ADVERTISEMENT

‘‘ആയാളല്ലെങ്കിൽ പിന്നാര്?’’

എന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഒരു പോലീസുകാരൻ പകച്ചു നിൽക്കുന്നത് കണ്ട് ദേഷ്യവും പകയും ഭയവും ഒക്കെ ഒന്നിച്ചു തോന്നി. ആരോടാണ് പ്രകടിപ്പിക്കേണ്ടത്? ഇവരാണ് പറഞ്ഞത് മാനസി ചേച്ചിയുടെ ഭർത്താവാണ് പ്രതിയെന്ന്, ഇപ്പോൾ പറയുന്നത് അയാളല്ല അത് ചെയ്തതെന്ന്. പിന്നെ അന്ന് രാത്രി അയാളെന്തിനാണ് ഞങ്ങൾ താമസിക്കുന്നിടത്തെത്തിയത്?

 

‘‘എമ്മയുടെ മനസ്സിലിപ്പോൾ എന്താണെന്നെനിക്ക് ഊഹിക്കാം. പക്ഷേ അയാൾ മറ്റൊരു കൊട്ടേഷനുമായി ബന്ധപ്പെട്ടു അയാളുടെ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു ആ ദിവസങ്ങളിൽ.’’

 

‘‘അയാളത് പറഞ്ഞു, നിങ്ങളത് വിശ്വസിച്ചു’’

 

‘‘എമ്മാ dont question our integrity. വിശ്വസിച്ചതല്ല, പൊലീസിന് ഒരു കാര്യം സത്യമാണോ അല്ലയോ എന്ന് കണ്ടെത്താൻ ബുദ്ധിമുട്ടില്ലെന്നു ഞാൻ പറയേണ്ട കാര്യമില്ല തന്നോട്. ഒന്നാമത് അയാൾക്ക് ഫെയ്‌സ്ബുക്ക് ഇല്ല, അയാൾ അത്തരമൊരു ടൈപ്പ് അല്ലെന്നു കാഴ്ചയിൽ തന്നെ വ്യക്തവുമാണ്. പിന്നെ അയാളുടെ മുഖഭാവം. രണ്ടു കേസുകളിലും അയാൾ കാണിച്ച താൽപ്പര്യം, ഔദ്യോഗികമായി നുണ പരിശോധന നടത്താതെയും ചിലപ്പോൾ ചില കുറ്റവാളികളെ കണ്ടെത്താനെളുപ്പമാണ്. പ്രത്യേകിച്ച് കൊട്ടേഷൻ സംഘങ്ങളിലെ പ്രതികളെ. അവർക്ക് കുറ്റം ഏറ്റു പറയാൻ ബുദ്ധിമുട്ടില്ല, ആരാണ് തങ്ങളെ ഏൽപ്പിച്ചത് എന്നു മാത്രമേ അവർ ഒളിച്ചു വയ്ക്കൂ.’’

 

അതോടെ അത് അയാളല്ലെന്നു തെളിഞ്ഞു അല്ലെ സാർ?

 

‘‘അയാൾക്കൊപ്പമുണ്ടായിരുന്നവന്റെ വീട്ടിൽ ആളെ വിട്ടു അന്വേഷിപ്പിച്ചിട്ടല്ലാതെ ഒരു കൺക്ലൂഷനിൽ എത്താനാവില്ലല്ലോ, അതുകൊണ്ട് ആ വഴിയും നോക്കി. ഉത്തരം നെഗറ്റിവാണ്. ഏതു വഴിയിലൂടെ തിരഞ്ഞാലും അത് റെജി ചന്ദ്രശേഖരനല്ല എമ്മാ. മറ്റൊരാളാണ്’’

 

ഇതുവരെ ഒരു മുഖമില്ലാതിരുന്ന ഒരു വേട്ടക്കാരന് ഒരു മുഖം കിട്ടുന്നു, അയാൾ സ്വപ്നത്തിൽ തെളിഞ്ഞു വരുന്നു, അതോടെ അയാളോടുള്ള ഭയമില്ലാതെയാവുന്നു. പിന്നെ മനസ്സിലാവുകയാണ്, അയാളല്ല അത് ചെയ്തത്, ഇപ്പോൾ വീണ്ടും ആ മുഖം അവ്യക്തമാകുന്നു. പേടിയുടെ പക്ഷികൾ ചിറകടിച്ചു പറക്കുന്നു. അവ്യക്തതയാണ് ഏറ്റവും വലിയ ഭീതി. ഇരുട്ടിൽ തനിച്ചു നിൽക്കുന്നത് പോലെയൊരു അവസ്ഥ. അടുത്തുള്ളയാളാണോ അറിയാത്തയാളാണോ, ഏറ്റവും പ്രിയപ്പെട്ട ആരെങ്കിലുമാണോ എന്നൊക്കെയുള്ള അറിവില്ലായ്മ...

 

‘‘താൻ ഭയക്കേണ്ട, im after him.’’

 

‘‘ഞാൻ ഇന്ന് വൈകുന്നേരം കോഴിക്കോട് പോവ്വാണ് സാർ. നാളെ അവിടെ നാടകമുണ്ട്. എന്റെ പുതിയ വേഷത്തിന്റെ രണ്ടാമത്തെ ഷോയാണ്.’’

 

‘‘ഓഹ്ഹ്, കോൺഗ്രേറ്റുലേഷൻസ്. അയാളൊപ്പം വരുമെന്ന് താൻ വിചാരിക്കുന്നുണ്ടോ?’’

 

‘‘എനിക്കങ്ങനെയൊരു തോന്നലുണ്ട് സാർ. പ്രത്യേകിച്ച് സാറിപ്പോൾ ഇത് പറഞ്ഞപ്പോൾ ആ തോന്നൽ വീണ്ടും ശക്തിയാവുന്നു.’’

 

‘‘തന്റെ കൂടെ ആരൊക്കെയുണ്ട്?’’

 

‘‘ഞാൻ ലാബിലെ വണ്ടിയിലാണ് പോകുന്നത്, മീര ഒപ്പമുണ്ട്. പിന്നെ അവിടെ ചെന്നാലും പുറത്തേക്കിറങ്ങാൻ ഉദ്ദേശമില്ല’’

‘‘ഞാൻ അവിടെ ആരെയെങ്കിലും അറേഞ്ച് ചെയ്യാം, താൻ പേടിക്കണ്ട’’

 

‘‘വേണ്ട സാർ. എല്ലാവരും കൂടെയുണ്ടല്ലോ. പോലീസൊക്കെ വന്നാൽ അതൊക്കെ പിന്നെ ചോദ്യമാവും, തല്ക്കാലം ആരും അറിയാതെ ഇത് പോലെ തന്നെ പോട്ടെ പ്ലീസ്’’

 

മഹേഷിന്റെ ഭാര്യ ജോലി ചെയ്യുന്ന വെബ്‌സൈറ്റിൽ വാർത്ത വന്നത് എമ്മ അറിഞ്ഞിട്ടില്ലെന്ന ആശ്വാസത്തിൽ അനിൽ മാർക്കോസ് ഒന്ന് ദീർഘമായി നിശ്വസിച്ചു. 

 

‘‘അപ്പോൾ ശരി, എല്ലാ ആശംസകളും.’’

 

എമ്മ പറഞ്ഞില്ലെങ്കിലും അവളുടെ പിന്നിൽ അയാൾ പോകുമെന്ന് അനിലിന് തോന്നി. ആരെയെങ്കിലും നിരീക്ഷിക്കാൻ അയക്കേണ്ടതുണ്ടെന്നു അയാൾ തീരുമാനിച്ചു.

 

*********

 

മീരയ്‌ക്കൊപ്പം ലാബിലെ ട്രാവലറിൽ കോഴിക്കോട് പോവുമ്പോൾ നാളെയെന്താവും എന്നൊരു ആശങ്കയായിരുന്നു എനിക്ക്. 

 

‘‘എമ്മാ നീ അയാളെ പേടിക്കണം എന്നാ എനിക്ക് തോന്നുന്നത്. നമ്മള് വിചാരിക്കുന്നത് പോലെ അയാളൊരു ചങ്ങായി ഒന്നും ആണെന്ന് തോന്നുന്നില്ല. എനിക്കങ്ങനെയൊക്കെ തോന്നിയാരുന്നു, പക്ഷെ he is dangerous. നമ്മള് കരുതിയിരിക്കണം.’’

 

മീരയുടെ ആശങ്ക എനിക്ക് മനസ്സിലാവുന്നുണ്ട്. ആളാരാണെന്നു അറിയാതെ എത്രനാൾ ഈ അസ്വസ്ഥത. ഞാനും എന്റെ കൂടെയുള്ളവരും ചുമക്കണം? അറിഞ്ഞൂടാ. അയാളൊരുപക്ഷേ ഈ വണ്ടിയെ പിന്തുടരുന്നുണ്ടാവാം, ഞാൻ തുറന്നു കിടന്ന വിൻഡോയിലൂടെ പിന്നിലേയ്ക്ക് നോക്കി. നീണ്ട നിരയുള്ള വെളിച്ചക്കണ്ണുകൾ. അത് രാക്ഷസന്റെ കണ്ണുകളാണ്. അവയിലൊന്നിൽ അയാളുണ്ട്. ഇനിയെന്താണ് എനിക്ക് മുന്നിലേയ്ക്ക് വരുന്നതെന്നറിയില്ല, കാത്തിരിക്കുകയല്ലാതെ മാർഗ്ഗമില്ല. തണുത്ത രാത്രിക്കാറ്റ് എന്റെ മുടിയിഴകളെ ഉലയ്ക്കുന്നു. കണ്ണുകൾ അടഞ്ഞു പോകുംമ്പോലെ ...

പക്ഷെ ഞാൻ കോഴിക്കോട് പോകുന്ന കാര്യം അയാളറിഞ്ഞില്ലെങ്കിലോ? എങ്ങെനെയറിയാനാണ്? ഡ്രാമാ ലാബിൽ ഉള്ളവർക്കല്ലാതെ മറ്റാർക്കും അതറിയില്ലല്ലോ. എനിക്കൊരു കൗതുകം, ഞാൻ മൊബൈൽ എടുത്ത് ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പിട്ടു.

 

-നാളെ മണികർണിക കോഴിക്കോട് ‌ടൗൺ ഹാളിൽ വൈകുന്നേരം ആറിന്. കോഴിക്കോടുള്ള ചങ്ങായിമാർ പങ്കെടുക്കുമല്ലോ-

 

പോസ്റ്റ് ഇടുമ്പോൾ എനിക്ക് തോന്നി, ഇനിയെന്തായാലും അയാൾ വന്നിരിക്കും. അജ്ഞാതൻ വരണമെന്ന് എനിക്കാഗ്രഹമുണ്ട്. അതെന്തുകൊണ്ടാണ്? എന്നെ ആരെങ്കിലും അങ്ങനെ ശ്രദ്ധിച്ചിരിക്കണമെന്നു വിചാരിച്ചിരുന്നുവോ? ഭയം തോന്നുന്നതിനൊപ്പം അയാൾ ആരാണെന്നറിയാനുള്ള ഉത്കടമായ ആഗ്രഹമാണ് മുന്നിട്ടു നിൽക്കുന്നത്. ഇനിയത് ഋഷി തന്നെയാകുമോ? എന്നെ പറ്റിക്കാൻ? എന്നോടുള്ള ഇഷ്ടം കൊണ്ട് , അതിൽ നിന്നുമവന് പുറത്തേയ്ക്ക് വരാൻ കഴിയാത്തത് കൊണ്ട്! നേരിട്ട് പറയാനുള്ള ഈഗോ കൊണ്ട്? ഈ ആണുങ്ങൾക്കല്ലെങ്കിലും ഭയങ്കര ഈഗോയാണ്, പെണ്ണിനോട് പ്രണയം തുറന്നു പറയാനും അവളോടത്‌ പ്രകടിപ്പിക്കാനും...

 

മീര ഉറക്കം പിടിച്ചു കഴിഞ്ഞു. സമയം പതിനൊന്ന് ആവുന്നു, പുറത്തു നിന്നും വരുന്ന കാറ്റ് ഉള്ളിലേയ്ക്ക് മെല്ലെ വീശിയടിക്കുന്നു. എല്ലാവരും ഉറക്കത്തിലേക്ക് വീണു കൊണ്ടിരിക്കുന്നു.

 

വിശാഖ് മാഷ്, എബി സാർ, നൈല ചേച്ചി, പിന്നെ ആർട്ടിലെ അസ്സിസ്റ്റന്റുമാർ, ആർട്ട് ഡയറക്ടർ, മേക്കപ്പ് ആർട്ടിസ്റ്റ്... 

 

വിശാഖ് മാഷ് മാത്രം ഇടയ്ക്ക് മുന്നിൽ നിന്നും പിന്നിലേയ്ക്ക് നോക്കുന്നുണ്ട്, അയാളുടെ കണ്ണുകളിലെ വെളിച്ചം എന്റെ മിഴിയിലേയ്ക്ക് ചുറ്റിയടിക്കുന്നു. എനിക്കെന്തോ അതിലൊരു അപരിചിതത്വം തോന്നി. ഒരുപക്ഷെ മാഷ് എല്ലാം ഒന്ന് നോക്കിയതാവാം, ആരൊക്കെ, എന്തൊക്കെ, എവിടെയൊക്കെ...

 

നടാഷ ഉറങ്ങിയിട്ടുണ്ടാവണം. ഇന്നവൾ മാനസി ചേച്ചിയുടെ മുറിയിലാണ്, ഒറ്റയ്ക്ക് കിടക്കാൻ അവൾക്ക് പറ്റില്ല. പാവം പെൺകുട്ടി.

 

ഞാൻ വീണ്ടും ഫെയ്‌സ്ബുക്ക് പോസ്റ്റെടുത്ത് നോക്കി.

അറിയുന്നതും അറിയാത്തതുമായ പല മുഖങ്ങൾ കമന്റുകളുമായി പോസ്റ്റിനടിയിൽ തൂങ്ങി വരുന്നു. അതിനിടയിൽ അയാളുണ്ടോ?

 

പരിചയമുള്ള ഓരോ പ്രൊഫലുകളും ഞാനെടുത്തു നോക്കി. പിന്നെ അവരുടെ മെസേജ് ബോക്സ് നോക്കി, അറിയാതെയെങ്കിലും ആരെങ്കിലും ഒരു മുൻകരുതൽ നല്കിയിരുന്നുവോ?

ഉറക്കത്തിലേക്ക് ചായാൻ കണ്ണുകൾ തുടിക്കുന്നു. കാറ്റിന്റെ താളത്തിൽ ഉറക്കം തൊടുന്നു. 

 

‘‘അഭി നാ ജാവോ ജ്ജോട്കെ...‘‘

ഋഷിയ്ക്ക് വേണ്ടിയിട്ട ആ റിങ് ടോൺ. ഉറക്കത്തിൽ സ്വപ്നം കാണുന്നതാണോ എന്ന് ഒരു നിമിഷം സംശയിച്ചെങ്കിലും ഉറക്കമുണർന്നപ്പോൾ മനസ്സിലായി ബാഗിനുള്ളിലിരുന്നു മൊബൈൽ വിളിക്കുന്നതാണ്. ബാഗിനുള്ളിൽ എവിടെയോ ഇരുന്നടിക്കുന്നുണ്ട്. കുറച്ചു നേരത്തെ അലച്ചിലിനൊടുവിൽ മൊബൈൽ എടുത്തു നോക്കുമ്പോൾ വിളി നിന്നിരുന്നു, ആരാണെന്നു നോക്കാൻ ശ്രമിക്കുമ്പോഴേക്കും വീണ്ടും വിളി മുഴങ്ങിത്തുടങ്ങി.

 

അഭി നാ ജാവോ-

പ്രൈവറ്റ് നമ്പർ കാളിംഗ്....

ഇതാരാണ്? അതും ഈ സമയത്ത്. പന്ത്രണ്ടാവാൻ ഇനി അഞ്ചു മിനിറ്റ് മാത്രമാണുള്ളത്. ഞാൻ കാൾ എടുത്തു.

 

‘‘ഹലോ എമ്മാ’’

എന്റെ നെഞ്ചിലൂടെയൊരു ഇടി പാഞ്ഞു പോയി. മുഴക്കമുള്ള ആ സ്വരം... ആരാണ്. ഈ സ്വരം ഇതിനു മുൻപെവിടെയാണ് ഞാൻ... ആരാണ്?

 

‘‘ഹലോ പറയൂ, ആരാണ്?’’, എനിക്ക് ഭയമല്ല ഉത്കണ്ഠയായിരുന്നു ആ നിമിഷം തോന്നിയത്. 

ഉറക്കം മുറിഞ്ഞതിലുള്ള അസ്വസ്ഥത പ്രകടിപ്പിച്ച് ആരാണ് വിളിക്കുന്നതെന്ന് ദേഷ്യത്തോടെ മീര എന്നെ നോക്കി.

 

‘‘Emmaa iam coming after you’’

 

‘‘ഹലോ ആരാ, ആരാ...’’

 

ആരാണയാൾ... എന്നെ വിളിച്ചd എന്റെ പിന്നാലെ വരുന്നുവെന്ന് പറയാൻ... അയാളാണോ അത് എന്നെ പിന്തുടരുന്ന അതെ അജ്ഞാതൻ...

 

അയാൾ ഫോൺ അപ്പോഴേക്കും കട്ട് ചെയ്തിരുന്നു. ഇനിയല്ലെങ്കിലും എന്ത് പറയാനാണ്. ആ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഞാനിട്ടത് പോലും അയാൾക്ക് കാണുവാനായിരുന്നില്ലേ? അയാൾ എനിക്ക് പിന്നാലെ വരാനായിരുന്നില്ലേ? എനിക്കിനി അയാളോട് പ്രണയമോ മറ്റോ ആണോ? ശ്ശെ! എനിക്കെന്നോട് തന്നെ ലജ്ജയും നാണക്കേടും തോന്നി. 

 

ശബ്ദം കേട്ടിട്ടാവണം വിശാഖ് മാഷ് വീണ്ടും പിന്നിലേയ്ക്ക് നോക്കി. അയാളുടെ ചുണ്ടിലൊരു ചെറിയ ചിരിയുണ്ടായിരുന്നോ? എനിക്ക് സംശയം തോന്നി. എല്ലാവരെയും എനിക്കിപ്പോൾ സംശയമാണ്. മാഷിപ്പോൾ ഫോണിൽ സംസാരിക്കുകയായിരുന്നോ, എന്തോ ഞാനത് ആ സമയത്ത് ശ്രദ്ധിച്ചുമില്ല...

 

‘‘എന്താ എമ്മ? ആരാ വിളിച്ചേ?’’

മീര ഉറക്കത്തിൽ നിന്നും പൂർണമായും വിട്ടു പോന്നിരുന്നു.

 

‘‘അയാളാ മീര വിളിച്ചത്. അയാൾ എനിക്ക് പിന്നാലെയുണ്ടെന്ന്’’

 

‘‘അപ്പോൾ അയാൾ വിളിക്കുകയും ചെയ്തിരിക്കുന്നു, ആ നമ്പറെടുത്ത് അനിൽ സാറിനു അയക്ക്’’

 

‘‘ഇല്ലേടീ പറ്റില്ല, അത് ഇന്റർനെറ്റ് കാൾ ആയിരുന്നു. പ്രൈവറ്റ് നമ്പർ. ആ ശബ്ദം... എനിക്ക്.. എവിടെയോ ഞാനത് കേട്ടിട്ടുണ്ട് മീരാ...’’

 

‘‘ഇന്റർനെറ്റ് കാൾ ആണെങ്കിലും സൈബർ സെല്ലിന് ട്രെയിസ് ചെയ്യാൻ പറ്റില്ലേ, നീ അനിൽ സാറിനെ വിളിച്ചു പറ.’’

 

‘‘ഇത്രയും സമയമായില്ലെടീ, നാളെ വിളിക്കാം. എന്തായാലും അയാളെത്തുമെന്നെനിക്ക് അറിയാമായിരുന്നു. നാളെ അയാളെ ഞാൻ മുഖാമുഖം കാണും.’’

 

അയാളെ അഭിമുഖീകരിക്കാൻ ഞാനെന്നെ സ്വയമൊരുക്കുകയായിരുന്നു. മുഖത്ത് നോക്കി ഒരുപാട് ചോദ്യങ്ങൾ ചോദിക്കാനുണ്ട്. ചോദിക്കേണ്ടതുമുണ്ട്. സത്യത്തിൽ ആ കാൾ ട്രെയിസ് ചെയ്യപ്പെടണം എന്നെനിക്കുണ്ടായിരുന്നില്ല, അത്തരം ഇന്റർനെറ്റ് കാളുകൾ അങ്ങനെ കണ്ടെത്താൻ എളുപ്പമല്ല എന്ന് തന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്. ഞാനിപ്പോൾ അയാളെ കാണാൻ കാത്തിരിക്കുകയാണ്. 

എനിക്കറിയുന്ന ആ മുഴങ്ങുന്ന ശബ്ദമുള്ള അയാളെ...

 

എന്റെ ഹൃദയം ഉച്ചത്തിൽ മിടിച്ചു. വീണ്ടും തുറന്നിട്ട ജനാലയിലൂടെ കാറ്റ് വന്നെന്റെ കണ്ണുകളെ കൊളുത്തിവലിച്ചു.

 

English Summary : Njan Emma John, E-Novel By Sreeparvathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com