ADVERTISEMENT

‘‘എഴുന്നേക്കെടാ മത്തങ്ങാത്തലയാ...’’

 

ഇപ്പോൾ കീറിപ്പറിക്കും എന്ന മട്ടിൽ, പത്രോസ് മാഷിന്റെ ചെളിപിടിച്ച കൂർത്ത നഖമുള്ള വിരൽ എന്നെ നോക്കി വിറച്ചു. തട്ടിയെറിയാൻ പലതവണ ശ്രമിച്ചിട്ടും, വിട്ടുപോകുന്ന പ്രശ്നമേയില്ലെന്നു പ്രഖ്യാപിച്ച് അതുവരെ എന്നെ കെട്ടിവരിഞ്ഞുമുറുക്കിക്കിടന്ന ഉറക്കം നിമിഷനേരംകൊണ്ട് അതിർത്തി വിട്ടു. കിടക്കയിൽനിന്നു ചാടിയെഴുന്നേറ്റ് കണ്ണുതിരുമ്മിയപ്പോൾ പൊന്തിവന്ന കോട്ടുവായ പത്രോസ്മാഷിന്റെ വളഞ്ഞവടി മുന്നിൽ കണ്ട് ചമ്മി ആവിയായി.

ശൂന്യാകാശത്തുനിന്നു പൊട്ടിവീണ അന്യഗ്രഹജീവിയെപോലെ മാഷിനെ ഞാൻ ഉറ്റുനോക്കി. കോപംകൊണ്ടാകാം, എഴുപതു പിന്നിട്ട പൂതലിച്ച ഉടൽ വല്ലാത്തൊരു വിറയിൽ അലയിടുന്നതു കണ്ടു. കൈവിരലുകൾ വളഞ്ഞവടിയിൽ മുറുക്കി അദ്ദേഹം നിന്നു കിതയ്ക്കുകയായിരുന്നു. മുറുക്കാൻ ചെമപ്പിച്ച ചുണ്ടിലൂടെ തുപ്പൽനൂല് ഊർന്നിറങ്ങിയത് ചുമലിൽ വിലങ്ങനെയിട്ട തോർത്തുമുണ്ടിൽ മുറിഞ്ഞുവീണു. വിരൽകൊണ്ട് കഥകളിമുദ്രപോലെ എന്തോ കാണിച്ച് മാഷ് ജനാലയ്ക്കരികിലേക്കു നടന്നു. ചുവടുകൾ ഇടറുന്നതുപോലെ തോന്നി. കാട്ടിലും മേട്ടിലും ചുറ്റിവന്ന വളഞ്ഞ വടി കുത്തിയ ഇടങ്ങളിലെല്ലാം കറുത്ത മണ്ണിന്റെ വട്ടച്ചുരുൾ പതിഞ്ഞു. 

 

ദീർഘദൂരം പിന്നിട്ടപോലെ പത്രോസ് മാഷ് ജനാലയ്ക്കരികിൽ ചെന്നുനിന്ന് ദീർഘനിശ്വാസം വിട്ടു. പിന്നെ, വടിത്തുമ്പുകൊണ്ടു തിടുക്കത്തിൽ ജനാലയിലെ തിരശ്ശീല  ഒരു വശത്തേക്കു തോണ്ടി ആവശ്യത്തിലേറെ ചൂടു പ്രസരിപ്പിക്കുന്ന പുലരി വെയിലിലേക്കും എന്റെ മുഖത്തേക്കും മാറിമാറി നോക്കി. ആ നോട്ടത്തിൽ‌ കുറ്റപ്പെടുത്തലിന്റെ ഒരായിരം കൂരമ്പുകളുണ്ടായിരുന്നു. വടിത്തുമ്പിൽ പറ്റിനിന്ന ചെളിമണ്ണ് മേശപ്പുറത്തേക്കു പൊടിഞ്ഞുവീഴുന്നത് അറപ്പോടെ ഞാൻ കണ്ടിരുന്നു. കറുത്തു കുറുകിയ വിരലുകൾ അടുത്തതായി മേശപ്പുറത്തു ചിതറിക്കിടന്ന പുസ്തകങ്ങളിൽ പിടിത്തമിട്ടു. ക്ലാസിൽ കയറാതെ മുങ്ങിയവനെ കൈയോടെ പിടികൂടിയ ഭാവത്തിൽ മാഷ് എന്നെ ഒരിക്കൽക്കൂടി നോട്ടം കൊണ്ട് അളന്നു. 

 

‘‘എല്ലാം ഹിമാലയത്തിൽ തപസ്സിരുന്ന സന്യാസിമാരുടെ കള്ളക്കഥകൾ... ഇതൊക്കെ വായിക്കുന്നതുകൊണ്ടാ മോഹനാ നീ മേലനങ്ങി വല്ലോം ചെയ്യാൻ തോന്നാതെ ചന്തിക്കു വെയിലടിക്കുമ്പഴും ഇങ്ങനെ കിടക്കുന്നേ...’’

 

പത്രോസ് മാഷ് കരിയിലപോലെ കസേരയിലേക്കു പതിച്ചു. ഇന്നത്തെ ദിവസം പോയിക്കിട്ടിയെന്നു ഞാൻ മനസ്സിൽ ശപിച്ചു. അച്ഛനെയും ചേട്ടനെയുമൊക്കെ പഠിപ്പിച്ച മാഷാണ്. എവിടെച്ചെന്നാലും നാട്ടുകാർ ആദരവിന്റെ ഇരിപ്പിടം നീക്കിയിട്ടുകൊടുക്കുന്ന കാരണവർ. പുഞ്ചക്കുറിഞ്ചിയിലെ ഏതുവീട്ടിലേക്കും ഏതുസമയത്തും അതിക്രമിച്ചുകയറാനും ആരുടെയും ചെവിക്കുപിടിച്ചു തിരുമ്മാനും സ്വയം കൽപിതസ്വാതന്ത്ര്യം അദ്ദേഹം നേടിയെടുത്തിരുന്നു. 

 

പത്രോസ് മാഷിന്റെ മുന്നിൽ എല്ലാവരും എൽപി സ്കൂൾ കുട്ടികളാണ്. പറയുന്നതു മിണ്ടാതെ കേട്ടേ പറ്റൂ. മറിച്ചെന്തെങ്കിലും പറഞ്ഞാൽ കടുംബക്കല്ലറ തോണ്ടി ചത്തുപോയവരെ വരെ പുറത്തെടുത്തിട്ടു വലിച്ചുകീറും. വല്ലപ്പോഴുമൊരിക്കലേ കെട്ടിയെടുക്കൂ. പക്ഷേ, അത് അപ്രതീക്ഷിതമായിരിക്കും. വന്നാൽ പരാതികളും പൊതിരെ ചീത്തവിളിയുമാണ്. മാഷിന്റെ തലവെട്ടം കണ്ടാലേ ഞാൻ അടുക്കളവാതിലിലൂടെ ഓടിരക്ഷപ്പെടുകയാണു പതിവ്. ഇന്നതു പറ്റിയില്ല. ഇരുപത്തിയാറു തികഞ്ഞ മുതിർന്ന പൗരനാണു ഞാനെന്നോ ആരെങ്കിലും കേൾക്കുമെന്നോ ഉള്ള ചിന്തയൊന്നും മാഷിനില്ല. അതുകൊണ്ട് പറയുന്നതൊക്കെ തലകുലുക്കി സമ്മതിച്ച്, എത്രയുംവേഗം ഒഴിവാക്കുന്നതാണു സുരക്ഷിതം. ഉറക്കച്ചടവിനുമേൽ വിനയം വാരിപ്പൂശി ഞാൻ എഴുന്നേറ്റു.

‘‘മുണ്ട് നേരെയുടുക്കെടാ....’’ മാഷിന്റെ വെള്ളിച്ചുറ്റുള്ള വടി എന്റെ അരക്കെട്ടിനു നേരേ മുഖം നീട്ടി വായപൊത്തിച്ചിരിച്ചു. 

‘‘ഒരാളെ ചെന്നു കാണണമെന്നു ഞാൻ പറഞ്ഞേൽപ്പിച്ചിട്ട് നീയിതുവരെ പോയോ?’’ കഥയറിയാതെ ഞാൻ വായ പൊളിച്ചു.

‘‘അതോ, നിന്റെ ചേട്ടൻ ഇക്കാര്യം നിന്നോടു പറഞ്ഞില്ല്യോ?’’ 

‘‘എന്നോടൊന്നും പറഞ്ഞില്ലല്ലോ മാഷേ...’’

വെട്ടുവഴിയിലോ കവലയിലോ വച്ച് പത്രോസ് മാഷിന്റെ വടി ചേട്ടനെ കുടുക്കിട്ടുപിടിക്കുന്നത് ഭാവനയിൽ കണ്ട സന്തോഷമടക്കി, അമിതവിനയത്തിൽ മുക്കിയെടുത്ത ശബദ്ത്തോടെ ഞാൻ പറഞ്ഞു. 

‘‘നിന്റെയല്ലേ ചേട്ടൻ... ഞാനൊരു കാര്യം പറഞ്ഞാൽ നീ തട്ടിക്കളയുകേലെന്ന് എനിക്കറിയാവുന്നതല്ല്യോ... ഇതു നീയറിഞ്ഞുകാണത്തില്ലെന്ന് അപ്പഴേ എനിക്കുതോന്നി. അതാ നേരിട്ടിങ്ങു പോന്നേ. സത്യം പറയാമല്ലോ, ഈ വീട്ടിൽ ഗുരുത്വമുള്ളതു നിനക്കുമാത്രമാ...’’

ഗുരുത്വത്തിന്റെ ‘ഗു’യിൽ കുരുങ്ങിക്കിടന്ന് രണ്ടു വിഷപ്പാമ്പുകൾ ചീറുന്നത് ഞാൻ കേട്ടു. മാഷ് എന്തെങ്കിലും നല്ലതുപറഞ്ഞാൽ പിന്നാലെ എന്തോ അപകടം വരുന്നു എന്നർഥം. അങ്ങോട്ടു കയറി സംസാരിക്കുന്നത്  ഇഷ്ടമുള്ള കാര്യമല്ലാത്തതിനാൽ അന്യഭാഷാ ചലച്ചിത്രം കാണുന്നപോലെ ഞാൻ കണ്ണുതള്ളി നിന്നതേയുള്ളൂ.

‘‘അന്ധാളിക്കണ്ട. നിനക്കു ഗുണം വരുന്ന കാര്യമാടാ ചെക്കാ.’’

rabeca-tittle-logo

മുറുക്കാൻ ചെമപ്പുള്ള ചിരി പുറത്തേക്കെറിഞ്ഞ് മാഷ് കസേരയിൽ നടു ചാരി. അമ്മ ചായയുമായി വാതിൽക്കലെത്തിയപ്പോഴേ മാഷ് കൈനീട്ടി.

‘‘ആട്ടിൻ പാലല്ലല്ലോ? എനിക്കതിന്റെ മുശുടുമണം പിടിക്കുകേലെടീ കൊച്ചേ... അതാ ചോദിക്കുന്നേ...’’

‘‘ഇവിടെ കവറുപാലേ ഉള്ളൂ മാഷേ...’’ അമ്മ ചിരിച്ചു.

‘‘കാലം പോയ പോക്കേ...,’’ മാഷ് ചായ ചുണ്ടോടടുപ്പിച്ചു, ‘‘ഈ പുഞ്ചക്കുറിഞ്ചീല് കന്നാലിയില്ലാത്ത വീടില്ലാരുന്നു, പണ്ട്... ഇപ്പോ കവറുപാൽ... എന്തോന്നാ ഇതിന്റകത്തു കലക്കിവച്ചേക്കുന്നേന്ന് ആർക്കറിയാം. പലഹാരമൊന്നുമായില്ല്യോടീ കൊച്ചേ?’’

മാഷ് അടുക്കളമണത്തിനു മൂക്കു വീർപ്പിച്ചു.

 

‘‘ഒന്നുമായില്ലെന്റെ മാഷേ... കറന്റില്ലാത്തതുകൊണ്ട് ഇന്നലെ ദോശയ്ക്ക് മാവരയ്ക്കാൻ പറ്റിയില്ല.’’ അമ്മ തിടുക്കത്തിൽ അടുക്കളയിലേക്കു നടന്നു.

‘‘കണ്ടോ...കറന്റില്ലേത്തീർന്നു ഇപ്പോ ജീവിതം. ഉം... അതുപോട്ടെ, നീയിപ്പോ കവിതേം കഥേമൊന്നും എഴുതാറില്ല്യോ?’’

മാഷ് വീണ്ടും എന്റെ നേരെ തിരിഞ്ഞു. പണ്ടെന്നോ ഞാനെഴുതിയ ഒരു കഥയെ കീറിമുറിച്ച് കാറ്റിൽ പറത്തിയ കക്ഷിയാണ്. ഇപ്പോളെന്തിനാണാവോ അതും പൊക്കിപ്പിടിച്ചു വരുന്നത്? കാറ്റിന്റെ ദിശ മനസിലാക്കാനാവാതെ ഞാൻ വിറങ്ങലിച്ചു നിന്നു.

‘‘എടാ ചെക്കാ  ഇതുമൊരു കഥേടെ കാര്യമാ... ഒരാൾക്കൊരു കഥയെഴുതണം. കഥയെന്നു പറഞ്ഞാൽ അവരുടെ ജീവിതകഥ. സംഗതി ആത്മകഥതന്നെ... അവരു പറേം. നീ അതു പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്തങ്ങെഴുതണം.’’

‘‘ഞാനോ?’’

‘‘എന്താ സംശയം? ഈ പുഞ്ചക്കുറിഞ്ചീല് നീയല്ലാതെ വേറെയാരാ കഥയെഴുത്തുകാര്?’’

പണ്ടെഴുതിയ മിനിക്കഥയുടെ അക്ഷരങ്ങൾ പൊട്ടിയും പൊടിഞ്ഞും എനിക്കു ചുറ്റും പറന്നുകളിക്കുന്നത് ഞാൻ കണ്ടു. സംഗതി ഗോസ്റ്റ് റൈറ്റിങ്ങാണ്. കാശു കിട്ടുന്നതേയുള്ളു മിച്ചം. പക്ഷേ, ഈ കുഗ്രാമത്തിൽ ആത്മകഥയെഴുതാനും മാത്രം വലിപ്പമുള്ളവനാണു താനെന്നു തോന്നുന്നവനാര് എന്നു ഞാൻ അന്തിച്ചു. പണ്ട് പ്രവിച്ചിത്താനത്തെ ദേവസ്യാ സാർ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. പക്ഷേ, ആത്മകഥയേക്കാൾ അതു കുടുംബ ചരിത്രമായിരുന്നു. ചന്തക്കവലയിൽ നോവൽറ്റി സ്റ്റോഴ്സിന്റെ വരാന്തയിലിരുന്നു കഞ്ചാവു വലിച്ചുതള്ളുന്ന കുഞ്ഞിക്കൃഷ്ണൻ ‘ആയകാലത്ത് വല്ലതുമൊക്കെ ചെയ്താരുന്നെങ്കിൽ ഇപ്പോ ആത്മകഥയെഴുതി അതിന്റെ റോയൽറ്റി കൊണ്ടു ജീവിക്കാമായിരുന്നു’ എന്ന് അടിയ്ക്കടി പിറുപിറുക്കുന്നതു കേട്ട് ഞങ്ങൾ ചിരിച്ചിട്ടുണ്ട്. 

‘‘ആരുടെ കഥയാ മാഷേ എഴുതണ്ടേ?’’

‘‘നമ്മടെ റബേക്ക ടീച്ചറുടെ.’’

‘‘ആര്?’’

‘‘എടാ... പത്തേക്കറിലെ റബേക്കേടെ.’’

‘‘അയ്യോ...’’

 

എനിക്കു ശ്വാസം വിലങ്ങി. 

മനുഷ്യരെ കണ്ടാൽ കടിച്ചുകീറുന്ന ആനവലിപ്പത്തിലുള്ള രണ്ടു നായ്ക്കളുമായി ഒറ്റയ്ക്കൊരു വീട്ടിൽ കഴിയുന്ന റബേക്ക ടീച്ചറെ നാട്ടുകാർക്കെല്ലാം പേടിയാണ്. തയ്യൽടീച്ചറായിരുന്ന അവർ പഠിപ്പിക്കുന്ന കാലത്തേ ഈറ്റപ്പുലിയായിരുന്നുവെന്നാണ് കേൾവി. പിള്ളേരെയായാലും കെട്ടിയോനെയായാലും വരച്ച വരയിൽ നിർത്തും. ചിട്ടിക്കമ്പനി നടത്തിപ്പുകാരനായിരുന്ന ആദ്യഭർത്താവ് ആന്റണി മരിച്ചപ്പോൾ അവർക്കു പ്രായം കഷ്ടിച്ചു മുപ്പത്. ഒരു വർഷം കഴിയുംമുൻപേ ആന്റണിയുടെ സുഹൃത്തും ബന്ധുവുമായ തോമസ് അവരെ വിവാഹം കഴിച്ചു. തോമസും മരിച്ചതിൽപ്പിന്നെയാണു ടീച്ചർ തനിച്ചായത്. ഒറ്റയ്ക്കു താമസിക്കുന്ന ഏതു പെണ്ണിനെപ്പറ്റിയും എന്നതുപോലെ അവരെച്ചുറ്റിപ്പറ്റിയും പുഞ്ചക്കുറിഞ്ചിക്കാർ നിരവധി കഥകൾ സൃഷ്ടിച്ചു. പക്ഷേ, ഒന്നരയാൾ പൊക്കമുള്ള കന്മതിൽ കടന്ന് പത്തേക്കറിലെ വീട്ടുമുറ്റത്തേക്കു കയറാൻ കാറ്റുപോലും മടിക്കുന്നതിനാൽ ഒന്നും അവരറിഞ്ഞിരിക്കില്ല. തൊട്ടാൽ അലറുന്ന വലിയ ഇരുമ്പുഗേറ്റു തള്ളിത്തുറന്ന് ധൈര്യപൂർവം അകത്തേക്കു കാൽ ചവിട്ടുന്നത് പത്രോസ് മാഷ് മാത്രമായിരുന്നു. അതിന്റെ പേരിലും നാട്ടുകാർ വേണ്ടാതീനം പറയാതിരുന്നില്ല. പക്ഷേ, പത്രോസ് മാഷിന്റെ വടി നടുവിനു വീഴും എന്നു പേടിച്ച് ആരും ഉറക്കെപ്പറഞ്ഞില്ല.

 

പണ്ട് ഒരേസ്കൂളിൽ ഒരേകാലത്ത് ജോലിചെയ്തിട്ടുള്ളവരാണ് പത്രോസ്മാഷും റബേക്ക ടീച്ചറും. മിണ്ടീം പറഞ്ഞുമിരിക്കാൻ പൂർവകാലസ്മൃതികൾ ഏറെക്കാണും. അല്ലെങ്കിലും ഏതുവീട്ടിലും ഏതുസമയത്തും ചെന്നു കയറാൻ പത്രോസ് മാഷിന് പുഞ്ചക്കുറിഞ്ചിക്കാർ  സ്വാതന്ത്ര്യം നൽകിയിരുന്നല്ലോ. 

 

ആയകാലത്ത് ടീച്ചർ മഹാസംഭവമായിരുന്നത്രേ. അതിന്റെ ബാക്കിപത്രമായിരിക്കണം, തനിച്ചു നടക്കാൻ വയ്യാത്തകാലത്തും  മുറുകെ പിടിച്ചിരിക്കുന്ന തൻപോരിമ. ആരോടും വെട്ടിമുറിച്ചു സംസാരിക്കുന്ന സ്വഭാവം കാരണം ബന്ധുക്കളാരും സന്ദർശിക്കാറില്ലെന്നാണു പറയുന്നത്. 

‘‘നീയെന്താടാ ഉവ്വേ ഒന്നും പറയാത്തേ?’’

പത്രോസ് മാഷ് വടിത്തുമ്പിന്റെ വളഞ്ഞ പിടികൊണ്ട് എന്റെ കൈയിൽ കുടുക്കിട്ടു. എന്റെയുള്ളിൽ ഇരുമ്പുഗേറ്റ് കരഞ്ഞുതുറന്നു. അതിനുള്ളിൽനിന്ന് അതിരറ്റ ക്രൗര്യത്തോടെ രണ്ടുനായ്ക്കൾ കുരച്ചുചാടി.

‘‘അതു വേണ്ട മാഷേ...’’ ഞാൻ വിക്കിവിക്കി പറഞ്ഞു.

‘‘അതെന്നാ പറച്ചിലാടാ? ഞാനേറ്റതല്ല്യോ നിന്റെ കാര്യം. പത്രോസ് മാഷ് ആരോടും വെറും വാക്കു പറയത്തില്ലെന്നറിയാമല്ലോ.’’

‘‘ആത്മകഥയെഴുതാനും മാത്രം ടീച്ചറിനിപ്പോ എന്താ ഉള്ളത്?’’ ഞാൻ വിഷയം മാറ്റി.

 

‘‘പ്ഫ....,’’പത്രോസ് മാഷ് ഒറ്റയാട്ട്, ‘‘സന്യാസിമാർക്കുമാത്രമേ ആത്മകഥയെഴുതാൻ പറ്റത്തൊള്ളൂ എന്നാണോ നിന്റെയൊക്കെ വിചാരം? എടാ കള്ളനും കൊലപാതകീം തിരുവസ്ത്രം ഊരിയെറിഞ്ഞവരും ഒക്കെ ആത്മകഥയെഴുതുന്ന കാലമാ ഇത്... നീ അതൊന്നും വായിച്ചിട്ടില്ല്യോടാ കൂവേ?’’

 

അപ്പറഞ്ഞതു സത്യമെന്നു ഞാനും ഓർത്തു. അത്തരത്തിൽ ചില പുസ്തകങ്ങൾ ഞാനും വായിച്ചിരുന്നു.

‘‘എടാ ചെക്കാ, ഓരോരുത്തർക്കും അവരവരുടെ ജീവിതം വല്യ കാര്യംതന്നാ... കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞെന്നു കേട്ടിട്ടില്ല്യോ? വയസാവുമ്പോൾ കാഴ്ചകളൊക്കെ മാറിമറിയും. ചില വീണ്ടുവിചാരങ്ങൾ മനസ്സിൽവന്നു തേട്ടും. അപ്പോ ഒന്നു കുമ്പസാരിക്കണമെന്നോ പിണങ്ങിപ്പിരിഞ്ഞവരെ കാണണമെന്നോ ഒക്കെ തോന്നും. ചിലര് ഡയറിയിൽ എന്തെങ്കിലുമൊക്കെ എഴുതിവച്ച് ആരും കാണാതെ തലയിണക്കീഴിൽ വയ്ക്കും. റബേക്കയ്ക്കും അങ്ങനെയെന്തെങ്കിലുമൊക്കെയുണ്ടാവും..’’

‘‘ടീച്ചർക്കു തന്നെയെഴുതിയാൽപ്പോരേ?’’

‘‘നല്ല കൂത്ത്...എടാ അവർക്ക് കണ്ണു ശരിക്കു കാണുകേല... പിന്നെ കൈക്കു വിറയലും... ദേ നീ എന്റെ കൈ നോക്കിയേ... കണ്ടില്ലേ വിറ... എന്നേക്കാൾ രണ്ടുവയസ് ഇളപ്പമേയുള്ളൂ അവർക്ക് എന്നോർക്കണം. ദേ... നീ ഇങ്ങോട്ടുനോക്കിയേ...’’

പത്രോസ് മാഷിന്റെ വടി ഒരിക്കൽക്കൂടി എന്നെ കുടുക്കിട്ടു പിടിച്ച് അടുത്തേക്കു വലിച്ചു.

‘‘എടാ കൂവേ അവരടെ പെട്ടീല് നിറയെ പൂത്തകാശൊണ്ട്. ചോദിക്കുന്നതു തരും. അക്കാര്യം ഞാനാദ്യമേ പറഞ്ഞിട്ടൊണ്ട്. ഇവിടെ കാലിനെടേൽ കൈയും വച്ച്  കിടക്കുന്നതിലും ഭേദമല്ല്യോ വല്യ മെനക്കേടില്ലാതെ നാലു ചക്രമൊണ്ടാക്കുന്നേ?’’

വടി ഇടംകൈയിലേക്കു മാറ്റി പത്രോസ് മാഷ്  വലംകൈവിരൽ നീട്ടി നെഞ്ചത്തു കുത്തി. എനിക്കു ശരിക്കും നൊന്തു.

‘‘എഴുതാൻ എന്നും ചെല്ലേണ്ടിവരുമോ?’’

നീരസമൊതുക്കി ഞാൻ ചോദിച്ചു.

‘‘ചെല്ലേണ്ടിവന്നാല്....? നീ കളക്ടുറുദ്യോഗം ഭരിക്കുവാന്നു തോന്നുമല്ലോ പറയുന്നേ കേട്ടാൽ.... എടാ ചെക്കാ നിനക്കൊരു വരുമാനോം അവർക്കൊരു സഹായോമാവട്ടേന്നു വിചാരിച്ചാ.... ദേ.... ഇതൊന്നു നോക്കിയാട്ടെ...’’

പത്രോസ് മാഷ് മടിശ്ശീലയഴിച്ച് പ്ലാസ്റ്റിക് കവറിനെ കിരുകിരെ കരയിച്ച് ഒരുകുത്തു നോട്ടെടുത്തു. എല്ലാം പളപളാ തിളങ്ങുന്ന പുതുപുത്തൻ നോട്ട്.

‘‘കാശിന്റെ കാര്യം കൊണ്ടാണു നീ ചെല്ലാൻ മടിക്കുന്നതെങ്കിൽ അഡ്വാൻസ് കൊടുത്തേക്കാൻ പറഞ്ഞ് അവരു തന്നതാ. കഴിഞ്ഞയാഴ്ച നീ ചെല്ലുമെന്നാരുന്നല്ലോ ഞാൻ വാക്കു കൊടുത്തേച്ചുപോന്നത്.... ’’

ഇത്രയും നോട്ട് ഒരുമിച്ച് ആദ്യമായി കാണുകയായിരുന്നു ഞാൻ. പണ്ടേതോ സിനിമയിൽ കണ്ടതോർത്ത് കൈവിരലിൽ തെറ്റിച്ച് എണ്ണാൻ തുടങ്ങിയപ്പോൾ മാഷ് പെട്ടെന്നതു തട്ടിപ്പറിച്ചു.

‘‘പോഴൻ... ഇങ്ങനാന്നോടാ നോട്ടെണ്ണുന്നേ.... ഇതു പതിനായിരം രൂപയുണ്ട്. എണ്ണിക്കഷ്ടപ്പെടേണ്ട... ’’

പതിനായിരം രൂപ...! എന്റെ കണ്ണുതള്ളി.

‘‘ഇത് അഡ്വാൻസുമാത്രമാന്നേ.... ബാക്കി പിന്നെത്തരും.... നിന്റെ ജോലി അവർക്കു ബോധിച്ചാൽ.... അടങ്ങിയൊതുങ്ങി നിന്നോളുമെന്നു ഞാൻ ഉറപ്പു പറഞ്ഞിട്ടുണ്ട്... എനിക്കു ചീത്തപ്പേരുണ്ടാക്കരുത്. ’’

‘‘ഞാനെപ്പളാ ചെല്ലണ്ടേ? എങ്ങനെയാ എഴുതണ്ടേ?’’

‘‘ഒത്താൽ നീ ഇന്നുതന്നെ പത്തേക്കറിലേക്കു ചെല്ലുക. ബാക്കിയെല്ലാം റബേക്ക പറഞ്ഞോളും.’’

എന്റെ മുഖത്തെ അവിശ്വാസം കണ്ട് മാഷ് അരികിലേക്കുവന്നു.

‘‘എടാ... നിനക്കറിയാമല്ലോ... അവളെപ്പേടിച്ചാരും ആ വഴി ചെന്നീടുകില്ലെന്നു താടകയെപ്പറ്റി പറയുന്നതുപോലാ റബേക്കേടെ സ്ഥിതിയെന്ന്. ആരോടെങ്കിലും മിണ്ടാനും പറയാനുമൊക്കെ കൊതികാണും. ചുമ്മാ വർത്തമാനം പറഞ്ഞോണ്ടിരുന്നാമതി. അതിന്റകത്ത് പൊന്നും വെള്ളീം ചരലും ചേറുമൊക്കെക്കാണും. വേണ്ടതു പാറ്റിയെടുക്കുക. അത്രയേ വേണ്ടൂ... അല്ല കഥയെഴുതുമ്പോഴും അങ്ങനൊക്കെയല്ലേ ചെയ്യുന്നേ?...ജീവിതത്തിൽ കാണുന്നതെല്ലാം അപ്പടി പകർത്തുവല്ലല്ലോ.’’

എഴുത്തിന്റെ പരമപ്രധാനമായ രഹസ്യത്തിലേക്കുള്ള വാതിലിലാണ് പത്രോസ് മാഷ് പൂട്ടു തിരിക്കുന്നതെന്ന് ഞാനോർത്തു. എത്ര നിസ്സാരമായാണ് അദ്ദേഹം എഴുത്തിനെ കാണുന്നതെന്നു സഹതപിച്ചു.

 

‘‘കാശെണ്ണിവച്ചോ. ഞാനിറങ്ങുന്നു. എന്തായാലും അവിടെവരെച്ചെല്ല്... തല്ലാനും കൊല്ലാനുമൊന്നുമല്ലല്ലോ...’’

മാഷ് എഴുന്നേറ്റു.

‘‘രണ്ടു മുടിഞ്ഞ പട്ടിയുണ്ടവിടെ.’’ ഞാൻ പിറുപിറുത്തു.

‘‘പേടിക്കണ്ട. അതിനെ പൂട്ടിയിട്ടേക്കും. എടാ ചെക്കാ... ഒരു രഹസ്യം പറയാം..’’

പത്രോസ് മാഷിന്റെ മുറുക്കാൻ മണമുള്ള ശ്വാസം എനിക്കു ചുറ്റും വന്നു തിങ്ങി.

‘‘കോട്ടപോലുള്ള മതില്... കടിച്ചുകീറുന്ന നായ്ക്കൾ... ഇതൊക്കെ മനുഷ്യരുടെ ഓരോ മറയാടാ... അതിക്രമിച്ചു കയറാതിരിക്കാനുള്ള ഓരോ തന്ത്രം.... റബേക്ക പാവമാടാ... വെറും പാവം...’’

അതു പറഞ്ഞപ്പോൾ പത്രോസ് മാഷിന്റെ കണ്ണുകൾ കൗമാരത്തിന്റെ പലവർണക്കുപ്പായമണിഞ്ഞു.

‘‘പിന്നെ...ദേ...ഒരുകാര്യം...അവള് ആത്മകഥേല് എന്തെങ്കിലും അരുതാത്തത് എഴുതിപ്പിടിപ്പിക്കുന്നുണ്ടെങ്കിൽ മറക്കാതെ എന്നോടു പറയണം...അല്ലെങ്കിൽ ഓരോ ദിവസോം എഴുതുന്നത് ഇങ്ങു കൊണ്ടുപോരേ...എനിക്കതു വായിക്കണം...അവളറിയണ്ടാ....’’

മാഷിന്റെ ചിരിയിലൊരു വഷളത്തം വിളഞ്ഞുപഴുക്കുന്നതു ഞാൻ കണ്ടു. എഴുപതു വയസിന്റെ വിറയേന്തുന്ന ഈ മനുഷ്യൻ ഭയക്കുന്നുണ്ടോ അപഥസഞ്ചാരങ്ങളുടെ പഴയ കേളീപഥങ്ങളെ? എനിക്കു തമാശ തോന്നി.

എന്തുകൊണ്ടാണു മനുഷ്യർ ആത്മകഥയെഴുതുന്നത്? 

 

പത്രോസ് മാഷ് പോയപ്പോൾ ഞാൻ ആലോചിച്ചു. സ്വന്തം ജീവിതം എഴുതപ്പെടാൻ വേണ്ടി ഗൗരവമുള്ളതാണെന്ന് ഒരാൾക്കു തോന്നുന്നത് എപ്പോഴാണ്? എന്താണ് അതിന്റെ അടിസ്ഥാനം? താൻ മഹാനാണെന്നു സ്വയം തോന്നുകയോ അങ്ങനെ തോന്നുന്ന മറ്റുള്ളവർ നിർബന്ധിക്കുകയോ ചെയ്യുമ്പോഴായിരിക്കും പ്രശസ്തരൊക്കെ ആത്മകഥയിൽ കൈവയ്ക്കുന്നത്. അതോ മറ്റുള്ളവരെപ്പറ്റി ചില സത്യങ്ങൾ പറയാനുള്ളപ്പോഴോ? തന്നെ നോവിച്ചവർ, അവഗണിച്ചവർ, തിരിഞ്ഞുകൊത്തിയവർ.... എല്ലാവർക്കുമുള്ള ഒരു മുന്നറിയിപ്പെന്ന നിലയിൽ ആകുമോ? എല്ലാവരും മറന്നവരെ സംബന്ധിച്ചിടത്തോളം, ഞാൻ ഇതാ ഇപ്പോഴും ഇവിടെയുണ്ട് എന്ന ഓർമപ്പെടുത്തലാകാം ആത്മകഥ. റബേക്ക ടീച്ചറെ സംബന്ധിച്ചിടത്തോളം അതെന്താകും?  പുഞ്ചക്കുറിഞ്ചിക്കാരോട് എന്തു വെളിപ്പെടുത്താനാണ് അവർ ആഗ്രഹിക്കുന്നത്? പത്രോസ് മാഷ് പറഞ്ഞതുപോലെ കോട്ടയും കടുവാപ്പട്ടിയുമൊക്കെ മറകളാണെന്നോ?....എല്ലാത്തിനുമപ്പുറം പഞ്ചവർണത്തത്തപോലെ കൊഞ്ചുന്നൊരു പിഞ്ചുഹൃദയം തനിക്കുണ്ടായിരുന്നു എന്നോ? പാഴായിപ്പോയ പ്രണയങ്ങൾ...പിടിച്ചുവച്ച സ്നേഹങ്ങൾ...തിരിച്ചുകൊടുക്കാത്ത ചങ്ങാത്തങ്ങൾ....അങ്ങനെയെന്തെല്ലാമെന്തെല്ലാം....പക്ഷേ, ഈ വൈകിയ വേളയിൽ സത്യമറിഞ്ഞാലും ആരെങ്കിലും അവരോടുള്ള സമീപം മാറ്റുമോ? കാലം വലിയൊരു വിടവല്ലേ? അറിയേണ്ടവരെയും കേൾക്കേണ്ടവരയുമെല്ലാം അത് യവനികയ്ക്കപ്പുറം ഒളിപ്പിച്ചുകാണില്ലേ?

 

ആലോചിക്കുംതോറും കൗതുകമേറി. എംഎ ജയിച്ച് വേലയും കൂലിയുമില്ലാതെ നേരം തള്ളുന്ന എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു സുവർണാവസരമാണ്. ആത്മകഥയെഴുതിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് അവർ അവർ അതു പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നുറപ്പ്. കേട്ടെഴുതിയതിന്റെ പേരിൽ കടപ്പാട് എനിക്കു തരാതിരിക്കുമോ? സ്വന്തമായി ഒരു പുസ്തകമെഴുതാനും പ്രസിദ്ധീകരിക്കാനുമൊന്നും പാങ്ങില്ലാത്ത എന്നെ സഹായിക്കാൻ പുഞ്ചക്കുറിഞ്ചിത്തേവര് പറഞ്ഞുവിട്ടതായിരിക്കും പത്രോസ് മാഷിനെ. എന്തായാലും നാളെ  പത്തേക്കറിന്റെ കോട്ടവാതിൽ തള്ളിത്തുറക്കാൻതന്നെ ഞാൻ തീരുമാനിച്ചു. ഒരുപക്ഷേ, ആ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ട് ആദ്യമായി കാൽചവിട്ടുന്ന പുഞ്ചക്കുറിഞ്ചിക്കാരനായിരിക്കും ഞാൻ. എനിക്കായി കാത്തിരിക്കുന്നു കാലം പട്ടുചേലയിൽപ്പൊതിഞ്ഞുസൂക്ഷിച്ച കഥകൾ...ഗദ്ഗദങ്ങൾ...വിതുമ്പലുകൾ...ആർക്കറിയാം, ഒരുപക്ഷേ, വയസ്സുകാലത്തു മക്കളേക്കാൾ ഉപകരിച്ചത് ഞാനാണെന്നതിന്റെ പേരിൽ സിനിമയിലൊക്കെ കാണുംപോലെ ആരാരുമില്ലാത്ത കോടീശ്വരി സ്വത്തൊക്കെ എന്റെ പേരിലെഴുതിവച്ചാലോ? പതിനായിരം രൂപ അഡ്വാൻസ് മോശമൊന്നുമല്ല. ഇത്രയും തുക അഡ്വാൻസ് തന്ന സ്ഥിതിക്ക് അവർ  ആത്മകഥാരചനയ്ക്ക് എത്രരൂപയാകും മൊത്തം വിലയിട്ടിട്ടുണ്ടാവുക? അതെത്രയായാലും പകർത്തിയെഴുത്തലിന്റെ നിർണായകഘട്ടത്തിൽ ‍ഞാൻ അതിന്റെ പേരിൽ വിലപേശും. നിർണായക രഹസ്യങ്ങളുടെ താക്കോൽ എന്റെ കൈയിൽ വരാതിരിക്കുമോ? റബേക്ക ടീച്ചറേ, നിങ്ങളാകും എന്റെ നിധികുംഭം..

ഇതാ ഞാൻ എത്തി.

(തുടരും)

English Summary: Rabecca e-novel written by Rajeev Sivasankar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com