sections
MORE

അടച്ചിട്ട മുറിക്കുള്ളിൽ ഒരു കൊലപാതകം, ആരാണ് പ്രതി?

cemetry-thieves--chapter-2
SHARE

മരടിലെ ആ ചെറിയ വീട്...സമയം രാവിലെ 8.30

വളരെയേറെ മുട്ടിവിളിച്ചിട്ടും തുറക്കാതെ വന്നപ്പോഴാണ് പാൽക്കാരൻ പയ്യൻ ജനലിലൂടെ ഒന്ന് എത്തിനോക്കിയത്. വായുടെ കോണിലൂടെ ചോരയൊഴുകിപ്പരന്ന നിലയിൽ ജനലിന്റെ വശത്തേക്ക് മിഴിച്ചുനോക്കിയിരിക്കുന്ന അയാളെ കണ്ടതോടെ നിലവിളിച്ചു കൊണ്ട് പയ്യൻ ഓടുകയായിരുന്നു. ജനലിലൂടെ എത്തിനോക്കുന്ന കണ്ണുകളുടെ എണ്ണം വർദ്ധിച്ചുവന്നു. പൊലീസ് എത്തിയതോടെ ഏവരും മതിലിനപ്പുറത്തേക്ക് പിന്‍മാറി. എഎസ്ഐയും സംഘവുമാണ് ആദ്യമെത്തിയത്. വാതിൽ ബലംപ്രയോഗിച്ച് തുറന്നാണ് അകത്ത് കടന്നത്.

അടുത്തെത്തി മരണമുറപ്പുവരുത്തിയശേഷം എഎസ്ഐ സുഗതൻ ഫോണെടുത്ത് വിളിച്ചു. പതിനഞ്ചുമിനിട്ടിനകം ഒരു ജീപ്പ് വന്നു, എസ്ഐ പ്രദീപ്കുമാർ പുറത്തേക്കിറങ്ങി.. പുതിയ എസ്ഐയാ.. ആരോ മതിലിനപ്പുറത്തുനിന്നു പതിയെ പറഞ്ഞു. പ്രദീപ്കുമാർ നിലത്തെ അടയാളങ്ങള്‍ ശ്രദ്ധിച്ച് കസേരയ്ക്കടുത്തെത്തി. കഴുത്തിന് ചുറ്റുമുള്ള അടയാളം ശ്രദ്ധിച്ചു നോക്കി. 

ചവിട്ടിപ്പൊളിച്ചപ്പോൾ തെറിച്ചുവീണ ലോക്ക് സൂക്ഷ്മമായി പരിശോധിച്ചു. സിഐയെയും ഫോറൻസിക് വിഭാഗത്തിലേക്കും വിളിച്ച ശേഷം പ്രദീപ്കുമാർ പുറത്തേക്കു വന്നു. എഎസ്ഐ പാൽക്കാരൻ പയ്യനെ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. പ്രദീപ്കുമാർ ചെന്നപ്പോൾ എഎസ്ഐ കുറിപ്പുകൾ ഏൽപ്പിച്ചശേഷം മറ്റ് നടപടികൾക്കായിപ്പോയി.

‘എന്താ നിന്റെ പേര്’?

‘മുരുകൻ....സാർ’

‘മുരുകൻ സാറെ.. എത്ര നാളായിട്ട് നീയിവിടെ വരുന്നുണ്ട്’

‘രണ്ട് വർഷമായി സാർ’

‘എന്താ മരിച്ചയാളുടെ പേര്’

‘ജോണെന്നാണ് സാർ... ഇവിടെ പണ്ടു ഒരു ചേച്ചിയുണ്ടായിരുന്നു. അവർ വിളിക്കുന്നത് ജോയെന്നും’

‘അവരെവിടെപ്പോയി’?

‘കുറേക്കാലം മുൻപ് ആ ചേച്ചി മരിച്ചു. ടൗണിലെ ആശുപത്രിയിലായിരുന്നു ജോലി, സ്റ്റെപ്പിൽ തലയടിച്ച് വീണോ മറ്റോ’..

‘മ്.മ്..ശരി നിന്റെ നമ്പറും അഡ്രസും കൊടുത്തേക്ക്, എന്താവശ്യമുണ്ടെങ്കിലും കാണണം’..

..............

ഫോറൻസിക് ഓഫീസർക്കൊപ്പം സിഐയും അവിടേക്ക് എത്തി. പ്രദീപ്കുമാർ സല്യൂട്ടടിച്ചു. എ ക്ലിയർ കേസ് ഓഫ് മർഡർ. പ്രദീപ്, ഏതായാലും ചാർജ്ജെടുത്ത ദിവസം കിട്ടിയ പണി കൊള്ളാം. കമ്മീഷ്ണർ അന്വേഷണച്ചുമതല എനിക്ക് തന്നിരിക്കുകയാണ്. പ്രദീപ് പരമാവധി വിവരങ്ങൾ കളക്റ്റ് ചെയ്യുക. ഫോറൻസിക്കിലെ മിനി എല്ലാ വിവരങ്ങളും ഈവനിങ്ങിൽതരും. വിവരങ്ങൾ എന്നെ അറിയിച്ചുകൊണ്ടി രിക്കുക. അയൽക്കാരെ ചോദ്യം ചെയ്യുക, പത്രക്കാരോട് വിവരങ്ങൾ പറയുമ്പോൾ സൂക്ഷിക്കുക. പ്രതിയുടെ വിരലടയാളം കിട്ടി, ഉടനെ പിടിക്കുമെന്നു പറയുക.

പ്രദീപ് സിഐയുടെ ഒപ്പം നടന്നു. ‘സാർ വാതിൽ പൂട്ടിയ നിലയിലായിരുന്നു’–  എഎസ്ഐ പറയുന്നു. സിഐ അവിശ്വനീയതയോടെ നിന്നു. മുറിക്കകത്തേക്ക് കയറി ചുറ്റും നോക്കി...വാതിലിന്റെ പാളിയുടെ മുകൾഭാഗത്ത് അകത്തുനിന്നും വിട്ടുപോയ സാക്ഷ സിഐ നോക്കി. ഒരു പൂച്ചയ്ക്ക് പോലും കടക്കാൻ മറ്റൊരു വഴിയുമില്ല....സിഐ പ്രദീപിനെ ചിന്താമഗ്നനായി നോക്കി.

ജീപ്പിൽ ആംബുലൻസിനു പിന്നാലെ പോകുമ്പോൾ ലോക്ക് ചെയ്ത മുറികളിലെ കൊലപാതക കഥ പറയുന്ന അഗതാക്രിസ്റ്റിയുടെയും അലൻപോയുടെയും നിരവധി നോവലുകളായിരുന്നു പ്രദീപിന്റെ മനസ്സിൽ. നൂറുകണക്കിന് മാർഗ്ഗങ്ങൾ ആലോചിച്ചാൽ‌ കിട്ടും. ഏതായാലും സ്ഥിരംകേസുകൾക്കു പകരം അൽപ്പം കുഴക്കുന്നത് കിട്ടിയതിന്റെ സന്തോഷവും അതോടൊപ്പം ടെൻഷനുമായിരുന്നു പ്രദീപിന്റെ മനസ്സിൽ. എഎസ്ഐയുടെ കോൾ ഫോണിൽ വന്നു...

‘സാർ.... എന്തുപറ്റി’?

സാര്‍ ഇയാളുടെ മേശയ്ക്കുള്ളിൽ മുറിച്ചെടുത്ത ഒരു കൈപ്പത്തി....

..............................

കമ്മീഷണറുടെ ഓഫീസ്

പ്രേതകഥയുടെ മൂഡിലാണ് കഥകളെന്ന് ഇന്റലിജന്‍സ് പറയുന്നു. എന്തൊക്കെയാണ് അന്വേഷണ വിവരങ്ങൾ പ്രദീപ്കുമാർ എണീറ്റുനിന്നു റിപ്പോർട്ട് വായിച്ചു. 

‘എടോ ചത്തയാളുടെ അപ്പനപ്പൂപ്പന്മാരുടെ കാര്യങ്ങള്‍ വരെ തന്റെ റിപ്പോർട്ടിലുണ്ട്. പക്ഷേ ആരാണ് കൊന്നത്? മോട്ടീവ് എന്ത്, അടച്ചിട്ട മുറിയിൽ എങ്ങനെ കയറി?, എന്താണ് കഴുത്തിൽ മുറുക്കിയത്’?

 ‘സാർ കഴുത്തിലെ വിരലടയാളം കിട്ടിയിട്ടുണ്ട്, പക്ഷേ ആ വിവരവും നിലവിലെ പ്രേതകഥകയ്ക്കു കൊഴുപ്പ് കൂട്ടുകയേ ഉള്ളൂ, അയാളുടെ വാർഡ്റോബിൽ നിന്നും ഒരു മുറിച്ചെ‌ടുത്ത കൈപ്പത്തി കിട്ടിയിരുന്നു. ആ കൈപ്പത്തിയുടെ വിരലടയാളമാണ് അയാളുടെ കഴുത്തിൽ’... 

‘പ്രദീപ് കാര്യങ്ങൾ ഡ്രമാറ്റിക്കലാക്കാതെ.. ഈ ഡിറ്റക്ടീവ് നോവലുകൾ വായിച്ച അറിവുമായി കേസന്വേഷിച്ചാലുള്ള കുഴപ്പമാണിത്. മദ്യപിച്ചെത്തി ബോധം കെട്ട ഒരാളെ വേണമെങ്കിൽ ആ കൈപ്പത്തികൂടി ചേർത്തുവച്ച് കഴുത്ത് ഞെരിക്കാവുവന്നതേയുള്ളൂ....പ്രദീപ് ഇയാളുടെ വീടും പിൻവശത്തെ ആ പഴയ ഗോ‍‍‍‍ഡൗണും പരിശോധിക്കൂ,..ഡോഗ് സ്ക്വാഡിലും വിളിച്ചോളൂ.....കഥകളല്ല എനിക്ക് തെളിവുകൾ വേണം... പ്ലീസ് ഗെറ്റ് ഔട്ട്’......

English Summary : Cemetery Thieves - Horror Thriller - E Novel by Sadu Vinuraj

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
FROM ONMANORAMA