Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' ഞാൻ കണ്ടു, വെള്ളസാരിയുടുത്ത ഒരു പെണ്ണ് ആകാശത്ത് പൊങ്ങിപ്പറക്കുന്നു'

ഷാജി ചെന്നൈ
cinemapiranthukal കേരളത്തിന്റെ മലയോരഗ്രാമത്തിൽ വളർന്ന കുട്ടിയെ ബാധിച്ച സിനിമാഭ്രാന്തിന്റെ കഥ. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ അറിയപ്പെടുന്ന സിനിമാനടൻ കൂടിയായ ഷാജി ചെന്നൈയുടെ ഓർമകുറിപ്പുകൾ തുടരുന്നു...

രണ്ടാമത്തെ കളികൾ കണ്ടിട്ട് ഒറ്റയ്ക്ക് വീട്ടിലെത്തുകയെന്നതായിരുന്നു അക്കാലത്തെ എന്റെ ഏറ്റവും വലിയ പ്രശ്‍നം. വലിയ ആവേശത്തോടെയാണ് രാത്രി സിനിമയ്ക്ക് കയറുക. എന്നാൽ സിനിമ തീരുന്നതിനു മുമ്പേ മനസ്സിൽ ആധി കയറും. കൊട്ടകകളുള്ള സ്ഥലങ്ങളായ നെടുങ്കണ്ടത്തു നിന്ന് പതിനെട്ട് നാഴികയും കട്ടപ്പനയിൽ നിന്ന് പതിനഞ്ച് നാഴികയും ഇരട്ടയാറിൽനിന്ന് പത്തു നാഴികയും ഇരട്ടയാർ നോർത്തിൽ നിന്ന് ഏഴു നാഴികയും ദൂരമുണ്ട് വീട്ടിലേക്ക്. രാത്രി പന്ത്രണ്ടര, ഒരു മണിക്ക് കുറ്റാക്കുറ്റിരുട്ടത്ത് ഒറ്റയ്ക്ക് നടക്കണം. കുറച്ചുനേരം ഇരുട്ടിൽ തപ്പിത്തടഞ്ഞു കഴിയുമ്പോൾ വെളിച്ചം താനെ തെളിഞ്ഞു വരും. കടുത്ത തണുപ്പാണ് രാത്രിയിൽ. വഴിയിലൊന്നും ഒരൊറ്റക്കുഞ്ഞ് ഉണ്ടാവില്ല. അക്കാലത്തൊക്കെ ഞങ്ങളുടെ നാട്ടിലെ ആളുകൾ ഏഴു മണിയാകുമ്പോഴേക്കും ഉള്ള അത്താഴവും കഴിച്ച് മൂടിപ്പുതച്ചുറങ്ങാൻ തുടങ്ങുമായിരുന്നു. അതിനാൽ ജീവിച്ചിരിക്കുന്നവരെക്കൊണ്ട് യാതൊരു ശല്യവുമില്ല. പക്ഷേ ആത്മഹത്യ ചെയ്ത മനുഷ്യരുടെ ആത്മാവുകൾ വഴിനീളെ അലയുന്നുണ്ടാകും. 

ഓരോ പ്രദേശവും കടക്കുമ്പോൾ ആ ഭാഗത്ത് അകാല മരണമടഞ്ഞവരെ അറിയാതെ ഓർത്തുപോകും. അതോടെ ഞാൻ പേടിച്ച് ചുരുളും. കാൽപ്പാദത്തിൽ നിന്ന് ഒരു ചൂട് ശരീരം മുഴുവൻ ഇഴഞ്ഞുകയറും. കുറ്റിക്കാടുകൾ, കരിമ്പിൻ തോട്ടങ്ങൾ, അടുത്തെവിടെയും വീടുകൾ ഇല്ലാത്ത വിശാലമായ പറമ്പുകൾ, ശവക്കോട്ടകൾ എന്നിവയൊക്കെ കടക്കേണ്ടി വരുമ്പോൾ ഭയംകൊണ്ട് അനങ്ങാൻ വയ്യാത്ത അവസ്ഥയിലാകും. അപ്പോൾ ഞാൻ ഉച്ചത്തിൽ ഏതെങ്കിലുമൊരു പാട്ടുപാടാൻ തുടങ്ങും. ‘ഓഹോഹോ ഹോ... കാടുകൾ കളിവീടുകൾ കതിരിട്ട മാനവ സംസ്കാരത്തിൻ വാടികൾ പൂവാടികൾ വള്ളിത്തൊട്ടിലുകൾ.., ശരറാന്തൽ തിരിതാണു മുകിലിൻ കുടിലിൽ മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നു..., സ്വർഗവും നരകവും കാലമാം കടലിൻ അക്കരെയോ ഇക്കരെയോ?’ ആ ഓരോ രാത്രി നടപ്പിലും ഇനിയൊരിക്കലും ഒറ്റയ്ക്ക് രാത്രിക്കളികൾക്ക് പോവില്ല എന്ന് ഉറച്ച തീരുമാനമെടുക്കും. പക്ഷേ അടുത്ത തിങ്കളാഴ്ച രാത്രി ഇരട്ടയാർ നിർമലയിലിരുന്ന് ‘സ്നേഹത്തിന്റെ നിറങ്ങൾ’ കാണുന്നുണ്ടാവും.

cinemapiranth-1

ഒടുവിൽ ഒറ്റയ്ക്കുള്ള രണ്ടാം കളി കാണൽ ഏറ്റവും അടുത്തുള്ള ബിന്ദുവിൽ നിന്ന് മാത്രം എന്ന് തീരുമാനമെടുത്തു. കുറച്ച് ദൂരം വരെയെങ്കിലും ആരെങ്കിലും കൂട്ടിനു കാണുമല്ലൊ. മുമ്പ് എന്റെ കൂടെപ്പഠിച്ചുകൊണ്ടിരുന്ന സജിയുടെ ചേട്ടന്മാർ ആയിടയ്ക്ക് ബിന്ദു വിലയ്ക്ക് വാങ്ങിയിരുന്നു. കോട്ടയം ഭാഗത്തുനിന്ന്  ഞങ്ങളുടെ നാട്ടിൽ വന്നു താമസിക്കുന്നവരാണ്. അവരുടെ വീട്ടിൽനിന്നും എന്റെ വീട്ടിലേക്ക് ഒരു നാഴിക ദൂരമേയുള്ളൂ. കൊട്ടക പൂട്ടി അവർ വീട്ടിലേക്ക് നടക്കുമ്പോൾ ഞാനും ഒപ്പം കൂടും. സിനിമകളെക്കുറിച്ചും കൊട്ടക നടത്തിപ്പിനെക്കുറിച്ചും അവർ പറയുന്നതു കേൾക്കാൻ കാതോർത്ത് പിന്നാലെ നടക്കും. എന്നാൽ ആ മഹാപാപികൾ അതിനെക്കുറിച്ചൊന്നും ഒരക്ഷരം പറയില്ല. അന്ന് പിരിഞ്ഞുകിട്ടിയ കാശിന്റെ കണക്കും പിന്നെ ഓരോ രാത്രിയും കൊട്ടക പൂട്ടി വീട്ടിലേക്കു വരുമ്പോൾ ഏതൊക്കെ വളവുകളിൽ വച്ച് എങ്ങനെയൊക്കെയുള്ള പ്രേതങ്ങളെ കണ്ടു എന്നതുമാകും അവരുടെ പ്രധാന ചർച്ചാവിഷയം. “കഴിഞ്ഞ ചൊവ്വാഴ്ച രാത്രി സിനിമാ കഴിഞ്ഞ് കൊട്ടക പൂട്ടി വരുന്ന സമയത്ത് വരിക്കാനി വളവിൽ വച്ച് വെള്ളസാരിയുടുത്ത ഒരു പെണ്ണ് ആകാശത്ത് പൊങ്ങിപ്പറക്കുന്നു. എടാ ഷാജീ.. ആ ഭാഗത്ത് ഏതെങ്കിലും സുന്ദരിപ്പെണ്ണുങ്ങൾ തൂങ്ങിച്ചത്തിട്ടുണ്ടോടാ?” അതോടെ അവരുമായുള്ള സഹവാസം ഞാൻ വേണ്ടെന്നുവച്ചു. ഒന്നുകിൽ കുഞ്ഞ്, ചാത്തൻ, പ്രിയൻ അല്ലെങ്കിൽ അടുത്തുള്ള വീടുകളിൽനിന്നുള്ള മറ്റാരെങ്കിലും ഒപ്പമില്ലാതെ രണ്ടാം കളികൾക്ക് പോകുന്നത് ഞാൻ നിർത്തി.

കുളത്തുങ്കൽ കുഞ്ഞ് കൂടെയുണ്ടെങ്കിലാണ് ഏറ്റവും വലിയ ധൈര്യം. ഒന്നുമില്ലെങ്കിലും അയാൾ പത്തുപതിനഞ്ച് വയസ്സു കൂടുതലുള്ള വലിയൊരു ചേട്ടനാണല്ലോ. അപ്പോഴേക്കും ഞാൻ പുരുഷപ്രാപ്തി സ്വയം പ്രഖ്യാപിച്ച് നിക്കർ പറിച്ചുകളഞ്ഞ് മുണ്ടുടുപ്പ് തുടങ്ങിയിരുന്നു. രാത്രി വൈകി കൊട്ടകയിൽനിന്നിറങ്ങിയാലുടൻ മുണ്ട് പറിച്ച് പുതയ്ക്കും. എന്നിട്ട് ഉറങ്ങാൻ തുടങ്ങും. നടന്നുകൊണ്ടുള്ള ഉറക്കം. കുഞ്ഞ് കൂർക്കംവലി തുടങ്ങിയിട്ടുണ്ടാകും. വേഗത്തിൽ നടന്നുകൊണ്ടുള്ള ആ ഉറക്കത്തിനിടയിൽ ഒരിക്കൽപോലും കാലുതട്ടുകയോ കുഴികളിൽ വീഴുകയോ ഇല്ല. അറിയാതെ എപ്പോഴെങ്കിലും കാലുതെറ്റിയാൽത്തന്നെ ഉടൻ ഞെട്ടി ഉണരും. പക്ഷേ ഇരട്ടയാർ എത്തുമ്പോഴേക്കും നടപ്പുക്ഷീണവും ഉറക്കക്ഷീണവും കൊണ്ട് അവശനായിട്ടുണ്ടാകും. “എനിക്കിനി ഒരടിപോലും നടക്കാൻ വയ്യേ..” ഞാൻ പറയും. “എടോ.. നടക്കടോ.. നമ്മക്ക് അടയാളത്തണ്ട് വഴി പാം. വേഗം ചെല്ലും” എന്ന്  കുഞ്ഞ് പറഞ്ഞാലും സമ്മതിക്കാവുന്ന പരുവത്തിൽ ആയിരിക്കില്ല ഞാൻ. ഞങ്ങൾ നേരെ പള്ളിക്കൂടത്തിലേക്ക് കയറും. പള്ളിക്കൂടങ്ങൾ മിക്കവാറും അടച്ചുറപ്പൊന്നുമില്ലാത്ത നടപ്പുരകളായിരുന്നു. ബെഞ്ചുകളും ഡെസ്കുകളും ചേർത്തു പിടിച്ചിട്ടിട്ട് അതിൽക്കിടന്ന് മുണ്ടു പറിച്ച് മൂടിപ്പുതച്ചുറങ്ങും. പുലർച്ചയ്ക്കു തൊട്ടുമുമ്പുള്ള സൂചികുത്തുന്ന തണുപ്പ് അരിച്ചിറങ്ങുമ്പോൾ ഉണർന്നെണീറ്റ് വീണ്ടും നടപ്പു തുടങ്ങും. ‘മഞ്ഞിൽ കുളിച്ച മലമുകളിൽ കൊഞ്ചിക്കളിക്കും വെണ്മുകിലേ...’ മലഞ്ചെരിവിലെ പള്ളിയിൽനിന്ന് പാട്ടുയരുന്നുണ്ടാകും.

ചില ദിവസങ്ങളിൽ രാത്രിക്കളി കഴിഞ്ഞ് വീടിനടുത്തുള്ള പള്ളിക്കാനം പള്ളിക്കൂടം വരെയോ കുറച്ചുകൂടി അടുത്തുള്ള ചെമ്പകപ്പാറ പള്ളിക്കൂടം വരെയോ നടന്നെത്തിയ ശേഷവും ക്ഷീണംകൊണ്ട് അവിടെക്കയറിക്കിടന്നുറങ്ങിയ സംഭവങ്ങളുമുണ്ട്. ഒരു രാത്രി കട്ടപ്പന സംഗീതയിൽനിന്ന് രണ്ടാമത്തെ കളി കണ്ട ശേഷം കുഞ്ഞും ഞാനും നടന്നുറങ്ങി വരികയാണ്. കട്ടപ്പന കഴിഞ്ഞപ്പോൾ മുതൽ ആരോ ഞങ്ങളെ പിന്തുടരുന്നുണ്ടെന്ന് ഒരു തോന്നൽ. തിരിഞ്ഞുനോക്കിയാൽ ആരുമില്ല. കുറേ സമയം നിന്നു നോക്കിയിട്ടും ആരും വരുന്നില്ല. പക്ഷേ ആരോ പുറകേയുണ്ടെന്ന തോന്നൽ ഉണ്ട്. അതോടെ ഉറക്കം പോയി. ഞങ്ങൾ നടപ്പിന് വേഗം കൂട്ടി. ഇരട്ടയാറ്റിലെത്തിയപ്പോൾ പള്ളിക്കൂടത്തിൽ കയറിക്കിടന്ന് ഉറങ്ങാമെന്നു കരുതി അങ്ങോട്ട് നീങ്ങി. പക്ഷേ പിറകെയുള്ള ആൾ തൊട്ടടുത്ത് എത്തിയതുപോലെയുള്ള തോന്നൽ. അതോടെ ഞങ്ങളെ ഭയം പിടികൂടി. രാത്രിയെ ഭയപ്പെടാത്ത കുഞ്ഞും പേടിച്ചതുപോലെ തോന്നി. ശരി ഇവിടെക്കിടക്കണ്ട. നടപ്പു തുടരാം. പേടിച്ചു പേടിച്ച് വീണ്ടും ഒന്നര മണിക്കൂർ നടന്ന് അവശനിലയിൽ ഞങ്ങൾ പള്ളിക്കാനം പള്ളിക്കൂടത്തിനടുത്തെത്തി. ഇനി നടപ്പു വയ്യ. പുറകെ വന്നിരുന്ന ആളിന്റെ ശല്യം ഒഴിഞ്ഞെന്നു തോന്നുന്നു. ഞങ്ങൾ പള്ളിക്കൂടത്തിൽ കയറി മേശയും ബെഞ്ചും പിടിച്ചിട്ട് കിടപ്പിന് വട്ടം കൂട്ടുകയാണ്. പെട്ടെന്ന് ഇരുട്ടിൽ നിന്നും വെള്ളമുണ്ടും വെള്ളയുടുപ്പുമിട്ടൊരാൾ തീപ്പെട്ടിയുരച്ചുകൊണ്ട് ഞങ്ങളുടെ മുൻപിലേക്ക് ചാടിവീണു. “അയ്യോ.... ആരാ..?” ഞാൻ അലറിപ്പോയി. “എടാ കൊളത്തുങ്കൽ കുഞ്ഞേ.. പരനാറീ.. ഇച്ചരേമില്ലാത്ത ഈ ചെറുക്കനേം കൊണ്ട് ഈ മുതുപാതിരാത്രിക്ക് നീ എന്നാ പരുവാടിക്കൊള്ള ഉത്തേശവാടാ?” ഞങ്ങൾക്ക് ആളെ മനസ്സിലായി. ഇലുമ്പിക്കൽ ഈപ്പൻ ചേട്ടൻ. രാഷ്ട്രീയക്കാരൻ, നാട്ടുപ്രമാണി, അച്ചാന്റെ കൂട്ടുകാരൻ.

നിന്ദ്യവും നീചവുമായ കൊടിമരം

എഴുത്തും വായനയും വഴിയേ പോകാത്ത മനുഷ്യനാണ് ഈപ്പൻ ചേട്ടൻ. പക്ഷേ രാഷ്ട്രീയവേദികളിൽ വൻ പ്രസംഗങ്ങൾ വച്ചുകാച്ചുമായിരുന്നു അദ്ദേഹം. ഒരിക്കൽ ഈട്ടിത്തോപ്പ് എന്ന കുഗ്രാമത്തിൽ നട്ടിരുന്ന അവരുടെ പാർട്ടിയുടെ കൊടിമരം എതിർപാർട്ടിക്കാർ തകർത്തതിനെതിരെ നടന്ന പ്രതിഷേധയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഈപ്പൻ ചേട്ടൻ പ്രസംഗിക്കുകയാണ്. “ഈട്ടിത്തോ പ്പുപോലെയുള്ള ഈ അവിഹിത പ്രദേശത്തുണ്ടായിരുന്ന നിന്ദ്യവും നീചവുമായ ഈ കൊടിമരം... അത് തകർത്തവരാരായാലും അവരെ ഞങ്ങൾ വെറുതേ വിടുകയില്ലായെന്ന് നിങ്ങൾ കരുതരുത്”. ഒരിക്കൽ ഇരട്ടയാർ ഡാം സൈറ്റിൽ വച്ച് നടന്ന വനിതകളുടെ വോളിബോൾ മൽസരം കാണാൻ അച്ചാൻ എന്നെ കൊണ്ടുപോയപ്പോൾ ഈപ്പൻ ചേട്ടനുമുണ്ടായിരുന്നു. കളി വളരെ മോശമായി നടന്നുകൊണ്ടിരിക്കുമ്പോൾ “വെറുതേ നേരം കളഞ്ഞു. ഒരു രസോവില്ല” എന്ന് അച്ചാൻ പറഞ്ഞു. “രസവില്ല എന്നാരു പറഞ്ഞു? സൂഷിച്ചു നോക്കിയാ നല്ല രസവാ” എന്ന് ഈപ്പൻ ചേട്ടൻ ശബ്ദം താഴ്ത്തിപ്പറയുന്നത് ഞാൻ കേട്ടു. ഒന്നും മനസ്സിലാകാതെ ഞാൻ ഈപ്പൻ ചേട്ടനെ നോക്കി. നിക്കറിട്ട കളിക്കാരികളുടെ ഓടിച്ചാടുന്ന പൃഷ്ഠങ്ങളിലും തുടകളിലുമായിരുന്നു അദ്ദേഹം രസംപിടിച്ച് നോക്കിക്കൊണ്ടിരുന്നത്.

“കട്ടപ്പനമൊതലേ ഞാൻ നിങ്ങടെ പൊറകേ ഒണ്ടാരുന്നെടാ. നീ രണ്ടും എരട്ടയാറ് സ്കൂളി എന്തിനാടാ കേറിയേ?” ഈപ്പൻ ചേട്ടൻ കോപത്തോടെ എന്റെ നേരെ തിരിഞ്ഞു. “എടാ നിന്റെ തന്തേ ഞാനൊന്ന് കാണട്ടെ. കണ്ട തെണ്ടീടെ ഒക്കെക്കൂടെ രാത്രിക്ക് ഇങ്ങനെ കണ്ടടത്ത് കേറിക്കെടക്കാൻ നെനക്ക് നാണവില്ലേടാ?” ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി. എനിക്കും കുഞ്ഞിനുമിടയിൽ മറ്റേപ്പരിപാടിയാണ് ആരോപിക്കുന്നത്. എനിക്ക് പരിചയമുള്ള ഏർപ്പാടായിരുന്നു അത്. അടുത്ത ബന്ധത്തിലും സ്വന്തത്തിലുമുള്ള ചിലർ ഏഴെട്ടു വയസ്സുമുതൽ എന്നെ അതിൽ കുടുക്കിയിട്ടുള്ളതാണ്. പഠിപ്പിച്ച വാധ്യന്മാരിൽനിന്നും  പള്ളീലച്ചന്മാരിൽ നിന്നും അച്ഛന്റെയും അമ്മാവന്റെയും സ്ഥാനത്തുള്ളവരിൽ നിന്നുമൊക്കെ എനിക്ക് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ വായനയും എഴുത്തുമുള്ള, ഉയർന്ന ചിന്താഗതികൾ പുലർത്തുന്ന കുഞ്ഞിനെക്കുറിച്ച് അനാവശ്യം ചിന്തിക്കാൻ ഇയാൾക്കെങ്ങനെ കഴിയുന്നു? കുഞ്ഞിന് നല്ല ആരോഗ്യമുണ്ട്. അയാൾ ആഞ്ഞൊന്നടിച്ചാൽ പിളുന്തത്തടിയനായ ഈപ്പൻ ചേട്ടൻ വീണുപോകും. പക്ഷേ കുഞ്ഞ് ഒന്നും മിണ്ടാതെ തലകുനിച്ച് നിൽപ്പാണ്. ഈപ്പൻ ചേട്ടൻ അവിടെക്കിടന്ന പൊട്ടിയ ഒരു ചൂരൽ വടിയെടുത്ത് എന്നെ തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി. ഞാനും കുഞ്ഞും അവിടെ നിന്നിറങ്ങി നിലംതൊടാതെ ഓടി. 

“അയാക്കിട്ട് നാലെണ്ണം വെച്ചുകൊടുക്കാൻ മേലാരുന്നോ കുഞ്ഞേ?” എന്ന് ഞാൻ ചോദിച്ചതിന് “എടോ, താനൊരു കൊച്ചു പയ്യനാ.. അതൊന്നും പറഞ്ഞാ തനിക്ക് മനസ്സിലാകുകേല” എന്നുമാത്രം കുഞ്ഞ് പറഞ്ഞു. ഞങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസവും താഴ്ത്തപ്പെട്ടവനാണെന്ന് ലോകം വിധിച്ചിരിക്കുന്നതിന്റെ അപകർഷബോധവുമാണ് കുഞ്ഞിനെ നിശ്ശബ്ദനാക്കിയത് എന്നു മനസ്സിലാക്കാൻ എനിക്ക് വർഷങ്ങൾ വേണ്ടിവന്നു. തെറിവിളിച്ചുകൊണ്ട് പിന്നാലെ ഓടിവന്ന ഈപ്പൻ ചേട്ടൻ ഇരുട്ടിൽ പിന്തള്ളപ്പെട്ട് മറഞ്ഞുപോയി. എന്റെ കൂടെയുള്ള സിനിമാ കാണൽ കുഞ്ഞ് അവസാനിപ്പിച്ചു. എവിടെയെങ്കിലും  വച്ച് കാണുമ്പോഴൊക്കെ എന്നെ കാണാത്ത മട്ടിൽ അയാൾ നടന്നുപോയി. 

(തുടരും)

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.