കഴുത്തിൽ ചുറ്റി വരിഞ്ഞ് മൂർഖൻ പാമ്പ് !

HIGHLIGHTS
  • കെ.വി. അനിൽ എഴുതുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ.
  • നാഗയക്ഷി. അധ്യായം– 6
Nagayekshi-6
SHARE

രാത്രിയുടെ നെഞ്ചകം പിളർന്ന് താർ ജീപ്പ് ഓടിക്കൊണ്ടിരുന്നു.

'കബനീ ദേവി' മഹേന്ദ്രന്റെ സിരകളിൽ ആസക്തിയുടെ അഗ്നി പടർന്നു കൊണ്ടിരുന്നു.

കബനീ ദേവി പറഞ്ഞതു പോലെ നൂറ് കോടി കൈയിൽ വന്നാൽ ആയിരം കന്യകമാർ ജീവിതത്തിൽ വരില്ലേ? പിന്നെ, ഒരുത്തിക്ക് വേണ്ടി എന്തിന് ജീവിതം കളയണം.? പക്ഷേ, തനു? ഓർത്തപ്പോൾ മഹേന്ദ്രന്റെ നെഞ്ചിനുള്ളിൽ ഒന്നു മിന്നലുണ്ടായി. തനുവിനെ താൻ കുരുതി കൊടുക്കുക എന്നു വച്ചാൽ ... മഹേന്ദ്രന്റെ ഹൃദയമിടിപ്പിന് വേഗം കൂടി.

വരട്ടെ... തനു അവസാന ഓപ്ഷൻ. വേറെയും ഉണ്ടല്ലോ പെൺകുട്ടികൾ. എന്തു വന്നാലും കബനീ ദേവിയുമായുള്ള ബന്ധം വിട്ടൊരു കളിയില്ല. ജീവിതം ഒന്നേയുള്ളു. അത് ആസ്വദിക്കണം. പെട്ടെന്ന് മൊബൈൽ ഫോൺ ബെല്ലടിച്ചു. പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് മഹേന്ദ്രൻ നോക്കി. തനുജയാണ്.

എന്തോ തനുജയുടെ ഫോൺ കാൾ കണ്ടപ്പോൾ മഹേന്ദ്രന് ആദ്യമായി ഈർഷ്യ തോന്നി. കബനീ ദേവിയാണ് മനസ്സു നിറയെ

മഹേന്ദ്രൻ ഫോൺ എടുത്ത് കാതോട് ചേർത്തു.

"ങാ... തനൂ പറയ്..."

"മഹീ... ഞാനിവിടെ മുത്തശ്ശിയുടെ അടുത്താ ..."

തനുജയുടെ ശബ്ദം മറുവശത്തു നിന്ന് കേട്ടു.

"മഹീ.." തനുജ ഒന്നറച്ചിട്ട് വിളിച്ചു.

"ഞാൻ ഒരു കാര്യം പറഞ്ഞാൽ എന്നോട് ദേഷ്യമാവുമോ?''

"പറയ്. കാര്യം കേട്ടിട്ടല്ലേ... ദേഷ്യപ്പെടണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് "

"അല്ല... മുത്തശ്ശിയും പാമ്പുകളെ കുറിച്ച് ഒരു പാട് പറഞ്ഞു. കേട്ടപ്പോൾ എനിക്ക് വല്ലാതെ ഭയമായി... "

"അതിന്'' മഹേന്ദ്രന്റെ സ്വരം കനത്തു.

"അല്ലാ..." തനുജ പറഞ്ഞു വന്നത് പാതി വഴിയിൽ നിർത്തി.

"ഈ മിഷൻ ഉപേക്ഷിക്കണം എന്നാണോ നീ പറയുന്നത്?" മഹേന്ദ്രന്റെ സ്വരം തിളച്ചു.

"തനു... ഞാൻ ഒരു കാര്യം വീണ്ടും ആവർത്തിക്കുകയാ. നമ്മൾ തമ്മിൽ പിരിയേണ്ടി വന്നാൽ പോലും ഞാനീ മിഷനിൽ നിന്ന് പിന്മാറില്ല."

"മഹീ.." തനുജ ദീനമായി വിളിച്ചു.

"എന്റെ മഹിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം കൊണ്ടാ ഞാൻ..."

"എനിക്ക് ഒന്നും സംഭവിക്കില്ല." മഹേന്ദ്രൻ സ്വരം അൽപ്പം മയപ്പെടുത്തി.

"എന്റെ പെണ്ണ് എന്റെ കൂടെ ഉണ്ടായാൽ മതി" സ്വരത്തിൽ മഹേന്ദ്രൻ അല്പം പ്രണയം കൂടി കലർത്തി.

"ഞാൻ ഉണ്ടാവും. എന്റെ മഹിയുടെ കൂടെ. ജീവിക്കാനായാലും... മരിക്കാനായാലും '' തനുജയുടെ സ്വരവും തരളിതമായി.

'നീ ചിലപ്പോൾ മരിക്കേണ്ടി  വന്നേക്കാം. പക്ഷേ, ഞാൻ ജീവിക്കും.' മഹേന്ദ്രൻ ഉള്ളിൽ ചിരിച്ചു.

"നിന്റെ മുത്തശ്ശിയോട് നീ ഇതെക്കുറിച്ച് പറഞ്ഞിട്ടൊന്നുമില്ലല്ലോ.. " മഹേന്ദ്രൻ തിരക്കി.

"ഹേയ്.. " ഒരു ഞെട്ടലോടെയാണ് തനുജ മറുപടി പറഞ്ഞത്.

" മുത്തശ്ശിയോട് പറയാനോ... നല്ല കാര്യമായി. എങ്കിൽ പിന്നെ എന്നെ ഈ വീട്ടീന്ന് പുറത്തിറക്കത്തില്ല "

"നീ നാളെ അവിടുന്ന് പുറപ്പെടില്ലേ?" മഹേന്ദ്രൻ ജീപ്പ് കാക്കനാട് റോഡിലേക്ക് തിരിക്കുന്നതിനിടെ അന്വേഷിച്ചു.

ഇരച്ചു പെയ്യുന്ന മഴയിലൂടെ താർജീപ്പ് സീ-പോർട്ട്, എയർ പോർട്ട് റോഡിലേക്ക് കയറി. റോഡിലൂടെ വെള്ളം പാഞ്ഞൊഴുകുന്നുണ്ടായിരുന്നു. എതിർവശത്തു നിന്ന് ഫയർ ആൻഡ് റെസ്ക്യു ടീമിന്റെ വാഹനങ്ങൾ പാഞ്ഞു വന്ന് പൊയ്ക്കോണ്ടിരുന്നു.

"രാവിലെ തിരിക്കും മഹീ..... " തനുജയുടെ മറുപടി കേട്ടു.

"വൈകിട്ട് അഞ്ചു മണിക്ക് ഒബ്റോണിലോ... ലുലുവിലോ നമ്മൾ കൂടും.. മറ്റന്നാൾ രാവിലെ പുറപ്പെടും.

മീറ്റിങ് പ്ലേസ് ഏതാണെന്ന് ഫയാസ് ഗ്രൂപ്പിൽ ഇടും."

"ശരി.. മഹീ"

"എന്നാൽ പിന്നെ ഫോൺ വച്ചോ. ഇവിടെ മുടിഞ്ഞ മഴയാ.. " പറഞ്ഞിട്ട് കാൾ കട്ട് ചെയ്ത് മഹേന്ദ്രൻ ഫോൺ ജീപ്പിന്റെ സീറ്റിലേക്ക് ഇട്ടു. മഴയുടെ ശക്തി അനുനിമിഷം കൂടി ക്കൊണ്ടിരുന്നു. 

കാക്കനാട്ടെ പേൾവ്യൂ ഹോട്ടലിൽ ആയിരുന്നു മഹേന്ദ്രൻ മുറി എടുത്തിരുന്നത്. സെമിത്തേരി മുക്കിലെ വാടക വീട്ടിലേക്ക് തത്ക്കാലം പോവേണ്ടെന്ന് വച്ചു. ഇനി രാജാവിനെ പോലെ ജീവിക്കേണ്ടവനാണ്. എന്തിന് വാടക വീട്...?

കയ്യിൽ വരാൻ പോവുന്നത് നൂറ് കോടി...!!! ആ ഓർമയിൽ പോലും മഹേന്ദ്രന്റെ മനസ്സ് ഒന്നു കുതികുത്തി.

ജീപ്പ് മഴയിലൂടെ ഹോട്ടൽ മുറ്റത്തേക്ക് കയറി. കുടയുമായി സെക്യൂരിറ്റി ഓടി വരുന്നുണ്ടായിരുന്നു.മഹേന്ദ്രൻ കുടക്കീഴിലേക്ക് ഇറങ്ങി.പിന്നെ, ജീപ്പ് ലോക്ക് ചെയ്തു.

"മുടിഞ്ഞ  മഴ അല്ലേ?"മഹേന്ദ്രൻ സെക്യുരിറ്റിയെ നോക്കി.

"വയനാട്ടിലൊക്കെ  ഉരുള് പൊട്ടി സാറേ ... " സെക്യൂരിറ്റി മഹേന്ദ്രനെ മഴ നനയിക്കാതെ ഹോട്ടലിന്റെ ലോബിയിലേക്ക് നടത്തി.

മഹേന്ദ്രൻ ഹോട്ടലിന്റെ ലോബിയിലേക്ക് കയറിയതും.... ഹോട്ടലിനു പിന്നിലെ വാകമരങ്ങൾ ഒന്നുലഞ്ഞു. അതിന്റെ മറവിൽ നിന്ന് ഏഴടി പൊക്കമുള്ള  ഒരു സ്ത്രീരൂപം മഴയിലേക്ക് വന്നു. നന്നെ മെലിഞ്ഞ വടിവൊത്ത ശരീരം ആയിരുന്നു അവരുടേത്.

കടഞ്ഞെടുത്ത പോലത്തെ ശരീരത്തിൽ കറുത്ത സാരി മഴയിൽ നനഞ്ഞ് പറ്റിച്ചേർന്നു കിടന്നു. അണി വയറിനു മീതെ ഒരു സ്വർണ്ണ നാഗം ചുറ്റിക്കിടക്കുന്നത് പോലെ വീതിയേറിയ ഒരു സ്വർണ്ണ അരഞ്ഞാണം കാണാമായിരുന്നു. വെള്ളച്ചാട്ടം പോലെ ഒഴുകിയിറങ്ങിയ മുടി തറയിലെ വെള്ളത്തിലൂടെ പിന്നിലേക്ക് നീണ്ടു പരന്നു കിടക്കുകയാണ്.

മഹേന്ദ്രൻ പോയ ദിശയിലേക്ക്  അവർ മിഴികൾ തിരിച്ചു. കൃഷ്ണമണികൾ കനൽക്കട്ട പോലെ ജ്വലിച്ചു.

പകയോടെ അവർ ഒന്നു വായ് പിളർന്നു. അഗ്രം സൂചിമുന പോലെ കോർത്ത നീണ്ടു വളഞ്ഞ കോമ്പല്ലുകൾ വജ്രം പോലെ വെട്ടിത്തിളങ്ങി.

******    ******     ******     ********

ഹോട്ടൽ മാരിയറ്റ്.

കബനീ ദേവിയുടെ മുമ്പിൽ ഉണ്ടായിരുന്നു അബ്ദുള്ള. നേർത്ത സ്ലീവ് ലെസ് ഗൗൺ അണിഞ്ഞ് പതുപതുത്ത മെത്തയിൽ ഒരു വശം ചെരിഞ്ഞ് കിടക്കുകയായിരുന്നു കബനീദേവി.

" മാഡം" അബ്ദുള്ള വിളിച്ചു.

"ആ പയ്യനെ നമ്മൾ കണ്ണും പൂട്ടി വിശ്വസിക്കണോ? മഹേന്ദ്രനെ?'' അബ്ദുള്ള ഒന്നു നിർത്തി.

"ഈ മിഷനിലേക്ക് അവനെ കൊണ്ടു വന്ന കപ്പിത്താനെ ഒരു ദയയും നന്ദിയും ഇല്ലാതെ തീർത്ത് കളഞ്ഞവനാ.. " കബനീ ദേവി ഒന്നു ചിരിച്ചു.

മുറിയിലെ പ്രകാശത്തിൽ ചെഞ്ചുണ്ടുകളും വെൺപല്ലുകളും തിളങ്ങി.

"അബ്ദുള്ളാ.. " കബനീ ദേവി പതിയെ വിളിച്ചു.

" ഇത്ര കാലത്തോളം കൂടെ ഉണ്ടായിരുന്നിട്ടും... നിങ്ങൾക്ക് എന്നെ മനസ്സില്ലായില്ലേ അബ്ദുള്ളാ ." കബനീ ദേവി ഒന്നു നിർത്തി.

"അവനെ... മഹേന്ദ്രനെ ഞാൻ വിശ്വസിക്കുന്നു എന്ന് ആര് പറഞ്ഞു ? "

കബനീ ദേവി പട്ടുമെത്തയിൽ നിവർന്നിരുന്നു. നേർത്ത ഗൗണിനുള്ളിൽ സൗന്ദര്യം ഒന്നു തുളുമ്പി.

"അവൻ എനിക്ക് ഒരു ആയുധം മാത്രമാ..... ഒരു ഉപകരണം." കബനീ ദേവിയുടെ സ്വരത്തിന് മൂർച്ച വന്നു.

" ആ വിഗ്രഹം കിട്ടാൻ വേണ്ടിയുള്ള ആയുധം മാത്രം " കബനീ ദേവിയുടെ മുഖത്ത് കൊല്ലുന്ന ഒരു ചിരി ഉണ്ടായി.

"അബ്ദുള്ളാ... പുഴ കടക്കാൻ നമ്മുക്ക് വള്ളം വേണം. പക്ഷേ, പുഴ കടന്നു കഴിഞ്ഞാൽ വള്ളം ചുമക്കണോ?"

"വേണ്ട മാഡം" അബ്ദുള്ളയുടെ മുഖത്തും ഒരു ചിരി ഉണ്ടായി.

"ദാറ്റ്സ് ഇറ്റ് " കബനീ ദേവി തിരിഞ്ഞു.

"സ്വർണ്ണ നാഗത്തിന്റെ  പ്രതിമ കിട്ടിക്കഴിഞ്ഞാൽ  പിന്നെ ആ പിള്ളേർ ആറു പേരും ഭൂമിയിൽ ഉണ്ടാവില്ല. നുള്ളിപ്പെറുക്കിയെടുത്ത് ...  ഒന്നിച്ചൊരു കുഴിയിലിട്ട് മൂടും '' കമ്പനീ ദേവി ഒന്നു നിർത്തി.

"അതിനുള്ള  ടീം ദുബൈയിൽ നിന്ന് രണ്ടു ദിവസം കഴിഞ്ഞ് ഫ്ലൈറ്റ് കയറും..!"

"മതി മാഡം" അബ്ദുള്ളയ്ക്ക് തൃപ്തിയായി.

"നമ്മുടെ നൂറു കോടി രൂപയും നമ്മുടെ കയ്യിലിരിക്കും... സ്വർണ്ണ നാഗ പ്രതിമയും കിട്ടും "

"യെസ് "

കബനീ ദേവി പല്ലുകൾ അമർത്തി ഒന്നു ചിരിച്ചു.

******    *******     *******     *******    ******

രാത്രി വല്ലാത്ത ഒരു അസ്വസ്ഥതയോടെ ഞെളിപിരി കൊണ്ടാണ് മഹേന്ദ്രൻ ഞെട്ടി ഉണർന്നത്. ഉറക്കം കിട്ടുന്നില്ല. തൊണ്ട വരണ്ട് ഉണങ്ങിയിരിക്കുന്നു. ജഗ് എടുത്തു നോക്കി. ഒരു തുള്ളി വെള്ളം ഇല്ല.

പെട്ടെന്നാണ്, മഹേന്ദ്രൻ അത് ഓർത്തത്. കപ്പിത്താന്റെ വാനിൽ നിന്ന് കിട്ടിയ ഒരു ഫുൾ ബോട്ടിൽ ബ്രാണ്ടി ജീപ്പിൽ കിടപ്പുണ്ട്.

മഹേന്ദ്രന് ഉത്സാഹമായി. രണ്ട് പെഗ്ഗ് ചെന്നാൽ ഉറക്കം കിട്ടും. പിന്നെ, താമസിച്ചില്ല. ജീപ്പിന്റെ ചാവിയുമെടുത്ത് മഹേന്ദ്രൻ ലിഫ്റ്റിലൂടെ ഹോട്ടലിന്റെ ലോബിയിലെത്തി.

മഴ അപ്പോഴും അലറിയാർക്കുകയാണ്. മഴയിലൂടെ തന്നെ മഹേന്ദ്രൻ താർ ജീപ്പിനടുത്തെത്തി. ജീപ്പ് തുറന്ന് അകത്തേക്ക് കയറി.

ബ്രാണ്ടിക്കുപ്പി തപ്പിയെടുത്തു. കുപ്പി തുറന്ന് ബ്രാണ്ടി വായിലേക്ക് ഒഴിച്ചു. അടുത്ത നിമിഷം, പിന്നിൽ നിന്ന് ഒരു സീൽക്കാരം മഹേന്ദ്രൻ കേട്ടു. ആദ്യം ശ്രദ്ധിച്ചില്ല. സീൽക്കാരം കുറച്ചു കൂടി ഉച്ചത്തിൽ ഉയർന്നു.

ജീപ്പിന്റെ വ്യൂ ഫൈൻഡറിലേക്ക് നോക്കിയ മഹേന്ദ്രൻ നടുങ്ങിപ്പോയി. സീറ്റിന്റെ ഹെഡ് റെസ്റ്റിൽ ചുറ്റിപ്പിണഞ്ഞ് ഒരു മൂർഖൻ പാമ്പ്. അത് നാവ് നീട്ടി മഹേന്ദ്രനെ ഒന്നു നോക്കി. അതിന്റെ ചുവന്ന വട്ടക്കണ്ണുകൾ ഒന്നു തിളങ്ങി. മഹേന്ദ്രന് ഒന്നു നിലവിളിക്കാൻ പോലും ആയില്ല. അതിനു മുമ്പേ മൂർഖൻ പാമ്പ് മഹേന്ദ്രന്റെ ചുമലിലേക്ക് വീണു. പിന്നെ, കഴുത്തിൽ ചുറ്റിവരിഞ്ഞു. മഹേന്ദ്രന്റെ നിലവിളി മഴയിൽ അമർന്നു പോയി.

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
FROM ONMANORAMA