ADVERTISEMENT

സിഐ ഹരിദാസ് ഒരു ലാത്തിയുമായി അകത്തേക്കു വന്നു. ഭീതിയോടെ അയാൾ ലാത്തിയിലേക്കു നോക്കി. ഡേവി‍ഡ് ഒരു സിഗരറ്റിനു തീകൊളുത്തി, ശേഷം കസേരയിൽ അയാളുടെ മുന്നിലിരുന്നു.  അന്ന് എന്താ സംഭവിച്ചത്. വര്‍ഷയും മുതലാളീടെ മകനും ഒരുമിച്ച് പോയ ആ ദിവസം.... പറയൂ. 

ഞാന്‍ കാണാറുണ്ട് ഓഫീസിലെ ചിലരെ  നേരംവൈകി കൊച്ചുമുതലാളി കൊണ്ടെവിടുന്നത്. അന്നും അത് പോലെയായിരുന്നുവെന്നാണ് ഞാൻ കരുതിയത്. പക്ഷേ അന്ന് എനിക്ക് എന്തോ പിശകുപറ്റിയതുപോലെ. ആകെ‌ കുഴഞ്ഞു മറിഞ്ഞിരുന്നു.  ഈ കൊച്ചിനെ ഞാന്‍ പിന്നീടും കണ്ടത് പോലെ തോന്നി.  അതെ കൊച്ചുമുതലാളി പിന്നെ തിരിച്ചുവന്നു. വീണ്ടും ആ കൊച്ചുമായി പുറത്തേക്കു പോയപോലെ?. ഞാന്‍കരുതി ഇരുന്ന് മയങ്ങിയപ്പോള്‍ സ്വപ്നം കണ്ടതാവുമെന്ന്. ആദ്യം പോയപ്പോള്‍ എന്നെ നോക്കി ചിരിച്ചു. രണ്ടാമത് അപ്പുറത്തേക്ക് നോക്കിയിരിക്കുവാരുന്നു . പക്ഷേ എനിക്ക് ഉറപ്പു പറയാനാവില്ല..

തന്റെ അടുത്തുനിന്ന ദീപയെ  ഡേവിഡ് ചേർത്തു പിടിച്ചു.  ഒരു ടീഷർട്ട് തലയിലൂടെ ഇറക്കി.  ദീപയുടെ കൈകള്‍ കൈയ്യില്‍പിടിച്ച് ഡേവിഡ് അയാളുടെ നേര്‍ക്ക് തിരിച്ചു. നി ഈ കൊച്ചാണോ അന്നു വണ്ടിയിലുണ്ടായിരുന്നത്.. ജയരാമ‍ൻ തുറിച്ച കണ്ണുകളോടെ അവളെ നോക്കി.  അതെ  മുടി ഇങ്ങനെ കെട്ടിവച്ചാല്‍ രണ്ടുപേരും ഒരുപോലിരിക്കും.അതെ ഈ കൊച്ച് തന്നെ. ദീപ കുതറുന്നുണ്ടായിരുന്നു. കള്ളം... കള്ളം ഞാനെന്തിന് അവിടെ വരണം. ഞാനല്ല അത്... അവള്‍ നിലവിളിച്ചു. 

ഗ്രൌണ്ട് ഫ്ലോറിലെ സിസി ക്യാമറ വിഷ്വലുള്ള ലാപ്ടോപ്പ് ഡേവിഡ് ഓണാക്കി. ദീപയും റോബര്‍ട്ടും സംസാരിക്കുകയാണ്. ദീപ ഫോണ്‍ ചെവിയോടടുപ്പിക്കുന്നു. പിന്നീട് ഇരുവരും കാറില്‍ കയറി പുറത്തേക്ക് പോകുന്നു. ഏവരും ആ ദൃശ്യങ്ങൾ കണ്ട് അമ്പരന്നു. 

 ഇനി പറ ദീപേ എന്താ ആ രാത്രി സംഭവിച്ചത്. ദീപ പൊട്ടിക്കരഞ്ഞ് കൊണ്ട് തറയിലിരുന്നു.ആവര്‍ത്തിച്ച് ഡേവിഡ് ചോദിച്ചു.പോരെങ്കില്‍ ഇനിയും കാണിക്കാം. ക്ലബിലെ ടിവി റെക്കോര്‍ഡര്‍ ഡേവിഡ് പ്ലേചെയ്തു. ഡേവിഡിന്റെ വീട്ടിലെ ദൃശ്യങ്ങളാണ്. ഡേവിഡും ദീപയും മദ്യപിക്കുന്നു ഡേവിഡിനെ റൂമിലാക്കിയിട്ട് അവള്‍ പുറത്തുനിന്നെത്തിയ ചിലരെ ലൈബ്രറി കാണിച്ചുകൊടുക്കുന്നു. ലൈബ്രറിയിലെ സേഫിലെ അലാം ശബ്ദിക്കുന്നതുകേട്ടു അവൾ വിരണ്ടു പുറത്തേക്കിറങ്ങുന്നു...

സിഐ ഹരിദാസ് ദീപയെ സൂക്ഷിച്ചു നോക്കി. ജിഷ ദീപയുടെ കൈത്തണ്ടയിൽ പിടിമുറുക്കി.   ഒരാള്‍കൂടി വരാനുണ്ട്. രണ്ട് പോലീസുകാരുടെ അകമ്പടിയോടെ സ്വാമിയും എത്തി. ഇരുവരും പരസ്പരം നോക്കി. കഥ നമുക്ക് ഈ ആസാമിയില്‍ തുടങ്ങാം. റോബര്‍ട്ടിന്റെ അമ്മ മരിച്ച് വളരെ നാളുകള്‍ക്ക്ശേഷം ഫ്രാന്‍സിസ് പുനവിവാഹം ചിന്തിക്കുമ്പോഴാണ് സ്വാമി ഈ കമ്പനിയിലേക്ക് എത്തുന്നത്. സ്വാമിയുടെ പഴയ കമ്പനി മാനേജര്‍ ആത്മഹത്യ ചെയ്തത് സാമ്പത്തിക പ്രതിസന്ധി കാരണമായിരുന്നില്ല ഭാര്യയുടെ ദുര്‍ന്നടപ്പ് കൊണ്ടായിരുന്നു. ആ സ്ത്രീയാണ് അന്നമ്മ. ഫ്രാന്‍സിസിന്റെ ഇപ്പോഴത്തെ ഭാര്യ. ആ വിവാഹത്തിനു ഇടനില സ്വാമിയായിരുന്നു.

അത്യവശ്യം തട്ടിപ്പും കാശടിച്ചുമാറ്റലുമൊക്കെയായി സുഖമായി കഴിയുമ്പോഴാണ് ഫ്രാന്‍സിസ് രോഗബാധിതനാകുന്നത്. അപ്പോഴേക്കും പഠനം കഴിഞ്ഞെത്തിയ മകനെ ചീത്തയാക്കുന്നതില്‍ ഇവര്‍ വിജയിച്ചിരുന്നു. കഞ്ചാവും ബ്രൌണ്‍ഷുഗറും യഥേഷ്ടം അവന് ലഭ്യമാക്കി. അപ്പോഴേക്കും ദീപയും എത്തി ദീപയുടെ കൈയ്യിലെ പാവയായി റോബോര്‍ട്ട്. സ്വാമി ഇതിന് പിന്തുണ കൊടുത്തു. ഫ്രാന്‍സിസ് ഇതറിഞ്ഞ് ദീപയെ പുറത്താക്കി. ദീപ പകരം അവിടേക്കയച്ചത് വര്‍ഷയെ, വര്‍ഷയെ അയയ്ക്കാന്‍ കാരണമുണ്ടായിരുന്നു. റോബര്‍ട്ട് വര്‍ഷയെ വളയ്ക്കുമെന്ന് ദീപയ്ക്ക് ഉറപ്പുണ്ടായിരുന്നു. 

എന്താണ് സ്വന്തം കൂട്ടുകാരിയോട് ഇങ്ങനെ ദുഷ്ടത്തരം കാട്ടിയത് ദീപേ?, ഡേവിഡ് ചോദിച്ചു....

ജോര്‍ജ്ജ്- ദീപ തല താഴ്ത്തി പറഞ്ഞു

അതെ ജോര്‍ജ്ജ്., കോളേജില്‍ സഹപാഠികളായിരുന്നു വര്‍ഷയും ദീപയും, പക്ഷേ അത്ര നല്ല സൗഹൃദമായിരുന്നില്ല- ജോര്‍ജ്ജുമായുള്ള വർഷയുടെ പ്രണയത്തില്‍ അസൂയയായിരുന്നു ദീപയ്ക്ക്. അന്ന് പലപ്പോഴും ഇവര്‍തമ്മില്‍‌ അതിന്റെ പേരില്‍ വഴക്കിട്ടിട്ടുമുണ്ട്.ജോര്‍ജിനെ വര്‍ഷയില്‍ നിന്നകറ്റാന്‍ ദീപക്ക് തോന്നിയ വളഞ്ഞബുദ്ധിയായിരുന്നു റോബര്‍ട്ട്. പക്ഷേ ലഹരിയില്‍ അടിതെററിയ റോബോര്‍ട്ട് വര്‍ഷയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു.

പിന്നെ എന്താണ് സംഭവിച്ചത് ദീപേ...ഉം പറയൂ...

വര്‍ഷയെ റേപ്പ് ചെയ്യാൻ നോക്കിയപ്പോൾ, അവൾ  കുത്തിയെന്നും. അവളെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിന് പോലീസ് പിടിക്കുമെന്നും പറഞ്ഞ് ലഹരിയിറങ്ങിയ റോബോര്‍ട്ട് എന്നെ വിളിച്ചു. ഞാന്‍ സ്വാമിയെ വിളിച്ചു പറഞ്ഞു.

ഇനി സ്വാമി ബാക്കി പറ. ജിഷ സ്വാമിയുടെ കവിള്‍നോക്കി ഒന്ന് പൊട്ടിച്ചു. ഞാൻ  ദീപയോട് യൂണിഫോമിട്ട് വരാന്‍ പറഞ്ഞു. വര്‍ഷയെയും ദീപയെയും കണ്ടാല്‍ നല്ല സാദ്യശ്യമുണ്ടായിരുന്നു. പിന്നാലെ ചെറിയ ഗേറ്റിലൂടെ അവള്‍ അകത്തുകയറി.  

ഇനി ഞാൻ പറയാം

 റോഡില്‍ വര്‍ഷ കാത്തുനില്‍പ്പുണ്ട്. സമാധാനിപ്പിച്ച് കൂട്ടിക്കൊണ്ട് വരാമെന്ന് പറഞ്ഞ് റോബർട്ടിനെ ദീപ  അവിടേക്കു കൊണ്ടുപോയത്. വർഷ ഉടൻ വരുമെന്നു വിശ്വസിപ്പിച്ച് ദീപ അയാളെ കാത്തുനിൽക്കാൻ പ്രേരിപ്പിച്ചു . അതിനിടയിൽ ബ്രൌണ്‌ഷുഗര്‍ നൽകി . വർഷയുടെ കൈയ്യിൽനിന്നും വീണ കത്തിയും ഐഡി കാർഡും  കാറിലുണ്ടായിരുന്നു, അവിടെവച്ച വർഷ പൂർത്തിയാക്കാതെ പോയത് ഇവർ പൂർത്തിയാക്കി. കുറ്റം വർഷയുടെ മേൽ വരും. ഒരു വെടിക്കു കുറേ പക്ഷികൾ. ജോർജ്ജ്, അന്നാമ്മ, സ്വത്ത്..

ആരാണ് കുത്തിയത് സ്വാമിയോ?, ദീപയോ?

ദീപ നിഷ്കളങ്ക ഭാവം മുഖത്ത് പ്രതിഫലിപ്പിച്ചു സ്വാമിയെ നോക്കി, സ്വാമി ഭയന്നു കണ്ണുകൾ തുറിച്ചു കൈ വീശി അല്ല എന്നാഗ്യം കാണിച്ചു.. ദീപേ അഭിനയിക്കേണ്ട. എച്ച്എം ഫാക്ടറിക്കുള്ളിൽ കുഴിച്ചിട്ട നിലയിൽ രക്തം പുരണ്ട ഗ്ളൗസും കത്തിയും ലഭിച്ചു വിരലടയാളം ദീപയുടേതാണെന്നു തെളിഞ്ഞു കഴിഞ്ഞു. 

എന്തിന് ഇതൊക്കെ, ഹരിദാസ് ചോദിച്ചു. 

ഡേവിഡ് പറഞ്ഞു, രണ്ട് ക്രിമിനല്‍  മൈന്‍ഡുള്ള സ്വാര്‍ഥർ  ഒന്നിച്ചപ്പോള്‍ അവിടെ ഒരു ക്രൈം ഉണ്ടായി. ഏതായാലും എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഒരു ബ്ലാക്ക് മെയിലിങ്ങിൽ ദീപയെ കുടുക്കാന്‍ ഇതെല്ലാം സൂക്ഷിക്കാന്‍ തോന്നിയത് വളരെ നന്നായി സ്വാമി. താൻ സ്വയം കുടുങ്ങിയെന്ന് പറയാം....

ചെന്നൈ വണ്ടി കോട്ടയം സ്റ്റേഷനിലേക്ക് ഇഴഞ്ഞെത്തി. തോളിലൊരു ബാഗുമായി ഡേവിഡ് യാത്രയ്ക്ക് തയ്യാറായി നിന്നു. പുതിയ ജീവിതത്തിന്റെ പ്രതീക്ഷകളുമായി വര്‍ഷയും ജോര്‍ജും തോളോട് തോളുരുമ്മി നിന്നു. തിരക്കുകൂട്ടി ബോഗിയില്‍ കയറിയശേഷം ഡേവിഡ് അവരെ നോക്കി കൈവീശി. ഓവർബ്രിഡ്ജിനടിയിലൂടെ ആ ട്രെയ്ൻ ഭാഗ്യനഗരമായ ചെന്നൈയിലേക്കു യാത്ര തുടർന്നു....

(അവസാനിച്ചു)
 

English Summary : Third Eye Chapter 10 - Detective Novel by Jalapalan Thiruvarpu 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com