Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിൻഡ്രെല്ല

cinderella

‘സിൻഡ്രെല്ല ഇവിടെ വരൂ’ രണ്ടാനമ്മയുടെ ശബ്ദം ഉയർന്നു. ആ ശബ്ദം കേൾക്കുമ്പോൾ തന്നെ സിൻഡ്രെല്ലയുടെ ശരീരമാകെ വിറയ്ക്കുവാൻ തുടങ്ങും. ഭയന്നു വിറച്ച് അവൾ ഓടി എത്തി. ഒരു ജോലി അവസാനിക്കുമ്പോൾ മറ്റൊന്ന് അവർ അവൾക്ക് കൊടുത്തിരിക്കും.  സൂര്യൻ ഉദിക്കുന്നതിനു മുൻപേ തുടങ്ങുന്നതാണ് ആ പാവം പെൺകുട്ടിയുടെ അധ്വാനം. അവസാനിക്കുന്നതോ രാവേറെ ചെല്ലുമ്പോഴും. 

അവൾ അപ്പോൾ ഓർക്കും ‘എന്റെ അമ്മ ഉണ്ടായിരുന്നുവെങ്കിൽ’ ഒരു വർഷം മുന്‍പാണ് സിന്‍ഡ്രെല്ലയുടെ അമ്മ മരിച്ചത്. അച്ഛൻ അധികം വൈകാതെ കൊണ്ടുവന്നതാണ് ഈ പുതിയ അമ്മ. അവര്‍ മാത്രമല്ല രണ്ടു പെൺമക്കളും അവരുടേതായിട്ടുണ്ട്. ഒരു ജോലിയും അവർ ചെയ്യില്ല. അണിഞ്ഞ് ഒരുങ്ങി നടക്കുക മാത്രമാണ് അവരുടെ ജോലി. ഏതിനും അവർക്ക് സിന്‍ഡ്രെല്ലയുടെ സഹായം വേണം. 

ധനികനായ പിതാവിന്റെ ഏക മകളാണ് സിൻഡ്രെല്ല. എങ്കിലും ഒരു ദാസിയെക്കാളും താണ സ്ഥാനമാണവൾക്ക്. നല്ല വസ്ത്രമില്ല. ഭക്ഷണം പോലും ശരിക്ക് കൊടുക്കാറില്ല. കിടക്കുന്നതാണെങ്കിൽ ചാരവും പുകയും നിറഞ്ഞ അടുക്കളയുടെ ഒരു മൂലയിൽ. മുഷിഞ്ഞ വേഷത്തിൽ തളർന്ന മുഖവുമായി വരുന്ന സിൻഡ്രെല്ലയെ അവർക്കു പരിഹാസമാണ്. ആ സാധു പെൺകുട്ടിയെ മറ്റു സഹോദരിമാർ കളിക്കുവാൻ പോലും കൂട്ടാറില്ല. 

സിന്‍ഡ്രെല്ലയ്ക്ക് സങ്കടം സഹിക്കാതാവുമ്പോൾ അവൾ ഓടി അമ്മയുടെ കുഴിമാടത്തിൽ എത്തും. അവരുടെ തോട്ടത്തിലാണ് അമ്മയെ അടക്കം ചെയ്തിരിക്കുന്നത്. ആ കുഴിമാടത്തിൽ എത്തി അവൾ സങ്കടങ്ങൾ ഓരോന്നായി പറയും. ഒടുവിൽ ‘അമ്മയല്ലേ എന്നോട് നല്ല കുട്ടിയാകണം ഞാൻ സ്വർഗ്ഗത്തിൽ നിന്ന് നോക്കിക്കൊള്ളാം എന്ന് അവസാനമായി പറഞ്ഞത്’ എന്നു പറയുമ്പോൾ അവളുടെ കരച്ചിൽ ഉച്ചത്തിലാവും.

ഒരിക്കൽ അവളുടെ പിതാവ് ദൂരെ യാത്രയ്ക്കു പോകാനൊരുങ്ങി. മക്കളെ വിളിച്ച് ഓരോരുത്തർക്കും വേണ്ടത് എന്തെന്ന് ചോദിച്ചു. മൂത്ത സഹോദരി പട്ടു വസ്ത്രവും രണ്ടാമത്തവൾ സ്വർണ മാലയും വേണമെന്ന് പറഞ്ഞു. സിൻഡ്രെല്ലയോട് നിനക്ക് എന്തെങ്കിലും വേണമോ എന്ന് അന്വേഷിച്ചു. അപ്പോൾ അവൾ ‘അച്ഛൻ വനപാതയിലൂടെ മടങ്ങിവരുമ്പോൾ അങ്ങയുടെ തൊപ്പി ഏതെങ്കിലും വൃക്ഷത്തിന്റെ കൊമ്പുകളിൽ തട്ടി തൊപ്പി തെറിച്ചാൽ ആ വൃക്ഷത്തിന്റെ ഒരു കമ്പ് മാത്രം എനിക്കു മതി എന്ന് അറിയിച്ചു. ഇതു കേട്ട് മറ്റു സഹോദരിമാർ അവളെ പരിഹസിച്ചു. യാത്ര കഴിഞ്ഞ് മടങ്ങിവന്ന പിതാവ് മക്കൾ പറഞ്ഞതെല്ലാം കൊണ്ടു വന്നു. സിൻഡ്രെല്ലയ്ക്ക് ലഭിച്ച വൃക്ഷക്കമ്പ് അവൾ അമ്മയുടെ കുഴിമാടത്തിനടുത്ത് നട്ടു. തന്റെ കണ്ണീരായിരുന്നു വൃക്ഷത്തൈ നനച്ചിരുന്നത്. സാവധാനം മരം വളർന്നു വലുതായി.

ചില നാളുകൾ കഴിഞ്ഞു ഒരു ദിവസം മനോഹരമായ ഒരു ചെറിയ പക്ഷി ഈ മരത്തിൽ കൂടു വച്ചു. അമ്മയുടെ ശവ കുടീരത്തിൽ സങ്കടങ്ങൾ എണ്ണി പറഞ്ഞു കരയുന്ന സിന്‍ഡ്രെല്ലയോട് പക്ഷിക്ക് വളരെ സ്നേഹം തോന്നി. അത് മരത്തിന്റെ താഴ്ന്ന ശിഖരത്തില്‍ ഇറങ്ങിവന്ന് സിന്‍ഡ്രെല്ലയോട് സംസാരിക്കാൻ തുടങ്ങി. ‘മോളെ സിൻഡ്രെല്ലാ നിനക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി ഞാൻ അത് സാധിപ്പിച്ചു തരാം. വിഷമിക്കരുത്’ അവർ ഉറ്റസ്നേഹിതരായി മാറാൻ അധികം സമയമെടുത്തില്ല. 

ഒരിക്കൽ അവരുടെ വീടിനടുത്തുള്ള പാതയിലൂടെ രാജ ഭടന്മാർ ഉച്ചത്തിൽ വിളിച്ചു പറയുകയാണ് രാജാവ് ഒരുക്കുന്ന വിരുന്നിൽ പങ്കെടുക്കാൻ വരിക. അതിൽ സംബന്ധിക്കുന്ന െപൺകുട്ടികളിൽ നിന്ന് രാജകുമാരന് വധുവിനെയും കണ്ടെത്തും. സിൻഡ്രെല്ലയുടെ സഹോദരിമാര്‍ അണിഞ്ഞ് ഒരുങ്ങി വിരുന്നിനു പോയി. സിൻഡ്രെല്ലയായിരുന്നു അവരെ ഒരുക്കിയത്. അവർ പോയിക്കഴിഞ്ഞപ്പോൾ സിന്‍ഡ്രെല്ല ചിറ്റമ്മയോട് ഞാനും രാജാവിന്റെ വിരുന്നിനു പോകട്ടേ അമ്മേ എന്നു ചോദിച്ചു. അവർ പരിഹാസത്തോടെ പറഞ്ഞു നിനക്ക് നല്ല വസ്ത്രമുണ്ടോ? ചെരുപ്പുണ്ടോ കരിപുരണ്ട നിന്നെ ഭടന്മാർ ആട്ടി ഓടിക്കും. എന്നാൽ അവളുടെ നിർബന്ധം വർധിച്ചപ്പോൾ അവളോട് ‘ദാ ആ ചാരക്കൂനയിൽ ഞാൻ കുറച്ചു പയർമണികൾ വിതറിയിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ അവ പെറുക്കിത്തന്നാൽ നിന്നെയും വിരുന്നിന് അയയ്ക്കാം.' എന്നു പറഞ്ഞു.

അവൾ വീടിന്റെ പുറകിൽ ചെന്നു. തന്റെ പ്രിയപ്പെട്ട പക്ഷിയെ വിളിച്ചു. പറന്നെത്തിയ പക്ഷിയോട് ‘എന്റെ പ്രിയപ്പെട്ട പക്ഷി ചാരക്കൂനയിൽ അമ്മ വിതറിയിട്ട പയർ മണികൾ എനിക്കു വേഗം പെറുക്കിത്തരിക’ നിമിഷങ്ങൾക്കകം കുറെ പക്ഷികൾ പറന്നെത്തി പയർമണികൾ കൊത്തിപ്പെറുക്കി സിൻഡ്രെല്ലയെ ഏൽപ്പിച്ചു. അവൾ അവയുമായി അമ്മയുടെ അടുത്തേക്കോടി. 'ഇതാ ഞാൻ എല്ലാ പയർ മണികളും കൊണ്ടു വന്നിട്ടുണ്ട്. രാജാവിന്റെ വിരുന്നിന് എന്നെയും അയയ്ക്കണമേ’ എന്നാൽ അവർ അനുവദിച്ചില്ല. ‘പയർ മണികൾ കുറവായതുകൊണ്ടാണ് നീ ഇത്രവേഗം ഇവ ശേഖരിച്ചത്. അതിനാൽ ഞാൻ കുറച്ചധികം പയർമണികൾ ചാരക്കൂനയിൽ ഇടുന്നു. അവ ഒരു മണിക്കൂറിനുള്ളിൽ പെറുക്കി ഏൽപ്പിച്ചാൽ നിന്നെ വിരുന്നിനു വിടാം’. അവൾ ഓടിച്ചെന്ന് തന്റെ പ്രിയപ്പെട്ട പക്ഷിയെ വിളിച്ചു. നിമിഷങ്ങൾക്കകം വലിയൊരു പക്ഷിക്കൂട്ടം പറന്നെത്തി. അവർ അതിവേഗം പയർമണികൾ കൊത്തിയെടുത്തു. ഒരു മണിക്കൂറിനുള്ളിൽ അവയെല്ലാം ശേഖരിച്ച് അവൾ ചിറ്റമ്മയെ ഏൽപ്പിച്ചു. മനസ്സില്ലാ മനസ്സോടെ അവളെയും രാജാവിന്റെ വിരുന്നിനു പോകാൻ അവർ അനുവദിച്ചു. ഈ മുഷിഞ്ഞ വേഷക്കാരിയെ കാണുമ്പോൾ തന്നെ ഭടന്മാർ ഓടിക്കും. അവർ കരുതി. പോരാത്തതിന് അവൾക്ക് ഡാൻസും അറിയില്ലല്ലോ. 

സിൻഡ്രെല്ല അമ്മയുടെ ശവകുടീരത്തിനടുത്തുള്ള വൃക്ഷത്തിന്റെ അടുക്കലേക്ക് ഓടിച്ചെന്നു ‘മരമേ മരമേ എനിക്ക് പുതു വസ്ത്രം പൊഴിച്ചു തരൂ’ പെട്ടെന്ന് മരം മനോഹര വസ്ത്രങ്ങൾ താഴേയ്ക്ക് പൊഴിച്ചു. അവളുടെ പ്രിയകൂട്ടുകാരി പക്ഷി അവളെ രത്നമാല അണിയിച്ചു. അവളുടെ കാലിന് പുതിയ ചെരുപ്പും നൽകി. പുത്തനുടുപ്പണിഞ്ഞ് രത്നമാലയും ഇട്ട് പോകുന്ന സിന്‍ഡ്രെല്ലയെ കണ്ടാൽ ഒരു രാജകുമാരിയാണെന്നേ തോന്നുകയുള്ളൂ. വിരുന്നു ശാലയിൽ സംഗീതവും നൃത്തവും പൊടി പൊടിക്കുന്നു. രാജകുമാരൻ സിൻഡ്രെല്ലയെ കണ്ടു. തന്നോടു കൂടെ നൃത്തം ചെയ്യാൻ അവളെ ക്ഷണിച്ചു. അവർ ഏറെ നേരം നൃത്തം ചെയ്തു കൊണ്ടിരുന്നു. സഹോദരിമാർക്ക് സിൻഡ്രെല്ലയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. നേരം പുലരാറായി. അവൾ പെട്ടെന്ന് അവിടെ നിന്നും ഓടിമറഞ്ഞു. രാജകുമാരൻ  അവളെ പിന്തുടർന്നെങ്കിലും അവൾ അതി വേഗം ഓടി തന്റെ പ്രിയ വൃക്ഷത്തിന്റെ ചുവട്ടിലെത്തി. പുതു വസ്ത്രം അഴിച്ച് മരത്തിൽ ഒളിപ്പിച്ചു വച്ച് തന്റെ പഴയ വസ്ത്രം വാങ്ങി ധരിച്ച് ചാരവും പുകയും നിറഞ്ഞ അടുക്കളയിൽ കയറിക്കിടന്നു. 

ഒരു പെൺകുട്ടി ഇവിടേയ്ക്ക് എത്തി എന്ന് രാജകുമാരന്‍ പറഞ്ഞുവെങ്കിലും അവളുടെ ചിറ്റമ്മ വന്നു നോക്കിയപ്പോൾ സിൻഡ്രെല്ല നല്ല ഉറക്കം അഭിനയിച്ച് കിടക്കുന്നതാണ് കണ്ടത്. അടുത്ത ദിവസവും രാജാവിന്റെ വിരുന്നിൽ പങ്കെടുക്കാൻ സിൻഡ്രെല്ലയുടെ സഹോദരിമാര്‍ തലേദിവസം അണിഞ്ഞൊരുങ്ങിയതിനേക്കാൾ ഭംഗിയായി വേഷം ധരിച്ചു അമ്മയോടൊപ്പം വളരെ നേരത്തെ തന്നെ വിരുന്നു ശാലയിൽ എത്തി. സിൻഡ്രെല്ലയും വിരുന്നിനു പോകുന്നതിനായി തീരുമാനിച്ചു. അവൾ തന്റെ പ്രിയ മരത്തിനരികിൽ എത്തി. അവൾ വൃക്ഷത്തോട് പറഞ്ഞു ‘പ്രിയ മരമേ പ്രിയ മരമേ രാജാവിന്റെ വിരുന്നിൽ സംബന്ധിക്കാൻ എനിക്ക് പുതിയ വസ്ത്രങ്ങൾ തരിക’.

കഴിഞ്ഞ ദിവസത്തേക്കാൾ മനോഹരമായ വസ്ത്രം മരം നൽകി. അവ ധരിക്കുമ്പോൾ തന്നെ തന്റെ പ്രിയ സ്നേഹിതയായ പക്ഷി വജ്ര മാല അവളുടെ കഴുത്തിൽ അണിയിച്ചു കഴിഞ്ഞു. കാലിൽ സ്വർണ്ണച്ചെരുപ്പും. ഇപ്പോൾ സിൻഡ്രെല്ലയെ കണ്ടാൽ ദേവലോകത്തിൽ നിന്നും ഇറങ്ങിവന്ന ദേവസുന്ദരിയെന്നേ തോന്നുകയുള്ളൂ.

വിരുന്നാരംഭിച്ചു. വാദ്യഘോഷങ്ങൾ അരങ്ങു തകർക്കുകയാണ്. സിൻഡ്രെല്ല പ്രവേശിച്ചയുടൻ ആ ഹാളിലുള്ളവരുടെ കണ്ണുകൾ അവളുടെ മേലായി.  രാജകുമാരൻ ഓടി എത്തി നൃത്തം ചെയ്യാൻ അവളെ ക്ഷണിച്ചു. പുലരും വരെ നൃത്തം തുടർന്നു. നേരം പുലരുന്നതിനു മുൻപേ അവൾ രാജകുമാരന്റെ സമീപത്തു നിന്ന് വേഗത്തിൽ ഇറങ്ങി ഓടി. തിടുക്കത്തിൽ‍ പുറപ്പെട്ടതിനാൽ അവളുടെ ഇടതു കാലിലെ  ചെരുപ്പ് ഊരിപ്പോയി. രാജകുമാരനും അവളെ പിന്തുടർന്നു. അവൾ ഓടിക്കയറിയ വീട്ടിലേക്ക് രാജകുമാരനും കടന്നു ചെന്നു. നിങ്ങളുടെ പെൺകുട്ടിക്ക് ഈ ചെരുപ്പ് പാകമാണോ എന്ന് നോക്കുക. അവരുടെ മൂത്ത മകൾ ചെരുപ്പ് ഇട്ടു നോക്കിയപ്പോൾ അവളുടെ നീണ്ട വിരലുകൾ മൂലം ഇടാൻ കഴിഞ്ഞില്ല. അപ്പോൾ അവളുടെ അമ്മ ‘നിന്റെ നീണ്ട വിരലുകൾ മുറിച്ചു കളയുക’ അവൾ അങ്ങനെ ചെയ്തു. രാജകുമാരന്റെ അടുക്കലേക്ക് അയച്ചു. അദ്ദേഹം അവളെ കുതിരപ്പുറത്തു കയറ്റി രാജധാനിയിലേക്ക് കൊണ്ടു പോയി. അവർക്ക് സിൻഡ്രെല്ല പതിവായി പോകുന്ന വൃക്ഷത്തിന്റെ ചുവട്ടിലൂടെയാണ് പോകേണ്ടിയിരുന്നത്. 

അപ്പോൾ വൃക്ഷത്തിൽ നിന്ന് ഒരു ശബ്ദം പുറപ്പെട്ടു. രാജകുമാരാ ഇവളല്ല നിനക്കായി ഒരുക്കിയവൾ. അവളുടെ കാലുകൾ നോക്കൂ രക്തം പൊടിയുന്നു. രാജകുമാരൻ പെട്ടെന്നു തന്നെ കുതിരപ്പുറത്തു നിന്നിറങ്ങി അവളുടെ കാലുകളിലേക്ക് നോക്കിയപ്പോൾ രക്തം ഒഴുകുന്ന തായി കണ്ടു. അവളെ വീട്ടിലേക്ക് പറഞ്ഞയച്ചു. അദ്ദേഹം സ്വർണച്ചെരുപ്പുമായി അവിടേയ്ക്കു വീണ്ടും ചെന്നു. നിങ്ങൾക്ക് മറ്റ് പെൺകുട്ടികള്‍ ഉണ്ടോ? അവളുടെ കാലിന് ഈ ചെരുപ്പ് പാകമാണോ എന്ന് നോക്കിയാലും. അമ്മ ചെരുപ്പുമായി അകത്തേക്ക് ചെന്നു. ഇളയമകളുടെ കാലിൽ ഇടുവാൻ ശ്രമിച്ചു. അവൾക്കും ചെരുപ്പ് പാകമല്ല. ഉപ്പൂറ്റി പുറത്താണ്. ഒരു വിധത്തിൽ  അമ്മ ചെരുപ്പ് അവളുടെ കാലിൽ തിരുകി കയറ്റി. ‘അൽപ്പം വേദന സഹിച്ചാലും രാജകുമാരി ആകുമല്ലോ’ മകളെ ആശ്വസിപ്പിച്ച് കൊണ്ട് അവർ പറഞ്ഞു. രാജകുമാരൻ അവളെയും കുതിരപ്പുറത്തു കയറ്റി രാജധാനിയിലേക്ക് യാത്ര തിരിച്ചു. വൃക്ഷത്തിന്റെ അടുക്കൽ എത്തിയപ്പോൾ വൃക്ഷം  ‘‘രാജകുമാരാ, രാജകുമാരാ, ഇവളുമായി എവിടേയ്ക്കാ ഇവൾ അല്ല നിങ്ങൾക്കുള്ളവൾ. അവളുടെ കാലുകൾ ശ്രദ്ധിക്കൂ’ അദ്ദേഹം വേഗം കുതിരപ്പുറത്തു നിന്ന് ഇറങ്ങി. അവളുടെ കാലുകളിൽ നിന്നു രക്തം ഒഴുകുന്നതായി കണ്ടു. അവളേയും വീട്ടിലാക്കി. 

‘വേറെ പുത്രി നിങ്ങൾക്കുണ്ടോ?’ അദ്ദേഹം അന്വേഷിച്ചു. മനസ്സില്ലാ മനസ്സോടെ അവർ സിൻഡ്രെല്ലയെ വിളിച്ചു. അവൾ വേഗം തന്നെ മുഖം കഴുകി വന്ന് രാജകുമാരനെ വന്ദിച്ചു. അച്ഛനും അമ്മയും സഹോദരിമാരും പരിഹാസച്ചിരിയോടെ  അവളെ നോക്കുന്നുണ്ടായിരുന്നു. സ്വർണച്ചെരുപ്പ് ഇടുവാന്‍ രാജകുമാരന്‍ സിൻഡ്രെല്ലയോട് പറഞ്ഞു. അവളുടെ കാലുകൾക്കു വേണ്ടി മാത്രം നിർമ്മിച്ചതു പോലെ ആ ചെരുപ്പ് അവൾക്കു പാകമായിരുന്നു. രാജകുമാരന്റെ മുഖം വികസിച്ചു അദ്ദേഹം അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി. ‘അതേ ഇവൾ തന്നെ എന്റെ പ്രിയപ്പെട്ടവൾ’ അദ്ദേഹം പറയുന്നുണ്ടായിരുന്നു വരൂ പ്രിയമുള്ളവളേ അവളുടെ ചുമലിൽ പിടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. രാജകുമാരൻ സിൻഡ്രെല്ലയെ കുതിരപ്പുറത്ത് കയറ്റി ഇരുത്തി. 

ആ കാഴ്ച കാണുവാൻ ചിറ്റമ്മയ്ക്കും സഹോദരിമാർക്കും വലിയ വിഷമമായിരുന്നു. രാജകുമാരനും സിൻഡ്രെല്ലയും കുതിരപ്പുറത്തു കയറി വൃക്ഷത്തിന്റെ ചുവട്ടിൽ എത്തിയപ്പോൾ ‘അതേ കുമാരാ ഇവൾ തന്നെ താങ്കൾക്കുള്ളവൾ’ ഈ ശബ്ദം കേട്ടു. സിന്‍ഡ്രെല്ല തന്റെ പ്രിയ പക്ഷിയെ വിളിച്ചു. അവൾ പറന്നു വന്ന് സിൻഡ്രെല്ലയുടെ തോളിൽ ഇരുന്നു. സന്തോഷത്തോടെ അവർ രാജധാനിയിലേക്ക് യാത്ര പുറപ്പെട്ടു.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം