Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഡാസിന്റെ സ്വർണക്കൊതി

children-1

പണ്ട് മിഡാസ് എന്നൊരു രാജാവുണ്ടായിരുന്നു. വലിയ സമ്പന്നനായ രാജാവ്. പണം എത്രയുണ്ടെങ്കിലും അധികാരമുണ്ടെങ്കിലും അദ്ദേഹം സന്തോഷവാനല്ലായിരുന്നു. എന്തെന്നോ? ലോകത്തിലേക്കും വലിയ ധനവാനാകാൻ കഴിയുന്നില്ലല്ലോ എന്ന ചിന്ത. ഊണിലും ഉറക്കത്തിലും അതു മാത്രം.

അദ്ദേഹത്തിന് വലിയൊരു നിധിയറയുണ്ട്. അവിടെ സ്വർണ നാണയങ്ങൾ കുന്നോളം കൂട്ടിയിട്ടുണ്ട്. ഉറക്കമുണർന്നാൽ രാജാവ് ആദ്യമെത്തുന്നത് അവിടേക്കാണ്. കളിപ്പാട്ടങ്ങൾക്കരികിൽ എത്തുന്ന കുട്ടികളെപ്പോലെ അദ്ദേഹം സ്വർണനാണയങ്ങൾ ഇരു കൈകളിലും വാരി മുകളിലേക്കിടും. അവയുടെ കിലുകിലാരവം അദ്ദേഹത്തെ പുളകിതനാക്കും.

ഒരുനാൾ രാജകൊട്ടാരത്തിലേക്ക് നാലു ഗ്രാമീണർ എത്തി. അവരോടൊപ്പം ഒരു വൃദ്ധനുമുണ്ട്. അവർ രാജാവിനോട് 

‘മഹാരാജാവേ നമസ്കാരം, ഞങ്ങള്‍ വനത്തിൽ വിറകു ശേഖരിക്കുവാൻ ചെന്നപ്പോൾ അവിടെ വൃക്ഷച്ചുവട്ടിൽ അപരിചിതനായ ഈ വൃദ്ധൻ ഇരിക്കുന്നത് കാണുവാനിടയായി. അദ്ദേഹം ആരെന്നോ എവിടെ നിന്നോ എന്ന് ചോദിച്ചിട്ട് പറയുന്നുമില്ല. അതിനാലാണ് ഇവിടേക്കു കൊണ്ടു വന്നത്’. ഗ്രാമീണർ വിനയത്തോടെ അറിയിച്ചു. 

വൃദ്ധനെ കണ്ടമാത്രയിൽ രാജാവ് സിംഹാസനത്തിൽ നിന്നും ഇറങ്ങി അപരിചിതനായ മനുഷ്യന്റെ അടുക്കൽ എത്തി. ‘ഇദ്ദേഹം ആരെന്നോ? ബാക്കസ് ദേവന്റെ ആത്മമിത്രം സിലിസെസ്സ് ആണ്’. ബാക്കസ് കൃഷിയുടെയും വീഞ്ഞിന്റെയും ഒക്കെ ദേവനാണ്. രാജാവ് സിലിസെസ്സിനെ ആദരിച്ച് രാജകൊട്ടാരത്തിൽ താമസിപ്പിച്ചു. അദ്ദേഹത്തിന് ഇഷ്ട ഭക്ഷണവും വിശേഷപ്പെട്ട വസ്ത്രങ്ങളും എല്ലാം നൽകി. പത്തു ദിവസം കഴിഞ്ഞപ്പോൾ സിലിസെസ്സിനെ ബാക്കസ് ദേവന്റെ അടുത്തേക്ക് കൊണ്ടു പോയി. ബാക്കസ് ദേവൻ സിലിസെസ്സിനെ കണ്ടതും ഓടി വന്ന് അദ്ദേഹത്തെ വാരിപ്പുണർന്നു. ഏറെ നാളായി കാണാതായ പ്രിയ സ്നേഹിതനെ മടക്കി കിട്ടിയതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ  കഴിയാത്തത് ആയിരുന്നു. അദ്ദേഹം രാജാവിനോട് ‘‘താങ്കൾ എന്റെ ഉറ്റ സുഹൃത്തിനെ ഇവിടെ എത്തിച്ചതിൽ എനിക്ക് നന്ദിയുണ്ട്. താങ്കൾ എന്തു വരം വേണമെങ്കിലും ചോദിച്ചു കൊള്ളൂ അതു തരാം.’

രാജാവ് ഗാഢമായി ആലോചിച്ചു. എന്താണ് ചോദിക്കേണ്ടത്. രാജാവ് പറഞ്ഞു ‘ദേവാ ഞാൻ തൊടുന്നതെല്ലാം സ്വർണമായി മാറണം’ അതാണ് എനിക്കു വേണ്ടത്.’

അപ്പോൾ ദേവൻ ‘മിഡാസ് ആലോചിച്ചിട്ടാണോ ചോദിക്കുന്നത്. താങ്കൾക്ക് ഇതു പ്രയാസമാകില്ലേ?’ പണക്കൊതിയനായ രാജാവ് ‘ദേവാ എനിക്ക് അതുമതി, അതുമതിയെന്ന് ആവര്‍ത്തിച്ചു പറഞ്ഞു’

ബാക്കസ് ദേവൻ മിഡാസിന് വരം നൽകി. വർദ്ധിച്ച സന്തോഷത്തോടെ മിഡാസ് അവിടെ നിന്നും പുറപ്പെട്ടു. എനിക്കു ലഭിച്ച വരം ഞാൻ പരിശോധിക്കട്ടെ. അദ്ദേഹം ഒരു മരക്കൊമ്പ് എടുത്തു. അദ്ഭുതം, അതു സ്വർണമായി മാറി! അദ്ദേഹം സന്തോഷം കൊണ്ട് മതി മറന്ന് നൃത്തം ചെയ്തു. ഞാൻ എന്തു തൊട്ടാലും സ്വർണമാകും. ഹാ! ഞാൻ ഈ സ്വർണമെല്ലാം സൂക്ഷിക്കാൻ വലിയ കെട്ടിടം നിർമ്മിക്കും. മിഡാസ് ഇനി ലോകത്തിലേക്കും വലിയ ധനികൻ ഇതു പറഞ്ഞു കൊണ്ട് അദ്ദേഹം ചില ഉരുളൻ കല്ലുകൾ പെറുക്കി. അവയെല്ലാം നിമിഷം കൊണ്ട് രൂപം മാറി സ്വർണമായിത്തീർന്നു. 

രാജധാനിയിലേക്ക് അദ്ദേഹം ഓടുകയായിരുന്നു. ഉദ്യാനത്തിലെത്തിയ രാജാവ് ഒരു ചുവന്ന റോസപ്പൂ പറിച്ചെടുത്തു. പെട്ടെന്നു തന്നെ അത് സ്വർണപ്പൂവായി തീർന്നു. റോസപ്പൂവിന്റെ മനംകവരുന്ന സുഗന്ധം ഇല്ലാതായി. മൃദുലമായ ഇതളുകളും സ്വർണപ്പൂവിന് നഷ്ടപ്പെട്ടു. രാജാവ് വലിയ കല്ലുകളെ തൊട്ടു. ഭീമൻ സ്വർണ്ണക്കട്ടിയായി മാറി. രാജാവിന്റെ സന്തോഷത്തിന് അതിരില്ലാതായി.

ഇപ്പോൾ എനിക്ക് നല്ല ദാഹവും വിശപ്പും തോന്നുന്നു. അല്പം വെള്ളം കുടിച്ച് ആഹാരവും കഴിച്ചിട്ടാകാം അദ്ദേഹം ചിന്തിച്ചു. പരിചാരകനെ വിളിച്ച് ഭക്ഷണം വിളമ്പാൻ ആ‍ജ്ഞാപിച്ചു. ഒരു കപ്പ് വെള്ളം കുടിക്കാം എന്നു പറഞ്ഞു കൊണ്ട് കപ്പ് കയ്യിലെടുത്തു. കപ്പ് സ്വർണമായിത്തീർന്നു. മിഡാസിന്റെ മുഖം വിളറി. അയാൾക്കു മുന്‍പിൽ വിഭവസമൃദ്ധമായ ഭക്ഷണമാണ് നിരന്നിരിക്കുന്നത്. അപ്പവും മീനും ഇറച്ചിയും പഴങ്ങളും വീഞ്ഞുമെല്ലാമുണ്ട്. അതികഠിനമായ വിശപ്പു മൂലം അദ്ദേഹം ഒരു കഷണം കേക്ക് എടുത്ത് നാവിൽ വെച്ചു അതാ അതുറഞ്ഞ് സ്വർണ്ണക്കട്ടിയായി മാറി. ഇറക്കാനാവാതെ അദ്ദേഹം അത് പുറത്തേക്കു തുപ്പി. മീൻ കഴിക്കാം എന്നു കരുതി അവയിൽ തൊട്ടതും മീനും മീൻ വിളമ്പിയ പാത്രവും സ്വർണമായി തീർന്നു. 

തൊണ്ട വരളുന്നു. അൽപ്പം വീഞ്ഞ് കഴിക്കാം. അവയെ തൊട്ടതും വീഞ്ഞ് സ്വർണമായി തീർന്നു കഴിഞ്ഞു. അദ്ദേഹം ഉദ്യാനത്തിലേക്ക് ഇറങ്ങി. വിശപ്പും ദാഹവും കൊണ്ട് ആകെ പരവശനായിരുന്നു രാജാവ്. രാജാവിന്റെ പരിചാരകൻ അദ്ദേഹത്തിന്റെ അടുക്കലേക്ക് ചെന്നു മാറിപ്പോകൂ എന്ന് പറഞ്ഞ് രാജാവ് പരിചാരകനെ തൊട്ടതും അയാൾ സ്വർണ സ്തംഭമായി മാറിക്കഴിഞ്ഞു. പരിഭ്രാന്തനായ രാജാവ് തനിക്കു ലഭിച്ച വരത്തിന്റെ ദോഷം മനസ്സിലാക്കി കഴിഞ്ഞു. 

ഈ സമയത്താണ് രാജാവിന്റെ ഒരേ ഒരു മകൾ ‘അച്ഛാ’ എന്നു പറഞ്ഞ് ഓടി എത്തുന്നത്. രാജാവ് അവളെ എടുക്കാൻ കൈ നീട്ടിയതും രാജകുമാരി സ്വർണപ്രതിമയായി മാറിക്കഴിഞ്ഞു.

കടുത്ത ദുഃഖത്താൽ രാജാവ് അലറിക്കരഞ്ഞു. രാജകൊട്ടാരത്തിന്റെ മുറ്റത്ത് അദ്ദേഹം ഭ്രാന്തനെപ്പോലെ ഓടി നടന്നു.

ബാക്കസ് ദേവന്റെ അടുക്കലേക്ക് അദ്ദേഹം ഓടി. അദ്ദേഹം ‘എന്താ മിഡാസ് ചോദിച്ചത് തന്നില്ലേ? എന്തിനാണ് താങ്കൾ വന്നത്? അപ്പോൾ മിഡാസ് ദേവന്റെ മുൻപിൽ മുട്ടു കുത്തി പറഞ്ഞ് പ്രഭോ എനിക്കു തന്ന വരം തിരിച്ചെടുക്കണം. എന്റെ പൊന്നു മകൾ പ്രതിമയായി മാറിക്കഴിഞ്ഞു. നാഥാ എനിക്ക് സ്വർണം വേണ്ട. ദയവായി ഇത് തിരിച്ചെടുക്കണം. അപ്പോൾ ബാക്കസ് സാധ്യമല്ല ഒരിക്കൽ തന്നത് എനിക്ക് തിരിച്ചെടുക്കാൻ കഴിയില്ല. ഞാൻ താങ്കളോട് പറഞ്ഞതല്ലേ. പോകൂ ഇവിടെ നിന്ന്.’

മിഡാസ് സാഷ്ടാംഗം നമസ്കരിച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് ‘മഹാദേവാ എന്നോട് ക്ഷമിക്കണം. എന്റെ പണക്കൊതിയാണ് എന്റെ നാശത്തിനു കാരണമായത് ദയവായി എന്നെ രക്ഷിക്കണം.’

മനസ്സലിഞ്ഞ ബാക്കസ് ദേവൻ പറഞ്ഞു ‘തന്ന വരം  തിരിച്ചെടുക്കാൻ കഴിയുകയില്ല. താങ്കൾ ഒരു കാര്യം ചെയ്യുക. ‘പക്തോലസ്’ നദിയിൽ മുങ്ങിക്കുളിക്കുക. നദിയിൽ നിന്ന് വെള്ളം കൊണ്ടു പോയി പ്രതിമകളിൽ ഒഴിക്കുക. അപ്പോൾ പഴയ രൂപം കിട്ടും’.

മിഡാസ് അതിവേഗം ഓടി നദീതീരത്തെത്തി. വെള്ളത്തിലേക്ക് ചാടി. അയാൾ തിരിച്ചു കയറി ഒരു മരക്കൊമ്പിൽ തൊട്ടു. അത് സ്വർണമായില്ല. അദ്ദേഹം വേഗം വെള്ളവുമായിച്ചെന്ന് മകളുടെയും പരിചാരകന്റെയും പ്രതിമകളിൽ ഒഴിച്ചു. അവരുടെ പഴയ രൂപം തിരിച്ചു കിട്ടി. മകളെ വാരിപ്പുണർന്ന് ചുംബിച്ചു കൊണ്ട് രാജാവ് പറഞ്ഞു ‘ധനം അല്ല സന്തോഷം’ തരുന്നതെന്ന് ഞാൻ തിരിച്ചറി‍ഞ്ഞു. ധനവും അധികാരവും ഒന്നുമല്ല എന്നു തിരിച്ചറി‍ഞ്ഞ രാജാവ് ജനങ്ങളെ സ്നേഹിക്കുവാനും അവർക്ക് നന്മ ചെയ്യുവാനും തീരുമാനിച്ചു. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം