ADVERTISEMENT

ഒരു ഓൺലൈൻ പ്രസിദ്ധീകരണത്തിൽ ഡിക്ടറ്റീവ് നോവലെഴുതുന്ന സാധാരണ നോവലിസ്റ്റ്. അഞ്ചോ ആറോ പേര് അത് വായിക്കും. അധികവും തെറിവിളികളാകും കമന്റ് ബോക്സിലുണ്ടാകുക. പക്ഷേ എനിക്ക് അങ്ങേരോട് കടുത്ത ആരാധനയാണ്. ‘രാമൻസ ജയിൽ ഡേയ്സ്’ എന്ന നോവൽ വായിച്ചതിനു ശേഷമാണതാരംഭിച്ചത്. അതായിരുന്നു ഞാനാദ്യം വായിച്ച കെ.കെ. നോവലും.

 

ജയിൽജീവിതവും ജയിലു ചാടലും അതിവിദഗ്ദമായാണ് കെ.കെ, ‘രാമൻസ് ജയിൽ ഡേസ്’ എന്ന നോവലിൽ എഴുതിയിരുന്നത്. വായിച്ചപ്പോൾ ശരിക്കും എന്റെ ജയിൽ ദിനങ്ങളോട് അതിന്

സാദൃശ്യം തോന്നി. എന്നെത്തന്നെ ഞാനാ അക്ഷരങ്ങളിൽ കാണുകയായിരുന്നു.

വളരെ കഷ്ടപ്പെട്ടാണ് കെ.കെ.യുടെ അഡ്രസ്സ് കണ്ടുപിടിച്ചത്. കുറെ ശ്രമിച്ചിട്ട് അവസാനം ആ ഓൺലൈൻ വാരികക്കാരെ ബന്ധപ്പെട്ടു.

 

‘‘സാർ, ആ വട്ടനെ അന്വേഷിക്കാൻ നിൽക്കേണ്ട. മെനക്കേടാ. തെറി പറയാനാണെങ്കിൽ ഇവിടെ അതങ്ങ് പറഞ്ഞോ. ഞങ്ങളു കൊടുത്തോളാം. പിന്നെ ഞങ്ങൾക്കിങ്ങോട്ടാ അങ്ങേര് പണം തരുന്നത്, നോവൽ പ്രസിദ്ധീകരിക്കാൻ!’’

 

ഇതായിരുന്നു അവരെനിക്കു തന്ന മറുപടി. നമ്പറോ അഡ്രസോ അവരൊട്ടു തന്നതുമില്ല. തുടർച്ചയായ മറ്റു ചില ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ പഴയൊരു മാധ്യമപ്രവർത്തകൻ വഴി ഞാൻ കെ.കെ.യെക്കുറിച്ചറിയാൻ ശ്രമിച്ചു. അയാളും കുറെ അന്വേഷിച്ചിട്ടു തന്നെയാവണം, ടൗണിന്റെ പ്രാന്തപ്രദേശത്ത് ഒറ്റക്ക് വാടക മുറിയെടുത്ത് കഴിയുകയാണ് കെ.കെ എന്ന് എന്നോടു പറഞ്ഞു.

‘Golden Riverway’ എന്നാണത്രേ അയാൾ താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ പേര്.

 

കാറിൽ കേറിയിരുന്ന് പിന്നെ നേരെ ഒരു വിടലായിരുന്നു. സുവർണാക്ഷരങ്ങൾ പേപ്പറിൽ കോറിയിടുന്ന

എന്റെ കെ.കേ.. ഞാനിതാ വരുന്നു. കഥാപാത്രം തന്റെ എഴുത്തുകാരനെ അന്വേഷിച്ചു വരുന്നു....

‘Golden Riverway’ വിചാരിച്ചത്ര നല്ലതൊന്നുമായിരുന്നില്ല. ഒരു പഴഞ്ചൻ കെട്ടിടം. പെയിന്റടിച്ചിട്ടു നൂറ്റാണ്ടുകളായിരിക്കണം. ആറു നില കെട്ടിടത്തിൽ അഞ്ചാംനിലയിലാണ് കെ.കെ.യുടെ താമസം.15B യാണ് നമ്പർ. ലിഫ്റ്റൊന്നുമില്ല. അക്ഷമയോടെ ഞാൻ പടികൾ കേറി, 15Bയുടെ വാതിൽക്കലെത്തി. എന്റെ നെഞ്ച് പടപടാ മിടിക്കുന്നുണ്ടായിരുന്നു. കയറ്റത്തിന്റെ ആയാസം കൊണ്ടു മാത്രമല്ല അത്, ആവേശം കൊണ്ടാണ്! അവസാനം ഇതാ ഞാൻ കെ.കെ യെ കാണാൻ പോകുന്നു!

 

വാതിലിൽ മുട്ടാൻ മടിച്ച് ഞാനൊരു നിമിഷം കിതപ്പടങ്ങാൻ കാത്തു നിന്നു. അകത്തുനിന്ന് എന്തെല്ലാമോ ഞരക്കങ്ങൾ കേൾക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.

 

English Summary :  KK Chila Anweshana Kurippukal e-novel written by Swarandeep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com