sections
MORE

പൗരാണിക ഭാരതത്തിലെ ഇലുമിനാറ്റി; ദി സീക്രട്ട് നൈൻ

HIGHLIGHTS
  • ജലപാലൻ തിരുവാർപ്പ് എഴുതുന്ന സൈ– ഫി– ത്രില്ലർ നോവൽ
  • അശോകന്റെ പടയാളികൾ ∙ അധ്യായം - 1
ashokante-padayalikal-e-novel-chapter-1-special-image
SHARE

വീർ സവർക്കർ എയർപോർട്ട്,  ആകാശത്ത് മേഘങ്ങൾ ഘനീഭവിച്ചു നിന്നു.  വിൻഡ് സോക്കുകൾ പറിച്ചെറിയുന്നതുപോലെ കാറ്റ് ചീറിയടിച്ചു കൊണ്ടിരിക്കുന്നു.  7 മണിയായപ്പോൾത്തന്നെ കനത്ത അന്ധകാരത്തിലാണ് ആൻഡമാൻ. ക്ളൗഡ് ബസ്റ്റ് മുന്നറിയിപ്പിനെത്തുടർന്ന് വിമാനത്താവളം താത്കാലികമായി അടച്ചിട്ടിരിക്കുന്നു. ഏപ്രണില്‍ നിശ്ചിത അകലങ്ങളിൽ എയർക്രാഫ്റ്റുകൾ വിശ്രമിക്കുന്നു.  

എയർ ട്രാഫിക് കൺ‌ട്രോളിൽ ഇൻ ചാർജുള്ള ഓഫീസർ സുഖ്ദേവ് സിങ്  വളരെ അലസമായി ഇരുന്നു.ഫ്രൈഡ് നട്സിന്റെ പാക്കറ്റുകള്‍ ഒഴിഞ്ഞു കൊണ്ടിരുന്നു.  പെട്ടെന്നാണ് മോണിറ്ററിംഗ് യൂണിറ്റിൽ ഒരു ബിന്ദു പ്രത്യക്ഷപ്പെട്ടത്.. ആദ്യം അവ്യക്തമായ മുരളലുകൾ.. പെട്ടെന്ന് സ്പീക്കറിൽ ഒരു നിലവിളി ഉയർന്നു...മേയ് ഡേ..മേയ് ഡേ....മേയ് ഡേ...

സെക്യൂരിറ്റി അസംബ്ളി പോയന്റിലേക്ക് ഓഫീസർമാർ ഓടിയെത്തി. എയർപോർട്ടിലെ ഫയർ ബ്രിഗേഡ്  നിമിഷങ്ങൾക്കുള്ളിൽ ആക്ടീവായി. അൽപ്പസമയത്തിനകം ആകാശത്ത് ഒരു ബിന്ദു പ്രത്യക്ഷപ്പെട്ടു. റൺവേയിലേക്ക് ഒരു ചെറിയ സെസ്ന ക്രാഷ് ലാൻഡ് ചെയ്തു.  റൺവേയിൽ തീപ്പൊരി ചിതറി.  വശത്തേക്ക് വിമാനം തെന്നി മാറി. ആംബുലൻസും ഫയർ ഫൈറ്റിങ് വാഹനവും ആ വിമാനത്തിനടുത്തേക്ക് കുതിച്ചു. മിനിറ്റുകൾക്കുള്ളിൽ ഒരു ആംബുലൻസ് എയർപോർട്ടിൽ നിന്നിറങ്ങി സൈനികാശുപത്രി ലക്ഷ്യമാക്കി പാഞ്ഞു..ഒരു ഇടിമുഴക്കം എയർപോർട്ട് വീണ്ടും അന്ധകാരത്തിലായി.

*******

"ഇരുൾ, തീപന്തങ്ങളുടെ പ്രകാശം, ആരെയോ പിന്തുടരുന്നതുപോലെ കാടാകെ ഇളകി മറിയുന്നു. ചെളിയിലും വെള്ളത്തിലും പുതയുന്ന ഷൂ വലിച്ചെറിഞ്ഞു അയാൾ ഓടി, പിന്നാലെ നിരവധി പാദപതനങ്ങൾ, അവ്യക്തമായ സ്വരങ്ങൾ, കാടിന്റെ മറവിട്ടു പുറത്തേക്ക് അയാൾ ഇറങ്ങി കൈയ്യിലെ വസ്തു പിടിവിട്ടു പോകാതിരിക്കാന്‍ മാറോടടക്കി പുൽപ്പരപ്പിലൂടെ അയാൾ നിർത്താതെ ഓടി, തൊട്ടടുത്തുകൂടി മൂളിക്കൊണ്ടു പറക്കുന്ന ആയുധത്തിന്റെ ശബ്ദം, തലയുടെ പിന്നിലായി എന്തോ വന്നു തറച്ചു"

പെട്ടെന്ന് ഡോ. ജീവൻ ജോബ് കണ്ണുകൾ തുറന്നു...നേരിയ ഇരുൾ.. യന്ത്രങ്ങളുടെ മുരളലുകൾ... അനങ്ങാൻ ശ്രമിച്ചു..ദേഹമാകെ വേദന. കിടന്നുകൊണ്ട് കണ്ണെത്താവുന്ന സ്ഥലങ്ങളിലേക്ക് ജീവൻ നോക്കി...ആരുടെയോ കാലടി ശബ്ദം....ഒരു കർട്ടൻ മാറ്റി ഡോക്ടറും നഴ്സും കടന്നു വന്നു... ഹായ് ഡോ. ജെജെ...പേടിക്കേണ്ട.. ഞാൻ ഡോ അരുണ അഗർവാള്‍, ലെഫ് കമാൻഡർ നേവി, നിങ്ങളിപ്പോള്‍ നേവി ഹോസ്പിറ്റലിലെ ക്യാഷ്യാലിറ്റിയിലാണ്.  ക്രാഷ് ലാൻഡിങ്ങിനിടെയിലുണ്ടായ ചെറിയൊരു പരുക്ക് രണ്ട് ദിവസത്തിനകം എണീക്കാം...താങ്കളുടെ വീട്ടില്‍ ഇൻഫോം ചെയ്തി‌ട്ടില്ല..ചോദിച്ചിട്ട് ചെയ്യാമെന്ന് കരുതി...

നോ..വേണ്ട...വാ തുറക്കാൻ ശ്രമിച്ച ജോബിന് വല്ലാതെ വേദനിച്ചു...

സോറി ഡോക്ടർ..സംസാരിക്കേണ്ട..താടിയെല്ലിന് ചെറിയ ഒരു പൊട്ടൽ ഉണ്ട്... ഉടൻ ശരിയായിക്കോളും. ജീവൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു.. നഴ്സ് ഒരു റൈറ്റിംഗ് പാഡ് എടുത്തു നൽകി..

ജെ ജെ എഴുതി – വേർ ഈസ് മൈ ബ്രീഫ്കേസ് 

അരുണ നഴ്സിനെ നോക്കി, അവർ പറഞ്ഞു. എയർപോർട് സെക്യൂരിറ്റീസിന്റെ കൈവശമുണ്ട്..

താങ്കൾ ഉണർന്നാൽ അവരെ അറിയിക്കണമെന്നു പറഞ്ഞിരുന്നു.. 

റെസ്റ്റെടുത്തോളൂ..ഞാൻ അവരെത്തുന്നത് ഒരു 2 മണിക്കൂർ വൈകിക്കാം

ഡോക്ടർ അടുത്ത റൂമിലേക്കു പോയി

ചാനൽ ക്യാമറയിലേക്ക് നോക്കി മൈക്ക് കൈയിലേന്തി നിന്ന് അവതാരക വാചാലയായി... അസാധാരണ വിമാനാപകടത്തിൽനിന്നു രക്ഷപ്പെട്ട പ്രമുഖ നരവംശ ശാസ്ത്രകാരൻ ജീവൻ ജോബിന്റെ അനുഭവമാണ് കേട്ടത്..സെന്റിനന്റൽ ദ്വീപുവാസികൾ പുറംലോകവുമായി ബന്ധപ്പെടുന്ന ഒരേ ഒരാളെന്ന നിലയിൽ ലോകപ്രശസ്തനാണ് ഇദ്ദേഹം. ജീവൻ ജോഹിന്റെ ദ്വീപനുഭവങ്ങളെക്കുറിച്ച് അടുത്ത എപ്പിസോഡിൽ കാണാം... ദീപ കിർമിക്കർ..സൈനിങ് ഓഫ്...

അഭിമുഖം കഴിഞ്ഞ്, ചാനൽ സംഘം യാത്ര പറഞ്ഞിറങ്ങിയപ്പോൾ ജീവൻ ലൈബ്രറിയിലേക്ക് കയറി..... ലൈബ്രറി മാത്രമായിരുന്നില്ല അത് ഒരു ചെറിയ ഗവേഷണ ശാല കൂടിയായിരുന്നു,  കോളേജുകളിലല്ലെങ്കിൽ ഡോക്ടർ സാധാരണ ഈ ലൈബ്രറിയിലാണ് സമയം ചിലവഴിക്കാനെത്തുന്നത്.  കർട്ടൻ വലിച്ചിട്ടശേഷം ലൈറ്റ് ഓഫാക്കി. ലാപ്ടോപ്പിൽ വിരലമര്‍ത്തിയപ്പോൾ മുറിയുടെ നടുക്കായി ഒരു ഹോളോഗ്രാം രൂപപെട്ടു...ലാപ്ടോപ്പ് സ്ക്രീനിലെ ഏതുരൂപത്തെയും എവിടെയും ഹോളോഗ്രാം രൂപത്തിൽ പ്രൊജക്ട് ചെയ്യാനാകുന്ന എച്ച്എം യാന്ത്ര സംവിധാനം  മുറിയുടെ നടുക്കായി പ്രൊജക്ട് ചെയ്ത രൂപത്തിനടുത്തേക്ക് ജീവൻ നടന്നു.

(തുടരും)

English Summary : Ashokante Padayalikal - Sci-Fi-Thriller E - Novel by Jalapalan Thiruvarpu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
FROM ONMANORAMA