ADVERTISEMENT

ഇരുട്ട് നിറഞ്ഞ ഇടനാഴിയിലൂടെ ഞാൻ നടക്കുകയായിരുന്നു. ശൂന്യതയിൽ തപ്പി തടഞ്ഞ് മുന്നോട്ട് തന്നെ നടന്നു. വശങ്ങളിലേക്ക് കൈകൾ കൊണ്ടു ചെന്നപ്പോൾ എന്തിലോ തട്ടി. ബലവത്തായ ഭിത്തിയാണതെന്നു തോന്നുന്നു. പിന്നീട് ഭിത്തിയിൽ പിടിച്ചായി നടത്തം. എവിടെയാണ് വെളിച്ചം? ഇരുട്ടിൽ എന്താണ് കാത്തു നിൽക്കുന്നത്? എന്താണ് സംഭവിച്ചത്? ഓർമ്മകൾക്ക് പൂർണത ലഭിക്കും മുൻപ് അടുത്ത ചവിട്ട് ശൂന്യതയിലേയ്ക്കാണെന്ന് മനസ്സിലായി.

 

വീണു പോവുകയാണ്. താഴേയ്ക്ക്..

ഇരുട്ടിലൂടെ താഴേയ്ക്ക് താഴേയ്ക്ക്...

 

ചാടിയെഴുന്നേറ്റപ്പോഴാണ് മനസ്സിലായത് ഞാൻ കിടക്കയിലാണ്. ചുറ്റും അപ്പോഴും ഇരുട്ട് തന്നെയെങ്കിലും ഹാളിലെ സീറോ വാൾട്ടിന്റെ ചെറു വെളിച്ചം അരിച്ചിറങ്ങി കതകിന്റെ വിടവിലൂടെയെത്തുന്നുണ്ട്. ബോധത്തിലേക്കെത്താൻ പിന്നെയും സമയമെടുത്തു. ഞാനെവിടെയായിരുന്നു? ഏത് കുഴിയിലേക്കാണ് വീണത്? അവിടെ നിന്ന് ആരാണ് രക്ഷിച്ചത്? എന്റെ ശബ്ദം കേട്ടിട്ടാവണം മീര ചാടിയെഴുന്നേറ്റ് ലൈറ്റിട്ടു.

 

"നീയെന്താ എമ്മാ കാണിച്ചത്? പാതിരാത്രിയിൽ ഇങ്ങനെയൊരു അവസ്ഥയിൽ പുറത്തിറങ്ങിയതെന്തിനാണ്?"

 

അതേ, ശരിയാണല്ലോ, ഓർമ്മ പോകുന്നതിന് തൊട്ടു മുൻപ് ആരെയോ ഫോൺ വിളിക്കാൻ പൂമുഖത്ത് വരെ ചെന്നിരുന്നു. അവിടെ ഇരുട്ടിൽ എന്തൊക്കെയോ ഭയപ്പെടുത്തിയിരുന്നു. പിന്നെ ഒന്നും ഓർമ്മയില്ല, ഏതോ കുഴിയിലേക്ക് വീണു പോയി. അവിടെ നിന്ന് മീര രക്ഷിച്ചുകൊണ്ട് വന്നതാണോ?

 

അവൾ ഇത്തിരി കലിപ്പിലാണ്, എന്നിരുന്നാലും കരുതലിന്റെ സ്നേഹമുണ്ട് കണ്ണുകളിൽ. നടാഷ ഒന്നുമറിയാതെ ഉറങ്ങുന്നു. അമ്മയുടെ ഗർഭപാത്രത്തിലെന്നതുപോലെ ചുരുണ്ടു മടങ്ങി അവൾ നിദ്രയിൽ അലിഞ്ഞു പോയിരിക്കുന്നു. ജീവിതത്തിന്റെ അരക്ഷിതാവസ്ഥയിൽ മനുഷ്യർ ഇത്തരത്തിൽ കിടന്നുറങ്ങിയേക്കും. എവിടെയും എപ്പോഴും അഭയമായി ഗർഭപാത്രത്തിലേക്കുള്ള ഒരു ചുരുങ്ങൽ, അവിടെ മാത്രമാണ് അവസാന അഭയമെന്ന തോന്നൽ...

 

"മീര, ഞാനെവിടെയായിരുന്നു?"

 

"നീ സിറ്റൗട്ടിലായിരുന്നു. കുറെ നേരമായിട്ടും കാണാത്തപ്പോ ഞാൻ പുറത്തേക്കിറങ്ങിയപ്പോഴാ നീ താഴെ കിടക്കുന്നതാ കണ്ടത്. ഞാൻ മാത്രേ ഉണ്ടായിരുന്നുള്ളൂ, ഇവിടെ പിടിച്ചു വലിച്ചു കൊണ്ട് വന്നു മുഖത്ത് വെള്ളമൊക്കെ ഒഴിച്ചതാ, നടാഷയും ഞാനും കുറെ ശ്രമിച്ചു നിന്നെ ഉണർത്താൻ. ആശുപത്രിയിൽ കൊണ്ട് പോകണമെന്ന് കരുതിയപ്പോ നീയുണർന്നു. കണ്ണുകൾ ഒന്നു തുറന്ന് ഞങ്ങളെ നോക്കി. പിന്നെ ഉറക്കത്തിലേക്ക് വീണു. നല്ല കൂർക്കം വലി. അത് കേട്ടപ്പോ പിന്നെ സമാധാനമായി."

 

ശരിയാണ്, ഇപ്പോൾ എല്ലാം ഓർമ്മ വരുന്നുണ്ട്, രാത്രിയിൽ അനിൽ മാർക്കോസിന്റെ ഫോൺ വന്നപ്പോഴാണ് പുറത്തേക്കിറങ്ങിയത്. എന്നാൽ അയാൾ പറഞ്ഞത്... 

 

തോമസ് അലക്സിന്റെ മുറി നാവാണ് തനിക്ക് ലഭിച്ചതെന്നു സംശയം പങ്കു വച്ചപ്പോൾ ആകെ പതറിപ്പോയി. പെട്ടെന്നെന്തോക്കെയോ ശബ്ദങ്ങൾ, തോന്നലുകൾ, ബോധം പോയി. 

 

"എന്താ പ്രശ്നം? അനിൽ മാർക്കോസല്ലേ വിളിച്ചത്? എന്താണ് അപ്‌ഡേഷൻ?"

 

സമയമൊത്തിരിയായില്ലേ. നീ കിടക്ക്. നമുക്ക് നാളെ സംസാരിക്കാം. എനിക്ക് കുഴപ്പമൊന്നുമില്ല"

 

ഒന്നും മിണ്ടാതെ മീര വെളിച്ചം കെടുത്തി കിടന്നു. എന്നാലും എനിക്കുറക്കം വരുന്നുണ്ടായിരുന്നില്ല. ഇത്രയും നേരം ബോധം പോലുമറ്റെന്നത് പോലെ ഉറക്കത്തിലായിരുന്നു. ഇപ്പോൾ ഒട്ടും കണ്ണുകൾ തരിക്കുന്നില്ല. അവ തുറന്നു തന്നെയിരിക്കുന്നു.

ഇതുപോലെ ഒരു രാത്രിയിലാണ് ഋഷി അവന്റെ പ്രണയം പറഞ്ഞത്.

 

അടുത്ത സുഹൃത്തിനെ ഒരിക്കലും പ്രണയിക്കരുത്, അവരുടെ സൗഹൃദവും ആ പ്രണയത്തിനൊപ്പം നഷ്ടമായിപ്പോകും എന്നാരാണ് പറഞ്ഞത്? തങ്ങൾ നല്ല സുഹൃത്തുക്കൾ പോലുമായിരുന്നില്ലേ? അതോ പ്രണയത്തിൽ അകപ്പെട്ടപ്പോൾ സൗഹൃദം നഷ്ടപ്പെട്ടു പോയതാണോ എല്ലാത്തിനും കാരണം?

 

അവൻ നല്ലൊരു സുഹൃത്തുമായിരുന്നില്ല അതാണ് പ്രണയവും നഷ്ടപ്പെടാൻ കാരണം. പ്രണയത്തിലേയ്ക്ക് ഇറങ്ങിക്കഴിഞ്ഞാൽപ്പിന്നെ സ്വന്തമാക്കലുകളുടെ പടവിളികൾ, അരുതുകളുടെ ഓർമ്മപ്പെടുത്തൽ, നിയന്ത്രണങ്ങൾ, സൗഹൃദത്തിലായിരുന്നപ്പോൾ ഉണ്ടായിരുന്ന സ്വാതന്ത്ര്യം പ്രണയത്തിലാവുമ്പോൾ നഷ്ടപ്പെടുന്നതെന്തുകൊണ്ടാണ്? പ്രണയത്തിലും എന്തുകൊണ്ട് നല്ല സുഹൃത്തുക്കളായിരുന്നുകൂടാ? അങ്ങനെയായിരുന്നെങ്കിൽ ഋഷിയെ നഷ്ടമാകുമായിരുന്നില്ല. 

 

കവിളുകൾ നനഞ്ഞപ്പോഴാണ് കണ്ണുകളിൽ നിന്നും ചൂട് നീരൊഴുകിയത് ഞാനറിഞ്ഞത്. മുകളിലെ ഫാനിൽ നിന്നും വീശുന്ന കാറ്റ് കവിളിൽ തൊട്ട് നീരൊഴുകിയ വഴികളിൽ തണുക്കാൻ തുടങ്ങി. 

 

രാവിലെയെഴുന്നേൽക്കുമ്പോൾ അപ്പോഴും ഒപ്പം ഋഷിയുണ്ടായിരുന്നുവെന്ന് തോന്നി. പുതപ്പിനടിയിൽ അവൻ അകത്തേയ്ക്ക് നൂഴ്ന്നു തനിക്ക് കാണാനാകാതെ കിടക്കുകയാണ്. എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ അരയിൽ പിടിച്ച് അവൻ തന്നെ മേലേയ്ക്ക് വലിച്ചിടും, അതാണല്ലോ ശീലം.

 

പുതപ്പ് മെല്ലെ പൊക്കി നോക്കി, ഇല്ല, ഋഷിയില്ല... എല്ലാം തോന്നൽ മാത്രം...

നെഞ്ച് വേദനയെടുക്കുന്നു. എത്രനാൾ കൊണ്ടാണ് ഋഷിയുടെ ഇല്ലാതാകലിൽ നിന്ന് പുറത്ത് കടന്നത്. കാണാൻ താല്പര്യമില്ലാതെ, നടക്കുന്ന വഴിയിൽ നിന്ന് പോലും അവൻ അപ്രത്യക്ഷനായിപ്പോയപ്പോൾ വാശി തോന്നിയിരുന്നു, എന്നാലിപ്പോൾ ആ വാശി ഇടയ്ക്കൊക്കെ മാഞ്ഞു പോവുകയും പകരം നിരാശയിലേയ്ക്കും ഏകാന്തതയിലേയ്ക്കും വിഷാദത്തിലേയ്ക്കും വീണു പോവുകയും ചെയ്യുന്നു. കണ്ണ് നിറഞ്ഞൊഴുകുമ്പോൾ പിന്നെയും കൈത്തണ്ടയിൽ വേദനിപ്പിച്ച് അമർന്നു കിടക്കുന്ന ഫീനിക്സ് പക്ഷിയെ തൊട്ടു നോക്കും, അപ്പോൾ അവനെ തൊടുമ്പോലെ... 

 

"എമ്മാ, ഇന്നലെ എന്താ അയാൾ പറഞ്ഞത്? അനിൽ മാർക്കോസ്?"

 

അയാളെന്തായിരുന്നു പറഞ്ഞത്. അതേ, തോമസ് അലക്സിനെക്കുറിച്ചായിരുന്നു. നടാഷയും കൗതുകത്തോടെ നോക്കുന്നുണ്ട്, അവളെയും കൊണ്ട് ഇന്ന് ഡോക്ടറെ കാണാൻ പോകണം.

 

"അയാൾക്ക് സംശയം അവസാനം നമുക്ക് കിട്ടിയ സമ്മാനം, അത്, അയാളുടേതാണോയെന്ന് ..."

 

നടാഷ ഞെട്ടി നോക്കി.

 

"എമ്മാ, ആണോ? അത് അയാളുടേതാണോ?" അവളാണ് ശബ്ദമുയർത്തി ചോദിച്ചതും.

 

"അറിയില്ലെടീ, ബ്ലഡ് ഗ്രൂപ്പ് സമാനമാണ്. അതിന്റെ അർഥം അത് അയാളുടേതാണ് എന്നല്ല. ഡിഎൻഎ ടെസ്റ്റ് നടത്താതെ അത് അയാളുടേതെന്ന് ഉറപ്പിക്കാനുമാവില്ല. അല്ലെങ്കിൽ തന്നെ എനിക്കെന്തിനാണ് അയാളുടെ എന്തെങ്കിലും അവയവം സമ്മാനം തരുന്നത്?  മാത്രമല്ല ബോക്സിൽ ഒരു മെസേജുണ്ടായിരുന്നു, ഇതായിരുന്നില്ല തരാനുദ്ദേശിച്ച സമ്മാനമെന്ന്. അതെന്താണെന്നാണ് ഞാൻ..."

 

"നീ അതെന്താണെന്നാണോ ആലോചിക്കുന്നത്? ഞാൻ അത് ആരാണ് അയച്ചതെന്നാണ് ആലോചിക്കുന്നത്"

 

മീര അവൾക്ക് പരിചയമുള്ള എമ്മയുടെ സുഹൃത്തുക്കളെയൊക്കെ മനസ്സിലിട്ട് കൂട്ടിയും കിഴിക്കലും നടത്തി, എന്നാലും എവിടെയും ഒരു മുഖവും ഉറച്ചു കിട്ടുന്നില്ല. ചില നേരത്ത് അത് ഋഷിയിൽ തന്നെ പോയി നിൽക്കുന്നതായി അവൾ മനസിലാക്കി. 

 

 "എടീ ഋഷിയിപ്പോ എവിടെയാണ്?"

 

 "അറിയില്ല, എന്താ അവനെപ്പറ്റി ചോദിയ്ക്കാൻ? അവനാണോ ഇതെന്നാണോ?"

 

 "അങ്ങനെയും സംശയിക്കാമല്ലോ?"

 

 "എനിക്കവനെ സംശയമില്ല, അതവനല്ല മീര."

 

 "പിന്നേ.., നമ്മളന്ന് മാളിൽ വച്ച് കണ്ട ഒരുത്തനില്ലേ? നിനക്കോർമ്മയുണ്ടോ? നിന്നെത്തന്നെ നോക്കിയിരുന്ന ഒരുത്തൻ?"

 

"പോടീ, അവൻ അന്നങ്ങനെ നോക്കിയെന്നും വച്ച്? അവനേതാണെന്ന് ആർക്കറിയാം. എനിക്കോ നിനക്കോ അറിയില്ല. അവന്റെ മുഖത്തും പരിചയഭാവമൊന്നും ഇല്ലായിരുന്നല്ലോ. അങ്ങനെ നോക്കിയാൽ എത്ര പ്രശ്നങ്ങൾ നമ്മൾ ഇതിന് മുൻപും ഹാൻഡിൽ ചെയ്തിരിക്കുന്നു ആരെ വേണമെങ്കിലും സംശയിക്കാമല്ലോ"

 

"അത് ശരിയാണ്. പക്ഷേ നിന്നെ നന്നായി അറിയുന്ന ആരോ ആണെന്ന കാര്യം ഉറപ്പാണല്ലോ. ഇഷ്ടം കൂടിയത് കൊണ്ടാവും, അത് തോമസ് അലക്സിന്റെയാണെങ്കിൽ നിനക്ക് എതിരെ നിൽക്കുന്നവരെ ആണ് അയാൾ ടാർജറ്റ് ചെയ്യുന്നതെന്ന് വേണം കരുതാൻ"

 

അവൾ പറയുന്നത് സത്യമാണ്. പക്ഷേ ഇത് തോമസ് അലക്സിന്റേതാണെങ്കിൽ ആദ്യം വന്ന വിരൽ, അത് ആരുടേതാണ്? തന്റെ ശത്രുക്കളാരൊക്കെയായിരുന്നു? എന്തിനുത്തരം വേണമെങ്കിലും തനിക്ക് ലഭിച്ച സമ്മാനത്തിന്റെ ഉടമസ്ഥർ ആരെന്ന് കണ്ടെത്തണം, അതറിയാതെ അയച്ച ആളെയോ അയച്ചതിന്റെ ഉദ്ദേശമോ മനസ്സിലാക്കാനാവില്ല.

 

എനിക്കെല്ലാത്തിനും ഉത്തരം വേണം. എന്നാലത് എവിടെ നിന്ന് കിട്ടും? 

English Summary : Njan Emma John, Chapter- 7, E-Novel By Sreeparvathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com