ADVERTISEMENT

കഴിഞ്ഞയാഴ്ച്ചയിട്ട ഒരു സർപ്രൈസ്ര് ഞാനിവിടെ പൊളിക്കുകയാണ്. ആ മണികർണിക ആരാണെന്നല്ലേ, ഞാൻ തന്നെയാണ്. ആദ്യമായി എന്റെ സോളോ പെർഫോമൻസ്. ഇതിന് മുൻപ് നിന്നിട്ടുള്ള വേദി പോലെ ആയിരുന്നില്ല അത്. മുന്നിൽ ഇരിക്കുന്നവരെ അവ്യക്തമായേ കാണാനാകൂ. വെളിച്ചമെല്ലാം അരങ്ങിൽ എന്റെ മുഖത്തായിരുന്നല്ലോ. എങ്കിലും എനിക്കൊരു ഊഹമുണ്ട് അവിടെ ആരൊക്കെ ഉണ്ട് എന്നത്. നാടകത്തിന്റെ ആചാര്യന്മാർ , ഡ്രാമലാബിന്റെ ഡയറക്ടറായ എബി ജോസ് പുള്ളാടൻ, അദ്ദേഹത്തിന്റെ ഭാര്യ നൈല ജോസ്, സംവിധായകൻ വിശാഖ് മാഷ്, എന്റെയൊപ്പം അഭിനയം പഠിക്കുന്നവർ, ഇതിന് മുൻപ് സഹവേഷം ചെയ്തവർ, എബി സാർ ക്ഷണിച്ചു വരുത്തിയ അതിഥികൾ, ടിക്കറ്റെടുത്ത് ഡ്രാമ ലാബിന്റെ നാടകം കാണാനെത്തിയവർ. അവരുടെയൊക്കെ മുന്നിലാണ് ആ വേദിയിൽ ഞാൻ തനിച്ച് നിന്നത്. മണികർണികയായി .ആരാണ് അവളെ കുറിച്ച് എഴുതി വച്ചത്?

 

 

 

അജ്ഞാതനായ ആ എഴുത്തുകാരൻ ആരാണെങ്കിലും അദ്ദേഹത്തിന്റെ കൈകൾ മുത്താൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്. അതുപോലെയുള്ള വിരലുകളാണത്. ദൈവം തൊട്ട വിരലുകൾ. എങ്ങനെയാണ് ഒരു പെണ്ണിനെ വരച്ചു വച്ചിരിക്കുന്നത്! ഒരു പെണ്ണിനെ എത്ര കൃത്യമായി അറിഞ്ഞ ഒരാളാണത്! ഒരിക്കലും മണികർണികയെ പോലെ ഒരു പെണ്ണാവാൻ ആഗ്രഹിക്കാത്തപ്പോഴും അവളായി തീരുകയാണ് ഓരോ സ്ത്രീയും. സഹവേഷങ്ങളിലും നായികയായും ഇതിനു മുൻപും അതേ അരങ്ങിൽ നിന്നിട്ടുണ്ടെങ്കിലും ഒരാൾ മാത്രമുള്ള ഒരു ഒന്നര മണിക്കൂർ നീണ്ട നാടകത്തിൽ അഭിനയിക്കുക എന്നാൽ ... ഇല്ല എനിക്കത് പറയാനാകുന്നില്ല.

 

ഓരോ കഥാപാത്രമാകുമ്പോഴും അവൾ അനുഭവിക്കുന്ന ഓരോന്നും ഞാൻ എന്റേതായി അനുഭവിക്കുന്നു. ആ അനുഭവങ്ങളിൽ നിന്നെല്ലാം മണികർണിക  എന്നെ വേർപെടുത്തുന്നു. ഞാൻ ഇതിനു വേണ്ടിയാണ് കാത്തിരുന്നത്, എത്രയോ കാലം മുതലേ...

 

 

എനിക്കിനി മണികർണിക മാത്രമാകാനേ കഴിയൂ എന്നു തോന്നുന്നു. ഞാൻ അനുഭവിക്കാത്ത ജീവിതങ്ങളെ ഉൾക്കൊള്ളാൻ എനിക്കെന്നും ഇഷ്ടമാണ്. ഒരു കഥാപാത്രമാകുമ്പോൾ ആ വേഷം ധരിക്കുമ്പോൾ അതായി മാറുന്നതിന്റെ ആനന്ദം നിങ്ങൾക്കറിയാമോ?

 

ചങ്കിടിച്ചിരുന്നു ...

 

വിറയൽ ബാധിച്ചിരുന്നു...

 

എന്നിട്ടും മണികർണികയായി തീർന്നപ്പോൾ മുതൽ ഞാൻ ഞാനല്ലാതായി മാറിപ്പോയി...

 

എന്റെ ദൈവമേ...

 

എനിക്കിനി വാക്കുകളൊന്നും വരുന്നതേയില്ലല്ലോ...-NB . അന്ന് ഞാനിട്ട ആ സർപ്രൈസ് പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്കുക-

 

ഫീലിംഗ് excited എന്ന് രേഖപ്പെടുത്തി കുറിപ്പ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു. കൂടെ മണികർണിക യായി നിൽക്കുന്ന എന്റെയൊരു ചിത്രവും. സത്യത്തിൽ എനിക്ക് തന്നെ അതിശയം തോന്നുന്നു. ഇത് ഞാൻ തന്നെയാണോ? കണ്ണാടിയിൽ നോക്കുമ്പോൾ ചിത്രത്തിലുള്ള മുഖവും കണ്ണാടിയിലെ മുഖവും തമ്മിൽ ഒരുകാലത്തും ഒന്നായിരിക്കില്ല എന്നു തോന്നി. അതൊരു കലാകാരിയുടെ വിജയമാണ് എന്നെനിക്കറി യാമായിരുന്നു. 

 

 

‘‘മതിയെടീ ,മതി. നീ ഇന്ന് പൊളിയായിരുന്നു മോളെ... എനിക്കാണെങ്കിൽ നിന്നെ അപ്പൊ തന്നെ വന്നു കെട്ടിപ്പിടിക്കാൻ തോന്നി’’ നടാഷ വന്നു അവളെ പുണർന്നു.

 

‘‘ ഓഹോ അപ്പൊ ഞാനെന്താ മാങ്ങാപറിക്കാൻ പോണോ... ഞാനും പെണ്ണുങ്ങളെ... ’’ കിടക്കയിൽ മലർന്ന് കിടന്ന് മൊബൈൽ കുത്തികളിച്ചു കിടന്ന മീരയും ഓടിവന്നു.

 

‘‘ എനിക്കിപ്പോഴും വിശ്വസിക്കാനേ പറ്റുന്നില്ല , നീ ഇത്രയും മനോഹരമായി ആ വേഷം ചെയ്യുമെന്ന്... കൂടെ നിൽക്കുമ്പോൾ ഞങ്ങൾ നിന്നെ ഒരു വിലയുമില്ലാതെ കാണുന്നുണ്ടോ എന്നു ഇപ്പോഴൊരു സംശയം’’

നടാഷ, വേദനിപ്പിക്കാതെ നുള്ളി.

 

‘‘ഒന്ന് പോ പെണ്ണെ, നിങ്ങളല്ലേ എന്റെ ചങ്കുകൾ.. നിങ്ങളോട് എനിക്കെന്തിനാണ് ജാടയും ഈഗോയും’’

 

‘‘അത് ശരിയാ’’

 

നടാഷ വീണ്ടും മുറുക്കി എന്നെ അമർത്തിപ്പിടിച്ചു.

 

കഴിഞ്ഞ 5 വർഷമായി നടാഷയും ഞാനും സുഹൃത്തുക്കളാണ്. ഒന്നിച്ചു കഴിഞ്ഞ പഠനവും ഒരുമിച്ചുള്ള നടത്തവും എല്ലാം എത്ര വർഷങ്ങളായി തുടങ്ങിയിട്ട്! എന്നാൽ അതിനും മുൻപ് ഏതോ ഒരു നൂറ്റാണ്ടിലാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങിയത് . കോട്ടയംകാരികളായ രണ്ടു സുഹൃത്തുക്കൾക്ക് ജോലി കിട്ടി കൊച്ചിയിലെത്തിയപ്പോഴും ഒന്നിച്ച് താമസിക്കാൻ ഒരു കൂട്‌ വേണമായിരുന്നു, അങ്ങനെ അന്വേഷിച്ച് നടന്നു കിട്ടിയതാണ് കലൂരിൽ ഉള്ള മാനസി ചേച്ചി നടത്തുന്ന ഹോം സ്റ്റേ. 

 

 

ഒരുപാട് കരയിപ്പിച്ച സ്വന്തം വീടിനുള്ളിൽ നിന്നും രക്ഷപ്പെട്ട് ഡ്രാമ ലാബിൽ പഠനത്തിനായി എത്തിയപ്പോൾ എനിക്ക് പിന്നാലെ കൊച്ചിയിലേയ്ക്ക് ഞാനുമുണ്ടെന്ന് പറഞ്ഞു നടാഷയും കോട്ടയത്ത് നിന്ന് വണ്ടി കയറി. കുടുംബത്തിന്റെ സഹായമില്ലെങ്കിലും അഭിമുഖത്തിലും ടെസ്റ്റിലും കാട്ടിയ മികവിൽ സ്‌കോളർഷിപ്പ് കിട്ടിയതുകൊണ്ട് മാത്രമാണ് ഞാനിപ്പോഴും ഇവിടെ ഈ ഡ്രാമാ ലാബിൽ തുടരുന്നത് . എക്കണോമിക്സ് പഠിച്ചിട്ട് നാടകനടിയായ എന്നെ ഇടയ്ക്കൊക്കെ കളിയാക്കുമെങ്കിലും നഗരത്തിലെ തിരക്കിനിടയിൽ തലയിൽ കണക്കും ഓഡിറ്റും കൊണ്ട് നടക്കുന്നതിന്റെ ബുദ്ധിമുട്ട് നടാഷ നന്നായി അറിയുന്നുണ്ടായിരുന്നു. 

 

 

മാനസിയുടെ മൂത്തമകൾ നീതു വിവാഹം കഴിഞ്ഞു ചേർത്തലയിൽ ഭർത്താവിന്റെയൊപ്പം താമസിക്കുന്നെ ങ്കിൽ ഇളയമകൾ നീന പ്ലസ് ടുവിന് കൊച്ചിയിൽ തന്നെ. എത്രയോ വർഷമായി ഒറ്റയ്ക്ക് ഡ്രൈവർ മാത്രമായി സഞ്ചരിക്കുന്ന വണ്ടിപോലെ അവർ ജീവിതം മുന്നോട്ട് ഓടിച്ചുകൊണ്ടേയിരിക്കുന്നു. മാനസി ചേച്ചി വീടിനുള്ളിൽ കയറ്റി മുറി കാട്ടി തരുമ്പോൾ ചില ഡിമാന്റുകൾ വച്ചിരുന്നു.

 

 

ഒന്ന് . ഒൻപതരയാവുമ്പോൾ വീട്ടിൽ വരണം.

 

രണ്ട് . ആൺസുഹൃത്തുക്കളൊക്കെ ആവാം. പക്ഷെ അവർ വീട്ടിൽ ഒരു സമയത്തും വരാൻ പാടില്ല.

 

മൂന്ന് . മദ്യപാനം നിരോധിച്ചിട്ടില്ല. എന്നാൽ അവനവന്റെ മുറിയിൽ ഇരുന്നാവാം. മറ്റാരെയും നിർബന്ധിക്കാ നോ, അതിനു ശേഷം പ്രശ്നങ്ങൾ ഉണ്ടാക്കാനോ പാടില്ല.

 

 

കഴിഞ്ഞ ഒരു വർഷമായി നടാഷയും ഞാനും താമസിച്ചിരുന്ന മുറിയിലേക്കാണ് കൊച്ചിക്കാരിയായ മീര കൂടി വന്നത്. ആദ്യം കുറച്ചു ബുദ്ധിമുട്ട് ആയെങ്കിലും പിന്നീട് അവൾ ഞങ്ങളുടെ പ്രിയപ്പെട്ടവളായി. പാലാരിവട്ട ത്തെ സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്ന മീര യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാത്ത പെൺകുട്ടിയാണ് . ജീവിക്കുന്നെങ്കിൽ സന്തോഷത്തോടെ, ഇല്ലെങ്കിൽ പോയി ചാവണം- എന്നതാണ് അവളുടെ തത്വം.

 

‘‘എമ്മ, നീയിത് കണ്ടോ നിന്റെ പോസ്റ്റിൽ ഒരു കമന്റ്. സത്യം പറഞ്ഞാ നല്ല രസോണ്ട്’’

 

മീര പറഞ്ഞത് കേട്ട് ഞാൻ മൊബൈലെടുത്ത് അൽപ്പം മുൻപിട്ട പോസ്റ്റെടുത്ത് നോക്കി.

 

നിങ്ങൾ കലാകാരന്മാരും സാഹിത്യകാരും ഇത് ഏതു ഭാഷയിലാണ് സംസാരിക്കുന്നത്? സത്യം പറഞ്ഞാൽ നിങ്ങളൊക്കെ അന്യഗ്രഹ ജീവികളാണെന്നു എനിക്ക് തോന്നാറുണ്ട് കേട്ടോ. എഴുതുന്ന വാക്കുകളും പറയുന്ന വാചകങ്ങളും മനസിലാകാതെ ഞാൻ വായും തുറന്ന് നില്കാകാറുണ്ട്.

 

എനിക്ക് ചിരി വന്നു. എന്ത് പറയാനാണ്!

 

‘‘അതൊരു മാജിക് ആണ് .സ്വയം ഓരോരുത്തരും ഓരോ മാന്ത്രിക ലോകത്തിലായിരിക്കും, ആ ലോകത്തിലെ നിവാസികളുടെ ഭാഷ ഒന്നായിരിക്കും. അവർ പറയുന്നത് ഒരേ വാചകങ്ങളായിരിക്കും, അവർ എഴുതുന്നത് ഒരേ ലിപിയിലായിരിക്കും.അവർ ചിന്തിക്കുന്നത് ലോകമുണ്ടായ കാലത്തേ ശബ്ദത്തിലായിരിക്കും’’

 

‘‘അതേ, ഇതാണ് ഞാൻ പറഞ്ഞത്, നിങ്ങൾ പറയുന്നതൊന്നും ഞങ്ങൾക്ക് മനസ്സിലാവാറില്ല. നിങ്ങൾക്ക്  .സാധാരണക്കാരുടെ ഭാഷയിലെന്താ സംസാരിച്ചാൽ?

 

ഇത്തവണ ചോദ്യകർത്താവിന്റെ ഒച്ച ലേശം ഉയർന്നത് പോലെ തോന്നി. പോസ്റ്റുകൾക്ക് മറുപടി ഇട്ടു കൊടുക്കേണ്ട ബാധ്യതയൊന്നുമില്ല. എങ്കിലും കൗതുകമുണ്ടാക്കുന്ന ചില കമന്റുകൾക്ക് മറുപടി നൽകുന്നതും ഒരു രസമാണ്. ഒരു മറുപടിയിലധികം അയാൾ അർഹിക്കുന്നുമില്ല. ഭാഷയും പ്രയോഗവും ഓരോരുത്തരുടെ സ്വാതന്ത്ര്യമാണ്. പക്ഷെ അയാൾ നിർത്താൻ ഭാവമില്ലെന്നു തോന്നുന്നു.

 

‘‘നിങ്ങൾ ബുദ്ധിജീവി ചമയുന്നതാണെന്നു ഞങ്ങൾക്കൊക്കെ അറിയാം’’

 

‘‘ബുദ്ധിജീവി ചമയേണ്ട ആവശ്യമൊന്നുമില്ല സുഹൃത്തേ. അത്യാവശ്യം ബുദ്ധി ഉണ്ടെന്നാണ് സ്വയമുള്ള വിചാരം. കൂടുതൽ സംസാരിക്കാൻ താൽപ്പര്യമില്ല’’

 

മറുപടി പറഞ്ഞും വായിച്ചും മുഷിഞ്ഞു തുടങ്ങിയിരുന്നു. എത്ര സന്തോഷത്തിലാണ് ആദ്യത്തെ നാടകത്തെ കുറിച്ചൊരു പോസ്റ്റിട്ടത്. അപ്പോഴാണ് ഇത്തരത്തിലുള്ള അപമാനം. എവിടെയും കൊതികുത്താൻ ചില മനുഷ്യരുണ്ടാകും. സ്ഥിരം സംസാരിക്കുന്ന ആളൊന്നുമല്ല, അതുകൊണ്ട് അത്ര ഓർമ്മയും കിട്ടുന്നില്ല.സങ്കടമാണ് വരുന്നത്. ഓരോ വരി എഴുതുമ്പോഴും ഉണ്ടായിരുന്ന സന്തോഷം.. അതുപോലെ യായിരുന്നു ഇന്നത്തെ അവതരണം. ഈ ദിവസത്തിന് വേണ്ടി എത്ര ദിവസത്തെ പരിശീലനമാണ് എടുത്തത്! അതിന്റെ ബുദ്ധിമുട്ടുകളൊന്നും ആർക്കും അറിയാനും താൽപ്പര്യമില്ല, എല്ലാവർക്കും കുറ്റപ്പെടുത്താൻ ആയിരം നാവുകളാണ്.

 

നിരന്തരം മർദ്ദിച്ച് മറ്റൊരുവളെ പ്രാപിക്കുന്ന ഭർത്താവിനെ ഓർത്ത് കരയുന്ന മണികർണിക, വീട്ടിൽ അവളൊറ്റയ്ക്കാവുമ്പോൾ അനുഭവിക്കുന്ന കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ. ഒടുവിൽ എല്ലാത്തിൽ നിന്നും പുറത്തുചാടി അവൾ കാലിൽ ചിലങ്കയണിയുന്നു. ആനന്ദനൃത്തം ചവിട്ടുന്നു. നൃത്തം പഠിച്ചിട്ടില്ലാത്ത താനാണ് ...ആ സമയത്ത് മറ്റാരോ ശരീരത്തിൽ പ്രവേശിച്ചത് പോലെയൊരു തോന്നലായിരുന്നു...

 

‘‘ഇവൻ  നല്ല തെറി വാങ്ങികൊണ്ടേ പോവുള്ളൂ എന്നാ തോന്നുന്നേ. മോളെ’’

 

മീരയുടെ ശബ്ദം എവിടെ നിന്നാണ് വരുന്നത്...

 

മണികർണിക ചിലങ്കയൂരി മറ്റാരോ ആവുന്നു.

 

ഇതാ ഇത് താൻ തന്നെയല്ലേ...

 

മൊബൈലിൽ നോക്കുമ്പോൾ നിമിഷ്  എബ്രഹാം എന്ന അയാളുടെ കമന്റിന്റെ താഴെ എണ്ണമറ്റ അഭിപ്രായങ്ങൾ. ചിലർ അവനെ ചീത്ത വിളിക്കുന്നു. മീരയുടെ ദേഷ്യം കൊണ്ട് വിറച്ച വാക്കുകളും അതിന്റെ അടിയിൽ തൂങ്ങിക്കിടപ്പുണ്ട്.

 

നിമിഷിന്റെ വാക്കുകൾ ഓരോ കമന്റുകൾക്കും താഴേയ്ക്ക് വരുമ്പോൾ അത് അശ്ലീലമായി മാറിക്കൊണ്ടേയിരിക്കുന്നു.

 

‘‘ഇവളൊക്കെ ന്യൂ ജെനെറേഷൻ നാടകമെന്നൊക്കെ പറഞ്ഞു എന്തിനാണ് പോകുന്നതെന്നൊക്കെ ഇവിടെ എല്ലാവർക്കുമറിയാം’’ എത്ര അശ്ലീലമാണ് ഇയാൾ എഴുതിക്കൂട്ടുന്നത്!

 

‘‘ഇങ്ങനെ വിടുന്നതുകൊണ്ടാ ഇവനൊക്കെ ഏതു പെൺള്ളേരുടെ അടുത്തും എന്തും പറയാം എന്നാവുന്നത് ’’  മീര ആ വാക്കുകളെ അത്ര നിസ്സാരമായി തള്ളിക്കളയാൻ തയ്യാറായില്ല. 

 

‘‘എന്തിനാണ് അവരൊക്കെ പോകുന്നത് ഒന്ന് പറഞ്ഞു തരാമോ?’’

 

മീരയുടെ ചോദ്യത്തിന് അപ്പോൾത്തന്നെ അയാൾ മറുപടി കുറിച്ചു.

 

‘‘ അത് ഞാൻ പറഞ്ഞിട്ട് വേണം നാളെ നീയൊക്കെ അതിന്റെ സ്ക്രീൻഷോട്ടും കൊണ്ട് നടന്നു വലിയ ആളാവാൻ. നിന്റെയൊക്കെ പണിയെന്താണെന്നു എല്ലാവർക്കുമറിയാം. കൂടുതൽ പറഞ്ഞു നാറാൻ നിക്കണ്ട’’

 

‘‘എന്തെങ്കിലുമൊക്കെ പറയുന്നത് സൂക്ഷിച്ചു വേണം മിസ്റ്റർ നിമിഷ് എബ്രഹാം. ഇനി അഥവാ അങ്ങനെ ആണെങ്കിൽത്തന്നെ തനിക്കെന്താണ് അവളുടെ വിഷയത്തിൽ ഇത്ര കാര്യം? താനാദ്യം സ്വന്തം വീട്ടിലെ കാര്യം നേരെയാക്കു എന്നിട്ട് മതി നാട്ടിലെ പെണ്ണുങ്ങളുടെ വിഷയത്തിൽ തലയിടാൻ’’

 

മീരയുടെ മുഖം ചുവന്നു വന്നു. പുസ്തകം വായിച്ചുകൊണ്ടിരുന്ന നടാഷ അത് കണ്ടില്ലെങ്കിലും അവളുടെ മുഖത്തേയ്ക്ക് നോക്കി.  

 

ഞാൻ മടുത്തു തുടങ്ങിയിരുന്നു, ഇതിന്റെയൊന്നും പുറകെ നടക്കാൻ തല്ക്കാലം പറ്റുന്നില്ല. ശാരീരികമായി തളർന്നിരിക്കുന്നു, ഇപ്പോൾ വിശ്രമമാണ് വേണ്ടത്. അവനുള്ള മറുപടി നാളെയാവാം.

 

‘‘താൻ തന്റെ പണി നോക്കി പോടോ’’ ഒറ്റ വാചകത്തിൽ മറുപടിയിട്ട ശേഷം ഞാൻ മൊബൈൽ കട്ടിലേക്കെറിഞ്ഞു ചരിഞ്ഞു കിടന്നു. വല്ലാത്ത ക്ഷീണമാണ് മനസ്സിനും ശരീരത്തിനും. മാനസി ചേച്ചി ഉണ്ടാക്കിയ സ്പെഷ്യൽ സേമിയ പായസം കൂടി ആയപ്പോൾ കണ്ണുകൾ അടഞ്ഞു പോകുന്നു. 

 

അബോധത്തിലേയ്ക്ക് വീണു പോകുമ്പോഴും എന്റെ മുന്നിലും ഉള്ളിലും അവളായിരുന്നു മണികർണിക. ഏതോ വലിയ ആഴത്തിലേയ്ക്ക് വീണു പോവുന്നു. ഇരുട്ടിന്റെ ഗുഹയിലൂടെ ബോധമില്ലാതെ... തനിച്ച്...

 

‘‘എമ്മ, മോളെ..’’

 

ആരാണ് വിളിക്കുന്നത്!. ഇതുവരെ ഞാനെവിടെയായിരുന്നു ?

 

കണ്ണുകൾ വലിച്ചു തുറക്കുമ്പോൾ ബോധം വീണു കിട്ടിയില്ല .

 

മാനസി ചേച്ചി മുറിയ്ക്ക് പുറത്ത് നിന്ന് മുട്ടി വിളിച്ചുകൊണ്ട് അകത്തേയ്ക്ക് കയറി. കണ്ണ് തുടച്ചു കിടക്കയിൽ എഴുന്നേറ്റിരുന്നു. നടാഷയെവിടെ?...

 

ഇന്നലെ എന്താണ് സംഭവിച്ചത്? ആരായിരുന്നു നിമിഷ് എബ്രഹാം?

 

സമയബോധം നഷ്ടപ്പെട്ടത് പോലെ എനിക്ക് തോന്നി. 

 

‘‘എല്ലാവരും പോയി എമ്മ. സമയം എത്രയായി എന്നാ?’’

 

 മാനസി ചേച്ചി ചുമരിലെ ക്ളോക്കിലേയ്ക്ക് നോക്കി.

 

‘‘ ദൈവമേ ഒൻപത് മണിയോ... ഇവൾ ഇതുവരെ എഴുന്നേറ്റില്ലേ , ഇവൾക്ക് ഇന്ന് പോണ്ടേ ?’’

മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന മീരയെ ഞാൻ ചവിട്ടാൻ ആഞ്ഞു.

 

‘‘ഹഹ അവൾ നിന്നെ പറ്റിച്ചതാണ് . തലയിണ മൂടി വച്ചിരിക്കുകയാണ് അവൾ’’

 

‘‘ഇവളെ ഞാൻ.....’’ വായിൽ നല്ല മുട്ടൻ തെറിയാണ് വരുന്നത്. മാനസി ചേച്ചി കയ്യിലിരുന്ന ഒരു ബോക്സ് എന്റെ നേരെ നീട്ടിയത് അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.

 

‘‘ഇതെന്താ ചേച്ചി?’’

 

‘‘അറിയില്ല, രാവിലെ കതക് തുറന്നപ്പോൾ പുറത്ത് ഇരുന്നതാ. നിന്റെ പേരായിരുന്നു. മീര കുത്തി തുറക്കാൻ ശ്രമിച്ചതാ, ഞാൻ സമ്മതിച്ചില്ല. അവൾ വന്നിട്ടേ തുറക്കാവൂ എന്നൊക്കെ പറഞ്ഞാ പോയത്. നിനക്കാ.. നോക്ക്’’

 

ഞാൻ പാക്കറ്റ് കയ്യിലെടുത്ത് കുലുക്കി നോക്കി.ഭാരമില്ലാത്ത എന്തോ ഒന്ന്. പാക്കറ്റിന്റെ മുകളിൽ എന്റെ പേര് വലിയ അക്ഷരത്തിൽ ഒട്ടിച്ച് വച്ചിരിക്കുന്നു. എവിടെ നിന്നോ മുറിച്ചെടുത്ത അക്ഷരങ്ങൾ കൊണ്ട് പേരുണ്ടാക്കിയിരിക്കുന്നു. സംഭവം കൊള്ളാം.

ഞാൻ മെല്ലെ പാക്കറ്റ് അഴിച്ചെടുക്കാൻ തുടങ്ങി.

 

‘‘ഇന്നലെ നാടകം കണ്ടു ആർക്കെങ്കിലും നിന്നോട് ആരാധന തോന്നിയതാവും’’

 

ചേച്ചിയുടെ തമാശ എനിക്ക് നന്നായി അങ്ങിഷ്ടപ്പെട്ടു, എങ്കിലും അത് പുറത്ത് കാണിക്കാൻ പോയില്ല. 

 

ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് , അതിൽ നിന്നും അടുത്തതിലേക്ക് അഴിച്ചെടുക്കുന്ന പൊതി ഒരു വലിയ പസിൽ പോലെ തോന്നി  . എത്ര അഴിച്ചെടുത്തിട്ടും തീരാത്തത് പോലെ ഒന്ന്... ഇതെന്താണ് കർത്താവേ, ആരാണ് ഇങ്ങനെ ഒരെണ്ണം വീടിന്റെ മുന്നിൽ കൊണ്ട് വയ്ക്കാൻ...

ആരാധന കാരണമാണോ?

ഒടുവിൽ ചെറിയൊരു പെട്ടി.

അതിനുള്ളിൽ എന്താണ്?

 

അകത്ത് ചുവന്ന നിറമുള്ള ഒരു ടിഷ്യു പേപ്പർ, അതിനു ചുവന്ന നിറമാണോ അതോ ചോര പറ്റി ചുവന്നതോ? എനിക്ക് സംശയമായി. മെല്ലെയത് തുറക്കുമ്പോൾ എന്റെ കയ്യിലിരുന്ന് അത് വിറയ്ക്കുന്നതുപോലെ തോന്നി.

 

അതൊരു മുറിഞ്ഞ വിരലായിരുന്നു. ഞാനൊരിക്കൽക്കൂടി അത് നോക്കി, കണ്ണുകൾ ചതിക്കുന്നതാണോ അതോ സത്യമോ? അതെ ശരിയാണ്, അതൊരു മനുഷ്യന്റെ മുറിച്ചെടുത്ത തള്ളവിരലാണ്. ടിഷ്യു ഉൾപ്പെടെ ആ വസ്തു ഞാൻ വലിച്ചെറിഞ്ഞു, എവിടെതട്ടിയാണ് അത് തെറിച്ചു താഴെ വീണതെന്നു ഞാനോർക്കുന്നില്ല. ഉള്ളിൽ നിന്നും ഗ്യാസ് പോലെ ഒരു കുമിള മുകളിലേയ്ക്ക് കയറി വന്നു, പുറത്ത് വന്നപ്പോഴാണറിഞ്ഞത്, അതൊരു നിലവിളിയായിരുന്നു.

 

മാനസി നോക്കുമ്പോൾ ചോരയുണങ്ങാൻ തുടങ്ങിയ ഒരു വിരൽ പെട്ടിയിൽ നിന്ന് തെറിച്ചു ഭിത്തിയിലിടിച്ച് നിലത്ത് വീണു കിടന്നു.

ഇത് എന്താണിങ്ങനെ?

ആരുടേതാണ് ഇത്?

ആരാണ് ഇങ്ങനെയൊരു സമ്മാനം അയച്ചത്? ആരുടെയോ കയ്യിൽ നിന്ന് അത് മുറിച്ചിട്ട് അധിക സമയമായില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മുറിച്ചിട്ട വിരലിൽ നിന്നും കട്ടി ചോര അടർന്നു വെളുത്ത ടൈലിന്റെ മുകളിലേയ്ക്ക് വീണു.

ആ വിരലുകൾ അനങ്ങുന്നുണ്ടോ ... മാനസിയ്ക്ക് ഉടലാകെ വെട്ടിവിയർത്തു .

എന്ത് ചെയ്യണമെന്നറിയാതെ അവർ പേടിച്ചു നിന്നു, നിലവിളിക്കാൻ പോലും മാനസി മറന്നു പോയിരുന്നു. അകത്തെ മുറിയിലെങ്ങും ആരുമുണ്ടായിരുന്നില്ല. മറ്റു മുറികളിലെ താമസക്കാരായ സ്ത്രീകളും അവരുടെ ജോലിക്കായി പോയ കാര്യമോർക്കാതെ ഞാൻ പിന്നെയും അലറിവിളിച്ചു, പക്ഷെ ഓരോ തവണത്തെ അലർച്ച കഴിയുമ്പോഴും പിന്നീടുള്ളതിന്റെ ശബ്ദം മരവിച്ച് മരവിച്ച് ഒടുവിൽ ശബ്ദമൊന്നും എന്നിൽ നിന്ന് പുറത്തേയ്ക്ക് വരാതെയായി. 

 

ഭയമാണ്... കണ്ണുകൾ പുറത്തേയ്ക്ക് ഉന്തി വന്നത് പോലെ, കണ്ണീരൊഴുക്കി കവിളുകൾ തണുത്തിരിക്കുന്നു. അല്ല ഉടലാകെ തണുത്തു പോയിരിക്കുന്നു. ഞാനിപ്പോൾ മരിച്ചിരിക്കുകയാണോ?

ഇപ്പോഴിതാ എനിക്കെന്റെ ഭാരം നഷ്ടമായിരിക്കുന്നു, അന്തരീക്ഷത്തിൽ പറന്നു നടക്കുകയാണിപ്പോൾ, ഇരുട്ടിലേക്ക് വീണു പോകുന്നു...

എനിക്ക് ബോധം നഷ്ടപ്പെട്ടു പോയി. 

 

English Summary : Njan Emma John, Chapter- 2 E-Novel By Sreeparvathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com