Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണ്ടോറയുടെ പെട്ടി

pandora

പണ്ട് ഈ ലോകം വളരെ സുന്ദരമായിരുന്നു. സൂര്യന്‍ അസ്തമിക്കാൻ മറന്ന നാളുകൾ. അസഹ്യമായ ചൂടോ കൊടും ശൈത്യമോ അന്ന് ഉണ്ടായിരുന്നില്ല. ജനങ്ങള്‍ ഉല്ലാസവാന്മാർ. പക്ഷികൾ മധുരഗാനം മുഴക്കി എവിടെയും പറന്നു നടക്കുന്നു. പല വർണ്ണങ്ങളിലെ പൂക്കൾ മിഴി തുറന്നു നിൽക്കുന്ന കാഴ്ചകൾ ആരെയും കൊതിപ്പിക്കുന്നതായിരുന്നു. വീഥികൾ തോറും പാട്ടും നൃത്തവുമായി ജനങ്ങളെ കാണുവാൻ കഴിയും. രോഗം എന്തെന്നു പോലും അറിയാത്ത കാലം. വഴക്കോ ചതിവോ അക്രമമോ ഇല്ലാത്തതിനാൽ പൊലീസോ പട്ടാളമോ കോടതിയോ ഒന്നും ഉണ്ടായിരുന്നില്ല. സമാധാനപ്രിയരായ ജനങ്ങൾ ഒരു മനസ്സോടെ സന്തോഷപൂർവം ജീവിച്ചിരുന്നു. 

ആ നാളുകളിലായിരുന്നു എഫിമെത്യൂസും അയാളുടെ അതിസുന്ദരിയായ ഭാര്യ പണ്ടോറയും ജീവിച്ചിരുന്നത്. എല്ലാ ദിവസവും വൈകുന്നേരം അവർ കൂട്ടുകാരോടൊപ്പം നൃത്തം ചെയ്യുവാൻ പോകും. ഏറെ വൈകിയാണ് തിരിച്ച് ഭവനത്തിലെത്തുന്നത്. എഫിമെത്യൂസിന്റെ  സഹോദരനാണ് സ്വർഗ ലോകത്തിൽ നിന്ന് അഗ്നി കവർന്നെടുത്ത് ഭൂമിയിൽ എത്തിച്ച പ്രൊമിത്യൂസ്. ദേവന്മാർ അന്നു തന്നെ പ്രൊമിത്യൂസിനെ ശിക്ഷിച്ചിരുന്നു. എഫിമെത്യൂസിനെ ശിക്ഷിക്കാനും അവർ തീരുമാനിച്ചിട്ടുണ്ട്. 

ഒരു സായാഹ്നം. എഫിമെത്യൂസും പണ്ടോറയും വീടിന്റെ പൂമുഖത്തിരിക്കുകയാണ്. പൂക്കളുടെ സുഗന്ധം നിറഞ്ഞ കൊച്ചുകാറ്റ് പണ്ടാറയുടെ ചുരുണ്ട മുടിയിഴകളെ മൃദുവായി തലോടിയിരുന്നു. മെർക്കുറിദേവൻ ഒരു കറുത്തപെട്ടി ചുമലിലേറ്റി തളർന്ന് വിവശനായി അവിടേക്ക് കടന്നു വന്നു. പെട്ടിയുടെ ഭാരം കൊണ്ട് അദ്ദേഹത്തിന്റെ ശരീരത്തിലൂടെ വിയർപ്പു കണങ്ങൾ ഒഴുകിക്കൊണ്ടിരുന്നു. എഫിമെത്യൂസും പണ്ടോറയും അദ്ദേഹത്തെ ആദരവോടെ സ്വീകരിച്ചു. അൽപനേരത്തെ സംഭാഷണത്തിനൊടുവിൽ മെർക്കുറിദേവൻ പുറപ്പെടാനൊരുങ്ങി. അപ്പോൾ എഫിമെത്യൂസ് ‘പ്രഭോ അങ്ങു വന്ന ഉടനെ പോകുന്നതിൽ ഞങ്ങൾക്ക് വലിയ വിഷമമാണ്. അതിനാൽ ഇന്ന് ഇവിടെ താമസിച്ചതിനുശേഷം മടങ്ങാം’. 

മെര്‍ക്കുറി ദേവൻ ‘ഇല്ല, എനിക്കു പോകാൻ തിടുക്കമുണ്ട്. നിങ്ങൾ ഒരു ഉപകാരം ചെയ്യണം. ഈ പെട്ടി ഇവിടെ ഇരിക്കട്ടെ. ഭദ്രമായി സൂക്ഷിക്കണം’. എഫിമെത്യൂസ് ‘പ്രഭോ അങ്ങനെ ചെയ്യാം. എന്താണ് ഈ പെട്ടിയിൽ’. അത് നിങ്ങൾ അറിയേണ്ടതില്ല. ഒരു കാരണവശാലും പെട്ടി തുറന്നു നോക്കരുത്. എഫി മെത്യൂസ്, ‘‘തുറക്കുക പോയിട്ട് അതിലേക്ക് നോക്കുക പോലുമില്ല’’.

മെർക്കുറി ദേവൻ യാത്രയായി. പക്ഷേ പണ്ടോറയുടെ ഉള്ളിൽ പെട്ടിയിൽ എന്താണെന്നറിയുവാൻ അതിയായ ആകാംക്ഷ. എഫിമെത്യൂസ് ‘‘പണ്ടോറ പ്രിയപ്പെട്ടവളെ വരൂ, നൃത്തം ചെയ്യാൻ നമുക്കു പോകാം’’. പണ്ടോറ ‘അങ്ങു പൊയ്ക്കൊൾക. ഞാൻ ഇന്നു വരുന്നില്ല’. എഫിമെത്യൂസ് ‘‘ശരി എന്നാൽ ഞാൻ തനിച്ചു പോകുന്നു. മെർക്കുറി ദേവൻ തന്ന പെട്ടിയിൽ തൊടുക പോലും അരുത്’ ‘ഇല്ല നാഥാ’ പണ്ടോറ പറഞ്ഞു. 

എഫിമെത്യൂസിന്റെ കാലൊച്ച അകന്നകന്നു പോകുന്നത് പണ്ടോറ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഇപ്പോൾ അദ്ദേഹം പോയിട്ടുണ്ട്. അവൾ മെർക്കുറി ദേവന്‍ തന്ന പെട്ടി അദ്ഭുതത്തോടെ നോക്കി നിന്നു. ‘എന്താകും ഇതിനുള്ളിൽ’ ഈ ഒരേയൊരു ചിന്തമാത്രമേ അപ്പോൾ അവൾക്കുണ്ടായിരുന്നുള്ളൂ. അവൾ മുൻപോട്ടു നീങ്ങി പെട്ടിയുടെ മുന്‍പിലെത്തി മുട്ടുകുത്തി നിന്നു. സ്വർണ നൂലുകൊണ്ടാണ് പെട്ടി കെട്ടിയിരിക്കുന്നത്. എന്ത്, ഇതിനുള്ളിൽ നിന്ന് ഒരു ആരവം കേൾക്കുന്നുണ്ടല്ലോ. അവൾ പെട്ടിയോട് ചെവി ചേർത്തു വെച്ചു. അപ്പോൾ അതിൽ നിന്ന് തന്നോടു പറയുന്നതു പോലെ ഒരു ശബ്ദം കേൾക്കുന്നു ‘പണ്ടോറ ഞങ്ങളെ സ്വതന്ത്രരാക്കൂ’.

അവൾ സാവധാനം പെട്ടി കെട്ടിയിരുന്ന സുവർണ നൂലിൽ കൈവച്ചു. ഇല്ല അഴിക്കാൻ കഴിയുന്നില്ല. ഒരിക്കൽക്കൂടി ശ്രമിച്ചു നോക്കാം. അവൾ അൽപ്പം കൂടി ശക്തിയിൽ വലിച്ചു. പെട്ടിയിൽ കെട്ടിയിരുന്ന സുവർണ നൂൽ ഇപ്പോൾ അഴിഞ്ഞു കഴിഞ്ഞു. അവൾ പുറത്ത് ഒരു കാലൊച്ച കേൾക്കുന്നു. അത് തന്റെ അടുക്കലേക്ക് വരുന്നതവൾ തിരിച്ചറിഞ്ഞു. എഫിമെത്യൂസാണ് അദ്ദേഹം എത്തുന്നതിന് മുൻപ് തുറക്കണം. ‘പണ്ടോറ നീ എന്തു ചെയ്യുന്നു. മെർക്കുറി ദേവൻ പറഞ്ഞത് നീ വിസ്മരിച്ചോ’ എഫിമെത്യൂസിന്റെ ശബ്ദം മുറിയിൽ മുഴങ്ങി. 

എന്നാൽ അവൾ സാവധാനത്തിൽ പെട്ടി അപ്പോൾ തുറന്നു കഴിഞ്ഞിരുന്നു. അതിൽ നിന്നു തവിട്ടു നിറത്തിൽ പാറ്റയെപ്പോലെ ചിറകുള്ള ഒട്ടേറെ ജീവികൾ പുറത്തേക്കു പറന്നു കഴിഞ്ഞു. അവ എഫിമെത്യൂസിനെയും പണ്ടോറയേയും കുത്തിത്തുളച്ചു. അവർ വേദനകൊണ്ട് നിലവിളിച്ചു. അതുവരെ വേദന എന്തെന്നു പോലും അവർ അറിഞ്ഞിരുന്നില്ല. എഫിമെത്യൂസ് കോപം കൊണ്ട് അലറിവിളിച്ചു. കോപം അതുവരെ അറിയാത്തവർ അന്ന് ഉച്ചത്തിൽ പരസ്പരം സംസാരിക്കുവാൻ തുടങ്ങി. പെട്ടിയിൽ നിന്നും പുറപ്പെട്ട ജീവികൾ പറന്നു ചെന്ന് നൃത്തം ചെയ്തവരെ കുത്തി വേദനിപ്പിച്ചു. അവർ ഉച്ചത്തിൽ നിലവിളിക്കുന്ന ശബ്ദം പണ്ടോറയ്ക്കും എഫിമെത്യൂസിനും കേൾക്കുവാൻ കഴിയുന്നുണ്ടായിരുന്നു. 

അപ്പോൾ പെട്ടിയ്ക്കുള്ളിൽ നിന്ന് മറ്റൊരു സ്വരം കേൾക്കുന്നുണ്ട്. ‘പണ്ടോറ പണ്ടോറ ഞങ്ങളെ തുറന്നു വിടൂ’. പണ്ടോറ എഫിമെത്യൂസിന്റെ മുഖത്തേക്കു നോക്കി. അപ്പോൾ അദ്ദേഹം പറഞ്ഞു ഇതിൽ കൂടുതൽ ഇനിയും എന്തു സംഭവിക്കാനാണുള്ളത്. അവയെയും തുറന്നു വിടുക.’ പണ്ടോറ പെട്ടി തുറന്നു. അവയിൽ വെള്ള നിറമുള്ള ചിറകുകളോടു കൂടിയ ജീവികൾ പുറത്തേക്കു പറന്നു. ഞങ്ങളുടെ പേര് പ്രത്യാശ എന്നാണ്. തവിട്ടു നിറമുള്ള ജീവികൾ വരുത്തിയ മുറിപ്പാടുകൾ ഞങ്ങൾ തൊട്ട് സൗഖ്യമാക്കാം. അവർ എഫിമെത്യൂസിന്റെയും പണ്ടോറയുടെയും ശരീരത്തിലെ മുറിവുകളിൽ അവരുടെ ചിറകുകൾ ഉരസി സൗഖ്യമാക്കി. അവർ പറഞ്ഞു ‘ഞങ്ങൾക്ക് വളരെ ജോലി ചെയ്തു തീർക്കാനുണ്ട്’ മറ്റു ജീവികൾ വരുത്തിയ മുറിവുകൾ സുഖപ്പെടുത്താനായി ഞങ്ങൾ പോകുന്നു. വെള്ളരിപ്രാവുകളെപ്പോലെ അവർ പറന്നകന്നു. പണ്ടോറയുടെ പെട്ടിയിൽ നിന്നാണ് ലോകത്തിൽ രോഗവും ദുഃഖവും വേദനയും കോപവും വഴക്കും എല്ലാം ഉണ്ടായതെന്ന് വിശ്വസിക്കുന്നു. പണ്ടോറയുടെ പെട്ടി എന്നൊരു ശൈലിയും പിറക്കുവാനിടയായി. എല്ലാ തിന്മകളുടെയും ഉറവിടം എന്ന് അർഥം.