sections
MORE

അഞ്ച് തലയുള്ള സർപ്പം പ്രതികാരം തുടങ്ങുന്നു

HIGHLIGHTS
  • കെ.വി. അനിൽ എഴുതുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ
  • നാഗയക്ഷി. അധ്യായം- 15
Nagayakshi-15-lesson
SHARE

"സാറേ ..."

മാരിയുടെ സ്വരം വിറച്ചു.

"സാറിനെന്താ പ്രാന്തുണ്ടോ?

അങ്ങനൊന്നും ഭയക്കുന്ന പെണ്ണല്ല വിന്ധ്യാവലി... "

"അതെന്താ മാരീ... അവള് പെണ്ണല്ലേ...

നാട്ടിലെ ഒരു പാട് പെണ്ണുങ്ങളെ കണ്ടിട്ടുള്ളവനാ ഞാൻ ''

" എല്ലാ പെണ്ണുങ്ങളും ഒരേ പോലെ അല്ല സാറേ "

മാരിയുടെ സ്വരത്തിൽ ആവി തിങ്ങി.

" ഇത് വിന്ധ്യാവലിയാ. നാഗയക്ഷിയെ പൂജിച്ച് ....ജീവിതം അതിനു വേണ്ടി മാറ്റി വച്ച് ഒരു ദേവതയെ പോലെ ജീവിക്കുന്ന കന്യക.

സാറിന്റെയീ കത്തി കണ്ടൊന്നും അവള് വിരളത്തില്ല.

കാട്ടിൽ വളരുന്ന പെണ്ണിന് കരളുറപ്പ് കൂടും സാറേ... "

മഹേന്ദ്രൻ ഒന്നു പതറി.

"സാറേ ..., "

മാരി വിളിച്ചു.

"സാറ് തന്ന ബ്രാണ്ടി ഞാൻ കുടിച്ചു.

സാറ് തന്ന കോഴിക്കാല് കടിച്ചു പറിച്ചു.

ലക്ഷക്കണക്കിന് രൂപ തരാം എന്നു പറഞ്ഞപ്പോ മാരിയുടെ കണ്ണ് മഞ്ഞളിച്ചു.

പക്ഷേ,

പക്ഷേ, എനിക്ക് കൃത്യമായിട്ട് അറിയണം സാറേ സാറിന്റെ ഉന്നം എന്താണെന്ന്.

ഒരു കണ്ണുകെട്ടി കളിക്ക് മാരി ഇല്ല"

വിന്ധ്യാവലി ഏതാണ്ട് അമ്പതടി അകലത്തിൽ എത്തിയിരുന്നു.

എന്തൊരു സൗന്ദര്യമാണ് ഇത് എന്നാണ് മഹേന്ദ്രൻ ആ നിമിഷത്തിലും ചിന്തിച്ചത്.

കത്തിയുടെ പിടിയുടെ മീതെ അമർന്നിരുന്ന വിരലുകൾ അയഞ്ഞു പോയി.

"മാരീ ...''

മഹേന്ദ്രൻ വിളിച്ചു.

"നിനക്ക് ഞാൻ പറഞ്ഞ ലക്ഷങ്ങൾ അല്ല അതിലും കൂടുതലു തരാം .

നീ പക്ഷേ, എന്റെ കൂടെ നിൽക്കണം."

"സാറിന് എന്താ വേണ്ടത് "

മാരി മഹേന്ദ്രന്റെ കണ്ണുകളിലേക്ക് നോക്കി.

"എനിക്ക് വേണ്ടത്..."

മഹേന്ദ്രൻ ഒന്നു നിർത്തി.

"എനിക്ക് വേണ്ടത് ... നാഗയക്ഷിയുടെ സ്വർണ്ണ പ്രതിമ

അഞ്ചു തലയുള്ള  നൂറ് കിലോ സ്വർണ്ണം!"

"സാറേ ..."

മാരി നിലവിളിച്ചു പോയി.

"മരണത്തെയാ സാറീ ആവശ്യപ്പെടുന്നത്‌. തലമുറകളോളം നീളും സർപ്പശാപം.

വേട്ടയാടും നാഗങ്ങൾ. "

"കോപ്പ് "

മഹേന്ദ്രൻ ഒന്നു ചുമൽ കൂച്ചി.

"എന്റെ മാരീ... ഇതൊക്കെ വിശ്വാസങ്ങൾ ..... അല്ലല്ല അന്ധവിശ്വാസങ്ങൾ അല്ലേ "

"സാറിന് അങ്ങനെ പറയാം.

പക്ഷേ, അനുഭവം കൊണ്ട് പഠിക്കും"

"ങാ... ഞാൻ പഠിച്ചോളാം"

മഹേന്ദ്രൻ ചുമൽ കൂച്ചി.

"നീ കൂടെ നിൽക്കുമോ... അതു പറയ്.

നിനക്ക് വേണ്ടി കൂടിയാ ഇത്.

പട്ടണത്തിലെ ജീവിതം സുന്ദരിമാർ ... ഒക്കെ നിനക്ക് വേണ്ടേ മാരീ... "

"വേണം"

മാരി പറഞ്ഞു പോയി.

" മിടുക്കൻ "

മഹേന്ദ്രൻ ചിരിച്ചു.

"എങ്കിൽ ഞാൻ എന്തു ചെയ്യണം എന്ന് പറയ്"

"സാറ് സ്നേഹം നടിച്ച് 

വിന്ധ്യാവലിയെ വീഴ്ത്തണം.

അല്ലാതെ കൊന്നാൽ പോലും അവൾ നാഗബന്ധനം പറഞ്ഞു തരില്ല."

"ങും "

മഹേന്ദ്രൻ ഒന്നു തല കുലുക്കി.

വിന്ധ്യാവലി കടമ്പ് മരത്തിന്റെ അടുത്ത് എത്തിയിരുന്നു.

"മാരീ ... "

മഹേന്ദ്രൻ ശബ്ദം താഴ്ത്തി വിളിച്ചു.

"നീ എന്നെ ഒന്നു പരിചയപ്പെടുത്ത് അവൾക്ക്.

പ്രേമിക്കുന്ന കാര്യം ഞാനേറ്റു.

പ്രേമത്തിന്റെ കാര്യത്തിൽ ഞാനൊരു യൂണിവേഴ്സിറ്റി ആണെടാ.."

" എന്ന സാർ"

മാരിക്ക് മനസ്സിലായില്ല.

" ഒന്നുമില്ല"

മഹേന്ദ്രൻ ചുമൽ കൂച്ചി.

"അതൊക്കെ വലിയ വലിയ കാര്യങ്ങൾ ... നീ പരിചയപ്പെടുത്ത്.

ദേ... അവളിങ്ങ് അടുത്ത് എത്തി "

"വാ.. "

മാരി മഹേന്ദ്രന്റെ കൈയിൽ പിടിച്ചു കൊണ്ട് കാട്ടുപാതയിലേക്ക് ഇറങ്ങി.

പെട്ടെന്ന്, മുമ്പിൽ മഹേന്ദ്രനെയും മാരിയെയും കണ്ട വിന്ധ്യാവലി പകച്ചു പോയി.

"അമ്മാ.. " 

മാരി വിന്ധ്യാവലിയെ നോക്കി.

"ഞാൻ മാരി.. "

" അറിയാം"

വിന്ധ്യാവലി പുഞ്ചിരിച്ചു.

കണ്ണഞ്ചി പോവുന്ന സൗന്ദര്യം ആണല്ലോ വിന്ധ്യാവലിക്ക് എന്ന ചിന്തയിൽ ആയിരുന്നു മഹേന്ദ്രൻ.

" ഇത് ... ആരാ ''

വിന്ധ്യാവലി മഹേന്ദ്രനെ നോക്കി.

" ഇത് മഹേന്ദ്രൻ ശാർ ...''

മാരി വിന്ധ്യാവലിയെ നോക്കി.

" സിനിമ പിടിക്കാൻ വന്നതാ "

" ഈ കാട്ടിലോ..."

വിന്ധ്യാവലി ചിരിയോടെ മഹേന്ദ്രനെ നോക്കി.

" കാടിന്റെ പശ്ചാത്തലത്തിലുള്ള കഥയാ."

മഹേന്ദ്രൻ മനോഹരമായി പുഞ്ചിരിച്ചു.

"ഓ "

വിന്ധ്യാവലിയുടെ ചെഞ്ചുണ്ടുകളിലും അതി മനോഹരമായ ഒരു പുഞ്ചിരി ഉണ്ടായി.

"നന്നായി വരട്ടെ"

" വിന്ധ്യാവലിയെ കാണാനാ സാറീ നീലക്കൽ മല കയറി വന്നത്. "

"എന്നെ കാണാനോ ?"

വിന്ധ്യാവലി അത്ഭുതം കൂറി.

"ങാ..."

മഹേന്ദ്രൻ പുഞ്ചിരിയോടെ 

വിന്ധ്യാവലിയെ നോക്കി.

" കാടുമായി ബന്ധപ്പെട്ട ചില സംശയങ്ങൾ ..."

"എനിക്ക് അറിയാവുന്നത് പറഞ്ഞു തരാം .

കുടിയിലേക്ക് വന്നാൽ മതി.

അവിടെയാവുമ്പോൾ  അപ്പാ ഉണ്ട്"

"ഞങ്ങൾ വരാം"

മഹേന്ദ്രൻ ആവേശത്തോടെ പറഞ്ഞു.

" ശരി"

മഹേന്ദ്രനെ വശ്യമായി ഒന്നു നോക്കിയിട്ട് വിന്ധ്യാവലി നടന്ന് അകന്നു.

പുടവ നനഞ്ഞൊട്ടിയ വിന്ധ്യാവലിയുടെ അഴക് അളവുകളിൽ ആയിരുന്നു മഹേന്ദ്രന്റെ കണ്ണുകൾ.

"മാരീ .. "

മഹേന്ദ്രൻ ശബ്ദം താഴ്ത്തി വിളിച്ചു.

" പെണ്ണ് മഹേന്ദ്രന്റെ ചൂണ്ടക്കൊളുത്തിൽ കുരുങ്ങിയെടാ.

ഇനി നീ കണ്ടോ വേട്ട..."

മാരിയുടെ കണ്ണുകളിലും ഒരു തിളക്കം ഉണ്ടായി.

                  **************

കോട്ടയം

ഭരണങ്ങാനം പള്ളിയിൽ നിന്ന് തിരികെ പ്ലാസനാലിലെ വീട്ടിലേക്കുള്ള  യാത്രയിൽ ആയിരുന്നു ശ്രേയയുടെ പപ്പ മാത്യുവും ഭാര്യ മരിയയും.

"എടീ ... പെങ്കൊച്ച് എവിടെ പോയതാണെന്നാ പറഞ്ഞത് ?"

സ്റ്റിയറിംഗ് തിരിക്കുന്നതിനിടെ മാത്യു ഭാര്യയെ നോക്കി.

"ഏതാണ്ട് ട്രെക്കിംഗ്‌ എന്നും പറഞ്ഞ് പോയതാ... "

മരിയ ഒന്ന് മുമ്പോട്ട് ആഞ്ഞിരുന്നു.

"എന്തായാലും ... കൂട്ട് കൂടിയുള്ള ചുറ്റിത്തിരിയല് നിർത്തിയേക്കാൻ പറഞ്ഞേര്.

അടുത്ത വർഷം കെട്ടിച്ച് വിടാനുള്ള പെണ്ണാ "

മാത്യു കാർ വീട്ടിലേക്ക് കയറ്റി നിർത്തി.

മാനേജർ മോനച്ചൻ പോർച്ചിൽ കാത്ത് നിൽപ്പുണ്ടായിരുന്നു.

"സാറേ.. "

മോനച്ചൻ മാത്യുവിനെ നോക്കി.

"എന്താടോ?"

"നമ്മുക്ക് ഏലപ്പാറ വരെ ഒന്നു പോവണം.

അവിടെ യൂണിയൻകാരുമായി ചെറിയ പ്രശ്നം.

സാറ് വന്ന് സംസാരിച്ചാലേ ശരിയാവു"

"ശരി... ഞാൻ വരാം "

മാത്യു സമ്മതിച്ചു.

"കാലക്കേടിന് കുറച്ച് ഏലത്തോട്ടം അവിടെ ഉണ്ടായി പോയില്ലേ..."

മാത്യു വീടിന് നേരെ നടന്നു.

" എപ്പഴാ സാറേ ... പോവുന്നത് "

മോനച്ചൻ പിന്നാലെ വന്നു.

" നാലു മണി കഴിഞ്ഞ് പോവാമെടോ...

താൻ തത്ക്കാലം ഔട്ട് ഹൗസിൽ റെസ്റ്റ് എടുക്ക്..."

മാത്യുവും മേരിയും വീടിന് അകത്തേക്ക് കയറി.

ഒന്ന് തല ചൊറിഞ്ഞിട്ട് മോനച്ചൻ ഔട്ട് ഹൗസിന് നേരെ തിരിഞ്ഞു.

                 **************

സന്ധ്യ

നാഗരാജന്റെ കുടിലിലേക്കുള്ള യാത്രയിലായിരുന്നു മഹേന്ദ്രനും മാരിയും.

മറ്റുള്ളവരോട് ടെന്റിൽ തങ്ങാനാണ് പറഞ്ഞത്.

വിന്ധ്യാവലിയെ പ്രണയത്തിൽ വീഴ്ത്തണം.

നാഗ ബന്ധനത്തിന്റെ രഹസ്യം കണ്ടെത്തണം.

മഹേന്ദ്രന്റെ മനസ്സ് അതു തന്നെ മന്ത്രിച്ചു കൊണ്ടിരുന്നു.

ഈ സമയം...

ഏലപ്പാറ .

ഏലത്തോട്ടത്തിനു നടുവിൽ ജീപ്പ് നിർത്തി യൂണിയൻ നേതാക്കളെ കാത്തു നിൽക്കുക ആയിരുന്നു ശ്രേയയുടെ പപ്പ മാത്യുവും മാനേജർ മോനച്ചനും.

പെട്ടെന്ന്, ചുറ്റും ഇരുട്ട് കൂടിയത് പോലെ തോന്നി.

ശക്തമായ കാറ്റും.

തോട്ടത്തിൽ നിർത്തിയിട്ടിരുന്ന ജീപ്പ് പോലും ഇടംവലം ഉലഞ്ഞു.

"മഴ ചതിക്കുമോടാ മോനച്ചാ ..."

മാത്യു ചോദിച്ചതും ഏലത്തോട്ടത്തിനിടയിൽ നിന്ന് ഒരു സീൽക്കാര ശബ്ദം കേട്ടു .

ഞെട്ടിത്തിരിഞ്ഞ മാത്യു കണ്ടത് ജീവിതത്തിലെ ഏറ്റവും ഭയാനകമായ കാഴ്ച ആയിരുന്നു.

അഞ്ച് തലയുള്ള ഒരു മൂർഖൻ പാമ്പ് പത്തി വിരിച്ച് തന്റെ മുമ്പിൽ.

"അയ്യോ "

അലറിക്കൊണ്ട് മോനച്ചൻ ഓടിക്കളഞ്ഞു.

മാത്യുവിന് ഒന്നു നിലവിളിക്കാനുള്ള സമയം പോലും കിട്ടിയില്ല.

തിരുനെറ്റിയിലാണ് പാമ്പ് ആഞ്ഞു കൊത്തിയത്.

ഒരു ഞരക്കം മാത്രം.

മാത്യുവിന്റെ വായിൽ നിന്ന് ഒരു കവിൾ ചോര പുറത്തേക്ക് ചാടി.

ഏലച്ചെടികൾക്ക് ഇടയിലേക്ക് മാത്യു വീണു.

പകയുടെ സീൽക്കാരം തുപ്പി

അഞ്ച് തലയുള്ള സർപ്പം ഏലച്ചെടികൾക്ക് ഇടയിലേക്ക് ഇഴഞ്ഞിറങ്ങി.

                         ( തുടരും )

English Summary : Nagayekshi / Suspense Horror Thriller E-Novel by K.V. Anil

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
FROM ONMANORAMA