ADVERTISEMENT

"നാഗയക്ഷിയമ്മേ..."

അലറിക്കൊണ്ട് വാസുകി തിരിഞ്ഞോടി. ചെറുമരങ്ങൾ ചതഞ്ഞൊടിയുന്ന ശബ്ദം പിന്നിൽ നിന്ന് കേൾക്കാമായിരുന്നു. ശീഷനാഗത്തിന്റെ സീൽക്കാരത്തിൽ അന്തരീക്ഷം വിറകൊണ്ടു.

"വാസുകീ" ഒരു ചിലമ്പിച്ച വിളിയൊച്ച വാസുകി കേട്ടു.

"നിനക്ക് വഴികാട്ടി ആവണം അല്ലേ?

എന്റെ ക്ഷേത്രത്തിൽ ചോര വീഴ്ത്താൻ വരുന്നവർക്ക് നീ വഴി കാട്ടും അല്ലേ?"

"നാഗയക്ഷിയമ്മേ... പൊറുക്കണം" വാസുകി കരയുകയായിരുന്നു.

അടുത്ത നിമിഷം ശീഷ നാഗത്തിന്റെ ഉടൽ വന്ന് വാസുകിയുടെ ശരീരത്തിൽ ചുറ്റി വരിഞ്ഞു. വാരിയെല്ലുകൾ ചുള്ളിക്കമ്പുകൾ പോലെ ഞെരിഞ്ഞ് ഉടഞ്ഞു പോയി. പത്ത് വട്ടക്കണ്ണുകളിലെ പക വാസുകി കണ്ടു. കൊടും വിഷത്തിന്റെ കൊടിയ ഗന്ധം. മരണം കൺമുമ്പിൽ എത്തിയത് വാസുകി കണ്ടു.

"നാഗയക്ഷിയമ്മേ.. "

ഒരു വിതുമ്പൽ വാസുകിയുടെ തൊണ്ടക്കുഴിയിൽ നിന്ന് ഉണ്ടായി. സർപ്പദംശം പിൻ കഴുത്തിൽ ഏറ്റത് വാസുകി അറിഞ്ഞു. അയാൾ നനഞ്ഞ മണ്ണിലേക്ക് കമഴ്ന്നു വീണു അടുത്ത നിമിഷം ശീഷ നാഗത്തിന് അതിസുന്ദരിയായ ഒരു സ്ത്രീയുടെ രൂപം വന്നു. ശല്ക്കങ്ങൾ പോലെ തോന്നിക്കുന്ന സ്വർണ്ണ നിറമുള്ള ഉടയാടകൾ ഉള്ള ഒരു സ്ത്രീ രൂപം. തിളങ്ങുന്ന മിഴികൾ തിരിച്ച് ആ സുരസുന്ദരി വാസുകിയുടെ ശരീരത്തിലേക്ക് നോക്കി. പിന്നെ, വായ് പിളർന്ന് ഒന്നു ചിരിച്ചു. ഉളിപ്പല്ലുകൾ വജ്രം പോലെ വെട്ടിത്തിളങ്ങി...

"ദേവിയെ ചതിച്ചാൽ... മരണം നിശ്ചയം." അവരുടെ നിശ്വാസത്തിൽ കനത്ത വിഷഗന്ധം ഉണ്ടായിരുന്നു. ചുറ്റുമുള്ള തളിരിലകൾ വാടിക്കരിഞ്ഞു പോയി. നാഗത്തറയ്ക്ക് നേരെ സുന്ദരി നടന്നു. അടുത്ത നിമിഷം നാഗത്തറയ്ക്ക് ഉള്ളിലേക്ക് അവർ അപ്രത്യക്ഷമായി.

******    *****    ******    ******    *******

എറണാകുളത്ത് മഴ തുടരുകയായിരുന്നു. മാരിയറ്റ് ഹോട്ടലിലെ സ്യൂട്ട് റൂമിൽ കബനീ ദേവി ഉണ്ടായിരുന്നു. സ്വർണ്ണ നിറമുള്ള ടോപ്പും കറുത്ത ബോട്ടവും ആയിരുന്നു അവരുടെ വേഷം. ശരീരത്തിന്റെ അഴകളവുകൾ എടുത്തു കാട്ടുന്ന വേഷം. ഡോർ ബെൽ മുഴങ്ങി. കബനീ ദേവി ചെന്ന് വാതിൽ തുറന്നു. അബ്ദുള്ള ആയിരുന്നു മുമ്പിൽ.

"എന്തായി അബ്ദുള്ള കാര്യങ്ങൾ?" കബനീ ദേവി അബ്ദുള്ളയെ നോക്കി.

"പറയാം" അബ്ദുള്ള ധൃതിയിൽ അകത്തേക്ക് വന്നു.

"കപ്പിത്താന്റെ കേസിൽ പൊലീസ് അന്വേഷണം ശക്തമാണ്. ആ ജീപ്പിന് പിന്നാലെയാണ് പൊലീസ് "

"നമ്മുക്ക് എന്തെങ്കിലും കുഴപ്പം? '' കബനീ ദേവിക്ക് അതാണ് അറിയേണ്ടിയിരുന്നത്.

"നിലവിൽ ഒന്നുമില്ല. പക്ഷേ... മാഡം...''

അബ്ദുള്ള പറയാൻ വന്നത് പതിവഴിയിൽ നിർത്തി.

"എന്ത് പക്ഷേ?" കബനീ ദേവി അബ്ദുള്ളയുടെ കണ്ണുകളിലേക്ക് നോക്കി.

"ആ ജീപ്പിനും മഹേന്ദ്രനും പിന്നാലെയുള്ള പൊലീസിന്റെ യാത്ര നമ്മുക്കും ദോഷം ചെയ്യും. ഈ ഹോട്ടലിൽ ആ വണ്ടി വന്നു പോയതിന് സാക്ഷികളുണ്ട്. കപ്പിത്താൻ ഇവിടെ വന്നതിനും" കബനീ ദേവിയുടെ മിഴികൾ ഒന്ന് ഇടുങ്ങി.

അബ്ദുള്ള പറയുന്നതിൽ കാര്യമുണ്ടെന്ന് അവർക്ക് മനസ്സിലായി.

"നമ്മളിപ്പം എന്തു വേണം എന്നാണ് അബ്ദുള്ള പറയുന്നത്?"

"ആദ്യം ഹോട്ടൽ മാറണം. ബാക്കി പിന്നെ ആലോചിക്കാം"

"കപ്പിത്താനെ കൊന്നത് നമ്മൾ അല്ലല്ലോ... പിന്നെന്തിനാണ് അബ്ദുള്ള നമ്മൾ ഭയക്കുന്നത് "

"അതല്ല മാഡം" അബ്ദുള്ളയുടെ സ്വരം ജാഗരൂകമായി.

"ആ പയ്യന്മാരെ പൊലീസിന്റെ കയ്യിൽ കിട്ടിയാൽ നമ്മുടെ മിഷൻ പൊലീസ് അറിയും. ഇതു വരെ ആ സ്വർണ്ണ പ്രതിമയ്ക്കു വേണ്ടി നമ്മൾ നടത്തിയ ശ്രമങ്ങൾ എല്ലാം പാഴാവും''

കബനീ ദേവിയുടെ കണ്ണുകളിൽ ഒരു ചെറിയ ഞെട്ടൽ ഉണ്ടായി. അതിലെ അപകടം അവർ തിരിച്ചറിഞ്ഞു.

"അബ്ദുള്ളാ... " കബനീ ദേവി പതിയെ വിളിച്ചു.

"റൂം വെക്കേറ്റ് ചെയ്യാനുള്ള ഏർപ്പാടുകൾ ചെയ്തോളു"

"എവിടേക്കാ മാഡം"

"മാരിയറ്റ് തന്നെ. എയർപോർട്ടിന് അടുത്തുള്ളത്. പെട്ടെന്ന് ഒരു യാത്ര വേണ്ടി വന്നാൽ അതാണ് സൗകര്യം "

"ശരി" അബ്ദുള്ള തിരിഞ്ഞു.

"അബ്ദുള്ളാ "

പിന്നിൽ നിന്ന് കബനീ ദേവി വിളിച്ചു.

"ഇന്നു സന്ധ്യയ്ക്കല്ലേ... മഹേന്ദ്രനും ടീമും ജാനകിക്കാട്ടിലേക്ക് പുറപ്പെടുന്നത്?"

"അതെ മാഡം."

"ങും'' കബനീ ദേവിയുടെ മുഖത്ത് ഗൂഢമായ ഒരു പുഞ്ചിരി ഉണ്ടായി.

"ദുബൈ ടീം ഇന്നു രാത്രി എത്തും. നൂറു കോടി മോഹിച്ച പിള്ളേർക്ക് തിരു നെറ്റിയിൽ ഓരോ ഈയക്കട്ട സമ്മാനം''

അബ്ദുള്ളയുടെ മുഖത്തും അതേ ചിരി ഉണ്ടായി. അബ്ദുള്ള പുറത്തു കടന്നതും കബനീ ദേവി വാതിൽ അടച്ചു. മേശപ്പുറത്ത് റോയൽ സല്യൂട്ടിന്റെ കുപ്പി ഇരിപ്പുണ്ടായിരുന്നു. കബനീ ദേവി അത് തുറന്ന് ഗ്ലാസിലേക്ക് ഒഴിച്ചു. ഒരു പിടി ഐസ് കട്ടകൾ വാരി അതിലേക്ക് ഇട്ടിട്ട് ഗ്ലാസ് പതിയെ ചുണ്ടോട് ചേർത്തു. കബനീ ദേവിയുടെ കണ്ണുകൾ ആലസ്യത്തിൽ പാതി കൂമ്പി.

*****    ******     ******     ******   ******

ജാനകിക്കാടിന്റെ അതിരിൽ മഹേന്ദ്രനും കൂട്ടരും വന്ന രണ്ട് ജീപ്പുകളും നിന്നു. ആറു പേരും ജീപ്പിൽ നിന്ന് ഇറങ്ങി.

"വാ" 

മഹേന്ദ്രൻ മുമ്പിൽ നടന്നു. പിന്നാലെ മറ്റുള്ളവരും. കലങ്ങി മറിഞ്ഞ് ഒഴുകുകയായിരുന്നു മൂർഖൻ ചാൽ.

"മഹീ..." ഫയാസ് ഓടി മഹേന്ദ്രന്റെ തൊട്ടു പിന്നിൽ എത്തി.

"ആ കപ്പിത്താന്റെ മരണ വാർത്ത ഓൺലൈൻ ചാനലൊക്കെ തകർക്കുവാ. എനിക്ക് വല്ലാതെ പേടി തോന്നുന്നു "

"എന്തിന് ? " മഹേന്ദ്രൻ ഫയാസിനെ തുറിച്ചു നോക്കി.

"നമ്മള് പിടിക്കപ്പെടുമോ മഹീ "

"നീ ആയിട്ട് ഒന്നും വിളിച്ച് പറയാതിരുന്നാൽ മതി. കേട്ടോ. ഇവിടെ കോടികള് കയ്യിൽ വരാൻ പോവാ... അന്നേരമാ" 

മഹേന്ദ്രൻ മുമ്പോട്ട് നടന്നു. പിന്നാലെ മറ്റുള്ളവരും. മൂർഖൻ ചാലിന്റെ കരയിൽ എത്തിയതും തനുജയുടെ നിലവിളി പോലത്തെ ശബ്ദം കേട്ടു.

"മഹീ... അതു കണ്ടോ"

തനുജ വിരൽ ചൂണ്ടിയിടത്തേക്ക് നോക്കിയ മഹേന്ദ്രനും കൂട്ടരും ഞെട്ടിപ്പോയി.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com