ADVERTISEMENT

സമയം 4 മണി. ചെന്നൈ വണ്ടി കോട്ടയം സ്റ്റേഷനില്‍ കിതച്ച് നിന്നു. ഡേവിഡ് സീറ്റിൽനിന്നും എണീറ്റശേഷം വാച്ചിലേക്കു നോക്കി. കുറച്ച് സമയത്തിനുള്ളില്‍ തിരുവല്ല എത്തും. പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ അപ്പോയിന്റ്മെന്റ് എടുത്തിട്ടുണ്ട്.  പരിചയമുള്ള ഡോക്ടറാണ് ഇഎന്‍ടിയില്‍ . എസ്പി ജിഷ സമര്‍ഥയാണ്,  താന്‍ ചെന്നൈയിലില്ലെന്നറിഞ്ഞാല്‍,  അടുത്തത് തന്റെ നീക്കങ്ങളറിയാനാവും ശ്രമം, ആശുപത്രി അഡ്മിഷൻ നാട്ടിലേക്കെത്താനുള്ള കാരണമായി തത്കാലം പറയാം–  ഡേവിഡ് ആലോചിച്ചു. തിരുവല്ല സ്റ്റേഷനില്‍ തേർഡ് ഐയുടെ  വക്കീലന്‍മാര്‍ കാത്തുനിന്നിരുന്നു. അവര്‍ക്ക് നിർദ്ദേശങ്ങൾ നല്‍കിയ  ശേഷം, കാറില്‍  കയറി

ഫ്യൂച്ചര്‍ ടെക്നോളജീസിന്റെ ഓഫീസിലേക്ക് ആ വാഹനം നീങ്ങി. സെക്യൂരിറ്റിക്കാര്‍ക്ക് പുറമെ പോലീസുകാരും ഓഫീസ് പരിസരത്തുണ്ടായിരുന്നു. ഗേറ്റിന് അല്‍പ്പമകലെ കാര്‍ ഒതുക്കിയിട്ടു ഡേവിഡ് ഓഫീസിനുള്ളിലേക്കു നടന്നു.

പേരും വിലാസവും എഴുതി വച്ചിട്ടാണ് ഡേവിഡിനെ അകത്തേക്ക് കടത്തിവിട്ടത്.  മാർക്കറ്റിംഗ് എക്സിക്യുട്ടീവെന്നാണ് ഡേവിഡ് റിസപ്ഷനില്‍ പറഞ്ഞത്. മാര്‍ക്കറ്റിംഗ് മാനേജറെ കാണണമെന്ന് ആവശ്യപ്പെട്ട് അകത്ത് കയറിയ ഡേവിഡ് നടന്നത് പേഴ്സണല്‍ മാനേജറുടെ മുറിയിലേക്കാണ്. വാതിലില്‍ ഡേവിഡ് ഒന്നുതട്ടി. യേസ് കമിന്‍ എന്ന ശബ്ദം കേട്ടു. ഡേവിഡ് അകത്തേക്ക് കയറിയപ്പോള്‍ ഒരു യുവതി പുറത്തേക്കിറങ്ങി.  മാനേജര്‍ സ്വാമി കണ്ണാടിയെടുത്ത് തിരികെ വച്ചു. ഹായ് ജെന്റിൽമെന്‍, വാട്ട് ഡു യു വാണ്ട്?

സര്‍ ഐ ആം ഡേവിഡ്...തേര്‍ഡ് ഐ ലോ ആൻഡ് ഡിറ്റക്ടീവ്സിന്റെ  ഡയറക്ടര്‍.  സ്വാമി അമ്പരന്നു. ഡേവിഡിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടുകളും ചില മാഗസിനില്‍ അടുത്തകാലത്തു വന്നിരുന്നു.   മിസ്റ്റർ സ്വാമി,. എനിക്കറിയാം നിങ്ങള്‍ക്ക് തിരക്കുണ്ടെന്ന്, പക്ഷേ എനിക്ക് അല്‍പ്പസമയം തന്നേപറ്റൂ. എവിടെ വച്ചു കാണണമെന്ന് പറയൂ.ഞാന്‍ അവിടെ വരാം. ഇന്ന് ആറുമണിക്ക് സീഗേറ്റ് ഹോട്ടലിലേക്ക് വരൂ.

നിങ്ങള്‍ക്കാവശ്യമുള്ളതൊന്നും എന്നിൽനിന്നു കിട്ടുമെന്നു തോന്നുന്നില്ല, പക്ഷേ ഞാൻ തീർച്ചയായും എത്താം.  ഡേവിഡ് തിരികെ ഗേറ്റിലെത്തി. അറുമണിവരെ നഗരത്തിൽ ചുറ്റിത്തിരിഞ്ഞു,  പിന്നീട് കൃത്യം ആറിന് സീഗേറ്റ് ഹോട്ടലിലെ റെസ്റ്ററന്റിലെത്തി. ടേബിളുകളില്‍ ആരൊക്കെയോ ഇരിക്കുന്നു. ഡേവിഡ് ഒഴിഞ്ഞ് കിടന്ന ഒരു ടേബിളില്‍ ഇരുന്നു. വെയ്റ്റര്‍ ഓടിയെത്തി. ഒരു ചായ പറഞ്ഞിട്ട് അലസമായെന്ന മട്ടില്‍ ഡേവിഡ് ഇരുന്നു ചുറ്റും നോക്കി.

ഹലോ ഡേവിഡ് സാര്‍. അക്ഷരാര്‍ഥത്തില്‍ ഡേവിഡ് ഞെട്ടി. പരിചയമില്ലാത്ത ഇടത്ത് വച്ച് ഒരു സ്ത്രീശബ്ദം കേട്ടപ്പോള്‍.തിരിഞ്ഞ് നോക്കി.. ഒരു യുവതി. ജീൻസും ടീഷർട്ടും വേഷം. കസേര വലിച്ചു അടുത്തിരുന്നു. വർഷയെ ആ യുവതി വല്ലാതെ ഓർമിപ്പിക്കുവെന്നു ഡേവിഡ് ഓർത്തു. അവൾ പറഞ്ഞു.   ഞാന്‍ ദീപ. വര്‍ഷയുടെയും ജോര്‍ജിന്റെയും സുഹൃത്താണ്. ദീപയെപ്പറ്റി ഡേവിഡിന് അറിയാമായിരുന്നു. ദീപ ഇട്ടിരിക്കുന്ന ചുവന്ന ഡ്രസില്‍ അവള്‍ വര്‍ഷയെപ്പോലെ തന്നെ തോന്നിച്ചു. റെഡ് ബ്ലാക്ക് കോമ്പിനേഷനിലാണ് എപ്പോഴും വര്‍ഷയെ കാണാറുള്ളത്.

എനിക്കറിയാം ദീപ, പറയൂ .ദീപേ 

ഞാന്‍ പത്രത്തിലൂടെയാണ് സംഭവമറിഞ്ഞത്. ഞാന്‍ വര്‍ഷയെയും ജോര്‍ജ്ജിനെയും വിളിച്ച്നോക്കി. മറ്റാരോട് അന്വേഷിക്കാനാണ്.... ഡേവിഡേട്ടന്റെ ഓഫീസ് നമ്പര്‍ ഞാന്‍ നെറ്റില്‍ നോക്കിയെങ്കിലും കിട്ടിയില്ല.  യാദൃശ്ചികമായാണ് ചേട്ടനെ ഇന്ന് ഫ്യൂച്ചര്‍ ഓഫീസില്‍ ഞാന്‍ കണ്ടത്. സ്വാമിയുടെ റൂമിൽ ഞാൻ ഉണ്ടായിരുന്നു. വർഷ പോയ ഒഴിവിൽ ഞാനാണ് അവിടെ വീണ്ടും ജോലിക്കെത്തിയത്. 

വര്‍ഷ അങ്ങനെ ചെയ്യില്ലെന്ന് ആരേക്കാളും ഉറപ്പാണ് എനിക്ക്. കൂടുതൽ പണം കൈയ്യില്‍വന്നാല്‍ത്തന്നെ അവള്‍ക്ക് പരിഭ്രമമാണ്. കോളേജ് കാലം മുതല്‍ അങ്ങിനെയാണ് അവള്‍. ഞാനാണ് അവളെ അവിടെ ജോലിക്ക് കേറ്റിയത്. സാലറി പ്രശ്നം വന്നപ്പോള്‍ ഞാന്‍ കളഞ്ഞ ജോലിയാണ് അവൾക്കു കിട്ടയത്. അവള്‍ക്ക് ആ സാലറി പോലും ധാരാളമായിരുന്നു. പിന്നെങ്ങനെ അവള്‍ ഇങ്ങനൊക്കെ?

ങ്ങും ഞാനും അതാണ് തിരക്കുന്നത്. പത്രത്തില്‍കണ്ട വിവരങ്ങള് മാത്രമേ എനിക്കും അറിയൂ. അവരെ തിരക്കിക്കണ്ടുപിടിക്കാമെന്ന് കരുതിയാണ് ഞാനും വന്നത്.

ഡേവിഡ് വിവരങ്ങൾ മറച്ചു പറഞ്ഞു. 

കുട്ടിയെങ്ങനെ ഫ്യൂച്ചര്‍ ടെക്നോളജീസില്‍ തിരിച്ചുകയറി?

കുറച്ച് ദിവസം മുമ്പ് ജോലിക്ക് കേറാന്‍ പറ്റുമോയെന്ന് ചോദിച്ച് സ്വാമി വിളിക്കുകയായിരുന്നു. എനിക്കാണെങ്കില്‍ പറയത്തക്ക ജോലി ആയിരുന്നുമില്ല. സാലറി കൂട്ടിക്കിട്ടാത്തതിന്റെ ഒരു ആവേശത്തില്‍ രാജി വെച്ചതായിരുന്നു. തിരികെ വിളിവന്നതും ഒപ്പം സാമ്പത്തിക പ്രശ്നങ്ങളുമായപ്പോൾ വീണ്ടും കയറി..

ഡേവിഡ് തന്റെ ഉദ്ദേശം ദീപയോടു ചുരുക്കി പറഞ്ഞു. മാനേജര്‍ സ്വാമിയെ പ്രതീക്ഷിച്ചിരിക്കുകയാണെന്ന് ദീപയോട് പറഞ്ഞപ്പോള്‍ അവള്‍ ചാടിയെണീറ്റു. അയാള്‍ എന്നെ സാറിനൊപ്പം കാണേണ്ട തല്‍ക്കാലം പോട്ടെ സാര്‍. ഫ്യൂച്ചർ ഓഫീസിൽ എന്തു ഹെൽപ്പിനും ഞാനുണ്ടാവും..വരട്ടെ

 ദീപ കൌണ്ടറില്‍ പണം കൊടുത്ത് പുറത്തേക്ക് നടന്നു. തടിച്ചശരീരവുമായി അല്‍പ്പം അണച്ച് കൊണ്ട് മുഖം ടൌവ്വലില്‍ പൊത്തിപ്പിടിച്ച് സ്വാമി തൊട്ടുപിന്നാലെതന്നെ എത്തി. 

സ്വാമി നല്ലൊരു ഇരയാണെന്നു ഡേവിഡിന് തോന്നി. ഭയവും പണത്തോടുള്ള ആര്‍ത്തിയും രണ്ടും മുതലാക്കിയാല്‍ വിവരങ്ങളെല്ലാം തനിയെ പോരും. അയാള്‍ കസേര വലിച്ചിട്ട് ഇരുന്നിട്ട് ചുറ്റും ഭീതിയോടെ നോക്കി.ഡേവിഡയാളെ സകൂതം നോക്കി. ഇണങ്ങാത്ത ഇന്‍സേര്‍ട്ടും മറ്റുമായി അയാള്‍ക്ക് ഒരു കോമാളി ലുക്ക് ഉണ്ടായിരുന്നു.

ചായ വന്നപ്പോള്‍ അയാള്‍ അതെടുത്തു മൊത്തി. 

സ്വാമിക്ക് തോന്നുന്നുണ്ടോ റോബര്‍ട്ടിനെ കൊന്നത് വര്‍ഷയാണെന്ന്? ഡേവിഡ് ചോദിച്ചു. സ്വാമിയുടെ കൈകള്‍ വിറയ്ക്കുന്നത് ഡേവിഡ് ശ്രദ്ധിച്ചു. വിറയല്‍ മറയ്ക്കാന്‍ ചായക്കപ്പ് അയാള്‍ മേശപ്പുറത്ത് വച്ചു. സ്വാമി മുന്നോട്ട് ആഞ്ഞിരുന്നു.വര്‍ഷയെ എനിക്ക് കുറച്ചുകാലമേ അറിയൂ. പക്ഷേ റോബോട്ടിനെ അങ്ങനല്ല. തലതെറിച്ച ചെറുക്കനാണവന്‍. മുതലാളിക്ക് ഒരു സ്ഥിരം തലവേദന. മുമ്പ് നിന്ന കുട്ടിയും ഇവന്റെ ശല്യം കാരണമാ പോയേ. അവന്‍ അവിവേകം കാണിച്ചപ്പോള്‍ അവള്‍ രക്ഷപ്പെടാന്‍ കുത്തിയതോ മറ്റോ ആണെന്നാ  എന്റെ വിശ്വാസം.

റോബര്‍ട്ടിന് ശത്രുക്കള്‍ വല്ലതും?. 

ഉണ്ടോന്നോ ആ ചെറുക്കന് അതേ ഉള്ളൂ. ഫ്യൂച്ചറിന്റെ ബാക്കി അഞ്ച് ഡയറക്ടര്‍മാരുമായും അവന്‍ യുദ്ധത്തിലാ. അതുകൊണ്ട് അവനെ കമ്പനീല്‍ കയറ്റാറില്ലായിരുന്നു. അവന്റെ അമ്മയുടെ നിര്‍ബന്ധം കാരണമാ അടുത്തിടെ ഓപ്പറേഷനൽ മാനേജരാക്കിയത്.പക്ഷേ അവനിങ്ങോട്ട് വരുന്നത് ചെക്കെഴുതി എടുക്കാന്‍ മാത്രമായി. 

അപ്പോള്‍ ഈ മറ്റ് കമ്പനി ഉടമകള്‍ക്ക് ശത്രുത ഉണ്ടാവാം അല്ലേ ഡേവിഡ് ചോദിച്ചു. ഞാന്‍ അങ്ങിനെ പറയില്ല സാര്‍ , ഒരുപാട് ഡയറക്ടർമാരുള്ള ഒരു കമ്പനിയാവുമ്പോ ഇത്തരം ചെറിയ പ്രശ്നങ്ങളൊക്കെ സാധാരണമല്ലേ സാര്‍...

ഗ്രൌണ്ട് ഫ്ലോറില്‍ ക്യാമറയില്ലേ .. ബാക്കി എല്ലായിടത്തും സിസി ക്യാമറ ഉണ്ടല്ലോ? അതൊന്നും കൃത്യമായി പ്രവര്‍ത്തിക്കില്ല സാര്‍. സെക്യൂരിറ്റി ഗെയ്റ്റിലേക്കാണ് കണക്ഷന്‍ അവര്‍ ചിലപ്പോള്‍ നോക്കിയാലായി. ഡേവിഡ് ഇനി എന്താണ് ചോദിക്കേണ്ടതെന്ന് ആലോചിച്ചു. സ്വാമിയെ വിലയിരുത്തിയത് പോരായിരുന്നെന്ന് ഡേവിഡിന് തോന്നി. ഡേവിഡ് രണ്ടായിരത്തിന്രെ 2 നോട്ടു കൊടുത്തു. അയാളത് വാങ്ങി ഡേവിഡിനെ തൊഴുത് പുറത്തേക്കിറങ്ങി. ഡേവിഡ് അയാളുടെ പിന്നാലെ പുറത്തേക്കിറങ്ങി. ടാക്സിക്ക് കൈകാണിച്ച് കയറി. ഇനി എങ്ങോട്ട്?....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com