ADVERTISEMENT

പഞ്ഞിപ്പുര

 

തോട്ടുവരമ്പിന് അത്യാവശ്യം വീതിയുണ്ടെങ്കിലും നടത്തം എളുപ്പമല്ല. വരമ്പിലേക്കും തോട്ടിലേക്കും പടര്‍ന്നുകിടക്കുന്ന കൈതമൊന്തക്കിടയിലൂടെ  ചെറിയ ഒരാരവത്തോടെ വെള്ളം നിറഞ്ഞൊഴുകുന്നു. പലയിടത്തും വീണു കിടക്കുന്ന കൈത മൊന്തകള്‍ക്കിടയില്‍ വരമ്പ് കാണാനില്ല. മൊന്തക്കിടയില്‍ എന്തൊക്കെയോ ഓടുന്നതിന്‍റേയും ചാടുന്നതിന്‍റെയും ശബ്ദം കേള്‍ക്കാം. 

‘‘കുഞ്ഞേ, നോക്കി നടക്കണേ, നല്ല കരിമൂര്‍ഖനും അണലീംള്ള സ്ഥലാ. ഇവ്ട്ന്ന് അണലി  കടിച്ചാ രക്ഷേല്ലാ. ചോര ശര്‍ദ്ദിച്ച് ചാവുംന്ന് ഒറപ്പാ. അത്രേ മൂത്ത ഇനങ്ങളാ. ....’’

‘‘ എന്നിട്ടും ഈ വഴിക്ക് ആള്‍ക്കാര്  പോണുംണ്ടന്നു തോന്നുന്നു  മീന്‍പിടിക്കാനൊക്കെ.’’

‘‘അതൊക്കെ അങ്ങനെ കെടക്കും. ഇവ്ട്ത്തെ മീന്‍ പിട്ത്തക്കാരെ ഒരണലീം മൂര്‍ഖനും തൊടില്ല. രണ്ട് കൂട്ടര്‍ക്കും അങ്ക്ടും ഇങ്ക്ടും നന്നായിട്ടറിയാം. കഴിഞ്ഞകൊല്ലം ഇതുപോലെ മീന്‍പിടുത്തം കാണാന്‍ വന്നതാ ഓട്ടോറിക്ഷക്കാരന്‍ രാജപ്പൻ. ഒരണലീടെ പെടലിക്ക് ഒരു ചവിട്ട്. അണലി വിട്വോ. കടിച്ചുപൊളിച്ച് ചുരുണ്ടുകിടന്നു. സംഗതി എങ്ങനെയൊക്കെയോ അപ്പോ രക്ഷപ്പെട്ടു. മാസാമാസം രക്തം മാറ്റിക്കൊണ്ടിരുന്നു. കറുത്ത രാജപ്പൻ വെള്ത്ത രാജപ്പനായി. കൃത്യം പത്താംമാസത്തില് രക്തം പിടിക്കാണ്ടായപ്പൊഴാണ്ന്ന് തോന്ന്ണൂ ചോര ശര്‍ദ്ദിച്ച് കുഴഞ്ഞുവീണു. പിന്നെ എണീറ്റില്ല. അണലി ആ കുടുംബം വെളുപ്പിച്ചൂന്നല്ലാതെ ന്താ പറയ്യാ.’’

സിദ്ദു ഭയംകലര്‍ന്ന ജാഗ്രതയോടെ നോക്കിനടന്നു. കുറച്ചുനടന്നപ്പോള്‍ തോടിനു കുറുകെ വലിയൊരു പാലം കണ്ടു. പാടത്തെ രണ്ടായി പകുത്ത തോടിനെ പാലം യോജിപ്പിച്ചു രണ്ടു ദേശങ്ങളായിരുന്നു അത്. 

‘‘രണ്ട് ദേശങ്ങള്ക്ക് സൗകര്യത്തിന് ഓരോ പേരുകൊടുത്തിട്ടുണ്ട്. വേറെവ്യത്യാസംന്നൂല്ല്യാ. എല്ലാംകൂടി അറ്യേണത് കിടയ്ക്കാട് ന്ന് പേരിലും...’’

ദേശങ്ങളുടെ പേര് മാധവേട്ടന്‍ പറഞ്ഞില്ല. വളഞ്ഞു തിരിഞ്ഞ തോട് കരയും വൃക്ഷങ്ങളുമുള്ള  പലയിടത്തൂടെ ഒഴുകിക്കൊണ്ടിരുന്നു. അവിടെ ചുവട്ടില്‍ നല്ല തണല്‍ ഉണ്ടായിരുന്നു. 

‘‘കിടയ്ക്കാട്ടെ മീംപിട്ത്ത കേന്ദ്രം പറേണത് അതാണ്. മീമ്പിട്ത്തക്കാരെല്ലാരും അവ്ടെണ്ടാവും..’’

മരച്ചോട്ടില്‍ ചോറ്റുംപാത്രങ്ങളും ഇലകളും ചിതറി കിടന്നിരുന്നു. മീന്‍പിടുത്തമെന്നത് കാലത്ത് മുതലുള്ള ഒരുതൊഴിലാണെന്ന് സിദ്ദുവിന് മനസ്സിലായി. ആ ഭാഗത്ത് തോടിന് വിസ്തൃതിയും വെള്ളവുമുണ്ടായിരുന്നു. വലിയ ഒരു കുളംപോലെ. പടവുകള്‍ ഉണ്ടായിരുന്നെങ്കിലും ആരുമവിടെ കുളിക്കാറില്ലെന്നു തോന്നുന്നു. അഞ്ചെട്ടുപേര്‍ ആ വെള്ളത്തില്‍ നടന്നും നീന്തിയും മുങ്ങിയും പൊങ്ങിയുമൊക്കെ കാണപ്പെടുന്നുണ്ടായിരുന്നു. ചിലര്‍ വലയെറിഞ്ഞു വലിച്ചെടുക്കുന്നു. മറ്റുചിലര്‍ വെള്ളത്തില്‍, ഏകാഗ്രതയോടെ കാലിനടിയിലൂടെയും മറ്റും കൈകള്‍ തപ്പി നീങ്ങിക്കൊണ്ടിരുന്നു. വേനലില്‍ ചൂടകറ്റാന്‍ വെള്ളത്തില്‍ കിടക്കുന്ന പോത്തുകളെന്നേ തോന്നൂ.

 

മരത്തണലില്‍ എത്തിയപ്പോള്‍ ഒന്നിരുന്നാല്‍ കൊള്ളാമെന്ന് സിദ്ദുവിന് തോന്നി. അവിടെയുള്ള അഞ്ചാറു കൂടകളില്‍ വലുതും ചെറുതുമായി മീനുകള്‍ പിടച്ചുചാടി ശ്വാസം കിട്ടാനായി പാടുപെടുന്നുണ്ടായിരുന്നു.

മാവും പ്ലാവുമായിരുന്നു കൂടുതലും അവിടെ. മാങ്ങകള്‍ വെള്ളത്തില്‍ ചീഞ്ഞുപൊങ്ങി കിടപ്പുണ്ട്. കാര്യമായി നോട്ടമൊന്നുമില്ലാത്ത ഒരു പറമ്പായിരുന്നു അപ്പുറം. വേലിയായി ശീമക്കൊന്ന തഴച്ചുവളര്‍ന്നിരുന്നു. ആ പാടത്ത് ഒറ്റപ്പെട്ട ഒരു ദ്വീപുപോലെ ആ സ്ഥലം കിടന്നു. അവിടേയും അങ്ങിങ്ങ് പഞ്ഞി പൊഴിച്ചു പൂളകള്‍ നിൽക്കുന്നു. പാടത്തും പറമ്പിലും ഒഴുകി നീങ്ങുന്ന തോട്ടുവെള്ളത്തിലും പഞ്ഞി കിടപ്പുണ്ടായിരുന്നു. 

‘‘എന്താ വറീതേ കാര്യായിട്ട് മീനൊന്നും കിട്ടീല്ല്യാന്ന് തോന്ന്ണൂ..’’

‘‘ങ്ഹാ, മാധവേട്ടനോ?.. കുറേ ആയല്ലോ കണ്ടിട്ട്.... ഇന്നു വല്യേ ഗുണംല്ല്യാ. മീനൊക്കെ പാടത്ത്ക്ക് ചാടി കൊറേ...’’

‘‘പൂട്ടണോടത്ത് നല്ല തെരക്കാ. നന്നായി കിട്ട്ണ്ണ്ണ്ട്ന്ന്  തോന്ന്ണൂ. പാടത്തൊന്ന് എറങ്ങാര്‍ന്നില്യെ ..’’

‘‘ഓ. അതോണ്ടൊന്നും കാര്യംല്ല്യാന്നേ. അതെത്രദിവസം ണ്ടാവും. നമ്മ്ക്ക്ള്ളത് എന്നും ഇവിടേണ്ടാവും....

അത്രയും പറഞ്ഞ് അയാള്‍ വെള്ളത്തിലേക്ക് താണു. വെള്ളം കലങ്ങി മറഞ്ഞിരുന്നു. അടിയില്‍ നിന്നും ചേറ് തിളച്ചുവരുന്നതുപോലെ. മറ്റുള്ളവര്‍ മിണ്ടാന്‍ നിന്നാല്‍ തങ്ങളുടെ പണി തെറ്റുമെന്നമട്ടില്‍ മറ്റൊന്നും ശ്രദ്ധിച്ചില്ല.

‘‘എന്നും ഇവിടെന്നെ ഒരേ സ്ഥലത്ത് മീന്ണ്ടാവ്വോ?’’ സിദ്ദുവിന് അതായിരുന്നു സംശയം. 

‘‘അത് ഒരു അത്ഭുതാ. ണ്ടാവുംന്നാ അനുഭവം. ഇവിടെ വെള്ളത്തിന് നല്ല തണുപ്പും ആഴോം ചേറുംണ്ട്. ഡാമ്ന്നും പാടത്ത്ന്നുക്കെ മീനോള് നീന്തി എത്തണത് ഇവ്ട്യാ. ഇവ്ടെ വന്നാപിന്നെ എങ്ക്ടും പൂവില്ല്യാ. അവറ്റകളുടെ ജീവിതചക്രം തോടിന്‍റെ ഈ തണുപ്പില് വെച്ച് പൂര്‍ത്ത്യാവും. കിടയ്ക്കാട്ട്ക്ക്ള്ള മീനെല്ലാം ഈ ഭാഗത്ത്ന്ന് കിട്ടും. കുഞ്ഞ് നാളേം മറ്റന്നേം വന്നു നോക്കിക്കോ. ഇവര് ഇവിടെണ്ടാവും. ഓരോരുത്തര്‍ക്കും ഓരോ കൂടേല് ആവശ്യത്തിന്ള്ള മീനുണ്ടാവും. ഇന്നുംന്നലേം തൊടങ്ങീതല്ലാ. കാലം കൊറേ ആയി...’’

ആ ചരിത്രം കേട്ട് സിദ്ദു ഇടയ്ക്കിടെ തിരിഞ്ഞുനോക്കി മാധവേട്ടനു പിറകെ നടന്നു.

തലയും വാലും കാണിക്കാത്ത വലിയൊരു പെരുമ്പാമ്പിനെപോലെ പാടത്തൂടെ തോട് നീണ്ടു കിടന്നു. അതിന്‍റെ ഒരറ്റം ചെന്ന് തൊടുന്നത് ആനയുടെ പൃഷ്ഠം പോലുള്ള കുന്നില്‍ ചെരുവിലാണ്. 

‘‘ഈ തോട്ടുവക്കത്തൂടെ വിടാതെ പിടിച്ചാ നേരെ ചെന്ന് ഡാമിലെത്താം. അങ്ങ്ട് എത്തണേനു മുന്നേ ഒരഞ്ചാറു അണലീന്യോ കരിമൂര്‍ഖന്യോ ചവിട്ടേണ്ടിവരും. വേണോ?..’’

 

മാധവേട്ടന്‍ സിദ്ദുവിന്‍റെ മറുപടിക്കു നിന്നില്ല. വേണമെന്നുപറഞ്ഞാലും അയാളാവഴി പോകില്ലെന്നുറപ്പായിരുന്നു. തിരിഞ്ഞു നടക്കുന്നതിനിടയില്‍ അവന്‍ ദിക്കുകള്‍ നോക്കി മനസ്സിലാക്കി. തെറ്റിയിട്ടില്ല. കിഴക്കേ അതിരിലാണ് രുധിരാഴി ഡാമു കിടക്കുന്നത്. ശേഷിക്കുന്നത് തെക്കേ അതിരാണ്. സൂര്യന്‍ ചെമപ്പു കലര്‍ന്ന് വിശ്രമത്തിന് തയ്യാറെടുക്കുന്നു. അസ്തമയത്തിന് മുന്‍പ് തെക്കേ അതിരില്‍ തൊടണം.

 

സൂര്യന്‍ മറയുന്നതിനു മുന്‍പ് സിദ്ദു കണക്കുകൂട്ടിയ പടി തെക്കേ അതിരില്‍ അവരെത്തി. പാടത്തേക്കുപോയ വഴിതന്നെ അവര്‍ കവലയിലെത്തി. സ്കൂള്‍ വിട്ടു മിക്കവരും പോയിക്കഴിഞ്ഞിരുന്നു. ക്ലാസ്സില്‍ നിന്ന് അവസാനമിറങ്ങി അവിടവിടെ തട്ടിപറ്റി വീട്ടിലേക്ക് പോകണോ വേണ്ടയോ എന്ന് സംശയിച്ച് ചില കുട്ടികള്‍ നടപ്പുണ്ടായിരുന്നു. സ്കൂളിന് മുന്നിലൂടെ സൈക്കിളില്‍ നീങ്ങുമ്പോള്‍ സിദ്ദു വീടിനു മുറ്റത്തേക്ക് നോക്കി. ആരുമില്ല.

 

പാടത്തുനിന്നും നോക്കിയപ്പോള്‍ കണ്ട റോഡിലൂടെ സൈക്കിള്‍ അതിവേഗം നീങ്ങി. കാറ്റിന് ശക്തി കുറവായിരുന്നു. എന്നിട്ടും അന്തരീക്ഷത്തില്‍ പഞ്ഞിക്കു കുറവൊന്നുമില്ല. കുറേ ദൂരം കഴിഞ്ഞപ്പോള്‍ റോഡിനടിയിലൂടെ ഒരു പാലത്തിന്‍റെ സുരക്ഷിതത്വത്തില്‍ തോട് ഒഴുകി നീങ്ങുന്നുണ്ട്. സിദ്ദു സൂക്ഷിച്ചുനോക്കി. തോട്ടിന്‍ കരയിലും പാലത്തിന്മേലും രണ്ടുമൂന്നുപേര്‍ ചൂണ്ടയിട്ടിരിപ്പുണ്ട്. മാധവേട്ടന്‍ പറഞ്ഞ കിടയ്ക്കാട്ടെ മത്സ്യബന്ധനകേന്ദ്രത്തില്‍ നിന്നും ആയുസ്സിന്‍റെയും കര്‍മ്മഫലത്തിന്‍റെയും കാരുണ്യത്തില്‍ രക്ഷപ്പെട്ടുവരുന്ന മീനുകള്‍ക്കായി ചൂണ്ടയില്‍ കോര്‍ത്ത മണ്ണിരയുമായി ചൂണ്ടക്കാരന്‍ കാത്തിരിക്കുന്നു. അവിടെ നിന്നും രക്ഷപ്പെടുന്ന മീന്‍ എവിടെ ചെന്നെത്തും. പുഴയിലോ? കടലിലോ? അവിടെ അവയെ കാത്തിരിക്കുന്നത്, യന്ത്രവത്കൃത ബോട്ടുകളും വലകളുമല്ലാതെ മറ്റെന്താണ്? മീനിന്‍റെ ജീവിത ചക്രമെന്നത്, ഏതെങ്കിലും ഒരാറില്‍ പൊട്ടിമുളച്ച് വളര്‍ന്ന് മുഴുത്ത് ഏതെങ്കിലും ഒരാറ്റിലോ തോട്ടിലോ വലയില്‍ കുടുങ്ങിയോ, ചൂണ്ടയില്‍ കുരുങ്ങിയോ പൂര്‍ത്തിയാകാത്ത മറ്റൊന്നല്ല തന്നെ. നോക്കിനിൽക്കെ തോട്ടുവള്ളത്തില്‍ നിന്നും വല്ലാത്തൊരു ഊക്കില്‍ ഒരു ചൂണ്ട മുകളിലേക്ക് ഉയര്‍ന്നു. അതിന്‍റെ അറ്റത്തെ, ചൂണ്ടക്കൊളുത്ത് ചങ്കുകുത്തി പിളര്‍ന്ന, വിഫലമായി കുതറി പിടക്കുന്ന വലിയൊരു ബ്രാലിനെ കുരുക്കിയിരുന്നു. ഒരു മീനിന്‍റെ ജീവിതചക്രം പൂര്‍ത്തിയാകുന്ന നിമിഷം.

 

തോടും പാടവും പുറകില്‍ റോഡിനപ്പുറത്ത് മാഞ്ഞപ്പോള്‍ വീണ്ടും കാടുതന്നെയായി. പെട്ടെന്ന് സന്ധ്യ വന്നെത്തിയതുപോലെ അവിടമാകെ ഇരുണ്ടുകിടന്നിരുന്നു. കാടും മൊന്തയും ഉമ്മറം കയ്യടക്കിയിരുന്ന, ചുമരുകള്‍ നരച്ച പഴയ ഒരു പള്ളിക്കു മുന്നിലൂടെ റോഡ് നീണ്ടു കിടന്നു. ഒരൊറ്റനോട്ടത്തില്‍ കാര്യമായി ആള്‍സഞ്ചാരമൊന്നും ഇല്ലാതെ അന്യം മുടിഞ്ഞു കിടക്കുന്ന ഒരിടമാണ് അവയെന്നേ തോന്നിയുള്ളൂ. എന്നാല്‍ ആ സമയം പള്ളിയുടെ പുറകില്‍ നിന്ന് വെളുത്ത ളോഹയിട്ട ഒരു പാതിരി പുറത്തേക്ക് വന്നു. മാധവേട്ടന്‍ നിര്‍ത്തുമെന്നും എന്തെങ്കിലും സംസാരിക്കുമെന്നും സിദ്ദുവിന് തോന്നിയെങ്കിലും അതുണ്ടായില്ല. പാതിരിക്കും അയാളെ കണ്ടപ്പോള്‍ പ്രത്യേകിച്ചൊരു ഭാവഭേദവും ഉണ്ടായില്ല.

 

‘‘കിടയ്ക്കാടിനു കിട്ടിയ ശാപങ്ങളുടെ സ്മാരകമാണ് ഈ പള്ളി. അതുപോലെ തന്നെ ഒരമ്പലവുമുണ്ട്.’’

‘‘പള്ളിയും അമ്പലവും ശാപസ്മാരകങ്ങളോ?’’ സിദ്ദുവിനത് ചോദിക്കാതിരിക്കാനായില്ല.

‘‘ഭക്തിക്ക് ഏറ്റവും വളക്കൂറുള്ളത് മനുഷ്യന്‍റെ മനസ്സിലാണ്. ഭക്തിയേക്കാള്‍ ഉപരി മറ്റു ചില കാര്യങ്ങളായാല്‍ ഒരിക്കലും അവിടെ ഒന്നും വളരില്ലെന്നു മാത്രം. ഞാന്‍ പറയാതെ തന്നെ കുഞ്ഞിനെല്ലാം മനസ്സിലാകും. കുറച്ചുകൂടി കഴിയട്ടെ.’’

സൈക്കിളിന് പുറകിലിരുന്ന് സിദ്ദു തിരിഞ്ഞുനോക്കിയപ്പോള്‍ ആ പാതിരിയെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല. അവിടേക്കു തന്നെ ആകെയൊന്നു പരതി നോക്കുന്നതിനിടയില്‍, ആള്‍ പൊക്കമുള്ള നീളന്‍ പുല്ലുകള്‍ക്കിടയില്‍ വെള്ളനിറം ഇളകുന്നതുകണ്ടു. നീണ്ടുവളര്‍ന്നു പുല്ലുകള്‍ക്കിടയിലൂടെ അയാള്‍ ഒളിഞ്ഞിരുന്ന് നോക്കുന്നത് തങ്ങളെയല്ലാതെ മറ്റാരെയുമല്ലെന്ന് സിദ്ദുവിന് മനസ്സിലായി. എന്തിനാണാ പാതിരി ഒളിച്ചിരുന്ന് നോക്കുന്നതെന്ന് അവനു മനസ്സിലായില്ല.

 

ടാര്‍ റോഡ് ഇടതുവശത്തോട്ടും വലതുവശത്തോട്ടും  നേരെ മുകളിലേക്ക് ഒരു കയറ്റമായും പകുത്തു കിടന്നു. ഇടതുവശത്തുള്ള റോഡിലൂടെയാണ് തങ്ങള്‍ ഇന്നലെ വന്നതെന്ന് സിദ്ദു തിരിച്ചറിഞ്ഞു. വലതു വശത്തേക്കുള്ള റോഡിനുനേരെ ഒരു കുന്തം ‘രുധിരാഴി ഡാമി’ലേക്ക്  കുതിച്ചു നില്ക്കുന്നു. മാധവേട്ടന്‍ നേരെ കയറ്റത്തിലേക്ക് സൈക്കിള്‍ ചവിട്ടി. ഇരുവശവും പേരിനുമാത്രം വീടുകള്‍ ഉണ്ടായിരുന്ന ആ ഭാഗത്ത് കാടിന് കൂടുതല്‍ ഗാഢത തോന്നിയിരുന്നു. അവിടം പൂളയല്ലാതെ മറ്റൊരു മരവും ഉണ്ടായിരുന്നില്ല. എതിരെനിന്ന്, ഒരു ടെമ്പോവാന്‍ കിതച്ചിറങ്ങിവന്നു. അതിനു പിറകെ മറ്റൊന്ന്, അങ്ങനെ മൂന്നെണ്ണം. കയറ്റം കഴിഞ്ഞ് റോഡ് നിരപ്പായ ഇടമെത്തി. അവിടെ ഏറെ വിസ്തൃതിയില്‍ ഓലമേഞ്ഞ ഒരു പുരയുണ്ടായിരുന്നു. അതിനകം നിറയെ വെളുത്തുകണ്ടു. അകത്ത് അങ്ങോട്ടുമിങ്ങോട്ടും സ്ത്രീകള്‍ നടക്കുന്നു. 

 

‘‘ഇതാണ് പഞ്ഞിപ്പുര. കിടയ്ക്കാട്ടിലെ പഞ്ഞികള്‍ മുഴുവനും  ഇവടെ എത്ത്ണു. അതിലെ പഞ്ഞി പിച്ചി വേര്‍ത്തിരിച്ച് കുരു മാറ്റിവെക്കുന്നതാണ് ആ കാണുന്ന പെണ്ണുങ്ങള്‍ടെ പണി.’’

ഓലപ്പുരക്കകത്തല്ലാതെ, പുറത്തും ധാരാളം പൂളകായകള്‍ കിടന്നിരുന്നു. അവിടെ ചിലര്‍ ഇരുന്ന് പൂളക്കായ തട്ടിപ്പൊട്ടിച്ച് പഞ്ഞിവലിച്ചെടുക്കുന്നു. ഒറ്റനോട്ടത്തില്‍ കണ്ടു കണക്കാക്കുന്നതേക്കാള്‍ പണിക്കാര്‍ ഏറെയുണ്ട് അവിടെയെന്നു സിദ്ദുവിന് തോന്നി. ഓലപുരയ്ക്കു സമീപമുള്ള പൂളമരങ്ങളില്‍ പൂളകായകള്‍ വിളഞ്ഞുനിന്നിരുന്നു. ആകാശത്തേക്കുനീണ്ടു വിരിഞ്ഞുനില്ക്കുന്ന  പൂളക്കൊമ്പിലിരുന്ന് ആണുങ്ങള്‍ പൂളക്കായകള്‍ വലിച്ച് താഴെയിടുന്നുണ്ട്. അവര്‍ മുന്നിലേക്ക്  ചവിട്ടി. പിന്നേയും അതുപോലെയുള്ള അഞ്ചാറുപുരകള്‍ കണ്ടു. ടാര്‍ റോഡ് ചെറുതായി മണ്‍റോഡായി. അത് താഴേക്ക് കുത്തനെ കിടന്നു. അവിടെനിന്നുനോക്കിയാല്‍ പൂളകള്‍ക്കിടയില്‍ ചെറിയ ഓലക്കുടിലുകൾ കാണാം. അവിടെ എത്തിയപ്പോള്‍ മാധവേട്ടന്‍ സൈക്കിള്‍ നിര്‍ത്തി.

 

‘‘മറ്റെന്തൊക്കെണ്ടെങ്കിലും കിടയ്ക്കാട്ന്ന് പറഞ്ഞാ ഈ പൂളക്കാടാണ് പ്രധാനം. ഈ പഞ്ഞീം പൂളക്കായേം ആണ് ഇവിടത്തെ പ്രധാന വരുമാനം. പഠിപ്പും വിവരോം ഇല്ലെങ്കിലും ഈ കിടയ്ക്കാട് ജനിച്ചോര്‍ക്ക്, ഈ പൂളങ്ങനെ ഉള്ളോടത്തോളം കാലം അന്നത്തിന് ഒരു മുട്ടുംണ്ടാവില്ല. പൂളേല് കേറിയോ, പൂളക്കായ പറക്കിയോ, പഞ്ഞികുത്തിപ്പൊളിച്ചെടുത്തോ, പഞ്ഞി അടിച്ചുവാരി കൂട്ട്യോ വയറ്റിലേക്കുള്ളത്ണ്ടാക്കാം. അതന്ന്യാ ഈ നാടിന്‍റെ ഒരു ശക്തി....’’

മാധവേട്ടന്‍ സൈക്കിള്‍ തിരിച്ചു. അവര്‍ താഴേക്ക് തിരിച്ചു ചവിട്ടി. ചുറ്റും ഇരുള്‍ പരന്നുകഴിഞ്ഞിരുന്നു. 

 

‘‘കിടയ്ക്കാട്ട് പ്രധാനമായിട്ട് കാണണ്ട സ്ഥലങ്ങളൊക്കെ കണ്ടു. കുഞ്ഞുപറ, ഈ നാടിഷ്ടപ്പെട്ട്വോ. ഇവിടെ നിക്ക്ണ്വേ, പോണ്വോ’’

‘‘കണ്ടിടത്തോളം ഇഷ്ടപ്പെട്ടു. ഞാന്‍ പറഞ്ഞില്ലേ, പോകുന്നതും നില്ക്കുന്നതും തീരുമാനിക്ക്വാ അച്ഛന്‍റെ ട്രാന്‍സ്ഫറാന്ന്. അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് എടുക്കാനായിട്ട് തീരുമാനങ്ങളൊന്നുമില്ല..’’

‘‘ന്നാ ശരി, കുഞ്ഞിനെ കിടയ്ക്കാട്ടുകാരനാക്കാം. ഇത്തിരിവൈകീച്ചാലും ശരി, ഡാമില് പോയി ഒന്നു കുളിക്ക്യാന്നെ. എന്താ....’’

‘‘നേരം ഇരുട്ടാവുന്നു’’

‘‘ഒരു കൊഴപ്പംല്ല്യ... ഞാനല്ലേ വിളിക്കണെ. ന്‍റെ കൂടെ വര്മ്പൊകിട്ടണ സുഖോം സന്തോഷോം സമാധാനോം വേറെ ആര്ടെ കൂടെ പോയാലും കിട്ടില്ല്യ. പിന്നെ ഈ ഇരുട്ട് നോക്കണ്ടാ. കുറച്ചുകഴിഞ്ഞ് ചന്ദ്രന്‍ വരും. ഇന്ന് വെളുത്ത വാവല്ലേ. നിലാവത്ത് നിന്ന് കുളിക്കാന്‍ നല്ല സുഖായിരിക്കും.’’

 

സിദ്ദു ആകാശത്തേക്ക് നോക്കി. അവിടെ പൂര്‍ണ്ണവൃത്തമായി ചന്ദ്രന്‍ വന്നു കഴിഞ്ഞിരുന്നു, ഇരുളിന് കട്ടി കൂടുമ്പോള്‍ വിശ്വരൂപം പ്രദര്‍ശിപ്പിക്കാന്‍ എന്ന മട്ടില്‍. സിദ്ദു എതിരു പറഞ്ഞില്ല. മറിച്ചുപറഞ്ഞാലും മാധവേട്ടന്‍ തന്നെ വിടില്ലെന്ന് അവന്നറിയാമായിരുന്നു. അതുകൂടി അയാള്‍ പറഞ്ഞപോലെ ആകട്ടെ എന്നവന്‍ നിശ്ചയിച്ചു. ടാര്‍ റോഡ് മൂന്നായി കിടന്നിടത്ത് നിന്നും രുധിരാഴിയിലേക്കുള്ള കുന്തത്തിനു പിറകെ സൈക്കിള്‍ നീങ്ങി. അവന്‍ തങ്ങള്‍ ഇറങ്ങിപ്പോന്ന വഴിയിലേക്ക് നോക്കി. കിടയ്ക്കാടിന്‍റെ വടക്കേ അതിരായ ആ പഞ്ഞിക്കാട്ടിലേക്ക്...

രാവെട്ടം വീണു കിടക്കുന്ന വഴിയിലൂടെ സൈക്കിള്‍ ചക്രം ഉരുണ്ടു. അപ്പോഴുള്ളത്, കാടിന്‍റെ മറവുകൊണ്ടുള്ള ഇരുളല്ലെന്നും നേരം രാത്രിയായെന്നും അവന് മനസ്സിലായി. മുകളില്‍, മരങ്ങള്‍ക്കിടയിലൂടെ പൂര്‍ണ്ണചന്ദ്രന്‍ തെളിഞ്ഞുവിളങ്ങുന്നു. ഒരു വശത്തെ കാടും റോഡിലെ  ചാന്ദ്രപ്രകാശത്തിന്‍റെ ധവളിമയും ചേര്‍ന്നപ്പോള്‍ തങ്ങള്‍നീങ്ങിക്കൊണ്ടിരിക്കുന്നത് ഏതോ ബ്ലാക്ക് ആന്‍റ് വൈറ്റ് സിനിമയുടെ അന്തരീക്ഷത്തിലൂടെയാണെന്ന് അവന് തോന്നി. നേര്‍ത്തകാറ്റില്‍, വെളുത്ത പ്രകാശത്തില്‍ ഗതികിട്ടാതലയുന്ന ആത്മാക്കളെപ്പോലെ പഞ്ഞിതുണ്ടുകള്‍. പൂളമരങ്ങള്‍ക്കിടയിലൂടെ കടന്നുപോകുന്ന കാറ്റ് സാവകാശം അവയെ ചാഞ്ചാടിച്ചു. വിജനമായ ഒരു ശവപ്പറമ്പില്‍, പ്രേതാത്മക്കളുടെ കല്പന പ്രകാരം കാവല്‍നില്‍ക്കുന്ന അനുചരവൃന്ദമാണ് അവയെന്ന് തോന്നിച്ചു. അവനില്‍ അല്പാല്പം ഭയം സംക്രമിക്കാന്‍ തുടങ്ങിയിരുന്നു. മാധവേട്ടനെ ഒന്നു കെട്ടിപ്പിടിക്കണമെന്ന് തോന്നി. അതിനായി മുന്നോട്ടാഞ്ഞ അവന്‍ ഭയന്നുവിറച്ചുപോയി. സൈക്കിളില്‍ അപ്പോള്‍ താന്‍ മാത്രമേയുള്ളൂവെന്ന് അവനറിഞ്ഞു. മുന്നിലെ സീറ്റില്‍ കൈകൊണ്ടു പരതിയപ്പോള്‍ അവിടം ശൂന്യമായിരുന്നു. എന്നിട്ടും സൈക്കിള്‍ മുന്നോട്ട്, ഒന്നു തെന്നുകപോലും ചെയ്യാതെ നീങ്ങിക്കൊണ്ടിരുന്നു. അവന്‍ എന്തിനോ പുറകിലേക്കും ഒന്നു നോക്കി. പിന്നിട്ടവഴി പുറകിലേക്ക് ഓടിപോകുന്നു. ഒരു നിമിഷം, ദംഷ്ട്രകളും നാക്കും നീട്ടി ആ പൂളകളെല്ലാം തനിക്കുനേരെ കുനിഞ്ഞു വരുന്നതവന്‍ കണ്ടു. അവന്‍ അലറിക്കരഞ്ഞ് മുന്നിലേക്കുതന്നെ തിരിഞ്ഞു. പൊടുന്നനെ സൈക്കിള്‍ നിന്നു. അവന്‍ മുന്നോട്ടാഞ്ഞു. 

 

‘‘എന്തിനാ കുഞ്ഞേ കരയണേ.... പേട്യാണ് ണ്ടോ?’’

 

നോക്കുമ്പോള്‍ ഒരുകാല്‍ നിലത്ത് ചവിട്ടി, സൈക്കിളില്‍ ഒന്നു ചാഞ്ഞുനില്ക്കുന്ന മാധവേട്ടന്‍. അവനില്‍ വല്ലാത്ത ഒരാശ്വാസം നിറഞ്ഞു. അവന്‍ നെടുതായി ഒന്നു ശ്വസിച്ചു. പൂളകള്‍ കാറ്റില്‍ സാവകാശം ആടിക്കൊണ്ടിരിക്കുന്നു. അവതന്നെ നോക്കി പരിഹസിക്കുകയാണെന്ന് അവനറിഞ്ഞു. അവനില്‍ ജാള്യമുണ്ടായി. എല്ലാം തന്‍റെ തോന്നലായിരുന്നില്ലേ എന്നവന്‍ സന്ദേഹിച്ചു. 

‘‘ഒന്നുംല്യാ മാമാ, നമുക്ക് പോകാം...’’

‘‘എവിടേയ്ക്കാ...? രുധിരാഴിയിലേക്കോ, തിരിച്ചോ?’’

‘‘ഡാമിലേക്കുതന്നെ...’’

 

തുടരും …

 

English Summary: ‘Kidaikattile Poolamarangal’ E-Novel written by P. Reghunath, Chapter 7

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com