sections
MORE

കൈയ്യുറ ഊരി തന്റെ നേരേ നടന്നുവരുന്നയാളെ കണ്ടപ്പോൾ ജെജെ ഒരു നിമിഷം സ്തംഭിച്ചു; ചതിക്കുകയായിരുന്നല്ലേ നീ?

HIGHLIGHTS
  • ജലപാലൻ തിരുവാർപ്പ് എഴുതുന്ന സൈ–ഫി– ത്രില്ലർ നോവൽ
  • അശോകന്റെ പടയാളികൾ – അധ്യായം 9
ashokante-padayalikal-chapter-9
SHARE

വെൽകം ടു കേരള എന്ന ബോർഡ് പിന്നിട്ടു ചുരം റോഡിലൂടെ ആ കാരവാൻ കുതിച്ചു പാഞ്ഞു. വാഹനത്തിന്റെ കുലുക്കം അകത്തേക്കു അനുഭവപ്പെട്ടപ്പോൾ മനീഷ് ചോപ്ര ഉറക്കത്തിൽ നിന്നുണർന്നു. ചുറ്റിവരിഞ്ഞ പൂർണ്ണയുടെ കൈ വശത്തേക്കു മാറ്റി അവളെ പുതപ്പിച്ചശേഷം അയാൾ കോഫിയെടുക്കാനായി നീങ്ങി. ശേഷം ടിവി റിമോട്ടിന്റെ സ്വിച്ചമർത്തിയശേഷം  മസാജിങ് ചെയറിലിരുന്നു.  ബ്രേക്കിങ് ന്യൂസ് പോകുകയാണ്.  പ്രശസ്ത  സയന്റിസ്റ്റ് കാസിം ഭായ് സേട്ടു കൊല്ലപ്പെട്ടു. വിശാഖപട്ടണത്തെ ... ഹോട്ടലിലാണ്... അദ്ദേഹത്തെ. ശബ്ദം കുറച്ചശേഷം മനീഷ്  ഫോണെടുത്തു ആരെയോ വിളിച്ചു. 

......

തൊമ്മൻകുടിയിലെ ഫിഷ് പ്രോസസിങ് ഹബിന്റെ കൂറ്റൻ ഗോഡൗൺ. തോക്കിൻമുനയിൽ ജെജെയെയും ദീപയെയും വാഹനത്തിൽ നിന്നിറക്കി ഗോഡൗണിനുള്ളിലേക്കു റഷീദ് നടത്തി. വന്നോ? മനീഷ്ജി  മുന്നിലായി നിന്ന മനോജിനോടു തിരക്കി. ഇല്ല ഭായ് പുറപ്പെട്ടിട്ടുണ്ട് 12 മണിയോടെ കൊച്ചിയിലെത്തും. വലിയ ഫെൻസിങുകളാല്‍ വലയം ചെയ്ത ആ ഗോഡൗണിൽ മത്സ്യസംഭരണമൊന്നുമല്ല നടക്കുന്നതെന്നു ആദ്യ കാഴ്ചയിൽ ജെജെയ്ക്കു മനസിലായി. ഐഎസ്ആർഒയിലും നാസയിലും മറ്റും കാണുന്നതുപോലുള്ള വലിയ  ഉപകരണങ്ങൾ. വശത്തായി പൂർണ്ണമായും സുതാര്യമായ എന്നാൽ ഗ്ലാസ് കൂടിനുള്ളിൽ സുരക്ഷിതമാക്കിയ ലാബ്. ഓരോ കവാടത്തിലും കാവൽ നിൽക്കുന്ന കമാൻഡോകളെപ്പോലെ വേഷവും ആയുധവും ധരിച്ചവർ. 

ലാബിനുള്ളിൽനിന്നും കൈയ്യുറ ഊരി തന്റെ നേരേ നടന്നുവരുന്നയാളെ കണ്ടപ്പോൾ ജെജെ ഒരു നിമിഷം സ്തംഭിച്ചു.  തോമസ് ജെഫേഴ്സൺ . ഹേയ് ജെജെ..നടന്നെത്തിയ ജെഫ് അയാളെ നോക്കി ചിരിച്ചശേഷം ഒരു കൺട്രോൾ യൂണിറ്റിനു മുന്നിലുള്ള ചെയറിലിരുന്നു. 

ഹൗ ആർ യു മൈ...ഫ്രണ്ട്?

ജെജെ വിരൽചൂണ്ടി നീ ചതിക്കുകയായിരുന്നല്ലേ?

സോറി ജെജെ നമ്മുടെ സൗഹൃദത്തെ ദുരുപയോഗം ചെയ്തതിൽ. ഇന്ത്യയിലേക്കു ഞാൻ എത്തിയതുതന്നെ ഹൗറയുടെ ക്രിസ്റ്റൽ സ്കള്‍ മിഷന്റെ ഭാഗമായാണ്. 

ചതിക്കുകയായിരുന്നല്ലേ നീ?

നോ ജെജെ. ഞാൻ ഒറ്റപ്പെട്ടുപോയിരുന്നു. 7 വർഷമാണ് ഞാൻ ഈ സ്കളിനെക്കുറിച്ചു പഠിച്ചത്. ക്രിസ്റ്റൽ സ്കളിന്റെ റിയാലിറ്റി തിരിച്ചറിഞ്ഞു ഞാന്‍ ജേർണലുകളിൽ എഴുതി. ആരും ഫണ്ടിങ്ങിനായി വന്നില്ല. ഒരു ഇലുമിനാറ്റി ലവറെന്നു പറഞ്ഞാണ് ഏവരും പരിഹസിച്ചത്.  മ്യൂസിയത്തിൽ കടന്നെന്നു പറഞ്ഞു അവരെന്നെ ജയിലിലിട്ടു. അവിടെ വച്ചാണ് മിസ്റ്റർ കാസിം എന്നെ കാണാനായി എത്തുന്നത്. 

എല്ലാ സ്കളുകളും ഞങ്ങൾ മ്യൂസിയങ്ങളിൽ നിന്നു എടുത്തശേഷം റെപ്ലിക്കകൾ പകരം വെച്ചു. ഓസോൺ ബ്രേക്കായി എല്ലാ കിരണങ്ങളും പതിക്കുന്ന ഈ പ്രദേശം  തൊമ്മൻകുടിയെന്ന ക്ലിഫ് എനിക്കാവശ്യ മുണ്ടായിരുന്നു. അധികമായി ആഗ്രഹിച്ചാൽ എല്ലാം നമ്മുടെ കൈയ്യിലേക്കെത്തും. ഒരു  സുനാമിയുടെ രൂപത്തിൽ ആ പ്രദേശവും ഞങ്ങളിലേക്കെത്തി. അപ്പോഴേക്കും 8  ക്രിസ്റ്റൽ സ്കളുകളും  ഞങ്ങൾ കൈയ്യിലാക്കി. ഒമ്പതാമത്തേതും സെന്റിലന്റലിൽനിന്നു നിങ്ങളുടെ സഹായത്തോടെ കടത്തിയെങ്കിലും സർക്കാർ എന്നെ ഡിപോർട്ടു ചെയ്തു.  

ഒമ്പാമത്തേതും എത്തിയതോടെ ഇതാ എന്റെ മാസ്റ്റർ പ്രോജക്ട് പൂർത്തിയായി. അയാൾ ഒരു സ്വിച്ചിൽ അമർത്തിയപ്പോൾ ഒരു കർട്ടൻ വശത്തേക്കു മാറി. 9 സ്കളുകളും അർദ്ധ വൃത്താകൃതിയിൽ ഇരിക്കുന്നു.  സ്കളുകള്‍ സ്വയം പ്രകാശിക്കുന്നില്ല. നിറം മരതക പച്ചയിൽനിന്നു കറുപ്പിലേക്കു മാറിയിരിക്കുന്നു.   ഈ സ്കളുകളുടെ  കിരണങ്ങൾക്കു പരിധിയുണ്ട്. എന്നാൽ ഇതുകണ്ടോ?, ഈ സ്കളിൽ വന്നു ചേരുന്ന റേ പൾസസിനെ ഈ ഉപകരണം ഇലക്ട്രിക്കൽ പള്‍സാക്കി മാറ്റും. 

പിന്നെ ഹൗറയുടെ മൊബൈൽ ഒപ്ടിക്കൽ കേബിളുകളിലൂടെ എല്ലാ മൊബൈൽ ടവറുകളിലുമെത്തിച്ച് ജനങ്ങളുടെ മനസ്സിലേക്കു ചിന്തകൾ ട്രാൻസ്മിറ്റു ചെയ്യും. ഈ ലാപ്ടോപ്പിൽ എനിക്കു തീരുമാനിക്കാം ഓരോ സ്ഥലങ്ങളിലുള്ളവർ എന്തു ചെയ്യണമെന്ന്.  ജെജെയും ദീപയും അമ്പരന്നു. ബാസ്റ്റഡ്സ് ...ഒരു രാജ്യത്തെ മുഴുവൻ അടിമകളെപ്പോലെയാക്കുക. ക്രുവൽ...ജെജെ പറഞ്ഞു

നോ. ഇത് എപ്പോഴും നടക്കുന്നതു തന്നെയാണ് ജെദജെ.. ഇപ്പോൾ നിങ്ങളുടെ നേതാക്കൾ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പേരിൽ ഇതു തന്നെയല്ലേ ചെയ്യുന്നത്. ചിന്തകൾ കുത്തിവച്ച് ആട്ടിൻ കൂട്ടങ്ങളെപ്പോലെ  ഒരു ജനക്കൂട്ടത്തെ വഴിതെറ്റിക്കുക. എന്നാൽ ഞങ്ങൾ, ഹൗറ ഗ്രൂപ്പ് ഭാവിയിലേക്കു നല്ലൊരു രാഷ്ട്ര സങ്കൽപ്പമാണ് മുന്നോട്ടു വയ്ക്കുന്നത്. എല്ലാവരും  നന്നാകുന്ന ഒരു സങ്കൽപ്പമില്ലേ . അതു തന്നെ. അക്രമ വാസനയും അധമ ചിന്തകളും ഇവിടെ ഇരുന്നു തുടച്ചു കളയാം.  ചിന്തകൾ കൊണ്ടും  പ്രവർത്തികൾ കൊണ്ടും മഹത്തായ ഒരു  രാജ്യമാക്കി മാറ്റാൻ ഇതാണ് മാർഗം.

മനീഷ്ജി എത്തി മനോജ് അകത്തേക്കെത്തി പറഞ്ഞു.  ഷട്ടർ മുകളിലേക്കുയർന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മനീഷ്  അകത്തേക്കു കയറി.  ജെഫേഴ്സൺ എണീറ്റു ചെന്നു. മനീഷ്ജി ഇതു ഡോക്ടർ ജെജെ. മിസ്റ്റർ ജെജെ നിങ്ങൾക്കും ഞങ്ങളോടൊപ്പം സഹകരിക്കാം.  ഇല്ലെങ്കിലും പ്രശ്നമില്ല. കാരണം ഇനി നിങ്ങൾ എന്തു ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും. ദീപ ജെജെയുടെ മുഖത്തേക്കു നോക്കി. കൺപോളയുടെ ചിമ്മലിൽ ദീപ കാര്യങ്ങൾ ഗ്രഹിച്ചു. ശരി ഞാൻ നിങ്ങൾക്കൊപ്പം നിൽക്കാം. 

മനീഷിന്റെ ഫോൺ ശബ്ദിച്ചു. വാട്സാപ്പ് സന്ദേശമായിരുന്നു അത്. അയാളുടെ ചുമലിലൂടെ റഷീദ് ആ സന്ദേശം കണ്ടു.  കാസീം ഭായ് സേട്ടുവിന്റെ നിശ്ചലമായ ശരീരം സ്വിമിങ് പൂളിനുള്ളിൽ കിടക്കുന്ന ചിത്രം. താഴെ അശോകാസ് നൈൻ എന്നതും നെക്സ്റ്റ് എന്ന വാക്കുകളും.  പെട്ടെന്നൊരു സംഘടന അന്തരീക്ഷത്തിൽനിന്നു പൊട്ടിവീണോ ജെജെ.  അതിനു പിന്നിൽ ആരാണ് ജെജെ. നോ എനിക്കറിയില്ല. മനീഷ്.. ജെഫ് വിളിച്ചു. നോ, ജെജെക്കു അറിയില്ല. ജെജെ ആയിരുന്നെങ്കിൽ ആ ക്രിസ്റ്റൽ സ്കളിനരികിൽ എന്നെ കൊണ്ടു പോവില്ലായിരുന്നു. ഞാനാണ് സ്കൾ അവിടെനിന്നും എടുത്തത്. അവിടം മുതലാണ് ഇവർ പിന്നാലെ കൂടിയത്.  പിന്നെ ആരായിരിക്കും. ഇവരെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു.

അവർ സംസാരിച്ചു കൊണ്ടിരിക്കവേ അടുത്ത സന്ദേശം വന്നു. മനീഷ് പുറം തിരിഞ്ഞു നിൽക്കുന്ന ഒരു ദൃശ്യം. ഏതാനും മിനിട്ടുകൾ മുമ്പ് എടുത്ത മൊബൈല്‍ ചിത്രം. മനീഷിന്റെ ഉള്ളംകാലിൽ നിന്നൊരു പെരുപ്പ് അരിച്ചു കയറി. ശത്രു ഉള്ളിൽത്തന്നെയുണ്ട്.. ചുറ്റും നിൽക്കുന്ന തന്റെ ആളുകളെ ഏവരെയും മനീഷ് സംശയത്തോടെ നോക്കി.  മനീഷിന്റെ ഫോണിലേക്കു നാരായണ സ്വാമിയുടെ കോൾ വന്നു. സർ ടിവിയിൽ. വാട്ട് സംസാരിക്കുന്നതിനിടെ മനീഷ് പരിഭ്രാന്തനായി പുറത്തേക്കോടി. പക്ഷേ അപ്പോഴേക്കും  പൊലീസ് വാഹനങ്ങളുടെ ശബ്ദം മുഴങ്ങി, ഭിത്തിയിലിരുന്ന ടിവിയിലെ ദൃശ്യങ്ങളിലേക്കു ഏവരും നോക്കി. 

ചാനലുകളിൽ അവർ സംസാരിക്കുന്ന ദൃശ്യങ്ങൾ. ബന്ധിക്കപ്പെട്ട നിലയിൽ ജെജെയും ദീപയും.  സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തെത്തിയ ദൃശ്യങ്ങള്‍...പുറത്തെവിടെയോ ഒരു ആരവം കേട്ടു. ഗേറ്റ് കുലുങ്ങുന്നു. ഗേറ്റ് പൊളിഞ്ഞു വീഴുന്ന ശബ്ദം. മെഗാഫോണിൽ അനൗൺസ്മെന്റ് മുഴങ്ങി. മിസ്റ്റർ മനീഷ് പുറത്തെത്തി കീഴടങ്ങണം. ആയുധമുപേക്ഷിച്ച് ഏവരും പുറത്തു വരിക. ഓട്ടോമാറ്റിക് ഷട്ടർ പതിയെ പൊങ്ങി. മനോജ് കൈകൾ തലയ്ക്കു മുകളിൽ ഉയർത്തി ഇറങ്ങി. അകത്തേക്കു പ്രകാശം ഇരച്ചു കയറി. ഡിവൈഎസ്പി ചന്ദ്രചൂഡൻ മനോജിനെ കടന്നു മുന്നോട്ടു ഓടിയെത്തി. മനീഷ് വിറച്ചു കൊണ്ടു കൈ ഉയർത്തി..

..........

മനോജും ദീപയും ജെജെയും സവർക്കർ എയർപോർട്ടിലിറങ്ങി.  മറ്റൊരു ഭാഗത്ത് ഒരു സെസ്ന വിമാനം അവരെ കാത്തു കിടന്നിരുന്നു. വടക്കു കിഴക്കുള്ള ദ്വീപിനെ ലക്ഷ്യമാക്കി ആ ചെറു വിമാനം പറന്നുയർന്നു. അവരുടെ ദൈവത്തെ തിരിച്ചു കൊടുക്കാനായി....

അവസാനിച്ചു...

English Summary : Ashokante Padayalikal - Sci-Fi-Thriller E - Novel by Jalapalan Thiruvarpu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
FROM ONMANORAMA