Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നസീറും ജയനും സിംഗപ്പൂരിൽ...

ഷാജി ചെന്നൈ
cinima-004 കേരളത്തിന്റെ മലയോരഗ്രാമത്തിൽ വളർന്ന കുട്ടിയെ ബാധിച്ച സിനിമാഭ്രാന്തിന്റെ കഥ. തമിഴ്, തെലുങ്ക്, മലയാളം, ഭാഷകളിൽ അറിയപ്പെടുന്ന സിനിമാനടൻ കൂടിയായ ഷാജി ചെന്നൈയുടെ ഓർമകുറിപ്പുകൾ...

നാട്ടിൽ പലയിടത്തും വൈദ്യുതിയെത്തി. കൊട്ടകകളുടെ എണ്ണം കൂടി. പള്ളിക്കൂടങ്ങളിൽ കാട്ടുന്ന പതിനാറെമ്മം പടങ്ങളോട് ഞങ്ങൾക്ക് താൽപര്യം കുറഞ്ഞുതുടങ്ങി. ഒന്നിനോണം പോന്ന ആണുങ്ങൾ കൊട്ടകകളിൽ പോയല്ലേ പടം കാണുക! ഇരട്ടയാർ നോർത്ത് എന്ന് അടുത്തയിടെ സ്ഥലപ്പേര് മാറ്റിയ ചെട്ടിക്കവലയിൽ ബിന്ദു വന്ന കാലമാണ്. വീട്ടിൽനിന്നും അധികം ദൂരെയല്ല ബിന്ദു. ഓലക്കൊട്ടകയാണെങ്കിലും ബിന്ദുവിന്റെ ശബ്ദവും വെളിച്ചവുമെല്ലാം മറ്റ് കൊട്ടകകളേക്കാൾ ഭേദമായിരുന്നു. ഒരു സമയത്ത് എന്റെ വീടിനേക്കാൾ ഞാൻ സ്നേഹിച്ചത് ബിന്ദുവിനെ ആയിരുന്നു. പല മലയോരഗ്രാമങ്ങളുടെ സ്വന്തം കൊട്ടക. എല്ലാ ദിവസവും വൈകിട്ട് ഏഴുമണിക്കാണ് സിനിമ. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്നിന് മാറ്റിനി. ആ ആഴ്ച അവസാനങ്ങളിൽ ആരോടും പറയാതെ ഒരുമണിക്കു മുൻപേ ഞാൻ വീടുവിട്ടിറങ്ങും. കുന്നിൻചെരിവുകളിൽ കയറിയിറങ്ങുന്ന വളഞ്ഞുപുളഞ്ഞ വഴികളിലൂടെ വേഗം നടന്ന് കൊട്ടകയ്ക്ക് അടുത്തെത്തിക്കഴിഞ്ഞാലേ ശ്വാസം വീഴൂ. കോളാമ്പികളിൽ പാട്ടുയർന്നുതുടങ്ങിയിട്ടുണ്ടാവില്ല. 

കൊട്ടകയുടെ ഉടമസ്ഥൻ ക്രിസ്ത്യാനിയായതുകൊണ്ട് ആദ്യത്തെ പാട്ട് ക്രിസ്തുവിന്. ‘കാൽവരിക്കുന്നിലെ കണ്ണീരു നമ്മൾ..’ ജയചന്ദ്രൻ പാടുന്ന പാട്ടാണ്. അടുത്തത് യേശുദാസിന്റെ ‘ശബരിമലയിൽ തങ്ക സൂര്യോദയം..’ അയ്യപ്പ സ്വാമിക്ക്. ഞങ്ങളുടെ നാട്ടിൽ പൊതുവേ മുസ്‌ലിംങ്ങൾ കുറവാണെങ്കിലും അടുത്ത പാട്ട് അള്ളാഹുവിനാണ്. ആയിഷാ ബീഗം പാടിയ ‘മുത്തുറസൂലിന്റെ ഉമ്മത്തിയാമെന്നിൽ...’ പിന്നെയങ്ങോട്ട് ഞാൻ കേൾക്കാനാഗ്രഹിച്ചുവന്ന മലയാളം, തമിഴ്, ഹിന്ദി സിനിമാപ്പാട്ടുകൾ ഒന്നൊന്നായി ഉയരുകയായി. കൊട്ടകയ്ക്കു മുൻപിലേക്ക് വന്നുചേരുന്ന നാട്ടുവഴികളിലൂടെ ആളുകൾ ഒറ്റയ്ക്കും കൂട്ടമായും വന്നെത്തും. ഉന്തിത്തള്ളി ശീട്ടെടുത്ത് അവർ അകത്തേക്കു പോകും. കോളാമ്പിയിലെ പാട്ട് കൊട്ടകയുടെ അകത്തേക്ക് മാറുമ്പോൾ ഞാൻ വീട്ടിലേക്ക് തിരിക്കും. അകത്തുകയറി സിനിമ കാണാൻ ആഗ്രഹമുണ്ടെങ്കിലും കാര്യമില്ലല്ലോ. കൈയിൽ ഒരു പൈസപോലും ഉണ്ടാവില്ല. 

movie കോളാമ്പിയിലെ പാട്ട് കൊട്ടകയുടെ അകത്തേക്ക് മാറുമ്പോൾ ഞാൻ വീട്ടിലേക്ക് തിരിക്കും. അകത്തുകയറി സിനിമ കാണാൻ ആഗ്രഹമുണ്ടെങ്കിലും കാര്യമില്ലല്ലോ. കൈയിൽ ഒരു പൈസപോലും ഉണ്ടാവില്ല.

പള്ളിക്കൂടപ്പടങ്ങൾ കാണാൻ വേണ്ടതിന്റെ ഇരട്ടിപ്പണം വേണമായിരുന്നു കൊട്ടകപ്പടങ്ങൾ കാണാൻ. പറമ്പിലുള്ള പഴുക്കാപ്പാക്ക്, പരമ്പിലുണങ്ങുന്ന കുരുമുളക്, പച്ച ഏലക്കാ തുടങ്ങിയവ പൊക്കിയാൽ പടം കാണാനുള്ള വഴിയുണ്ടാകും എന്ന് ചാത്തൻ പറഞ്ഞു. ‘കക്കുന്നത് മോശമല്ലേടാ?’ എന്നു ചോദിച്ച എന്നെ ‘നമ്മടെ പറമ്പീന്ന് നമ്മള് വല്ലോം എടുത്താൽ അതെങ്ങനാടാ കക്കലാകുന്നെ?’ എന്ന മറുചോദ്യംകൊണ്ട് അവൻ ഉത്തരം മുട്ടിച്ചു. സാഹസ പ്രവൃത്തികൾക്ക് ഒട്ടും ധൈര്യമില്ലാത്തവനായിരുന്നു ഞാൻ. മരം കയറുമ്പോഴും കള്ളത്തരങ്ങൾ കാണിക്കുമ്പോഴും ഒരുപോലെ എന്റെ കാല് വിറയ്ക്കുമായിരുന്നു. പക്ഷേ, ആരോഗ്യമുള്ളവനും അടവ് സിനിമകളുടെ ആരാധകനുമായ ചാത്തൻ ഏതു സാഹസത്തിനും തയാറായിരുന്നു. മരം കയറലും തൊണ്ടിമുതൽ ഒളിപ്പിക്കലുമൊക്കെ അവനേറ്റെടുത്തു. ഞാൻ കൂടെ നിന്നുകൊടുത്താൽ മതി. കുറച്ചുകാലം കഴിഞ്ഞ് കട്ടപ്പനയിൽ അത്യാധുനിക സൗകര്യങ്ങളോടെ സാഗര എന്ന പുതിയ കൊട്ടക വന്നു. ആദ്യ ചിത്രം നസീറും ജയനും അഭിനയിക്കുന്ന ലൗ ഇൻ സിംഗപ്പൂർ ആണ്. ഞങ്ങൾക്കത് കണ്ടേ പറ്റൂ. 

തുടരും...

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.