Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷോലെ എവിടെക്കിടക്കുന്നു? ഷാൻ എവിടെക്കിടക്കുന്നു?

ഷാജി ചെന്നൈ
sholay movie ലോകത്തെ ഏറ്റവും നല്ല സിനിമ ഷോലെ ആണെന്നു വിശ്വസിച്ച ഒരു കൗമാരക്കാരൻ സുവർണരേഖ എന്ന ബംഗാളി സിനിമ കാണുന്നു. സിനിമാപ്പിരാന്തുകൾ തുടരുന്നു....

പുറത്തുവന്ന് നാലഞ്ച് വർഷം കഴിഞ്ഞിരുന്നെങ്കിലും ഒരു പുത്തൻ പുതിയപടത്തിന്റെ വരവുപോലെയാണ് കട്ടപ്പനക്കാർ ഷോലെയെ വരവേറ്റത്. ഞങ്ങളുടെ വീട്ടിലും ഒരു പുതിയ വരവുണ്ടായിരുന്നു. എന്റെ ഏറ്റവും ഇളയ അനിയൻ. ഉരിയും നാഴിയുംപോലെ മക്കൾ അഞ്ചെണ്ണമായി. അതോടെ പ്രസവം നിർത്താൻ തീരുമാനിച്ച അമ്മ ആശുപത്രിയിൽ കിടപ്പാണ്. എന്റെ പള്ളിക്കൂടത്തിന് തൊട്ടടുത്താണ് ആ ആശുപത്രി. കൂടെപ്പഠിക്കുന്ന പിള്ളേരറിഞ്ഞാൽ ആകെ നാണക്കേടാകും. ആഴ്ചകളോളം ഞാൻ പള്ളിക്കൂടത്തിന്റെ പരിസരത്തേക്കേ പോയില്ല. പഴുക്കാ പെറുക്കി ഷോലെ കാണാൻ പണം ചേർത്തുകൊണ്ടിരുന്നപ്പോഴാണ് അനിയൻ ജനിച്ച കാര്യം അറിയുന്നത്. കൊച്ചിനെ കാണാൻ പോകണം. വെറും കൈയോടെ പോകുന്നത് നാട്ടുമര്യാദ അല്ലല്ലോ! ഉണ്ടായിരുന്ന കാശിന് ഒരു സോപ്പുപെട്ടി വാങ്ങിക്കൊണ്ട് പള്ളിക്കൂടമില്ലാത്ത ദിവസം നോക്കി ഞാനും ചാത്തനും കൊച്ചിനെ കാണാൻ ചെന്നു. വെളുത്തു തുടുത്ത് കണ്ണുകീറിയ അനിയൻ കയ്യും കാലുമിട്ടടിച്ചു. ഞങ്ങളുടെ സന്ദർശനവും സമ്മാനവുമൊന്നും അമ്മയ്ക്ക് തീരെപ്പിടിച്ചില്ല. നിർത്താതെ എന്തൊക്കെയോ വഴക്കു പറഞ്ഞു. ഷോലെ കാണാൻ പോയിരുന്നെങ്കിൽ അതെങ്കിലുമുണ്ടായിരുന്നു.  

മൂന്നു മാസം കട്ടപ്പനയിൽ ഷോലെ ഓടി. അമ്മ വീട്ടിൽ തിരിച്ചെത്തി ഞാൻ തിരികെ പള്ളിക്കൂടത്തിൽ എത്തുമ്പോഴും ഷോലെ ഓടുന്നുണ്ട്. ഞാനൊഴികെ ആ നാട്ടിൽ ഇനിയാരും അതു കാണാൻ ബാക്കിയില്ല. സിനിമ എന്നു പറയുന്ന സാധനവുമായി പുലബന്ധംപോലുമില്ലാത്ത രാജുമോൻ ജേക്കബ് വരെപ്പോയി ഷോലെ കണ്ടുകഴിഞ്ഞു.“അമിതാവച്ചൻ കുതിരപ്പുറത്തു പാഞ്ഞുപോയി വെടിവെക്കുന്നു. ദർമേന്ദ്രൻ കള്ളുകുടിച്ച് കൊഴമറിയുന്നു. അംജത്കാൻ ഒരു പയങ്കര സാതനവാ. സഞ്ഞീവ് കുമാറിന് രണ്ടുകൈയുവില്ല..” ഓരോരുത്തനും മാറിമാറി എന്നോട് കഥാസാരം വിസ്തരിക്കുന്നു! പയ്യന്മാരിൽ പലരെയും അവരുടെ ചേട്ടന്മാരാണ് കൊണ്ടുപോയിക്കാണിച്ചതത്രേ. എനിക്ക് ചേട്ടന്മാരില്ല. ഷോലെ എപ്പോൾ വേണമെങ്കിലും മാറാം. നിരാശയും ദേഷ്യവും സങ്കടവുംകൊണ്ട് ഞാനാകെ വീർപ്പുമുട്ടി നടക്കുമ്പോൾ രണ്ടു പ്രാവശ്യം ഷോലെ കണ്ടുകഴിഞ്ഞ പ്രിയൻ വന്നെന്നോട് പറയുന്നു: “എടാ... നമ്മക്ക് നാളെ ക്ലാസ്സീ കേറാതെ ഷോലെ കാണാൻ പാം.”

പള്ളിക്കൂടത്തിൽ പോകാനായി വീട്ടിൽനിന്നിറങ്ങി ക്ലാസ്സിൽ കയറാതെ നേരെ സിനിമാകൊട്ടകയിലേക്കു നടക്കുന്ന പരിപാടി അന്നാദ്യമായി ഞങ്ങൾ നടപ്പിലാക്കി. കട്ടപ്പനക്കവലയിൽ എല്ലാ ബസുകളും നിറുത്തുന്നതിന് തൊട്ടടുത്തുള്ള ഒരോലക്കൊട്ടകയായിരുന്നു സന്തോഷ്. മേൽക്കൂരയിൽ ധാരാളം ഓട്ടകൾ. ശബ്ദവും വെളിച്ചവുമെല്ലാം ഒരു വകയാണ്. താണ തരങ്ങളിലുള്ള ശീട്ടുകളെല്ലാം വിറ്റു പോയിക്കഴിഞ്ഞിരുന്നു. പ്രിയൻ കൊണ്ടുവന്ന കാശുകൊണ്ട് ഉയർന്ന തരത്തിൽത്തന്നെ ടിക്കറ്റെടുത്ത് ഏറ്റവും പിന്നിലിരുന്നാണ് ഞങ്ങൾ ഷോലെ കണ്ടത്. കൂടുതൽ പിന്നിലേക്ക് പോകുന്തോറും സിനിമയുടെ ചിത്രവും ശബ്ദവുമെല്ലാം കൂടുതൽ വ്യക്തമാകുന്ന മായാജാലം അന്നാണ് എനിക്ക് ശരിക്കും മനസ്സിലായത്. അതുവരെക്കണ്ട എല്ലാ സിനിമകളെയുംകാൾ ഷോലെ എന്നെ കീഴടക്കി. അതിലെ പാട്ടുകളും കാഴ്ചകളും മറക്കാൻ പറ്റാത്ത അനുഭവങ്ങളായി. യേ ദോസ്തീ ഹം നഹി തോഡേംഗേ... ഓ ജബ് തക് ഹേ ജാൻ ജാനേ വഫാ... മെഹബൂബാ മെഹബൂബാ... ആ പാട്ടുകളുണ്ടാക്കിയ ആർ ഡി ബർമൻ എന്റെ ഇഷ്ട സംഗീത സംവിധായകരിൽ ഒരാളായി. 

cinema നിക്കറുപൊക്കി ഒന്നിനൊന്നു മെച്ചമായ പന്ത്രണ്ടടി വീതം അടിച്ച് അച്ചൻ ഞങ്ങളെ പൊരിച്ചു.

ഷോലെ എന്നെ കട്ടപ്പന സന്തോഷിന്റെയും ആരാധകനാക്കി. സന്തോഷിന് പുറത്തെ വഴി എന്റെ സ്ഥിരം താവളമായി. ‘എന്തിനെന്നെ വിളിച്ചു നീ വീണ്ടും, ദേവീ ക്ഷേത്ര നടയിൽ, പുഷ്പതൽപത്തിൽ നീ വീണുറങ്ങീ, ചന്ദ്രനും താരകളും...’ കണ്ണൂർ രാജൻ സംഗീതം നൽകിയ എനിക്കേറെയിഷ്ടപ്പെട്ട ചില പാട്ടുകൾ അവിടെ സ്ഥിരമായി വയ്ക്കുമായിരുന്നു. സിനിമാ കാണാൻ നിർവാഹമില്ലാത്തപ്പോഴും സന്തോഷിനു പുറത്ത് ചുറ്റിപ്പറ്റിനിന്ന് പാട്ടുകൾ കേൾക്കുക എന്റെ പതിവായി. 

പള്ളിക്കൂടത്തിൽനിന്നും ഒരിക്കൽ ഞങ്ങളെ കട്ടപ്പന സന്തോഷിൽ സിനിമയ്ക്ക് കൊണ്ടുപോയി. മൃഗയ. രാഷ്ട്രപതിയുടെ സമ്മാനം കിട്ടിയ പടമാണ്. നായകൻ മിഥുൻ ചക്രവർത്തി. സലിൽ ചൗധുരിയുടെ സംഗീതം. എല്ലാം ശരിക്കങ്ങോട്ട് മനസ്സിലായില്ലെങ്കിലും എന്തൊക്കെയോ പ്രത്യേകതകളുള്ള സിനിമയായാണ് മൃഗയ എനിക്കനുഭവപ്പെട്ടത്. എന്നാലും ഷോലെയുടെ അടുത്തെങ്ങുമെത്തുന്നില്ല. മറ്റൊരു ഷോലെ തേടി നാട്ടിൽ വന്ന ചപ്പുചവറ്‌ ഹിന്ദിപ്പടങ്ങളൊക്കെ ഞാൻ കണ്ടുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച ദിവസം രാവിലെ ഒരു വാർത്ത കേട്ടു. ഷോലെയ്ക്ക് ശേഷം അതേ സംഘം ഒരുക്കുന്ന ഷാൻ എന്ന സിനിമ ഇന്ത്യയിലെ മറ്റുള്ള പട്ടണങ്ങളോടൊപ്പം കട്ടപ്പന സന്തോഷിലും പുറത്തിറങ്ങുന്നു. മൂന്നുമാസം തുടർച്ചയായി ഷോലെ ഓടിച്ചതിന്റെ നന്ദിയാണ്. കേട്ട പാതി കേൾക്കാത്ത പാതി പ്രിയനും ഞാനും കട്ടപ്പനയിലേക്ക് വെച്ചുപിടിച്ചു.

ക്രിസ്തുമസ് പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. പരീക്ഷ കളഞ്ഞിട്ടാണ് പോയത്. സന്തോഷിൽ എത്തുമ്പോഴാണ് അറിയുന്നത് ഷാൻ വരുന്ന വാർത്ത നല്ല ഒന്നാന്തരം നുണയായിരുന്നു എന്ന്. ഭക്തഹനുമാൻ എന്ന പുണ്യപുരാണപ്പടമാണ് അവിടെ കളിക്കുന്നത്. സാഗരയിലും സംഗീതയിലും ഏതോ കറുപ്പു വെളുപ്പ് സിനിമകൾ. ഏതായാലും വന്നു. നിറമുള്ള പടം തന്നെ കാണാം. ഞങ്ങൾ ഭക്തഹനുമാനെ കാണാൻ കയറി. ‘രാമ രാമ രാമാ ലോകാഭിരാമാ...’ ഭക്തി നമുക്ക് പണ്ടേ കഷ്ടിയായിരുന്നെങ്കിലും അതിൽ സീതയായി വന്ന ചെമ്പരത്തി ശോഭനയെ വീണ്ടുമൊരിക്കൽ കാണാൻ പറ്റിയത് വലിയ സന്തോഷമായി. ഉച്ച തിരിഞ്ഞ് ഇരട്ടയാറ്റിലേക്ക് തിരികെ നടക്കുമ്പോൾ അതാ എതിരേ വരുന്നു ഞങ്ങളെ പഠിപ്പിക്കുന്ന മൂന്ന് വാധ്യാന്മാർ. അതിൽ മലയാളം പഠിപ്പിക്കുന്ന രവീന്ദ്രൻ സാർ സ്നേഹമുള്ളയാളാണ്. ഞാൻ വെറുമൊരു പാഴല്ല എന്ന് ഇടയ്ക്കിടയ്ക്ക് എന്നെ ബോധ്യപ്പെടുത്തി കവിതാ രചനയ്ക്കും കഥാ രചനയ്ക്കുമൊക്കെ പങ്കെടുപ്പിക്കുകയും എനിക്ക് നല്ല ഉച്ചാരണശുദ്ധിയുണ്ട് എന്നു പറഞ്ഞ് ക്ലാസ്സിൽ പാഠങ്ങൾ വായിപ്പിക്കുകയും ചെയ്യുന്ന നല്ല അധ്യാപകൻ. പക്ഷേ മറ്റ് രണ്ട് വാധ്യാന്മാരും പ്രശ്നക്കാരാണ്. അവർ വിസ്താരമാരംഭിച്ചു.

“പരീക്ഷയ്ക്ക് കേറാതെ രണ്ടുംകൂടെ എവിടാരുന്നെടാ?”

“കട്ടപ്പനെവരെപ്പോയതാ.”

“കട്ടപ്പനേലെന്നതാടാ? നിന്നെയൊക്കെ പെണ്ണുകാണാൻ വല്ലോരും വരുന്നൊണ്ടാരുന്നോ? ഏത് കൊട്ടകേലാരുന്നെടാ പൊറുതി?”

“സന്തോഷിൽ.”

“ഞന്തോശിൽ... രണ്ടും നേരേ സ്കൂള്ളോട്ടു ചെല്ല്. നിന്നേ രണ്ടിനേം നോക്കി അച്ചൻ അവിടെയിരിപ്പൊണ്ട്.” വാധ്യന്മാർ വെറുതെ കാച്ചിയതായിരുന്നു. പക്ഷേ കള്ളം കപടമറിയാത്ത പ്രിയനും ഞാനും പേടിച്ചുവിറച്ച് നേരേ അച്ചന്റെ മുന്നിൽ ഹാജരായി നടന്നതെല്ലാം വള്ളിപുള്ളി വിടാതെ ഏറ്റുപറഞ്ഞു.

“എന്നിട്ട് ഏത് സിനിമയാടാ കണ്ടെ?” 

“ഭക്തഹനുമാൻ.”

“അപ്പോൾ ഭക്തിമാർഗത്തിലാ രണ്ടിന്റേം സഞ്ചാരം!” 

നിക്കറുപൊക്കി ഒന്നിനൊന്നു മെച്ചമായ പന്ത്രണ്ടടി വീതം അടിച്ച് അച്ചൻ ഞങ്ങളെ പൊരിച്ചു. അച്ചന്റെ പ്രിയ ശിഷ്യനും എന്റെ അയൽവാസിയുമായ അറയ്ക്കക്കുന്നേൽ ജോണിന്റെ കയ്യിൽ അച്ചാന് ഒരു കത്തും കൊടുത്തയച്ചു. അവന്റെ കയ്യിൽ കത്തുള്ള വിവരം മണത്തറിഞ്ഞ പ്രിയനും ഞാനും ജോണിനെ വഴിയിൽ തടഞ്ഞു നിർത്തി കത്ത് പിടിച്ചുപറിച്ചു. ‘താങ്കളുടെ മകൻ പരീക്ഷയെഴുതാതെ സിനിമാ കണ്ടു നടപ്പാണ്. എത്രയും വേഗം പള്ളിക്കൂടത്തിലെത്തി ഈ മൊതലിനെ ഇവിടെ നിന്ന് ഒഴിവാക്കിത്തരണം’ എന്നാണ് കത്തിന്റെ താൽപര്യം. കത്ത് ഞങ്ങൾ പിടിച്ചുപറിച്ചതടക്കമുള്ള സകല കഥകളും നീതിമാനായ ജോൺ അച്ചാനെ അറിയിച്ചു. പള്ളിക്കൂടത്തിലെത്തിയ അച്ചാന് അച്ചന്റെ വായിലിരുന്നത് മൊത്തം കേൾക്കേണ്ടി വന്നു. “അവൻ മേലിൽ ഇതാവർത്തിക്കാതെ ഞാൻ നോക്കിക്കോളാം” എന്ന് താണുവീണ് ക്ഷമ പറഞ്ഞ് വീട്ടിലെത്തിയ അച്ചാൻ എന്നെ തല്ലിത്തല്ലി കൊല്ലാറാക്കി. അതുകൊണ്ടും അരിശം തീരാതെ നേരേ കുപ്പച്ചാമ്പടിയിലുള്ള പ്രിയന്റെ വീട്ടിൽച്ചെന്ന് അവന്റെ അച്ഛൻ മേവറയാറ്റ് കുഞ്ഞുമോൻ ചേട്ടനുമായി വലിയ വഴക്കുണ്ടാക്കി.

“എടോ കു....മോനേ.. തന്റെ മോൻ ഒറ്റ്യൊരുത്തനാ എന്റെ ചെറുക്കനെ വഷളാക്കുന്നെ. അറിയാവോ?”

“ഓ പിന്നേ... തന്റെ മോൻ വെല്ല്യ ഒരു പുണ്യാളൻ! നെല്ലിന് വാപൊളിക്കാത്ത എന്റെ കൊച്ചിനെ ആ നാറീടെ മോനാ ഈ പരുവത്തിലാക്കിയെ.”

തന്നെ നാറിയെന്ന് വിളിച്ചതിന്റെ ദേഷ്യത്തിൽ അച്ചാൻ അയാളെ തത്തിച്ചെന്നോ, അയാളും തന്നാലാവുന്നത് തിരിച്ച് ചെയ്തെന്നോ ഒക്കെ സംഭവത്തിന് സാക്ഷിയായ പ്രിയനും നാട്ടുകാരും പറഞ്ഞു. പക്ഷേ ആ സംഭവങ്ങളുടെ ചൂടു മാറും മുമ്പേ ഞാൻ വീണ്ടും ഹിന്ദിപ്പടങ്ങൾ തേടിയിറങ്ങി. ദുനിയാ മേരി ജേബ് മേ, മേരീ ആവാസ് സുനോ, കാതിലോം കി കാതിൽ, ബർസാത് കി ഏക് രാത്, കാലിയാ, മഹാൻ, ഹിമ്മത് വാലാ, ദേവ് ആനന്ദിന്റെ ഹരേ രാമാ ഹരേ കൃഷ്ണാ, ദേശ് പർദേശ്, ലൂട്ട് മാർ... ഇല്ലാത്ത കാശുകൊടുത്ത് ഹിന്ദി സിനിമാ നടീനടന്മാരുടെ നിറമുള്ള പടങ്ങൾ വാങ്ങി അവിടെയും ഇവിടെയും ഒട്ടിക്കുന്ന അസുഖവും കലശലായിരുന്നു. ആറുമാസത്തിനുള്ളിൽ ഷാൻ എന്ന പടം ഇരട്ടയാർ നിർമലയിൽ എത്തി. ദോസ്‌തോം സേ പ്യാർ കിയാ, യമ്മാ യമ്മാ, ജാനൂ മേരി ജാൻ... ആർ ഡി ബർമന്റെ ഒന്നാന്തരം പാട്ടുകൾ. പക്ഷേ ഷോലെ എവിടെക്കിടക്കുന്നു? ഷാൻ എവിടെക്കിടക്കുന്നു? 

ഹിന്ദി മാത്രമല്ല തമിഴ് പടങ്ങളുടെയും പാട്ടുകളുടെയും ഒരു വലിയ ആരാധകനായി അതിനകം ഞാൻ മാറിയിരുന്നു. തമിഴ്നാട് അതിർത്തിയിൽനിന്ന് ഞങ്ങളുടെ നാട്ടിലേക്ക് ഏറെ ദൂരമില്ലാത്തതിനാൽ മിക്കവാറും എല്ലാ കൊട്ടകകളിലും തമിഴ് പടങ്ങൾ വരുമായിരുന്നു. നെടുങ്കണ്ടം ദർശന പോലെയുള്ള കൊട്ടകകളിൽ കൂടുതലും തമിഴ് സിനിമകളായിരുന്നു. ആദ്യമായി ഞാൻ ഒരു തമിഴ് സിനിമാ കണ്ടത് അവിടെനിന്നായിരുന്നു. ശിവാജി ഗണേശൻ അഭിനയിച്ച തൃശൂലം. റോജാപ്പൂ റവുക്കക്കാരി, മാന്തോപ്പ് കിളിയേ, മുരട്ടുക്കാളൈ, പട്ടിക്കാടാ പട്ടണമാ, മാങ്കുടി മൈനർ, ഭൈരവി, അൻപുക്കു നാൻ അടിമൈ, അന്നൈ ഓർ ആലയം, ഇളമൈ ഊഞ്ചൽ ആടുകിറത്, അടുത്ത വാരിശു എന്നിങ്ങനെ പല തമിഴ് സിനിമകൾ അക്കാലത്ത് ഞാൻ കണ്ടു. എം ജി ആറും ടി എം സൗന്ദരരാജനും എം എസ് വിശ്വനാഥനും മലേഷ്യാ വാസുദേവനും ശിവാജി ഗണേശനും  കമൽഹാസനും ഇളയരാജയും രജനീകാന്തുമൊക്കെ എനിക്ക് ‘സൊന്തമുള്ള സാതിസന’ത്തെക്കാൾ സ്വന്തമായി മാറി. മലയാളം പാട്ടുകളേക്കാൾ തമിഴ്, ഹിന്ദിപ്പാട്ടുകളും മലയാള സിനിമകളേക്കാൾ അന്യഭാഷാസിനിമകളും എന്നെ സ്വാധീനിച്ചു കഴിഞ്ഞിരുന്നു. മൂന്നു ഭാഷകളിലായി ഒരു ദിവസം മൂന്നും നാലും സിനിമകൾ കാണുന്നത് എനിക്ക് സാധാരണ സംഭവമായി. 

(തുടരും)

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.