ADVERTISEMENT

 

 

ഓടി വന്ന മോനച്ചൻ യൂണിയൻ നേതാക്കളുടെ മുന്നിൽ കിതച്ചു കൊണ്ട് നിന്നു. വീശിയടിക്കുന്ന തണുത്ത കാറ്റിലും അയാൾ വിയർത്തു കുളിച്ചിരുന്നു. വെള്ളത്തിനായി മോനച്ചൻ ആംഗ്യം കാട്ടി.

 

"എന്താ മോനച്ചൻ സാറേ.. എന്തു പറ്റി? മുതലാളി എന്തിയേ?" യൂണിയൻ നേതാവ്  പരിഭ്രമത്തോടെ ചോദിച്ചു.

 

കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ വെള്ളമെടുക്കാനായി ഓടി. മോനച്ചൻ തളർന്ന് തറയിലേയ്ക്ക് ഇരുന്നു. പെട്ടന്ന് കാറ്റ് വീശിയടിച്ചു.കാറ്റിനോടൊപ്പം ആർത്തലച്ച് മഴയും തുടങ്ങി. 

 

മോനച്ചൻ ചാടി എഴുനേറ്റ് വെപ്രാളത്തോടെ ചുറ്റും നോക്കി .

 

"എന്താ സാറേ ..? " യൂണിയൻ നേതാവ് വീണ്ടും ചോദിച്ചു.

 

" പാമ്പ് ... അവിടെ ... "ജീപ്പ് കിടക്കുന്നിടത്തേയ്ക്ക് കൈ ചൂണ്ടി മോനച്ചൻ വിറയലോടെ പറഞ്ഞു.

 

"ഈ സാറിന് ഇത് എന്തു പറ്റി? നമ്മൾ എത്ര പാമ്പുകളെ തല്ലിക്കൊല്ലുന്നതാ?"

 

"അതല്ല... നമ്മൾ ഇതുവരെ  കണ്ടിട്ടുള്ള പാമ്പിനെ പോലൊന്നുമല്ല .അഞ്ചു തലയുള്ള മൂർഖൻ... അത് ഞങ്ങളുടെ നേർക്ക് പത്തിയും വിടർത്തി ചീറ്റി വന്നു.ഞാൻ ഓടിക്കളഞ്ഞു. മുതലാളി... അവിടെ...."

മോനച്ചൻ ദൂരേയ്ക്ക് കൈ ചൂണ്ടി.

 

" അഞ്ചു തലയുള്ള മൂർഖനോ .... അങ്ങനെ ഒന്നിനെ ഞങ്ങളാരും ഇതുവരെ ഈ കാട്ടിൽ കണ്ടിട്ടില്ല... '' യൂണിയൻ നേതാവ് ചിരിച്ചു.

 

''വരുന്ന വഴിക്ക് നീലചടയൻ പുകച്ചു അല്ലേ......" കൂടെ ഉണ്ടായിരുന്നയാൾ മോനച്ചനെ നോക്കി.

 

"ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കണ്ട..വാ...കാണിച്ചു തരാം..." പറഞ്ഞു കൊണ്ട് മോനച്ചൻ മുന്നോട്ടു നടന്നു .

 

ഒരു സീൽക്കാര ശബ്ദത്തോടൊപ്പം കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ടു.മോനച്ചൻ ഞെട്ടി തിരിഞ്ഞു.

 

''കാറ്റടിച്ചപ്പോൾ കരിയില പറന്നതാ സാറേ..." പറഞ്ഞു കൊണ്ട് യൂണിയൻ നേതാവ് മുമ്പോട്ടു നടന്നു .തൊട്ടരികിലൂടെ ഇഴഞ്ഞു പോയ അഞ്ചു തലയുള്ള മൂർഖനെ ആരും കണ്ടില്ല.

 

"സാറേ ..... ''വിളിച്ചു കൊണ്ട് മോനച്ചൻ ജീപ്പിനടുത്തേയ്ക്ക് ഓടി വന്നു. 

 

മാത്യുവിന്റെ ശരീരം മഴയിൽ കുതിർന്ന്  കാട്ടിനുള്ളിൽ കിടപ്പുണ്ടായിരുന്നു. വെളുത്തു തുടുത്ത ശരീരം കരിനീല നിറമായി മാറിയിരിക്കുന്നു. നെറ്റിയിൽ പാമ്പു കൊത്തിയ അഞ്ച് പാടുകൾ. മുറിവുകളിൽ നിന്ന് പൊടിഞ്ഞിരിക്കുന്ന ചോരയ്ക്കു പോലും നീല നിറം.എല്ലാവരും ഭയപ്പാടോടെ പരസ്പരം നോക്കി.

 

"നിങ്ങളൊന്നു പിടിക്ക്... നമുക്ക് മാത്യു സാറിനെ  ആശുപത്രിയിൽ എത്തിക്കാം."മോനച്ചൻ തിരിഞ്ഞു."ഇനി കൊണ്ടു പോയിട്ട് കാര്യമില്ല...എല്ലാം കഴിഞ്ഞു.'' യൂണിയൻ നേതാവ് മറ്റുള്ളവരെ നോക്കി.

 

" ശവശരീരം ഇവിടിങ്ങനെ  ഇട്ടോണ്ടിരിക്കാൻ പറ്റില്ലല്ലോ.. നമുക്ക് എന്തായാലും ആശുപത്രിയിൽ എത്തിക്കാം.'' പറഞ്ഞു കൊണ്ട് കൂടെയുള്ള ആൾ മുൻപോട്ടു വന്നു.

 

എല്ലാവരും കൂടെ മൃതദേഹം എടുത്ത് ജീപ്പിൽ കിടത്തി.കൈ തൊട്ട ഭാഗങ്ങളിലെ എല്ലാം തൊലി പൊളിഞ്ഞ് എല്ലാവരുടെയും കൈകളിൽ പിടിച്ചു.

 

"കൊടും വിഷമുള്ള ഇനമാ... അതാ തൊലി ഉരിഞ്ഞു പോരുന്നത്.'' പറഞ്ഞു കൊണ്ട് യൂണിയൻ നേതാവ് മഴവെള്ളത്തിലേയ്ക്ക് കൈകൾ നീട്ടി. അറപ്പോടെ മഴവെള്ളത്തിൽ കൈ കഴുകിയിട്ട് മോനച്ചൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു.ഒരു ഇരമ്പലോടെ ജീപ്പ് മുമ്പോട്ടു കുതിച്ചു.ഇലകൾക്കിടയിൽ പതുങ്ങി കിടന്ന അഞ്ചു തലയുള്ള മൂർഖൻ പതിയെ ഇഴഞ്ഞ് റോഡിലേയ്ക്ക് ഇറങ്ങി.പിന്നെ മിന്നൽ വേഗത്തിൽ ഇഴഞ്ഞു പോയി.

 

 

                       * * * *

വെളുത്ത വാവു ദിവസം ആയിരുന്നെങ്കിലും നീലക്കൽമലയിൽ ഭീതിപ്പെടുത്തുന്ന ഒരു തരം ഇരുട്ട് നിറഞ്ഞിരുന്നു. മൂർഖന്റെ ദംശനം ഏറ്റതു പോലെ ആകാശവും കറുത്ത് കരുവാളിച്ച് കിടന്നിരുന്നു. കാട്ടുകടമ്പിന്റെ കമ്പ് കുത്തി പിടിച്ച് മാരി മുമ്പിൽ നടന്നു. പിന്നിൽ നടന്നുവരുന്ന മഹേന്ദ്രന്റെ മനസ്സുനിറയെ വിന്ധ്യാവലി ആയിരുന്നു. വിന്ധ്യാവലിയെ കുറിച്ച് ഓർത്തതും മഹേന്ദ്രന് ഉത്സാഹം കൂടി.

 

''എന്റെ മാരീ... ഇങ്ങനെ ഇഴഞ്ഞു നീങ്ങിയാൽ നേരം വെളുത്താലും നമ്മൾ മലയിൽ എത്തില്ല...ഇങ്ങോട്ടു മാറ്..ഞാൻ മുമ്പിൽ നടക്കാം... " മാരിയുടെ മുമ്പിൽ കയറി മഹേന്ദ്രൻ നടന്നു തുടങ്ങി.

 

"സാർ ..വേണ്ട സാർ ... ഞാൻ മുമ്പേ പോകാം. നമ്മൾ പോകുന്ന വഴിക്കെല്ലാം നാഗപുറ്റുകൾ ഉണ്ട്. അതിലൊന്നും തട്ടാതെ വേണം പോകാൻ. പുറ്റുകൾ നശിപ്പിച്ചാൽ നാഗങ്ങൾ പിൻതുടർന്ന് കൊല്ലും.''

 

''പിന്നേ... നാഗങ്ങൾക്ക് അതിനല്ലേ നേരം...അങ്ങനെയാണെങ്കിൽ ഈ പാമ്പുപിടിത്തക്കാരൊക്കെ എന്നേ ചത്തുപോയേനേ.....''മഹേന്ദ്രൻ ചിരിച്ചു കൊണ്ട് മുൻപോട്ടു നടന്നു. 

 

പെട്ടന്ന് മഹേന്ദ്രന്റെ കാല് ഒരു മൺകൂനയിൽ തട്ടി.

 

" സാറേ...." മാരി പേടിയോടെ വിളിച്ചു.

 

കാലുകൊണ്ട് മൺകൂനയ്ക്ക് നേരേ ഒന്നുകൂടി തട്ടിയിട്ട് മഹേന്ദ്രൻ വീണ്ടും നടന്നു. "എന്റെ നാഗത്താൻമാരേ... കത്തോളണേ..." കൈകൂപ്പിക്കൊണ്ട് മാരി ഒന്നു നിന്നു.

 

"മാരീ...''

 

മഹേന്ദ്രൻ ദേഷ്യത്തിൽ തിരിഞ്ഞു നോക്കി.മഹേന്ദ്രനും മാരിയും വീണ്ടും മല കയറി തുടങ്ങി.

 

                  * * * * * *

ആരെയോ പ്രതീക്ഷിച്ചിട്ടെന്നപോലെ  മുറ്റത്തെ അരിമുല്ല ചെടിയിൽ പിടിച്ച് ദൂരേയ്ക്കു നോക്കി നിൽക്കുകയായിരുന്നു ചെമ്പരത്തി. പെട്ടന്ന് പിന്നിൽ നിന്ന് ഒരു സീൽക്കാരശബ്ദം കേട്ടു . തിരിഞ്ഞു നോക്കിയ ചെമ്പരത്തിയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായി. അഞ്ചു തലയുള്ള മൂർഖൻ പത്തി വിരിച്ചു നിൽക്കുന്നു. ചെമ്പരത്തി ഒന്നു കൈ നീട്ടിയപ്പോൾ അത് പത്തി താഴ്ത്തി അനുസരണയുള്ള നായ കുട്ടിയെ പോലെ തറയിൽ കിടന്നു.ചെമ്പരത്തി കുടിലിന്റെ വാതിൽക്കൽ വച്ചിരുന്ന മൺപാത്രം എടുത്ത് മൂർഖന്റെ മുമ്പിൽ കൊണ്ടു വച്ചു.

 

ഒരു പാത്രം നിറയെ പാൽ ...അനുസരണയോടെ പാൽ മുഴുവൻ കുടിച്ചു തീർത്തിട്ട് അടുത്ത ആജ്ഞയ്ക്കായി അത് ചെമ്പരത്തിയെ നോക്കി. പെട്ടന്ന് ചെമ്പരത്തിയുടെ മുഖം വലിഞ്ഞു മുറുകി. എരിയുന്ന കണ്ണുകളോടെ ചെമ്പരത്തി നീലക്കൽമലയിലേയ്ക്ക് നോക്കി. അടുത്ത ക്ഷണം ഒരു സീൽക്കാരത്തോടെ മൂർഖൻ പാഞ്ഞു പോയി.

 

                  

                        * * * *

മഹേന്ദ്രനും മാരിയും വിന്ധ്യാവലിയുടെ വീട്ടിലേയ്ക്കുള്ള വഴിയിൽ എത്തിയിരുന്നു.

 

''എടോ മാരീ...'' വീളിച്ചുകൊണ്ട് മഹേന്ദ്രൻ നിന്നു. ''എന്താ സാർ...?'' മാരി മഹേന്ദ്രനെ നോക്കി.

 

''എടോ അവളുടെ അപ്പൻ കുടിലിൽ കാണുമോ?" 

"നമുക്ക് നോക്കാം സാർ.. '' മാരി മുൻപോട്ടു നടന്നു.

 

'' മാരീ... താനൊന്ന് നിൽക്ക്.ഞാൻ പറയട്ടെ...'' മാരി തിരിഞ്ഞു നിന്നു.

 

'' അയാൾ അവിടുണ്ടെങ്കിൽ നീ അയാളെ എന്തെങ്കിലും പറഞ്ഞ് അവിടെ നിന്നും മാറ്റണം. എന്നിട്ട് നിന്റെ കൈയ്യിലുള്ള കുപ്പി അയാളെക്കൊണ്ട് കുടിപ്പിക്കണം.''

 

''സാറേ ... എനിക്ക് പേടി തോന്നുന്നു. എന്തെങ്കിലും കുഴപ്പമുണ്ടാവുമോ ?'' മാരി പേടിയോടെ മഹേന്ദ്രനെ നോക്കി.

 

"താൻ ഒന്നുകൊണ്ടും പേടിക്കണ്ട. നമ്മൾ പ്ലാൻ ചെയ്തതുപോലെ തന്നെ കാര്യങ്ങൾ നടക്കും. നേരം വെളുക്കും മുമ്പ് വിഗ്രഹവുമായി നമ്മൾ മലയിറങ്ങും.''

 

''താൻ ചെല്ല്... ഞാൻ ഇവിടെ നിൽക്കാം."

 

ഒരു മരത്തിന്റെ പിന്നിലേയ്ക്ക് മാറി മഹേന്ദ്രൻ ഒതുങ്ങി നിന്നു. ഒന്നുകൂടി തിരിഞ്ഞ് നോക്കിയിട്ട് മാരി കുടിലിനു നേരേ നടന്നു. ഇല പടർപ്പുകൾ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ട് മാരി ഞെട്ടി തിരിഞ്ഞു. തൊട്ടുമുമ്പിൽ അഞ്ചു തലയുള്ള കരിനാഗം ഫണം വിരിച്ചു നിൽക്കുന്നു.

 

''അമ്മാ...''

 

അലർച്ചയോടെ മാരി തിരിഞ്ഞോടി.. പിന്നാലെ ഒരു സീൽക്കാരത്തോടെ കരിമൂർഖനും.

                                 (തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com