Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലാവുദ്ദീനും അദ്ഭുതവിളക്കും

alavudheenum-albhutha-vilakkum

വളരെ പണ്ട് ഒരു പാവപ്പെട്ട സ്ത്രീ ജിവിച്ചിരുന്നു. അവർക്ക് ഒരു മകനും. ഭർത്താവ് വളരെ നേരത്തെ മരിച്ചതിനാൽ കുടുംബഭാരം അവരുടെ തോളിലായി. മകനാകട്ടെ കുഴിമടിയൻ. അവനെ എങ്ങനെ നേരെയാക്കുമെന്നായിരുന്നു അമ്മയുടെ ചിന്ത. ‘അലാവുദ്ദീൻ’ അവർ മകനെ വിളിച്ചു. നീ എന്തെങ്കിലും ജോലി കണ്ടെത്തണം. എന്നാൽ സ്നേഹിതരോട് ചേർന്ന് അലസമായി സമയം ചെലവഴിക്കാനായിരുന്നു അവന് ഇഷ്ടം. 

ഒരിക്കൽ ഒരു മനുഷ്യൻ അവരുടെ ഗ്രാമത്തിൽ എത്തി അലാവുദ്ദീനെ കണ്ടപ്പോൾ അയാൾ ചിന്തിച്ചു. ‘എന്റെ കാര്യങ്ങൾ നിർവഹിക്കാൻ ഇവൻ മതിയാകും.’ അയാള്‍ സ്നേഹത്തോടെ അവനെ വിളിച്ചു. മോനേ ഞാൻ നിന്റെ പിതാവിന്റെ സഹോദരനാണ്’. അമ്മ സുഖമായിരിക്കുന്നുവോ മാന്യവേഷധാരിയായ ഈ മനുഷ്യൻ തന്റെ പിതാവിന്റെ സഹോദരൻ എന്നറിഞ്ഞപ്പോൾ അലാവുദ്ദീന് അദ്ഭുതമായി. അയാള്‍ അലാവുദ്ദീനെ ഒരു തുണിക്കടയിൽ കൊണ്ടു പോയി നല്ല ഉടുപ്പുകൾ വാങ്ങിക്കൊടുത്തു. 

അന്ന് വർധിച്ച സന്തോഷത്തോടെയാണ് അലാവുദ്ദീന്‍ വീട്ടിൽ ചെന്നത്. നടന്നതെല്ലാം അമ്മയെ അറിയിച്ചു. അവർ ആ മാന്യ വേഷക്കാരനെ വീട്ടിലേക്ക് ക്ഷണിച്ചു. ഭക്ഷണവും നൽകി. അയാൾ അലാവുദ്ദീന്റെ അമ്മയോട് പറഞ്ഞു ‘ഇവനെ ഓർത്ത് വിഷമിക്കേണ്ട. ഞാൻ എല്ലാക്കാര്യവും നോക്കിക്കോളാം’ ഇവന് നല്ല ജോലിയും വാങ്ങിക്കൊടുത്തു കൊള്ളാം. 

പിറ്റെ ദിവസം അയാൾ അലാവുദ്ദീനെയും കൂട്ടി യാത്ര തിരിച്ചു. അവർ വളരെ ദൂരം സഞ്ചരിച്ചു. മലകൾ കയറി വിജനമായ പ്രദേശത്ത് എത്തി. 

അയാൾ അലാവുദ്ദീനോടു പറഞ്ഞു ‘ഞാൻ പറയുന്നത് അനുസരിച്ചാൽ നിനക്കു നല്ലത്. അല്ലാത്ത പക്ഷം അതു നിന്റെ നാശത്തിൽ കലാശിക്കും. ‘ഓഹോ അപ്പോൾ ഇയാൾ എന്റെ പിതാവിന്റെ സഹോദരനല്ല. ഏതോ ഒരു മന്ത്രവാദി തന്നെ’ അലാവുദ്ദീന്‍ ഓർത്തു. 

അയാൾ പറഞ്ഞു ‘കുറച്ചു ചുള്ളിക്കമ്പുകളും ഇലകളും കൊണ്ടു വരിക’ അലാവുദ്ദീന്‍ അനുസരിച്ചു. അയാൾ അവയ്ക്ക് തീ കൊളുത്തി. അഗ്നിയിലേക്ക് തന്റെ ഭാണ്ഡത്തിൽ നിന്ന് എന്തോ വിതറി. ഉടനെ വലിയ പുകച്ചുരുളുകൾ ഉയർന്നു. അവയിൽ നിന്ന് ഒരു ഭൂതം പുറത്തേക്കു വന്ന് അയാളെ വണങ്ങി. ‘യജമാനനെ കൽപ്പിച്ചാലും’ താണുവണങ്ങി നിൽക്കുന്ന ഭൂതം പറഞ്ഞു. മന്ത്രവാദി ഭൂതത്തോട് ‘‘ഗുഹയിലേക്കുള്ള വാതിൽ തുറക്കൂ’ എന്നു കൽപ്പിച്ചു. ഉടനെ ഭൂമി ഒരു മുഴക്കത്തോടെ തുറന്നു. ഒരു ചെറിയ കൽപ്പടവ് പ്രത്യക്ഷമായി. കുട്ടികൾക്കു മാത്രം കടന്നു പോകാവുന്ന പാത. ഈ കാഴ്ച കണ്ട് ഭയന്നു നിൽക്കുന്ന അലാവുദ്ദീനോട് അയാൾ ‘നീ ഈ വഴിയിലൂടെ അകത്തേക്കു ചെല്ലുക. അവിടെ നാലു മുറികൾ കാണും. നാലാമത്തെ മുറിയിൽ ഒരു പഴയ വിളക്ക് തൂക്കിയിരിക്കും. അത് എടുത്തു കൊണ്ട് വരിക’. അലാവുദ്ദീന്‍ വിറയാർന്ന ശരീരവുമായി കൽപ്പടവുകൾ ഇറങ്ങാൻ തുടങ്ങി. അപ്പോൾ മന്ത്രവാദി ‘നിൽക്കൂ’ നിനക്ക് ഭയം തോന്നിയാൽ ഈ മോതിരം അണിഞ്ഞു കൊൾക’ ആവശ്യ സമയത്ത് ഇത് നിന്നെ രക്ഷിക്കും. ഇതു പറഞ്ഞു കൊണ്ട് അയാൾ തന്റെ വിരലിലെ മോതിരം ഊരി അലാവുദ്ദീനെ ഏൽപ്പിച്ചു. 

അലാവുദ്ദീന്‍ പടികൾ ഇറങ്ങിച്ചെന്നപ്പോൾ മനോഹരമായ ഒരു കൊട്ടാരം. അയാൾ വിശാലമായ മുറികളിലൂടെ കടന്ന് നാലാമത്തെ മുറിയിൽ എത്തി. അവിടെ ഒരു വിളക്ക് തൂക്കിയിരിക്കുന്നു. അയാൾ വിളക്ക് എടുത്ത് ഭദ്രമായി അരയിൽ കെട്ടി. പുറത്തേക്കു നോക്കിയപ്പോൾ ഒരു വൃക്ഷം നിറയെ രത്നങ്ങൾ അവ പറിച്ചെടുത്ത് അയാൾ തന്റെ കീശയിൽ നിറച്ചു. 

അയാൾ വന്നവഴിയെ മടങ്ങിച്ചെന്നു. പുറത്ത് മന്ത്രവാദി അക്ഷമനായി നിൽക്കുകയാണ്. അലാവുദ്ദീനെ കണ്ടതും അയാൾ ‘വേഗം വിളക്കു തരിക’ എന്നു പറഞ്ഞു ‘വിളക്കു തരാം ആദ്യം എന്നെ പുറത്തിറക്കുക’ അലാവുദ്ദീൻ പറഞ്ഞു. മന്ത്രവാദിക്കു കോപം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പുറത്ത് അപ്പോൾ തീകുണ്ഡം എരിയുന്നുണ്ടായിരുന്നു. അയാൾ ഭാണ്ഡത്തിൽ നിന്നും പൊടി തീയിലേക്ക് വിതറി. പഴയതുപോലെ ഭൂതം പ്രത്യക്ഷപ്പെട്ടു ‘ഗുഹ അടയ്ക്കുക’ അയാൾ അലറി. ഭീമാകാരമായ വലിയ ഒരു കല്ല് വന്ന് ഗുഹ അടഞ്ഞു കഴിഞ്ഞു. 

അലാവുദ്ദീന്‍ ആകെ പരിഭ്രാന്തനായി. ഗുഹയിൽ ഓടി നടന്നു. എങ്ങനെ പുറത്തു കടക്കും. അയാൾ ഉച്ചത്തിൽ കരഞ്ഞു. എന്നാൽ അവന്റെ നിലവിളി കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല. അയാൾ കൈകൾ ശക്തിയായി തിരുമ്മി. അപ്പോൾ മന്ത്രവാദി നൽകിയ മോതിരത്തിൽ വിരലുകൾ അറിയാതെ ഉരസി. പെട്ടെന്ന് ഒരു ഭൂതം പ്രത്യക്ഷനായി വണങ്ങിക്കൊണ്ട് യജമാനനെ എന്തു വേണം, ‘എന്നെ വേഗം എന്റെ വീട്ടിൽ എത്തിക്കൂ’. ഭൂതം ഗുഹയുടെ വാതിൽ തുറന്ന് അലാവുദ്ദീനെ അയാളുടെ വീട്ടിൽ എത്തിച്ച് അപ്രത്യക്ഷനായി. 

മകന്റെ വിവരങ്ങൾ അറിയാതെ വിഷമിച്ചിരിക്കുന്ന അമ്മയ്ക്ക് അലാവുദ്ദീനെ കണ്ടപ്പോൾ ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. അയാൾ കഥകളെല്ലാം അമ്മയെ അറിയിച്ചു. സമയം പോയത് അവർ അറിഞ്ഞില്ല. അലാവുദ്ദീൻ വീണ്ടും മോതിരത്തിൽ വിരലുകൾകൊണ്ട് ഉരസി. ഭൂതം പ്രത്യക്ഷമായി. ഞങ്ങൾക്ക് വിശക്കുന്നു. വേഗം ഭക്ഷണം തരിക. അലാവുദ്ദീൻ പറഞ്ഞു. ഭൂതം 12 പാത്രങ്ങളിൽ  വിഭവസമൃദ്ധമായ സദ്യ ഒരുക്കി. അങ്ങനെ അമ്മയും മകനും സുഖമായി ജീവിച്ചു വരികയായിരുന്നു. 

ഒരു ദിവസം വീട്ടിലെ പാത്രങ്ങള്‍ കഴുകി വൃത്തിയാക്കുകയായിരുന്നു അലാവുദ്ദീന്റെ അമ്മ. തന്റെ പുത്രൻ കൊണ്ടുവന്ന വിളക്കു കൂടി കഴുകി വൃത്തിയാക്കുവാൻ അവർ തുടങ്ങി. വിളക്കിൽ ഉരച്ചതും വലിയ പുകപടലവും അതിനുള്ളിൽ നിന്ന് ഭീമാകാരനായ ഭൂതവും പ്രത്യക്ഷമായി. അലാവുദ്ദീന്റെ അമ്മ ഒരു അലർച്ചയോടെ നിലത്തു വീണു. ഓടിവന്ന അലാവുദ്ദീൻ ഭൂതത്തെ കണ്ടു. നീ ആരാണ് എന്നു ചോദിച്ചു. ഞാൻ വിളക്കിന്റെ അടിമയാണ് എന്ത് ആജ്ഞാപിച്ചാലും ഞാൻ ചെയ്തു തരാം. എങ്കിൽ മനോഹരമായ ഒരു ഭവനം ഞങ്ങൾക്കു തരിക. അവരുടെ പഴയ വീട് ഇരുന്ന സ്ഥാനത്ത് കൊട്ടാരതുല്യമായ മറ്റൊന്നുണ്ടായി. ഓ അപ്പോൾ ഇതാണ് വിളക്കിന്റെ രഹസ്യം. 

ഒരു ദിവസം അലാവുദ്ദീൻ വീടിനു പുറത്തേക്കിറങ്ങി അപ്പോൾ അതിസുന്ദരിയായ പെൺകുട്ടി പരിവാരങ്ങളോടെ പാതയിലൂടെ വരുന്നു. സൂര്യൻ ഭൂമിയിലേക്കു പതിച്ചതാണെന്നു തോന്നും. അവളുടെ മുഖതേജസ്സു കണ്ടാൽ അയാൾ അവർ പോയി മറയുന്നതു വരെ അവിടെ നിന്നുപോയി. ‘ആരാണ് ആ സ്ത്രീ രത്നം’ അയാൾ അന്വേഷിച്ചു. ‘നമ്മുടെ സുൽത്താന്റെ ഏക മകളായ ബദറൂൾ ബദറാണ്’ ഭൂമിയിലെങ്ങും അവളെ വെല്ലുന്ന സൗന്ദര്യമുള്ളവർ ഇല്ല’.

അയാൾ വീട്ടിൽ മടങ്ങിച്ചെന്നു. അമ്മയോട് താൻ കണ്ട അപ്സര സുന്ദരിയുടെ വിവരങ്ങൾ പറഞ്ഞു. അവൻ അമ്മയോട് ‘അമ്മേ എനിക്ക് ബദറുൾ ബദർ രാജകുമാരിയെ വിവാഹം കഴിക്കണം. അമ്മ സുൽത്താനോട് ഒന്ന് ചോദിക്കുമോ?

അമ്മ ‘മകനേ ഞാൻ ഈ അവശ്യവുമായി സുൽത്താനെ സമീപിച്ചാൽ എന്തായിരിക്കും ഫലമെന്നറിയുമോ? സുൽത്താൻ അപ്പോൾ തന്നെ എന്റെ തല മുറിച്ചു കളയും. എന്നാൽ അലാവുദ്ദീൻ അമ്മയെ നിരന്തരം നിർബന്ധിച്ചു കൊണ്ടിരുന്നു. 

ഒടുവിൽ സുൽത്താന്റെ വാളിന് ഞാൻ ആഹാരം ആകട്ടെ എന്നു പറഞ്ഞ് അവർ കൊട്ടാരത്തിലേക്ക് യാത്രയായി. നല്ല വേഷം ധരിച്ചു ഒരു തളികയിൽ അലാവുദ്ദീന്‍ കൊണ്ടു വന്ന രത്നങ്ങൾ നിറച്ച് അവർ സുൽത്താന്റെ കൊട്ടാരത്തിൽ എത്തി. 

സുൽത്താന്റെ മുൻപിലേക്ക് അവരെ കൊണ്ടുപോയി. ‘ഉം എന്താണ്’ സുൽത്താൻ ചോദിച്ചു.

താണു വണങ്ങിക്കൊണ്ട് അലാവുദ്ദീന്റെ മാതാവ് പറഞ്ഞു. ‘അങ്ങ ൃയുടെ പുത്രിയെ എന്റെ മകനു ഭാര്യയായി നൽകണം’ വാക്കുകൾ പെറുക്കി പെറുക്കി പണിപ്പെട്ടാണ് ആ മാതാവ് മകന്റെ ആവശ്യം സുൽത്താനെ അറിയിച്ചത്. 

എന്ത് എന്റെ മകൾ ബദറുൾ ബദറിനെ നിങ്ങളുടെ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു തരണം എന്നോ സുൽത്താൻ ആ സ്ത്രീ കൊണ്ടു വന്ന സമ്മാനം ശ്രദ്ധിക്കുകയായിരുന്നു. തന്റെ ഖജനാവിലെ മുഴുവൻ സ്വർണനാണയങ്ങൾക്കും മുകളിലായിരുന്നു സ്ത്രീ സമർപ്പിച്ച രത്നങ്ങളുടെ വില എന്ന് അദ്ദേഹത്തിനു മനസ്സിലായി. 

ശരി ഒരു കാര്യം ചെയ്യുക. നാളെ തന്നെ 40 കറുത്ത അടിമകൾ ഇതുപോലെയുള്ള രത്നങ്ങൾ തളികയിലാക്കി കൊണ്ടു വരിക. അവർക്ക് അകമ്പടിയായി 40 വെളുത്ത അടിമകളും ഉണ്ടായിരിക്കണം. 

സുൽത്താന്റെ കൊട്ടാരസന്ദർശനം കഴിഞ്ഞ് മടങ്ങി എത്തിയ അമ്മ വസ്തുതകളെല്ലാം മകനോടു പറഞ്ഞു. അതു സാരമില്ല. നമുക്ക് ഭൂതത്തെ വിളിക്കാം. അലാവുദ്ദീന്‍ ഭൂതത്തെ വിളിച്ചു. ‘യജമാനനെ എന്തു ചെയ്യണം’ വിനീതനായി അയാൾ ചോദിച്ചു. അലാവുദ്ദീൻ കാര്യങ്ങൾ പറഞ്ഞു. 

പിറ്റെ ദിവസം ഈ കാഴ്ച കാണുവാൻ വീഥികൾക്കു സമീപം ജനങ്ങൾ തടിച്ചു കൂടി. അലാവുദ്ദീനും മാതാവും വിശേഷവസ്ത്രങ്ങൾ ധരിച്ച് മുൻപിലും അടിമകൾ രത്നങ്ങളുമായി പുറകിലും. അവർ നേരെ സുൽത്താന്റെ കൊട്ടാരത്തിൽ ചെന്നു. ആ പകൽ അലാവുദ്ദീൻ സുൽത്താന്റെ കൊട്ടാരത്തിൽ അദ്ദേഹത്തോടൊപ്പം ചെലവഴിച്ചു. 

സുൽത്താന്റെ മകളും അലാവുദ്ദീനുമായുള്ള വിവാഹം നിശ്ചയിച്ചു. ഇതേ സമയം അലാവുദ്ദീൻ വിളക്കിലെ ഭൂതത്തോട് സുൽത്താന്റെ കൊട്ടാരം പോലെയുള്ള ഒരു ഹർമ്മ്യം നിർമിക്കുവാൻ കൽപ്പിച്ചു. പിറ്റേന്നു തന്നെ അവിടെ കൊട്ടാരം ഉയർന്നു. താമസിയാതെ അവരുടെ വിവാഹവും കഴിഞ്ഞു. 

മന്ത്രവാദി വീണ്ടും അവിടെ എത്തി. അലാവുദ്ദീന്‍ ഗുഹയിൽ മരിച്ചു എന്നായിരുന്നു അയാൾ കരുതിയത്. അയാൾ ഒരു വ്യാപാരിയുടെ വേഷത്തിൽ അലാവുദ്ദീന്റെ കൊട്ടാരത്തിന്റെ സമീപത്തെത്തി ഉറക്കെ വിളിച്ചു പറഞ്ഞു ‘വിളക്ക്, വിളക്ക് പഴയ വിളക്കിനു പകരം പുതിയത് ’ അലാവുദ്ദീന്റെ ഭാര്യ പരിചാരികയോട് എന്താണ് അയാൾ പറയുന്നത്, ‘യജമാനത്തി അയാൾ പറയുന്നു പഴയവിളക്കിനു പകരം പുതിയ വിളക്ക് തരാമെന്ന്’ അപ്പോൾ അവർ പറഞ്ഞു. ‘നമ്മുടെ മുറിയിൽ സൂക്ഷിച്ചിരിക്കുന്ന ആ ചെളിപുരണ്ട വിളക്കു കൊടുത്ത് പുതിയത് വാങ്ങി വരിക’ അവൾ അപ്രകാരം ചെയ്തു. 

മാന്ത്രിക വിളക്ക് കിട്ടിയതും അയാൾ മറ്റെല്ലാ വിളക്കും അവിടെ ഉപേക്ഷിച്ചിട്ട് പഴയ വിളക്കുമായി കടന്നു കളഞ്ഞു. വിജനമായ ഒരു സ്ഥലത്ത് ചെന്നപ്പോൾ തന്റെ ഭാണ്ഡം തുറന്ന് മാന്ത്രിക വിളക്ക് എടുത്തു. വിളക്കിൽ ഉരസിയ ഉടനെ ഭീമാകാരനായ ഭൂതം പ്രത്യക്ഷപ്പെട്ടു. ‘യജമാനനെ കൽപ്പിച്ചാലും’ എന്നു പറഞ്ഞ് താണു വണങ്ങി നിന്നു. അപ്പോൾ മന്ത്രവാദി, അലാവുദ്ദീന്റെ കൊട്ടാരം എടുത്ത് മരുഭൂമിയിൽ കൊണ്ടു വയ്ക്കുക. നിമിഷങ്ങൾക്കകം അലാവുദ്ദീന്റെ കൊട്ടാരം അവിടെ നിന്നും മരുഭൂമിയിൽ എത്തിക്കഴിഞ്ഞു. 

അലാവുദ്ദീന്‍ മടങ്ങിവന്നപ്പോൾ തന്റെ വീട് ഇരുന്ന സ്ഥലത്ത് ഒന്നും ഇല്ല. അയാൾ തന്റെ മോതിരത്തില്‍ ശക്തിയായി ഉരസി. ഉടനെ ഒരു ഭൂതം പ്രത്യക്ഷപ്പെട്ടു. അയാൾ ഭൂതത്തോട് എന്റെ കൊട്ടാരം തിരികെ കൊണ്ടു വരിക’ എന്നു കൽപ്പിച്ചു. അപ്പോൾ ഭൂതം യജമാനനെ വിളക്കിന്റെ ഭൂതത്തോളം എനിക്കു ശക്തിയില്ല. അതിനാൽ എനിക്ക് കൊട്ടാരം എടുത്തുകൊണ്ടുവരാൻ കഴിയുന്നതല്ല. എങ്കിൽ എന്നെ ആ കൊട്ടാരത്തിലേക്ക് കൊണ്ടു പോകൂ. അയാൾ അലാവുദ്ദീനെ തോളിലേറ്റി കൊട്ടാരത്തിൽ എത്തിച്ചു. അവിടെ അലാവുദ്ദീന്‍ തന്റെ ഭാര്യയെ കണ്ടു. സങ്കടപ്പെട്ടിരുന്ന അവർക്ക് അലാവുദ്ദീൻ എത്തിച്ചേർന്നതിലുള്ള ആഹ്ലാദത്തിന് അതിരുണ്ടായില്ല. 

അലാവുദ്ദീന്‍ ‘വേഗം പഴയ വിളക്ക് കൊണ്ടു വരിക’ എന്നു കൽപിച്ചു. അപ്പോൾ, അവൾ, മന്ത്രവാദി അത് താഴെ വയ്ക്കുകയില്ല എന്നു മറുപടി നൽകി. അലാവുദ്ദീന്‍ ഒരു പൊടി അവരെ ഏൽപ്പിച്ചു. ഈ പൊടി പാലിൽ കലർത്തി കൊടുക്കുക. അപ്പോൾ അയാൾ ഉറങ്ങിക്കൊള്ളും നമുക്ക് വിളക്ക് എടുക്കുകയും ചെയ്യാം. 

മന്ത്രവാദിക്ക് ഉറങ്ങുന്നതിനു മുൻപ് ഒരു ഗ്ലാസ് പാൽ നൽകുക പതിവായിരുന്നു. അന്നും പതിവുപോലെ അയാൾക്ക് കൊടുക്കുന്ന പാലിൽ അലാവുദ്ദീന്‍ ഏല്‍പ്പിച്ച പൊടി ചേർത്താണ് നൽകിയത്. മന്ത്രവാദി ദീർഘ നിദ്രയിലായി. അലാവുദ്ദീന്‍ പെട്ടെന്നു തന്നെ മാന്ത്രിക വിളക്ക് കൈവശപ്പെടുത്തി. അയാൾ വിളക്കിൽ ശക്തിയായി ഉരസി ഭൂതം പ്രത്യക്ഷപ്പെട്ടു. 

മന്ത്രവാദിയെ വിളക്ക് ഇരുന്ന മുറിയിൽ അടയ്ക്കുക. ഈ കൊട്ടാരം പഴയസ്ഥാനത്തേക്കു മാറ്റുക. ഭൂതം കൽപ്പന ഉടനെ അനുസരിച്ചു. അലാവുദ്ദീനും രാജകുമാരിയും സുഖമായി പിന്നീട് ജീവിച്ചു.