ADVERTISEMENT

വായിക്കാനാവാതെ മനസ്സുകൾ

 

‘‘നീ പേടിച്ചുപോയോ ചെക്കാ?’’

പാഷൻ ഫ്രൂട്ട് ജ്യൂസ് കുടിച്ചുകൊണ്ട് റബേക്ക ടീച്ചർ എന്നെ ചുഴിഞ്ഞുനോക്കി. മുട്ടമഞ്ഞയുടെ കലക്കത്തിൽ ഉമിക്കരിപോലെ ചിതറിയ കറുത്ത അരി നിറഞ്ഞ ഗ്ലാസിലേക്കുനോക്കി ഞാൻ നിശബ്ദമിരുന്നു.

‘‘പേടിച്ചുകാണും. അല്ലെങ്കിൽ പനി വരത്തില്ലല്ലോ...,’’ടീച്ചർ ചിരിച്ചു,‘‘ ഞാൻ വിചാരിച്ചു, നീ നിർത്തിപ്പോയെന്ന്.’’

ഞാൻ ചിരിച്ചെന്നു വരുത്തി

‘‘കഥ തുടങ്ങിയതല്ലേയുള്ളൂ... ഇപ്പോളേ പേടിച്ചാ എവിടെച്ചെന്നു നിൽക്കും ചെക്കാ?’’ 

‘‘പേടിച്ചതൊന്നുമല്ല. ഇങ്ങോട്ടു വരുമ്പോഴേ ചെറിയ പനിക്കോളുണ്ടായിരുന്നു.’’

‘ചെക്കാ’ എന്ന വിളി ഒട്ടും സുഖകരമായി തോന്നിയില്ലെങ്കിലും ഞാൻ സൗമ്യമായിത്തന്നെ പ്രതികരിച്ചു.

‘‘അതുപോട്ടെ. എന്നെപ്പറ്റി ഇപ്പോൾ നിനക്കെന്താ തോന്നുന്നേ?’’ ഗ്ലാസ് വട്ടമേശപ്പുറത്തുവച്ച് റബേക്ക ടീച്ചർ മുന്നോട്ടാഞ്ഞിരുന്നു.

‘‘പ്രത്യേകിച്ചെന്തു തോന്നാൻ?’’ ഞാൻ നിർവികാരത അഭിനയിച്ചു.

‘‘കിളുന്നു പ്രായത്തിൽ അരുതാത്തതിന്റെ പിന്നാലെ പോയ പെണ്ണിനോട് അവജ്ഞ തോന്നുന്നില്ലിയോ?’’

‘‘പെണ്ണുങ്ങളുടെ കാര്യം എനിക്കു തിട്ടമില്ല. എങ്കിലും ഇതൊക്കെ എല്ലാരും ചെയ്യുന്നതായിരിക്കുമെന്നാ  തോന്നുന്നേ. ചിലർ മാത്രമേ തുറന്നുപറയത്തൊള്ളായിരിക്കും...’’

‘‘ഉം...ശരിയായിരിക്കും. പക്ഷേ, പാപ്പിയെപ്പോലൊരു അപ്പൻ എല്ലാവർക്കും കാണില്ല കുഞ്ഞേ....’’

ടീച്ചർ വീണ്ടും കസേരയിലേക്കു ചാഞ്ഞു. എത്രവേഗത്തിലാണ് ടീച്ചറുടെ ഭാവങ്ങൾ മാറുന്നതെന്ന കൗതുകം ശ്രദ്ധിച്ച് ഞാൻ പാഷൻ ഫ്രൂട്ട് നുണഞ്ഞിരുന്നു. അഞ്ചരയടി ഉയരത്തിലൊരു കറുത്ത ഉടൽ മുന്നിൽ മുളവടി വീശി നിൽക്കുന്നതു ഞാൻ കാണാതിരുന്നില്ല. പാപ്പിയുടെ ആർത്തിനിറഞ്ഞ കണ്ണുകളിൽ കാമത്തിന്റെ പന്തമെരിയുന്നുണ്ടായിരുന്നു. 

‘‘ജീവിതത്തിൽ ഒരു മനുഷ്യനു പ്രധാനമായി വേണ്ടതെന്താണ്?’’

ടീച്ചർ ചോദിച്ചു.

‘‘പണം.’’

ഞാൻപോലുമറിയാതെ നാവിൽനിന്നു പുറത്തുചാടിയ മറുപടി കേട്ട് അവർ ചിരിച്ചു.

‘‘പണം വേണ്ടതുതന്നെ. സംശയമില്ല പക്ഷേ, അതിലും പ്രധാനമായി ചിലതുണ്ട്.’’

‘‘സ്നേഹം...കരുതൽ...’’

‘‘അതിനേക്കാളും പ്രധാനപ്പെട്ടത്...?’’ ഞാൻ കൈമലർത്തി.

‘‘സംതൃപ്തി.’’

ഗ്ലാസ് താഴെവച്ച് ടീച്ചർ എഴുന്നേറ്റ് അഴിച്ചിട്ടിരുന്ന മുടി ചുമലിനുമുകളിലൂടെ മുന്നിലേക്കിട്ട് പിന്നാൻ തുടങ്ങി. ഈപ്രായത്തിലും മുടി തഴച്ചുവളരുന്നതെങ്ങനെയെന്നു ഞാൻ വിസ്മയിച്ചു.

‘‘സംതൃപ്തിയുണ്ടെങ്കിൽ ഏതു ജീവിതസാഹചര്യത്തിലും സന്തോഷത്തോടെ ജീവിക്കാം. പണം ഒരുപാടുണ്ടെന്നതിന്റെ പേരിൽ സംതൃപ്തിയുണ്ടാകണമെന്നില്ല. സ്നേഹം വാരിക്കോരി കിട്ടിയാലും അതുണ്ടാകില്ല. സംതൃപ്തീന്നു പറേന്നത് മനസ്സിന്റെ ഒരവസ്ഥയാണ്. എന്റപ്പന് അങ്ങനൊരു വികാരമില്ലായിരുന്നു. സംതൃപ്തി എന്തെന്ന് അങ്ങേരറിഞ്ഞിട്ടേയില്ല. രാവിലെ കപ്പയും മീനും കഴിക്കുമ്പോൾ ‘ഈ മീൻ പീരപറ്റിക്കാനായിരുന്നല്ലോടീ നല്ലത്... നശിപ്പിച്ചു കളഞ്ഞു’ എന്നു പഴി പറയും. അല്ലെങ്കിൽ, ‘കപ്പ വേവിച്ചു കുളമാക്കി’ എന്നു കുത്തും. പിറ്റേന്നു പീരവച്ചാൽ, ‘പീരയ്ക്കകത്ത് തേങ്ങ തിരുമ്മിയിടാൻ പ്രത്യേകം പറയണമായിരുന്നോടീ’ എന്നോ ‘ഇതിലും നല്ലത് കപ്പപ്പായസം വയ്ക്കുവായിരുന്നു’ എന്നോ ആയിരിക്കും പ്രതികരണം. പെണ്ണുങ്ങളുടെ കാര്യത്തിലും ഇതുതന്നെയായിരുന്നു അപ്പന്റെ സമീപനം. ഒരുത്തിയുടെ കൂടെ കിടക്കുമ്പോൾ വേറൊരുത്തിയായിരിക്കും മനസ്സിൽ. എത്രയോ തവണ ഞാനതൊളിച്ചുനിന്നു കേട്ടേക്കുന്നൂ. അവളാരുന്നെങ്കിൽ അങ്ങനെ ചെയ്തേനേ... ഇങ്ങനെ ചെയ്തേനേ... എന്നിങ്ങനെ പിറുപിറുത്തോണ്ടിരിക്കും.’’

‘‘ടീച്ചറുടെ അപ്പനെങ്ങനാ മരിച്ചത്?’’ എന്റെ ചോദ്യം ടീച്ചറെ പ്രകോപിച്ചു.

‘‘എന്റപ്പന്റെ ചാവെടുക്കാൻ എന്താ ഇത്ര തിടുക്കം? അല്ല... നീയെന്നതാ ഉദ്ദേശിച്ചത്?’’

‘‘ഇങ്ങനെ സംതൃപ്തിയില്ലാത്തവർ മരണക്കിടക്കയിൽ കിടന്നു നരകിച്ചിട്ടേ പരലോകത്തോട്ടു പോവാറുള്ളൂന്നു കേട്ടിട്ടുണ്ട്. അതുകൊണ്ടു ചോദിച്ചതാ.’’

ടീച്ചറുടെ ചുഴിഞ്ഞുനോട്ടം എന്നെ പരിഭ്രമിപ്പിച്ചു. ഞാൻ കൂടുതൽ വിശദീകരണത്തിനു നിർബന്ധിതനായി.

‘‘സ്വർണത്തിനോട് ആർത്തിയുള്ളവർക്ക് ഒരു സ്വർണമാല കൈയിൽ വച്ചുകൊടുത്താലേ അവസാനശ്വാസം പോകത്തുള്ളത്രേ... മണ്ണിനോടാണു കമ്പമെങ്കിൽ കൈയിൽ ഒരുപിടി മണ്ണ്.... അങ്ങനെ....’’

‘‘അങ്ങനെയാന്നെങ്കിൽ എന്റപ്പന്റെ കൈയിൽ പെണ്ണിന്റെ മുലയല്ലേടാ വച്ചുകൊടുക്കണ്ടേ?’’

അശ്ലീലച്ചിരിക്കൊപ്പം പാഷൻഫ്രൂട്ടിന്റെ അരിയും ടീച്ചർ പുറത്തേക്കു തുപ്പി. 

‘‘അങ്ങേരു മരിച്ചതും ഒരു കഥയാ... അതൊന്നും പറയാറായിട്ടില്ല. അതിനുമുൻപ് കുറേക്കാര്യങ്ങളു വേറെയുണ്ട്. കഥപറച്ചിലിന് അതിന്റേതായ രീതിയില്ലേ? അല്ല നോവലെഴുതുന്ന നിനക്കത് നന്നായറിയത്തില്ലേ?’’

ഞാൻ തലകുലുക്കി.

‘‘നോവലും ജീവിതവും തമ്മിലുള്ള വ്യത്യാസം എന്താന്നു മോഹനനു പറയാമോ?’’

വലിയൊരു പദപ്രശ്നം മുന്നോട്ടുവച്ച മട്ടിൽ ടീച്ചർ കണ്ണുകൊണ്ടൊരു കുസൃതികാട്ടി. അതു കണ്ടപ്പോൾ പെട്ടെന്ന് അവരുടെ പ്രായം അൻപതു വർഷം കുറഞ്ഞെന്നു തോന്നി.

‘‘നോവലിലുള്ളവരെ നമുക്ക് ഇഷ്ടംപോലെ നയിക്കാം. ഏതുവഴി വേണേലും കൊണ്ടുപോകാം. കൊല്ലുകപോലും ചെയ്യാം. ജീവിതത്തിൽ അതുപറ്റത്തില്ല.’’

ഞാൻ പറഞ്ഞുതീരുംമുൻപേ, ജീവിതത്തോടു മൊത്തമുള്ള കോപം പ്രകടിപ്പിക്കാനെന്നവണ്ണം,  മെടഞ്ഞുതീർന്ന മുടി ടീച്ചർ പിന്നിലേക്കു കുടഞ്ഞെറിഞ്ഞു.

‘‘അതൊക്കെ ജീവിതത്തിലും പറ്റും. നിനക്കറിയാൻ വയ്യാഞ്ഞിട്ടാ. കഥയെഴുത്തും ജീവിതോം തമ്മിൽ ഞാൻ കാണുന്ന വ്യത്യാസമെന്താന്നുവച്ചാൽ കഥയെഴുതുന്ന കോന്തന് കഥാപാത്രങ്ങളുടെയെല്ലാം മനസ്സിലിരിപ്പ് വായിക്കാം. പക്ഷേ, ജീവിതത്തിൽ കഴിയില്ല. എന്താ തർക്കമുണ്ടോ?’’

തർക്കം സുഖകരമല്ലാത്തതിനാൽ ഞാൻ മിണ്ടിയില്ല. ടീച്ചർ കുറേനേരം മിണ്ടാതെ കസേരയിൽ ചാഞ്ഞുകിടന്നു. ഞാൻ ജനാലയിലൂടെ ഗന്ധരാജൻ പൂക്കളിലേക്കു നോക്കിയിരുന്നു. തലേന്നത്തെ മഴയുടെ നനവ് ഇലപ്പച്ചയ്ക്ക് കൂടുതൽ തിളക്കം നൽകിയിരുന്നു. ഗന്ധരാജനും നന്ത്യാർവട്ടത്തിനുമപ്പുറം പുതിയൊരു ചെടികൂടി കുഞ്ഞാത്ത നട്ടുപിടിപ്പിച്ചിട്ടുണ്ട്. 

‘‘മോഹനാ... നീയെന്താ എന്റപ്പനെപ്പറ്റി മാത്രം ചോദിച്ചേ? എന്താ അമ്മച്ചിയെപ്പറ്റി ചോദിക്കാഞ്ഞേ?  റെയ്ച്ചലിനെപ്പറ്റി ചോദിക്കാഞ്ഞേ? നീയെന്തുതരം കഥയെഴുത്തുകാരനാ?’’

റബേക്ക ടീച്ചർ വീണ്ടും കണ്ണുകൊണ്ടു കുസൃതിച്ചിരി ചിരിച്ചു.

‘‘ജീവിതത്തിൽ ആരുടെയും മനസ്സു വായിക്കാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞതു കാര്യമായിട്ടാ. എന്റെ കൂടപ്പിറപ്പിന്റെ കാര്യം തന്നെ ഉദാഹരണം. ദിവസം മുഴുവൻ പുസ്തകോം കൊണ്ട് ചാമ്പച്ചോട്ടിൽ തപസ്സിരുന്ന അവളുടെ മനസ് ഞാൻ കരുതിയതുപോലെയേ അല്ലായിരുന്നു. അപ്പന്റെ മുളവടിക്കുമുന്നിൽ തലകുനിച്ചുനിന്ന അമ്മച്ചിയുടെ മനസ്സും എനിക്കു കാണാൻ പറ്റിയില്ല.’’

‘‘എന്താ അവർക്കു പറ്റിയത്?’’

എന്റെ ചോദ്യത്തിനുമുന്നിൽ ടീച്ചർ നിശബ്ദയായി. മനസ്സ് കൊച്ചോമിലേക്കു സഞ്ചരിക്കുകയാണെന്ന് പിടയുന്ന കണ്ണുകൾ ഓർമിപ്പിച്ചു. ഓർമകളുടെ ഭാരം എപ്പോഴത്തെയുംപോലെ അവരെ പിന്നെയും കസേരയിലേക്കു ചാരിക്കിടത്തി. ആളൊഴിഞ്ഞ കവലയിലെ പബ്ലിക് ലൈബ്രറിയുടെ പിന്നിലെ വരാന്തയിൽ സുന്ദരേശൻ മാഷിനോടു സംസാരിച്ചുനിൽക്കുന്ന റെയ്ച്ചലിനെ ഞാൻ കണ്ടു. റബേക്ക ടീച്ചറേക്കാൾ സുന്ദരിയായിരുന്നു അവൾ. നെറ്റിയിലെ ഗോപിപ്പൊട്ടും മേൽച്ചുണ്ടിനുമുകളിലെ മറുകും വ്യത്യസ്തമായൊരു ഗാംഭീര്യം നൽകി. കട്ടിക്കണ്ണടയിലൂടെ അവളെ ഉറ്റുനോക്കുന്ന സുന്ദരേശൻമാഷിന്റെ വിളറിയ കണ്ണുകളിൽ പ്രണയം കപ്പൽക്കൊടിയുയർത്തിയിരുന്നു.

‘‘ആദ്യമൊക്കെ പറഞ്ഞപ്പോൾ കഥ വായിച്ച് അവൾ മെനഞ്ഞെടുത്ത കഥാപാത്രമാണ് സുന്ദരേശൻമാഷെന്നു തോന്നി.’’

റബേക്ക ടീച്ചർ ദീർഘനിശ്വാസത്തോടെ പറഞ്ഞു. ജീവിച്ചിരിക്കുന്ന ഒരാളേക്കാൾ കഥകളിൽ മാത്രം കാണാൻ കിട്ടുന്നതരം ആദർശപുരുഷന്മാരുടെ സ്വഭാവമായിരുന്നു സുന്ദരേശൻമാഷിന്. ഒരിക്കലും കൊച്ചോമിന്റെ വെട്ടുവഴിയിലൂടെ നടക്കേണ്ടിയിരുന്നതല്ലാത്ത ഒരു ജീവിതം! താലൂക്കാപ്പീസിൽ ക്ലാർക്കായിരുന്ന അയാൾ ആലപ്പുഴയിൽനിന്നു സ്ഥലംമാറിയെത്തിയതാണ്. അക്ഷരങ്ങൾ തിന്നു വിശപ്പടക്കിയിരുന്ന അയാളെ, കുഗ്രാമത്തിലെ വായനശാലയിൽ പതിവായെത്തുന്ന പെൺകുട്ടി ആകർഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ജീവിക്കുന്നെങ്കിൽ അവളുടെകൂടെയെന്ന് ആദ്യകാഴ്ചയിലേ ഉറപ്പിക്കുകമാത്രമല്ല, ഒട്ടും കൂസാതെ അയാളതു തുറന്നുപറയുകയും ചെയ്തു. അയാളുടെ വാക്കുകളിലെ സത്യസന്ധത, കണ്ണുകളിൽ തിളങ്ങിയ സ്നേഹം, എല്ലാത്തിനുമുപരി അതു പറയുമ്പോൾ അയാൾ നെഞ്ചത്തു ചേർത്തുപിടിച്ചിരുന്ന വൈലോപ്പിള്ളിയുടെ ‘കടൽക്കാക്കകൾ’ എന്ന കവിതാസമാഹാരം... എല്ലാം അവളെ ആ നിമിഷം അയാളിലേക്കു വലിച്ചടുപ്പിച്ചു. അക്കാലത്ത് വൈലോപ്പിള്ളിക്കവിത വായിച്ചായിരുന്നു എന്നും റെയ്ച്ചൽ കിടക്കയിലേക്കു വീണിരുന്നത്. അതറിഞ്ഞ സുന്ദരേശൻമാഷ് ‘കന്നിനാളിലേ ഗ്രാമസംഗീത കിന്നരൻ താലികെട്ടിയ തന്വി’ എന്നു വിളിച്ച് അവളെ കളിയാക്കിയിരുന്നു. 

 

അട്ടിയടുക്കിയ പുസ്തകങ്ങൾക്കിരുപുറവുമിരിക്കുന്ന തങ്ങളെ അവളും അയാളും ഒരേപോലെ സ്വപ്നംകാണുകയും പുസ്തകക്കെട്ടിന്റെ ഏറ്റവും മുകളിലിരുന്നത് വൈലോപ്പിള്ളിയോ എൻ.എൻ.കക്കാടോ എന്നതിനെച്ചൊല്ലി തർക്കിക്കുകയും ചെയ്തു. അവൾ വായിച്ചുമടക്കിയ പുസ്തകം അയാളും അയാൾ വായിച്ച പുസ്തകം അവളും സ്വപ്നത്തിൽ വായിക്കാനെടുത്തു. അവളുടെ മടിയിൽക്കിടന്ന് അയാൾ കവിതയെഴുതി. അയാളെഴുതിയ കവിത അവൾ ഈണത്തിൽ ചൊല്ലി. വാറ്റുചാരായത്തിന്റെ കുമുകുമാ മണവുമായി പാപ്പി ഒരുനാൾ അപ്രതീക്ഷിതമായി വായനശാലയിലേക്കു കയറിച്ചെന്നതോടെ കവിത കടുംനിറം വീണു കലങ്ങി.

 

‘‘പുത്തകം കൊടുത്ത് പെൺപിള്ളേരെ വലയിലാക്കുന്നോടാ വരുത്തൻ നാറീ...’’

അയാൾ സുന്ദരേശൻ മാഷിനെ മുളവടിത്തുമ്പുചൂണ്ടി സ്തംഭിപ്പിച്ചു നിർത്തി. സുന്ദരേശൻമാഷും തിരിച്ചെന്തൊക്കെയോ പറയാതിരുന്നില്ല. പക്ഷേ, അയാളുടെ നാവിലൊട്ടിയതെല്ലാം കാവ്യഭംഗിയുള്ള വാക്കുകളായിരുന്നു. അതുകേട്ടപ്പോൾ പാപ്പിക്ക് കലിയിരമ്പി.

 

‘‘വായിക്കൊള്ളാത്തതു പറഞ്ഞു പേടിപ്പിക്കാൻ നോക്കുന്നോ... എന്റെ കൊച്ചിന്റെ പിന്നാലെ നടക്കുന്നത് ഇന്നത്തോടെ നിർത്തിക്കോണം. ഇല്ലെങ്കിൽ...’’

മുളവടിമുന സുന്ദരേശൻമാഷിന്റെ കഴുത്തിലെ മുഴയിൽ വന്നു തറഞ്ഞു. അന്നുരാത്രി അയാൾ ആലപ്പുഴയ്ക്കു വണ്ടിപിടിച്ചു. പോകുംമുൻപ് ‘തുടുവെള്ളാമ്പൽ പൊയ്കയല്ല ജീവിതം’ എന്നു കുനുകുനാ എഴുതി ഒപ്പുവച്ച കത്ത് ആരുടെയോ വശം റെയ്ച്ചലിനു കൊടുത്തയച്ചു. അതുമായി ചെന്നവനെ പാപ്പി ഒറ്റയടിക്കു നിലത്തുവീഴ്ത്തി.

‘‘ഈ നാണംകെട്ടവനെയാണോടീ നീ പ്രേമിച്ചേ?’’

ഒരു കൈയിൽ കത്തുയർത്തിപ്പിടിച്ച്, ഉച്ചയുറക്കത്തിൽനിന്ന് റെയ്ച്ചലിനെ തട്ടിയുണർത്തി അയാൾ അലറി.

‘‘എന്താ സുന്ദരേശൻചേട്ടനു കുഴപ്പം?’’റെയ്ച്ചൽ ചോദിച്ചു.

‘‘നിന്നെ ഇട്ടേച്ച് അവൻ മുങ്ങി.’’ ഞാൻ വിശ്വസിക്കില്ല.

‘‘ഇന്നാ ഇതു വായിച്ചുനോക്ക‍്.’’

പാപ്പി കത്ത് അവൾക്കു നീട്ടിയെങ്കിലും വായിച്ചുതീരുംമുൻപേ തട്ടിപ്പറിച്ചെടുത്തു.

‘‘ആണാണോടീ അവൻ... നീ നോക്കീട്ടൊണ്ടോ അവന്റെ തൂക്കുകട്ട?’’

‘‘ച്ഛേ...’’ റെയ്ച്ചൽ മുഖം ചുളിച്ചു.

‘‘എന്താടീ അതുകേട്ടപ്പോ നിനക്കൊരു അരുതായ്ക...’’

പാപ്പി അവളുടെ കൈക്കുപിടിച്ചുവലിച്ച് അരികിലേക്കു ചേർത്തുനിർത്തി. വാറ്റുചാരായത്തിന്റെ ഗന്ധം അവളെ ചുഴ്ന്നു. 

‘‘ഈ മൊലേം കാണിച്ചാന്നോടീ നീ അവനെ വീഴ്ത്തിയേ? എങ്കിൽ ഞാനിതിപ്പോ അറുത്തെടുക്കും.’’

പിൻകാൽകൊണ്ട് അയാൾ വാതിൽ തൊഴിച്ചടച്ചു കൊളുത്തിട്ട് അവളുടെ മുലയിൽ കയറിപ്പിടിച്ചു. നിലവിളി പുറത്തേക്കു ചിതറുന്നതിനുമുൻപ് കരുത്തുറ്റ കൈകൾ വായപൊത്തി.

‘‘ഇത്ര വലുതായെന്നു ഞാനറിഞ്ഞില്ലല്ലോടീ...’’

പാപ്പിയുടെ കൈകളിൽ മുലകൾ ഞെരിഞ്ഞുടഞ്ഞു. വേദനകൊണ്ട് അവളലറി. കാൽവിരലിൽ പൊങ്ങിയുയർന്നു. പക്ഷേ, ശബ്ദം അവളുടെ ഉള്ളിൽ ചുഴിതിരിഞ്ഞമങ്ങി. പുല്ലു ചെത്താൻ പോയ ഏലിയാമ്മയോ മുടിയൻകുന്നിൽ ഞാവൽപ്പഴം പെറുക്കുന്ന റബേക്കയോ ഒന്നു വന്നെങ്കിലെന്ന് അവൾ കരഞ്ഞുപ്രാർഥിച്ചു.

 

‘‘പിടയ്ക്കാതെടീ.... അപ്പനാന്നൊന്നും വിചാരിക്കണ്ടാ... ഈ ലോകത്ത് ആണും പെണ്ണുമെന്നു രണ്ടിനങ്ങളേയുള്ളൂ... നീ കോഴിയേം താറാവിനേമൊക്കെ കണ്ടിട്ടില്ലിയോ...’’

പാപ്പി അവളെ വരിഞ്ഞുമുറുക്കി. അയാളുടെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ തൊടുന്നതിനുതൊട്ടുമുൻപ് എവിടെനിന്നോ ഉള്ളിൽ ഇരച്ചെത്തിയ ഊർജപ്രവാഹത്തിൽ അയാളിൽനിന്നു കുതറി വാതിൽ ചവിട്ടിത്തുറന്ന് റെയ്ച്ചൽ പുറത്തേക്കോടി. ‍അവളുടെ ജീവിതത്തിൽനിന്നുതന്നെയുള്ള രക്ഷപ്പെടലാണതെന്ന് പാപ്പിയറിഞ്ഞില്ല. സന്ധ്യമയങ്ങിയിട്ടും റെയ്ച്ചലിനെ കാണാഞ്ഞ് ഏലിയാമ്മ ചാമ്പച്ചോട്ടിൽ ചെന്ന് മൂക്കുപിഴിഞ്ഞു. 

‘‘ഇപ്പെണ്ണിങ്ങനെ വായനാശേൽ കുത്തിയിരുന്നാൽ നാട്ടുകാരെന്തു വിചാരിക്കും? നീ പോയി വിളിച്ചോണ്ടുവാടീ...’’

ഏലിയാമ്മയുടെ വാക്കുകൾ റബേക്ക ശ്രദ്ധിച്ചതേയില്ല. സുന്ദരേശൻമാഷ് റെയ്ച്ചലിനെ വിവാഹം കഴിക്കുന്നത് അവൾക്കും ഇഷ്ടമായിരുന്നു. രണ്ടും നിരുപദ്രവജീവികൾ. കഥ വായിച്ചും കവിത എഴുതിയും അങ്ങു ജീവിച്ചുപൊയ്ക്കൊള്ളും എന്ന് അവൾ സമാധാനിച്ചു. പക്ഷേ, ഏലിയാമ്മയ്ക്കു സമാധാനം നഷ്ടപ്പെട്ടിരുന്നു. അവർ റെയ്ച്ചലിന്റെ വരവുകാത്ത് വരാന്തയിൽ ഒരേ ഇരിപ്പിരുന്നു. ഇരുട്ടുവീഴാൻ തുടങ്ങിയപ്പോൾ പതിവില്ലാതെ പാപ്പി നേരത്തേവന്നു. അയാൾ അതിരറ്റു മദ്യപിച്ചിരുന്നു. 

‘‘എടീ... ഇന്നാ ഇതു കുടംപുളിയിട്ട് വായ്ക്കുകൊള്ളാവുന്നപോലെ എന്തേലും ഒണ്ടാക്ക്.’’

ഈർക്കിലിൽ കോർത്തിട്ടിരുന്ന വരാലുകൾ ഇനിയും പിടപ്പ് മാറാത്ത കണ്ണുകളിലൂടെ ലോകത്തെ അവസാനമായി നോക്കി. ഏലിയാമ്മ ഇരുന്നിടത്തുനിന്ന് എഴുന്നേൽക്കുകയോ കൈനീട്ടുകയോ ചെയ്തില്ല.

‘‘എന്തുവാടീ പതിവില്ലാതെ നിനക്കൊരിളക്കം... വാവടുത്തില്ലല്ലോ...’’

‘‘എന്റെ കൊച്ചിതുവരെ വീട്ടിലെത്തിയിട്ടില്ല. നേരമിരുട്ടി. അതിനൊരു സമാധാനമൊണ്ടാക്കീട്ടുമതി വറക്കലും കറിവയ്ക്കലുമൊക്കെ....’’

ജീവിതത്തിലാദ്യമായി ഏലിയാമ്മയുടെ വാക്കുകൾ കരിങ്കൽച്ചീളുകണക്കെ പാപ്പിയുടെ മുഖത്തേക്കു തെറിച്ചു. 

‘‘പ്ഫ....,’’വരാലിനെ ഏലിയാമ്മയുടെ നെഞ്ചിനുനേരേ വലിച്ചെറിഞ്ഞ് പാപ്പി ചീറി, ‘‘വരുത്തന്റെ കൂടെ ഒളിച്ചോടാൻ പെങ്കൊച്ചിനു വഴി പറഞ്ഞുകൊടുത്തിട്ട് വേദാന്തം പറയുന്നോടീ...’’

‘‘എന്റെ കർത്താവേ.... അവള് അങ്ങേരടെകൂടെ പോയോ.... നേരാണോ ഈ  കേൾക്കുന്നേ... ’’

ഏലിയാമ്മ നെഞ്ചത്തടിച്ചു.

‘‘ദേണ്ടെടീ നോക്ക്....’’

പാപ്പി കീശയിൽനിന്ന് വിയർപ്പുനനച്ച കീറക്കടലാസ് എടുത്ത് ഏലിയാമ്മയ കാട്ടി.

‘‘കർത്താവേ എന്റെ കൊച്ചിന് നേർവഴി കാട്ടണേ...ഈ നരകത്തീന്ന് എവിടെങ്കിലും പോയി അവളു രക്ഷപ്പെടട്ടെ....’’

പ്രാർഥയുടെ ഭാരവും മീനും തൂക്കി അടുക്കളയിലേക്കു പോകുംവഴി ഏലിയാമ്മ, റബേക്കയ്ക്കൊരു കുത്തു കൊടുത്തു.

‘‘അവളു നിന്നോടു പറഞ്ഞാരുന്നോടീ വല്ലോം.’’

‘‘അപ്പൻ സമ്മതിച്ചില്ലേൽ എറങ്ങിപ്പോകുംന്നു പറഞ്ഞാരുന്നു.’’ ഏലിയാമ്മ കണ്ണുതുടച്ചു. 

അന്നു വാട്ടക്കപ്പ വരാൽക്കറിയിൽ തൊട്ടു വായിലേക്കു തള്ളുമ്പോൾ പാപ്പി രുചികേടിനെപ്പറ്റി പരാതി പറഞ്ഞില്ല. ഉച്ചത്തിൽ കോട്ടുവാ വിട്ട് കരക്കാരെ വെറുപ്പിച്ചില്ല. ഉറക്കം വരാതെ രാത്രിമുഴുവൻ അയാൾ  പലതവണ വീടിനു ചുറ്റും നടക്കുകയും ഇടയ്ക്കു ചാരായം മോന്തുകയും ചെയ്തുകൊണ്ടിരുന്നു. 

പിറ്റേന്നുരാവിലെ തണ്ടാൻ കണാരന്റെ ഭാര്യ യശോദയാണ് താഴത്തെതൊടിയിലെ കുളത്തിൽ ശവം പൊന്തിയ വിവരം ഏലിയാമ്മയെ അറിയിച്ചത്.

‘‘കർത്താവേ...’’ എന്ന് ‌അലറിവിളിച്ച് ഏലിയാമ്മയും പിന്നാലെ റബേക്കയും അവിടേക്കോടി. നരച്ച ആകാശം തിളങ്ങുന്ന വട്ടക്കുളത്തിലെ നീർപ്പരപ്പിനുമുകളിൽ ചത്തുമലച്ച വരാലുപോലെ, റെയ്ച്ചൽ... ഗോപിക്കുറിക്കു പകരം അവളുടെ നെറ്റിയിൽ പായൽപ്പച്ചയുടെ ചീള് പറ്റിപ്പിടിച്ചിരുന്നു.

‘‘അപ്പനെ വിളിയെടീ....’’

ഏലിയാമ്മ അലറി. റബേക്ക പാടത്തേക്കോടി. 

കെട്ടിപ്പൊതിഞ്ഞെടുത്ത ശവം വീട്ടുമുറ്റത്തെ തഴപ്പായിൽ മലർത്തിക്കിടത്തുമ്പോൾ എല്ലാവരുടെയും കണ്ണുകൾ കറുത്തുവീങ്ങിയ അവളുടെ മുലകളിലായിരുന്നു. നീലനിറത്തിൽ കരിനാഗങ്ങളെപ്പോലെ   ചുറ്റിവരിഞ്ഞ നാലുവിരൽപ്പാട്. അതിനുമേലേക്ക് കിടക്കവിരി വലിച്ചിട്ട ഏലിയാമ്മയുടെ കണ്ണുകളിൽ സംശയം പുകഞ്ഞു. ഇറയത്ത് ഉദാസീനനായി ബീഡിവലിച്ചിരിക്കുന്ന പാപ്പിയുടെ മുഖത്ത് തലേന്നത്തെ ഉറക്കത്തിന്റെ ബാക്കിമാത്രമല്ല ഊറിക്കൂടിയിരിക്കുന്നതെന്ന് ഏലിയാമ്മ തിരിച്ചറിഞ്ഞു. അപ്പോഴേക്കും എല്ലാ തെറ്റും സുന്ദരേശൻ മാഷിന്റെ തലയിൽ വച്ച് നാട്ടുകാർ കഥകൾ മെനഞ്ഞുകഴിഞ്ഞിരുന്നു. അയാളെ തേടി ആലപ്പുഴയിലേക്കു പോലീസും നാട്ടുകാരിൽ ചിലരും പോയിക്കഴിഞ്ഞിരുന്നു. 

ഇടയ്ക്ക് വീടിനുപിന്നിലെ അയയിൽനിന്നു ചാരായക്കുപ്പിയെടുക്കാൻ പോയ പാപ്പിയെ ഏലിയാമ്മ പിൻതുടർന്നു.

‘‘എന്റെ കൊച്ചെങ്ങനാ ചത്തേ... സത്യം പറ....’’

അവൾ പാപ്പിയ്ക്കു വിലങ്ങനെ നിന്നു. പാപ്പി അവജ്ഞയോടെ അവളെ നോക്കി. മുഖത്തുനോക്കി മിണ്ടാത്തവൾ നേർക്കുനേരേ നിന്ന് ചോദ്യം ചെയ്യുന്നു. അയാൾ കാലുനീട്ടിയൊരു തൊഴികൊടുത്തു.

‘‘അയ്യോ.... അമ്മച്ചീ...’’

റബേക്ക ഓടിയെത്തി ഏലിയാമ്മയെ താങ്ങി. 

‘‘രണ്ടിന്റേം ശവം കുളത്തിൽ പൊങ്ങണ്ടാങ്കിൽ മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി ഇതിന്റകത്തിരുന്നോണം.’’

ഏലിയാമ്മയെ നിലത്തുനിന്നെഴുന്നേൽപ്പിക്കാൻ കഷ്ടപ്പെടുന്ന റബേക്കയോട് പാപ്പി ശബ്ദമടക്കി പറഞ്ഞു. 

‘‘അടിവയറ്റിലേറ്റ ആ തൊഴിയോടെയാണ് അമ്മച്ചിക്കു വയ്യാതായത്. പിന്നൊരിക്കലും അവർ നടുനിവർത്തി നേരേ നിന്നിട്ടില്ല.’’

റബേക്ക ടീച്ചർ പറഞ്ഞുനിർത്തി കണ്ണു തുറന്നു. അവരുടെ മുഖം ചോര പോലെ തുടുത്തിരുന്നു.

‘‘ഒന്നു ചോദിച്ചോട്ടേ,’’ ഞാൻ നിർദയം ഇടപെട്ടു, ‘‘അപ്പൻ റെയ്ച്ചലിനെ പിടിക്കുന്നത് കണ്ടവർ ആരുമില്ല. പിന്നെങ്ങനെയാ അതു കൃത്യമായിട്ട് പറഞ്ഞത്?’’

‘‘അതോ.... അതിനു സാക്ഷിയെന്തിന്... പ്രതിതന്നെ പോരേ?’’

റബേക്ക ടീച്ചർ വികൃതമായി ചിരിച്ചു, 

‘‘അപ്പൻ പോലീസിനോടു സമ്മതിച്ചതായിരിക്കും.’’

‘‘പോലീസിനോടല്ല.... എന്നോട്... സമ്മതിച്ചതല്ല... ഞാൻ സമ്മതിപ്പിച്ചത്....’’

റബേക്ക ടീച്ചറിന്റെ കണ്ണുകൾ വൈരക്കല്ലുപോലെ തിളങ്ങി. ആ നിമിഷം വീടിനുപിന്നിൽ ‘തോപ്രൻ’ അലറിക്കുരച്ചു. നിലവറയിൽ ചെകുത്താന്റെ ശ്വാസമിടിപ്പുകൾ ഞാൻ കേട്ടു. എഴുന്നേൽക്കാനായുമ്പോൾ കുഞ്ഞാത്ത വന്ന് വാതിൽ പുറത്തുനിന്നു വലിച്ചടച്ചു. 

‘‘അവിടിരി...’’

റബേക്ക ടീച്ചർ കൽപിച്ചു.

‘‘മുഴുവൻ കേട്ടിട്ടു പോയാൽ മതി. ഒന്നും പാതിവഴീൽ നിർത്താൻ പാടില്ല. കഥയായാലും ജീവിതമായാലും.’’

ഞാൻ കസേരയിലേക്കു വീണു.

 

(തുടരും)

 

English Summary: Rabecca E- novel written by Rajeev Sivshankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com