ADVERTISEMENT

ഒരു ഇടിമിന്നൽ കൂടി ഉണ്ടായി. മഴയിൽ കുതിർന്ന് നിൽക്കുകയായിരുന്നു മഹേന്ദ്രനും കൂട്ടരും. തനുജയുടെ കൈയിലിരുന്ന നാഗദന്തി വേര് ഒന്നു വിറച്ചു. അടുത്ത നിമിഷം ഏറു മാടത്തിലെ വിളക്ക് അണഞ്ഞു. വാസുകി ശാപം പോലെ പറഞ്ഞ വാക്കുകൾ എല്ലാവരുടെയും കാതുകളിൽ തല്ലിയലച്ചു കൊണ്ടിരുന്നു.

"നാഗയക്ഷിക്കുപിന്നാലെ സർപ്പത്തിന്റെ സ്വർണ്ണ പ്രതിമ തേടി പോയാൽ... ആറു പേരിൽ രണ്ടു പേർ മാത്രമേ അവശേഷിക്കൂ...

നാലു പേരെ പാമ്പ് കൊണ്ടു പോവും"

ആരൊക്കെയാവും മരിക്കുന്ന നാലു പേർ? എല്ലാവരും പരസ്പരം ഒന്നു നോക്കി.

"ഹാ... നമ്മക്ക് പോവണ്ടെ." മഹേന്ദ്രൻ എല്ലാവരെയും നോക്കി.

"ആ വാസുകി കിഴവൻ പറഞ്ഞ വട്ടു തരോം കേട്ടോണ്ട് ഇവിടെ നിന്നാൽ മതിയോ?" ആരും ഒന്നും മിണ്ടിയില്ല.

"എല്ലാവരും സൂക്ഷിച്ച് നടന്നോണം.. " പറഞ്ഞിട്ട് ടോർച്ച് മിന്നിച്ചു കൊണ്ട് മഹേന്ദ്രൻ മുമ്പോട്ട് നടന്നു. പാമ്പുകൾ വന്നാൽ നേരിടാനായി ഫയർഗണ്ണുകൾ ഫയാസിന്റെയും സച്ചിന്റെയും കൈയിൽ ആയിരുന്നു. ശ്രേയയുടെ കൈയിൽ സ്റ്റീലിന്റെ നീളമേറിയ ഒരു വാൾ ഉണ്ടായിരുന്നു. ഫാത്തിമയുടെ കൈയിൽ ഒരു കുരുമുളക് സ്പ്രേയും.

'നാഗദന്തി വേര്' മുമ്പോട്ട് നീട്ടിപ്പിടിച്ച് ഗരുഡ മന്ത്രം ജപിച്ചു കൊണ്ടായിരുന്നു തനുജയുടെ നടത്തം. ഒരു മണിക്കൂർ നേരമെടുത്തു മൂർഖൻ ചാലിന്റെ കരയിൽ എത്താൻ. മഴ തോർന്നിരുന്നു. നിലാവും പരന്നിരുന്നു. ആകാശത്തിന്റെ പാൽക്കുടം പതഞ്ഞൊഴുകുന്നതു പോലെ നിലാവ് താഴേക്ക് പെയ്ത് ഇറങ്ങുന്നു. നീലനിറമുള്ള മൂർഖൻ ചാലിനു മീതെ വെള്ളി കൊണ്ട് വരച്ച ഒരു രേഖ പോലെ നിലാവ് വെട്ടിത്തിളങ്ങുന്നു. എല്ലാവരും വള്ളത്തിന് അടുത്ത് എത്തി.

"മഹീ... ഒന്നു നിൽക്ക് " പറഞ്ഞിട്ട് തനുജ ധൃതിയിൽ മുമ്പോട്ടു വന്നു. പിന്നെ, കൈയിലിരുന്ന നാഗദന്തി വേര് വെള്ളത്തിൽ ഒന്നു മുക്കി. ഒരു വിദ്യുത് തരംഗം കടന്നു പോയതുപോലെ മൂർഖൻചാൽ ഒന്നു പ്രകമ്പനം കൊണ്ടു.

"വാ... വന്നു വള്ളത്തിൽ കയറ്" തനുജ എല്ലാവരെയും നോക്കി.

വള്ളത്തിനുള്ളിൽ പമ്പ് വല്ലതും പതുങ്ങി കിടപ്പുണ്ടോ എന്ന് ടോർച്ച് മിന്നിച്ചു നോക്കിക്കൊണ്ടാണ് മഹേന്ദ്രനും കൂട്ടരും വള്ളത്തിലേക്ക് കയറിയത്.

പെട്ടെന്ന്, എല്ലാവരും ഒന്ന് അമ്പരന്നു. വള്ളത്തിന്റെ പടിയിൽ വച്ചിരിക്കുന്ന ആറ് കറുത്ത വളകൾ.

"ദേ ... ഇതു കണ്ടോ?"

ഫാത്തിമ എല്ലാവരെയും നോക്കി.

"കരിവളകൾ...."

കരിവളകൾ !

തനുജയുടെ നെഞ്ചിനുള്ളിൽ ഒരു മിന്നൽ വീണു. നാഗയക്ഷിക്ക് ആളുകൾ സമർപ്പിക്കുന്ന നേർച്ചയാണ് മഞ്ഞൾപ്പൊടിയും കറുത്ത വളകളും എന്ന് തനുജയ്ക്ക് അറിയാമായിരുന്നു.

"എവിടെ... കാണട്ടെ " ശ്രേയ മുമ്പോട്ട് വന്നു.

ശ്രേയ ഫാത്തിമയുടെ കൈയിൽ നിന്ന് കരിവളകൾ വാങ്ങി. തനുജയ്ക്ക് തടയാൻ ആവും മുമ്പ് ശ്രേയ അത് സ്വന്തം കൈയിൽ ഇട്ടു.

അടുത്ത നിമിഷം, കാതടപ്പിക്കുന്ന ശബ്ദത്തിൽ ഒരു ഇടിയൊച്ച മുഴങ്ങി. ജാനകിക്കാടിനെ അപ്പാടെ വിറപ്പിച്ചു കൊണ്ട് കാറ്റ് തുടങ്ങി. ഓളപ്പരപ്പിനു മീതെ കിടന്ന വള്ളം ഇരുവശത്തേക്കും ഉലയാൻ തുടങ്ങി. മരങ്ങൾ വേരോടെ പിഴുതു വന്നേക്കും എന്നു മഹേന്ദ്രനും കൂട്ടർക്കും തോന്നി. അത്ര ശക്തമായിരുന്നു കാറ്റ്. 

പൊടുന്നനെ വനത്തിന് ഉള്ളിൽ നിന്ന് എവിടെയോ ഒരു സ്ത്രീയുടെ പൊട്ടിച്ചിരി കേട്ടു തുടങ്ങി. പതിയെ മുഴങ്ങിത്തുടങ്ങിയ ചിരി ആർത്ത് അട്ടഹസിക്കലായി. പിന്നീട്, അത് കൂവി വിളിപോലെയായി. മൂർഖൻ ചാലിന് അപ്പുറത്ത് ഈ ശബ്ദം തട്ടി പ്രതിധ്വനിച്ചു കൊണ്ടിരുന്നു. എല്ലാവരും ഭയന്നു പോയി.

"വേഗം കയറ്..." ഫയാസ് എല്ലാവരെയും നോക്കി.

പരസ്പരം ചേർത്തു പിടിച്ച് എല്ലാവരും വള്ളത്തിലേക്ക് കയറി.

"ശ്രേയാ ..." തനുജ വിളിച്ചു.

"ആ വളകൾ അങ്ങ് ഊരിക്കളയ്..." അടുത്ത നിമിഷം മഴയും ഇരച്ചു വീണു.

"എന്താ... ?"

"ആ വളകൾ ഊരിക്കളയാൻ " തനുജ ഉച്ചത്തിൽ പറഞ്ഞു.

ഒന്ന്, ആലോചിച്ചിട്ട് ശ്രേയ കറുത്ത വളകൾ ഊരി വെള്ളത്തിലേക്ക് ഇട്ടു. പൊടുന്നനെ പിടിച്ചു നിർത്തിയതു പോലെ, വനത്തിൽ നിന്ന് മുഴങ്ങി കൊണ്ടിരുന്ന ചിരി നിന്നു. വളളം പതിയെ മുമ്പോട്ട് നീങ്ങി. വള്ളം മൂർഖൻ ചാലിന്റെ മധ്യത്തിലെത്തിയതും മൂർഖൻ ചാലിന്റെ കരയിലേക്ക് ഏഴടിയിലേറെ നീളം വരുന്ന ഒരു സ്ത്രീരൂപം എത്തി. കറുത്ത പട്ടിൽ പൊതിഞ്ഞ പോലത്തെ ശരീരമായിരുന്നു അവരുടേത്. കൊത്തിയെടുത്തതു പോലത്തെ അഴക് അളവുകൾ. ശരീരത്തിൽ സ്വണ്ണാഭരണങ്ങളുടെയും  വജ്രക്കല്ലുകളുടെയും തിളക്കം കാണാമായിരുന്നു. ഇരു കൈത്തണ്ടയിലും നാഗവളകൾ. കഴുത്തിൽ നാഗപട മാല. തലയിൽ ചുവന്ന കല്ല് പതിച്ച നാഗ കിരീടം. വീതിയേറിയ സ്വർണ്ണ അരപ്പട്ട. കാൽപ്പത്തിയിൽ സ്വർണ്ണ പാമ്പ് ചുറ്റിക്കിടക്കുന്നതു പോലെ സ്വർണ്ണപാദസരം. വീതിയിൽ മഷി എഴുതി വാലിട്ട കണ്ണുകൾ ആയിരുന്നു അവരുടേത്. നീല കൃഷ്ണമണികൾ ഇരുട്ടിൽ വൈഡൂര്യം പോലെ വെട്ടിത്തിളങ്ങി. അകന്നു പോവുന്ന വള്ളത്തിന് നേരെ നോക്കി ആ സ്ത്രീരൂപം ഒരു നിമിഷം നിന്നു. 

പിന്നെ,

അവർ പതിയെ മൂർഖൻ ചാലിലേക്ക് ഇറങ്ങി. പുഴയിലേക്ക് ഇറങ്ങുന്നത് അനുസരിച്ച് അവരുടെ നീളം കൂടിക്കൊണ്ടിരുന്നു. മൂർഖൻ ചാലിന്റെ മധ്യഭാഗം വരെ അവർ നടന്നു. പിന്നെ, മേലോട്ട് നോക്കിയിട്ട് വായ് ഒന്നു പിളർന്നു. കടും ചുവപ്പ് നിറമുള്ള നീളമേറിയ നാവ് ആയിരുന്നു അവരുടേത്. പാമ്പിന്റെ നാവു പോലെ അതിന്റെ അഗ്രം പിളർന്നിരുന്നു. ഒരു സീൽക്കാര ശബ്ദത്തോടെ അവർ നാവ് പതിയെ ഉള്ളിലേക്ക് വലിച്ചു. പിന്നെ, പുഴയിലേക്ക് മുങ്ങാം കുഴിയിട്ടു. തിളച്ചതു പോലെ മൂർഖൻ ചാലിലെ വെള്ളം ഒന്ന് ഇളകി മറിഞ്ഞു. മഴ തുടർന്നു കൊണ്ടേയിരുന്നു.

*****   *****    *****    ******    *****

രാത്രി വളർന്നു കൊണ്ടിരുന്നു. സ്പോർട്സ് ബാറിലെ അരണ്ട വെളിച്ചത്തിൽ കപ്പിത്താൻ ഒറ്റയ്ക്ക് ആയിരുന്നു. മുമ്പിൽ, കോക്ക്ടെയിൽ 

'ബ്ലഡ്ഡി മേരി'യുടെ ഗ്ലാസ്. കപ്പിത്താൻ കോക്ടെയിൽ ഒന്നു സിപ്പ് ചെയതതും ഫോൺ ഇരമ്പി. ഡിസ്പ്ലേയിലേക്ക് നോക്കിയ കപ്പിത്താന്റെ കണ്ണുകൾ ഒന്നുമിന്നി. മഹേന്ദ്രൻ കാളിങ്.

"പയ്യനും ടീമും തിരിച്ച് കാടിറങ്ങി എന്നു തോന്നുന്നു" പിറുപിറുത്തു കൊണ്ട് കപ്പിത്താൻ ഫോൺ കാതോട് ചേർത്തു.

"ങാ... പറഞ്ഞോ മോനേ..."

താർ ജീപ്പ് ഓടിക്കുകയായിരുന്നു മഹേന്ദ്രൻ. കോ–ഡ്രൈവർ സീറ്റിൽ തനുജ ഇരിപ്പുണ്ട്. മറ്റുള്ളവർ പിന്നാലെ വരുന്ന ജീപ്പിലും.

തങ്ങൾ ജാനകിക്കാട് കയറിയതും മൂർഖൻ ചാലിലെ പാമ്പുകളെ തുരത്തിയതും വാസുകിയെ കണ്ടതും എല്ലാം മഹേന്ദ്രൻ വിസ്തരിച്ചു പറഞ്ഞു. ഒടുക്കം, മറ്റന്നാൾ സർവസന്നാഹങ്ങളോടെ വീണ്ടും കാട് കയറുന്ന കാര്യവും പറഞ്ഞു.

"മിടുക്കൻ " കപ്പിത്താൻ അഭിനന്ദിച്ചു.

"പോവും മുമ്പ് നമ്മുക്ക് കാണാം. ചില വെപ്പൺസ് ഞാൻ തരാം. കാനന യാത്രയല്ലേ... ഉപകരിക്കും" കപ്പിത്താൻ കോൾ കട്ട് ചെയ്തു. മഹേന്ദ്രൻ ഫോൺ തനുജയുടെ മടിയിലേക്ക് ഇട്ടു.

"കപ്പിത്താൻ ആകെ ത്രില്ലിൽ ആണെടീ.."

"ഇത് വേണോ മഹീ...?" തനുജ അമ്പരപ്പോടെ മഹേന്ദ്രനെ നോക്കി.

"സർപ്പശാപം ..''

"സർപ്പശാപം ... കോപ്പ് "

മഹേന്ദ്രന് ദേഷ്യം വന്നു.

"അതെങ്ങനാ... നിന്റെ പപ്പി മുത്തശ്ശി ലോകത്തുള്ള മുഴുവൻ അന്ധവിശ്വാസോം നിന്റെ തലയ്ക്ക് അകത്ത് കുത്തിക്കയറ്റി വച്ചേക്കുവല്ലേ" മഹേന്ദ്രൻ ഒന്നു നിർത്തി.

"നിനക്ക് വേണമെങ്കിൽ പിന്മാറാം. പക്ഷേ, ഞാൻ പോവും. ജാനകിക്കാട്ടിൽ വീണ് ചത്താലും ഞാനിതിൽ നിന്ന് പിന്നോട്ട് ഇല്ല. എനിക്ക് പണം വേണം. പിന്നെ, ഒരു കാര്യം..." മഹേന്ദ്രൻ മുന്നറിയിപ്പ് പോലെ തനുജയെ നോക്കി.

"ഇതിൽ നിന്നു പിൻമാറിയാൽ അവിടെ തീർന്നു നമ്മുടെ ബന്ധവും" തനുജ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു. കണ്ണുകൾ നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു.

"എടീ.." മഹേന്ദ്രൻ ആശ്വസിപ്പിക്കും മട്ടിൽ തനുജയുടെ ചുമലിൽ തൊട്ടു.

"എടീ... എന്നെപ്പോലൊരു ദരിദ്രവാസിക്ക് നിന്നെ നിന്റെ മുത്തശ്ശി തരും എന്നു കരുതുന്നുണ്ടോ?" മഹേന്ദ്രൻ ഒന്നു നിർത്തി.

"നമ്മുക്ക് പുറത്തെവിടെങ്കിലും പോയി സെറ്റിൽഡ് ആവണ്ടേ... അതിന് പണം വേണ്ടേ? അന്തസ്സായി.. ആരെയും ആശ്രയിക്കാതെ ജീവിക്കണ്ടേ? അതല്ലേ... ഞാൻ ഞാൻ ഇത്ര റിസ‌ക്കെടുത്ത്... നീ എന്താ അത് മനസ്സിലാക്കാത്തത്...''

"ഞാൻ വരാം മഹീ... " തനുജയുടെ സ്വരം പതിഞ്ഞു. വെളുപ്പിന് നാലരയോടെ താർജീപ്പ് തനുജ താമസിക്കുന്ന വള്ളത്തോൾ നഗറിലെ ഫ്ലാറ്റിനു മുമ്പിൽ എത്തി. തനുജ ജീപ്പിൽ നിന്ന് ഇറങ്ങി.

"ഉച്ചയ്ക്ക് കാണാം..." പറഞ്ഞിട്ട് മഹേന്ദ്രൻ ജീപ്പ് മുമ്പോട്ട് എടുത്തു. തനുജ ഫ്ലാറ്റിനു നേരെ നടന്നു. ബയോമെട്രിക് ഡോർ തുറന്ന് ലിഫ്റ്റിലേക്ക് കയറി. ഏഴാം നിലയിലാണ് തനുജയുടെ ഫ്ലാറ്റ്. വാതിൽ തുറന്ന് തനുജ അകത്തേക്ക് കയറി. ബാഗ് സോഫയിലേക്ക് എറിഞ്ഞിട്ട് തനുജ വാതിലടച്ച് ലോക്ക് ഇട്ടു. പിന്നെ, ബെഡ് റൂമിന്റെ വാതിൽ തുറന്ന് കിടക്കയിലേക്ക് വീണു.

നാഗദന്തി വേര് ജീപ്പിൽ ആണല്ലോ എന്ന് തനുജ അപ്പോഴാണ് ഓർത്തത്. അതു നന്നായി എന്ന് തനുജയ്ക്ക് തോന്നി.

മഹേന്ദ്രൻ സേഫ് ആയിരിക്കട്ടെ. മയക്കം കണ്ണുകളെ വന്നു മൂടുന്നത് തനുജ അറിഞ്ഞു. തനുജ പതിയെ മിഴികൾ അടച്ചു.

വെളുപ്പിന് 4.45

ഫ്ലാറ്റിന്റെ ഏഴാം നിലയിലെ ബാൽക്കെണിയിലേക്ക് ചാഞ്ഞു നിൽക്കുന്ന വാകമരക്കൊമ്പ് ഒന്ന് ഉലഞ്ഞു. എട്ടടിയോളം നീളം വരുന്ന ഒരു കരിമൂർഖൻ ബാൽക്കെണിയിലേക്ക് ഇഴഞ്ഞിറങ്ങി. പത്തി വിടർത്തി നിന്ന് അതൊന്നു ചീറ്റി. ചുവന്ന വട്ടക്കണ്ണുകൾ ഇരുട്ടിൽ ജ്വലിച്ചു. പാമ്പ് വായ് പിളർന്നപ്പോൾ നാലു വിഷപ്പല്ലുകൾ തിളങ്ങി. യമദൂതിക !

കിടക്കയിൽ അസ്വസ്ഥതയോടെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു തനുജ. എസിയുടെ തണുപ്പിലും ശരീരം വിയർപ്പിൽ മുങ്ങുന്നു. ഒന്ന് മേൽ കഴുകി കിടക്കാം എന്നു തനുജ കരുതി. എണീറ്റ് ടൗവ്വലുമെടുത്ത് ബാത്ത് റൂമിലേക്ക് വന്നു. ഷവർ ഓൺ ചെയ്ത് അതിനു താഴെ നിന്നു.

വെള്ളം പെയ്തിറങ്ങുന്നതിന്റെ ശബ്ദത്തിനിടയിലും തലയ്ക്കു മുകളിൽ നിന്ന് ഒരു സീൽക്കാര ശബ്ദം തനുജ കേട്ടു. തനുജ ഒരാന്തലോടെ മുകളിലേക്ക് മിഴികൾ ഉയർത്തി. ഒരു നിലവിളി തൊണ്ടയിൽ കുരുങ്ങി. ഷവർ ടാപ്പിനു മീതെ ചുറ്റിപ്പിണഞ്ഞ് പത്തി വിരിച്ചു നിൽക്കുന്ന ഒരു വലിയ മൂർഖൻ പാമ്പ്! തനുജയ്ക്ക് ഒന്ന് തെന്നി മാറാനുള്ള സമയം കിട്ടിയില്ല. അതിനു മുമ്പേ ...

പാമ്പ് തനുജയുടെ ശരീരത്തിലേക്ക് വീണു.

(തുടരും...)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com