sections
MORE

ആ കുഴിക്കുള്ളിൽ, ജീർണ്ണിച്ച ഒരു അസ്ഥികൂടം, അവർ അമ്പരന്നു!

HIGHLIGHTS
  • സദു വിനുരാജ് എഴുതുന്ന ഹൊറർ ത്രില്ലർ നോവൽ
  • സെമിത്തേരി കള്ളന്മാർ ∙ അധ്യായം -3
cemetry-thieves-chapter-3
SHARE

സ്റ്റേഷനിലെ പോർച്ചിലേക്കു ജീപ്പ് ഇരച്ചുകയറി, പ്രദീപ് ജീപ്പിൽനിന്നും ചാടിയിറങ്ങി സ്റ്റേഷനുള്ളിലേക്കു കയറിസല്യൂട്ട് ചെയ്തവരെ ഗൗനിക്കാത്ത വിധം പതിവില്ലാതെ അയാൾ വേറൊരു ലോകത്തായിരുന്നു, ക്യാബിനിലെത്തിയ പ്രദീപ്  തൊപ്പിയൂരി ടേബിളിലേക്കിട്ടശഷം കസേരയിലേക്കിരുന്നു, നെറ്റിയിലിരു വശത്തും അമർത്തി തിരുമ്മി. മുന്നിലിരുന്ന പേപ്പറുകളെല്ലാം പ്രദീപ് ഓരോന്നായി നോക്കി, മരിച്ച ജോണിന്റെ കോള്‍ വിവരങ്ങളാണ്. ഫൊറൻസിക് റിപ്പോർട്ടുകൾ മുദ്ര വച്ച കവറിലാക്കി വച്ചിരുക്കുന്നു. 

ആന്റണി ജോൺ– 9961....

ഒരു ഉപകാരവുമില്ലാത്ത കോൾ ലിസ്റ്റ്.  അപൂർവമായി മാത്രം ഔട്ട് ഗോയിങ് കോളുകൾ, അതും ഹോട്ടലുകളില്‍നിന്നും  ഫുഡ് ഓർഡർ ചെയ്തതു മാത്രമാണ്.   ഒരേ നമ്പരുകൾതന്നെ അപൂർവം.   മുറിയില്‍ നിന്ന് കിട്ടിയ ബില്ലുകളിൽ ചിലതും പ്രദീപ് എടുത്തുനോക്കി. അതാത് ദിവസത്തെ അടുക്കി വച്ചു. നോൺ വെജിറ്റേറിയൻ വിഭവങ്ങളാണ് അയാൾ കൂടുതലും ഓർഡർ ചെയ്തിരിക്കുന്നത്. ചില ബില്ലുകളിൽ  വെജുണ്ട്.

ബില്ലുകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ചില പൊരുത്തക്കേടുകൾ ദിലീപിനു തോന്നി.  ചില ദിവസങ്ങൾ ഭക്ഷണം കൂടുതൽ വാങ്ങിയിരിക്കുന്നു, രണ്ട് പേർക്കുള്ള ഭക്ഷണമാണ് ഓര്‍ഡർ ചെയ്തിരിക്കുന്നത്, അതും വെജിറ്റേറിയൻ വിഭവങ്ങൾ. അൽപ്പം വില കൂടിയവ. അന്നേദിവസം ആരോ മുറിയിൽ ഉണ്ടായിരിക്കും. ബില്ലിലെ ആ  ദിവസം നോക്കിയ ശേഷം , പ്രദീപ് കൈയ്യിലെ ലിസ്റ്റിലെ ആ ദിവസത്തെ ഫോൺ ഹിസ്റ്ററി നോക്കി. 

വൈകുന്നേരം 6ന് ഏതാനും സെക്കന്‍ഡ് മാത്രം നീണ്ടുനിൽക്കുന്ന ഇൻകമിംഗ് കോൾ.. ഡോ ഡി. രാഘവേന്ദ്ര , താഴെ കൊടുത്തിരിക്കുന്ന അഡ്രസ് പ്രദീപ്  നോക്കി ഏകദേശം 1 കിലോമീറ്ററിനടുത്തു മാത്രം അകലെയുള്ള സ്ഥലം. റോഡ് വിട്ട് താഴേക്കിറങ്ങിയ പ്രദീപ് അമ്പരന്നു. പൂട്ടിക്കിടക്കുന്ന നിരവധി വില്ലകളുള്ള വിജനമായ വഴി, അങ്ങേ തലക്കലായി ഒരു പഴയ നീല ബോർഡ് ധുമ്രീ ക്ലിനിക്. 

പ്രവർത്തന സമയമൊക്കെ ആ ബോർഡിൽനിന്നും മാഞ്ഞുപോയിരിക്കുന്നു. എസ്ഐ പ്രദീപ് ജീപ്പിലിരുന്ന് ആ വീട്ടിലേക്ക് നോക്കി. ഗെയ്റ്റ് പൂട്ടിക്കിടക്കുന്നു. കരിയിലകള്‍ മുറ്റമാകെ ചിതറിക്കിടക്കുന്നു.വാഹനം മുന്നോട്ട് നീങ്ങിയതും മതിലിലെ പൊളിഞ്ഞവശത്തുനിന്നും ഒരു നായ വാഹനത്തിന് മുന്നിലേക്ക് ചാടി.... ഓഹ്... ബ്രേക്കമർത്തിയപ്പോൾ നായ മതിൽക്കെട്ടിന്റെ വശത്തേക്ക് തിരികെചാടി. എന്തോ കടിച്ചു പിടിച്ചു കൊണ്ട് നായ ഓടി മറഞ്ഞു.  ദുരൂഹത ചൂഴ്ന്നു നിൽക്കുന്ന ആ വീട്ടിലേക്ക് നോക്കിയപ്പോൾ പ്രദീപ് ആകെ വിയർത്തിരുന്നു. 

ഗേറ്റ് തുറന്നു പ്രദീപ് അകത്തേക്ക് നടന്നു. വാതിലിൽ പതുക്കെ തള്ളി നോക്കി.  ശേഷം ചുറ്റും നടന്നു. ജനലുകളെല്ലാം കടും നീല കർട്ടനിട്ട് മൂടിയിരിക്കുകയാണ്.  പിന്നിലൊരനക്കം കേട്ട് പ്രദീപ് തിരിഞ്ഞു.ആ നായ മതിലിന്റെ പൊളിഞ്ഞ വശത്തുകൂടി അകത്തേക്കു ചാടിയിരിക്കുന്നു. 

പ്രദീപ് വശത്തേക്കു നീങ്ങി മാറി. നായ വീടിനു പിന്നിലേക്കു പോകുകയാണ് . പ്രദീപ്  എത്തി നോക്കി. മുൻകാലുകൾ കൊണ്ടു നായ ഒരു കുഴി തോണ്ടി. എല്ലുകൾ കടിച്ചു പൊട്ടിക്കുന്ന ശബ്ദം. ചെറിയ കാറ്റടിച്ചപ്പോൾ നായ തിരിഞ്ഞു നോക്കി. പ്രദീപിന്റെ സാന്നിധ്യമറിഞ്ഞതും അത് മുറു മുറുത്തുകൊണ്ടു ഓടിയകന്നു തിരിഞ്ഞു നിന്നു. രക്തം ഒലിക്കുന്നതുപോലെ ചുവന്ന നാവുള്ള നായ. 

പ്രദീപ് അടുത്തേക്കെത്തി. മണ്ണിനടിയിൽ നായ കുഴിച്ച കുഴിയിൽ നിന്നും എന്തോ ഒന്നു പുറത്തേക്കു കിടക്കുന്നു. കുനിഞ്ഞ് അതെന്താണെന്നു നോക്കിയതും രൂക്ഷഗന്ധത്താൽ പ്രദീപ് തല വലിഞ്ഞു. പിന്നാക്കം മാറി ഒരു മരത്തിൽ ചാരി പ്രദീപ് കിതച്ചു. അൽപ്പസമയത്തിനുള്ളിൽ പൊലീസ് വാഹനങ്ങൾ അവിടേയ്ക്കെത്തി. കാര്യം എന്താണെന്നറിയാനായി നാട്ടുകാരും വന്നെത്തി നോക്കി. 

ഫോറൻസിക് ഓഫീസർ മിനി പ്രദീപിനരികിൽ എത്തി. പ്രദീപ് നമ്മൾ ആ മരട് കൊലപാതകത്തിൽ കണ്ടതിന്റെ ബാക്കി ആണെന്നു തോന്നുന്നു ഇത്.  ഒരു കൈ അറുത്തെടുത്തിരിക്കുന്നു. കുറച്ചുദിവസം പഴക്കമുണ്ട്. പിന്നെ ബോഡിയിൽ സർജിക്കൽ ബ്ലേഡോ മറ്റോ ഉപയോഗിച്ച ധാരാളം മുറിവുകളുണ്ട്.  നീറ്റുകക്കയിട്ടു മൂടിയിരിക്കുന്നു. പഴയൊരു സംസ്കരിക്കൽ സമ്പ്രദായം. ഗന്ധം പരക്കുകയുമില്ല ജീർണ്ണനം വേഗം നടക്കും. എല്ലൊക്കെ വേഗം പൊടിഞ്ഞമരും. 

പ്രദീപ് എഎസ്ഐയെ വിളിച്ചു, അയൽവാസികളെയൊക്കെ ചോദ്യം ചെയ്യണം. ഈ ഡോക്ടറെ കാണുന്ന രോഗികളെപ്പറ്റിയുള്ള വിവരങ്ങളും. മുറികളില്‍നിന്നും വിരലടയാളങ്ങൾ എടുക്കണം, ക്യാമറകളിൽ മറ്റോ ഇവിടുത്തെ എടിഎമ്മിലോ ചിത്രം പതിഞ്ഞെങ്കിൽ ഉടൻ തിരയണം. സർ ഇവിടെ മറ്റൊരു വശത്തു കുഴിച്ചു കൊണ്ടിരുന്ന ഒരാൾ വിളിച്ചു. മറ്റൊരു ബോഡി. ഏവരും അമ്പരന്നു. മുക്കാൽ ഭാഗം ജീർണ്ണിച്ച ഒരു അസ്ഥികൂടത്തിനു മുകളിലെ മണ്ണു സൂക്ഷ്മതയോടെ അവർ മാറ്റി.

സാർ... ഡോഗ് സ്ക്വാഡിലെ രതീഷ് വിളിച്ചു.  പുതിയതായ പണിത വാട്ടർ ടാങ്കിന്റെ വശത്തായി നായ മണം പിടിച്ചു നില്‍ക്കുന്നു. വെള്ളം തുറന്നു വിട്ടശേഷം ഏവരും കാത്തുനിന്നു. ചുവന്നു നിറത്തിൽ ആ വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. വാട്ടർടാങ്കിലെ വെള്ളം തീർന്നതും അതിനടി വശത്തായി ഒരു വാതിൽ പോലൊരു ഭാഗം കണ്ട് ഏവരും അമ്പരന്നു.  വെള്ളത്തെ പ്രതിരോധിക്കുന്ന വിധത്തിൽ ചേർത്തടച്ച ആ ഡോർ തുറന്നപ്പോൾ താഴേക്കു പോകുന്ന ചെറിയ ഗോവണി അവർ കണ്ടെത്തി. അതിലേക്ക് എത്തി നോക്കിയവരെല്ലാം അമ്പരന്നു. രാസവസ്തുക്കളുടെ സമ്മിശ്ര ഗന്ധം ഉയരുന്നുണ്ടായിരുന്നു. താഴെ കെട്ടിക്കിടക്കുന്ന ഇളം ചുവപ്പുള്ള ദ്രാവകത്തിൽ ദ്രവിച്ചു തീരാറായ തലയോട്ടികൾ.  

.......

മരിച്ചവര്‍ കുടുംബത്തിന്റെ സ്വകാര്യ സ്വത്തല്ല- ജെറാർഡ് മുള്ളർ 

കൈയ്യിൽ ഗ്ലൗസിടുന്നതിനിടയിൽ ഡോക്ടർ  തന്റെ പിന്നിലെ ആ ബോര്‍ഡ് തിരിച്ചിട്ടു.  കുമ്മനഹള്ളി കുള്ളപ്പ സർക്കിളിനു സമീപമുള്ള തന്റെ ക്ലിനിക്കിൽ ഡോ. റെയ്നോൾഡ് രോഗികളെ കാത്തിരിക്കുകയായിരുന്നു. വശത്തായി വച്ചിരുന്ന മൊബൈലിൽ മനോരമ ന്യൂസ് ആപ്പിൽ നിന്നുള്ള  നോട്ടിഫിക്കേഷൻ വന്നു. ഡോക്ടർ അലസമായി ആ സന്ദേശത്തിൽ ക്ലിക്ക് ചെയ്തു. കേരളത്തിൽ കൊച്ചിയിലെ ക്ലിനിക്കിനുള്ളിൽനിന്നും കുറെയധികം മൃതദേഹങ്ങൾ കണ്ടെടുത്ത ബ്രേക്കിങ് ന്യൂസ്. വാതിലിനു പുറത്ത് ഡോക്ടർ ഔട്ട് എന്ന ബോർഡ് തൂക്കിയ ശേഷം .റെയ്നോൾഡ് ധൃതിയിൽ പുറക്കേക്കിറങ്ങി.

(തുടരും)

English Summary : Cemetery Thieves - Horror Thriller - E Novel by Sadu Vinuraj

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
FROM ONMANORAMA