടിലാണു കഥ നടക്കുന്നത്. നന്ദിനിക്ക് അച്ഛനും അമ്മയുമില്ല. വളർച്ചയുടെ ഏതോ ഘട്ടത്തിലാണ് അവൾ അതു മനസ്സിലാക്കുന്നത്. അച്ഛനും അമ്മയും ഇല്ലാത്ത ദുഃഖം അറിയിക്കാതെ അവളെ വളർത്തുന്ന അച്ചമ്പൂരിയും ഭാര്യയും അവരുടെ മകൻ ഉണ്ണ്യേട്ടനും. എങ്കിലും കാരണമില്ലാത്ത വിഷാദങ്ങൾ മനസ്സിനെ മൂടുമ്പോൾ അവൾ പുറത്തേക്കു നോക്കാറുണ്ട്. അമ്മയുടെ കുഴിമാടത്തിൽ വളർന്നുനിൽക്കുന്ന മാവ്. അങ്ങോട്ടു നോക്കുമ്പോൾ ഒരു ആശ്വാസം. സ്നേഹം. പ്രിയപ്പെട്ടൊരാളുടെ മടിയിൽ തല ചായ്ച്ചുകിടക്കുന്നതുപോലെ. അവഗണന എന്തെന്നറിയിക്കാതെ, അനാഥത്വത്തിന്റെ വേദനകൾ അനുഭവിപ്പിക്കാതെ, സ്നേഹിക്കപ്പെട്ടവളായി നന്ദിനി വളർന്നുവരുന്നു. ആ സ്നേഹം തന്നെ അവൾക്കു വിനയാകുന്നു.

അവഗണനയും വേദനകളുമായിരുന്നെങ്കിൽ നന്ദിനി വീട്ടിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചേനേം. സ്നേഹം കിട്ടിയപ്പോൾ കൂടുതൽ സ്നേഹത്തിനുവേണ്ടി കൊതിച്ചു. നിഷ്കളങ്കമായ, നിരുപദ്രവമായ സ്നേഹം. തന്റെ സ്നേഹം തിരിച്ചറിയപ്പെടാതെപോയപ്പോൾ സഹിക്കാൻ നന്ദിനി തയ്യാറായി. തനിക്കുപകരം മറ്റൊരാൾ എത്തുന്നതു സഹിക്കാനും മാത്രം അവൾ വിശാലഹൃദയ ആയിരുന്നില്ല. നന്ദിനി ഒരിക്കലും ആഗ്രഹിക്കാത്ത ദുരന്തങ്ങളിലേക്കു സ്നേഹഭീതി നയിക്കുന്നു. അങ്ങനെ തകർക്കപ്പെട്ട കുടുംബങ്ങളുടെയും അവളുടെതന്നെയും കഥയാണു നിഴൽപ്പാടുകൾ. ആരോടെങ്കിലും പറഞ്ഞേതീരു എന്ന ഘട്ടമെത്തിയപ്പോൾ എഴുതിപൂർത്തിയാക്കി, ആരെയും കുറ്റപ്പെടുത്താതെ, മാപ്പുചോദിച്ചു യാത്രയാകുന്ന നന്ദിനിക്കുട്ടി.

മനുഷ്യമനസ്സിലെ നിഴൽപ്പാടുകളിലൂടെയാണു സി. രാധാകൃഷ്ണന്റെ യാത്ര. നിഴലും നിലാവും ഒളിച്ചുകളിക്കുന്ന മനസ്സുകളിലൂടെ. നല്ല പുസ്തകങ്ങൾക്കു മരണമില്ലെന്നു പ്രഖ്യാപിക്കുന്ന നിഴൽപ്പാടുകൾ ഇന്നും നോവൽ വായനയെ അസ്വാദ്യകരമാക്കുന്നു. വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നു. മലയാളത്തിലെ മുൻപേ പറക്കുന്ന പക്ഷിയായ സി. രാധാകൃഷ്ണന്റെ ആദ്യകൃതി നല്ല വായനയുടെ നിഴലുകൾ മനസ്സിൽ ബാക്കിയാക്കുന്നു.

Your Rating: