sections
MORE

ആ പോസ്റ്റ് നീക്കം ചെയ്തു ക്ഷമ പറഞ്ഞില്ലെങ്കിൽ നീയിനി അടുത്ത പ്രഭാതം കാണില്ല : എന്നെ നീ നിസ്സാരമാക്കി അവഗണിക്കരുത്...

ഞാൻ എമ്മാ ജോൺ – അധ്യായം–5
SHARE

മിസ്റ്റർ തോമസ് അലക്സ് @thomas alex, നിങ്ങൾക്ക് ഒരു പെൺകുട്ടിയെ ഓർമ്മയുണ്ടോ? പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് നിങ്ങളുടെ കാമപൂർത്തീകരണത്തിന് ഇരയാക്കപ്പെട്ട ഒരു പെൺകുട്ടിയെ? ലോകം മുഴുവൻ മീ ടൂ ചർച്ചയാകുമ്പോൾ എനിക്ക് തോന്നിയിരുന്നു ഞാനും അവരിൽ ഒരാളാണെന്ന്. സോഷ്യൽ മീഡിയയിൽ വന്നതിന് ശേഷമാണ് അങ്ങനെ ഒരു തോന്നലുണ്ടായത്. ഒരു പന്ത്രണ്ട് മണി  കഴിഞ്ഞും മെസെഞ്ചർ ഓൺ ആണെങ്കിൽ എത്ര മെസേജുകളാണ് ലഭിക്കുന്നത്. സുഖമാണോ, സുഖം വേണോ ...

എനിക്ക് മനസ്സിലാകുന്നില്ല നിങ്ങൾക്കൊക്കെ എന്താണ് കുഴപ്പമെന്ന്. ഞങ്ങൾ പെൺകുട്ടികൾ നിങ്ങളെപ്പോലെയുള്ളവരുടെ കാര്യങ്ങൾക്ക് ഉപകരിക്കുന്ന യന്ത്രങ്ങളാണെന്നാണോ കരുതുന്നത്?

അതുപോട്ടെ, നമുക്ക് തോമസ് അലക്സിലേയ്ക്ക് തിരികെ വരാം .

കുട്ടിക്കാലത്ത് നിങ്ങൾ  അവളുടെ ശരീരത്തോട് കാട്ടിയ അനീതിയും ആക്രമണവും കൊണ്ട് ഇന്നും അവളുടെ മനസ്സിനെ ബാധിച്ചിരിക്കുന്ന ബുദ്ധിമുട്ടുകൾ നിങ്ങളറിഞ്ഞിട്ടുണ്ടോ? ഒരിക്കലുമുണ്ടാവില്ല. അവളെക്കുറിച്ച് ഞാനീ സ്പെയിസിൽ കൂടുതൽ സംസാരിക്കുന്നില്ല, അതിന്റെ ആവശ്യവുമില്ല. പക്ഷേ നിങ്ങളെന്ന ഫ്രോഡിനെ, ബാസ്റ്റഡിനെ ഈ ലോകത്തിന് മുന്നിൽ ഇനിയെങ്കിലും തുറന്ന് കാട്ടിയില്ലെങ്കിൽ എനിക്കെന്നോട് തന്നെ ക്ഷമിക്കാനാവില്ല. നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം? ഒരു വണ്ടി തട്ടിയാൽ അവിടെ തീർന്നു നിങ്ങളെന്ന വൻമരം. ജീവിതം അത്രയുമൊക്കെയേ ഉള്ളൂ. ഇനിയെങ്കിലും നിങ്ങൾക്ക് ചുറ്റുമുള്ള പെൺകുട്ടികൾ സുരക്ഷിതരായിരിക്കട്ടെ എന്നു ഞാനാഗ്രഹിക്കുന്നു.

വാക്കുകൾ ടൈം ലൈനിൽ പോസ്റ്റ് ചെയ്ത കഴിഞ്ഞിട്ടും എന്റെ കയ്യുടെ തരിപ്പും ദേഷ്യവും അസ്വസ്ഥതയും മാറിയില്ല. കുറച്ചു സമയം മുൻപ് എന്താണ് കേട്ടത്. സങ്കൽപ്പിക്കാൻ പോലുമാവാത്ത ഒരു വേട്ടക്കാരന്റെ ക്രൂരതയായിരുന്നു അത്. അനുഭവിച്ചത് ഏറ്റവുമടുത്ത കൂട്ടുകാരിയും. മെസഞ്ചറിൽ വന്നു ശരീരഭാഗങ്ങൾ കാണിക്കുന്നത് പോലെ അത്ര നിസ്സാരമല്ല ഇത്. ഒരു പെൺകുട്ടി അവളുടെ ചെറുപ്രായത്തിൽ തന്നെക്കാൾ മുതിർന്ന ഒരുവനാൽ അപമാനം അനുഭവിക്കുകയാണ്,വേദനിക്കുകയാണ്, ഇതെങ്ങനെ സഹിക്കും. കേൾക്കാ ൻ  പോലും ഇത്ര എളുപ്പമല്ലാതിരിക്കുമ്പോൾ പതിനൊന്ന് വയസ്സിൽ അവൾ അതെങ്ങനെ അനുഭവിച്ചിരിക്കും  ...

അയാളെ കയ്യിലേക്ക് കിട്ടിയിരുന്നെങ്കിൽ കുത്തിക്കീറി കൊന്നേനെ, വീട്ടിൽ വന്നതും മീര ചോദ്യം ചെയ്യാൻ തുടങ്ങി, എന്താണ് കാത്തിരിക്കാഞ്ഞത്, എവിടെയാണ് പോയത്, എങ്ങനെയാണ് വന്നത്... കുറെ ചോദ്യങ്ങൾ. അല്ലെങ്കിലും ആ സമ്മാനം ലഭിച്ചതിനു ശേഷം അവൾക്ക് കരുതൽ ഇത്തിരി കൂടിയിട്ടുണ്ട്. കുളിച്ച് വസ്ത്രം മാറി വന്നു ചായകുടിക്കാനിരിക്കുമ്പോൾ വീണ്ടും അസ്വസ്ഥത തലപൊക്കുന്നു. ഒന്നും കഴിക്കാനാകുന്നില്ല. ചൂട് ചായ കുടിച്ചപ്പോൾ തലയ്ക്കുള്ളിൽ പെരുപ്പിന് ഒരു ആശ്വാസമുണ്ട് എന്നുമാത്രം. 

കിടക്കയിൽ പോയിക്കിടന്ന് ഫെയ്‌സ്ബുക്ക് എടുത്തു നോക്കിയപ്പോൾ പോസ്റ്റിനു ചുറ്റും കടിപിടികൂടുന്ന കുറെയേറെ പേരെ കണ്ടു.

അവരിൽ മനുഷ്യരുണ്ട്, മൃഗങ്ങളുണ്ട്. എന്തൊക്കെ പറഞ്ഞാലും അയാളുടെ പേര് പരസ്യമാക്കേണ്ടിയിരുന്നി ല്ല. ഒരുത്തന്റെ കമന്റ്. പരസ്യമാക്കിയില്ലെങ്കിൽ ചിലവന്മാർ പറയും ആ മാന്യനെ പരസ്യമാക്കൂ എന്ന് , ഈ മനുഷ്യരെന്താണ് ഇങ്ങനെ.  ഇതെന്റെ ശരിയാണ്, എന്റെ ശരി ഇങ്ങനെയാണ്. ഒട്ടും ശരികേട് തോന്നിയില്ല.

ഇയാളെ പോലെ ഉള്ളവരെ ഇങ്ങനെ പരസ്യമായി വിചാരണ ചെയ്യുക തന്നെ വേണം

ഇവനെപോലെയുള്ളവരെ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലണം

കുട്ടിക്കാലത്ത് സുഖിച്ചിട്ട് വലുതാവുമ്പോ പീഡനം എന്ന് പറഞ്ഞു വരും പലരും. എന്ത് ദുരന്തമാടോ?

തന്റെ തന്നെ അനുഭവമാണോ എമ്മാ?-

അയാൾ ഉടനെ തന്നെ ഈ പ്രൊഫൈൽ കളഞ്ഞിട്ട് കണ്ടം വഴി ഓടും.

തോമസ് അലക്സിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ താഴെ ഇതുവരെ പരിചയം പോലുമില്ലാത്തവർ യുദ്ധം നടത്തുന്നതും കണ്ടു. അയാൾക്കത് തന്നെ വേണം. ലോകം തിരിച്ചറിയണം ഇത്തരത്തിൽ പീഡോഫീ ലിയയുള്ളവരെ.

‘‘ഡീ ഇതാരെക്കുറിച്ചാ നീയീ പോസ്റ്റിട്ടത്?’’ മീര ചോദിച്ചപ്പോഴാണ് നടാഷയും അങ്ങനെയൊരു പോസ്റ്റിനെ കുറിച്ച് അറിഞ്ഞത്.

‘‘എന്റെയൊരു സുഹൃത്തിനെക്കുറിച്ചാണ്, നിനക്കറിയില്ല’’

നടാഷയെ ഒറ്റിക്കൊടുക്കാൻ തോന്നിയില്ല. അവൾ തന്നോട് വിശ്വസിച്ച് പറഞ്ഞതാണ്. അവളെ ചൂണ്ടിക്കാണിക്കാനാവില്ല.

‘‘ആ കൂട്ടുകാരിക്ക് പേരില്ലേ? ഞാൻ അറിയുന്നതാണോ?’’

‘‘നീ അറിയുന്നതല്ല’’

നടാഷ സങ്കടമിയന്ന മുഖത്തോടെ എന്നെ നോക്കി. അവൾ മൊബൈൽ എടുത്ത് നോക്കുന്നത് കണ്ടു, അപ്പോഴാവും അവളാ പോസ്റ്റ് കണ്ടിട്ടുണ്ടാവുക. നടാഷയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മീര ഫോൺ വന്നു പുറത്തേക്കിറങ്ങിയപ്പോൾ അക്ഷരാർത്ഥത്തിൽ നടാഷ ഓടിയെത്തുകയായിരുന്നു. അവൾ എന്നെ കട്ടിലിലേക്ക് പിടിച്ച് തള്ളി.

‘‘നീ.. നിന്നോടാര് പറഞ്ഞു എന്നോട് ചോദിക്കാതെ അയാളെ പേരെടുത്ത് വിളിച്ച് ഇങ്ങനെയൊരു പോസ്റ്റിടാൻ? ഇത് കഷ്ടമാണ് എമ്മാ. ഇനി എന്തൊക്കെ ഉണ്ടാവുമെന്ന് നിനക്കറിയാമോ?’’

‘‘നീയെന്തിനാ പേടിക്കുന്നെ, അയാളാണ് പേടിക്കേണ്ടത്. നിനക്കെന്ത് സംഭവിക്കാനാണ്. എല്ലാവരും അറിയട്ടെ അയാളുടെ ചെറ്റത്തരം’’

‘‘ നീ മണ്ടത്തരം പറയാതെ. ചിലതൊക്കെ നമ്മുടെ ഉള്ളിൽ സൂക്ഷിക്കാനുള്ളതാണ്. ജീവിതം മുഴുവൻ ഫെയ്‌സ്ബുക്കിൽ കുടഞ്ഞിടാനുള്ളതല്ല. നീയത് എന്നാണു പഠിക്കുന്നത്. ഇനി ഇതിന്റെ പേരില് എന്തൊക്കെയുണ്ടാവുമെന്നോർക്കുമ്പോഴാണ്. അമ്മയും അച്ഛനുമൊക്കെ അറിഞ്ഞാൽ... ഇതുവരെ ആരെയും അറിയിക്കാതെ ഞാൻ സൂക്ഷിച്ചു വച്ചത്... നീയെന്തിനാണ് അയാളെ മെൻഷൻ ചെയ്തത്. ചുമ്മാ പോസ്റ്റ് ഇട്ടാലും കുഴപ്പമില്ലായിരുന്നു’’

വൈകുന്നേരം തന്നോട് സംസാരിച്ച നടാഷ ഫിലിപ് അല്ലല്ലോ ഇത്. ഇവൾക്കെന്താണ് പറ്റിയത്. 

‘‘ഡീ, ഒരുപെൺകുട്ടി ഉപദ്രവിക്കപ്പെടുമ്പോൾ അവൾ നിശബ്ദത പാലിക്കുന്നതാണ് ഇത്തരത്തിൽ ഉപദ്രവിക്കുന്നവരുടെ ആശ്വാസം. ഒന്നുകിൽ പ്രതികരിക്കാൻ പഠിക്കണം. അല്ലെങ്കിൽ അത് എല്ലാവരെയും അറിയിക്കാനുള്ള ധൈര്യം കാണിക്കണം. ഇതുപോലെ ഇനിയും പെൺകുട്ടികളെ അയാൾ ഉപയോഗിക്കില്ലേ’’

പോസ്റ്റിന് കമന്റ് ഇട്ടവരോട്‌ മറുപടി പറയാൻ സൗകര്യമില്ല. പക്ഷെ ഇവൾക്കെന്താണ്  എന്തൊക്കെപ്പറഞ്ഞി ട്ടും തന്നെ മനസ്സിലാകാത്തത്!

‘‘നീ ഒന്നോർത്ത് നോക്ക് നടാഷാ’’ അവളുടെ തോളിൽ ആശ്വസിപ്പിക്കാനെന്ന പോലെ കൈവച്ചു. അതിയായ ദേഷ്യം കൊണ്ട് തിളയ്ക്കുന്ന കൈകൾ കൊണ്ട് അവളത് തട്ടിമാറ്റി.

‘‘എനിക്കൊന്നും ഓർക്കേണ്ട എമ്മാ. മറക്കാൻ ശ്രമിച്ചതാണ്. പക്ഷേ നീ കാരണം വീണ്ടുമെല്ലാം ഓർക്കേണ്ടി വന്നു. ആ എന്നോട് ഒരു കരുണയും കാണിക്കാതെ നീയത് പരസ്യമാക്കി. അയാളെ എനിക്കിനിയും കാണേണ്ടതാണ്. അയാൾക്ക് ഭാര്യയും കുട്ടികളുമുണ്ട്. സമൂഹത്തിൽ അംഗീകാരമുണ്ട്’’

‘‘നിനക്കെങ്ങനെ ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നു നടാഷാ ? അയാൾ കാരണമാണ് നീയിങ്ങനെ, ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ഉരുകുന്നത്. എന്നിട്ടും നിനക്കയാളുടെ ഫാമിലിയും സ്റ്റാറ്റസുമൊക്കെയാണ് വലുത്. നീ അല്ലെങ്കിൽ മറ്റൊരു പെൺകുട്ടി അയാൾക്ക് വേണം. ഇനിയും പെൺകുട്ടികളെ അയാൾക്ക് ഉപദ്രവിക്കാൻ വിട്ടു കൊടുക്കണോ?’’

‘‘എനിക്ക് സമാധാനം വേണം എമ്മാ. നീയിപ്പോ അത് നഷ്ടപ്പെടുത്തി. പൊതു വേദിയിൽ ഒരു സംസാര വിഷയമാകാൻ ഞാനാഗ്രഹിക്കുന്നില്ല. മനുഷ്യരുമായി നേരിട്ട് ഇടപെടേണ്ടാത്ത ഒരു ജോലിയും കോഴ്‌സും പോലും ഞാൻ തിരഞ്ഞെടുത്തത് അതുകൊണ്ടാണ്. എനിക്ക് മനുഷ്യരെ പേടിയാണ്, അവരെന്നെ കുറിച്ച് സംസാരിക്കുന്നത് അസ്വസ്ഥതയാണ്’’

ഞാനൊന്നും മിണ്ടിയില്ല. നടാഷയെ ചേർത്ത് തോളിലേക്ക് ചായ്ച്ച് പിടിച്ചു. പാവം പെൺകുട്ടി, അവളെന്തു മാത്രമാണ് മാനസികമായി ബുദ്ധിമുട്ടുന്നത്. പെട്ടെന്ന് മീര അകത്തേയ്ക്ക് കയറി വന്നപ്പോൾ അങ്ങനെയൊരു സംഭാഷണമേ അവിടെ ഉണ്ടായിട്ടില്ലാത്തത് പോലെ ഞങ്ങൾ പഴയത് പോലെ സ്വന്തം മൊബൈൽ നോക്കിയിരുന്നു.

‘‘സ്റ്റേഷനിൽ നിന്ന് വിളിച്ചോ എമ്മാ? അവരെന്ത് പറയുന്നു.?’’

‘‘അറിയില്ല,അവരിതുവരെ ഒന്നും വിട്ടു പറഞ്ഞിട്ടില്ലല്ലോ.നാളെ അറിയാൻ കഴിഞ്ഞേക്കും’’

‘‘ആ സി ഐ എന്നോട് സംസാരിക്കണമെന്ന് പറഞ്ഞിരുന്നു, നാളെ പോകാം അല്ലേ?’’

‘‘ ഞാനും വരാം, ഒന്നിച്ചു പോകാം’’ അങ്ങനെ ആ സംഭാഷണം അവസാനിച്ചെങ്കിലും നടാഷയുടെ മുഖത്ത് നിന്നും അസ്വസ്ഥതയുടെ ചൂട് പ്രവഹിക്കുന്നത് മനസ്സിലാവുന്നുണ്ട്.

അങ്ങനെയൊരു സമ്മാനം കിട്ടിയതല്ല ഇപ്പോഴെന്നെ അസ്വസ്ഥപ്പെടുത്തുന്നത്. നടാഷയുടെ മാനസിക ബുദ്ധിമുട്ട് മാത്രമാണ് ബാധിക്കുന്നത്. 

പിറ്റേന്ന് സ്റ്റേഷനിൽ മീരയോടൊപ്പം ചെല്ലുമ്പോൾ അവിടെ എല്ലാവരുമുണ്ടായിരുന്നു.  

-ലാസറും അനിൽ മാർക്കോസും എമ്മയുടെ മാനസിക നിലയിൽ മാറ്റം ഉണ്ടായത് കണ്ടു തെല്ലൊന്നമ്പരന്നു. ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ എമ്മ ധൈര്യത്തോടെ സംസാരിക്കുന്നു, അത്ര പെട്ടെന്ന് ഇത്തരമൊരു അനുഭവം ഒരു സാധാരണ പെൺകുട്ടിക്ക് താങ്ങാൻ ബുദ്ധിമുട്ടാകുമെന്നായിരുന്നു അനിൽ മാർക്കോസ് കരുതിയത്.

‘‘എമ്മാ, നോക്കൂ, ആ വിരൽ ഒരു പുരുഷന്റേതാണ്. മുപ്പതുകളിൽ പ്രായമുള്ള ഒരാളുടെ. എന്നാൽ അത്തരത്തിലുള്ള മിസ്സിങ് കേസുകളൊന്നും നിലവിൽ നമ്മുടെ പരിധിയിലോ അടുത്തെങ്ങുമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല. ആരെങ്കിലും സ്വയം അയാളുടെ വിരൽ മുറിച്ച് അയച്ചതാകാം എന്നും ഞങ്ങൾ സംശയിക്കുന്നുണ്ട്. മാനസിക പ്രശ്നമാവാം, അവർ അപകടകാരികളാകാനും സാധ്യതയുള്ളവരാണ്’’

‘‘എനിക്കറിയാം സാർ. ഞാൻ സൂക്ഷിച്ചോളാം. എന്നാലും ഇനി അങ്ങനെയൊന്നുമുണ്ടാവില്ലെന്ന് കരുതാനാണ് എനിക്കിഷ്ടം’’

‘‘മറ്റെന്തെങ്കിലും നീക്കങ്ങൾ അയാളിൽ നിന്നുണ്ടാവാതെ ഈ കേസിൽ മുന്നോട്ട് പോകാനാകാത്ത സ്ഥിതിയാണ്. വീട്ടിൽ അസമയത്ത് കൊണ്ട് വച്ചതുകൊണ്ട് തന്നെ അതാരാണെന്ന് കണ്ടെത്താൻ ബുദ്ധിമുട്ടാണ്. നമുക്ക് നോക്കാം’’

‘‘തീർച്ചയായും സാർ. ഞാൻ അറിയിക്കാം’’

എന്നാൽ ആ പറഞ്ഞ വാക്ക് പോലെ അത് അറിയിക്കാൻ അവൾക്ക് താൽപര്യമുള്ളതായി അനിൽ മാർക്കോസിന് തോന്നിയില്ല. മറ്റെന്തോ വ്യഥകളാൽ അവളുടെ ഹൃദയം ക്ഷീണിച്ചിരിക്കുന്നതുപോലെ അയാൾക്ക് തോന്നി.

‘‘എമ്മാ, തനിക്ക് മറ്റ് ബുദ്ധിമുട്ടെന്തെങ്കിലുമുണ്ടോ?’’

‘‘ഇല്ല സാർ.ഒന്നുമില്ല. എന്തെങ്കിലുമുണ്ടായാൽ ഞാനറിയിക്കാം’’ അവൾക്ക് ധൃതിയുള്ളതുപോലെ അനിൽ മാർക്കോസിന് അനുഭവപ്പെട്ടു. തുടർന്ന് അനിൽ മാർക്കോസ് മീരയുടെ നേരെ തിരിഞ്ഞു, അയാൾക്ക് അവളോട് തനിച്ച് സംസാരിക്കണമെന്നുണ്ടായിരുന്നു. മീരയെ ഒറ്റയ്ക്ക് വിട്ടു എമ്മ പുറത്തേയ്ക്കിറങ്ങി.

‘‘മീരയുടെ വീടെവിടെയാണ്?’’

‘‘കട്ടപ്പനയിലാണ്’’

‘‘വീട്ടിലാരൊക്കെയുണ്ട്?’’

‘‘അമ്മ, അച്ഛൻ ഒക്കെയുണ്ട്’’

‘‘എറണാകുളത്ത് എത്രനാളായി?’’

‘‘മൂന്ന് വർഷമായി സാർ. താമസ സ്ഥലം കുറെ മാറി. ഒടുവിലാണ് ഇവിടെയെത്തിയത്, ഇപ്പോൾ ഒരു വർഷമായി’’

‘‘എന്തുകൊണ്ടാണ് താമസം ഇടയ്ക്കിടയ്ക്ക് മാറേണ്ടി വരുന്നത്?’’

‘‘ഒരിടത്ത് വെള്ളം പ്രശ്നം വേറെ ഒരിടത്ത് ഹോസ്റ്റലിലെ വാർഡന്റെ അനാവശ്യ ചോദ്യം ചെയ്യൽ, അല്ലെങ്കിലും ഹോസ്റ്റൽ പെട്ടെന്ന് മടുക്കും’’

‘‘എമ്മയെയും നടാഷയെയും അപ്പോൾ ഒരു വർഷമായി അറിയാം, അതോ അതിനു മുൻപേ അറിയാമാ യിരുന്നോ?’’

‘‘ഇല്ല സാർ, ഇവിടെ വന്ന ശേഷമാണ് പരിചയപ്പെട്ടത്. ഇപ്പോൾ നല്ല കൂട്ടായി’’

‘‘നടാഷ കോട്ടയത്തിനു മടങ്ങിയോ?’’

‘‘പോയി സാർ. അവൾക്ക് അത്യാവശ്യമായി വീട്ടിൽ ചെല്ലണമായിരുന്നു’’

‘‘ശരി. മീരയ്‌ക്കെന്താണ് ഈ വിഷയത്തിൽ പറയാനുള്ളത്?’’

‘‘സത്യം പറഞ്ഞാൽ പേടിയുണ്ട്, എന്നാലും എമ്മയ്ക്ക് അങ്ങനെയൊരു സമ്മാനം അയക്കണമെങ്കിൽ, അത് അവളുടെ ഏതെങ്കിലും ഫാൻ ആയിരിക്കുമെന്ന എനിക്ക് തോന്നിയത്’’

‘‘അവർ അത്ര ടാലന്റഡ് ആണോ?’’

‘‘അവളുടെ സോളോ പെർഫോമൻസ് ഈയടുത്തായിരുന്നു, എക്സലന്റ് എന്ന് തന്നെ പറയണം, അത് കഴിഞ്ഞാണ് ഈ സമ്മാനം ലഭിച്ചതും അപ്പോൾ ഞാൻ അങ്ങനെയാണ് കരുതിയത്. പണ്ട് വാൻഗോഗ് ഒക്കെ കാമുകിയ്ക്ക് ചെവി മുറിച്ച് കൊടുത്തത് പോലെ’’

‘‘അതിലൊക്കെ ആക്ഷേപങ്ങൾ സാഹിത്യ ലോകത്ത് തന്നെ നടക്കുന്നുണ്ട്, അത് പോട്ടെ, അപ്പോൾ അങ്ങനെയാണ് മീരയുടെ ചിന്ത. ശരി. ഇപ്പോൾ ഇതുമതി. ആ ആരാധകനെ നമുക്ക് പൊക്കാം’’

‘‘താങ്ക്യൂ സാർ’’

ചോദ്യം ചെയ്യൽ കഴിഞ്ഞു ഞങ്ങൾ സ്റ്റേഷനിൽ നിന്നിറങ്ങി.

രാവിലെ ഫോണിൽ വിളിച്ച് തോമസ് അലക്സ് പറഞ്ഞത് എനിക്കോർമ്മ വന്നു.

നീ അവളുടെ ആരാണെന്നെനിക്കറിയില്ല, അറിയുകയും വേണ്ട. ആ പോസ്റ്റ് നീക്കം ചെയ്തു ക്ഷമ പറഞ്ഞില്ലെങ്കിൽ നീയിനി അടുത്ത പ്രഭാതം കാണില്ല. എന്നെ നീ നിസ്സാരമാക്കി അവഗണിക്കരുത്. നിന്റെ നമ്പർ കണ്ടെത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെകിൽ നിന്നെ പൊക്കാനും എനിക്ക് പുല്ല് പറിക്കും പോലെ എളുപ്പമാണ്’’

തോമസ് അലക്സിന്റെ ഭീഷണി ആവേശം കൂട്ടുന്നതേയുള്ളൂ. ഒന്നും സംഭവിക്കാൻ പോകുന്നില്ല. സ്റ്റേഷനി ൽ നിൽക്കുമ്പോഴും ഈ ഭീഷണിയുടെ കാര്യം അനിൽ മാർക്കോസിനോട് പറയാൻ തോന്നുന്നില്ല. എന്നാൽ അയാളെ വെറുതെ വിടാനുമാവില്ല. മീരയെ കാത്ത് സ്റ്റേഷന് പുറത്ത് നിന്ന സമയത്ത് തോമസ് അലക്സിന്റെ ഭീഷണി ഞാൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റാക്കി. 

‘‘മിസ്റ്റർ തോമസ് അലക്സ് നിങ്ങളുടെ ഭീഷണി എനിക്ക് ലഭിച്ചു. മരിക്കാൻ എനിക്ക് ഭയമൊന്നുമില്ല. നിങ്ങളെ സമൂഹത്തിൽ പരിചയപ്പെടുത്താൻ കഴിഞ്ഞല്ലോ അതാണ് എന്റെ സന്തോഷം’’

പോസ്റ്റായി ഇട്ടു കഴിഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നുന്നു. തനിക്കൊന്നും സംഭവിക്കാൻ പോകുന്നില്ല. ഇത്രയും പരസ്യമായി തെളിവുകൾ ഉള്ളപ്പോൾ അയാളെന്ത് ചെയ്യാനാണ്? മണികർണികയെ ഒന്നുകൂടി ഉഷാറാക്കാനുള്ള ശ്രമങ്ങളാണ് ഇനി വേണ്ടത് . അടുത്ത ആഴ്ച കോഴിക്കോട് ഒരു വേദി ലഭിച്ചിട്ടുണ്ട്. അതും നാടകത്തിന്റെ കുലപതികളും ആസ്വാദകരും ഏറ്റവുമധികമുള്ള കോഴിക്കോട്. ആവേശമാണ് തോന്നുന്നത്. മണികർണികയെ ആസ്വാദകർ സ്വീകരിച്ചു  എന്നറിയുമ്പോൾ ഒരു ഉന്മാദം..

അവളാകാൻ കഴിഞ്ഞതിലുള്ള സന്തോഷം...

ബാക്കിയുള്ളതെല്ലാം വെറും തോന്നൽ മാത്രം...

ഒട്ടും ഭയം തോന്നുന്നതേയില്ല...

അല്ലെങ്കിലും അത്ര പെട്ടെന്നൊന്നും എന്നെയാർക്കും ഭയപ്പെടുത്താനാവില്ല. ഋഷി ഒരിക്കൽ തകർത്തു കളഞ്ഞവളാണ്... അതുകൊണ്ട് അത്തരമൊരു തകർച്ചയും ഇനി അത്രയെളുപ്പത്തിൽ തനിക്കുണ്ടാവില്ല. ആദ്യമുണ്ടാകുന്ന അനുഭവങ്ങളാണ് ഭീകരം, ബാക്കിയുള്ളതെല്ലാം ആവർത്തനങ്ങൾ മാത്രമാണ്, പ്രത്യേകിച്ച് പ്രണയത്തിൽ...

അടുത്ത രണ്ടു ദിവസത്തിനുള്ളിൽ എനിക്കുള്ള രണ്ടാമത്തെ ഗിഫ്റ്റ് പാക്കറ്റ് എത്തിച്ചേർന്നു. അതിനുള്ളി ലുണ്ടായിരുന്ന സമ്മാനം വീണ്ടും എന്നെ ഭയപ്പെടുത്താൻ പോന്നതായിരുന്നു. 

English Summary : Njan Emma John E-Novel By Sreeparvathy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA