ADVERTISEMENT

‘‘നടാഷ ... നീ അവിടെ അങ്ങനെ നിൽക്കണ്ട മോളെ. ഇങ്ങു വാ. ഇവിടെ ഒന്നുമില്ല. നമുക്ക് ഡോക്ടറെ കാണാൻ പോകാം. നീയല്ലേ പറഞ്ഞത് നിനക്ക് ചികിത്സ വേണമെന്ന്. കോട്ടയത്തേക്കാൾ നല്ല ഡോക്ടർ ഇവിടെ കൊച്ചിയിലല്ലേ. അതോ ഞാനങ്ങോട്ട് വരണോ?’’ കോട്ടയത്തേയ്ക്ക് നടാഷ പോയിക്കഴിഞ്ഞപ്പോൾ മുതൽ ഇരിപ്പുറക്കുന്നില്ല. എന്താകും അവളുടെ അവസ്ഥ. അവളുടെ അമ്മയും അച്ഛനും അവളെ അത്ര നന്നായി സ്വീകരിക്കണമെ ന്നില്ല. കൂടുതൽ അവഗണന താങ്ങാനാകാതെ അവൾ എന്തെങ്കിലും ചെയ്‌താൽ...

 

 

നടാഷ ഇത്ര പെട്ടെന്ന് പോകേണ്ടിയിരുന്നില്ലെന്ന് എനിക്കും മീരയ്ക്കും തോന്നി. സത്യത്തിൽ മീര ഇപ്പോഴും അവളുടെ യഥാർഥ പ്രശ്നത്തെ അറിഞ്ഞിട്ടില്ല. സമ്മാനം കിട്ടിയതിനു ശേഷമുണ്ടായ സ്വാഭാവികമായ ഭയമെന്നാണ് അതെന്നായിരുന്നു അവൾ കണ്ടെത്തിയത്. എന്തുതന്നെയായാലും എന്തൊരു മാതാപിതാ ക്കളാണ് അവളുടേത്. ഇതുപോലെയൊരു സന്ദർഭത്തിൽ സ്വന്തം മകൾക്കൊപ്പം നിൽക്കേണ്ടതിന് പകരം അവർക്ക് വലുത് കുടുംബത്തിന്റെ അഭിമാനമാണ്. 

 

‘‘എമ്മാ’’

 

പുറത്തെവിടെ നിന്നോ ഓടിക്കിതച്ച് വരുന്ന മാനസി ചേച്ചി. അവരുടെ കയ്യിൽ ഒരു വലിയ ബോക്സ്.

അവർ കുറെ നേരമായി ഓടുന്നു എന്നത് പോലെ കിതച്ചു. കയ്യിലിരുന്ന പെട്ടി അപ്പോഴാണ് ശ്രദ്ധിച്ചത്. അതേ, ഇത് അത് തന്നെ. അന്ന് കണ്ടതുപോലെയൊരെണ്ണം.. അന്ന് അയാൾ തന്ന സമ്മാനപ്പൊതി പോലെ മറ്റൊന്ന്.

 

‘‘മോളെ എമ്മാ, അന്ന് വന്നത് പോലെ’’

 

മാനസി ചേച്ചി വാചകം പൂർണമാക്കാൻ കഴിയാതെ ശ്വാസം മുട്ടി. ബോക്സ് കയ്യിലെടുത്ത് ഒരു മിനിറ്റ് നേരം എന്ത് ചെയ്യണമെന്നറിയാതെ നോക്കി നിന്നു . മീര ഓഫീസിലേയ്ക്ക് പോയിരിക്കുന്നു. ലാബിലേക്ക് പോകാ നുള്ള സമയമെത്തുന്നതേയുള്ളൂ. ഉച്ചയ്ക്ക് ശേഷമാണ് പരിശീലനം. അതും നാടകാചാര്യൻ അബുമാഷിന്റെ ശിക്ഷണത്തിൽ. കോഴിക്കോട് നിന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹമെത്തിയത്. അദ്ദേഹത്തിന്റെ നിർദ്ദേശ ങ്ങളും ടിപസുകളും പ്രയോജനപ്പെടുത്തണമെന്ന് കരുതുന്നുണ്ട്.

 

എനിക്ക് ഉടൽ മുഴുവൻ ഒരു തണുപ്പ് അരിച്ചു കയറുന്നു. ഭ്രാന്തെടുക്കുന്നതിനു തൊട്ടു മുൻപ് ശരീരം മുഴുവൻ മരണപ്പെട്ടു പോകുമ്പോലെയായിരുന്നു അത്. പിടിക്കാൻ ഒരു തൂണില്ല, ചേർന്ന് നിൽക്കാൻ മനുഷ്യരില്ല. എന്തും നേരിടാൻ തയാറായി ഞാൻ പൊതി  അഴിച്ചു തുടങ്ങി. ആദ്യത്തെ പൊതിയെ പോലെ തന്നെ നാലഞ്ചു ബോക്സുകളുടെ ഉള്ളിൽ ചെറിയൊരു പെട്ടിയിൽ സമ്മാനം .

 

എന്താവും ഇത്തവണ?

 

മാനസി ചേച്ചി അത് കാണാൻ വയ്യെന്ന് തോന്നിയെങ്കിലും കാണാനുള്ള ആകാംക്ഷയോടെ പെട്ടിയിലേയ്ക്ക് നോക്കി.

 

തൊലിയുരിഞ്ഞ് മുറിച്ചിട്ട സാൽമൺ മത്സ്യത്തെ പോലെ അനക്കമറ്റ്‌ കിടക്കുന്ന ഒരു ചുവന്ന നാവ്.

 

ആദ്യം ലഭിച്ച വിരൽ സമ്മാനത്തെക്കാൾ അറപ്പിക്കുന്ന ഒരു ശരീര ഭാഗം.

 

കയ്യിലിരുന്ന പെട്ടി കട്ടിലേക്കിട്ട് ഞാൻ മുഖം പൊത്തി. എന്റെ കണ്ണുകളിൽ  നിന്നും ഭയം ചൂടായി പുറത്തേക്ക് വരുന്നത് അറിയാനാകുന്നുണ്ട്. തണുപ്പ് മെല്ലെ മാറി തലയ്ക്കുള്ളിൽ ചൂട് കാറ്റുയരുന്നു. മാനസി ചേച്ചി ഞെട്ടി പിന്നിലെ ഭിത്തിയിലേയ്ക്ക് ചാരി നിന്നു .അവരുടെ ഉള്ളിൽ നിന്നും നിലവിളിയുയർന്നു പുറത്തേയ്ക്ക് തെറിച്ചു.

 

ഒന്നും സംസാരിക്കാൻ എനിക്ക് നാവുയരുന്നുണ്ടായിരുന്നില്ല. തണുപ്പ് ശരീരത്തിലെ ഓരോ തന്മാത്രയിലേ യ്ക്കും പടർന്നു വരുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിയന്ത്രിക്കാനാകാത്ത വിധത്തിൽ വർധിച്ചിരി ക്കുന്നു. ഞാൻ എന്തെങ്കിലും ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടോ? 

 

മാനസി നിലവിളിച്ചുകൊണ്ടേയിരുന്നു. അടുത്ത മുറികളിൽ നിന്നും പെൺകുട്ടികൾ മുറിയിലേയ്ക്ക് കടന്നു വന്ന് പെട്ടിയ്ക്കുള്ളിലേയ്ക്ക് നോക്കി ഭയന്ന് നിലവിളിച്ചുകൊണ്ട് പുറത്തേയ്ക്ക് ഓടിപ്പോയി. കഴിഞ്ഞ ദിവസം വന്ന വിരൽ കാരണം മറ്റൊരു മുറിയിലെ പെൺകുട്ടി അവിടെ താമസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന  പേരിൽ ഒഴിഞ്ഞു പോയതാണ് പെട്ടെന്ന് മാനസി ആലോചിച്ചത്.

 

 

എന്താണ് ചെയ്യേണ്ടത്? ഇനി ഇതിന്റെ പേരിൽ വീണ്ടും പോലീസുകാർ ഈ വീട്ടിൽ കയറിയിറങ്ങും. പെൺ കുട്ടികൾ മുറിയുപേക്ഷിച്ച് പൊയ്ക്കൊണ്ടേയിരിക്കും. എങ്ങനെ ജീവിക്കും?

 

എങ്ങനെ മകളെ പഠിപ്പിക്കും?

 

എങ്ങനെ ഭക്ഷണം കഴിക്കും?

 

ആരുമില്ലാതിരുന്നിട്ടും ആരെയും ബുദ്ധിമുട്ടിക്കാൻ പോകാതെ സ്വന്തം നിലയിൽ ജീവിക്കുകയാണ്, എന്നാൽ ഇനിയുമെത്രനാൾ?

 

മാനസി അനിൽ മാർക്കോസിന്റെ നമ്പറിൽ വിളിച്ചു. രണ്ടാമത്തെ പെട്ടിയെക്കുറിച്ചറിഞ്ഞതും അനിൽ മാർക്കോസിനും പിന്നെ ഓഫീസിൽ ഇരിക്കാനായില്ല. ഡ്യൂട്ടിയിൽ ഒപ്പമുണ്ടായിരുന്ന മഹേഷിനെയും കൂട്ടി വേഗത്തിൽ തന്നെ അയാൾ മാനസിയുടെ വീട്ടിലെത്തി.

 

അയാൾ വരുമ്പോൾ മേശമേൽ കൈകൾ വച്ച് തല താഴ്ത്തി മരവിച്ചിരിക്കുകയായിരുന്നു ഞാൻ. 

 

എമ്മ ഏതോ ഒരു നിദ്രയിലാണെന്നും അതിലവൾ ഭീകരമായ ഒരു സ്വപ്നം കാണുകയാണെന്നും അനിൽ മാർക്കോസിന് തോന്നി. അത്രമാത്രം വിളറി വെളുത്തിരുന്നു അവളുടെ മുഖം. നീണ്ട മുടിയിഴകൾ എണ്ണതേയ്ക്കാതെ, കുളിക്കാതെ അസ്വസ്ഥതയോടെ പറന്നു കളിക്കുന്നു. അവയ്ക്ക് ചകിരി നാരിന്റെ കടുപ്പം കാണുമെന്നയാൾക്ക് അനുഭവപ്പെട്ടു. 

 

അനിൽ മാർക്കോസ് പെട്ടി തുറന്ന് അതിലെന്താണെന്ന് നോക്കാൻ മഹേഷിനോട് ആവശ്യപ്പെട്ടു. അയാൾ കട്ടിലിൽ ഇരുന്ന പെട്ടി മെല്ലെ കയ്യിലെ തൂവാല കൊണ്ട് മൂടി തുറന്നു, അതിലിരുന്ന വസ്തു കണ്ടതും മഹേഷ് ഞെട്ടി പിന്നിലേയ്ക്ക് മാറി. അയാളുടെ ഉള്ളിൽ നിന്ന് ഒരു നിലവിളിയുയർന്നു.

 

അനിൽ മാർക്കോസ് വ്യക്തമായി കണ്ടു അതിനുള്ളിലെ ആ വസ്തു.

 

ചോരയിൽ കുതിർന്ന ഒരു മുറി നാവ്.

 

തൊലി പൊളിച്ചിട്ട സാൽമൺ മത്സ്യത്തെ പോലെ അത് മരവിച്ചിരുന്നു.

 

അനിൽ മാർക്കോസ്  എടുത്ത് നോക്കുമ്പോഴേക്കും വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി. പെട്ടി തുറന്നെടു ത്ത് അവർ പരിശോധന ആരംഭിച്ചു. പെട്ടിയ്ക്കുള്ളിലിരുന്ന കുറച്ച് പേപ്പറുകൾ അവർ നിലത്തേക്ക് തട്ടിയിട്ടു .

കുറച്ചു സ്റ്റിക്കറുകൾ.

 

അനിൽ മാർക്കോസ് അത് എടുത്തു  നോക്കി. കുറെ വാക്കുകൾ ഉള്ള സ്റ്റിക്കറുകളാണ്. അയാളെന്തോ പറയാനുള്ള ശ്രമമാണോ?

 

വെറുതെ പലതായി ഇരിക്കുന്ന വാക്കുകളെ ഒരുമിച്ച് ചേർത്ത് എങ്ങനെ ഒരു വാചകമാക്കും?

അയാളെന്താവും ഉദ്ദേശിക്കുന്നത്?

 

‘‘എന്താണ് സാർ ഇതിന്റെയൊക്കെ അർഥം? എനിക്കൊന്നും മനസ്സിലാവുന്നില്ല. എന്താണ് അയാൾക്ക് വേണ്ടത്?’’ എനിക്കമ്പരപ്പ് തോന്നി.

 

‘‘അയാളെന്തോ പറയാൻ ശ്രമിച്ചിട്ടുണ്ട്. എന്താണെന്ന് കിട്ടുമോ എന്നു നോക്കാം’’

 

അനിൽ മാർക്കോസ് പലതായി ചിതറിക്കിടക്കുന്ന സ്റ്റിക്കറുകളിലെ വാക്കുകളെ നിരത്തി വച്ചു . എന്നാൽ എന്താണ്, എവിടെയാണ് അടുക്കി വയ്ക്കേണ്ടത്? ഒരു വാക്കുകളും മാറ്റി വച്ചും തിരിച്ചു വച്ചും അനിൽ ആ വാചകത്തെ പൂർണമാക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. എത്ര നാളുകളായി താൻ ആ ജോലിയിൽ ഏർപ്പെട്ടി

രുന്നു എന്നത് പോലെ അയാൾ മറ്റെല്ലാം മറന്ന് ഒപ്പം നിൽക്കുന്നവരെ മറന്ന് വാക്കുകളിൽ അഭയം പ്രാപിച്ചു. അത് തന്നെ ചതിക്കില്ലെന്ന് അയാൾക്ക് തോന്നി. വെളിച്ചം കാണുന്നുണ്ട്, ആ വെളിച്ചത്തിൽ നിന്നും തുടരെ തുടരെ വാക്കുകൾ ചേർന്ന് വരുന്നു...

 

-This is not the gift I meant to give you-

ഇതല്ല ഞാൻ നിനക്ക് വേണ്ടി തരാനുദ്ദേശിച്ചിരുന്ന സമ്മാനം...

 

അങ്ങനെയാണ് ആ വാചകം... പിന്നെ?

 

പിന്നെ എന്ത് സമ്മാനമായിരുന്നു അയാൾ എനിക്ക് നൽകാൻ ഉദ്ദേശിച്ചിരുന്നത്?

 

അനിൽ മാർക്കോസ് എന്റെ മുഖത്തേയ്ക്ക് നോക്കി. എനിക്കൊന്നും മനസ്സിലാവുന്നില്ല. ഇതല്ലെങ്കിൽ പിന്നെയെന്ത്? 

 

‘‘തനിക്ക് എന്ത് തോന്നുന്നു? അയാളെന്ത് സമ്മാനമായിരിക്കും ഉദ്ദേശിച്ചത്? അതല്ലെങ്കിൽ പിന്നെ?’’

 

‘‘എനിക്ക്... എനിക്കൊന്നുമറിയില്ല സാർ. അയാളെന്താണ് ഉദ്ദേശിച്ചതെന്ന് അയാൾക്ക് മാത്രമേ അറിയൂ’’

 

‘‘എസ്ക്യൂസ്‌ മീ സാർ!’’

 

ഫോറൻസിക് വിദഗ്ദൻ അരവിന്ദൻ സി ഐയുടെ മുന്നിൽ വന്നു നിന്നു.

 

‘‘സാർ ഇതൊരു പുരുഷന്റേതാണ് എന്നാണു അനുമാനം. ഇന്നലെ രാത്രിയിൽ എപ്പോഴോ ആയിരിക്കണം അത് മുറിച്ചെടുത്തിട്ടുണ്ടാവുക. പ്രാഥമിക നിഗമനം ഇത്രയുമാണ്. കൂടുതൽ വിവരങ്ങൾ ലാബ് പരിശോധനയ്ക്ക് ശേഷം അറിയിക്കാം’’

 

 

‘‘കൊണ്ടുപൊയ്ക്കോളൂ അരവിന്ദ്. അന്ന് നമുക്ക് ലഭിച്ച ആ വിരലിന്റെ ഉടമസ്ഥന്റേത് തന്നെയാണോ നാവ് എന്നുമറിയണം’’.

 

‘‘ബ്ലഡ് ഗ്രൂപ്പ് ചെക്ക് ചെയ്യുമ്പോൾ അത് നമുക്ക് മനസ്സിലാകും സാർ’’

 

‘‘ശരി. ഉടനെ തന്നെ എനിക്ക് റിപ്പോർട്ട് കിട്ടണം’’

 

‘‘ഷുവർ സാർ. കാണാം’’

 

അരവിന്ദനും അയാൾക്കൊപ്പം വന്നവരും മാനസിയുടെ വീട്ടിൽ നിന്നും ഇറങ്ങി. അനിൽ മാർക്കോസ് എന്റെ അടുത്തേയ്ക്ക് വന്നപ്പോഴാണ് നടാഷയുടെ വിളി വന്നത്.

 

‘‘സാർ നടാഷവിളിക്കുന്നു, ഞാനൊന്ന്’’

 

‘‘എടുത്തോളൂ’’

 

ഫോൺ എടുത്തപ്പോഴേക്കും ഒരു നിലവിളിയാണ് കേട്ടത്. തലച്ചോറിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു പോകുന്നു. നെഞ്ചിടിപ്പ് ഒരു നിമിഷ നേരത്തേയ്ക്ക് നിശബ്ദമായിത്തീർന്നു.

 

‘‘എന്താ മോളെ’’.. എന്താ?

 

ചോദ്യങ്ങളെ കേൾക്കാതെ നടാഷ വീണ്ടും കരഞ്ഞുകൊണ്ടേയിരുന്നു.

 

‘‘എന്തെങ്കിലും പറ മോളെ’’

 

 

അനിൽ മാർക്കോസ് അവളിൽ നിന്ന് ഫോൺ വാങ്ങി സ്പീക്കറിലിട്ടു.

 

‘‘എമ്മാ .. എമ്മാ .... അയാൾ’’

 

ഞാൻ ഞെട്ടി. ആരാണ്.... എന്താണ്...

 

‘‘എമ്മാ... അയാളെ കാണാനില്ല. ഞാൻ കാരണം അയാൾ എവിടെയോ പോയെന്നാണ്‌ ഇവിടെ എല്ലാവരും.... ഞാൻ ആത്മഹത്യ ചെയ്യും മോളെ... എല്ലാവരും എന്നെ’’

 

‘‘നടാഷാ... നീ ഒന്നടങ്. ഞാൻ അങ്ങോട്ട് വരുകയാണ്. ദേ , ഞാനിറങ്ങുകയാണ്. നീ റെഡി ആയിരുന്നോ. നീയിനി അവിടെ നിൽക്കണ്ട’’

 

ഞാൻ ഫോൺ കട്ട് ചെയ്ത്  അനിൽ മാർക്കോസിന്റെ മുഖത്തേയ്ക്ക് നോക്കി. കഥയറിയാതെ ആട്ടം  കാണുന്നവരെ പോലെ അയാളും  മഹേഷും മാനസിയും നിന്നു .

 

‘‘ഞാൻ എല്ലാം പറയാം സാർ... ഞാനിപ്പോ ഇറങ്ങുന്നു. അല്ലെങ്കിൽ അവളെയും എനിക്ക് നഷ്ടപ്പെടും... സോറി... വന്നിട്ട് കാണാം’’

 

അനിൽ മാർക്കോസ് മുറിയ്ക്കുള്ളിൽ നിൽക്കുമ്പോൾ തന്നെ വസ്ത്രം പോലും മാറാൻ നിൽക്കാതെ മൊബൈലും ബാഗുമെടുത്ത് എനിക്ക് അതിവേഗം പുറത്തിറങ്ങേണ്ടി വന്നു. അക്ഷരാർത്ഥത്തിൽ ഞാനോടുകയായിരുന്നു, വീടിന്റെ മുന്നിൽ നിന്നും ഓട്ടോയിലേയ്ക്ക്. അവിടെ നിന്നും ബസ്‌സ്റ്റാന്റിലേയ്ക്ക്. പിന്നെ ബസിൽ കോട്ടയത്തേക്ക്...

 

തങ്ങളറിയാത്ത  എന്തൊക്കെയോ നടക്കുന്നുവെന്ന് അനിൽ മാർക്കോസിന് മനസ്സിലായി.

 

അവൾ അത് തന്നോട് പറയും. അതറിയാതെ ഇനി ഈ കേസ് മുന്നോട്ട് പോകുന്നില്ല.

 

അനിൽ മാർക്കോസ് അവിടെ നിന്നും ഇറങ്ങി.

 

എന്തു ചെയ്യണമെന്നറിയാതെ മാനസി നിലത്തേക്ക് തളർന്നിരുന്നു. അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ മഴ പോലെ പൊഴിയുന്നുണ്ടായിരുന്നു. പെട്ടെന്ന് വല്ലാതെ ജീവിതം അരക്ഷിതമായതു പോലെ അവർക്ക് തോന്നി. അരക്ഷിതാവസ്ഥയും ഭയവും ഒന്നിച്ച് ചേർത്ത് അവരെ വരിഞ്ഞു മുറുക്കി. ഇതിന് മുൻപ് ഇതേ അനുഭവം അയാൾ ഒപ്പമുണ്ടായിരുന്നപ്പോഴായിരുന്നു.ആ ദിവസങ്ങൾ. അത് ഓർക്കാൻ ഭയന്ന് മാനസി വീണ്ടും തന്റെ ഏകാന്തതയെക്കുറിച്ച് മാത്രമാലോചിച്ചു. അവൾക്ക് പെട്ടെന്ന് മകളെ കാണണമെന്നും അവളെ ഇറുക്കി പുണരണമെന്നുംതോന്നി. നിലയില്ലാത്ത കയത്തിൽ ഒറ്റയ്ക്ക് തുഴയില്ലാതെ കൈകാലിട്ടടിക്കുന്നവളെപ്പോലെ മാനസിയ്ക്ക് ശ്വാസം മുട്ടി.

 

‘‘നിങ്ങൾക്കറിയില്ലേ എമ്മ ഇപ്പോൾ പെട്ടെന്നെന്താണ് നടാഷയുടെ അടുത്തേയ്ക്ക് പോയതെന്ന്?’’

ചോദ്യം അനിൽ മാർക്കോസിൽ നിന്നും മാനസിയ്ക്കുള്ളതായിരുന്നു.

 

‘‘അറിയില്ല സാർ. നടാഷ പോയതെന്തിനാണെന്നു പോലും എനിക്ക് മനസ്സിലായിട്ടില്ല.’’

 

‘‘നിങ്ങളല്ലേ ഈ സമ്മാനവും കണ്ടു പിടിച്ച് എമ്മയെ ഏൽപ്പിച്ചത്?’’

 

‘‘അതേ. അന്ന് അതിരുന്ന അതേ സ്ഥലത്ത് തന്നെ ഇത്തവണയും’’ മാനസി അത് പറയുന്ന നേരവും ഭയന്ന് കാഴ്ച മറിയുന്നത് പോലെ അനിലിന് തോന്നി.

 

‘‘നിങ്ങളുടെ ഭർത്താവ് ഇവിടെ വരാറുണ്ടോ?’’

 

‘‘ഇല്ല സാർ. അയാളിവിടെ വന്നിട്ടേയില്ല’’

 

‘‘ഈ സമ്മാനത്തിന് പിന്നിൽ ആരാണെന്നാണ് മാനസിയ്ക്ക് തോന്നുന്നത്?’’

 

‘‘അറിയില്ല സാർ. മീര പറഞ്ഞത് പോലെ എമ്മയുടെ ഏതെങ്കിലും ഫാനായിരിക്കും എന്ന് ഞാനാദ്യം വിശ്വസിച്ചു. പക്ഷേ ഇപ്പോൾ അങ്ങനെ അല്ലെന്നു തോന്നുന്നു. അവരുടെ കൂടുതൽ കാര്യങ്ങളൊന്നും എനിക്കറിയില്ല’’

 

 

മാനസി കൈകൾ തൊഴുതു പിടിച്ചു. ഇതിൽക്കൂടുതലൊന്നും തൽക്കാലം ലഭിക്കാൻ പോകുന്നില്ലെന്ന് തോന്നിയപ്പോൾ എമ്മയുടെ വിളി കാത്ത് അനിൽ മാർക്കോസ് വീട്ടിൽ നിന്നിറങ്ങി. 

 

English Summary : Njan Emma John, Chapter- 6, E-Novel By Sreeparvathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com