sections
MORE

ആ ഓർമയിൽ നടാഷ വിറച്ചു; അപസ്മാരബാധ കയറിയത് പോലെ അവൾ തുള്ളി, എനിക്ക് പേടി തോന്നി...

ഞാൻ എമ്മ ജോൺ– അധ്യായം 4
SHARE

പനമ്പിള്ളി നഗറിൽ നിന്നും ഓട്ടോയിൽ സ്റ്റേഷനിലേക്കുള്ള വഴിയിൽ സഞ്ചരിക്കുമ്പോൾ ഞാനോർത്തത് നഗരത്തെക്കുറിച്ചാണ്. തിരക്കിട്ടോടുന്ന കാറുകളും ബസുകളും എതിരെ പായുന്നു. എന്തൊരു വേഗമാണ് നഗരത്തിന്! അതിന് ആക്കം കൂട്ടാനായി മെട്രോ, ആകാശത്തിലെ മേഘങ്ങളെത്തൊട്ടെന്നപോലെ ഓടിക്കൊണ്ടിരിക്കുന്നു. മനുഷ്യരുടെ മുഖത്ത് പോലും ധൃതിയുടെ ഭാവങ്ങൾ.

‘‘എറണാകുളത്ത് ഡ്രൈവ് ചെയ്‌താൽ കേരളത്തിലെവിടെയും ഏതു വഴിയിലും ഡ്രൈവ് ചെയ്യാൻ എളുപ്പമാണ്’’ പലർ പറയുന്ന വാചകങ്ങൾ ആവർത്തിക്കുക മാത്രമേ ഋഷി ചെയ്തിട്ടുള്ളൂ . എന്നിട്ടും ആ വാചകം അവന്റെ ശബ്ദത്തിലാണ് എല്ലായ്പ്പോഴും മുഴങ്ങുന്നത്. എതിരെ നഗരവേഗത്തിൽ പാഞ്ഞു പോകുന്ന മനുഷ്യരിൽ നിന്നും ഓർമ്മകൾ ഋഷിയിലേയ്ക്ക് അതിലും വേഗതയിൽ കുതിച്ചു .അല്ലെങ്കിലും അവനിലേക്കുള്ള ഓർമ്മകളും പ്രണയവും എന്നും വേഗതയിൽ തന്നെയായിരുന്നു. ഒരിക്കൽ ഏതോ സുഹൃത്തിന്റെയൊപ്പം ഡ്രാമാ ലാബിൽ നാടകം കാണാനായി എത്തിയപ്പോഴാണ് ഋഷിയെ ആദ്യമായി കാണുന്നത്. ‘പാളങ്ങൾ’ എന്നായിരുന്നു നാടകത്തിന്റെ പേര്.  നാടകം തീർന്നതും നായികയായി അഭിനയിച്ച തന്നെ അഭിനന്ദിക്കാൻ ഋഷി പിശുക്കു കാണിച്ചില്ല. 

പരിഭ്രമത്തോടെ അരങ്ങിൽ നിന്നും പുറത്തേയ്ക്ക് വന്ന ഞാൻ. അഭിനന്ദനങ്ങളുടെ ചിരികളും കൈകളും. അതിനിടയിലൂടെ ചോക്ലേറ്റ് മുഖമുള്ള ഒരാൾ. എല്ലാവരും അഭിനന്ദിച്ച് ഒഴിഞ്ഞു പോകാൻ വേണ്ടി അയാൾ കാത്തിരുന്നു. എല്ലാവരും മടങ്ങിക്കഴിഞ്ഞപ്പോൾ അയാളും സുഹൃത്തും അരികിലേക്ക് വന്നു. പിന്നെ പരിചയപ്പെടൽ.

‘‘ഞാൻ ഋഷി, ഇതെന്റെ സുഹൃത്ത് സിദ്ധു. തന്റെ അഭിനയം കണ്ടു ഞങ്ങൾ രണ്ടു പേരും തന്റെ ഫാൻസ്‌ ആയിപ്പോയി കേട്ടോ’’  പിന്നെ ഋഷിയുടെ ഒരു പൊട്ടിച്ചിരി. എത്ര പരിഭ്രമത്തോടെയാണ് ഓരോ നാടകങ്ങളും അരങ്ങിൽ അവതരിപ്പിക്കപ്പെടുന്നത്. എല്ലാം കഴിഞ്ഞു ഒഴിഞ്ഞു തുടങ്ങുന്ന കസേരകൾ കാണുമ്പോൾ ചങ്കിടിപ്പ് തോന്നും. ആ പരിഭ്രമത്തിലേക്കാണ് ഋഷിയും അവന്റെ സൃഹൃത്തും അഭിനന്ദിക്കാനെത്തിയത്. ആ നിമിഷത്തിൽ കണ്ണുകളിൽ നക്ഷത്രങ്ങൾ പൂത്തു. പിന്നീട് വഴിയിൽ വച്ച് കണ്ടു സംസാരിച്ചു ചിലപ്പോൾ ഋഷി ഒറ്റയ്ക്ക്, ചിലപ്പോൾ സിദ്ധുവിനൊപ്പം. പിന്നെപ്പിന്നെ ഒറ്റയ്ക്ക് മാത്രമായി...

ഫ്ലാറ്റിൽ ഋഷിയുടെ നെഞ്ചിൽ കിടക്കുമ്പോൾ കൂടുതലും അവൻ സംസാരിച്ചിട്ടുള്ളത് ബിസിനസ്സിനെക്കുറി ച്ചാണ്. ഒപ്പമുള്ള പകലുകൾക്ക് ശേഷം അവനു ലഭിക്കാറുള്ള വലിയ ഊർജ്ജത്തെക്കുറിച്ച് അവനെപ്പോഴും വാതോരാതെ പറഞ്ഞു. പുതിയതായി നിർമ്മിക്കാൻ പോകുന്ന കെട്ടിടത്തിന്റെ ഡിസൈൻ അവന്റേത് മാത്രമായതുകൊണ്ട് അതിന്റെ പേരിൽ ലഭിച്ച പ്രശംസകൾ, നഗരത്തിലെ മികച്ച ഇന്റീരിയർ ഡിസൈനറിന്റെ സ്വപ്‌നങ്ങൾ, കെട്ടാൻ പോകുന്ന പുതിയ ഓഫീസ്... പ്രണയത്തിന്റെ ആഘോഷങ്ങൾക്കിടയിൽ കൈമാറിപ്പോകുന്ന ഊർജ്ജം.. അവന്റെ ചിരി...

എന്നിൽ നിന്ന് ഊർന്ന് പോകുന്ന ഊർജ്ജത്തെക്കുറിച്ച് അവനറിഞ്ഞിട്ടേയില്ല. ഒന്നും വേണ്ട ഋഷി , നീ സന്തോഷമായിരിക്കുക... ബൈക്കുകൾ റോഡിൽ ഇത്തിരി ഇടത്തിലൂടെ  പോകുന്നതുപോലെ ഓട്ടോ, ഉള്ള സ്ഥലത്തിലൂടെ കയറിയിറങ്ങി പോകുന്നുണ്ട്. എവിടെയെങ്കിലും കൊണ്ടിടിക്കുമോ എന്ന് പോലും പേടി തോന്നി. ഒരു നിവൃത്തിയുണ്ടെങ്കിൽ ഓട്ടോയിൽ കയറാറില്ല, അവരുടെ ചില ഡ്രൈവിങ് ശൈലികളൊക്കെ കാണുമ്പോൾ ചോദ്യം ചെയ്യാൻ തോന്നും. അത് പിന്നെ ബുദ്ധിമുട്ടാവും.  മീര കർശനമായി നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും അവൾ കൊണ്ടാക്കുകയും വൈകുന്നേരം കൊണ്ട് വരുകയും ചെയ്തോളാമെന്ന്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിലും അവളാണ് ഒപ്പം വരുന്നത്. അവളുടെ പിന്നിലിരുന്നു പോകാൻ രസമാണ്. കഥകൾ പറഞ്ഞു, നാടിനെയും നഗരത്തെയും കുറിച്ച് സംസാരിച്ച്, ഇടയ്ക്കിറങ്ങി ബൂസ്റ്റ് സർബത്തും ഉപ്പിലിട്ട ലൈം സോഡയും കുടിച്ച് ...

സി  ഐ അനിൽ മാർക്കോസിന്റെ മുന്നിലിരിക്കുമ്പോഴും എന്തിനാണയാൾ സൗഹൃദത്തെക്കുറിച്ച് സംസാരിച്ചത് എന്നോർത്താണ് എനിക്ക് ആധി തോന്നിയത്. 

‘‘ ഇങ്ങോട്ട് വിളിച്ചു വരുത്തേണ്ട കാര്യമൊന്നുമില്ലായിരുന്നു. പക്ഷേ ഇവിടെ നിന്ന് ഇറങ്ങാൻ പറ്റാത്തത് പോലെ തിരക്കായിപ്പോയി അതുകൊണ്ടാണ്. തനിക്ക് ഇപ്പോൾ എങ്ങനെയുണ്ട്?’’ അനിൽ മാർക്കോസ് വിശേഷം തിരക്കി .

‘‘ സാർ. കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞുകൂടാ. അതെന്തോ ഒരു ദു:സ്വപ്നമാണെന്നാണ് ഇപ്പോൾ തോന്നുന്നത്. പെട്ടെന്നൊരു ദിവസം ഭയപ്പെടുത്തുന്ന ഒരു സമ്മാനം കിട്ടുക. പിന്നീട് അതിനെക്കുറിച്ച് ഒന്നും മനസിലാകാതെയും അറിയാതെയുമിരിക്കുക’’

‘‘ഞങ്ങൾ അതിന്റെ പിന്നിലുണ്ട്. നിങ്ങൾ വിഷമിക്കണ്ട. കൂട്ടുകാരികളൊക്കെ എന്ത് പറയുന്നു’’

വിശേഷം ചോദിക്കാനായാണോ ഈ തിരക്കിനിടയിൽ ഇയാൾ തന്നെ വിളിച്ചു വരുത്തിയത്. 

‘‘ എല്ലാവരും നന്നായിരിക്കുന്നു. സാർ എന്തിനാണ് എന്നെ ഇങ്ങോട്ട് വിളിപ്പിച്ചതെന്ന് പറഞ്ഞില്ലല്ലോ’’

‘‘ അതേ. നിങ്ങളുടെ കൂട്ടുകാരിയെക്കുറിച്ച് പറയാൻ തന്നെയാണ് വിളിപ്പിച്ചത്’’

കൂട്ടുകാരിയെക്കുറിച്ചോ! അനിൽ മാർക്കോസ് ആ പറഞ്ഞതിന്റെ അർഥം എന്താണ്! കേസിൽ അവർ എങ്ങനെയാണ് ഉൾപ്പെട്ടിരിക്കുന്നത് . അവരാരെങ്കിലും ആ സമ്മാനവുമായി ബന്ധപ്പെട്ടിട്ടുണ്ടോ? 

‘‘ കേസുമായി ബന്ധപ്പെട്ട് എനിക്ക് നടാഷയോടും മീരയോടും നിങ്ങളുടെ മാനസി ചേച്ചിയോടും സംസാരിക്കാനുണ്ടായിരുന്നു. നടാഷയോടാണ് ആദ്യം സംസാരിച്ചത്. അപ്പോഴാണ് ആ കുട്ടിയുടെ കുറച്ചു ബുദ്ധിമുട്ടുകൾ മനസ്സിലാവുന്നതും. സൗഹൃദം പലപ്പോഴും നമ്മൾ വിചാരിക്കുന്നത് പോലെ ആകണമെന്നില്ല എമ്മ ജോൺ. അവർ നമ്മുടെ കൂടെ എല്ലായ്പ്പോഴും ഒപ്പമുണ്ടാകുമെന്ന് കരുതരുത്. ഒരു അപകടം നടക്കുമ്പോൾ നമ്മൾ മനസ്സിലാക്കും ആരൊക്കെയാണ് നമ്മുടെ യഥാർത്ഥ സുഹൃത്തുക്കളെന്ന്’’

‘‘സാർ, ഇങ്ങനെ എന്നെ ആധിപിടിപ്പിക്കാതെ എന്താ കാര്യമെന്ന് പറയൂ പ്ലീസ്’’

ആരെങ്കിലും ഇനിയെന്നെ കൂടെ നിന്ന് ചതിക്കുന്നുണ്ടോ?

മീര?

നടാഷ?

മാനസി  ചേച്ചി?

‘‘ അവരുടെ അന്നത്തെ പരിഭ്രമം കണ്ട് അവരിൽ കണ്ണ് വയ്ക്കണമെന്ന് ഞാൻ ലാസറേട്ടനോട്‌ പറഞ്ഞിരുന്നതുമാണ്. പക്ഷേ സംഗതി അതൊന്നുമല്ല. ഇങ്ങനെയുള്ള സംഘർഷങ്ങളെ ഒന്നും ആ കുട്ടിക്ക് താങ്ങാൻ ആവില്ലത്രേ .അതുകൊണ്ട് അവർ സ്വന്തം വീട്ടിലേയ്ക്ക് പോവുകയാണ് എന്നു പറഞ്ഞു. എന്താണ് തനിക്ക് ആ കുട്ടിയെ കുറിച്ച് പറയാനുള്ളത്?’’

നടാഷ അങ്ങനെ പറഞ്ഞുവോ?  സ്വൽപ്പം ഭയം കൂടുതൽ ഉള്ള കുട്ടിയാണ്. എന്നാൽ ഇതുപോലെ ഒരു സന്ദർഭത്തിൽ അവളൊരിക്കലും ഉപേക്ഷിച്ച് പോവില്ല. കഴിഞ്ഞ അഞ്ചു വർഷമായി നടാഷ ഒപ്പമുണ്ട്. പഠനം കഴിഞ്ഞു ജോലി കിട്ടിയപ്പോഴും ജീവിതം മാറ്റി നടാനായി ഒരു നഗരത്തിൽ നിന്നും മറ്റൊന്നിലേക്ക് ചേക്കേറിയപ്പോഴും അവൾ കൂടെപ്പോന്നു. ഋഷി ഉപേക്ഷിച്ചു പോയപ്പോൾ താങ്ങായും തണലായും നിന്നതും അവളാണ്. കരഞ്ഞു തുടങ്ങിയാൽ വല്ലാതെ തളർന്നു പോകുന്ന കുട്ടിയാണവൾ. എന്നാൽ ഇതുപോലെ ഒരു സന്ദർഭത്തിൽ അവൾ തന്നെ ചതിക്കുമെന്നു കരുതാൻ വയ്യ. എങ്കിലും കഴിഞ്ഞ രണ്ടു ദിവസമായി അവളിലൊരു നിശ്ശബ്ദതയുണ്ട്, അത് ഞാനറിഞ്ഞിട്ടുമുണ്ട്. 

‘‘ ഇല്ല സാർ. ഞാനിത് വിശ്വസിക്കില്ല. കഴിഞ്ഞ 5 വർഷങ്ങളായി ഞങ്ങൾ ഒന്നിച്ചായിട്ട്. പഠിത്തം കഴിഞ്ഞു ജോലി കിട്ടിയപ്പോഴും ഒന്നിച്ച് താമസിക്കണമെന്ന് തോന്നി. കോട്ടയത്ത് പോവുന്നതും ഞങ്ങളൊന്നിച്ചാണ്. അവൾ എന്നെ ഒറ്റയ്ക്കാക്കി പോവില്ല’’

‘‘ ആ കുട്ടി വല്ലാത്തൊരു ഞെട്ടലിലാണ്. ഒന്നും താങ്ങാൻ വയ്യ എന്ന് പറഞ്ഞു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കുമ്പോൾ വന്നോളാം എന്നും പറഞ്ഞിട്ടുണ്ട്. സൗഹൃദങ്ങളെ പഠിക്കുന്നതിൽ നമ്മളൊക്കെ പിന്നോട്ടാണ്. താൻ ഒരു ആർട്ടിസ്റ്റ് അല്ലേ, മനുഷ്യരെ തിരിച്ചറിയാൻ കഴിയേണ്ടതാണ്’’

കയ്യിലിരുന്ന ഫോൺ ബെല്ലടിച്ചു. ഫോൺ എടുത്ത് നോക്കിയപ്പോൾ അവളാണ് . നടാഷ കാളിങ് ...

ഉള്ളിലൂടെ ഒരു ചൂട് കാറ്റ് പാഞ്ഞു നടക്കുന്നുണ്ട്. അതിങ്ങനെ ദിശ തെറ്റി കറങ്ങുകയാണ്. അവളെന്തിനാണ് വിളിക്കുന്നത്? പോലീസ് സ്റ്റേഷനിൽ നിന്ന് എല്ലാം അറിഞ്ഞ ശേഷം തന്നെ വിളിച്ചു പറയാൻ കാത്തിരിക്കുകയായിരുന്നോ ? ഉപേക്ഷിച്ചു പോകുന്നതിന് മുൻപുള്ള ക്ഷമാപണമായിരിക്കാം അവളുദ്ദേശിക്കുന്നത്.

ഞാൻ ഫോണെടുത്തു.ഒരേയൊരു വാചകം.

‘‘ എനിക്ക് നിന്നെയൊന്ന് കാണണം. നീ ഹിൽപാലസ് വരെ വരാമോ വൈകുന്നേരം? മീരയെ കൂട്ടാതെ വരണം’’

മറുപടിയെന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ഫോൺ കോൾ കട്ടായി. 

ഡ്രാമാ ലാബിൽ ഇരിക്കുമ്പോഴും നടാഷയുടെ വാക്കിലെ ചേതനയില്ലായ്മയെ കുറിച്ചാണ് ഞാനോർത്തത് . ഇവിടെയിപ്പോൾ അവൾക്കെന്താണ് സംഭവിച്ചത്? പോലീസും കേസും ഒക്കെ ആയതാണോ പ്രശ്നം?

അങ്ങനെയൊരു ഭയപ്പെടുത്തുന്ന ഗിഫ്റ്റ് വന്നതാണോ കുഴപ്പം? ഇതൊന്നും ആരുടേയും കുഴപ്പമല്ലല്ലോ, ഏതെങ്കിലും സൈക്കോകൾ ഇങ്ങനെയൊക്കെ കാണിക്കുന്നതിന് അതും തന്നോട് കാണിക്കുന്നതിന് അവൾ തന്നെ വിട്ടു പോകുന്നതെന്തിന്!?

വൈകുന്നേരം മീര വരുന്നതിനു മുൻപിറങ്ങി ഹിൽപാലസിൽ എത്തിയപ്പോൾ നടാഷയ്ക്ക് എന്താണ് പറയാനുള്ളത് എന്നോർത്തിട്ട് എനിക്ക് നെഞ്ചിടിപ്പ് കൂടി. മ്യൂസിയത്തിന്റെ താഴെയുള്ള പാലച്ചുവട്ടിൽ അവൾ ഇരിക്കുന്നുണ്ട്. മുൻപും പല തവണ അവളോടൊപ്പം  ഇവിടെ വന്നിട്ടുണ്ട്. ഒന്നും കാണാനല്ല, വെറുതെ നടക്കാൻ.

‘‘ ഈ പാല  പൂക്കുന്ന സമയത്ത് ഇവിടെ വരണം. ഹോ, ഈ മണം  മറ്റൊരു ലോകത്തേയ്ക്ക് കൊണ്ട് പോവും. പക്ഷേ ഒരുപാട് നേരം ഇതിന്റെ കീഴിലിരുന്നാൽ ബോധം മറയും പോലെ തോന്നും. അത്ര തീക്ഷ്ണമാണ്’’

ഇപ്പോഴവൾ അതേ പാലയുടെ ചുവട്ടിലാണ്. അത് പൂവിട്ടു നിൽക്കുകയാണ്. അത് കണ്ടപ്പോഴാണ് ഇത്രയും നേരം പാലപ്പൂവിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന് പോലും ഞാൻ തിരിച്ചറിഞ്ഞത്. എന്തുകൊണ്ടാണ് അതിന്റെ കീഴിലിരുന്നിട്ടും അവളൊന്നും അറിയാത്തത് !എന്തോ അവളെ അഗാധമായി ബാധിച്ചിരിക്കുന്നു. എന്താണത്!

ഓർത്തിട്ട് എനിക്ക്  എന്തോ വിഷമം തോന്നി. ഇതിന് മുൻപ് ഋഷിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്ന കാര്യം സംസാരിക്കുന്ന ആ ദിവസമായിരുന്നു ഇതേ പോലെ ഹൃദയം വേദനിച്ചത് .ബന്ധങ്ങളെല്ലാം ഇങ്ങനെ തന്നെയാണോ?

എന്നെ കണ്ടപാടെ നടാഷ എഴുന്നേറ്റു, പിന്നെ വളുടെ കൈപിടിച്ച് ഒപ്പമിരുത്തി. അവൾ മുഖത്തേയ്ക്ക് നോക്കുന്നതേയില്ല, അല്ലെങ്കിലും സംസാരിക്കുമ്പോൾ നടാഷ കണ്ണുകളിലേയ്ക്ക് നോക്കിയിട്ടേയില്ല. കണ്ണുകളിൽ നോക്കി സംസാരിക്കാത്തത് കള്ള  ലക്ഷണമാണെന്ന് മീരയെപ്പോഴും പറയും. എന്നാലൊരി ക്കലും നടാഷ കണ്ണുകളിലേയ്ക്ക് നോക്കിയിട്ടേയില്ല. 

‘‘എന്താ പെണ്ണെ നീ പറ ? എന്താ പ്രശ്നം?’’

വാക്കുകൾ തുടങ്ങാൻ അവൾക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടായിരുന്നു. ശ്വാസം കിട്ടാത്തത് പോലെ ആഴത്തിൽ അവൾ വായു ഉള്ളിലേയ്‌ക്കെടുത്തു.

‘‘ എന്റെ ജീവിതത്തിൽ മറ്റാർക്കുമറിയാത്തൊരു കാര്യമുണ്ട്. നിന്നോടും ഞാനത് പറഞ്ഞിട്ടില്ല. അതത്ര വലിയ കാര്യമല്ലെന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു . പക്ഷെ നിനക്ക് കിട്ടിയ സമ്മാനത്തോടെ ഒരുകാര്യമെനിക്ക് മനസ്സിലായി. എനിക്ക് ചികിത്സ വേണം എമ്മ’’

ഇവളെന്താണ് ഈ പറയുന്നത്. എന്തിനാണ് ചികിത്സ . നടാഷ, എന്റെ തോളിലേക്ക് ചായ്ഞ്ഞു.

ഞങ്ങൾക്ക് ചുറ്റും തണുത്ത കാറ്റ് വീശി തുടങ്ങി. അപരിചിതരായ മനുഷ്യർ നടക്കുകയും ഉറക്കെ സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു, എനിക്കതൊന്നുമല്ല ഇപ്പോൾ കേൾക്കേണ്ടത്. നടാഷയുടെ വിഹ്വലതകളാണ്. എന്തൊക്കെയോ പറയാൻ ഉണ്ടായിട്ടും അവൾക്ക് ഒന്നും പറയാനാകുന്നില്ലെന്ന് തോന്നി . ആവശ്യത്തിന് സമയമെടുക്കട്ടെ. നടാഷ കരയുകയാണ്. ഇവൾക്കെന്താണ് ഇത്ര വലിയ സങ്കടം...

‘‘എന്താ മോളെ, നീ പറ. ഞാൻ കേൾക്കുന്നുണ്ട്’’

നടാഷ തലയുയർത്തി മറ്റെവിടേയ്ക്കോ നോക്കി.

‘‘ ഞാൻ റേപ്പ് ചെയ്യപ്പെട്ടവളാണ് എമ്മ’’

കർത്താവേ- എന്റെ ഹൃദയം വിറച്ചു. ഒരുമാത്ര അത് നിലച്ചു പോയതുപോലെ. 

‘‘ പെട്ടെന്നിങ്ങനെ എനിക്ക് പറയാൻ കഴിയുമെന്ന് പോലും ഞാൻ കരുതിയില്ല എമ്മാ. എന്നാൽ ആ വാക്ക് പറഞ്ഞു കഴിഞ്ഞപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നുന്നു. പറയാനായിരുന്നു ബുദ്ധിമുട്ട്. അനുഭവിക്കു ന്നത് പോലെ തന്നെയാണ് അതിനെക്കുറിച്ച് പിന്നീട് ഓർക്കുന്നതും സംസാരിക്കുന്നതും. പക്ഷേ സത്യമാണ്... ഞാൻ... വളരെ ക്രൂരമായി ഒരിക്കൽ’’

‘‘നീയെന്താ പറയുന്നത്. എന്നിട്ട് ? വീട്ടിൽ പറഞ്ഞില്ലെ?’’

‘‘ എങ്ങനെ പറയും. അച്ഛൻ വഴക്കുണ്ടാക്കുമായിരിക്കും എന്ന പേടി കൊണ്ട് പറയാനായില്ല. ഞങ്ങളുടെ തൊട്ടടുത്ത വീട്ടിലെ അങ്കിൾ .അച്ഛന്റെ അടുത്ത കൂട്ടുകാരൻ. ഞാൻ എങ്ങനെയാ മോളെ’’ നടാഷ പൊട്ടിക്കരഞ്ഞു.

ഒന്നും പറയാനാകുന്നില്ല. അല്ലെങ്കിലും എന്ത് പറഞ്ഞാണ് അവളെ ആശ്വസിപ്പിക്കുക. സോഷ്യൽ മീഡിയയിൽ പല പെൺകുട്ടികളും മീ ടൂ അനുഭവങ്ങൾ ഇടുമ്പോൾ അതൊക്കെ മറ്റാർക്കോ ആണെന്നുള്ള തോന്നലാ യിരുന്നു. തൊട്ടടുത്തിരുന്ന ഒരുപെൺകുട്ടി ആ വാചകങ്ങൾ കാണുമ്പോൾ കരഞ്ഞിരുന്ന കാര്യം അറിഞ്ഞതേയില്ല. എന്തൊരു അരക്ഷിതാവസ്ഥയിലാണ് പലപ്പോഴും പെൺകുട്ടികൾ. എന്റെ കണ്ണുകൾ നിറഞ്ഞു തുള്ളികൾ താഴേയ്ക്ക് ഉരുണ്ടു പൊയ്ക്കൊണ്ടേയിരുന്നു.

ഇതുവരെ മൗനത്തിലിരുന്ന നടാഷ പിന്നെ പെരുമഴ പോലെ പെയ്യാൻ തുടങ്ങി. 

‘‘ നാല് വയസ്സ് മുതൽ പതിനൊന്ന് വയസ്സു വരെ അയാളെന്നെ ഇടയ്ക്ക് ഉപദ്രവിച്ചിരുന്നു. ഒരിക്കൽ അയാളെന്നോട് ചോദിച്ചു. ‘‘നീയും ഇതൊക്കെ എന്നോടൊപ്പം ആസ്വദിക്കുന്നുണ്ടല്ലോ പിന്നെന്തിനാ എപ്പോഴുമിങ്ങനെ എന്നെക്കാണുമ്പോൾ പേടിക്കുന്നതെന്ന്’’ ഞാനെന്താ അയാളോട് പറയേണ്ടത്. നാല് വയസ്സുള്ള ഒരുപെൺകുട്ടിക്ക് ഇത് അപകടമാണോ അല്ലയോ എന്നു എങ്ങനെ തിരിച്ചറിയാനാകും? മൂത്രമൊഴിക്കുന്ന ഭാഗത്തും മലം പോകുന്ന ഭാഗത്തും എപ്പോഴും വേദനയായിരുന്നു .എന്നാൽ അത് എല്ലാ പെൺകുട്ടികളും അനുഭവിച്ചിരുന്ന എന്തോ ഒന്നാണെന്നാണ്  ഞാൻ കരുതിയതെന്ന് തോന്നുന്നു. 

അഞ്ചു വയസ്സ് കഴിഞ്ഞു അയാൾ മറ്റേതോ നാട്ടിലേയ്ക്ക് പോയി. പിന്നെ എനിക്ക് പത്ത് വയസ്സുള്ളപ്പോഴാണ് വന്നത് . അപ്പോഴേക്കും ഞാൻ മനസിലാക്കിയിരുന്നു അയാളെന്നോട് എന്താണ് ചെയ്തിരുന്നതെന്ന്. അയാളെ കാണുമ്പൊൾ എനിക്ക് വിറയ്ക്കും വിയർക്കും ... നെഞ്ചിടിക്കും .. ആരോടും പറയാനാകാതെ വിങ്ങി, വിങ്ങി ... ഞാനെപ്പോഴും കരയുന്ന ഒരു കുട്ടിയായിരുന്നു. നടാഷയുടെ ഓർമ്മയിൽ ആ ദിവസത്തിന്റെ കാഴ്ചയ്ക്ക് തെളിച്ചം കൂടുതലുണ്ടായിരുന്നു.

ജോലിക്ക് പോയിരിക്കുന്ന അച്ഛനമ്മമാർ ഉള്ള വീടുകളിലെ പെൺകുട്ടികൾ എന്തുമാത്രം അരക്ഷിത രാണെന്ന് അന്നാണ് അവൾ മനസ്സിലാക്കിയത്. ഒറ്റയ്ക്കിരിക്കുമ്പോൾ എപ്പോഴും അടച്ചിട്ടിരിക്കുന്ന കതക് ഒരാവശ്യത്തിന് പുറത്തിറങ്ങിയപ്പോൾ തുറന്നതാണ്. അതിലൂടെ അയാൾ അകത്ത് കടക്കുന്നു. അകത്തു കയറി വാതിൽ കുറ്റിയിട്ടു നോക്കുമ്പോൾ അയാൾ പിന്നിൽ ചിരിച്ചുകൊണ്ട് നിൽക്കുന്നു .വർഷങ്ങൾക്ക് ശേഷം കാണുമ്പോഴുള്ള ആവേശം മുഴുവൻ അയാളിലുണ്ടായിരുന്നിരിക്കണം. അയാൾ പത്തുവയസ്സു കാരിയെ അമർത്തി കെട്ടിപ്പിടിച്ച് അവളുടെ മാറിൽ ഞെരിച്ചു. ഉറക്കെ കരയാൻ പോലും മറന്ന് ഭയം കൊണ്ട് ചുരുങ്ങിപ്പോയ ഒരു അട്ടയെപ്പോലെയായി അവൾ. ഉടുത്തിരുന്ന ഉടുപ്പ് വലിച്ചഴിച്ച് അയാൾ... പിന്നീടെപ്പോഴും അയാളിൽ നിന്ന് മാറി നടക്കാൻ ശ്രമിച്ചിട്ടുണ്ട്... 

വീണ്ടും ആ ഓർമയിൽ നടാഷയ്ക്ക് വിറയൽ കൂടി . അപസ്മാരബാധ കയറിയത് പോലെ അവൾ തുള്ളി. എനിക്ക് പേടി തോന്നി. ദൈവമേ, ഇത്രയും വലിയ അനുഭവങ്ങളുമായാണോ ഈ പെൺകുട്ടി തങ്ങൾക്കൊപ്പം ചിരിച്ചും കളിച്ചും ജീവിച്ചത് .

‘‘മോളെ.. മോളെ... കരയരുത്’’ ഞങ്ങൾ രണ്ടും മാത്രമാണ് അപ്പോൾ അവിടെ ഉണ്ടായിരുന്നത് എന്നത് പോലെ നടാഷയെ കൂടുതൽ കൂടുതൽ അമർത്തി പുണർന്നു ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

അര മണിക്കൂറെടുത്തു അവൾ പഴയപടിയാവാൻ. അത്രയും നേരം അവളെന്റെ നെഞ്ചിൽ ചരിഞ്ഞു കിടക്കുകയായിരുന്നു. വൈകുന്നേരത്തെ പങ്കുവയ്ക്കാൻ അവിടെയുണ്ടായിരുന്ന സഞ്ചാരികൾ ഞങ്ങളെക്കണ്ടു കണ്ടു അസ്വസ്ഥപ്പെട്ടു എന്നെനിക്ക് തോന്നി. ആരെന്തു വിചാരിച്ചാലും ഒന്നുമില്ല. അവളെന്റെ കൂട്ടുകാരിയാണ്, ഈ നിമിഷം ഈ കരുതൽ അവൾക്കാവശ്യമാണ്!

‘‘ അതിനുശേഷം എനിക്കെല്ലാം ഭയമാണ് മോളെ... മിനിയാന്ന് നിനക്ക് വന്ന ആ ചോര പറ്റിയ വിരൽ കണ്ടപ്പോൾ, എനിക്ക്... എനിക്കെന്റെ ഹൃദയത്തെ നിയന്ത്രിക്കാനാവുന്നില്ല .ആത്മഹത്യ ചെയ്യാൻ വരെ തോന്നുന്നത് പോലെ. പേടി എന്ന് പറഞ്ഞാൽ ഇങ്ങനെയുമുണ്ടോ ഭയം എന്ന് തോന്നും. ഇരുട്ടിൽ ആരോ എന്നെ വരിഞ്ഞു മുറുക്കി ഒരു കൊക്കയിലേക്ക് തള്ളിയിടുന്നത് പോലെയാണ്. കണ്ണ് തുറന്നാൽ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് ഓടിപ്പോകാൻ തോന്നും. ആ മുറിയിൽ നിങ്ങൾ രണ്ടു പേരും ഉണ്ടെങ്കിലും നമ്മളെക്കൂടാതെ മറ്റാരോ എന്നെ അപകടപ്പെടുത്താൻ ഉണ്ടെന്ന് തോന്നും, ഉറക്കെ കരയാൻ തോന്നും... എനിക്ക് ചികിത്സ വേണം എമ്മാ. ഇല്ലെങ്കിൽ ഞാൻ മരിച്ചുപോകും. ഇതുവരെ ഇത്ര വലിയൊരു അപകടം ഞാൻ നേരിട്ടിട്ടില്ല, അതുകൊണ്ടാവും ഞാനറിയാഞ്ഞത്. ഇപ്പോൾ ... അന്നത്തെ ഭയം വീണ്ടും ... പക്ഷേ അന്നത്തെപ്പോലെയല്ല ഇപ്പോഴത് എനിക്ക് താങ്ങാനാവുന്നില്ല. പേടികൊണ്ട് ഞാൻ മരിച്ചുപോകുന്നതു പോലെയാണ്. എനിക്ക് വയ്യ’’

ഈ മനസ്സ് എങ്ങനെയൊക്കെയാണ് മനുഷ്യരിൽ പ്രവർത്തിക്കുന്നത്. എനിക്ക് എന്ത് ചെയ്യണമെന്നറി യില്ലായിരുന്നു. അല്ലെങ്കിലും ഞാനെന്താണ് പറയേണ്ടത്! ഞാനവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ച് പരാജയ പ്പെട്ടുകൊണ്ടിരുന്നു. ഇനിയുമെന്തൊക്കെയോ ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നതിന്റെ യൊരു മുന്നൊരുക്കം പോലെ ഞാൻ ഭയപ്പെട്ടു. 

English Summary : Njan Emma John, Chapter- 4 E-Novel By Sreeparvathy 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA