ADVERTISEMENT

നടാഷയുടെ വീട്ടിൽ ഇതുവരെയില്ലാത്തൊരു നിശ്ശബ്ദതയുണ്ടായിരുന്നു. പരസ്പരം അകന്നു പോയ മൂന്നു മനുഷ്യർ അവിടെ പല ദിക്കുകളിലായി ഇരുന്നു. അത്ര വലിയ ഒച്ചയും ബഹളവുമുള്ള വീടായിരുന്നില്ലല്ലോ അല്ലെങ്കിലും അത്. ഓരോ മുറിയിലിരുന്ന് അവരവരുടെ ജോലികൾ തീർക്കുന്ന ഒരു അമ്മയും അച്ഛനും മകളും. ഭക്ഷണം കഴിക്കാൻ അവർ ഒന്നിച്ചുണ്ടാകാറുണ്ട് എന്നത് സന്തോഷമായിരുന്നു. അവസാന തവണ ഇവിടെ വന്നപ്പോഴും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച ശേഷമാണ് ഇറങ്ങിയത്. സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത മാതാപിതാക്കൾ അങ്ങനെയാവും. നടാഷയ്ക്ക് അതൊന്നും അല്ലെങ്കിലും ഒരു വിഷയമേയല്ല, അവൾ എല്ലാം ശീലിച്ചിരിക്കുന്നു. 

 

എന്നെ കണ്ടിട്ടും ആരും എഴുന്നേറ്റു വന്നില്ല, പക്ഷേ നടാഷ നിലവിളിച്ചുകൊണ്ടോടി വന്ന് കെട്ടിപ്പുണർന്നു. അവൾക്കൊന്നും പറയാനാകുമായിരുന്നില്ല. കരച്ചിലുകൾ കൊണ്ട് മൂടി അവൾ കണ്ണുനീരായി തീർന്നു.

അവളെ നെഞ്ചോട് ചേർത്ത് തഴുകാനല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാനുണ്ടായിരുന്നില്ല. ചോദിക്കാതെ അവൾ കാര്യം പറയട്ടെ!

 

ഉള്ളിലെ വീർപ്പു മുട്ടുന്ന കരച്ചിലുകൾ തോർന്നതോടെ നടാഷ സംസാരിച്ചു തുടങ്ങി.

 

‘‘എമ്മാ ... അയാളെ കാണാനില്ല’’

 

എനിക്കപ്പോൾ സമാധാനമാണ് തോന്നിയത്. അത് അയാളുടെയും നഗരമാണ്. എപ്പോൾ വേണമെങ്കിലും തോമസ് അലക്സിനെ നേർക്ക് നേരെ കണ്ടു മുട്ടാൻ സാധ്യതയുള്ള നഗരം. ബസിറങ്ങിയപ്പോൾ മുതൽ തന്നെ അയാൾ പിന്തുടരുന്നുണ്ടോ എന്ന് പോലും തോന്നിപ്പിച്ച നഗരം.

 

‘‘അയാളെ കാണാനില്ലെന്നോ. അപമാനമാകുമെന്ന് ഭയന്ന് എങ്ങോട്ടെങ്കിലും ഒളിച്ചു പോയതായിരിക്കും’’

 

‘‘അല്ല. അയാളുടെ ഫോൺ വീട്ടിലുണ്ട്. പക്ഷേ രാത്രി ക്ലബിൽ പോയ ആൾ പിന്നെ തിരികെയെത്തിയിട്ടില്ല. ഫോൺ ക്ലബ്ബിലുണ്ടായിരുന്നു. അയാളുടെ സുഹൃത്തുക്കളാണ് വീട്ടിലെത്തിച്ചത്.’’

 

‘‘ക്ലബ്ബിൽ നിന്ന് അയാളെങ്ങോട്ട് പോകാൻ?’’

 

‘‘അറിയില്ലെടാ. വാഷ് റൂമിൽ പോയി വരാമെന്ന് പറഞ്ഞു പോയ ആളെ പിന്നെ കണ്ടില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. പോലീസ് കുറച്ചു മുൻപ് അയാളുടെ വീട്ടിലെത്തിയിരുന്നു.’’

 

കാര്യങ്ങൾ വിചാരിച്ചതു പോലെയല്ല, തോമസ് അലക്സിന് എന്തോ സംഭവിച്ചിരിക്കുന്നു. അയാൾ ഫോൺ ഉപേക്ഷിച്ച് പോയ സ്ഥിതിക്ക് ആരെങ്കിലും തട്ടിക്കൊണ്ട് പോയതാകുമോ? പോലീസ് അന്വേഷണം തുടങ്ങിയാൽ എവിടെയാണ് ഒടുവിൽ. എന്റെ  നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി. രണ്ടു ദിവസം മുൻപാണ് അയാൾ തന്നെ വിളിച്ചു ഭീഷണിപ്പെടുത്തിയത്. അയാൾക്കെതിരെ താനിട്ട പോസ്റ്റ് ഇപ്പോഴും ഫെയ്‌സ്ബുക്കിലുണ്ട്. എല്ലാം  തെളിവുകളാണ്. ഒടുവിൽ പോലീസ് തന്റെയരുകിലുമെത്തും. നടാഷയും അവളുടെ പഴയ ജീവിതവും വാർത്തകളാവും...

 

 

എന്താണ് ചെയ്യേണ്ടത്? തലയ്ക്ക് കൈ കൊടുത്ത് ഇരിക്കാനല്ലാതെ എന്ത് ചെയ്യാനാണ്! എന്റെ നിസ്സഹായത കണ്ടു നടാഷ പിന്നെയും കരയാൻ തുടങ്ങി. ഇതെന്തൊരു ഭയമാണ്. കാലിലൂടെ പുഴുവെന്നത് പോലെ അതിങ്ങനെ അരിച്ചു കയറുന്നു, ശരീരത്തെ രോമങ്ങളൊക്കെ എഴുന്നു തുടങ്ങുന്നു. തലയിൽ കിരുകിരുപ്പാണ്. നെഞ്ചിടിപ്പ് നിയന്ത്രിക്കാനാവാത്ത വിധത്തിൽ വർദ്ധിക്കുന്നു.  ആരാണ് രക്ഷിക്കുക? ആരെയാണ് ആശ്രയി ക്കുക? അമ്മയും അച്ഛനും അപരിചിതരായ മറ്റാരെയോ പോലെ ആയിത്തിത്തീർന്നിരിക്കുന്നു.  നടാഷ യ്ക്ക് ശ്വാസം മുട്ടി.

 

 

എന്തുചെയ്യണമെന്ന് കുറച്ചു നേരത്തേക്ക് എനിക്ക് മനസ്സിലായില്ല. അനിൽ മാർക്കോസിന് എന്തെങ്കിലും ചെയ്യാൻ പറ്റിയേക്കും. ഞാൻ ഫോൺ എടുത്ത് അനിൽ മാർക്കോസിന്റെ നമ്പർ തിരഞ്ഞു. ഒരു സമ്മാനത്തിന്റെ ഭീതിയിൽ നിന്നിരുന്നപ്പോൾത്തന്നെ അയാളുടെ മുന്നിൽ നിന്നുമാണ് അതൊന്നും ഒരു പ്രശ്നമേ അല്ലാത്ത വിധത്തിൽ കൂട്ടുകാരിയുടെ കരച്ചിലിൽ ഓടിയെത്തിയത്. അയാളല്ലാതെ മറ്റൊരു വഴിയുമില്ല.

 

‘‘പറയൂ എമ്മ, എന്താണ് അവിടെ പ്രശ്നം?’’ വിളി കാത്തിരുന്നതാണെന്ന പോലെ അനിൽ ആദ്യത്തെ ബെല്ലിൽ ഫോണെടുത്തു. അനിൽ മാർക്കോസിന്റെ സ്വരത്തിലുള്ള അക്ഷമ എന്റെ ശ്വാസത്തിനുമുണ്ടായി രുന്നു. നടാഷയുടെ മുന്നിൽ നിന്ന് നീങ്ങി നിന്ന് ആദ്യം മുതൽ ഞാനെല്ലാം പറഞ്ഞു. ഒരു കഥ കേൾക്കുന്നത് പോലെ അനിൽ എല്ലാം കേട്ടു നിന്നു.

 

 

‘‘സാറിന് എന്താണ് ചെയ്യാൻ പറ്റുക? ഇവളെ ഞാൻ ഒപ്പം കൊണ്ടുവരികയാണ്. എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അതിൽ നിന്നാണ് എല്ലാം തുടങ്ങുന്നത്. അന്വേഷണം തുടങ്ങിയാൽ ഞങ്ങളുടെ രണ്ടു പേരുടെയും നേർക്ക് വരും. എന്താണ് ഇപ്പൊ ചെയ്യേണ്ടത്?’’

 

‘‘എമ്മ എന്താ എഫ് ബി പോസ്റ്റിന്റെ കാര്യം പറഞ്ഞത്?’’

 

‘‘സാർ ഞാൻ തോമസ് അലക്സിനെതിരെ അയാളുടെ പേര് പരാമർശിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. അത് കണ്ടാണ് നടാഷയുടെ മാതാപിതാക്കൾ അവളെ അകറ്റി നിർത്തുന്നത്. അയാൾ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതും ഞാൻ പോസ്റ്റിയിരുന്നു. ഒരു മുൻകരുതലെടുത്തതാണ്’’

 

‘‘എന്നിട്ട്, താനെന്താണ് ഇത് എന്നോട് പറയാതിരുന്നത്?’’

 

‘‘സാർ അതൊന്നും പറയാനുള്ള സാവകാശം കിട്ടിയില്ലല്ലോ, അപ്പോഴേക്കും ഇങ്ങോട്ട്...’’

 

ഇത് താൻ വിചാരിച്ച വഴിയില്ലല്ലോ പോകുന്നതെന്നാണ് അനിൽ മാർക്കോസിന് തോന്നിയത്. അയാൾ ഫോൺ കട്ട് ചെയ്ത ശേഷം എമ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ ആ ബോംബ് തിരഞ്ഞലഞ്ഞു.

എമ്മയ്ക്കും നടാഷയ്ക്കും എന്താണ് സംഭവിക്കുന്നതെന്നറിയണം. തോമസ് അലക്സിന് എന്ത് പറ്റിയെന്നറിയണം. അതിനു മുൻപ് എമ്മയുടെ മുറിയിൽ നിന്ന് കിട്ടിയ സമ്മാനത്തിലെ അവയവങ്ങൾ ആരുടേതായിരുന്നു എന്നറിയണം. ആ സമ്മാനങ്ങളും തോമസ് അലക്‌സും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടാകുമോ? എമ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ഈ നിഗൂഢ സമ്മാനങ്ങൾക്ക് അടുപ്പമുണ്ടാകുമോ? ചോദ്യങ്ങൾ കൊണ്ട് അനിൽ മാർക്കോസിന് തല പെരുത്തു.

 

 

കമ്മീഷണറുടെ മുന്നിൽ നിൽക്കുമ്പോൾ സി ഐ അനിൽ മാർക്കോസിന് പെട്ടെന്ന് ഓർമ്മ വന്നത് എമ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റായിരുന്നു. അയാൾ ഈസി ചെയറിൽ ഇരുന്നു വിയർത്തു. കമ്മീഷ്ണർ അശോക് മാത്യു ആളത്ര സൗഹൃദ മനസ്ഥിതിയുള്ള ആളല്ല. ചെറുപ്പമാണെങ്കിൽപ്പോലും കൃത്യം കൃത്യമായി ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചില്ലെങ്കിൽ കണ്ണ് പൊട്ടുന്ന തെറി വിളിക്കാറുണ്ട്. അതുകൊണ്ട് തന്നെ പലവട്ടം പറയാനാഞ്ഞിട്ടും അനിലിന് എമ്മയുടെ വിഷയത്തെ വേണ്ടത്ര ഗൗരവത്തോടെ അവതരിപ്പിക്കാനായില്ല. 

 

 

ചർച്ചയുടെ തുടക്കം പാലാരിവട്ടം പാലത്തിന് വേണ്ടി നടക്കുന്ന സമരത്തിൽ മുൻ നിരയിൽ നിൽക്കുന്ന പരിസ്ഥിതി പ്രവർത്തകൻ കരീം മാഷിന്റെ റോഡ് ഉപരോധത്തെയും അടുത്ത ദിവസം സമരക്കാരോട് സംസാരിക്കാൻ വരുന്ന പൊതുമരാമത്ത് മന്ത്രിയ്ക്ക് നൽകേണ്ട സുരക്ഷയെക്കുറിച്ചുമായിരുന്നു. കമ്മീഷണർ അശോക് മാത്യു സംസാരിക്കുമ്പോൾ അനിൽ മാർക്കോസ് അസ്വസ്ഥനായി.

 

 

മീറ്റിങ് പിരിഞ്ഞതിന് ശേഷം അശോക് മാത്യു സാറിനോട് എമ്മയെക്കുറിച്ച്‍ സംസാരിക്കണമെന്ന് തന്നെ അനിൽ കരുതിയിരുന്നു. എന്നാൽ സഹപ്രവർത്തകരോട് സംസാരിച്ചു കഴിഞ്ഞ ഉടനെ തന്നെ അശോക് മാത്യു നഗരത്തിലെ ഹോട്ടലിലെത്തിയ മന്ത്രിയുടെ പി എ വിളിച്ചതുകൊണ്ട് അങ്ങോട്ടേയ്ക്ക് പോയി. അനിൽ മാർക്കോസ് തനിച്ചായി. എന്താണ് ചെയ്യേണ്ടത്?

 

 

തന്റെ നിയന്ത്രണത്തിൽ നിൽക്കുന്ന കേസല്ല ഇത്. മാധ്യമങ്ങളറിഞ്ഞാൽ വിഷയമൊരുപക്ഷേ കൈവിട്ടു പോകും. തോമസ് അലക്സ് കോട്ടയംകാരനാണ്. ഒരുപക്ഷേ നല്ല പിടിപാടുള്ളയാളായിരിക്കണം. കേസ് എമ്മയുടെ നേരെ നീണ്ടാൽ അവൾക്ക് ലഭിച്ച സമ്മാനങ്ങൾ വിഷയമാകും. അശോക് മാത്യുവിനോട് പറയാതെ പോകാനാവില്ലെന്ന് അനിൽ മാർക്കോസിന് തോന്നി. അദ്ദേഹമറിയാതെ ഇനിയൊന്നും ചെയ്യാനാവില്ല. 

 

അശോക് മാത്യു തിരിച്ചെത്തുന്നത് വരെ അനിൽ മാർക്കോസ് അവിടെ കാത്തിരുന്നു. അമ്മയുടെ കേസിന്റെ അപ്ഡേഷനെക്കുറിച്ച് ചോദിക്കണമെന്ന് കരുതിത്തന്നെയാണ് അദ്ദേഹവുമിരുന്നിരുന്നത്. എമ്മയ്ക്ക് ലഭിച്ച സമ്മാനങ്ങളും തോമസ് അലക്സിന്റെ മിസിങ്ങുമായി ബന്ധമുണ്ടോ? അനിൽ മാർക്കോസിന്റെ മുന്നിൽ വച്ചാണ് അദ്ദേഹം കോട്ടയം സി ഐ അനീഷ് അജയനെ വിളിച്ചത്. 

 

‘‘നിങ്ങളുടെ സെക്ഷനിലെ ഒരു തോമസ് അലക്സിന്റെ തിരോധാനത്തിൽ എന്താണ് അപ്‌ഡേഷൻ?’’

 

‘‘സർ, അത് അയാളുടെ ബിസിനസുമായി ബന്ധപ്പെട്ട ഒരു മിസ്സിംഗ് കേസാണെന്നാണ് ലഭിക്കുന്ന വിവരം. സാറെന്താ അതേക്കുറിച്ച് അന്വേഷിക്കാൻ?’’

 

‘‘അല്ല, അയാൾക്കെതിരെ ഒരു പെൺകുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടെന്നറിഞ്ഞിരുന്നു. അവർ നമ്മുടെ ഏരിയയാണ്.’’

 

‘‘അതേ സാർ. ഞാനത് അന്വേഷിച്ചിരുന്നു. അയാളൊരു ഫ്രോഡ് ആണെന്നാണ് അറിഞ്ഞത്. ആ പോസ്റ്റ് ശരിയാണ്. ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ ഞങ്ങളോട് സംസാരിക്കാൻ തയാറായിട്ടില്ല. എന്തൊരു അമ്മയും അച്ഛനും!. ആ കുട്ടി സുഹൃത്തിനൊപ്പം കൊച്ചിയിലേയ്ക്ക് മടങ്ങിയെന്നാണ് അറിഞ്ഞത് . പക്ഷേ അതിന്റെയൊന്നും ആവശ്യമില്ലെന്ന് തോന്നി. അയാൾക്ക് ഇവിടെത്തന്നെ നിരവധി ശത്രുക്കളുണ്ട്. ഇതുവരെ അയാൾ പാർട്ടണറായിരുന്ന ഒരു ബിസിനസ് തകർന്നത് ഈയിടെയാണ്.അതിനു ശേഷം അതേ പ്രൊഡക്ടിൽ അയാൾ മറ്റൊരു കമ്പനി തുടങ്ങി. ഒപ്പമുള്ളയാളെ ചതിച്ചതാണെന്നാണ് അറിഞ്ഞത്. അയാൾ ഈ സംഭവത്തിന് ശേഷം ഒളിവിലാണ്. പല തെളിവുകളും അയാൾക്കെതിരെയാണ്. പാർട്ടണറെ തിരയുന്നുണ്ട്’’

 

അയാളുടെ ബ്ലഡ് ഗ്രൂപ്പ് ഏതാണെന്ന് ഒന്നന്വേഷിക്കാമോ സാർ ?’’ അനിൽ മാർക്കോസ്. അശോക് മാത്യൂസിനോട് ചുണ്ടുകൾ കൊണ്ട് ഒച്ചയുയർത്താതെ ചോദിച്ചു.

 

‘‘അനീഷ് , അയാളുടെ ബ്ലഡ് ഗ്രൂപ്പ് ഏതാണ്?’’

 

‘‘സർ ഏ ബി നെഗറ്റിവ് ’’

 

‘‘ഓക്കേ അനീഷ്. താങ്ക്സ്’’

 

ഫോൺ വച്ച് കഴിഞ്ഞ് മറുപടിയ്ക്കായി കാത്തു നിൽക്കുമ്പോൾ അനിൽ മാർക്കോസിന് ചങ്കിടിച്ചു.

 

‘‘ഏ ബി നെഗറ്റിവ് ആണ് അയാളുടെ രക്ത ഗ്രൂപ്പ്. അയാൾ പറയുന്നത് ബിസിനസ് റൈവൽറി ആണെന്നാണ്. ആ കുട്ടിയോട് സമാധാനമായി ഇരിക്കാൻ പറയൂ അനിൽ’’

 

അനിൽ മാർക്കോസിന്റെ ഞരമ്പുകൾ പെട്ടെന്ന് തടിച്ചുണർന്നു. ഏ ബി നെഗറ്റിവ്? അപൂർവ്വമായി ഉള്ള രക്തഗ്രൂപ്പ് യാദൃശ്ചികമായി വന്നതാകുമോ അപ്പോൾ?

 

അനിൽ എന്തോ ആലോചിക്കുന്നത് കണ്ടു അശോക് മാത്യൂസ് അയാളെ കയ്യിൽ തൊട്ട് വിളിച്ചു.

 

‘‘എന്താ അനിൽ?’’

 

‘‘സർ, എമ്മയുടെ വീട്ടിൽ നിന്ന് ലഭച്ച അവയവത്തിന്റെയും ബ്ലഡ് ഗ്രൂപ്പ് ഇത് തന്നെയാണ്, അങ്ങനെ വരുമ്പോൾ അയാളുടേത് തന്നെയാണോ ഇതെന്ന് എനിക്കൊരു സംശയം’’

 

‘‘അങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റുമോ?’’

 

‘‘ഉറപ്പിച്ചു പറയാൻ മറ്റു തെളിവുകളൊന്നും ഇല്ല സർ. തോമസ് അലക്സ് ആണോ എന്നുറപ്പിക്കണമെങ്കിൽ മറ്റു ടെസ്റ്റുകളും നടത്തേണ്ടി വരും. ഡി എൻ എ  ടെസ്റ്റു പോലെയുള്ളവ നടത്തണമെങ്കിൽ പോലും അയാളുടെ ബോഡി നമുക്ക് ലഭിക്കണം. എന്നാൽ അയാളെക്കുറിച്ച് ഇതുവരെ ഒരു വാർത്തയുമില്ലല്ലോ. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നും റിപ്പോർട്ട് ലഭിച്ചിട്ടില്ല’’

 

‘‘ഇതൊരു കുഴഞ്ഞ കേസാണല്ലോ അനിൽ. എന്തായാലും അനീഷ് അജയനെ വിളിച്ച് വിവരങ്ങൾ ഞാൻ അപ്‌ഡേറ്റ് ചെയ്യാം. അയാളെ കണ്ടു കിട്ടിയാൽ ബാക്കി കാര്യങ്ങൾ നമുക്ക് മുന്നോട്ടു കൊണ്ട് പോകാം’’

 

‘‘ശരി സർ’’

 

ആർക്കാണ് തെറ്റിയത്?

തോമസ് അലക്സിനോ 

അനീഷ് അജയിനോ 

തനിക്കോ 

അതോ ...

 

ആദ്യം ലഭിച്ച മുറിഞ്ഞ വിരലിന്റെ രക്തഗ്രൂപ്പ് എ പോസിറ്റിവായിരുന്നു. അതിനർത്ഥം ആ രണ്ടു അവയവങ്ങളും ഒരാളുടേതല്ല. രക്ത ഗ്രൂപ്പും വയസ്സും ഒക്കെ വ്യത്യാസമുള്ള രണ്ടു പുരുഷന്മാരുടേതാണ്. തെളിവുകൾ ഒക്കെ വച്ച് നോക്കുമ്പോൾ അവസാനം വന്ന അവയവത്തിന്റെ ഉടമസ്ഥനായി തെളിവുകൾ ചൂണ്ടപ്പെടുന്നത് തോമസ് അലക്സിന്റെ നേരെയാണ്. 

 

ഇനി ഏതു വഴിക്കാണ് മുന്നോട്ടു പോകേണ്ടത്?

 

ലാസറേട്ടന്റെ അപഗ്രഥന ബുദ്ധിയിൽ എന്തെങ്കിലും തെളിയുന്നുണ്ടോ എന്നന്വേഷിക്കാൻ അനിൽ മാർക്കോസ് തീരുമാനിച്ചു. പലപ്പോഴും പൊലീസിന് പോലും തെളിയിക്കാൻ പറ്റാത്ത കടുപ്പമുള്ള കേസുകൾ തെളിയിക്കുന്നവരാണല്ലോ ഈ സിനിമാക്കാരും ഡിറ്റക്റ്റീവ് നോവലിസ്റ്റുകളും. ലാസറേട്ടന് അങ്ങനെയൊരു കാഴ്ചയുണ്ട് താനും. 

 

 

അനിൽ മാർക്കോസ് ജീപ്പിൽ സ്റ്റേഷനിലേയ്ക്ക് പുറപ്പെട്ടു. 

 

 

നടാഷ, എന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് കരഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. രാവിലെ ലഭിച്ച സമ്മാനത്തി ന്റെ വിവരങ്ങളറിഞ്ഞതോടെ അവൾ വീണ്ടും നിയന്ത്രണം വിട്ട് കരഞ്ഞു. ഭയവും പരിഭ്രമവും ഒന്നിച്ച് ഇഴകൂടി അവൾക്ക് സ്വന്തം നിയന്ത്രണം നഷ്ടപ്പെട്ടു തുടങ്ങി. അവളെ ആശ്വസിപ്പിക്കാൻ ചുറ്റുമിരുന്ന  മീരയും മാനസിയും എന്ത് ചെയ്യണമെന്നറിയാതെ പകച്ചിരുന്നു.

 

‘‘നാളെത്തന്നെ നിന്നെയും കൂട്ടി ഡോക്ടറെ കാണാൻ ഞാൻ തീരുമാനിച്ചു. ഇതിങ്ങനെ വച്ചോണ്ടിരിക്കാനാ വില്ല’’

 

എന്റെ ആവലാതി നടാഷ കേട്ടെന്നു പോലും തോന്നിയില്ല. അവൾ തോരാതെ പെയ്തുകൊണ്ടിരുന്നു. 

പാതി രാത്രിയിലാണ് പിന്നെ അനിൽ മാർക്കോസ് വീണ്ടും വിളിച്ചത്. ഉറക്കം വരുന്നതേയില്ല, കരഞ്ഞു തളർന്ന് നടാഷ ഉറങ്ങിപ്പോയിരിക്കുന്നു. അവളെ പുതപ്പിച്ച ശേഷം മൊബൈലിൽ കുത്തിയിരിക്കുന്ന മീരയെ നോക്കാതെ ഞാൻ ഫോണെടുത്ത് പുറത്തിറങ്ങി. 

 

 

മാനസി ചേച്ചി നല്ലയുറക്കത്തിലാണ്. മുൻവശത്തെ കതക് തുറന്ന് പൂമുഖത്തിരുന്നു. നാല് വശവും മതിൽ കെട്ടിയതു കൊണ്ട് പുറത്തുള്ളവരെ അകത്തുള്ളവർക്കും അകത്തുള്ളവർക്ക് പുറത്തുള്ളവരെയും കാണാൻ ബുദ്ധിമുട്ടാണ്. അകത്തു കയറണമെങ്കിൽ വലിയ മതിൽ ചാടിക്കയറണം. അങ്ങനെ ചാടിക്കയറിയായിരി ക്കില്ലേ അയാൾ രാവിലെ അകത്ത് കയറിയിട്ടുണ്ടാവുക?

 

 

പെട്ടെന്ന് ഇരുട്ടിനോട് ഭയം തോന്നി. എന്നാലും അകത്ത് കയറി സംസാരിക്കാൻ തോന്നിയില്ല. അല്ലെങ്കിലും എത്രയോ തവണ പാതിരാവിൽ ഈ ഉമ്മറത്തിരുന്നു സംസാരിച്ചിരുന്നു. അന്നൊക്കെ മറുവശത്ത് ഋഷിയു ണ്ടായിരുന്നു, അവന്റെ കുറുങ്ങലുകളും. ഇപ്പോൾ ഫോണിന്റെ അറ്റത്ത് വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉണ്ടെന്ന ഉറപ്പിൽ ഞാൻ സംസാരിച്ചു തുടങ്ങി.

 

 

‘‘എമ്മാ വിഷയം അങ്ങനെയാണെങ്കിലും എനിക്കത് ദഹിക്കുന്നില്ല. അയാളുടെ ബ്ലഡ് ഗ്രൂപ്പ് എന്താണെന്ന് തനിക്കറിയാമോ? രാവിലെ നമുക്ക് സമ്മാനം ലഭിച്ച നാവിന്റെ ഉടമസ്ഥന്റെ അതേ ഗ്രൂപ്പ് , ഏ ബി നെഗറ്റിവ്’’

 

ഞെട്ടിപ്പോയി. സത്യമോ? അപ്പോൾ തനിക്ക് രാവിലെ ലഭിച്ചത് അയാളുടെ അവയവമാണോ? എനിക്ക് വീണ്ടും ഇരുട്ടിനോട് ഭയം തോന്നാൻ തുടങ്ങി. അവിടെ നിന്നും എഴുന്നേറ്റ് അകത്തേയ്ക്ക് കയറിപ്പോകണമെന്നും വാതിൽ ശബ്ദം പോലും കേൾപ്പിക്കാതെ അടയ്ക്കണമെന്നും തോന്നി. എഴുന്നേൽക്കാനാവുന്നില്ല. ഒരു അനക്കമുണ്ടായാൽ തന്റെ നേർക്ക് എന്തെങ്കിലും പൊടുന്നനെ പാഞ്ഞു വരുമെന്ന പോലെ ഒരു തോന്നൽ. ആരോ നോക്കും പോലെ ഒരനുഭവം.

 

‘‘എമ്മാ... താനവിടെ ഉണ്ടോ?’’

 

അനിൽ മാർക്കോസിന്റെ ശബ്ദം അവളെ ഉണർത്തി.

 

‘‘സാർ, ചിലപ്പോൾ അത് യാദൃശ്ചികമായിക്കൂടെ?’’ അവസാനത്തെ പ്രതീക്ഷയാണത്. അങ്ങനെ കേട്ടിരുന്നെങ്കിൽ...

 

‘‘അങ്ങനെ കരുതാം. എന്നാൽ ഏ ബി നെഗറ്റിവ് ബ്ലഡ് ഗ്രൂപ്പ് അത്ര സ്വാഭാവികമല്ല. അതൊരു റെയർ ഗ്രൂപ്പാണ്. ഈ തോമസ് അലക്സിനെ തിരികെ കിട്ടുന്നത് വരെ ഈ സംശയം ഉള്ളിലുണ്ടായിരിക്കും. മാത്രമല്ല തോമസ് അലക്സിനെക്കുറിച്ച് വിവരങ്ങൾ ഇനിയും ലഭിക്കാത്ത പക്ഷം എമ്മയുടെ കേസിന്റെയൊപ്പം അതും കൂട്ടിച്ചേർക്കാൻ ചിലപ്പോൾ തീരുമാനിക്കപ്പെടാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ വിഷയം ഗൗരവമാകും. കമ്മീഷ്ണറോട്‌ കാര്യങ്ങൾ സൂചിപ്പിട്ടുണ്ട്. അദ്ദേഹമതിൽ ഗൗരവമായി ഇടപെടുമെന്നാണ് ഞാൻ വിചാരി ക്കുന്നത്.  അദ്ദേഹത്തെ കാണാൻ എമ്മ തയാറായിരിക്കണം. ഞാൻ അറിയിക്കാം. ഇനിയിപ്പോൾ ആ സമ്മാനം തോമസ് അലക്സിന്റെ നാവാണെങ്കിൽ ആ വിരൽ , അതാരുടേതാവും.?’’

 

അതാരുടേതാണ്... അറിയില്ല.... ഒന്നുമറിയില്ല... എല്ലാം താൻ കാരണമാണോ? ആ നാവ്, മുറിഞ്ഞ നാവ് അയാളുടേതാണോ? 

 

‘‘എമ്മാ? താനവിടെയുണ്ടോ ?’’

 

‘‘ഉണ്ട് സർ . എനിക്കൊന്നുമറിഞ്ഞൂടാ..’’

 

‘‘താൻ വിഷമിക്കണ്ട, ഞാനൊന്ന് നോക്കട്ടെ. നാളെ വിളിക്കാം. സമാധാനമായി കിടന്നുറങ്ങൂ’’

 

സമാധാനമോ? അതെന്താണ്? കുറച്ചു മുൻപ് വരെയുണ്ടായിരുന്ന എന്തോ ഒരു നിസ്സാരത മനസ്സിൽ നിന്ന് വിട്ടകന്നിരിക്കുന്നു. തന്നെ മുന്നിൽ നിർത്തി ആരോ എന്തോ വലിയ കളി പദ്ധതിയിട്ടിരിക്കുന്നു. അതിന്റെ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സംസാരം നിലച്ചിട്ടും ഫോണിൽ നിന്നുള്ള അവസാന വെളിച്ചവും കെട്ടു പോയിട്ടും അവിടെ നിന്ന് എഴുന്നേൽക്കാനായില്ല. ഭയം കൊണ്ട് ഇരുന്നയിടം നനഞ്ഞിരിക്കുന്നു. വിയർത്തു കുളിച്ച് ശരീരം വസ്ത്രത്തിൽ ഒട്ടിയിരിക്കുന്നു. എന്താണ് പുറത്ത് ശബ്ദം കേൾക്കുന്നത്?

ആരാണ് എന്നെ നോക്കുന്നത്?

 

 

ഏതൊക്കെയോ രാത്രി പക്ഷികളുടെ നേർത്ത കൂവലുകൾ പലവഴികളിൽ നിന്നും കാറ്റിലലഞ്ഞെത്തുന്നു. പാലപ്പൂവിന്റെ ഗന്ധം വന്നു പൊതിയുന്നു. ഇരുട്ടിനെ തുളച്ച് നരിച്ചീറിന്റെ ശബ്ദം ഉയരുന്നു, അതിന്റെ താളം പല സ്ഥായികളിൽ ഉയരുകയും താഴുകയും ചെയ്യുന്നു. ഇതെല്ലം ഒരു മുന്നറിയിപ്പാണോ? ഇവിടെ ആരോ ഉണ്ടെന്നുള്ള മുന്നറിയിപ്പ്? അടുത്ത സമ്മാനവുമായി അയാളെത്താൻ നേരമായോ?

 

 

ഋഷിയുടെ പ്രണയത്തിന് സാക്ഷിയാണ് ഈ വീടും മുറ്റവും ഇരുട്ടും ഇവിടുത്തെ മരങ്ങളും. പാതി രാവും കഴിഞ്ഞു അതിനപ്പുറമുള്ള സമയവും കഴിഞ്ഞു മാനസി ചേച്ചി പോലുമറിയാതെ പൂമുഖത്ത് വെളിച്ചം പോലുമില്ലാതെയിരുന്നു സംസാരിച്ച രാത്രികളിൽ എന്താണ് ഒട്ടും ഭയം തോന്നാതിരുന്നത്? മറുവശത്ത് പ്രണയിക്കുന്നവനുണ്ടെന്നുള്ള ധൈര്യമോ? പ്രണയിക്കുമ്പോൾ തോന്നുന്ന അസാമാന്യമായ ധൈര്യത്തിന്റെ ചങ്കൂറ്റമോ? 

 

ഇപ്പോഴും അതേ രാത്രിയാണ്, അത്രയൊന്നും സമയമായിട്ടില്ല, കാറ്റും മുറ്റവും മരങ്ങളുമെല്ലാം അതുതന്നെ ... എന്നിട്ടും പാതിരക്കാറ്റ് വീശുമ്പോൾ അതിനു ചോരയുടെ ഗന്ധമുണ്ട്. ഇടറി വീഴുന്ന ഉണങ്ങിയ ഇലകൾക്ക് പോലും ഭയാനകമായ ശബ്ദങ്ങൾ.

 

 

ശരീരം ഒന്നാകെ വിറക്കുന്നു. മുഖമുയർത്തി നോക്കാൻ ഭയന്നുകൊണ്ട്. എനിക്ക് പെട്ടെന്ന് മീരയെ വിളിക്കാൻ തോന്നി. എന്നാൽ കഴിയുന്നില്ല. ധൈര്യമുണ്ടായിരുന്നപ്പോൾ പുറത്തിറങ്ങിയതാണ്. ഇപ്പോൾ ആ മുറിനാവ് അയാളുടേതാണെങ്കിൽ... അത് താനുമായി ബന്ധപ്പെട്ടാണെങ്കിൽ... ആരോ പിന്തുടരുന്നു എന്നാണർത്ഥം!

 

എന്താണ് അയാളുടെ ഉദ്ദേശം?

 

ആരുടേതാണ് ആ വിരൽ?

 

എനിക്ക് കൈകൾ വിറച്ചു. ഫോൺ കൈകളിൽ നിന്നും വഴുതി നിലത്തേക്ക് വീണു.  മതിലിനോട് ചേർന്ന് നിൽക്കുന്ന മരത്തിൽ നിന്നും അടർന്നു വീണ ചാമ്പക്കയുടെ ശബ്ദം എന്റെ കണ്ണിനു മുന്നിൽ ഒരു വെളുത്ത മറയുണ്ടാക്കി . എന്താണ് വീണ്ടും വീണ്ടും ശബ്ദങ്ങൾ?

 

ഇന്ന് രാവിലെ വരെ അതിൽ ചാമ്പക്കയുണ്ടായിരുന്നില്ലല്ലോ? അതോ ഉണ്ടായിരുന്നോ? ഒന്നും ഓർമ്മ കിട്ടുന്നില്ല. ഇരുട്ട് കണ്ണിൽ നിന്നും ബോധത്തിലേയ്ക്കും കടക്കുന്നു. ആകെ അന്ധകാരം പരക്കുന്നു .

പിന്നെയെനിക്കൊന്നും ഓർമയുണ്ടായിരുന്നില്ല.

 

English Summary : Njan Emma John, Chapter- 7, E-Novel By Sreeparvathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com