ADVERTISEMENT

കനാലിന്‍പുറത്തെ ചരലിലൂടെ സൈക്കിള്‍ കിരുകിരുത്തുകൊണ്ട് ഉരുണ്ടു. നടപ്പാതയുടെ ഇരുവശവും കാട് പടര്‍ന്നുകിടന്നിരുന്നു. ആ പരിസരത്ത് ആ കരിപ്പുരയല്ലാതെ മറ്റുവീടുകളൊന്നുമില്ലായിരുന്നു. 

‘‘കുഞ്ഞിനിപ്പൊ തോന്ന്ണ്ടാവും ഈ കിടയ്ക്കാട്ട് കാടും മൊന്തേം അല്ലാണ്ടെ മറ്റൊന്നൂല്ല്യാന്ന്. അങ്ങനെ അങ്ങ്ട് വിചാരിക്കണ്ടാ. നമ്മുക്കിനി കല്ല്ട്ട്മടേല്ക്ക് പോകാം...’’

‘‘കല്ലുവെട്ടുമട. അതെന്താ സംഗതി. ഇന്നുകാലത്ത് മുത്തശ്ശന്‍ പറേണത്കേട്ടു.’’

‘‘ആ പേരില് തന്നേണ്ടല്ലോ കാര്യം. കല്ല് വെട്ടിയെടുക്കണ മട. അതായത് വെട്ടുകല്ലില്ലേ. നല്ല ചെങ്കല്ല്. അവടെയൊക്കെ നല്ല വെട്ടുപാറേണ്ട്. ആ വെട്ടു പാറേന്ന് കല്ല്ങ്ങനെ ചെത്തിയെടുക്കും.’’

‘‘അപ്പൊ ഈ വെട്ടു കല്ല് എന്നു പറേണത് മണ്ണല്ലേ.’’

‘‘പിന്നല്ലാണ്ട്. മണ്ണിന്‍റെ ഒരു തരം പാറ. മോളിലൊക്കെ മണ്ണ്ണ്ടാവും. കയ്ക്കോട്ടോണ്ട് ഈ മണ്ണൊക്കെ മാടി നീക്കും. പിന്നെ നല്ല കല്ല് വെട്ട് മഴ്വോണ്ട് കല്ല് കൊത്തികൊത്തിയെടുക്കും.’’

അവന്‍ അപ്പോഴും പൂര്‍ണ്ണമായി മനസ്സിലാകാതെ ആലോചിച്ചുനിന്നു. അതുകണ്ടപ്പോള്‍ മാധവേട്ടന് കാര്യം പിടികിട്ടി.

‘‘പറഞ്ഞ് തന്നാ മനസ്സിലാവില്ല. നമ്മ്ക്ക് കല്ല്ട്ട് മടേല്ക്ക് പോകാം. കണ്ടാ സംഗതി പിടികിട്ടും....’’

കുറെ കഴിഞ്ഞപ്പോള്‍ ആള്‍ സഞ്ചാരവും വണ്ടികളുമൊക്കെയുള്ള ഒരിടത്തെത്തി. അവിടെനിന്ന് വലത്തോട്ടുള്ള ഒരുവഴിയിലേക്ക് തിരിഞ്ഞു. ടാര്‍ റോഡ് അല്ലായിരുന്നെങ്കിലും അത്യാവശ്യം വീതിയുണ്ടായിരുന്നു. ആ വഴി ‘കല്ല്ട്ട്മട കോളനി’ എന്നെഴുതിവെച്ച ഒരു ബോര്‍ഡിനു കീഴെ ചെന്നുചേര്‍ന്നു. ഒരാള്‍ പൊക്കമുള്ള ഒരു ചെങ്കല്ലില്‍ ചാരിവെച്ചിരിക്കുകയായിരുന്നു ആ ബോര്‍ഡ്. കാറ്റിലും മഴയിലും അതിലെ ചില അക്ഷരങ്ങള്‍ അറ്റുപോയിരുന്നു. ഏകദേശം ഒരു ധാരണയില്‍ അടുത്തുനിന്നാല്‍ വായിക്കാമെന്ന് മാത്രം. കല്ലിന്‍റെ മുകളില്‍ ആരോ കയറി നില്ക്കുന്നതുപോലെയാണ് തോന്നിയത്. അടുത്തുചെന്നപ്പോള്‍ കണ്ടും കേട്ടും പരിചയം ഇല്ലാത്ത ഒരു രൂപം നാക്കുനീട്ടി നില്ക്കുന്നു. തല മനുഷ്യന്‍റേം ഉടല്‍ നാല്‍ക്കാലിയുടേതും. കഴുത്തില്‍ ചെമപ്പും കറുപ്പുമൊക്കെയായി പലനിറത്തില്‍പ്പെട്ട മാലകള്‍ തൂങ്ങിക്കിടന്നിരുന്നു. അടുത്തുചെന്നപ്പോഴാണ് വളരെ വിദഗ്ധമായി ചെങ്കല്ലില്‍ പണിതിരിക്കുന്ന ഒന്നാണെന്നു മനസ്സിലായത്. അവന്‍ അമ്പരന്ന് കുറച്ചുനേരം നോക്കിനിന്നു.

‘‘ഇതന്ത് രൂപമാണ്’’

മാധവേട്ടന്‍റെ മുഖത്ത് അതുവരെ കാണാത്ത ഒരു ഭാവമുണ്ടായി. പരിഹാസമാണോ പുച്ഛമാണോ എന്ന് തെളിയുന്നതിനു മുന്‍പേ അതവിടെനിന്നും മാഞ്ഞുപോയി. 

‘‘അതൊക്കെ അങ്ങനെ കിടക്കും. ഈ ലോകത്ത് മനസ്സിലാകാത്തതായി പലകാര്യങ്ങള്ണ്ട്. അതിലൊന്നാണിതും. ഈ സ്ഥലാണ് കിടയ്ക്കാട്ടെ അധോതലംന്ന് പറേണത്. കല്ല് വെട്ടി കല്ല് വെട്ടി ഈ ഭാഗമൊക്കെ താഴ്ന്ന് പോയീന്ന്ള്ളത് നേരാ. അതിനും പുറമേ വേറെ ചില ക്രിയകളും കൂടീണ്ട് ഇവിടെ. മനുഷ്യന് ദൈവത്തിലുള്ള വിശ്വാസം കൂടുമ്പളാണോ കുറേമ്പളാണോന്നറിയില്ല. ചെലപ്പോള്‍ ആഗ്രഹങ്ങള് പിടിച്ചാ കിട്ടാണ്ടാവും. മിക്കപ്പഴും അതത്യാഗ്രഹോം അതിമോഹോം ആവും. ആ ആവശ്യങ്ങള് നെറവേറ്റാന്‍ ദൈവം പോരാണ്ട് വരും. അപ്പൊ മറ്റു ശക്തികളെ അന്വേഷിക്കും. അവര്ടെ മുന്നിലപ്പൊ മാര്‍ഗ്ഗം പ്രശ്​നേ ആവില്ല. ആഗ്രഹനിവര്‍ത്ത്യാണല്ലോ പ്രധാനം. അങ്ങനെ ഉള്ളവരെ കാത്തിരിക്കുന്ന ചെല ശക്തികള് ഈ പ്രപഞ്ചത്തില് മറഞ്ഞിരിണ്​ണ്ട്. ഈ കിടയ്ക്കാട്, അങ്ങനൊള്ള ശക്തികളെ കുടിയിരുത്ത്യേക്കണത് ഈ കല്ല്ട്ട് മട കോളനീലാ...‘‘

ദുര്‍ഗ്രഹമായ സംഗതികളാണ് താന്‍ കേട്ടുകൊണ്ടിരിക്കുന്നതെന്ന് അവന് തോന്നി. 

‘‘കുഞ്ഞിനങ്ങ്ട് മനസ്സിലാവ്ണ് ണ്ടാവില്ല്യാ ല്ലേ. അത് മനസ്സിലാക്കാനുള്ള പ്രായം ആവണേള്ളൂ. ജീവിതത്തില് ഏറ്റോം കഷ്ടകാലംള്ള നേരത്ത് ചിലപ്പോ ഇവിടെ എത്തിപ്പെടേണ്ടിവരും.  ആരേങ്കിലും നശിപ്പിക്കാനോ വീഴ്ത്താനോ അല്ലെങ്കി വീഴ്ച്ചേന്ന് കരകേറാനോ ഒക്കെയായി ഇവിടെ വരണോരുംണ്ട്. അങ്ങനെയുള്ളവര്‍ക്കുള്ള സ്ഥലാണിത്. മാട്ടും മന്ത്രോംന്ന് കേട്ടിട്ട്ണ്ടോ. അത് ന്നെ....’’

അപ്പോഴാണ് മാധവേട്ടന്‍ പറഞ്ഞുവന്ന കാര്യത്തിന്‍റെ ആമുഖപരിസരസങ്കീര്‍ണ്ണതയില്‍ നിന്ന് അവന്‍ അല്പമൊന്നു മോചിതനായത്. 

‘‘പൂശാനും കലക്കാനും വരുന്നോരൊന്നും ആരുടെ അടുത്തെക്കാ വരണേന്നൊന്നും നോക്കാറില്ല. ക്രിയോള്  ചെയ്യണോര്ടെ ചരിത്രം അറിഞ്ഞാ പലരും ഈ പരിസരത്തേക്ക് നോക്കില്ല. ഒരമ്മ പെറ്റ മക്കളാണ് ഇവിടെള്ള മന്ത്രവാദികളുടെ മുന്‍തലമുറക്കാര്. അന്ന് അവര്ന്നെ എന്തൊക്കെയോ പറഞ്ഞ് തമ്മീത്തമ്മില് തല്ലായി. അങ്ക്ടും ഇങ്ക്ടും മാട്ടുംമാരണോം തൊടങ്ങി. ഒരു വേലീടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് കാണാന്‍ ആള്‍ക്കാരും എത്തി. പിന്നെ കാണാന്‍ വന്നവരും തങ്ങള്‍ടെ വഴക്കും വക്കാണവും തീര്‍ക്കാന്‍ ഓരോരുത്തരെ പിടിച്ചു. മന്ത്രവാദ്യോള്‍ക്ക് പരസ്പരം തല്ലൂടാണ്ട് കഴിഞ്ഞു. അത്യാവശ്യം കാണിക്കേം കിട്ടി തൊടങ്ങിയപ്പോഴാണ് സംഗതി കൊള്ളാമല്ലോന്നവര്‍ക്ക് തോന്നീത്. അതവര് കുലത്തൊഴിലാക്കി. പാരമ്പര്യായി കൊണ്ട് നടക്കാന്‍ പിന്നെണ്ടായോര്‍ക്ക് മടീല്ലാണ്ടായി. ഓരോരുത്തര് ഓരോ ക്രിയകള്‍ക്കായി ഓരോ രൂപങ്ങളൊണ്ടാക്കി ഓരോ പേരുംകൊടുത്തു. കേട്ടാ ഞെട്ടണ പേരോള്. ഒരിക്കെ ഇവിടെ വന്നുപ്പെട്ടോര്‍ക്കൊന്നും പിന്നെ ആ കെട്ടുപൊട്ടിച്ച് പൂവ്വാന്‍ പറ്റില്ല. കൊടുക്കണോനും കൊള്ളണോനും നശിക്കും. അപ്പഴോ ചെയ്യുന്നതും ചെയ്യണ്ടാത്തതും ഫലം ഒപ്പം. കിടയ്ക്കാട്ട്ന്ന് മാത്രംല്ല, അന്യനാട്ട്ന്നും ഇഷ്ടംപോലെ വരണ് ണ്ട് ഇവിടെള്ള മൂര്‍ത്തികള് ചില്ലറക്കാരല്ലാന്നാ എല്ലാവരും അനുഭവത്തീന്ന് പറേണത്.’’

അവിടേക്ക് കാലെടുത്തുവെച്ചപ്പോള്‍ ഇടതുഭാഗത്ത് കയ്യില്‍ വാളുമായി നീണ്ടനാക്കുമായി അസുര ജന്മംപൂണ്ട ഒരു രൂപം കണ്ടപ്പോള്‍ അവന്‍റെ ഉള്ളൊന്നു കാളി. അവന്‍ ഒരടി പിന്നോട്ടുവെച്ചു.

‘‘പേടീണ്ടെങ്കി മുന്നോട്ടു നടക്കണ്ടാ. ഇവിടന്നു തിരിക്കാം. ഇതുപോലുള്ള ആള്‍ക്കാര് ഇനീംണ്ട് അകത്ത്..’’

പേടിച്ചു പിന്മാറി പോരാന്‍ സിദ്ദു തയ്യാറായിരുന്നില്ല. 

കുത്തനെയുള്ള ഒരു കയറ്റവും പിന്നെ ഒരിറക്കവുമായിട്ടാണ് വഴി കിടക്കുന്നത്. ചെങ്കല്ലു പാകിയ പാത മൊത്തം വൃത്തിയുള്ളതുമായിരുന്നു. വഴിക്കിരുവശവും കൃത്യമായ അകലത്തില്‍ ഓലപുരകള്‍ ഉണ്ടായിരുന്നു. നടക്കുമ്പോള്‍ അവന്‍ ഇരുഭാഗത്തേക്കും നോക്കുന്നുണ്ടായിരുന്നു. പുതിയ മൂര്‍ത്തി രൂപങ്ങള്‍ കാണാനായി. ഒന്നുരണ്ടെണ്ണത്തില്‍ ഒഴികെ മറ്റുവീടുകളുടെ ഉമ്മറത്തൊന്നും മുന്‍പു കണ്ട തരത്തിലുള്ള രൂപം ഉണ്ടായിരുന്നില്ല. കയറ്റം കഴിഞ്ഞ് ഇറങ്ങുന്നിടത്ത്, വലതുവശത്ത് തരക്കേടില്ലാത്ത ഒരു ഓടിട്ടപുര കണ്ടു. അതിന്‍റെ ചുമരില്‍ കടുംചെമപ്പ് ചായം പൂശിയിരുന്നു. വീടിന്‍റെ ഉമ്മറത്ത് ജപ്പാന്‍ ബ്ലാക്ക് അടിച്ച ചെറിയ ഒരരമതില്‍ ഉണ്ടായിരുന്നു. അതില്‍ വെളുത്ത അക്ഷരത്തില്‍, ‘കോഴിയെ പറപ്പിക്കും വേലാണ്ടി’ എന്നെഴുതിവെച്ചിരുന്നു. 

‘‘വെറും കോഴിയല്ല, ചുട്ടകോഴിയെ ആണ്. അതിനുള്ള സ്ഥലം പോരാണ്ട് എഴുതാത്തതാണ്. വേലാണ്ടിയാണ് ഈ കോളനീലെ മുതിര്‍ന്ന, ഭീകര മന്ത്രവാദി. അപ്പുറത്ത് വേലാണ്ടിയോളമില്ലെങ്കിലും ഒപ്പം നില്ക്കണ ‘ആടിനെ പട്ട്യാക്കണ ചുപ്പാണ്ടി’യുണ്ട്. വേലാണ്ടീം ചുപ്പാണ്ടീം ആണ് ഈ കോളനീലെ പ്രധാന സ്വരൂപങ്ങള്. ആരെങ്കിലും ഇവടെ വരണ്ണ്ടെങ്കില്‍ അതിവരെ അന്വേഷിച്ചിട്ടായിരിക്കും. കഷ്ടകാലത്തിന് ഇവരെ ഒഴിവാക്കി ഇവിടെയുള്ള മറ്റു വല്ലോര്‍ടെ അടുത്തു ചെന്നുപ്പെട്ടാ കഴിഞ്ഞു അവന്‍റെ കാര്യം. എന്തു ശത്രുതേണ്ടെങ്കിലും അപ്പൊ ഇവരൊന്നിക്കും. അതോണ്ട് തന്നെ മൂന്നാമതൊരു കേമന്‍ മന്ത്രവാദി ഇവിടെണ്ടായിട്ടില്ല.’’

 

വേലാണ്ടിയുടെ പുരയ്ക്കപ്പുറത്ത് ചെങ്കല്ലുകൊണ്ടു കസേരകള്‍ക്കു പകരമെന്നവണ്ണം കുറെ  ഇരിപ്പിടങ്ങള്‍ ഉണ്ടാക്കിയിരുന്നു. വരുന്നവര്‍ക്കിരിക്കാനാവും. അവര്‍ ആ വീടിനു നേരെ മുന്നിലെത്തിയതേയുള്ളൂ. അകത്തെ ചെമന്ന നിറത്തില്‍ നിന്നും ഒരാള്‍ ഇറങ്ങിവന്നു. നീണ്ടു മെലിഞ്ഞ് താടിയും ജടയും കെട്ടിയ അയാള്‍ പ്രാചീന കാലത്തുനിന്നും പൊടുന്നനെ പൊട്ടിമുളച്ചതുപോലെയാണ് തോന്നിച്ചത്. മാംസമേതുമില്ലാത്ത അയാളുടെ ശരീരത്തില്‍ എല്ലുകള്‍ എണ്ണിയെടുക്കാമായിരുന്നു. ചെമന്ന ചേല ചുറ്റിയിരുന്ന അയാളെ കണ്ടാല്‍ അറിയാം ഏതോ ആഭിചാരം കഴിഞ്ഞുള്ള വരവാണ്. മുഖം ഭസ്മത്താലും കുങ്കുമത്താലും മൂടപ്പെട്ടു. 

മാധവേട്ടനെ കണ്ടപ്പോള്‍ അയാളുടെ നേത്രങ്ങളില്‍ കനലെരിഞ്ഞു. വിശന്നുവലഞ്ഞ വന്യമൃഗം ഇരയെ കണ്ടപ്പോള്‍ എന്ന പോലെ ആ കണ്ണുകള്‍ മുരണ്ടു. 

‘‘എന്താ മാധവേട്ടാ കല്ട്ട്മടേല്ക്കുള്ള വഴ്യൊക്കെ അറിയ്വോ?’’

‘‘കിടയ്ക്കാട്ടെ കല്ലട്ട്മടയിലേക്കുള്ള വഴി മറക്കാന്‍ പറ്റ്വേ? ’’

‘‘ഞങ്ങളൊക്കെ ഇവിടെക്കേണ്ട്...’’

‘‘നിങ്ങള്ള്ളത് കല്ല്ട്ട്മട കോളനീലല്ലേ. കല്ലട്ട്മടേലല്ലല്ലോ?’’

‘‘ഞങ്ങളെ കാണാനല്ലാണ്ട് അങ്ങനാരും ഈ വഴിക്ക് വരാറില്ല. ന്നെക്കൊണ്ട് കൂട്ട്യാ കൂടണത് ന്തെങ്കിലും ണ്ടോ’’

‘‘വേലാണ്ട്യേ, കല്ല്ട്ട്മട ണ്ടായേന് ശേഷേ കോളനീണ്ടായിട്ട്ള്ളോ.അത് മറക്കണ്ടാ. പിന്നെ യ്ക്ക് നിവര്‍ത്തിക്കാനായിട്ട് ഒരാവശ്യം നിന്നെക്കൊണ്ടില്ല. അങ്ങനെ ഒരു കാലംണ്ടാവുംന്ന് നീ കരുതണ്ടാ.’’

വേലാണ്ടി രസിക്കാത്ത മട്ടില്‍ മാധവേട്ടനെ നോക്കിനിന്നു. ഇമവെട്ടാതെ മാധവേട്ടനും, സാവകാശം വേലാണ്ടിയുടെ കണ്ണുകളിലെ വന്യമൃഗത്തിന്‍റെ മുരള്‍ച്ച കുറയുന്നതും ശാന്തമായി ഒതുങ്ങി മടയിലേക്ക് തിരിഞ്ഞുപോകുന്നതും സിദ്ദു കണ്ടു. അത്രവേഗം വേലാണ്ടിയൊതുങ്ങി പോയതെങ്ങനെയെന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും സിദ്ദുവിനത് ചോദിക്കാന്‍ ധൈര്യം തോന്നിയില്ല. 

‘‘എന്നോടാ അവന്‍റെ കളി. ഒരിക്കേ കളിച്ചതിന്‍റെ ഓര്‍മ്മേണ്ട് അവന്. അതോണ്ടാ ഒതുങ്ങിപോയത്. സൂക്ഷിക്കേണ്ടാ ഇനാ. പിടിച്ചാ വിടില്ല. തായ് വേരുംകൊണ്ടേ പോകൂ. പലര്‍ക്കും അതറിയില്ല. ഇനീള്ളത് ശുപ്പാണ്ടി. അത് വേറൊരു തരം. ഒന്നു മൂര്‍ഖനാച്ചാ, മറ്റത് അണലി. വേലാണ്ടിയാച്ചാ രണ്ടാലൊന്നറിയാം. ചാവ്വോ ജീവിക്ക്വോന്ന്. ശുപ്പാണ്ടിയാച്ചാ തീര്‍ച്ചയില്ലാണ്ടെ കിടക്കും....’’

 

ആ ഇറക്കത്തില്‍ തന്നെ രണ്ടുവീടിനപ്പുറം മാധവേട്ടന്‍ പറഞ്ഞ ആ ബോര്‍ഡുണ്ടായിരുന്നു. അതിന്‍റെ തൊട്ടടുത്തു തന്നെ ഒരാടും നില്പുണ്ട്. ബോര്‍ഡിനു പിറകില്‍ കല്ലുകൊണ്ടുപണിത ഒരു ചാരുകസേരയില്‍ ഉയരം കുറഞ്ഞ്, തടിച്ചുവെളുത്ത ഒരാള്‍ കിടപ്പുണ്ടായിരുന്നു. ഭസ്മത്തില്‍ ചിത്രകല ചെയ്ത അയാളെ കണ്ടാല്‍ ഏതോ  ഇല്ലത്തെ നമ്പൂരിയെന്നേ തോന്നൂ. 

‘‘സങ്കരനാ, പുലച്ചിയ്ക്ക് നമ്പൂരീന്നു വീണ വിത്ത്. കേറി താമസിക്കാന്‍ ഇല്ലമൊന്നും കിട്ടീല്ല. അപ്പൊപ്പിന്നെ ഇവിടെതന്നെ കൂടി. നമ്പൂരീടെ രസികത്തോം കീഴാളന്‍റെ ഓടിവിദ്യേം കയ്യിലുണ്ട്. നമ്മളെ കണ്ടാ എന്തെങ്കിലും വേല ഒപ്പിക്കാതിരിക്കില്ല്യാ..’’

 

മാധവേട്ടന്‍ പറഞ്ഞു നില്ക്കുമ്പോള്‍, അവരെ കണ്ട് അയാള്‍ ഇരിക്കുന്നിടത്തുനിന്നും ചാടിയെഴുന്നേറ്റു. മുഖത്ത് പരിഹാസത്തില്‍ മുങ്ങിയ വിഡ്ഡിച്ചിരിയുണ്ട്. സിദ്ദു അത്ഭുതപ്പെട്ടു. അതുവരെ അവിടെ നിന്നിരുന്ന ആടപ്പോള്‍ ഒരു പട്ടിയായി നാക്കുനീട്ടി അവരെ നോക്കി കുരയ്ക്കാന്‍ തുടങ്ങിയിരുന്നു. അവന്‍റെ ഭാവവ്യത്യാസം കണ്ടപ്പോള്‍ അയാള്‍ക്കൊന്നുകൂടി രസംകേറി. 

‘‘ഏശ്ശാ, വര്വാ, കേറീട്ട് പൂവ്വാം. ത്തിരി സമ്പാരം കഴിച്ച് ക്ഷീണോം മാറ്റാം.’’

‘‘ഈ കോളനീന്ന് സമ്പാരം കേറ്റി ക്ഷീണം മാറ്റാനല്ല, ഞാന്‍ വന്നേട്ക്കണത്. കല്ല്ട്ട് മടേലേക്കാ പോണത്. അത്രയ്ക്ക് എന്നെ സമ്പാരം കുടിപ്പിക്കണങ്കി മടേല്ക്ക് കൊണ്ടന്നോളളൂ.’’

മാധവേട്ടന്‍ സൈക്കിള്‍ ഒരിടത്തുനിര്‍ത്തി, അല്പം മറവിലേക്ക് നീങ്ങി ഒന്നുമൂത്രമൊഴിക്കാന്‍ നടന്നു. ശുപ്പാണ്ടി സിദ്ദുവിനേയും സൈക്കിളും ആകെ ഒന്നു നോക്കി.

‘‘ന്താ. ഞാന്‍ എടപെടണ്ട വല്ല കേസുംണ്ടോ..’’

‘‘ഹേയ് ഒന്നുംല്ലാ...’’ സിദ്ദുവിന്‍റെ സ്വരം അവനറിയാതെ ഒന്നു വിറപൂണ്ടു. അപ്പോഴേക്കും മാധവേട്ടന്‍ കാര്യം കഴിഞ്ഞ് വന്നു.

‘‘അപ്പൊ ഏശ്ശന്‍ എന്‍റെ ഇല്ലത്തേക്ക് വരണ്ല്ല്യാന്ന്..’’

‘‘ഡോ, ശപ്പാ തന്‍റ് ചെറ്റേല് കേറാനുള്ള സമയംല്ലാ ഇത്...’’ അത്രയും പറഞ്ഞ് മാധവേട്ടന്‍ സൈക്കിളില്‍ പിടിക്കാന്‍ നിന്നു.

‘‘അല്ലാ ഏശ്ശന്‍റെ ശകടത്തിന് ന്തോ ഒരു വ്യത്യാസം പോലെ. ഇതന്ന്യല്ലേ അത്.’’

സിദ്ദു അമ്പരന്നുപോയി. സൈക്കിളിന്‍റെ സ്ഥാനത്ത് ഒരു മുഴുത്ത പോത്ത്. പക്ഷേ, മാധവേട്ടനില്‍ ഒരു ഭാവവ്യത്യാസവുമില്ല. മാധവേട്ടന്‍  ഉടനടി എവിടുന്നോ ഒരു കയര്‍ വരുത്തി പോത്തിന്‍റെ കഴുത്തിലിട്ടു. അതിനെ വഴിക്കപ്പുറത്തുള്ള ഒരു കാഞ്ഞിരത്തിനടുത്തേക്ക് വലിച്ചുകൊണ്ടുപോയി കെട്ടിയിട്ടു. 

‘‘പൊഴേലേക്ക്റങ്ങ്മ്പോ, പേരിന് ഒരു പങ്കായോങ്കിലും കരുതണല്ലോ. അതുകൊണ്ടെന്ന്യാ ഞാന്‍ വന്നത്. സൈക്കിള് നീയെടുത്തോ. ഏറിയാ ഒരു നൂറ്റമ്പത്. അത് ഞാന്‍ വിജയന് കൊടുക്കാം. പോത്തിനെ അറക്കാന്‍ കൊടുത്താ രൂപാ ആയിരം കിട്ടും. ന്നാലും ബാക്കി എണ്ണൂറ്റമ്പത് പോക്കറ്റില് എന്താപോരേ...’’

ഒരു നിമിഷം ശുപ്പാണ്ടി വാ തുറന്നു നിന്നു. അബദ്ധം പിണഞ്ഞമട്ടില്‍ അയാള്‍ മാധവേട്ടനരികില്‍ നിന്നു. 

‘‘അല്ലാ മാധവേട്ടാ ഞാന്‍ ഒരു രസത്തിന്....’’

‘‘ഞാനും ഒരു രസത്തിനാ ന്നേ. ഇനീ ഈ രസം തോന്നാന്‍ പാടില്ല ല്ലോ... മടേല്ക്ക് നടക്കാന്‍ള്ള അകലേള്ളൂ. ഞങ്ങള് നടക്കാം. പിന്നെ തിരിച്ച് വര്മ്പോന്‍റെ പോത്ത് വിടെ ഇല്ലെങ്കീ.... അറിയാലോ...’’

മാധവേട്ടന്‍ മുന്നിലും സിദ്ദു കാര്യമറിയാതെ പുറകിലും നടന്നു. 

‘‘പകല് സമേത്ത് ഒരു മാതിരി പെട്ടോരൊന്നും ഈ വഴിക്ക് വരാറില്ല. ഇവര് രണ്ടാളും നിന്ന് വെരട്ടും. ആരേം ങ്ങ്ട് കടത്താണ്ട് ഈ കല്ല്ട്ട്മട സ്വന്താക്കാംന്ന്ച്ച്ട്ടാ. അത് നടക്ക്വോ. ഇവറ്റോള് എണീക്കുമ്പോ പത്തര്യാവും. അഞ്ചുമണി ആവ്മ്പളേക്കും അകത്ത് കേറും. പിന്നെ രാത്ര്യേ പൊറത്തെറങ്ങൂ. അതിനെടേലുള്ള സമയത്താണ് കല്ല്ട്ട് മടേല്ക്കുള്ള പണിക്കാര്‍ടെ പോക്ക്.... അറിയാതെങ്ങാനും അവര് പൊറത്ത്ള്ള സമേത്ത് ആരെങ്കിലും വന്നുപെട്ടാ ഈ മാതിരീ ഓരോ വേലത്തരങ്ങള് കാട്ടി ആള്‍ക്കാരെ ചുറ്റിക്കും....’’

‘‘ഇതെന്തിനാ ഇവര്ങ്ങനെ ആള്‍ക്കാരെ വെരട്ടണത്’’

‘‘ഇങ്ങനെ വെരട്ട്യാലല്ലേ അവര്ക്ക് പിടിച്ച് നിക്കാന്‍ പറ്റൂ. പിന്നെ ഇവര്‍ക്ക് ഒരു കണ്ണ് മടേല്ണ്ട്. മട സ്വന്താക്ക്യാ ആഭിചാരോം മാട്ടുംക്കെ അവിടന്നേ ആവാല്ലോ. ഇഷ്ടംപോലെ സ്ഥലല്ലേ. ഇടയ്ക്കിടക്ക് മടേലെ വെള്ളത്തില് ചില ശവങ്ങള് പൊന്തീട്ട്ണ്ട്. ആത്മഹത്യാന്നും അപകട മരണങ്ങള്ന്നുംക്കെ പറഞ്ഞ് അതൊക്കെ അടീ പോയി. സത്യാവസ്ഥ എന്താണാവോ...’’

കല്ല്ട്ട്മട കോളനിയും അവിടത്തെ ദുര്‍മന്ത്രവാദികളും ഭീകരമായ ഒരുതരം അസ്വസ്ഥതയായി സിദ്ദുവില്‍ നിറഞ്ഞു. എന്തുകൊണ്ടോ അവനപ്പോള്‍ ഭയം തോന്നിയില്ല. മാധവേട്ടന്‍ കൂടെയുള്ളപ്പോള്‍ അവിടെയുള്ളവരെ ഭയക്കേണ്ടതില്ലെന്ന് അവന് ബോധ്യപ്പെട്ടിരുന്നു. ഇത്ര ഉഗ്രന്മാരായിട്ടും അവരെന്തേ മാധവനേട്ടനുമുന്നില്‍ അടങ്ങി നില്ക്കുന്നു എന്ന് മനസ്സിലായില്ല. എങ്കിലും മടിച്ചുമടിച്ച് അവനത് ചോദിക്കാതിരിക്കാനുമായില്ല. ചോദ്യം കേട്ടപ്പോള്‍ മാധവേട്ടന്‍ ഒന്നുറക്കെ ചിരിച്ചു. 

‘‘അതൊക്കെ വഴിപോലെ മനസ്സിലാവും. എന്തായാലും കുഞ്ഞ് ഇവിടുന്ന് എളുപ്പത്തിലങ്ങനെ പൂവ്വാന്‍ള്ള പരിപാടീല്ലന്നല്ലേ പറഞ്ഞത്. അതുകാരണാ കുഞ്ഞിനെ ഞാനീ ഭാഗത്തൊക്കെ കൊണ്ടന്നത്. സാധാരണ ഒരാള്‍ക്കൊപ്പോ, തനിച്ചോ ഒന്നും ആര്‍ക്കും ഈ ഭാഗത്തേക്ക് വരാന്‍ പറ്റില്ല...’’

നടന്ന് നടന്ന് അവര്‍ കല്ലുവെട്ടുമടയിലെത്തി. കല്ല് വെട്ടിയെടുത്ത് പലഭാഗത്തും ആഴത്തിലുള്ള കുഴികള്‍ രൂപംകൊണ്ടിരുന്നു. അവയിലൊക്കെ പച്ചനിറത്തില്‍ വെള്ളം നിറഞ്ഞു കിടന്നു. പുതിയ ഇടങ്ങളില്‍ കുറേ പേര്‍ കല്ലുകള്‍ വെട്ടിയെടുക്കുന്നുണ്ടായിരുന്നു. അതിന് അപ്പുറവും പരിസരങ്ങളിലും കാടും മൊന്തയും പിടിച്ച് കിടക്കുന്നു.

‘‘ആ കാണണ വെള്ളത്തിനൊക്കെ നല്ല ആഴംണ്ട്. അതിലാണ് ശവങ്ങള് പൊന്തീട്ട്ള്ളത്. ഈ ഭാഗം മുഴുവനും കല്ല് വെട്ടി പാറയാണെന്ന് കണ്ടുപിടിച്ചു. അവരാണ് കിടയ്ക്കാട്ട് കല്ലുവെട്ടുവീട്ടില്‍ എന്ന തറവാട്ടുപേരില്‍ അറിയണത്. അവരും അവര്ടെ പിന്‍മുറക്കാര്‍ക്കുമല്ലാതെ ആര്‍ക്കും ഇവ്ടെ കല്ലുവെട്ടാന്‍ പറ്റില്ല. അതാ നാട്ടുനടപ്പ്...’’

‘‘അപ്പൊ, ഞങ്ങള് താമസിക്കണതിന്റെ  അപ്പുറത്തുള്ള പൊറിഞ്ചുവേട്ടന്‍...’’

‘‘അവരൊക്കെ കല്ല്വെട്ട് വീട്ടില്‍ പെട്ടോരെന്നേ...’’

അവര്‍ പത്തോളം പേരുണ്ടായിരുന്നു. അരയില്‍ ഒരൊറ്റത്തോര്‍ത്തു ചുറ്റി പൊരി വെയിലില്‍, ശരീരത്തില്‍ വിയര്‍പ്പുകണങ്ങള്‍ വിതച്ച് ശ്രദ്ധയോടെ കല്ലുകള്‍ വെട്ടിക്കൊണ്ടിരുന്നു. കല്ല് കൊണ്ടുപോകാനായി ഒരു ലോറി അവിടെ കിടന്നിരുന്നു.

‘‘ഈ കാണണേന്‍റെ ഒരഞ്ചിരട്ടി ഇനീം വെട്ടുപാറയാണ്. ഇവര്ടെ മൂന്നാലു തലമുറക്ക് സുഖായി പണീട്ത്ത് ജീവിക്കാം....’’ 

അവരെല്ലാം രൂപത്തില്‍ സദൃശരായിരുന്നു. അക്കൂട്ടത്തില്‍ നിന്ന് പൊറിഞ്ചുവിനെ വേര്‍തിരിച്ചെടുക്കാന്‍ സിദ്ദുവിനായില്ല.

‘‘കിടയ്ക്കാട്ടെ വീടോള്ള് മുഴുവനും ഈ മടേലെ കല്ലോണ്ടുണ്ടാക്കീതാ. ഇപ്പൊ പോരാഞ്ഞ് പൊറത്തേക്കും പോയിക്കൊണ്ടിരിക്ക്ണൂ... ഇനീം താഴത്തേക്കിറങ്ങി കാണണോ..’6

‘‘വേണ്ടാ. ഇവിടെ നിന്നാമതി...’’

കുറച്ചുനേരം കൂടി സിദ്ദു നോക്കിനിന്നു. മാധവേട്ടന്‍ വേഗംവരാമെന്ന് പറഞ്ഞ് താഴേക്ക്, മടയിലേക്കിറങ്ങി പോയി എന്തൊക്കെയോ കുശലം പറഞ്ഞ് തിരിച്ചുവന്നു. 

‘‘നന്നായി നോക്കി കണ്ടോ. ഇനി, ഞാന്‍ ല്ല്യാണ്ടൊന്നും ഈ ഭാഗത്തേക്ക് വരാന്‍ പറ്റില്ല. കിടയ്ക്കാട്ടുള്ള കുട്ട്യോള് മിക്കോരും ഇവടൊന്നും വന്നിട്ട്ണ്ടാവില്ല്യ.... തനിക്കൊത്തേക്കണത് വല്യേ ഒരു ഭാഗ്യാ...’’

സിദ്ദു കുറച്ചുനേരം കൂടി നിന്നു. പിന്നീടവര്‍ തിരിഞ്ഞു നടന്നു.

അവരെ കാത്ത്, വഴിവക്കില്‍ സൈക്കിളുമായി ശുപ്പാണ്ടി നില്പുണ്ടായിരുന്നു. മാധവേട്ടനെ കണ്ടപ്പാടെ, ഒരു വിഡ്ഢിച്ചിരി ചിരിച്ച് ഒരു പരാജിതന്‍റെ വിധേയത്വത്തോടെ അടുത്തുവന്നു. 

‘‘ന്‍റെ മാധവേട്ടാ, ഒരബദ്ധം ആര്‍ക്കും പറ്റും. ഏറ്യോര് ആവ്മ്പോ കൊറഞ്ഞോരോട് ക്ഷമിക്ക്യാ വേണ്ടേ. അല്ലാണ്ടങ്ങ്നെ പിടിച്ച വാശീല് നിന്നാലോ...’’

‘‘ശുപ്പാണ്ടിക്കിപ്പൊ മനസ്സിലായേക്ക്ണ്, ആരാ ഏറീത്‌ ന്നും ആരാ കുറഞ്ഞതെന്നും...’’

‘‘അത് പിന്നെ എന്നേ മനസ്സിലാക്കിയിട്ട്ള്ളതാ...’’

‘‘എന്നിട്ടാണോ ഈ വക സൂത്രപ്പണികളുമായി വരണത്.’’

‘‘അതല്ലേ പറഞ്ഞേ ഒരബദ്ധാന്ന്. നിസ്സാരന്മാരോട് പിടിച്ചുപിടിച്ച് സ്വന്തം ശക്തീന്താന്ന് ഒരു സംശയം ആയിരിക്ക്യാര്‍ന്നു. ഇപ്പൊ ഒന്നു ബോദ്ധ്യായി. മാധവേട്ടനോട് കളിക്കാന്‍ ആയിട്ടില്ല്യാന്ന്...’’

‘‘ഈ ബോധ്യം എന്നുംണ്ടാവണത് നല്ലതാ. മാധവേശ്ശനോട് കളിക്കാന്‍ നിങ്ങളൊന്നും ഒരു കാലത്തും ആവില്ല്യ... ഓര്‍ത്തോ..’’

‘‘ഓ. ഞാന്‍ സമ്മതിച്ചേക്ക്ണൂ. ഇതാ സൈക്കിള്. കൊണ്ടോയിക്കോളൂ. ന്‍റെ പോത്തിനെങ്ങ്ട് തന്നാമതി. ആകെ കൂടി യ്ക്കുള്ള ഒരു മൊതലാ അത്....’’

‘‘അല്ലെങ്കിലും താന്‍ മാരണം ചെയ്യുന്ന പോത്തിനെ അറക്കാന്‍ കൊടുത്തിട്ട് ചാരായം കുടിക്കെണ്ട ഗതികേടൊന്നും മാധവേശ്ശനില്ല. എന്തായാലും തോറ്റ് വര്ണോരെ പിന്നേം ചവിട്ടി തേക്കണത് ശര്യല്ലല്ലോ. പോത്തിനെ അഴിച്ചോ. ന്നാലും ചെറ്യേ ഒരു ഓര്‍മ്മണ്ടാവട്ടെ. ന്ന് സന്ധ്യാവണ വരെ ഈ നിന്ന നില്പില് ഇവിടെ ആയിക്കോട്ടെ. സൂര്യന്‍ അസ്തമിച്ചാ പോയിരിക്ക്യേ, കെടക്കേ എന്താച്ച ആയിക്കോള്ളൂ....’’

‘‘അയ്യോ മാധവേട്ടാ...’’ ശുപ്പാണ്ടി പറയുന്നതു കേള്‍ക്കാന്‍ നില്ക്കാതെ മാധവേട്ടന്‍ കയറ്റത്തിലൂടെ സൈക്കിളുന്തി നടന്നു. സിദ്ദു തിരിഞ്ഞു നോക്കിയപ്പോള്‍ ശുപ്പാണ്ടി നിന്നിടത്തു നിന്നനങ്ങാതെ അതേ നില്പു തന്നെയാണ്. നടക്കുന്നതിനിടെ മാധവേട്ടന്‍ അല്പംകൂടി വിശദമായി സിദ്ദുവിനോട് പറഞ്ഞുകൊണ്ടിരുന്നു. 

‘‘ഈ കോളനീല് മുഴ്വോന്‍ ഇതുപോലത്തെ വര്‍ഗ്ഗങ്ങളാണ്. ഈ കാണണ വീടോള് മാത്രമല്ല, ഉള്ളിലേക്കുംണ്ട് കുറേണ്ണം. പക്ഷേ ഇവര് രണ്ടാളുമാണ് ഇപ്പളത്തെ കേമന്മാര്. പിന്നൊരു സമാധാനം ന്താച്ചാ ഇവരാരും ഇവിടെന്നിറങ്ങി വരില്ല. ഇവരെക്കൊണ്ടാവശ്യം ഉള്ളോര് ഇവിടെവന്ന് കാര്യങ്ങള് ചെയ്ത്പൂവ്വും. ഇവരാണെങ്കി ഈ കല്ല്ട്ട്മടേലും പരിസരത്തും ആകെക്കൂടി ഒരു ഭീകരാന്തരീക്ഷംണ്ടാക്കി ആള്‍ക്കാരെ മുഴുവന്‍ അകറ്റീട്ട് കല്ല്ട്ട്മട സ്വന്താക്കി വെക്കാനാ. മടേന്ന് നല്ല വരുമാനോം കിട്ടും. ന്ന്ട്ട് കിടയ്ക്കാട്ന്ന് വിട്ട് കല്ല്ട്ട് നാടെന്ന പേരില് ഒരു നാട്ണ്ടാക്കി അന്യനാട്ടിലുള്ള ഇവര്ടെ കൂട്ടക്കാരെ കൊണ്ടന്ന് ഇവടങ്ങ്ട് കുട്ടിചോറാക്ക്വാ. ആര്‍ക്കും അറീല്ലെങ്കിലും ഇയ്ക്കറ്യാം അത്. ഇടയ്ക്ക് ഇവടെക്കെ കേറീ അവര്ടെ തലേല് ഓരോ കൊട്ടുകൊടുക്കണം അല്ലെങ്കി  അഹങ്കാരം മൂക്കും. പിന്നൊരു സമാധാനം ന്താന്ന്ച്ചാ കല്ല്ട്ട്വീട്ടീലെ ആമ്പിള്ളാരോട് നേരിട്ട് മുട്ടാനുള്ള ശക്തീം ധൈര്യോം ഇവറ്റകള്‍ക്കില്ല.’’ 

 

സംഗതികളെക്കുറിച്ച് ഏകദേശം ഒരു ധാരണ സിദ്ദുവിലുണ്ടായി. വേലാണ്ടി പഴയ സ്ഥലത്ത് ഉണ്ടായിരുന്നില്ല. അയാളുടെ വീടിന്‍റെ വാതില്‍ അടഞ്ഞുകിടന്നു. അവിടേക്കു നോക്കിയ മാധവേട്ടന്‍റെ മുഖത്ത് നിഗൂഢമായ ഒരു മന്ദഹാസം വിരിഞ്ഞു മാഞ്ഞത് സിദ്ദു കണ്ടു. അവിടൊന്നും കാഴ്ചയില്‍ ആരുമുണ്ടായിരുന്നില്ല, എന്നാല്‍ ചുറ്റുമുള്ള അന്തരീക്ഷത്തിലെ അദൃശ്യതയില്‍ ആരൊക്കെയോ തങ്ങളെ നോക്കുന്നുണ്ടെന്നും എന്തിനോവേണ്ടി പിന്തുടരുന്നുണ്ടെന്നും സിദ്ദുവിന് തോന്നി. അവന്‍ മാധവേട്ടന് ഒപ്പംതന്നെ നടന്നു. കയറ്റം കഴിഞ്ഞ് ഇറക്കമായപ്പോള്‍ മാധവേട്ടന്‍ സൈക്കിളില്‍ കയറിയിരുന്നു. പുറകില്‍, ഓടുന്ന സൈക്കിളില്‍ സിദ്ദു ചാടിക്കയറിയിരുന്നു. ഇറക്കത്തിലൂടെ, ടാര്‍ റോഡിലൂടെ സൈക്കിള്‍ കുതിക്കാന്‍ തുടങ്ങി.

 

തുടരും…

 

English Summary: Kidakattile Poolamarangal - Chapter 5- E-Novel By P. Reghunath

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com