Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാതിരാ സൂര്യനെ വായിക്കുമ്പോൾ

നോവുകളെയും നേരുകളെയും കിനാവുകളെയും, അപൂർവ്വ നിമിഷങ്ങളിൽ മിന്നിമറയുന്ന പൂർത്തിയാക്കാനാവാത്ത പ്രണയത്തെയും ഒക്കെ വിടർത്തിയിടുമ്പോൾ, ഞാനും നീയും നമ്മളും നിറഞ്ഞതാണ്‌ സിന്ധു കെ വിയുടെ പാതിരാസൂര്യൻ എന്ന കവിത സമാഹാരം. അത്ര ആത്മനിഷ്ഠമായി കവിതകളെ കപ്പലുകയറ്റിവിടുമ്പോഴും അവയ്ക്കുള്ളിൽ എന്നെയും നിന്നെയും ഒളിപ്പിച്ചുവെയ്ക്കാൻ മറക്കുന്നില്ല.

കവിതയിൽ സാമൂഹ്യ പ്രതിബദ്ധത തൂക്കിവിറ്റ് ജീവിച്ചിരുന്ന കാലത്ത് നിന്നും മനുഷ്യർ മോചിതരായിട്ടില്ല.അവയ്ക്കിടയിൽ വ്യത്യസ്തമാവുന്നതും ഇത്തരം കളവില്ലാത്ത കവിമൊഴികൾ തന്നെയാവും.

ഇനിവരാൻ പോകുന്ന ഒരു പൂക്കാലത്തെക്കുറിച്ചും സ്വപ്നം കാണാതിരിക്കുക, കഴിഞ്ഞുപോയ വസന്തത്തിന്റെ ഓർമ്മകളിൽ മുങ്ങി ജീവിക്കുക, ‘അതിനായ് പിന്നെയും ഞാൻ അകലേക്ക്’... ഇങ്ങനെ ബോധപൂർവ്വം പോകുന്ന ആണ്മയിലാണ്‌ കവിതകളുടെ തുടക്കം. അത്രമാത്രം പരിചിതമായ അപരിചിതത്വത്തിനോട് മിണ്ടിപ്പറഞ്ഞിരിക്കുക. ഒരേ പേനിനെതന്നെ വീണ്ടും വീണ്ടും തലയിലൊളിപ്പിച്ചുവെയ്ക്കുന്ന വിരുതിനെ ക്ഷമയോടെ നേരിടുക. എല്ലാ പ്രണയങ്ങൾക്കും കുടപിടിക്കുന്ന നിലാവിനെ മറക്കാതിരിക്കുക. എവിടെയോ നിങ്ങൾക്കുള്ളിൽ ഞാനിരിപ്പുണ്ടല്ലെ എന്നു മിണ്ടാതെ മിണ്ടിച്ചോദിക്കുക. വറ്റിപ്പോയ കണ്ണിൽതെളിയുന്ന അഗ്നിസ്ഫുലിംഗങ്ങളെ ആരാധനയോടെ കാണുക. ബാക്കിയായവ കമ്പോളത്തിൽ കിട്ടുമെന്ന തിരിച്ചറിവ് അനുവാചകകരിലേക്ക് പകരുക. ഇതത്രെ ലോകമെന്ന സത്യം.

വളച്ചുകെട്ടുകളില്ലാതെ കണ്ണിൽ മഞ്ഞുകണം തൊട്ട തണുവോടെ വരഞ്ഞിടുക, അത് ഈ കവിതാ സമാഹാരത്തിനു കഴിഞ്ഞിട്ടുണ്ട്. കാട്ടിലേക്ക് കാറ്റു കടന്നുവരുന്നത് ഇലയുടലുകളിൽ ഇക്കിളിയിട്ട്, മുളഞരമ്പുകളെ വലിച്ചുമുറുക്കി മരച്ചില്ലുകളുടെ മുരടനക്കിയാണ്‌. കാട്ടിലെ കാറ്റു പോലെ നമുക്കുള്ളിലേക്ക് കവിത കടന്നുവരവറിയിക്കുന്നുണ്ട്. അത്രമാത്രം പ്രണയം നിറച്ചുവെച്ചിട്ട് പിടികൊടുക്കാൻ മടിക്കുന്ന കുസൃതിക്കണ്ണിനാൽ കാടിനെയും കടലിനെയും കാറ്റിനെയും തൊട്ടുതൊട്ടിരിക്കുക, ഇതെല്ലാം ആരോ പറഞ്ഞ കഥയാണെന്ന് നിഷ്കളങ്കമായ് ഏറ്റുപറയുന്ന കുട്ടിത്തത്തോടെ.

ഇത്രയൊക്കെ പറഞ്ഞിട്ടും പറയാതെ ബാക്കിയാവുമായിരുന്ന ഒന്നാണ്‌ പെണ്മകളുടെ നേരം പുലരാനാവുന്നു എന്നുള്ള പ്രതീക്ഷ. ഒരുപക്ഷെ ഈ സമാഹാരത്തിൽ പ്രതീക്ഷാനിർഭരമായ ഒരു പ്രഭാതത്തെക്കാത്തിരിക്കുന്നത് ‘സമരം’ എന്ന കവിതയിലാണ്‌. വരാൻപോകുന്ന കാലത്ത് സ്ത്രീ സമൂഹം അടുക്കളച്ചുമരുകളിലെ വേവു മണങ്ങളിൽ നിന്നും കാണാൻ മറന്നുപോയ ഉദയകിരണങ്ങൾ തങ്ങളുടെ മുഖപ്രസാദത്തിലേക്ക് തൊട്ടെടുക്കുന്ന പുലരികളിലെക്കുറിച്ചുള്ള മണിനാദം, നിങ്ങളെവിടെയാണ്‌ നിങ്ങളെവിടെയാണെന്ന് ആകാംക്ഷയോടെ വിളിച്ചുചോദിക്കുന്നു.

സങ്കടവും സന്തോഷവും ഒക്കെ എഴുതിക്കൂട്ടിയ കത്തുകൾ വായനക്കാരന്റെ ഉൾമുറികളിലെങ്ങും ചോദ്യോത്തരങ്ങളില്ലാതെ ആധിപത്യം സ്ഥാപിക്കുമെന്നുറപ്പിക്കുമ്പോഴും ഈ പാതിരാസൂര്യനിൽ നിന്ന് ഇറങ്ങിപ്പോവുമ്പോൾ നോവുള്ളൊരു സത്യം തുറന്നുപിടിച്ചാണ്‌ കവി മടങ്ങുന്നത്. അകടകരമായ രാത്രികളെ വിദഗ്ധമായ് നേരിട്ട് തന്നെയാണ്‌ ഓരോ തനിച്ചായ സ്ത്രീയും കടന്നുപോകുന്നതെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്. സിന്ധുവിനും പാതിരാസൂര്യനും സൈകതം ബുക്സിനും ഭാവുകങ്ങൾ.