പാമ്പ് കടിയേറ്റു മരിച്ച കന്യകയുടെ അസ്ഥി കഷണം തേടി

HIGHLIGHTS
  • കെ.വി. അനിൽ എഴുതുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ.
  • നാഗയക്ഷി. അധ്യായം– 4
Nagayekshi-4
SHARE

"അമ്മേ...''

സർവ ശക്തിയുമെടുത്ത് തനുജ അലറി വിളിച്ചു.

"മുത്തശ്ശീ... " പാമ്പിന്റെ തണുപ്പാർന്ന ഉടൽ തന്നെ ചുറ്റിവരിയുന്നത് തനുജ അറിഞ്ഞു. അതിന്റെ ഉടലിലെ ശൽക്കങ്ങൾ ഉരഞ്ഞ് തന്റെ കഴുത്തു നീറുന്നു. അടുത്ത നിമിഷം തനുജ ഞെട്ടിപ്പിടഞ്ഞ് മിഴികൾ തുറന്നു.

ഇല്ല... താൻ ബെഡ്ഡിൽ തന്നെയുണ്ട്. അപ്പോൾ... താൻ കണ്ടത് സ്വപ്നം ആയിരുന്നോ? തനുജ ചാടിയെണീറ്റ് ബാത്ത് റൂമിനു നേരേ ഓടി. വാതിൽ വലിച്ചു തുറന്നിട്ട് ആദ്യം നോക്കിയത് ഷവർ പൈപ്പിനു നേരെയാണ്. ഇല്ല... ഒന്നുമില്ല.

അടുത്ത നിമിഷം തനുജയുടെ മിഴികളിൽ ഒരു ഞെട്ടലുണ്ടായി. ഭിത്തിയിലൂടെ എന്തോ ഇഴഞ്ഞു പോയതുപോലെ ഒരു പാട്!

തന്റെ കഴുത്തിൽ നീറ്റലും തനുജയ്ക്ക് അനുഭവപ്പെട്ടു. വാഷ്ബേയ്സനു മുമ്പിലെ കണ്ണാടിയുടെ മുമ്പിൽ തനുജ എത്തി.

പിന്നെ, കഴുത്ത് വിശദമായി പരിശോധിച്ചു. നടുങ്ങിപ്പോയി തനുജ. കഴുത്തിൽ എന്തോ ഉരഞ്ഞതു പോലത്തെ പാടുകൾ.

ഇത് എങ്ങനെ? ഇന്നലെ ജാനകിക്കാട്ടിൽ വച്ച് വല്ലതും കഴുത്തിൽ ഉരഞ്ഞതാണോ? അങ്ങനെയെങ്കിൽ അപ്പോൾ അറിയേണ്ടതല്ലേ.

ഭയത്തിന്റെ ഒരല വന്ന് തനുജയെ പൊതിഞ്ഞു. തനുജ പതിയെ കഴുത്തിനു നേരെ കൈ ഉയർത്തി. പോറലുകൾക്ക് മീതെ വിരൽ കൊണ്ട് തൊട്ടപ്പോൾ നീറ്റൽ കൊണ്ട് തനുജ ഒന്നു പുളഞ്ഞു. നീറ്റൽ കടിച്ചു പിടിച്ച് കഴുത്തിലെ പോറലുകൾ തനുജ കഴുകി. പിന്നെ, ബിറ്റാഡിൻ ലോഷൻ പുരട്ടിയിട്ട് ഡോർ തുറന്ന് ബാൽക്കണിയിലേക്ക് വന്നു. ദൂരെ ഒരു ട്രെയിൻ അലറിപ്പാഞ്ഞ് പോവുന്ന ശബ്ദം കേട്ടു.

കുറേ നേരം അതിന്റെ അലപ്പ് അന്തരീക്ഷത്തിൽ തങ്ങി നിന്നു. തനുജ പുറത്തെ അരണ്ട വെളിച്ചത്തിലേക്ക് നോക്കി. നേർത്ത കാറ്റിൽ വാകമരത്തിന്റെ ചെറു ശിഖരങ്ങൾ ഇളകുന്നു. പെട്ടന്ന്, മൊബൈൽ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടു. തനുജ ഞെട്ടിത്തിരിഞ്ഞു. ആരാണീ വെളുപ്പാൻ കാലത്ത്? ഓടിച്ചെന്നു ഫോൺ എടുത്ത് നോക്കിയ തനുജയുടെ മുഖത്ത് ഒരു വിങ്ങലുണ്ടായി.

മുത്തശ്ശി!

താൻ ഒന്നു സങ്കടപ്പെടുമ്പോഴൊക്കെ... ആ നിമിഷം തന്നെ മുത്തശ്ശി അത് അറിയും. മുത്തശ്ശിയുടെ കോൾ വരും.

പത്തു വയസ്സുള്ളപ്പോൾ ഒരു അപകടത്തിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട തനുജയ്ക്ക് പിന്നെ, എല്ലാം അച്ഛമ്മയായ പത്മാവതിയാണ്. മുത്തശ്ശിയെ 'പപ്പി' എന്നാണ് തനുജ വിളിക്കാറുള്ളത്. തനുജ ഫോൺ എടുത്ത് കാതോട് ചേർത്തു.

"മുത്തശ്ശീ.. "

"തനുക്കുട്ടീ.. " പത്മാവതിയുടെ ഈണത്തിലുള്ള വിളി കേട്ടു.

"മുത്തശ്ശീടെ ചക്കരക്കുട്ടി എണീറ്റോ?" 

''ഉവ്വ് "

തനുജ മുത്തശ്ശിയുടെ ശബ്ദത്തിനു മുമ്പിൽ, പെറ്റിക്കോട്ട് ഇട്ട പഴയ പത്തു വയസ്സുകാരിയായി.

"ഞാനൊരു സ്വപ്നം കണ്ടു മുത്തശ്ശി" തനുജ വിതുമ്പി;

"എന്നെ ഒരു വലിയ പാമ്പ് കടിക്കുന്നതായിട്ട് "

"അതു നന്നായി. ഇന്ന്, ക്ഷേത്രത്തിൽ മുത്തശ്ശിക്ക് ഒപ്പം വരാൻ ഒരുപാട് ക്ഷണിച്ചതല്ലേ ഞാൻ എന്റെ കുട്ടിയെ" മുത്തശ്ശി ബാംഗ്ലൂരിലെ മുക്തി നാഗ ക്ഷേത്രത്തിലേക്ക് പോവാൻ തന്നെ വിളിച്ചത് തനുജ സത്യത്തിൽ അപ്പോഴാണ് ഓർത്തത്.

"മോള് വരാഞ്ഞതിന്റെ പരിഭവം നാഗരാജാവും നാഗയക്ഷിയമ്മയും സ്വപ്നത്തിലൂടെ കാണിച്ചു തന്നതാ."

നാഗയക്ഷി എന്നു കേട്ടതും തനുജയുടെ ശരീരം ഭയത്താൽ ഒരു കുളിർന്നു.

"ലോകത്തിലെ ഏറ്റവും വലിയ നാഗ പ്രതിമയാ മോളെ ഇവിടുത്തേത് " മുത്തശ്ശി ആവേശത്തോടെ പറയുന്നതു കേട്ടു.

"പതിനാറടി ഉയരമാ ഇവിടുത്തെ നാഗത്താന്. മുപ്പത്തിയാറ് ടൺ ഭാരം. അടുത്ത തവണ തനുക്കുട്ടിയും വരണം "

"എനിക്ക് മുത്തശ്ശിയെ ഒന്നു കാണണം... "

"സന്ധ്യയോടെ മുത്തശ്ശി വീട്ടിലെത്തും. മോൾ ഇങ്ങു വാ.. കാർ അയയ്ക്കണോ?''

"വേണ്ട മുത്തശ്ശീ .. ഞാൻ ഡ്രൈവ് ചെയ്ത് വന്നോളാം"

"ശരി. എന്നാ മുത്തശ്ശി ക്ഷേത്രത്തിലേക്ക് കയറട്ടെ.."

"ശരി" കോൾ കട്ട് ആയി.

തനുജ ഫോൺ ബെഡ്ഡിലേക്ക് ഇട്ടു. പിന്നെ, ബാൽക്കണിയിലേക്ക് വന്നു. നല്ല തണുത്ത കാറ്റ് ഉണ്ടായിരുന്നു.

ജാനകിക്കാട് വീണ്ടും തനുജയുടെ മനസ്സിലേക്ക് വന്നു. ഒന്നും വേണ്ടായിരുന്നു. മഹേന്ദ്രനെ താൻ തന്നെ ആദ്യമേ പിന്തിരിപ്പിക്കണമായിരുന്നു. മഹേന്ദ്രന് പണത്തിനോട് ഓരോ ദിവസവും ആർത്തി കൂടി കൂടി വരികയാണെന്ന് തനുജയ്ക്ക് തോന്നി.

മീഡിയ അക്കാദമിയിലെ തന്റെ  പഠിത്തവും ഇന്റേൺഷിപ്പും ഒക്കെ ഈ വർഷം തീരും. പിന്നെ, ഏതെങ്കിലും ഒരു പത്രത്തിലോ ചാനലിലോ ജോലി കിട്ടും. മഹിക്കും കൂടി ഒരു ജോലി ഉണ്ടെങ്കിൽ രണ്ടാൾക്കും എറണാകുളത്ത് ആരെയും ആശ്രയിക്കാതെ ജീവിച്ച് പോകാവുന്നതേയുള്ളു. പക്ഷേ, മഹിക്ക് പെട്ടെന്ന് വലിയ പണക്കാരൻ ആവണം. ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ.

സഞ്ചരിക്കാൻ പോർഷെ കാർ വേണം. താമസിക്കാൻ വീടിനുള്ളിൽ സ്വിമ്മിങ് പൂളും ജിംനേഷ്യവും ഉള്ള സൂപ്പർ ഡീലക്സ് വില്ലകൾ വേണം. ഓടിച്ചു രസിക്കാൻ മുപ്പത് ലക്ഷത്തിന്റെ സ്പോർട്സ് ബൈക്ക് വേണം. പിന്നെ, വാരാന്ത്യങ്ങൾ ചെലവഴിക്കാൻ വിദേശ രാജ്യങ്ങളിലെ ലഹരി നുരയുന്ന ടൂറിസ്റ്റ് സ്പോട്ടുകളും. 

തനുജ ഒന്നു തല കുടഞ്ഞു പിന്നെ, ഹാളിലേക്ക് വന്ന് സോഫയിൽ ഇരുന്നു. ഇനി, കിടന്നാലും ഉറക്കം വരില്ല.മഹേന്ദ്രനെ വിളിച്ചാലോ എന്നു തനുജ ആദ്യം ആലോചിച്ചു. പിന്നെ, വേണ്ടെന്നു വച്ചു. ഉറക്കമാവും. ഉറങ്ങുന്നവരെങ്കിലും ഉറങ്ങട്ട്...!

തനുജ റിമോട്ട് എടുത്ത് ടിവി ഓൺ ചെയ്തു. പിന്നെ, വെറുതെ ടിവി സ്ക്രീനിലേക്ക് കണ്ണു നട്ടിരുന്നു.

ഇതെ സമയം, പുറത്ത് കാറ്റിന് ശക്തി കൂടി വാകമരച്ചില്ലകൾ ഒന്നുലഞ്ഞു. മരക്കൊമ്പിൽ ചുറ്റിപ്പിണഞ്ഞിരുന്ന യമദൂതിക എന്ന കാല സർപ്പം വാകമര കൊമ്പിലെ ചുറ്റ് അഴിച്ചു. പിന്നെ, പതിയെ ഇഴഞ്ഞ് താഴെ പുൽപ്പടർപ്പിലേക്ക് ഇറങ്ങി. തറയിലെ പുൽപ്പടർപ്പുകളും പാഴിലകളും ഞെരിച്ചുമർത്തി കൊണ്ട് പാമ്പ് ഇഴഞ്ഞ് പുറത്തേക്ക് പോയി. ഉദിച്ചു വരുന്ന സൂര്യരശ്മികളുടെ നാരങ്ങാ നിറമുള്ള വെട്ടത്തിൽ പാമ്പിന്റെ പുറത്തെ ശൽക്കങ്ങൾ വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു.

*****   ******    *******    *******   ******

താർ ജീപ്പ് മഴയിലൂടെ ഓടിക്കൊണ്ടേയിരുന്നു. മഹേന്ദ്രൻ ആയിരുന്നു ഡ്രൈവിങ് സീറ്റിൽ. കോ– ഡ്രൈവർ സീറ്റിൽ ഫയാസും.

"ഈ കപ്പിത്താൻ എന്നു പറയുന്ന ആൾ എവിടെ നിൽക്കാം എന്നാ പറഞ്ഞത് ?" ഫയാസ് മുഖം തിരിച്ച് മഹേന്ദ്രനെ നോക്കി.

"ശവക്കോട്ട പാലത്തിനടുത്ത് ..."

"അവിടുന്ന് നമ്മൾ എങ്ങോട്ടാ...? "

"ഹോട്ടൽ മാരിയറ്റിലേക്ക് ..."

"അവിടെ ആരെ കാണാൻ .. "

"നിന്റെ അമ്മായിയമ്മയെ ... " മഹേന്ദ്രന് ദേഷ്യം വന്നു.

"എടാ കഴുതേ... " മഹേന്ദ്രൻ ഫയാസിനെ നോക്കി ചിരിച്ചു.

"ഞാൻ പറഞ്ഞില്ലേ ... അസർബൈജാനിൽ നിന്ന് കപ്പിത്താന്റെ മാഡം വരുന്നുണ്ടെന്ന്. കബനീ ദേവി " മഹേന്ദ്രൻ ഒന്നു നിർത്തി.

"സത്യത്തിൽ അവരാണ് കാശ് മുടക്കുന്നത്. റഷ്യൻ അണ്ടർ വേൾഡിനെയും ഡ്രഗ് പെറ്റൽസുകളെയും ഒക്കെ നിയന്ത്രിക്കുന്ന ഒരു സുന്ദരി. " മഹേന്ദ്രൻ ഒന്നു നിർത്തി.

"കപ്പിത്താൻ കഴുവേറിക്ക് നമ്മൾ അവരെ കാണുന്നതിൽ വല്യ താത്പര്യം ഇല്ലായിരുന്നു. ഞാനാ നിർബന്ധം പറഞ്ഞത്. കാണണം എന്ന്. എത്ര രൂപയ്ക്കാണ് വിഗ്രഹത്തിന്റെ പേരിലുള്ള ഡീൽ എന്നറിയണം. ഒടുക്കം, പാമ്പിന്റെ കടി കൊള്ളാൻ നമ്മളും കാശ് വരാൻ കപ്പിത്താനും എന്ന സ്ഥിതി വരാൻ പാടില്ലല്ലോ "

''ഒടുക്കം നമ്മള് പുലിവാലിൽ പിടിച്ച പോലെ ആവുമോ മഹീ..." ഫയാസ് ആശങ്കയോടെ മഹേന്ദ്രനെ നോക്കി.

"എടാ പിടിച്ചാൽ... പുലിയുടെ വാലിൽ തന്നെ പിടിക്കണം.. അല്ലാതെ പൂച്ചക്കുട്ടിയുടെ വാലിൽ അല്ല." മഹേന്ദ്രൻ ഒന്നു നിർത്തി.

"കുറച്ചു കാലം എങ്കിലും മഹാരാജാവിനെ പോലെ ജീവിക്കണം. അത് എന്ത് ചെയ്തിട്ടാണെങ്കിലും...  ആരെ കൊന്നിട്ടാണെങ്കിലും "

മഴയുടെയും കാറ്റിന്റെയും ഇരമ്പലും ശക്തിയും കൂടി.

"സത്യത്തിൽ എനിക്ക് പേടിയുണ്ടെടാ മഹീ..." ഫയാസ് മഹേന്ദ്രനെ നോക്കി.

"എന്തിന്?"

"അല്ല. മരണത്തിന്റെ വായിലേക്കാ നമ്മള് നടന്നു പോവുന്നത്. അതാ ഭയം ... "

"എന്തിനോടാണോ നമ്മുക്ക് ഏറ്റവും കൂടുതൽ ഭയം അതിനെ മുഖാ മുഖം നിന്ന് നേരിട്ട് ഭയത്തെ മാറ്റുക. പറഞ്ഞത് ചാണക്യനാണ് " മഹേന്ദ്രൻ ഒന്നു നിർത്തി.

"ചാണക്യൻ പറഞ്ഞ ഒരു കാര്യം കൂടി പറയാം. ചിതയ്ക്കും ചിന്തയ്ക്കും തമ്മിൽ ഒരു അക്ഷരത്തിന്റെ വ്യത്യാസം ആണെന്ന്.

ചിത ജീവനില്ലാത്ത നമ്മളെ ദഹിപ്പിക്കുമ്പോൾ ചിന്ത ജീവനോടെ തന്നെ നമ്മളെ ദഹിപ്പിക്കുന്നു....! അതു കൊണ്ട് നീ ചുമ്മാ ചിന്തിച്ച് കൂട്ടണ്ട .. "

ദൂരെ, മഴയിൽ കുതിർന്നു നിൽക്കുന്ന ശവക്കോട്ടപ്പാലം കണ്ടു. അതിനു മുമ്പിലായി മഴയ്ക്കു താഴെ കപ്പിത്താന്റെ കറുത്ത ഫോക്സ് വാഗൻ വാൻ കിടപ്പുണ്ടായിരുന്നു.

"അയാള് വന്നിട്ടുണ്ട് ... " മഹേന്ദ്രൻ പിറു പിറുത്തു.

ഫോക്സ് വാഗൺ വാനിന് സമാന്തരമായി ജീപ്പ് നിന്നു. വാനിന്റെ ഡോർ തുറന്ന് കപ്പിത്താൻ മഴയിലേക്ക് ഇറങ്ങി. പിന്നെ, ഓടി വന്ന് ജീപ്പിൽ കയറി.

"പോവാം... മാഡം വെയ്റ്റിങ്ങിലാ " കപ്പിത്താൻ ഒന്നു നിർത്തി;

"സത്യത്തിൽ നിങ്ങള് ഈ മഴയത്ത് വരേണ്ടിയിരുന്നില്ല. ഞാൻ മാത്രം കണ്ടാൽ മതിയാരുന്നു മാഡത്തെ "

"ഞങ്ങളും കൂടി ഒന്ന് കാണട്ട് ചേട്ടാ.. ഈ വല്യ മാഡത്തെ.." മഹേന്ദ്രൻ ചിരിച്ചു കൊണ്ട് ജീപ്പ് മുമ്പോട്ടെടുത്തു.

"ഞങ്ങളും ഇപ്പോൾ ഈ പറയുന്ന കബനീ മാഡത്തിന്റെ ജീവനക്കാർ അല്ലേ?" കപ്പിത്താന്റെ മുഖത്തെ അനിഷ്ടം ജീപ്പിന്റെ വ്യൂ ഫൈൻഡറിൽ മഹേന്ദ്രൻ കണ്ടു. ഉള്ളിൽ ഊറി ചിരിച്ചു കൊണ്ട് മഹേന്ദ്രൻ ജീപ്പിന്റെ ആക്സിലറേറ്ററിൽ കാൽ അമർത്തി

റോഡിലെ ചെളി വെള്ളം ചിതറിച്ചു കൊണ്ട് ജീപ്പ് പാഞ്ഞു പോയി.

കൃത്യം ഇരുപത് മിനിറ്റ്. മാരിയറ്റ് ഹോട്ടലിന്റെ പാർക്കിംഗ് ഏരിയായിലേക്ക് കയറി താർ ജീപ്പ് നിന്നു.

"ങാ... പിന്നൊരു കാര്യം." ജീപ്പിൽ നിന്ന് ഇറങ്ങുമ്പോൾ കപ്പിത്താൻ മഹേന്ദ്രനെ നോക്കി.

"നമ്മുടെ ഡീലിന്റെ കാര്യമൊക്കെ ഞാൻ മാഡത്തോട് പറഞ്ഞിട്ടുണ്ട്. നിങ്ങളായിട്ട് ഒന്നും ചോദിക്കാൻ നിൽക്കണ്ട. മാഡത്തിന് ചിലപ്പം ഇഷ്ടപ്പെട്ടില്ലെന്നു വരും "

മഹേന്ദ്രന്റെ മിഴികൾ ഒന്ന് ഇടുങ്ങി. മഹേന്ദ്രനും ഫയാസും പരസ്പരം ഒന്നു നോക്കി.

"ഒരു കാര്യം പറയാൻ വിട്ടു ... " കപ്പിത്താൻ മഹേന്ദ്രനെ നോക്കി.

"എന്താ "

"വാസുകിയുടെ ഒരു മെസേജ് വന്നിരുന്നു."

"എന്ത് ?" മഹേന്ദ്രൻ കപ്പിത്താന്റെ കണ്ണുകളിലേക്ക് നോക്കി.

"നാളെ ആയില്യം പൂജയ്ക്ക് നിങ്ങൾ ജാനകിക്കാട്ടിൽ ചെല്ലണ്ട "

"അതെന്താ..."

"പൂജയ്ക്ക് ആദിവാസികൾ വരും. പുറത്തു നിന്ന് ആളെ കണ്ടാൽ അവർക്ക് സംശയം തോന്നും.. "

"ഓ... അങ്ങനെ" മഹേന്ദ്രൻ ഒന്നു തല കുലുക്കി.

അബ്ദുള്ള കപ്പിത്താന് നേരെ നടന്നു വരുന്നുണ്ടായിരുന്നു. മഹേന്ദ്രനെയും ഫയാസിനെയും അയാൾ ഒന്നു നോക്കി. പിന്നെ, കപ്പിത്താന് നേരെ തിരിഞ്ഞു.

"വരൂ ... മാഡം കാത്തിരിക്കുകയാണ് " എല്ലാവരും ഹോട്ടലിന്റെ ലോബിയിലേക്ക് നടന്നു. പിന്നെ, ലിഫ്റ്റിനു നേരെ. നാലാം നിലയിലായിരുന്നു. കബനീ ദേവിയുടെ വിശാലമായ സ്യൂട്ട് റൂം. അബ്ദുള്ളയ്ക്കും കപ്പിത്താനും പിന്നാലെ മഹേന്ദ്രനും ഫയാസും മുറിയിലേക്ക് കയറി.

മുറിയിലെ സോഫയിൽ അതിസുന്ദരിയായ ഒരു യുവതി ചരിഞ്ഞു കിടപ്പുണ്ടായിരുന്നു. വെണ്ണയിൽ തീർത്തെടുത്തതുപോലെ വടിവൊത്ത ശരീരത്തിൽ ഒരു കടും ചുവപ്പ് ചേല പറ്റിച്ചേർന്നു കിടക്കുന്നു. വീതിയേറിയ പുരികങ്ങളും... നീലകണ്ണുകളുംനീണ്ട മൂക്ക്... ചോര കിനിഞ്ഞ് നിൽക്കുന്നതു പോലത്തെ നനുത്ത ചുണ്ടുകൾ.

"മാഡം" കപ്പിത്താൻ ഭവ്യതയോടെ വിളിച്ചു. പിന്നെ, മഹേന്ദ്രനെയും ഫയാസിനെയും നോക്കിയിട്ട് കബനീ ദേവിക്ക് നേരെ തിരിഞ്ഞു.

"ഇതാണ്... മഹേന്ദ്രൻ. മിഷന്റെ ലീഡർ. ഇത് കൂട്ടുകാരൻ "

കബനീ ദേവി മഹേന്ദ്രനെ അടിമുടി ഒന്നു നോക്കി. മഹേന്ദ്രന്റെ തലയെടുത്തു പിടിച്ചുള്ള നിൽപ്പ് കബനീ ദേവിക്ക് ഇഷ്ടപ്പെട്ടു.

"ഇരുന്നോട്ടെ മാഡം .. "

ചോദിച്ചിട്ട് അനുമതിക്ക് കാത്തു നിൽക്കാതെ മഹേന്ദ്രൻ മുമ്പിൽ കിടന്ന കസേരയിലേക്ക് ഇരുന്നു. പിന്നെ, കാലിൻമേൽ കാൽ കയറ്റി ഇരുന്നു. കപ്പിത്താൻ പകച്ചു പോയി. കബനീ ദേവിയുടെ മുഖത്ത് പക്ഷേ, പുഞ്ചിരി ആയിരുന്നു.

"മഹേന്ദ്രന് എന്നോടെന്തെങ്കിലും ചോദിക്കാനുണ്ടോ?" കബനീ ദേവി മഹേന്ദ്രനെ തുറിച്ചു നോക്കി.

"ഉണ്ട് മാഡം" കപ്പിത്താൻ അമ്പരന്നു.

"അല്ല ... അതിപ്പം പറയാനുള്ളത് എല്ലാം ഞാൻ പറഞ്ഞിരുന്നല്ലോ "

"കപ്പിത്താൻ.." ശാസനാ രൂപത്തിൽ വിളിച്ചു കൊണ്ട് കബനീ ദേവി കയ്യ് ഉയർത്തി.

"മഹേന്ദ്രന് പറയാനുള്ളത് മഹേന്ദ്രൻ പറയും" പിന്നെ, അവർ മഹേന്ദ്രന് നേരെ തിരിഞ്ഞു.

"പറയ്... എന്താണ് മഹേന്ദ്രന് അറിയേണ്ടത് ?"

"എത്ര രൂപയ്ക്കാണ് ഈ സർപ്പവിഗ്രഹത്തിന്റെ ഡീൽ എന്ന് അറിയണം. വേറൊന്നുമല്ല...  കപ്പിത്താൻ ചേട്ടൻ ഇവിടെ കരയ്ക്കിരുന്നാ കപ്പൽ ഓടിക്കുന്നത്. ഞങ്ങൾ ആറു പേരാണ് ജീവൻ പണയം വച്ച് ജാനകിക്കാട്ടിൽ പോവുന്നത് " വിളറി നിൽക്കുകയായിരുന്നു കപ്പിത്താൻ. മഹേന്ദ്രന്റെ ഈ തുറന്നടിച്ചുള്ള ചോദ്യം അയാൾ പ്രതീക്ഷിച്ചിരുന്നില്ല.

"നിങ്ങൾക്ക് എത്രയാ കപ്പിത്താന്റെ ഓഫർ? " കബനീ ദേവി മഹേന്ദ്രനെ നോക്കി.

"അത്... അറുപത്. ഒരാൾക്ക് പത്ത് സിആർ വച്ച് "

"കപ്പിത്താൻ പക്ഷേ, എന്റെ കൈയ്യിൽ നിന്ന് വാങ്ങുന്നത് നൂറ്റമ്പത് സിആർ ആണല്ലോ. അപ്പോൾ തൊണ്ണൂറ് കോടി കപ്പിത്താന്റെ കമ്മീഷൻ അല്ലേ?"

"മാഡം... അത് " കപ്പിത്താൻ വിക്കി. അയാൾ പകയോടെ മഹേന്ദ്രനെ നോക്കി.

"എന്നാൽ ശരി മാഡം.. " മഹേന്ദ്രൻ എണീക്കാനാഞ്ഞു.

"ഇതൊന്ന് അറിഞ്ഞാൽ മതിയായിരുന്നു "

" നിൽക്ക്..." കബനീദേവി കൈ ഉയർത്തി തടഞ്ഞു.

" ഒരു പ്രധാന കാര്യം കൂടി കേട്ടിട്ട് പൊയ്ക്കോ." കബനീ ദേവിയുടെ മിഴികൾ കൂർത്തു.

" നിലവറ ക്ഷേത്രത്തിൽ നിന്ന് സുരക്ഷിതമായി സ്വർണ്ണ വിഗ്രഹം എടുക്കാൻ കഴിയണമെങ്കിൽ ... നിലവറ ക്ഷേത്രത്തിന്റെ ചൈതന്യം നശിക്കണം. നാഗയക്ഷിയുടെ ശക്തി ചോരണം "

"അതിന് എന്തു ചെയ്യണം നമ്മൾ ?" മഹേന്ദ്രൻ കബനീ ദേവിയുടെ മുഖത്തേക്ക് നോക്കി.

" നിലവറ ക്ഷേത്രത്തിൽ പാമ്പ് കടിയേറ്റ് മരിച്ച ഒരു കന്യകയുടെ രക്തവും അസ്ഥി കഷണവും വീഴണം. അല്ലെങ്കിൽ രക്തവും പിഴുതെടുത്ത മുടിയിഴകളും! മരണം സംഭവിച്ച കന്യകയുടേത് മാത്രം... പിന്നെ, പേടിക്കാനില്ല"

''അതിന് ... ഞങ്ങള്..." മഹേന്ദ്രനും ഫയാസും അമ്പരപ്പോടെ പരസ്പരം നോക്കി.

"അതിനുള്ള വഴിയൊക്കെ നിങ്ങൾ കണ്ടെത്തിക്കോണം" പറഞ്ഞു നിർത്തും മട്ടിൽ കബനീ ദേവി പറഞ്ഞു.

"ശരി"

മഹേന്ദ്രൻ എണീറ്റു. എല്ലാവരും പൊയ്ക്കൊള്ളാൻ കബനീ ദേവി കണ്ണു കൊണ്ട് ആംഗ്യം കാട്ടി.

എല്ലാവരും പുറത്തു കടന്നു. ലിഫ്റ്റിൽ താഴേക്ക് പോരുമ്പോഴും ആരും ഒന്നും മിണ്ടിയില്ല. കപ്പിത്താന്റെ മുഖം കനത്തു തന്നെയിരുന്നു. ലിഫ്റ്റ് ഇറങ്ങിയതും മഹേന്ദ്രൻ പെട്ടെന്ന് ഓർത്തതു പോലെ നിന്നു.

"അയ്യോ വണ്ടീടെ ചാവി എടുത്തില്ല. എടുത്തു കൊണ്ട് വരാം.. "

മറുപടിക്ക് കാത്തു നിൽക്കാതെ മഹേന്ദ്രൻ തിരികെ ലിഫ്റ്റിലേക്ക് കയറി. കബനീ ദേവിയുടെ സ്യൂട്ട് റൂമിനു മുമ്പിൽ എത്തിയിട്ട് മഹേന്ദ്രൻ ഡോർ ബെൽ മുഴക്കി.

"വരു മഹേന്ദ്രാ.. " അകത്തു നിന്ന് വിളി കേട്ടു. മഹേന്ദ്രൻ പകച്ചു പോയി. ഡോർ തുറന്ന് മഹേന്ദ്രൻ അകത്തേക്ക് ചെന്നു.

സോഫയിൽ ചാരി കബനീ ദേവി ഇരിപ്പുണ്ടായിരുന്നു.

"എനിക്ക് അറിയാമായിരുന്നു നീ വരും എന്ന് " മഹേന്ദ്രനെ നോക്കി കബനീ ദേവി പുഞ്ചിരിച്ചു.

"മാഡം... കപ്പിത്താൻ.... തുകയുടെ കാര്യത്തിൽ കള്ളമാ പറഞ്ഞത്. കമ്മീഷനായി തൊണ്ണൂറ് കോടി രൂപ... വെറും ഇ നിലക്കാരന്റെ ശമ്പളം "

" ഇടനിലക്കാരനെ  ഒഴിവാക്കിയാൽ മുഴുവൻ കാശും മഹേന്ദ്രന് കിട്ടും. തൊണ്ണൂറ് കോടി കൂടി അധികം. "

" മാഡം " അവിശ്വസനീയതയോടെ മഹേന്ദ്രൻ വിളിച്ചു.

"കള്ളം പറയുന്ന കപ്പിത്താൻമാരെ എനിക്ക് ആവശ്യമില്ല മഹേന്ദ്രാ ..." കബനീ ദേവി ചിരിച്ചു.

"അവർ പാതി വഴിയിൽ കപ്പൽ മുക്കിക്കളയും." മഹേന്ദ്രന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായി.

"വരട്ടെ മാഡം... ഇതാ എന്റെ നമ്പർ " അവിടെ കിടന്നിരുന്ന നോട്ട് പാഡിൽ തന്റെ മൊബൈൽ നമ്പർ കുറിച്ചിട്ടിട്ട് മഹേന്ദ്രൻ വാതിലിനു നേരെ തിരിഞ്ഞു.

"അബ്ദുള്ളയോട് കയറി വരാൻ പറഞ്ഞേക്കു." പുഞ്ചിരിയോടെ പറഞ്ഞിട്ട്  കബനീ ദേവി സോഫയിലേക്ക് ചാഞ്ഞു.

                ****************

ശവക്കോട്ടപ്പാലം!

മഴയും മൂവന്തി ഇരുട്ടും കനത്തു നിന്നു. ഹെഡ് ലൈറ്റുകൾ മിന്നിച്ചു കൊണ്ട് താർ ജീപ്പ് പാഞ്ഞു വന്നു. കപ്പിത്താന്റെ ഫോക്സ് വാഗൺ വാനിന് ഏതാണ്ട് പതിനഞ്ചടി അകലമിട്ട് ജീപ്പ് നിന്നു.

"ശരി. യാത്ര പോവാൻ തയാറായിക്കോ" ഗൗരവത്തിൽ പറഞ്ഞിട്ട് കപ്പിത്താൻ ഇറങ്ങി ഫോക്സ് വാഗണു നേരെ നടന്നു.

പത്തടി അകലത്തിൽ കപ്പിത്താൻ എത്തി.

"യാത്രയാവാൻ പോവുന്നത് താനാടോ കപ്പിത്താനേ... " പല്ലു ഞെരിച്ചു കൊണ്ട് മഹേന്ദ്രൻ ഗിയർ ലിവർ തട്ടി. എടുത്തെറിഞ്ഞതു പോലെ ജീപ്പ് മുമ്പോട്ട് കുതിച്ചു.

"മഹീ... നീയെന്താ ചെയ്യാൻ പോവുന്നേ ?" ഫയാസ് വെപ്രാളത്തോടെ മഹേന്ദ്രനെ നോക്കി.

"ഒരു ഇടനിലക്കാരനെ ഇല്ലാതാക്കുന്നു" മഹേന്ദ്രൻ ചിരിച്ചു.

"എടാ.. പടച്ചോന് നെരക്കാത്ത പണി ചെയ്യല്ലേടാ ...." ഫയാസ് നിലവിളിച്ചു.

മഹേന്ദ്രൻ അത് ശ്രദ്ധിച്ചതു പോലുമില്ല. ജീപ്പ് കപ്പിത്താന്റെ തൊട്ടു പിന്നിൽ എത്തിയിരുന്നു. കപ്പിത്താൻ ഞെട്ടിത്തിരിഞ്ഞപ്പോഴേക്കും ....

ഒറ്റയിടി!

കപ്പിത്താന്റെ ശരീരം പതിനഞ്ചടി ഉയരത്തിൽ ഉയർന്നു പൊങ്ങിയിട്ട് ഫോക്സ് വാഗൺ വാനിന്റെ ബോണറ്റിലിടിച്ച് റോഡിലേക്ക് വീണു.

മഹേന്ദ്രൻ ജീപ്പ് സഡൺ ബ്രേക്കിട്ട് നിർത്തി. പിന്നെ, തല പുറത്തേക്കിട്ട് തിരിഞ്ഞു നോക്കി. റോഡിൽ കമഴ്ന്നു കിടക്കുകയാണ് കപ്പിത്താൻ. ഒരു കാൽ പതിയെ പിടയ്ക്കുന്നുണ്ട്. കപ്പിത്താന്റെ തലയിൽ നിന്ന് ഒഴുകിയിറങ്ങിയ ചോര കുങ്കുമം കലക്കിയതു പോലെ മഴ വെള്ളത്തിൽ പടരുന്നത് സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ മഹേന്ദ്രൻ കണ്ടു.

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ