sections
MORE

പൊലീസ് എത്തി; നിരപരാധിത്വം തെളിയിക്കാൻ എന്തോ വ്യഗ്രത ഉള്ളതുപോലെ നടാഷ ആവേശം പൂണ്ടു...

HIGHLIGHTS
  • ശ്രീ പാർവതി എഴുതുന്ന നോവൽ
  • ഞാൻ എമ്മാജോൺ – അധ്യായം 3
ഞാൻ എമ്മാജോൺ – അധ്യായം 3
SHARE

ഉച്ച വെയിൽ ജീപ്പിനുള്ളിലേയ്ക്ക് ചായ്ഞ്ഞു വീണത് സി ഐ അനിൽ മാർക്കോസിന്റെ കയ്യിലേക്കാണ്. 

‘‘ലാസറേട്ടാ, ആ സ്ത്രീ പറഞ്ഞത് എന്താണ്? മുറിഞ്ഞ വിരൽ കിട്ടിയെന്നോ ?’’

ബൊലേറോയുടെ പിന്നിലിരുന്നു മുതിർന്ന കോൺസ്റ്റബിൾ ലാസർ ആ രംഗം ഭാവനയിൽ കാണാൻ ശ്രമിച്ചു. സുന്ദരിയായ ഒരു പെൺകുട്ടി, അവൾക്ക് ലഭിക്കുന്ന അജ്ഞാതമായ ഒരു സമ്മാനപ്പൊതി. തന്നെ താനറിയാതെ പ്രണയിക്കുന്ന ആരോ അയച്ചതെന്നു ആ ഒരു നിമിഷത്തിൽ അവൾക്ക് തോന്നിയിട്ടുണ്ടാവണം. പൊതി തുറന്നപ്പോൾ ചോരയിറ്റുന്ന ഒരു വിരൽ.

അലറിക്കരയുന്ന പെൺകുട്ടി ...

ലാസർ മുൻപിലിരുന്ന അനിൽ മാർക്കോസിനോട് താൻ മനസ്സിൽ കണ്ട ആ ചിത്രങ്ങൾ ഒരു സിനിമ പോലെ തന്നെ വർണ്ണിച്ചു കേൾപ്പിച്ചു. ലാസർ സ്ഥിരം ഇങ്ങനെ തന്നെയാണ്, ഒരു കേസുണ്ടാവുമ്പോൾ ആദ്യം അതിനെ ഒരു സിനിമയിലെ രംഗങ്ങളായി സങ്കൽപ്പിച്ച് കാണാൻ ആരംഭിക്കും. പിന്നെ എഫ് ഐ ആറിൽ  കാണാത്ത  കാഴ്ചകൾ ഓരോന്നായി അയാളുടെ തലച്ചോറിൽ തെളിയുകയായി . അതിൽ ചിലതൊക്കെ സത്യമായി വന്നിട്ടുമുണ്ട്. 

‘‘ലാസറേട്ടന് ഏതെങ്കിലും സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതികൂടായിരുന്നോ?’’

അയാളെപ്പറ്റി മനസ്സിലാക്കിക്കഴിയുമ്പോൾ സ്റ്റേഷനിൽ സ്ഥിരം കേൾക്കുന്ന ചോദ്യമാണ്. അപ്പോൾ അയാൾ ഉറക്കെ ചിരിക്കും.സത്യത്തിൽ അങ്ങനെ യാതൊരു ആഗ്രഹങ്ങളും ലാസറിനില്ല. 

‘‘ആ സ്ത്രീയ്ക്ക് അതിനെ കുറിച്ച് മറ്റൊന്നും അറിയില്ല അല്ലേ?’’

അനിൽ മാർക്കോസ് വീണ്ടും ചോദിച്ചു .

‘‘ഇല്ലെന്നാണ് സാർ അവർ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞത്. നമ്മൾ എത്താറായിട്ടുണ്ട്. ഗൂഗിൾ ലൊക്കേഷൻ നോക്കിപ്പോയാൽ ഇനി ഒരു ഇരുന്നൂറ് മീറ്റർ കഷ്ടി’’

‘‘ദാ എത്തി സാർ’’

പിന്നിൽ നിന്ന് ലാസറിന്റെ ശബ്ദം. ജീപ്പ് ഒരു ഇരുനില വീടിന്റെ ഉള്ളിലേയ്ക്ക് കയറി. പോലീസ് വരുമ്പോഴും അനങ്ങാൻ പോലുമാകാതെ മരവിച്ചിരിക്കുകയായിരുന്നു ഞാൻ. എന്താണ് രാവിലെ കണ്ടത്. ആ ചോര ഇറ്റുന്ന തള്ളവിരൽ ... അതാരുടെ വിരലാണ് ?

ആരാണ് അയച്ചത്?

എന്തിനാണ് എനിക്കയച്ചത്?

അതിപ്പോഴും വീണപ്പോൾ ഉണ്ടായിരുന്നത് പോലെ വെറും നിലത്ത് കിടക്കുന്നു. എന്താണ് ചെയ്യേണ്ടതെന്നറിയില്ല, അതിനെ സ്പർശിക്കാൻ ആർക്കാണ് തോന്നുക? ജീവനോടെ ഉണ്ടായിരുന്ന ഒരാളുടെ ശരീരം മുറിച്ച് മുന്നിൽ കിട്ടുമ്പോൾ എങ്ങനെയാണ് പ്രതികരിക്കേണ്ടത്?

ഒരു ചോദ്യത്തിനുമുള്ള ഉത്തരം എന്റെ കയ്യിലില്ല, മീരയുടെയും നടാഷയുടെയും കയ്യിലില്ല, എങ്കിലും മീര എപ്പോഴും എന്നെ അടുത്തിരുന്നു ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. വിവരമറിഞ്ഞപ്പോൾ ത്തന്നെ ഇരുവരും ഓഫീസിൽ നിന്നു പാഞ്ഞു വീട്ടിലെത്തി. ഇരുവരും നന്നായി ഭയന്നിരുന്നു. മീര എന്നാൽ ഉള്ളിലെ ഭയം പുറത്ത് കാണിച്ചില്ല, നടാഷയെ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും അത് മാറാത്തത് പോലെ അവൾക്ക് തോന്നി. 

‘‘നിന്റെ ഏതെങ്കിലും ആരാധകന്റെ വിരലായിരിക്കും. പണ്ട് വാൻഗോഗ് കാമുകിയ്ക്ക് ചെവി മുറിച്ച് കൊടുത്തത് പോലെ നിന്നോട് പ്രേമം തോന്നിയ ആരെങ്കിലും അയച്ചതായിരിക്കും’’ മീര പറഞ്ഞു.

‘‘നീയൊന്ന് മിണ്ടാതിരിക്കാമോ മീര?’’

നടാഷ അവളെ വഴക്കു പറഞ്ഞു. ആ പൊതി കാണുമ്പോഴൊക്കെ സ്വന്തം നെഞ്ചിടിപ്പ് അവൾ കേട്ടു. ആരുമറിയാതെ വാഷ്‌റൂമിൽ പോയി വായ്ക്കുള്ളിൽ വിരലിട്ട് അവൾ ഛർദ്ദിച്ചു. ഓർക്കുമ്പോഴൊക്കെ വായിൽ കയ്പ്പ് നിറയുന്നു. ഉണങ്ങിയ ചോര കട്ടി പിടിച്ച ഒരു വിരൽക്കഷ്ണം. അടിവയറ്റിലെ പുളഞ്ഞു ചുരുണ്ട കുടൽ വളവുകൾ നിവർന്ന് വരുകയും അവയൊന്നാകെ വായിലൂടെ പുറത്തേയ്ക്ക് വരുകയും ചെയ്യുന്നത് പോലെ നടാഷയ്ക്ക് തോന്നി. 

അവിടെ നിന്നും ഭയത്തിന്റെ ഒച്ചുകൾ മെല്ലെ ഇഴഞ്ഞിഴഞ്ഞ് തന്റെ നെഞ്ചിലെത്തി ഹൃദയത്തിനെ അമിത വേഗത്തിലെത്തിക്കുന്നതും അവളറിഞ്ഞു. തലച്ചോറിലെ ഞരമ്പുകളിലൂടെ അതിവേഗതയിൽ കുതിക്കുന്ന രക്തം... തല കറങ്ങുന്നുണ്ടോ.... ഇടയ്ക്കൊന്ന് വീഴാൻ പോയപ്പോൾ മറ്റാരും കാണാതെ നടാഷ കസേരയിലിരുന്നു സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു. ആഞ്ഞു വലിച്ചെടുത്തിട്ടും ഉള്ളിലേയ്ക്ക് ശ്വാസവും ശരിയായി ലഭിക്കാത്തത് പോലെ 

അനിൽ മാർക്കോസിന്റെയും, ലാസറിന്റെയും മുന്നിലേയ്ക്ക് ഞങ്ങൾക്ക് മൂവർക്കുമൊപ്പം മാനസി ചേച്ചിയുമുണ്ടായിരുന്നു .കയ്യുറയിട്ട് ലാസർ വിരൽ, നിലത്തു വച്ചു തന്നെ പരിശോധിക്കുകയും ചെയ്തു. വിരലാണെന്നു പോലും മനസ്സിലാക്കാനാകാതെ ചോരയുണങ്ങി പൊതിഞ്ഞ ഒരു വസ്തു . തൊലിയിൽ നിന്നും ഉണങ്ങിയ ചോര നേർത്ത പാളി പോലെ വിട്ടു പോന്നുകൊണ്ടിരിക്കുന്നു. അവർക്ക് പിന്നാലെ തന്നെ ഫോറൻസിക് ഉദ്യോഗസ്ഥരും .എന്റെ മുറിയിലെത്തി. എന്നെ ആ മുറിയിൽ നിന്നും മീര താങ്ങിപ്പിടിച്ച് കൊണ്ട് പോവുകയായിരുന്നു. ഫോറൻസിക് ഉദ്യോഗസ്ഥർ അനിൽ മാർക്കോസി നോട് കേസിന്റെ വിവരങ്ങൾ സംസാരിച്ച ശേഷം മുറിഞ്ഞ വിരലിന്റെ ഭാഗം പ്ലാസ്റ്റിക്ക് കവറിലിട്ടു. അവർ പുറത്തേയ്ക്ക് വരികയും സമ്മാനം ഇരുന്ന സ്ഥലം ഡസ്റ്റ് ചെയ്തു നോക്കുകയും ചെയ്തു.

‘‘ഒന്നുമില്ല സർ, കൂടിക്കലർന്ന ഫിംഗർ പ്രിന്റുകൾ. അതിൽ നിന്നും നമുക്ക് പ്രയോജനമുള്ളത് കണ്ടെടുക്കാനാവുമോ എന്ന് സംശയമാണ്!’’

‘‘താങ്ക് യു അനീഷ്’’

അനിൽ മാർക്കോസ് ഫോറൻസിക് ഉദ്യോഗസ്ഥന് കൈ നൽകി. 

‘‘അപ്പോൾ നിങ്ങൾക്കാർക്കും ഇതിനെ കുറിച്ച് ഒന്നുമറിയില്ലെന്നാണോ?’’

അനിൽ മാർക്കോസിന്റെ ചോദ്യം ഞാനുൾപ്പെടെയുള്ളവരോടായിരുന്നു. ഉത്തരം ആർക്കുവേണമെ ങ്കിലും പറയാമെന്നതുപോലെ അയാൾ നോക്കി.

‘‘ഇല്ല സാർ. ആരാണ്, എന്തിനാണ്, എന്നൊന്നും അറിഞ്ഞൂടാ. ഇത് ആരുടേതാണെന്ന് പോലും’’ 

മീരയാണ് മറുപടി പറഞ്ഞത്. സ്വയം നിർമ്മിച്ചെടുത്ത ഒരു തണുത്ത കൂട്ടിൽ നിന്ന് പുറത്ത് കടക്കാനാകാതെ ഞാൻ വെറുതെ നിലത്തേക്ക് നോക്കിയിരുന്നതേയുള്ളൂ. എനിക്കിപ്പോഴും വിറയൽ അവസാനിച്ചിരുന്നില്ല.

‘‘ നിങ്ങൾക്കെന്തെങ്കിലും ഇതേക്കുറിച്ച് അറിയാമോ?’’

ലാസർ മീരയുടെ മുഖത്തേയ്ക്കാണ് നോക്കിയതെങ്കിലും ചോദ്യത്തിന്റെ ഒടുവിൽ അയാളുടെ കണ്ണുകൾ നടാഷയിൽ തങ്ങി നിന്നു .

‘‘ ഞങ്ങൾ ഓഫീസിൽ പോയ സമയത്താണ് ഈ സമ്മാനം കിട്ടുന്നത്. മാനസി ചേച്ചി വിളിച്ചു പറഞ്ഞപ്പോൾ തന്നെ ഇങ്ങോട്ടേക്ക് പോരുന്നു. ഇവിടെ വന്നപ്പോഴാണ് ഇത് കണ്ടത്’’

നിരപരാധിത്വം തെളിയിക്കാൻ എന്തോ വ്യഗ്രത ഉള്ളതുപോലെ നടാഷ ആവേശം പൂണ്ടു. ഭയവും വെപ്രാളവും നിറഞ്ഞ അവളുടെ ശബ്ദത്തിൽ നിന്ന് വാക്കുകളെ വേർതിരിച്ചെടുക്കാൻ ലാസർ ബുദ്ധിമുട്ടി.

‘‘ സാർ ഞാൻ പോകുന്നതിനു മുൻപാണ് ഇത് കിട്ടിയത്. എമ്മയ്ക്കുള്ളത് ആയതുകൊണ്ട് നോക്കാൻ പറ്റിയില്ല. അവൾ ഉണരാനും വൈകി. വൈകിട്ട് വരുമ്പോൾ കാണാമെന്ന് കരുതി ഞാൻ ഓഫീസിലേക്കിറങ്ങി. കാര്യമറിഞ്ഞപ്പോ ഞെട്ടിപ്പോയി. ഞാനാണ് പിന്നെ നടാഷയെ കൂട്ടി പെട്ടെന്ന് ഇവിടെയെത്തിയത് ’’

ആധിയും ഉത്കണ്ഠയും നിറഞ്ഞ മീരയുടെ സ്വരത്തിൽ കരുതലിന്റെ നനവ്. അവൾ എന്റെ അടുത്തിരു ന്നു തോളിൽ തലോടിക്കൊണ്ടിരുന്നു. ഇതെല്ലാം കണ്ട് അസ്വസ്ഥയായ നടാഷ ഇപ്പോൾ കരയും എന്ന പോലെ ഇരിക്കാനും നിൽക്കാനും വയ്യാത്തത് പോലെ ബുദ്ധിമുട്ടി.

‘‘ഞാനാണ് സാർ കണ്ടത്. രാവിലെ മുറ്റത്തിരുന്നതാണ്. എമ്മ എഴുന്നേൽക്കുന്നത് വരെ കാത്തിരുന്നു. ഇങ്ങനെ ഒന്ന് ആരും പ്രതീക്ഷിക്കുന്നതേയില്ലല്ലോ’’

ഓരോരുത്തരുടെയും വെളിപ്പെടുത്തലുകൾ ലാസർ ഡയറിയിൽ കുറിച്ച് വയ്ക്കുകയും അയാൾ സ്വന്തം തിരക്കഥയിൽ സിനിമക്കാഴ്ചകളിലേയ്ക്ക് കടക്കുകയും ചെയ്തിരുന്നു. അവിടെ മുഖമില്ലാതൊരുവൻ ഇരുട്ടിൽ പതുങ്ങിയെത്തുന്നതും കയ്യിലിരുന്ന പെട്ടി വീടിന്റെ മുന്നിൽ വയ്ക്കുന്നതും കണ്ടു . അയാളുടെ തല തൊപ്പികൊണ്ട് മൂടിയിരുന്നു. അയാൾ വീടിനു ചുറ്റും നടക്കുന്നുണ്ട്, എമ്മയുടെ മുറി ഏതെന്നു കണ്ടുപിടിക്കാനായി അയാൾ  തിരയുന്നുണ്ട്. ഒടുവിൽ അത് കണ്ടെത്താനാകാത്ത ദേഷ്യത്തിൽ നിലത്ത് ആഞ്ഞു ചവിട്ടി മടങ്ങുന്നു.

‘‘സാർ പേടിയുണ്ട് ഞങ്ങൾക്ക്. സ്ത്രീകൾ മാത്രം താമസിക്കുന്ന വീടാണ്’’

‘‘നിങ്ങളുടെ ഭർത്താവ് എവിടെ? എത്ര വർഷമായി വീട് ഹോം സ്റ്റേ ആക്കിയിട്ട് ?’’

മാനസിയുടെ നേരെ നോക്കി അനിൽ മാർക്കോസ് ചോദിച്ചു .

ആ ചോദ്യത്തിൽ മാനസിയുടെ മുഖമിരുണ്ടു .

‘‘ സാർ ഞാൻ രണ്ടു വർഷമായി  ഹോം സ്റ്റേ നടത്തുന്നു. ഇതാണ് എന്റെ വരുമാന മാർഗ്ഗം. രണ്ടു കുട്ടികളുണ്ട്. ഒരാളുടെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെയാൾ പഠിക്കുന്നു. ഇവിടെയുണ്ട്’’

‘‘ഭർത്താവ് ?’’

‘‘ ഭർത്താവില്ല. അയാളെ ഉപേക്ഷിച്ചിട്ടാണ് ഞാനിറങ്ങിപ്പോന്നത്’’ മാനസിയുടെ മുഖത്ത് നോക്കിയ പ്പോൾ ഒരു തീയുടെ ചൂട് അനിൽ മാർക്കോസിന് അനുഭവപ്പെട്ടു.

‘‘ എമ്മയ്ക്ക് ആരെങ്കിലും ശത്രുക്കളോ ദേഷ്യം തോന്നിയവരോ അങ്ങനെ ആരെങ്കിലും?’’

മാനസിയുടെ മറുപടിയിൽ തൃപ്തി തോന്നിയില്ലെങ്കിലും അനിൽ മാർക്കോസ് എനിക്ക് നേരെ തിരിഞ്ഞു .

‘‘ ആരുമില്ല സാർ. എന്റെ അറിവിൽ എനിക്ക് ശത്രുക്കളില്ല. എല്ലാവരോടും സ്നേഹത്തിലാണ് പെരുമാറുന്നത്. എനിക്കൊന്നുമറിയില്ല’’

എനിക്ക് കരയാൻ തോന്നി. മീര എന്നോട് കൂടുതൽ ചേർന്നിരുന്നു. അവളുടെ ചൂടാണ് എനിക്കുള്ള ഏക പ്രതിരോധ മരുന്നെന്ന് തോന്നി. ലാസർ എഫ് ഐ ആറിന് വേണ്ടതൊക്കെ ചെയ്യുകയായിരുന്നു.

‘‘മഹേഷ്’’ അനിൽ മാർക്കോസ് കൂടെയുള്ള ഉദ്യോഗസ്ഥനെ വിളിച്ചു.

‘‘ ഇന്നലെ രാത്രിയിൽ ഈ ടവർ ലൊക്കേഷനിലുണ്ടായിരുന്ന സകല ഫോണുകളുടെയും ലിസ്റ്റെടുക്ക ണം. പിന്നെ അടുത്തുള്ള സിസിടിവി, സംശയം തോന്നുന്ന എന്തുണ്ടെങ്കിലും ശ്രദ്ധിക്കണം’’

‘‘യെസ് സർ’’ മഹേഷ് ഉറപ്പു പറഞ്ഞു.

അനിൽ മാർക്കോസും ലാസറും കൂടെ ഉള്ള പോലീസുകാരും പുറത്തേയ്ക്കിറങ്ങി മാനസിയ്ക്ക് സമ്മാനം ലഭിച്ച പൂമുഖം വിശദമായി പരിശോധിച്ചു. എന്നാൽ പ്രാഥമിക പരിശോധനയിൽ പ്രത്യേകിച്ചൊന്നും തങ്ങൾക്ക് ലഭിക്കില്ലെന്ന്  അരിച്ചു പെറുക്കിയുള്ള തിരച്ചിൽ കഴിഞ്ഞപ്പോൾ അനിൽ മാർക്കോസിന് മനസ്സിലായി. 

‘‘ ഫോറൻസിക് പരിശോധനയ്ക്ക് ശേഷം എന്തെങ്കിലും അപ്‌ഡേഷൻ ഉണ്ടെങ്കിൽ അറിയിക്കാം. എന്തായാലും കേസ് രജിസ്റ്റർ ചെയ്യുകയാണ്’’

‘‘ ഓക്കേ സാർ. താങ്ക്സ്’’ എനിക്ക് പകരക്കാരിയെന്നപോലെ മീരയാണ് സംസാരിക്കുന്നത്.

പോലീസുകാർ പൊതികൊണ്ട് ഇറങ്ങിപ്പോയിട്ടും എന്റെ നെഞ്ചിടിപ്പിന്റെ വേഗം കുറഞ്ഞില്ല. 

‘‘എന്നാലും ഇതാര് ?’’

മുറിയിൽ ഞങ്ങൾ മാത്രമായപ്പോൾ മീര എത്രയോ തവണ ഇതിന് മുൻപും ചോദിച്ച അതേ ചോദ്യം ആവർത്തിച്ചു.

‘‘ എനിക്ക് പേടിയാവുന്നു’’ നടാഷ കിടക്കയിലേക്ക് വീണു .

എങ്ങനെയാണ് ദിവസങ്ങൾ ഇനി മുന്നോട്ട് പോവുക എന്നത് ചോദ്യചിഹ്നമായിരുന്നു. കണ്ണടയ്ക്കു മ്പോൾ മുൻപിൽ ചോര വറ്റി ഉണങ്ങിപ്പിടിച്ച ഒരു വിരലാണ്. സ്വപ്നങ്ങളിൽ സ്വന്തം വിരൽ മുറിഞ്ഞു ഒഴുകുന്ന ചോര കണ്ടു ഒന്ന് രണ്ടു തവണ ഞാൻ നിലവിളിച്ചു.  തൊട്ടടുത്ത കിടക്കയിൽ നിന്നും അപ്പോൾ മീര ഉണർന്നു വന്നു എന്നെ കെട്ടിപ്പുണർന്നു കിടക്കുകയും മുടിയിൽ തഴുകി ഉറക്കാൻ ശ്രമിക്കുകയും ചെയ്തു. പാവം മീര, അവൾക്കെന്നോട് എന്ത് സ്നേഹമാണ്! പക്ഷെ നടാഷയുടെ മൗനം ഞാൻ ശ്രദ്ധിക്കുന്നുണ്ട്, അവളെന്നിൽ നിന്ന് അകലാൻ ശ്രമിക്കുന്നത് പോലെ, അവളുടെ വീർപ്പു മുട്ടൽ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. എന്താണ് അവളുടെ പ്രശ്നമെന്ന് എനിക്ക് മനസ്സിലായില്ല.  

രണ്ടു ദിവസം കഴിഞ്ഞിട്ടാണ് സ്റ്റേഷനിൽ നിന്ന് സി  ഐ അനിൽ മാർക്കോസ് വിളിച്ചത്. മീരയുടെ നിർബന്ധം കൊണ്ട് വീണ്ടും ഡ്രാമ ലാബിൽ പോയി തുടങ്ങിയിരുന്നു ഞാൻ.  ഒരു സമ്മാനത്തിന്റെ പേരിൽ ഭയന്ന് വിറച്ച് ജീവിതം കളയാനാവില്ല. പോലീസ് ബാക്കി കണ്ടു പിടിക്കട്ടെ, മീരയുടെ വാക്കുകൾ ഒരു പരിധി വരെ ധൈര്യവുമായിത്തീർന്നു.  രണ്ടു ദിവസം മുൻപ് വന്ന സമ്മാനത്തെക്കുറിച്ച് ഓർക്കാൻ പോലും ഞാനാഗ്രഹിച്ചില്ല. മറക്കാൻ ശ്രമിക്കുന്ന പലതിന്റെയും കൂട്ടത്തിലേക്ക് അതിനെയും ഒതുക്കി വയ്ക്കാൻ ഞാൻ മോഹിച്ചു. 

‘‘എമ്മ, ഒന്ന് ഓഫീസിലേയ്ക്ക് വരാമോ?’’ അനിൽ മാർക്കോസിന്റെ വിളി 

‘‘ അതിനെന്താ സാർ വരാം . എന്തെങ്കിലും?’’

‘‘ ഒരു കാര്യം പറയാം. സൗഹൃദങ്ങൾ പലതരത്തിലുണ്ട്. ചിലർ നമ്മുടെ ഏതു കാലത്തിലും കൂടെയുണ്ടാവും. നമ്മുടെ സങ്കടത്തിലും സന്തോഷത്തിലും എല്ലാം കൂടെയുണ്ടാവും. മറ്റുചിലർക്ക് നമ്മളെക്കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായേക്കാം, അല്ലെങ്കിൽ അതുണ്ടെന്ന് അവർക്ക് തോന്നിയേക്കാം. അതുമല്ലെങ്കിൽ സന്തോഷത്തിൽ മാത്രം കൂടെ നിൽക്കാം’’

അയാളെന്താണ് അങ്ങനെ പറഞ്ഞതെന്ന് മനസ്സിലായില്ല ഓട്ടോപിടിച്ച് ചെല്ലുമ്പോൾ അനിൽ മാർക്കോസ് പോലീസ് സ്റ്റേഷനിൽ എന്നെയും കാത്തിരിക്കുകയായിരുന്നു.

English Summary : Njan Emma John, Chapter- 2 E-Novel By Sreeparvathy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA