Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാംലിനിലെ വിചിത്രഗായകൻ

Pied Piper of Hamelin

ജർമനിയിലെ ഹാംലിൻ നഗരത്തിൽ വളരെ പണ്ടു നടന്ന കഥയാണ്. വൈസർ നദീതീരത്താണ് ഈ സുന്ദര നഗരം. നദിയിൽ നിന്നൊഴുകിയെത്തുന്ന കുളിർകാറ്റ് ഹാംലിനിന്റെ പ്രഭാതത്തെ മനോഹരമാക്കും. ഉത്സാഹികളാണ് ജനങ്ങൾ. വൈസർ തുറമുഖത്ത് സദാ തിരക്കാണ്. വള്ളങ്ങളിലും ചെറുബോട്ടുകളിലുമായി ഗോതമ്പും ചോളവും എത്തിക്കുന്നത് ഇറക്കി വെയ്ക്കാൻ ധാരാളം ജോലിക്കാർ വന്നെത്തുന്നതു കൊണ്ട് രാവും പകലും തുറമുഖം ഉണർന്നിരിക്കും. ഒട്ടനവധി ധാന്യപ്പുരകളുണ്ട്. ചോളവും ഗോതമ്പും അവയിൽ നിറഞ്ഞു കവിഞ്ഞതിനാൽ പുതിയ പുതിയ ധാന്യപ്പുരകളുടെ നിർമാണവും നടക്കുന്നു. 

ധാരാളം റൊട്ടിക്കടകളും നഗരത്തിൽ പല ഭാഗത്തായുണ്ട്. ഈ ബേക്കറികൾക്ക് ആവശ്യമായ ഗോതമ്പു പൊടിക്കുവാൻ മില്ലുകളും ഉയർന്നിട്ടുണ്ട്. ആകപ്പാടെ സമ്പന്നമായ നഗരം. എവിടെയും സമൃദ്ധിതന്നെ. ഹാംലിൻ നഗരത്തിന്റെ പ്രശസ്തി നാടെങ്ങും പരന്നതു കൊണ്ട് ധാന്യങ്ങൾ വാങ്ങിക്കുവാൻ ദൂരസ്ഥലങ്ങളിൽ നിന്നു പോലും ജനങ്ങൾ ഒഴുകിയെത്തുന്നു. 

സമ്പന്നമായ ഈ നഗരത്തിൽ മറ്റൊരു വിപത്ത് ഉയർന്നു വരുന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ധാന്യാവശിഷ്ടങ്ങളും കച്ചിക്കൂനയും ഭക്ഷ്യ പദാർഥങ്ങളും നഗരത്തിലെങ്ങും അലക്ഷ്യമായി ഇട്ടിരുന്നു. അനുദിനം ഇവ വർദ്ധിച്ചു വന്നതല്ലാതെ ഇവ ആരും തന്നെ നീക്കം ചെയ്തിരുന്നില്ല. ഇവയ്ക്കിടയിൽ എലികളും ധാരാളമായി കണ്ടു തുടങ്ങി. അതിവേഗമായിരുന്നു എലികളുടെ വർധന ഉണ്ടായത്. ഇപ്പോൾ എല്ലായിടത്തും എലികൾ മാത്രം വീടുകളിൽ അവ നൃത്തം ചെയ്യും. കുട്ടികളെ ഉറക്കി കിടത്തിയാൽ ആ കട്ടിലിൽ അവരോടൊപ്പം എലികളുമുണ്ട്. അവരുടെ ചെവികളിൽ അവർ മന്ത്രിച്ചു കൊണ്ടിരിക്കും. ഭക്ഷണസാധനങ്ങൾ തയാറാക്കുമ്പോൾ എലികൾ. വിളമ്പി വയ്ക്കുമ്പോൾ അവിടെയും അവർ കാണും. കുളിമുറിയിൽ ചെന്നാല്‍ അവിടെ എലികൾ. വസ്ത്രമെടുത്താൽ എലികളെ കുടഞ്ഞിട്ടുവേണം അവ ധരിക്കുവാൻ. കിടക്കയിൽ അവരോടൊത്തുറങ്ങാൻ എലികൾ ഒപ്പമുണ്ടാകും. 

ജനങ്ങള്‍ ആകെ കഷ്ടത്തിലായി. അവർ എത്ര ശ്രമിച്ചിട്ടും എലികളെ കൊന്നൊടുക്കുവാൻ കഴിയുന്നില്ല. ജനങ്ങൾ ഒത്തു ചേർന്നു. ഈ വലിയ വിപത്തിൽ നിന്ന് നമ്മെ രക്ഷിക്കുവാൻ നമുക്കു മേയറോടു പറയണം. അദ്ദേഹമല്ലേ നഗരപിതാവ്. അവർ മേയറുടെ ഓഫിസിലേക്ക് കൂട്ടമായി നീങ്ങി. സ്ത്രീകളും കുട്ടികളും പുരുഷന്മാരും വൃദ്ധരുമെല്ലാമായിട്ടാണ് യാത്ര. ടൗൺ ഹാളിൽ മേയറുടെ ഓഫിസ് കവാടത്തിൽ അവർ എത്തിച്ചേർന്നു. വലിയ ഗേറ്റ് തുറന്നു. ഉച്ചത്തിൽ അവർ വിളിച്ചു പറഞ്ഞു.‘വേണ്ട, വേണ്ട എലികള്‍ വേണ്ട’ മേയർ ശബ്ദം കേട്ട് ബാൽക്കണിയിൽ ഇറങ്ങി വന്നു. ജനങ്ങളോട് നിശ്ശബ്ദരാകാൻ അദ്ദേഹം ആംഗ്യം കാട്ടി. അവർ നിശ്ശബ്ദരായി. എന്താണ് മാന്യജനങ്ങളെ പ്രശ്നം? അദ്ദേഹം ആരാഞ്ഞു. അപ്പോൾ അവർ ഉച്ചത്തിൽ പറഞ്ഞു. ‘എലികൾ ഞങ്ങളെ നശിപ്പിക്കുന്നു. ഞങ്ങളുടെ വീടുകൾ എലികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഭക്ഷണം പാകം ചെയ്യാൻ കഴിയുന്നില്ല. എലികൾ തിന്നതിന്റെ മിച്ചം വേണം. ഞങ്ങൾ കഴിക്കേണ്ടത്. നേരെ ചൊവ്വേ ഉറങ്ങാൻ പോലും കഴിയുന്നില്ല. ഞങ്ങളെ ഈ ദുരിതക്കടലിൽ നിന്ന് രക്ഷിക്കണം അവർ പറഞ്ഞു. മേയർ അവരെ ആശ്വസിപ്പിച്ചു. നഗരസഭ വേണ്ടത് ഉടനെ ചെയ്തു കൊള്ളാം മേയർ ഉറപ്പു നൽകി. അവിടവിടായി വലിയ കുഴികൾ നിർമ്മിച്ച് മാലിന്യങ്ങൾ മാറ്റാം. അപ്പോൾ തന്നെ എലികളുടെ ശല്യവും തീർന്നു കൊള്ളും. മേയറുടെ വാക്കുകൾ കേട്ട് ശാന്തരായി ജനങ്ങൾ മടങ്ങിപ്പോയി, 

വലിയ കുഴികൾ നിർമ്മിക്കപ്പെട്ടു. എന്നാൽ ഇതൊന്നും എലികളെ നശിപ്പിക്കുവാൻ മതിയായില്ല. അനുദിനം അവ പെരുകിക്കൊണ്ടിരുന്നു. ഇപ്പോൾ മറ്റൊരു ദുരന്തവും ഉണ്ടായിരിക്കുന്നു. എലികളുടെ ശരീരത്തിൽ  ചെള്ളുകൾ വളരാൻ തുടങ്ങി. അവ മാരകമായ പകർച്ച വ്യാധിക്കും കാരണമായി ഹാംലിൻ നഗരത്തിൽ പ്ലേഗ്! കുട്ടികളും വൃദ്ധജനങ്ങളും ഈ പകർച്ചവ്യാധിക്ക് ഇരയായിക്കഴിഞ്ഞു. ചിലർ മരിക്കുകയും ചെയ്തു. 

ഹാംലിൻ നഗരവാസികൾ ഭയത്തിന്റെ നിഴലിലായി. കോപാകുലരായ ജനങ്ങൾ ഒത്തു ചേർന്ന് മേയറുടെ ഓഫിസിലേക്ക് പുറപ്പെട്ടു. ഡസൻ കണക്കിനു ചത്ത എലികളെയും അവർ കൊണ്ടു പോയി. മേയറുടെ പദ്ധതി പൊളിഞ്ഞതിന്റെ െതളിവായിട്ടാണ് അവർ ഇവയെ കൊണ്ടു പോകുന്നത്. ഇപ്പോൾ അവർ പുതിയൊരു മുദ്രാവാക്യം മുഴക്കുന്നുണ്ട്. ‘എലികൾ വേണ്ട മേയറും വേണ്ട. എലികൾ വേണ്ട മേയറും വേണ്ട’

ആർത്തിരമ്പി വരുന്ന ജനങ്ങളെ കാണുവാൻ മേയറും മറ്റ് അംഗങ്ങളും ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ടു. വിറയാർന്ന ശബ്ദത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു ‘എലികളെ പൂർണമായും നശിപ്പിക്കുന്നവർക്ക് ആയിരം സ്വർണനാണയം നൽകുന്നതാണ്’.

പിറ്റെ ദിവസം ഹാംലിനിൽ ഒരു മനുഷ്യൻ എത്തിച്ചേർന്നു. അയാൾ പല നിറത്തിലുള്ള ഉടുപ്പുകൾ അണിഞ്ഞിരുന്നു. കഴുത്തിൽ ഒരു നീണ്ട ഷാള്‍ ധരിച്ചിട്ടുണ്ട്. ആ ഷാളിന്റെ ഒരറ്റത്ത് വെള്ളിയിൽ പണിതിരിക്കുന്ന ഒരു ഫ്ലൂട്ട് കെട്ടിയിട്ടുണ്ട്. അയാളെ കണ്ടാൽ പല രാജ്യങ്ങളും സഞ്ചരിച്ചിട്ടുള്ളവനാണെന്നു തോന്നും. അയാൾ നേരെ ടൗൺ ഹാളിലേക്ക് ചെന്നു. മേയറുടെ ഓഫിസിൽ അപ്പോൾ കൗൺസിൽ യോഗം ചേർന്ന് എലികളെ നശിപ്പിക്കുന്നതിനുള്ള മാർഗം ചർച്ച ചെയ്യുകയാണ്. അദ്ദേഹം അവിടേയ്ക്ക് െചന്ന് പറഞ്ഞു ‘എലികളുടെ ശല്യത്തിൽ നിന്ന് ഞാൻ നിങ്ങളെ രക്ഷിക്കാം. ഒന്നു പോലും അവശേഷിക്കാതെ എല്ലാ എലികളെയും നശിപ്പിക്കാം. ആയിരം സ്വർണനാണയം എന്റെ ജോലി പൂർത്തിയായാലുടനെ തന്നിരിക്കണം! മേയർ കസേരയിൽ നിന്നെഴുന്നേറ്റ് വർധിച്ച സന്തോഷത്തോടെ അയാളോട് പറഞ്ഞു. വേഗം തന്നെ താങ്കൾ ജോലി തുടങ്ങിക്കൊൾക. പൂർത്തിയായാൽ ഉടൻ പണം താങ്കൾക്ക് തരുന്നതാണ്. 

പിറ്റെ ദിവസം നഗരത്തിലെത്തിയ വിചിത്ര വേഷധാരിയായ മനുഷ്യന്‍ വെള്ളിയിൽ തീർത്ത തന്റെ  ഫ്ലൂട്ടെടുത്ത് ഒരു പ്രത്യേക രീതിയിൽ വായിക്കാൻ തുടങ്ങി. വീടുകളിലും വഴിയോരത്തും തെളിഞ്ഞും മറഞ്ഞും നടന്നിരുന്ന എലികൾ പുറത്തേക്കോടി ഇറങ്ങി ശബ്ദം കേട്ട ഭാഗത്തേയ്ക്ക് ശ്രദ്ധയോടെ നോക്കി നിൽക്കുന്നു. ആ വിചിത്ര ഗായകൻ മറ്റൊരു നാദം മുഴക്കി. അതാ എലികളെല്ലാം ഒന്നൊഴിയാതെ ആ ഫ്ലൂട്ടിന്റെ നാദം കേട്ടിടത്തേക്ക് ഓടിയെത്തി. അപ്പോഴും അയാൾ തന്റെ വാദ്യോപകരണത്തിൽ നിന്ന് പുതിയ ഗാനം മുഴക്കിക്കൊണ്ടിരുന്നു. ഇപ്പോൾ അയാൾ പാട്ടിനൊപ്പം നൃത്തം ചെയ്തു കൊണ്ട് മുൻപോട്ടു നടക്കാൻ തുടങ്ങി. എലികളും അയാളോടൊപ്പം സഞ്ചരിക്കുന്നു. ലക്ഷക്കണക്കിന് എലികൾ അയാളെ അനുഗമിക്കുന്നു. ഈ വിചിത്ര കാഴ്ച കാണുവാൻ മേയറും നഗരവാസികളും പുറത്തിറങ്ങി. ഇപ്പോൾ ആ വിചിത്രഗായകൻ തുറമുഖം ലക്ഷ്യമാക്കിയാണ് നടക്കുന്നത്. എലികളും അയാളോടൊപ്പമുണ്ട് ഫ്ലൂട്ടിൽ നിന്നൊഴുകുന്ന ഗാനത്തിൽ മയങ്ങി എലികളും ഒഴുകി നീങ്ങുന്നു. വിചിത്രഗായകൻ ഫ്ലൂട്ട് വായിച്ചു കൊണ്ടു തന്നെ നദിയിലേക്കിറങ്ങി. എലികളും ഒന്നൊന്നായി നദികളിൽ ചാടിക്കൊണ്ടിരുന്നു. വെള്ളത്തിൽ അവ മുങ്ങിത്താണു. ഒടുവിൽ അവസാനമായി വലിയ വെളുത്ത എലിയും വന്ന് വെള്ളത്തിൽ ചാടി.

ഗായകൻ ഫ്ലൂട്ട് വായന അവസാനിപ്പിച്ചു. ഹാംലിന്‍ നഗരത്തെ ജനങ്ങൾ തങ്ങളുടെ സന്തോഷം പങ്കുവയ്ക്കാന്‍ വീഥിയിലിറങ്ങി നൃത്തം ചെയ്യുവാൻ തുടങ്ങി. ഗായകൻ നേരെ മേയറുടെ ഓഫിസിലെത്തി. തന്റെ പ്രതിഫലം ആവശ്യപ്പെട്ടു. അപ്പോൾ മേയർ ആയിരം സ്വർണനാണയമോ എലിയെ കൊന്നതിന് ആയിരം സ്വർണ നാണയം! അവർ ഗായകനെ പരിഹസിച്ചു ചിരിച്ചു ‘ഒരു നാൽപതു നാണയം തരാം.’ അതു വാങ്ങി പൊയ്ക്കൊള്ളുക. അവർ വീണ്ടും വീണ്ടും പൊട്ടിച്ചിരിച്ചു അയാളെ പരിഹസിച്ചു. 

ഗായകൻ ഒന്നും ശബ്ദിക്കാതെ തലതാഴ്ത്തി അവിടെ നിന്നും ഇറങ്ങിപ്പോയി. പിറ്റെ ദിവസം ദേവാലയത്തിൽ ഉയിർപ്പു പെരുന്നാളിൽ സംബന്ധിക്കാൻ ഹാംലിൻ നഗരത്തിലെ മുതിർന്നവർ അതി രാവിലെ തന്നെ പോയിരിക്കുകയാണ്. അപ്പോൾ വിചിത്രഗായകൻ നഗരത്തിൽ വീണ്ടും പ്രത്യക്ഷനായി. തന്റെ ഫ്ലൂട്ടിൽ നിന്ന് മറ്റൊരു ഗാനം ആലപിച്ചു. വീടുകളിൽ ഉറങ്ങിക്കിടന്ന കുട്ടികളെല്ലാം ചാടി എഴുന്നേറ്റ് ശബ്ദം കേട്ട സ്ഥലത്തേക്ക് ഓടിക്കൂടി.  ഗായകൻ ശ്രുതിമധുരമായി ഗാനം ആലപിക്കുന്നു. കുട്ടികൾ അദ്ദേഹത്തോടൊപ്പം കൂടി. ഗായകൻ നൃത്തം ചെയ്ത് ഫ്ലൂട്ട് വായിച്ചു മുൻപോട്ടു നീങ്ങി. കുട്ടികളും അയാളെ അനുഗമിച്ചു. അവർ ഒരു മലയിലേക്കാണ് പോകുന്നത്. ഗായകൻ മറ്റൊരു ഗാനം ആലപിച്ചു.  ഇപ്പോൾ മലയുടെ മുകൾഭാഗം രണ്ടായി തുറന്നു. അപ്പോഴും ഫ്ലൂട്ടിൽ നിന്ന് ശ്രുതിമധുരമായി ഗാനം പുറപ്പെട്ടുകൊണ്ടിരുന്നു. മലയുടെ പിളർപ്പിലേക്ക് അയാൾ ഇറങ്ങി. കുട്ടികളും അയാളെ അനുഗമിച്ചു. സാവധാനം മല പഴയ നിലയിലേക്കു വന്നു കഴിഞ്ഞു. 

കുട്ടികൾക്ക് ഒപ്പം എത്താൻ കഴിയാത്ത മുടന്തുള്ള ഒരു കുട്ടി വിവരം അറിയിക്കാൻ ദേവാലയത്തിൽ എത്തി. മാതാപിതാക്കൾ സംഭവം അറിഞ്ഞ് അലമുറയിട്ട് കുട്ടികൾ അപ്രത്യക്ഷമായ മലമുകളിലേക്കോടി. തൂമ്പയും മറ്റും ഉപയോഗിച്ച് അവർ മണ്ണിളക്കി മാറ്റിയെങ്കിലും ഒരു അടയാളവും ലഭിച്ചില്ല. തോരാത്ത കണ്ണീരുമായി കഴിഞ്ഞ നഗരവാസികൾ പഴയ നിലയിലേക്കെത്താൻ വർഷങ്ങൾ വേണ്ടി വന്നു. കുട്ടികളെക്കുറിച്ച് നീറുന്ന ഓർമയുമായി അവർ കാലം കഴിച്ചു. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.