ADVERTISEMENT

‘‘ഋഷീ,

 

നീയെന്നെ വിട്ടു പോയിട്ട് എത്ര മാസങ്ങളായെന്ന് നിനക്ക് അറിയാമോ? എട്ടു മാസവും പതിമൂന്ന് ദിവസവും. നിനക്കതൊരുപക്ഷേ ഓർമ്മയിലുണ്ടാവാൻ വഴിയില്ല, അല്ലെങ്കിലും നീയൊന്നും ഓർമ്മയിൽ സൂക്ഷിച്ചിരുന്നില്ലല്ലോ! നമ്മുടേതായ ഒന്നിനോടും നീ സ്നേഹം കാട്ടിയിട്ടില്ലല്ലോ. നിനക്ക് നിന്റെ ലോകമുണ്ടായിരുന്നു, എപ്പോഴും ആ ലോകത്തിൽ സ്വാതന്ത്ര്യത്തോടെ നടക്കുകയും ചെയ്തിരുന്നു. എന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് നീയെന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഒരു പെൺകുട്ടി ഒരുവനുമായി പ്രണയത്തിലായിക്കഴിഞ്ഞാൽപ്പിന്നെ അവന്റെ അടിമയായി തീരും. അവന്റെ സന്തോഷങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ തയാറായ ഒരുവൾ. നഷ്ടപ്പെട്ടു പോയാലോ എന്ന ഭീതിയോടെ ഉള്ളിലെ അരക്ഷിതാവസ്ഥയോടു യുദ്ധം ചെയ്ത്, എന്തും സഹിച്ച് അവനു വേണ്ടി ജീവിച്ചു തുടങ്ങുന്ന ഒരു നിമിഷമുണ്ട്. അത് തിരിച്ചറിയുന്നതോടെ അവൻ ആ പ്രണയത്തിൽ നിന്നും തീർത്തും സ്വാതന്ത്രനായിക്കഴിഞ്ഞു. പിന്നെ അവന്റെ ലോകമാണ് അവനു വലുത്. അവിടേയ്ക്ക് അപൂർവ്വമായി കയറിയിറങ്ങിപ്പോകുന്ന ഒരു മനുഷ്യജീവി മാത്രമാണ് പ്രണയിനി. ജോലിയും സൗഹൃദവും വാട്സാപ്പും ഫെയ്‌സ്ബുക്കും ഉൾപ്പെടെയുള്ളവയെല്ലാം കഴിഞ്ഞു ബാക്കി വരുന്ന സമയം മാത്രം അർഹിക്കുന്നവൾ. ഞാൻ നിന്നോട് എന്താണ് ചെയ്തത് എന്നെ ഉപേക്ഷിച്ച് പോകാൻ?

 

എനിക്ക് അർഹതപ്പെട്ട സമയം ആവശ്യപ്പെട്ടതാണോ ആ തെറ്റ്?

എന്റെ അവകാശങ്ങൾക്ക് മുകളിലേയ്ക്ക് നീ എത്ര വൃത്തികെട്ട വാക്കുകളാണ് ഛർദ്ദിച്ചിട്ടത്?

 

ശരിയാണ്, നീയെന്നെ ഗർഭിണിയാക്കി പറ്റിച്ച് കടന്നു കളഞ്ഞില്ല, അല്ലെങ്കിലും ഒരു പെണ്ണിനെ ഗർഭിണിയാക്കി കടന്നു കളയുന്നത് മാത്രമാണോ അവളെ കൊല്ലുന്നതിന് തുല്യമായി നീ കാണുന്നത്? അവളുടെ ശരീരത്തിന് മാത്രമേ നീയുൾപ്പടെയുള്ള പുരുഷന്മാർ വില കൊടുക്കുന്നുള്ളൂ. എന്റെ ഹൃദയം മുറിഞ്ഞത് നീ അറിഞ്ഞിട്ടും അവഗണിച്ച് നടന്നു പോയി. 

 

തകർച്ചയുടെ ഏതു നിലയിലാണ് ഞാൻ ആ സമയത്ത് നിന്നിരുന്നതെന്നെനിക്കറിയില്ല. തിരിച്ചു കയറിപ്പോരാനാകുമെന്നു കരുതിയില്ല. കയ്യിൽ ഫീനിക്സ് പക്ഷി പറന്നുയരുന്നത് പച്ചകുത്തുമ്പോഴും എന്റെ നെഞ്ച് കരയുന്നുണ്ടായിരുന്നു. നീ അകന്നു പോയതല്ല, പോയപ്പോൾ നീ എന്റെ നെഞ്ചിലേയ്ക്ക് ഉപേക്ഷിച്ചിട്ട വാക്കുകൾ... എത്ര കുളിച്ചാലും പോകാത്ത ഊഷര ഗന്ധമാണത്. എന്റെ ശരീരത്തിലും മനസ്സിലും ആ ഗന്ധം ഇപ്പോഴും തങ്ങി നിൽക്കുന്നത് പോലെയെനിക്ക് അനുഭവപ്പെടാറുണ്ട്. എവിടെയായിരുന്നാലും നീ സുഖമായിരിക്കുക ഋഷി.

 

പുതിയ കാമുകിക്കൊപ്പം സന്തോഷമായിരിക്കുക. അവൾക്കെങ്കിലും നിന്നെ പൂർണമായി നൽകാൻ ശ്രമിക്കുക-’’

 

ടൈം ലൈനിൽ പോസ്റ്റ് ചെയ്ത ശേഷം ഞാൻ വെറുതെ ഋഷിയുടെ പ്രൊഫൈൽ എടുത്ത് നോക്കി. അവനുമായി അകന്നു കഴിഞ്ഞപ്പോൾ ബ്ലോക്ക് ചെയ്തിരുന്നതാണ്. എന്നാൽ ഇതൊക്കെ തന്നെക്കൊണ്ട് മറികടക്കാനാവും എന്ന് അഹങ്കാരം തോന്നിയൊരു സമയത്ത് ബ്ലോക്ക് നീക്കി, ഇപ്പോഴും ഇടയ്ക്കൊക്കെ അവന്റെ പ്രൊഫൈൽ എടുത്ത് നോക്കിക്കൊണ്ടേയിരിക്കുന്നു. നടാഷയോ മീരയോ കണ്ടാൽ തെറി വിളി ഉറപ്പാണ്. ആരും കാണാതെ അവനെ നോക്കിക്കൊണ്ടിരിക്കുന്ന ആ നിമിഷങ്ങളിൽ ഋഷി അടുത്തുണ്ടെന്നു തോന്നും. പിന്നിലൂടെ വന്ന് അവൻ കെട്ടിപ്പുണരുന്നു. അവന്റെ ഗന്ധം വന്നു പൊതിയുന്നു. 

 

ചിലതൊക്കെ മറക്കുകയെന്നാൽ മരണമാണ്. ആദ്യത്തെ മറക്കാനുള്ള ആവേശം കഴിഞ്ഞാൽപ്പിന്നെ പഴയ ഓർമ്മകൾ മുള്ളുകൾ പോലെ തുളഞ്ഞു കയറും. മുറിവിൽ നിന്നും ചോര കിനിയും...

മഴയുടെ തണുപ്പ് പടരുന്നു. അത് ആത്മാവും കടന്ന് ശരീരത്തിൽ നിറയുന്നു. ഒരു പനി പോലെ...

 

- നമുക്ക് പിരിയാം ഋഷി, എനിക്ക് മടുത്തു- 

 

ഞാൻ തന്നെയാണത് ആദ്യം പറഞ്ഞത്. അത്രയേറെ അവന്റെ അവഗണന മടുത്തിരുന്നു.

പറയാൻ കാത്തിരുന്നത് പോലെ അവൻ ടാറ്റ പറഞ്ഞ് ഇരുളിലേക്ക് മറഞ്ഞു പോയി. 

വീണു പോയി... അവനിലേക്ക് അത്രയധികം ആശ്രയം ഉണ്ടായിരുന്നത് അറിഞ്ഞിരുന്നില്ല. ഒറ്റയായിപ്പോയി. പിന്നെ എല്ലാവരോടും ദേഷ്യമായി, കയ്യിൽ കിട്ടുന്നതെന്തും വലിച്ചെറിഞ്ഞു... മാനസി ചേച്ചി ഒരുപാട് സഹിച്ചു. എന്നിട്ടും ഇപ്പോൾ ഞാൻ കാരണം അവർക്ക് ബുദ്ധിമുട്ടുകൾ തന്നെയാണ്. 

 

നാടകത്തിന്റെ ആരവമടങ്ങിയിരിക്കുന്നു. എത്രയെത്ര ആശംസകളും അംഗീകാരങ്ങളുമാണ് കോഴിക്കോട് നൽകിയത്. ഇനിയും വരൂ എന്ന് സ്നേഹപൂർവ്വം തലയിൽ കൈ വച്ചനുഗ്രഹിച്ച അബു മാഷിനെ ഓർമ്മ വരുന്നു. എന്ത് സ്നേഹമാണ് ആ കണ്ണുകളിൽ. നെറുകയിൽ കൈ തൊടുമ്പോൾ കാലു തൊട്ട് നമസ്കരിക്കാൻ തോന്നി, ഒരുപക്ഷെ അജ്ഞാതന്റെ ഓർമ്മകളിൽ നിന്ന് താൽക്കാലികമായെങ്കിലും മാറി നിന്നത് മാഷിന്റെ ഒപ്പമുള്ള സമയം മാത്രമാണ്. നാടക അഭിനയ ലോകത്തെ കുലപതിയായ അബുമാഷിന്റെ അനുഗ്രഹം അത്ര നിസ്സാരമല്ലെന്ന് അല്ലെങ്കിലും വേറെ ആർക്കാണ് അറിയാവുന്നത്...

 

ഫോൺ ബെല്ലടിച്ചപ്പോഴാണ് ഋഷിയുടെയും അജ്‌ഞാതന്റെയും ഓർമ്മകളിൽ നിന്നും ഞാനിറങ്ങി എന്റെ ചുറ്റുമെന്താണെന്ന് ശ്രദ്ധിച്ചത്. കിടക്കയിലാണ്, പുലർച്ചെ വന്നു കിടന്ന് ഉറങ്ങിയതിന്റെ ക്ഷീണം നേരം വെളുത്തിട്ടും മാറുന്നേയില്ല. ഉറക്കക്കുറവ്, ഉറങ്ങിത്തന്നെ തീരണം.

വിളിക്കുന്നത് അനിൽ മാർക്കോസാണ്.

ഞാൻ ഫോണെടുത്ത് ചെവിയിൽ വച്ചു.

 

‘‘എമ്മാ’’

 

‘‘സാർ പറയൂ.’’

 

‘‘എന്നെ എമിൽ വിളിച്ചിരുന്നു. നാടകം ഗംഭീരമായെന്നു പറഞ്ഞു.’’

 

‘‘താങ്ക്യൂ സാർ. വിവരങ്ങളെല്ലാം അദ്ദേഹം പറഞ്ഞില്ലേ?‘‘

 

‘‘പറഞ്ഞു, തന്നെ അയാൾ വിളിച്ചതുൾപ്പെടെ’’

 

‘‘ആ സമയത്ത് സാറിനെ വിളിച്ചു പറയാൻ തോന്നിയില്ല, പിന്നെ കോഴിക്കോട് ചെന്ന് ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും റിഹേഴ്‌സൽ സമയമായി. മറ്റൊന്നിലും മനസ്സ് നിന്നില്ല. മണികർണികയുടെ വേഷമണിഞ്ഞാൽ പിന്നെ മറ്റൊന്നും എന്റെ ഹൃദയത്തിലുണ്ടാവില്ല സാർ.’’

 

‘‘താൻ കമ്മീഷണർ ഓഫീസിൽ വരെയൊന്ന് വരണം. അശോക് മാത്യു സാറിന് എമ്മയെ കാണണമെന്ന് പറഞ്ഞിട്ടുണ്ട്. പുതിയ അപ്‌ഡേഷൻസ് അറിയിക്കണമല്ലോ’’

 

‘‘സാർ ഞാൻ വരാം, ഉടനെയെത്താം.’’

ഫോൺ കട്ട് ചെയ്ത ശേഷം തലവഴി മൂടിപ്പുതച്ചുറങ്ങുന്ന മീരയെ കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി. നടാഷ രാവിലെ ഒരുങ്ങി ഓഫീസിൽ പോയിട്ടുണ്ടാവും. ഒന്നുമറിഞ്ഞില്ല. 

 

മീരയെ വിളിച്ചുണർത്താതെ റെഡി ആയി പുറത്തേക്കിറങ്ങിയപ്പോൾ മറ്റേതോ ലോകത്തേയ്ക്ക് നോക്കിയെന്ന പോലെയിരിക്കുന്ന മാനസി ചേച്ചിയെ കണ്ടു. ഉടനെ ഇവിടെ നിന്ന് മാറണം, അല്ലെങ്കിൽ ഇനിയും ഇവരെ ഞാൻ വേദനിപ്പിച്ചു കൊണ്ടേയിരിക്കും. എനിക്ക് അവരെ കെട്ടിപ്പിടിക്കാൻ തോന്നി. ഞാനവരുടെ തോളിൽ കൈ വച്ചപ്പോൾ ഏതോ ദുസ്വപ്നത്തിൽ നിന്നും ഉണർന്നത് പോലെ മാനസി ചേച്ചി ഞെട്ടിയുണർന്നു എന്നെ പകച്ചു നോക്കി.

 

‘‘ചേച്ചി, സോറി, ഞാനെങ്ങനെയാ സോറി പറയേണ്ടതെന്നെനിക്കറിയില്ല. ഞാനിവിടെ നിന്ന് മാറുകയാണ്. ഇനിയും ഇവിടെ നിന്നാൽ അത് നിങ്ങളുടെ ജീവിതം കൂടുതൽ തകർക്കും’’

 

മാനസി ചേച്ചിയെന്നെ ചേർത്ത് പിടിച്ചു നെറുകയിൽ ഉമ്മ വച്ചു. കരുതലിന്റെ നനവ് അതിലുണ്ടായിരുന്നത് പോലെ,

 

‘‘നീയെങ്ങും പോവണ്ട മോളെ, പോകുന്നവരൊക്കെ പോട്ടെ, ഈ കാലം പെട്ടെന്ന് കഴിയും. എന്റെ കയ്യിൽ അത്യാവശ്യം പൈസയൊക്കെയുണ്ട്, അത്‌കൊണ്ട് പിടിച്ചു നിക്കാം. ഈ പ്രശ്ങ്ങളൊക്കെ പെട്ടെന്ന് തീരും, പിന്നെ ആളുകൾ ഇവിടെ വരും, നമ്മൾ പഴേ പോലെ അടിച്ചു പൊളിക്കും’’

 

മാനസി ചേച്ചിയോട് എന്താ പറയേണ്ടത്? ഈ പെണ്ണുങ്ങളൊക്കെ എന്തൊരു അടിപൊളിയാണ്. എത്ര ചങ്കൂറ്റമാണ്. കൂടെ നിൽക്കാൻ അവരെക്കാൾ നല്ലൊരു കൂട്ട് വേറെ എവിടെ നിന്നാണ് കിട്ടുക. 

 

‘‘അതെ, മോളെ, ഈയൊരു അവസ്ഥയിൽ നിന്നെ ഉപേക്ഷിച്ചു കളഞ്ഞാൽ പിന്നെ ഞാൻ ഏതു വലിയ യുദ്ധം ജയിച്ചിട്ടെന്തിനാ? കൂടെയുണ്ട്. നിന്റെ കൂടെ...’’

ഞാൻ കരഞ്ഞു, എന്റെ കൂടെ മാനസി ചേച്ചിയും. 

 

****************

 

കമ്മീഷണർ അശോക് മാത്യുവിന്റെ മുന്നിൽ ഞാനും അനിൽ മാർക്കോസും ഇരുന്നു. അയാൾ ഏതോ ഉത്തരേന്ത്യൻ നായകനെപ്പോലെയാണ് എനിക്ക് തോന്നിയത്. ഇടയ്ക്കിടയ്ക്ക് ടിവിയിൽ ഈ മുഖം കാണാറുണ്ട്, അപ്പോഴൊക്കെ മീര അയാളെ തന്നെ നോക്കിയിരിക്കുന്നത് കാണാം. അവൾ കമ്മീഷണറുടെ ഫാൻ തന്നെയാണ്. അനിൽ മാർക്കോസിന് തമിഴ് നടൻ അരുൺ വിജയുടെ ലുക്കാണ് ചേരുക. നല്ല ഉയരവും കട്ടി മീശയും ഏതാണ്ട് അരുൺ വിജയിനെ പോലെ തന്നെയുള്ള ചിരിയും. അശോക് മാത്യുവും കുറച്ചു നേരമായി ഒന്നും മിണ്ടാതെ എന്തോ തിരക്കിട്ട പണിയിലാണ്, ഇടയ്ക്ക് എന്നെ നോക്കുന്നത് എനിക്ക് കാണാം. എന്താണ് ആരുമൊന്നും മിണ്ടാത്തത്.

അഞ്ചു മിനിട്ടിനു ശേഷം അശോക് മാത്യു , അനിൽ മാർക്കോസിനോട് സംസാരിച്ചു തുടങ്ങി. ഞാൻ കേൾവിക്കാരിയായിരുന്നു അവരുടെയിടയിൽ.

 

‘‘എമിൽ എന്താണ് അനിൽ പറഞ്ഞത്? എമ്മയ്ക്ക് സമ്മാനം അയച്ച അയാൾ കോഴിക്കോട് വന്നുവെന്നാണോ?‘‘

 

‘‘അയാൾ പല മുഴം മുൻപേ എറിയുന്നയാളാണ് സാർ. ടൗൺ ഹാളിൽ സിസിടിവി സദസ്സിനു അഭിമുഖമായി ഒരെണ്ണമാണുള്ളത്. പിന്നെയൊരെണ്ണം പുറത്ത് പിന്നിലാണ്. പക്ഷെ സദസ്സിലുള്ളവർക്ക് ഹാളിന്റെ രണ്ടു വശത്തൂടെയും അകത്തേയ്ക്ക് കയറാം. നാടകത്തിന്റെ റജിസ്ട്രേഷൻ റോഡിന് അഭിമുഖമായിരുന്ന വശത്തായിരുന്നു താനും.’’

 

‘‘അതുകൊണ്ട്?’’

 

‘‘അയാൾ വന്നിരുന്നു, പക്ഷെ നാടകം തുടങ്ങിക്കഴിഞ്ഞ ശേഷമാണ് എത്തിയത്.’’

 

‘‘എന്ന് വച്ചാൽ?’’

 

‘‘ഞാൻ കാണിക്കാം സാർ’’

അനിൽ മാർക്കോസ് കയ്യിലിരുന്ന മൊബൈൽ ഓഫീസിലെ സിഡി പ്ലെയറിൽ കുത്തി ടിവിയിൽ വീഡിയോ കണക്റ്റ് ചെയ്തു. വെളിച്ചമുള്ള സദസ്സ്, മീര ഒക്കെ ഇരിക്കുന്നത് കാണാം. നാടകം തുടങ്ങുന്നതിന്റെ അനൗൻസ്മെന്റ് തുടങ്ങിയ ഉടനെ വെളിച്ചം കെടുന്നു. അപ്പോൾ വെളിച്ചം അരങ്ങിൽ നിന്ന് മാത്രമാണെന്ന് വീഡിയോയിൽ മനസ്സിലാക്കാം. നിമിഷങ്ങൾ കഴിഞ്ഞു പോയി. ഏതാണ്ട് അഞ്ചു മിനിട്ടുകൾക്ക് ശേഷം ഇരുളിൽ ഒരു വെളിച്ചത്തിന്റെ കീറ്. ആരോ വാതിൽ തുറന്നതാണ്. - അനിൽ മാർക്കോസ് വീഡിയോ പോസ് ചെയ്തു.

 

‘‘സാർ, ഇതാണ് അവൻ. നോക്കൂ, പുറത്തു നിന്നുള്ള വെളിച്ചം മാത്രമാണ് അവന്റെ നിഴലിനെ കാണിച്ചു തരുന്നത്. അരങ്ങിലെ വെളിച്ചം പര്യാപ്തമല്ല. എങ്കിലും അവന്റെ മുഖം സൂം ചെയ്താൽ, നോക്കൂ സാർ’’

 

അനിൽ മാർക്കോസ് പോസ് ചെയ്ത ആ സമയത്തെ ബൈറ്റ് zoom ചെയ്തു, അതെ ഇപ്പൊ അയാളെ കാണാം... അയാളുടെ മുഖം...

 

‘‘അയാളെന്തോ മുഖത്ത് ധരിച്ചിട്ടുണ്ടല്ലോ അനിൽ?’’

അശോക് മാത്യുവിന്റെ വരികളോട് ഞാൻ ഐക്യപ്പെട്ടു. അയാളുടെ മുഖത്ത് എന്തോ മാസ്ക് പോലെ.

 

‘‘അതെ സാർ, അയാളൊരു മാസ്ക് പോലെ എന്തോ ധരിച്ചിട്ടുണ്ട്. എന്താണെന്ന് അത്ര വ്യക്തമല്ല.’’

 

അനിൽ മാർക്കോസ് വീഡിയോ കുറച്ചു ഫോർവേഡ് ചെയ്തു. ഒടുവിൽ നാടകം അവസാനിക്കുന്നതിനു തൊട്ടു മുൻപ് അതെ ഇരുളിൽ വീണ്ടും തുറന്നടയുന്ന വാതിൽ. ഇത്തവണ അയാളുടെ നിഴൽ മാത്രം തുറക്കുമ്പോൾ കാണാം. മറ്റൊന്നും വ്യക്തമല്ല.

 

‘‘ശ്ശെ...’’

മേശമേൽ അമർത്തിയടിക്കുമ്പോൾ കമ്മീഷണറുടെ വായിൽ അതിലും വലിയ എന്തോ തെറിയാണ് ഇരുന്നതെന്നു തോന്നി. അയാളത് വിഴുങ്ങിയ പോലെയും. 

 

‘‘yes sir. he is a good player. മാത്രമല്ല അയാൾ എമ്മയെ തലേന്ന് രാത്രി വിളിച്ച ഇന്റർനെറ്റ് കാൾ സൈബർ വിങ്ങിൽ ട്രെയിസ് ചെയ്യാൻ നോക്കിയിട്ടും സാധിച്ചില്ല. സാറിനറിയാമല്ലോ അത്തരം കോളുകൾ കുറച്ചു ബുദ്ധിമുട്ടാണ് എങ്കിലും അവർ ശ്രമിച്ചിരുന്നു. ഐ പി അഡ്രസ്സ് കണ്ടെത്താനാവുന്നില്ല, മറ്റേതോ രാജ്യത്തേയ്ക്കാണ് അതിന്റെ ലിങ്ക് കിട്ടിയത്’’

 

‘‘yes anil , he is playing well. പക്ഷെ ഇതിങ്ങനെ വിട്ടു കൊടുക്കണോ?’’

‘‘ഇല്ല, സാർ, ഇനി ഒരുപാട് പോവില്ല.’’

 

അശോക് മാത്യു എന്റെ മുഖത്തേയ്ക്ക് നോക്കി. എന്ത് പറയണമെന്നറിയാതെയിരിക്കുകയിരുന്നു ഞാൻ. നിസംഗതയാണ് തോന്നുന്നത്. ബുദ്ധിമാനാണ് അയാൾ, എന്നെ അയാൾ കണ്ടിരിക്കുന്നു, എന്നാൽ അയാളെ സ്വയം മറച്ചു പിടിച്ചിരിക്കുന്നു. അത് ഏത് മാസ്കാണ്, ഒന്നും മനസ്സിലാവുന്നില്ല. 

 

‘‘സീ, എമ്മാ താൻ ടെൻഷനാവണ്ട. ഇത് നമ്മുടെ പ്രസ്റ്റീജ് ഇഷ്യു ആണ്. തനിക്ക് പ്രൊട്ടക്ഷൻ ഞാൻ ഇഷ്യൂ ചെയ്യാനുള്ള ഏർപ്പാടുണ്ടാക്കാം.’’

 

‘‘ഓകെ സാർ, താങ്ക്യൂ.’’

അത്രയും പറയാനേ എനിക്ക് തോന്നിയുള്ളൂ. മറ്റൊന്നും അയാളെന്നോട് ചോദിച്ചില്ല, ഞാൻ പറഞ്ഞുമില്ല. ഞങ്ങൾ രണ്ടു പേർക്കുമിടയിൽ അനിൽ മാർക്കോസ് ഒരു ദൂതനായിരുന്നു. 

പുറത്തിറങ്ങിയപ്പോൾ അനിൽ മാർക്കോസ് എന്നെ ധൈര്യപ്പെടുത്തി. അതോടൊപ്പം ഒരു വാണിങ്ങും,

 

‘‘ഞാൻ തന്റെ പോസ്റ്റ് കണ്ടിരുന്നു, ഋഷിയെക്കുറിച്ചുള്ളത്. ആരാണ് അത്?’’

 

‘‘സാർ, അതെന്റെ... ’’

 

‘‘ഓകെ മനസിലായി. ഇപ്പോൾ അയാളെവിടെയുണ്ട്?’’

 

‘‘പാലാരിവട്ടത്താണ്. അവിടെയാണ് അവനെ ഫ്‌ളാറ്റ്.’’

 

‘‘ആ പോസ്റ്റ് അയാൾക്ക് അപകടമാകുമോ? എനിക്ക് അങ്ങനെയൊരു ഇന്റ്യൂഷൻ’’

 

‘‘അങ്ങനെ സംഭവിച്ചേക്കുമോ? ആ പോസ്റ്റ് അജ്ഞാതന് പോസിറ്റീവ് ആയി എടുക്കാവുന്നതല്ലേ. ഒഴിഞ്ഞു പോയ എന്റെ കാമുകൻ അയാൾക്കൊരു ബാധ്യതയല്ലല്ലോ.’’

 

‘‘അങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ട് എമ്മാ. ഞാൻ പറഞ്ഞില്ലേ അയാൾ അപകടകാരിയാണ്. തന്റെ മനസ്സിൽ അയാളോട് സോഫ്റ്റ് കോർണറുണ്ട്, തനിക്ക് വേണ്ടിയാണ് അയാൾ ഇതൊക്കെ ചെയ്യുന്നതെന്ന് കരുതുന്നു. അതല്ല സത്യം. മനോരോഗിയായ ഒരാൾക്ക്, പിന്നാലെ നടക്കുക എന്നത് അയാളുടെ അസുഖത്തിന്റെ ഭാഗമാണ്. ഏതു വിധത്തിലാണ് ഇത്തരം സൈക്കോകളായ കുറ്റവാളികൾ പ്രവർത്തിക്കുന്നത് എന്ന് പറയാനാവില്ല. കാണാതായ ഒരാളെപ്പോലും കണ്ടെത്താൻ ആയിട്ടില്ല, അവർ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല.’’

 

എന്റെ നെഞ്ച് അതിവേഗതയിൽ മിടിക്കാനാരംഭിച്ചു. മൊബൈൽ എടുത്ത് ടൈംലൈൻ എടുത്ത് കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് വരുമ്പോൾ ഇട്ട ആ പോസ്റ്റിനു താഴെ നോക്കി. പ്രണയമായതുകൊണ്ടാവണം പോസ്റ്റിനു താഴെ തൂങ്ങിപ്പിടിച്ച ഒരുപാട് മറുകുറിപ്പുകൾ. 

 

അവൻ എത്ര ദൂരെയിരുന്നാലും അപകടമുണ്ടാകാതെയിരിക്കട്ടെ! അവനെന്തെങ്കിലും സംഭവിച്ചാൽ ആരോടും പൊറുക്കാനാവില്ല. ഞാൻ ആ പോസ്റ്റ് എടുത്ത് ഡിലീറ്റ് ബട്ടൺ അമർത്തി. ഒരുപക്ഷെ ഇത് അവൻ കണ്ടു കാണുമോ എന്ന് പോലുമറിയില്ല. മെസഞ്ചറിലോ വാട്സപ്പിലോ ഋഷി വന്നിട്ട് നാളുകളേറെയായിരുന്നു.

 

‘‘ശരി സാർ ഇറങ്ങട്ടെ.’’

 

അനിൽ മാർക്കോസിനോട് യാത്ര പറഞ്ഞു ഞാനിറങ്ങി. വീടെത്തിയതും എന്റെ ഫോണിലേക്ക് ഋഷിയുടെ വിളി വന്നു. 

ദൈവമേ... ഋഷിയോ?

പോസ്റ്റ് അവൻ കണ്ടു കാണുമോ? പശ്ചാത്തപിക്കാനായിരിക്കുമോ ഈ വിളി? അതോ പോസ്റ്റ് ഇട്ട് അപമാനിച്ചതിന് വീണ്ടും കടുത്ത വാക്കുകൾ പറഞ്ഞു മുറിവിന്റെ ആഴം കൂട്ടാനോ? ഫോൺ എടുക്കാൻ എനിക്ക് മടി തോന്നി. മീരയും നടാഷയും എന്നെത്തന്നെ നോക്കിയിരിക്കുന്നു. ഞാൻ മെല്ലെ ഫോൺ എടുത്ത് ചെവിയിൽ വച്ചു,

 

‘‘ഹലോ...’’

 

മറുവശത്ത് നിന്നും കനത്ത നിശബ്ദത മാത്രം 

‘‘ഹലോ... ഋഷി...’’

 

ആ ശൂന്യത എനിക്ക് സഹിക്കാനാവുന്നതായിരുന്നില്ല.

 

‘‘ഋഷി...’’

 

മറുവശത്ത് നിന്നും ഉച്ചത്തിലൊരു നിലവിളി. 

 

എന്താണ് ആ കേട്ടത്. അത് ഋഷിയാണോ?. ആ നിലവിളിക്ക് ശേഷം ഫോൺ താഴെ വീഴുന്ന ശബ്ദം പിന്നെ പരിപൂർണമായ നിശബ്ദത. അതൊരുപക്ഷേ താഴെ വീണുടഞ്ഞിട്ടുണ്ടാവാം.

 

ഋഷിയ്ക്ക് എന്തോ സംഭവിച്ചിരിക്കുന്നു. അപ്പോൾ അയാൾ ഋഷിയെയും അന്വേഷിച്ച് ചെന്നിരുന്നു. അനിൽ മാർക്കോസ് പറഞ്ഞതാണ് ശരി... ഇനി എന്താണ് ചെയ്യേണ്ടത്...

ഋഷിയ്ക്ക്... എന്റെ ഋഷിയ്ക്ക്... അയാളെന്താണ് എന്റെ ഋഷിയെ ചെയ്തത്... എനിക്ക് ഭ്രാന്ത് പിടിച്ചു.

 

തുടരും...

 

English Summary: ‘Njan Emma John’ e-Novel written by Sreeparvathy, Chapter- 15

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com