ADVERTISEMENT

എമ്മാ ജോൺ എന്ന ഞാൻ ഇന്ന് മുതൽ മണികർണികയാണ്. എങ്ങനെയാണ് ഒരാൾക്ക് മറ്റൊരാളായി പരിവർത്തനപ്പെടാനാകുന്നത്? അങ്ങനെ ഒരാളിൽ നിന്ന് രൂപാന്തരീകരണം സംഭവിക്കാൻ ഞാൻ ഗ്രിഗർ സാംസയല്ലല്ലോ.

 

ഇത്തിരി കൺഫ്യൂഷൻ ആയല്ലേ?

 

ആരാണ് മണികർണികയെന്നത് തൽക്കാലം സസ്പെൻസിൽ ഇരിക്കട്ടെ. കുറച്ചു നേരം അവളുടെ വേഷത്തിനുള്ളിൽ നിന്നപ്പോൾത്തന്നെ ഉള്ളിൽ നിന്നൊരു ഊർജ്ജം ഉടലാകെ പടരുന്നു. 

 

 

ഫീലിംഗ് എക്സൈറ്റഡ് - എന്ന് അനുഭവത്തെ അടയാളപ്പെടുത്തി ഫെയ്‌സ്ബുക്കിൽ അന്നത്തെ വരികൾ ടൈപ്പ് ചെയ്ത് പോസ്റ്റാക്കി. 

 

തൽക്കാലം ആരും അറിയണ്ട, കുറച്ചു നേരം ഫെയ്‌സ്ബുക്കിലെ ആരാധകർ സംഭവത്തിന്റെ പിന്നാലെ കാര്യമറിയാതെ അലഞ്ഞു നടക്കട്ടെ. അയ്യായിരം സുഹൃത്തുക്കളും ഇരുപതിനായിരത്തിലധികം ഫോളോവേഴ്‌സും ഉള്ളത് വെറുതെയല്ലല്ലോ. 

 

പരിശീലനം നടക്കുന്ന മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ എനിക്ക് ചിരി വന്നു. 

 

emma-john-e-novel-02

 

 

അരങ്ങിൽ നിന്നും പുറത്തിറങ്ങി മണികർണികയുടെ വേഷമഴിച്ചു വച്ച് റിസെപ്‌ഷനിലെത്തുമ്പോൾ മീര എനിക്ക് വേണ്ടി അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു..  മണികർണികയിൽ നിന്ന് എമ്മയിലേക്കുള്ള തിരിച്ചു വരവ് എളുപ്പമല്ല. ആദ്യമായല്ല നാടകത്തിൽ വേഷം ചെയ്യുന്നത്, ഇതിനു മുൻപും എത്ര കഥാപാത്രങ്ങളായി! ഓരോ വേഷങ്ങളും ചെയ്യുമ്പോൾ അവരായി മാറുന്നു, എന്നാൽ അതിൽ നിന്നൊക്കെ ഇറങ്ങി വരാൻ എളുപ്പമായിരുന്നു. മണികർണികയിൽ മാത്രമെന്താണ് ഇത്ര ബുദ്ധിമുട്ടനുഭവപ്പെടുന്നത്!

 

‘‘നിനക്ക് ഗസൽ കേൾക്കാൻ പോണമെങ്കിൽ വേഗം വാ എമ്മാ, ടിക്കറ്റ് കയ്യിലുണ്ടെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല, വണ്ടി പാർക്ക് ചെയ്യണം, സീറ്റ് കണ്ടു പിടിക്കണം’’, ഈ മീരയ്ക്കിത് എന്തൊരു ബഹളമാണ്. അവളുടെ ഇത്തിരിയില്ലാത്ത ഡിയോ പാർക്ക് ചെയ്യുന്നതിന് എന്ത് മാത്രം സ്ഥലം വേണം, ടിക്കറ്റുള്ളത്കൊണ്ട് സീറ്റ് എങ്ങും പോകാനും പോകുന്നില്ല. ഇതിപ്പോ ഗസൽ കേൾക്കാൻ വലിയ താല്പര്യമൊന്നുമില്ലാത്ത ഇവൾക്കാണല്ലോ പോകാൻ വെപ്രാളം കൂടുതൽ.

 

‘‘അതേയ്, നിനക്ക് ഞാനിന്ന് പരിശീലിച്ചു തുടങ്ങിയ ഒരു കഥാപാത്രത്തെക്കുറിച്ച് പിടിപാടില്ലാത്തതു കൊണ്ടാ’’

 

‘‘അതെന്താ സംഭവം?’’

 

‘‘അതൊക്കെയുണ്ട് മോളെ... സർപ്രൈസ്’’

 

ഇന്നാണ് ഡ്രാമാ ലാബ് ഡയറക്ടർ എബി പുള്ളാടൻ സാർ ആ സന്തോഷം പങ്കു വയ്ക്കുന്നത്. ശരിക്കും എബി സാറിന്റെ കണ്ണിൽ ആ സന്തോഷമുണ്ടായിരുന്നോ? തോറ്റ പടയാളിയുടെ ഒരുതരം നാണക്കേടാ യിരുന്നുവെന്നു തോന്നുന്നു. മറ്റൊന്നും ആലോചിക്കാനില്ല, വിശാഖ് മാഷിന്റെ സംവിധാനത്തിൽ പേരറിയാത്ത ഒരു  എഴുത്തുകാരനെഴുതിയ പുതിയ നാടകത്തിൽ, ഡ്രാമാ ലാബിൽ അഭിനയം പഠിക്കാൻ വന്ന എമ്മാ ജോൺ എന്ന ഞാൻ അഭിനയിക്കുന്നു, അതും നായികാ പ്രാധാന്യമുള്ള ടൈറ്റിൽ വേഷത്തിൽ.

 

 

ഏതൊരു അഭിനേത്രിയും ആഗ്രഹിക്കുന്ന നിമിഷമാണ്. ഗസൽ കേൾക്കാൻ പോകുന്നതിനു മുൻപ് വാഷ് റൂമിൽ പോയി മുഖം മിനുക്കാമെന്നു വച്ചു. കണ്ണാടിയിൽ നോക്കി ബാഗിൽ നിന്നും ടാൽക്കം പൗഡർ എടുത്ത് മുഖത്തിട്ടു, കണ്ണുകളിൽ അൽപ്പം കൂടി ലൈനർ ഇട്ടു. പിന്നെ ചുണ്ടുകൾ നാർസിന്റെ വെൽവെറ്റ് മാറ്റ് കൊണ്ട് ഒന്നുകൂടി ആഴത്തിലാക്കി. മതി... സന്തോഷം ഉള്ളിൽ ഉണ്ടെങ്കിൽ അതുമതി ഒരാളെ സുന്ദരിയാക്കാൻ, അതിനപ്പുറമെന്താണ് സൗന്ദര്യത്തിന്റെ നിർവ്വചനം? എന്റെ ഒരുക്കം തീർന്നപ്പോഴാണ് അത് കണ്ടു തെല്ലു മാറി നിന്ന മീരയ്ക്ക് ഒരുങ്ങാൻ തോന്നിയത്. അവൾ വാഷ്‌റൂമിലെ കണ്ണാടിയിൽ നോക്കി ഒന്ന് സ്വയം മിനുങ്ങാൻ ശ്രമിച്ചു. അവളുടെ പിന്നിൽ ഉയർത്തിക്കെട്ടിയ മുടി അഴിച്ചിട്ട് ലേശം വെള്ളം തളിച്ച് അത് ഒതുക്കി വച്ചു.

 

‘‘മതി വാ, തുടങ്ങാനായി’’

 

ഞാൻ ബഹളം കൂട്ടാനൊരുങ്ങിയപ്പോൾ മീര ചുണ്ടുകൾ കോട്ടി.

 

‘‘ഓഹോ, നിനക്ക് മാത്രം മേക്കപ്പ് ചെയ്ത് സമയം കളയാം ഞാൻ വന്നപ്പോൾ അവളുടെ സമയം പോയി.’’

അവളുടെ കുറുങ്ങൽ കേട്ട് സത്യത്തിൽ എനിക്ക് ചിരി വന്നു പോയി. കയ്യിൽപ്പിടിച്ച് വലിച്ചുകൊണ്ടോടുകയായിരുന്നു പിന്നെ അവളുടെ വണ്ടിയുടെ അടുത്തേയ്ക്ക്. 

 

 

 

ബച്പൻ കി മുഹോബത്ത് കോ 

ദിൽസേ ന ജൂദാ കർനാ ...

 

രാജേഷ് ചേർത്തലയുടെ ഫ്ലൂട്ടിന്റെ മധുരത്തിനൊപ്പം ഷഹബാസ് അമന്റെ ശബ്ദം അലിഞ്ഞു തുടങ്ങുന്നു....

പിന്നെയൊരു മാന്ത്രികമായ ഒഴുക്കായിരുന്നു.

 

ബച്പൻ കി മുഹോബത്ത് കോ 

ദിൽസേ ന ജൂദാ കർനാ ...

ജബ യാദ് മേരി ആയെ 

മിൽനെ കി ദുവാ കർനാ ...

തണുത്ത ഹാളിലെ നിശബ്ദതയ്ക്കു മുകളിലേയ്ക്ക് ഒരു വെയിൽ പുതപ്പ് വന്നു വീഴുന്നത് പോലെയായിരു ന്നു അത്. മരവിപ്പിൽ കുതിർന്നിരിക്കുന്ന സദസ്സിലേക്ക് നിലാവ് പൊഴിയും പോലെ അതുയർന്നു തുടങ്ങി. ചന്ദന നിറമുള്ള ചുമരുകളിൽ തൂക്കിയിരുന്ന വിവിധ നിറങ്ങളിലുള്ള വെളിച്ചം ആദ്യമൊന്ന് അലോസര പ്പെടുത്തുമെങ്കിലും ആലാപനം തുടങ്ങിയതോടെ അതെല്ലാം നിഷ്പ്രഭമായിപ്പോയി.

 

 

പ്രണയഗാനങ്ങളുടെ ഗസൽ സന്ധ്യ തുടങ്ങിയതേ ഓർമ്മയുണ്ടായിരുന്നുള്ളൂ . പിന്നെയെല്ലാം അതിൽ പെട്ടു പോയി. ഫ്ലൂട്ടിന്റെയും സിത്താറിന്റെയും ഇടവിട്ടുള്ള ഒഴുകൽ. ഒടുവിൽ പുഴകളെല്ലാം ചെന്ന് കടലിൽ ചേരുന്നത് പോലെ പല നാദങ്ങളെല്ലാം ഒന്നിച്ചൊരേ ഷഹബാസിൽ ചെന്ന് ചേരുന്നു. അയാളാണ് കടൽ.

ഗസലുകൾ അവസാനിക്കുന്നത് വരെ ഇരിപ്പിടത്തിൽ നിന്നെഴുന്നേൽക്കാനോ വരൾച്ച കൊണ്ട് അസ്വസ്ഥപ്പെടുന്ന ശരീരത്തെ തണുപ്പിക്കാനോ തോന്നിയില്ല. 

 

 

തീർന്നു കഴിയുമ്പോൾ സ്വർഗത്തിൽ നിന്ന് പടിയിറക്കപ്പെട്ട മാലാഖയെപ്പോലെ തോന്നി, കരച്ചിൽ വന്നു. പിന്നെ അടുത്തിരുന്ന മീര കാണാതെയിരിക്കാൻ കഴുത്തിൽ വട്ടത്തിൽ കെട്ടിയിരുന്ന ദുപ്പട്ട കൊണ്ട് നീര് തുടച്ചെടുത്തു .അല്ലെങ്കിൽ ഇനി അത് മതി മീരയ്ക്ക് കളിയാക്കാനും തിരികെ മുറിയിൽ ചെല്ലുമ്പോൾ കൂട്ടുകാരോട് വിളമ്പാനും.

 

 

‘‘ഇനിയെങ്കിലും ഒന്നെഴുന്നേൽക്കാമോ നീ?’’

 

ആനന്ദം അവസാനിച്ചത് മനസ്സിലാകുന്നതേയില്ല. ഇപ്പോഴും ചെവിക്കുള്ളിൽ കിടന്നു ഷഹബാസ് വട്ടം കറങ്ങുകയാണ്. കണ്ണിന്റെ മുന്നിൽ അയാളുടെ നിഗൂഢമായ ചിരിയുടെ വശ്യത. മീരയുടെ സമയം പോകുന്നതിനുള്ള ആധി സഹിക്കാനാകാതെയായപ്പോൾ അവൾക്കൊപ്പം ഞാനും ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു. കേൾക്കുവാൻ വന്നിരുന്ന അതിഥികളിൽ പലരും ഗായകന്റെയും ഉപകരണ സംഗീതം വായിക്കുന്നവരുടെയും ഇടയിലുണ്ട്. അങ്ങോട്ടേയ്ക്ക് ചെല്ലണമെന്നും ഷഹബാസിനെ കെട്ടിപ്പിടിക്ക ണമെന്നും തോന്നിയിരുന്നു. മീര അതും പാട്ടാക്കും. ഇവളെ പോലെ അരസികയായ ഒരുത്തിയെ ഒപ്പം കൊണ്ട് വന്നതിന് എനിക്കാണ് തല്ലു കിട്ടേണ്ടത്. ഇറങ്ങും മുൻപ് ഒരിക്കൽക്കൂടി കൂടി വേദിയിലേക്ക് നോക്കി. വെറുതെ...

 

പാടാൻ മറന്നു വച്ച ഏതെങ്കിലുമൊരു പാട്ട് അവിടെ കാത്തിരിപ്പുണ്ടോ...

 

ഒന്നുമില്ല...

 

കഴിഞ്ഞ രണ്ടു മണിക്കൂറുകൾ ഒന്നും മിണ്ടാതെ ഇരിക്കേണ്ടി വന്നതിലുള്ള അസ്വാസ്ഥ്യം തീർത്തുകൊണ്ട് മീര എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. മണികർണികയിൽ നിന്നും ഇറങ്ങി വന്നത് മറ്റൊരു മാസ്മരികമായ ആനന്ദത്തിലേക്കായിരുന്നു. രണ്ടു സന്തോഷങ്ങളിൽ ഏതാണ് യഥാർഥത്തിൽ തൊട്ടുണർത്തിയതെന്ന് മനസിലാവുന്നില്ല. ഭ്രമിക്കപ്പെട്ടു പോയിരിക്കുന്നു. മുന്നിലിപ്പോൾ ഒരു സമുദ്രമാണ്, അതിൽ മുങ്ങിപ്പോകാനാണ് തോന്നുന്നത്. 

 

 

‘‘ എടീ നമുക്ക് ലുലുവിൽ പോയി കൊത്തു പെറോട്ട കഴിക്കാം? അന്ന് അവിടെ നിന്ന് കഴിച്ചതിന്റെ രുചി നാവിൽ നിന്ന് പോണെ  ഇല്ല’’

 

ഒന്നും മിണ്ടാൻ തോന്നിയില്ല, എന്തായാലും കൂടെ വന്നതല്ലെ ഇനിയുള്ളത് അവളുടെ ഇഷ്ടം. ചിരി കണ്ടിട്ടാവണം ഊർജ്ജം തിരികെ കിട്ടിയ സന്തോഷത്തിൽ മീര ഡിയോ എടുത്ത് നഗരത്തിലൂടെ പറന്നു.അവളുടെ പിന്നിലിരുന്ന് തണുത്ത കാറ്റ് മുഖത്തേയ്ക്കടിക്കുമ്പോൾ ഇപ്പോഴും എവിടെ നിന്നോ പാട്ടുകൾ അലച്ചെത്തുന്നു,

 

‘‘ഉയിരേ.... വന്ത് എന്നോട് കലൈന്ത് വിട് ...

നിനൈവേ ....’’

 

അല്ലെങ്കിലും ഗസലുകൾ കേൾക്കാൻ പോയാൽ എനിക്ക് ഇങ്ങനെ ബ്ലാക്ക് ഔട്ട് ആവുന്ന സ്വഭാവം ഉണ്ടെന്ന് അറിയാവുന്നതുകൊണ്ട് മീര പിന്നിലിരുന്നു എന്നെ കൂടുതൽ ശുണ്ഠി പിടിപ്പിച്ചില്ല. ചങ്ങമ്പുഴ പാർക്കിൽ നിന്നിറങ്ങുമ്പോൾ ലുലു മാൾ അടുത്താണെന്നും അതുകൊണ്ട് തന്നെ കൊത്ത് പെറോട്ട തിന്നാമെന്നുമുള്ള ഓർമ്മ മാത്രമാണ് അവൾക്ക് മുന്നിട്ടു നിന്നത്. രാത്രിയാണ്, ഒൻപതര കഴിഞ്ഞാൽ, ഹോം സ്റ്റേ നടത്തുന്ന മാനസി ചേച്ചിയുടെ ചുവന്ന മുഖം കാണേണ്ടി വരുമെന്നും അറിയാഞ്ഞിട്ടല്ല.  പുറത്ത് നിന്ന് ഭക്ഷണം കഴിച്ചു എന്നറിഞ്ഞാൽ ചിലപ്പോൾ ദേഷ്യപ്പെടാനും മതി. എല്ലാവർക്കും വേണ്ടി ഉണ്ടാക്കി വയ്ക്കുന്ന ഭക്ഷണം നശിപ്പിച്ച് കളയേണ്ടി വരുന്നത് മാനസി ചേച്ചിയ്ക്ക് ഭയങ്കര ദേഷ്യമാണ്. എന്നാലും ഇത്ര അടുത്ത് വന്നിട്ട് ...

ആ സ്വാദ് നഷ്ടപ്പെടുത്താൻ മീര തയ്യാറായില്ല.

 

മീര രണ്ടു കൊത്ത് പെറോട്ട വാങ്ങി വരുമ്പോഴും സത്യത്തിൽ എനിക്കാ  ആമ്പിയൻസിൽ നിന്നും പുറത്ത് കടക്കാനായിരുന്നില്ല. എന്താണ് ഷഹബാസ് സംഗീതം!...

 

‘‘ഡീ ... മതി നിന്റെ സ്വപ്നം. ഇതെന്താണിത്, മറ്റാരും കേട്ടിട്ടില്ലാത്തതു പോലെയാണല്ലോ. ഇത്രയുമൊക്കെ മതി. തിരിച്ചു പോരെ’’

 

ഒന്നും മിണ്ടാതെയിരിക്കുന്നതാണ് ഭേദം. ഞാൻ മുന്നിലിരുന്ന കൊത്തു പെറോട്ടയുടെ രുചി ആസ്വദിച്ചു തുടങ്ങി. ആദ്യത്തെ ആർത്തിപിടിച്ച കഴിക്കൽ കഴിഞ്ഞപ്പോൾ മീര ഇടതുവശത്തിരുന്നു പേസ്റ്ററി കഴിച്ചുകൊണ്ടിരിക്കുന്ന യുവാവിനെ നോക്കി. അയാളും ഇങ്ങോട്ട് നോക്കുന്നുണ്ട്, എനിക്കത് വ്യക്തമായി കാണാം. തങ്ങളുടെ  കൂട്ടത്തിൽ -എമ്മാ നീ തന്നെയാണ് സുന്ദരി! - എന്ന് മീര എപ്പോഴും എന്നെ കെട്ടിപ്പിടിച്ചു പറയാറുണ്ട്.  -ഇവൾ തന്നെയാണ് സുന്ദരി. ലേശം ഇരുളിമ കലർന്ന മഞ്ഞ നിറമുള്ള മുഖവും സ്ട്രെയിറ്റൺ ചെയ്ത തോളിന്റെ താഴെ നിരന്നു കിടക്കുന്ന മുടിയും. വീതിയുള്ള അത്യാവശ്യം വലിയ നെറ്റി അവൾക്കൊരു ബുദ്ധിജീവി ലുക്ക്  നൽകുന്നുണ്ടെന്ന് തോന്നാറുണ്ട് മീരയ്ക്ക്. നിരയൊത്ത പല്ലുകൾ മുഖത്തിനു പ്രത്യേക ഭംഗി കൊടുക്കുന്നു. - മീരയുടെ തോന്നലങ്ങനെയാണ്. 

 

എനിക്ക് പെട്ടെന്നോർമ്മ വന്നത് എന്റെ കയ്യുടെ അകവശത്തുള്ള ഫീനിക്സ് പക്ഷി പറന്നുയരുന്ന ടാറ്റുവാണ്. ഒരു മാസം മാത്രം പ്രായമുള്ളൊരു ടാറ്റു. ഋഷി കളഞ്ഞിട്ടു പോയതിന്റെ ഓർമ്മയിൽ വേദനയെടുത്ത് കുത്തി വച്ച ഒന്ന്. 

 

‘‘നിന്നെ ദേ  അപ്പുറത്തിരിക്കുന്ന ഒരുത്തൻ വാച്ച് ചെയ്യുന്നുണ്ട്’’

 

‘‘പോ പെണ്ണെ’’

 

അയാൾ എന്നെത്തന്നെയാണ് നോക്കുന്നതെന്നറിഞ്ഞിട്ടും ഞാനയാളെ ശ്രദ്ധിക്കാൻ പോയില്ല. പിന്നെയും മീര സംഗതി വിടാൻ ഭാവമില്ലെന്നറിഞ്ഞപ്പോൾ അയാളെ നോക്കി. മീര പറഞ്ഞത് ശരിയാണ്. അയാൾ ഇടയ്ക്കിടെ നോക്കുന്നുണ്ട്.

 

‘‘എന്താ പോയി മുട്ടിയാലോ?’’

 

‘‘പോടീ. തിന്നിട്ട് ഇറങ്ങി വാ, സമയം നോക്കിയോ നീ’’

 

സമയം : 9 .10 

 

‘‘അതെന്റെ തെറ്റല്ല , നിന്റെ പ്രാന്തൻ പാട്ടുകാരൻ നിർത്താത്തതിന് ഞാനെന്തു ചെയ്യാനാ?’’

 

‘‘നിന്നെ കൊണ്ട് പോയത് എന്റെ തെറ്റ് . ക്ഷമിക്ക്’’

 

ഞാൻ വീണ്ടും അയാളെ ഒളികണ്ണിട്ടു നോക്കി.

 

ഒരു മുപ്പത്തിയഞ്ച് വയസ്സ് വരുമായിരിക്കും. നല്ല ഉയരമുണ്ടെന്നു തോന്നുന്നുണ്ട്. വലിയ തരക്കേടില്ല, എന്നാൽ ഋഷിയുടെ അത്ര ഭംഗി ഇല്ല താനും.കട്ട മീശ കാണാൻ രസമുണ്ട്...

 

മടുത്തു, ഞാൻ മൊബൈൽ എടുത്ത് വാട്സാപ്പിൽ വന്ന സന്ദേശങ്ങൾക്ക് മറുപടി നൽകാൻ തുടങ്ങി. അതിനിടയിലൂടെ കൊത്തു പെറോട്ടയിലെ മസാലയിൽ അലിഞ്ഞു കിടന്ന കഷ്ണങ്ങൾ ഓരോന്നായി എടുത്ത് വായിലേക്കിട്ടു.

 

-വാട്ട്സ് ഇൻ യുവർ മൈൻഡ് ?-

 

ഫെയ്‌സ്ബുക്ക് എടുത്തപ്പോൾ ആദ്യം കണ്ട ചോദ്യത്തിൽ നിന്നും ഞാൻ ആദ്യമെത്തിയത് ചങ്ങമ്പുഴ പാർക്കിലെ ആ വേദിയ്ക്കരുകിലാണ്. അവസാനം ഹൃദയത്തിൽ കുരുങ്ങിയതാണ് എല്ലായ്പ്പോഴും ആദ്യമോർക്കുക അല്ലെങ്കിലും. അതിനും മുൻപ് ഡ്രാമാ ലാബിലെ അവസാന വർഷ അഭിനയ വിദ്യാർത്ഥിനിയ്ക്ക് ലഭിച്ച മണികർണിക എന്ന നായികയുടെ ജീവിതവും ഓർമ്മയിലുണ്ടെങ്കിലും  ആദ്യമിട്ട സർപ്രൈസ് പോസ്റ്റ് തൽക്കാലം അങ്ങനെത്തന്നെയിരിക്കട്ടെ എന്ന് തോന്നി . തൽക്കാലം ഷഹബാസ് മാത്രം മതി ... മണികർണിക പിന്നെ... 

 

പരിപാടി തുടങ്ങും മുൻപെടുത്ത ചിത്രം അപ്‌ലോഡ്  ചെയ്ത ശേഷം ഞാനൊരു പോസ്റ്റ് എഴുതാൻ ആരംഭിച്ചു. 

 

 

-ഇന്ന് നേരിട്ട് കേട്ടു . എല്ലാ ദിവസവും ഉറക്കത്തിൽ ശബ്ദം കൊണ്ട് കൂട്ട് വരുന്നൊരാളെ നേരിട്ട് കാണുക എത്ര സന്തോഷമുള്ള കാര്യമാണ്. പക്ഷേ അയാളത് അറിയുന്നതേയില്ല.നമ്മൾ നാമറിയാതെ എത്ര പേരെയാവും സന്തോഷിപ്പിക്കുന്നത്. എന്നാലും എന്നും നിങ്ങളെനിക്ക് തരുന്നത് പോലെയൊരു സന്തോഷം മറ്റാരുമേനിക്ക് നൽകാറില്ല പ്രിയപ്പെട്ട ഷഹബാസ് ...

 

കാറ്റ് ചെവിയുടെ ഓരത്ത് വീശിയടിക്കുന്ന പോലെ, കടലിലെ തിരമാലകൾ പാറക്കെട്ടുകളിൽ വന്നു അടിച്ചുയരും പോലെ, എന്റെ ഹൃദയത്തിൽ നിങ്ങളുടെ സംഗീതം എന്തൊക്കെയോ ഉരുവാക്കുന്നു.

ഇന്ന് ഞാനുറങ്ങുമോ എന്നെനിക്കറിയില്ല. -

 

പോസ്റ്റ് ചെയ്ത ശേഷം മീരയ്‌ക്കൊപ്പം മാളിൽ നിന്നിറങ്ങുമ്പോഴേക്കും ഞാൻ അയാളെ മറന്നിരുന്നു. എന്നാൽ അയാളുടെ കണ്ണിലുള്ള ആ അധീശത്വം തിരികെയുള്ള വഴിയിൽ ഇടയ്ക്കൊക്കെ എന്നെ ആ മുഖം ഓർമ്മപ്പെടുത്തുകയും ചെയ്തു. 

 

ഞാനെന്റെ രണ്ടു കൈകളും കാറ്റിനെതിരെ നീട്ടിപ്പിടിച്ചു . കാറ്റും നഗരവും രാവും സംഗീതവും... ഇതിൽക്കൂടുതൽ എന്താണ് വേണ്ടത്! മറ്റെല്ലാം പിന്നിലെ വഴിയിൽ അതിവേഗതയിൽ പാഞ്ഞു പോകുന്നു .

 

മീരയുടെ വണ്ടിയുടെ പിന്നിലിരുന്ന് കാറ്റിനെതിരെ പറക്കുമ്പോൾ നഗരം ഗൂഡാലോചന മെനയുന്നതു പോലെ തോന്നും. എതിരെ സഞ്ചരിക്കുന്ന മരങ്ങൾ, സോപ്പ് പെട്ടികൾ പോലെ അടുക്കി വച്ചിരിക്കുന്ന വീടുകൾ, വെളിച്ചങ്ങൾ, അതെല്ലാം ഒന്നിച്ചൊരേ രേഖയായി മാറിപ്പോകും, ആ നീളമുള്ള വര ചെന്നവസാനിക്കുന്നത് കണ്ടെത്താനാകാത്ത ഒരു സങ്കേതത്തിലാണ്. അവിടെയാണ് വട്ടമേശാ സമ്മേളനങ്ങൾ. അഗത ക്രിസ്റ്റിയുടെ സെവൻ ഡയൽസിലെ മിസ് ബണ്ടിൽ ഒളിഞ്ഞിരുന്ന ആ അലമാരയുടെ വീതി കുറവ് എന്നെ ശ്വാസം മുട്ടിച്ചിട്ടുണ്ട്. മണിക്കൂറുകൾ സത്യം കണ്ടെത്താൻ വേണ്ടി അവൾ വീർപ്പു മുട്ടിയിരുന്നത്, ഒടുവിൽ ഗൂഡാലോചനാ മുറിയിൽ നിന്ന് അവർ പറയുന്നത് കേട്ടത്...

‘‘സെവൻ ഡയൽസ്’’ മിസ് ബണ്ടിൽ കേട്ട ശബ്ദം അതേ വ്യക്തതയോടെ താനും കേൾക്കുന്നുണ്ടോ?

 

ഇതാണ് ഇത്തരം പുസ്തകങ്ങൾ വായിച്ചാലുള്ള കുഴപ്പം ആരോ എനിക്കെതിരെ സംസാരിക്കുന്നുണ്ടെന്നും ചർച്ചകൾ നടത്തുന്നുണ്ടെന്നും തോന്നലുണ്ടാകും. അതും എന്റെ ഭ്രാന്തുകളിൽ ഒന്നാണ്. ഒരു പുസ്തകം വായിച്ചതിനു ശേഷം അതിലെ കഥാപാത്രമായി സ്വയം അഭിനയിച്ചു നോക്കുക. നാളുകളെത്രയായി അരങ്ങിൽ ഓരോരുത്തർ എഴുതിയ വേഷങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഒരു ജന്മത്തിൽ ഒരുപാട് ജീവിതങ്ങൾ ജീവിക്കുന്ന ഒരുത്തിയാണ് ഞാനെന്ന് കഴിഞ്ഞ ദിവസം നടാഷയോട് പറഞ്ഞതേയുള്ളൂ. ഇപ്പോഴിതാ ഊരും പെരുമറിയാത്ത ആരോ എഴുതിയ മണികർണിക എന്ന ശക്തയായ നായികയായി. ആദ്യമായി ഒറ്റയ്ക്കൊരു വേഷം ചെയ്യാനുമിതാ എമ്മാ ജോൺ എന്ന ഇരുപത്തിയഞ്ചു വയസ്സുകാരി ഒരുങ്ങുന്നു. 

 

അതീവ രഹസ്യമുള്ളൊരു മന്ത്രം പോലെ കാറ്റ് എന്റെ ചെവിയിലേക്ക് ചീറിപ്പറന്നു സംഭവിക്കാൻ പോകുന്ന എന്തോ രഹസ്യം പറയാൻ ശ്രമിച്ചു. ഞാനെന്റെ ആത്മാവിനെ ഇതാ പ്രപഞ്ചത്തിലേയ്ക്ക് തുറന്നു പിടിക്കു ന്നു. മീരയുടെ ഡിയോ അപ്പോഴേക്കും കലൂരിലുള്ള ഞങ്ങളുടെ ഹോം സ്റ്റേയുടെ ഗേറ്റ് കടന്നിരുന്നു.

 

English Summary : Njan Emma John, E-Novel By Sreeparvathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com