ADVERTISEMENT

കരാളഹസ്താം....

തൃപൂര്‍ണ്ണകുഭാം.....

 

മന്ത്രങ്ങള്‍ വിടരുന്ന ഹോമകുണ്ഡത്തിന് മുന്നിലിരിക്കുകയാണ് കുമാരേട്ടന്‍. മകളും ഭാര്യയും തൊഴുകൈകളുമായി കൂടെ നില്‍പ്പുണ്ട്. മഞ്ഞളുകൊണ്ടുള്ള വലിയ പൊട്ട് തൊട്ടു കുമാരന്റെ നെറ്റിയിൽ തൊടീച്ചശേഷം മന്ത്രവാദി ഒരു ചെപ്പ് കൈയ്യിലേക്കു വച്ചു. ഉരിയാടാതെ ഈ ചെപ്പ് കൊണ്ടുപോയി കിള്ളിയാറിലൊഴുക്കണം. നിൽക്കുകയോ തിരിഞ്ഞു നോക്കുകയോ ചെയ്യരുത്. ചൂട്ടുകറ്റ ആഞ്ഞുവിശി കുമാരൻ‌ ഇടവഴിയിലൂടെ നടന്നു. വഴിയരികിലെ പൊന്തകളിലെ ഓരോ അനക്കങ്ങളും അയാളുടെ നട്ടെല്ലിലൂടെ തരിപ്പ് പായിച്ചു. കിള്ളിയാർ രണ്ടായി പിരിയുന്ന മതുമൂലയിലെത്തി അയാൾ കൈയ്യിലിരുന്ന ചെപ്പ് വലിച്ചെറിഞ്ഞു. ഇരുട്ടിലെവിടെയോ ബ്ളും എന്നൊരു ശബ്ദം കേട്ടു. അയാൾ ആശ്വാസത്തോടെ തിരികെ നടന്നു.

 

ഇടവഴിയിലേക്കു കടന്നയാൾ വേഗത്തിൽ നടന്നു. അങ്ങകലെ ഏതോ പക്ഷിയുടെ വിളി, കേട്ടാൽ മനുഷ്യൻ നിലവിളിക്കുന്നത് പോലെ. ഇടവഴി അവസാനിക്കുന്ന വളവിലെത്തിയപ്പോൾ അരികിലുള്ള കയ്യാലയിൽനിന്നൊരു രൂപം റോഡിലേക്കു മറിഞ്ഞു വീണതുപോലെ. ഒന്നും കണ്ടില്ല. തോന്നലാവാം എന്ന ചിന്തയിൽ വീണ്ടും നടന്നു. ആരോ എന്നെ പിന്തുടരുന്നുണ്ട് എന്ന് തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കാണുന്നില്ല.

 

പിന്നിലേക്കൊന്നു നോക്കി തിരിഞ്ഞതും തൊട്ടടുത്ത മരത്തിനുമുകളിൽ നിന്നൊരു രൂപം വേഗത്തിൽ താഴേക്കിറങ്ങി. നിലവിളിക്കാനാവാതെ സ്തബ്ധനായി കുമാരൻ നിന്നു. ചേട്ടാ തീപ്പെട്ടിയുരച്ച് അയാൾ മുഖത്തിനടുത്തു പിടിച്ചു. വീശിയടിച്ച കാറ്റിൽ അതു കെട്ടു. കുമാരന്‍ തെങ്ങില്‍ചാരി നിന്ന ആളുടെ മുഖത്തേക്ക് ചൂട്ടുകറ്റ വീശി. ശങ്കരാ നീ... അതെ കുമാരേട്ടാ..

 

കുമാരൻ അവന്റെ കൈകളിൽ ചേർത്തു പിടിച്ചു. നീ തിരിച്ചെത്തുമെന്ന് നിന്റെ അച്ഛന്‍ പറയാറുണ്ടായിരുന്നു. അതെ കുമാരേട്ടാ ഞാനെത്തി. പിന്നെ എനിക്ക് ഒരുപാട് പറയാനുണ്ട്, പക്ഷേ ഇപ്പോൾ വേറൊരു കാര്യമുണ്ട്.അവന്‍ കുമാരേട്ടന്റെ ചെവിയിലേക്ക് ചുണ്ട്ചേര്‍ത്ത് ആ രഹസ്യം പറഞ്ഞു. സത്യമാണോ നീ പറയുന്നത്, പക്ഷേ ഇതിൽ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും.

 

ഒരുപാട് കാര്യങ്ങള്‍. പിന്നെ ഇതിൽ നമ്മള്‍ മാത്രമല്ല വേറെ രണ്ട് പേരുകൂടി ഇവിടെയുണ്ട്. ചെയ്യാത്ത കുറ്റത്തിന് പഴികേള്‍ക്കേണ്ടി വന്നവര്‍. അവരിനി ഇക്കാര്യത്തില്‍ എന്തിനും തയാറാ. ആര് നമ്മുടെ പല്ലിയും കൂട്ടുകാരനുമോ?. ആ പണി ചെയ്തത് അവരല്ലെന്ന് എനിക്കും തോന്നിയിരുന്നു. അവര്‍ സ്വന്തം അടിവേരറുക്കുന്ന പണി ചെയ്യില്ല. എന്നാലും അയാള്‍, എന്തൊരു അഭിനയമായിരുന്നു!. അതെ പോയത് അവരറിഞ്ഞിട്ടില്ല. എന്റെ കണക്കുകൂട്ടല്‍ ഉടനെ അറിയാന്‍ സാധ്യതയുണ്ടെന്നാ.

 

അന്വേഷണം തുടങ്ങുന്നതിനുമുമ്പ് നമുക്കത് മാറ്റണം. ശരി കുമാരേട്ടൻ പൊക്കോ?, അപ്പോ ഇനി നമ്മള് പറഞ്ഞത് പോലെ. ഞാന്‍ കൂട്ട് വരണോ ചേട്ടാ?, ഒരു പുഞ്ചിരിയോടെ അവൻ ചോദിച്ചു. പോടാ ആരാ ആ പാലത്തിനടിയിലെ പ്രേതമെന്നെനിക്ക് മനസ്സിലായി. മന്ത്രവാദി കൈയ്യില്‍ കെട്ടിയ രക്ഷ പൊട്ടിച്ച് വെള്ളത്തിലേക്കെറിഞ്ഞ് കുമാരേട്ടന്‍ ഇരുട്ടിലലിഞ്ഞു ചേര്‍ന്നു. 

 

രാവിലെ–

 

മനയ്ക്കല്‍ പടിപ്പുരയിലേക്ക് അവർ‌ നടന്നുചെന്നു. കളരിയിലെ അഭ്യാസവും മറ്റും നോക്കിക്കൊണ്ട് എളിയിൽ കൈകൊടുത്ത് കുറുപ്പ് മുൻവശത്തു നിൽക്കുന്നുണ്ടായിരുന്നു. നടപ്പില്‍ പരിഭ്രമം ഇല്ലാതാക്കാനും പേടിക്കാതെ സ്വാഭാവികമായി നടക്കാനും കുമാരേട്ടനോട് പറഞ്ഞിരുന്നു. കുമാരേട്ടന്‍ വിറയ്ക്കാന്‍ തുടങ്ങുന്നത് കൈയിലൂടെ അറിയാന്‍ കഴിഞ്ഞു. കൈയില്‍ മുറുകെ പിടിച്ചു. ഒ എന്താടാ കുമാരാ? ഏതാ ഈ ചെക്കന്‍. എന്റെ ബന്ധുവാണ്. ഇവന് എന്തേലും  ഒരു പണി കിട്ടിയിരുന്നെങ്കിൽ‌... ഇവനെത്ര വരെ പഠിച്ചു?. എഴുത്തും വായനയുമൊക്കെ വശമുണ്ട്.

 

തെക്കേതിലെ നെല്ലുപുരയിലേക്ക് പൊക്കോ. ചരക്ക് കയറ്റുന്നത് എഴുതാന്‍ നിന്നോ. അവർ അവിടേക്കു നടന്നു. നെല്ല് എല്ലാം അളന്ന് കെട്ടുവള്ളത്തിലേക്കു കയറ്റുന്നത് അവർ‌ നോക്കി നിന്നു.  വിശാലമായ മനയ്ക്കൽ മാളിക ആ കളപ്പുരയിൽ നിന്നാൽ കാണാം.  ഒരുവശത്ത് അഴികളിട്ട രണ്ടു നിലകളുള്ള ജീർണ്ണിച്ച മറ്റൊരു കെട്ടിടം നെല്ലുപുരയുടെ അടുത്തായുണ്ട്.  അവിടെയുള്ള വാതായനങ്ങളിലേക്കു അലസമായി നോക്കുന്നതിനിടെ പെട്ടെന്നു ഒന്നു ഞെട്ടി. തുറിച്ച് നോക്കുന്ന രണ്ട് കണ്ണുകൾ മിന്നായം പോലെ കണ്ടു.പൊട്ടിപൊളിഞ്ഞ് കിടക്കുന്ന ആ കെട്ടിടത്തിന്റെ മുകളിൽ ആരാണ്. ദുരൂഹമായെന്തോ നടക്കുന്നുണ്ട്. മുകളില് നിന്ന് ആരോ ഇറങ്ങി വരുന്ന ശബ്ദം.  ‘‘അവളത് ഒപ്പിട്ട് തരുന്നില്ല. അവളുടെ അമ്മ പറയണമത്രെ. ഇത്രനാള്‍ ചങ്ങലയിലിട്ടിട്ടും അഹങ്കാരം തീര്‍ന്നില്ല...’’ 

 

ഒരാഴ്ച ജോലി പഠിക്കാനായി കളപ്പുരയിലും മറ്റുമായി കറങ്ങി നടന്നതിനാൽ ഒരുപാട് കാര്യങ്ങൾ നിരീക്ഷിക്കാനായി. ആ കെട്ടിടത്തിനുള്ളിൽ ഒരു പെൺ‌കുട്ടിയുണ്ട്. കുറുപ്പിന്റെ ജേഷ്ഠന്റെ മകൾ. യഥാർഥ സ്വത്തിനവകാശി. ഭ്രാന്തായതിനാൽ പൂട്ടിയിട്ടിരിക്കുകയാണ്. അവളെ പുറത്തേക്ക് വിടാതെ നോക്കുന്നതും പരിപാലിക്കുന്നതും രാക്കമ്മയാണ്- കുറുപ്പിന്റെ രണ്ടാമത്തെ സഹോദരി. ഭയങ്കരിയാണ്. അതീവ ബുദ്ധിശാലിയും. ആയുധം കൊണ്ടു ചിന്തിക്കുന്ന കുറുപ്പിന്റെ നിയന്ത്രണം അവര്‍ക്കും മക്കള്‍ക്കുമാണ്. രാക്കമ്മയുടെ പ്രധാന ദൗര്‍ബല്യം മദ്യമാണ്. 

 

ജോലിക്കാര്‍ പലപ്പോഴും വാങ്ങിക്കൊണ്ട് പോകുന്നത്. കണ്ടിട്ടുണ്ട്. പടിഞ്ഞാറേ പറമ്പില്‍ തേങ്ങയിടുന്നിടത്ത് അവരുണ്ടാകും. ദാസപ്പേട്ടന്റെ വീട്ടില്‍ചെന്ന് നടയിലേക്കെന്ന് പറഞ്ഞപ്പോള്‍ നല്ല വീര്യം കൂടിയ ചാരായം തന്നു. പതുക്കെ മുണ്ടിന്റെ കോന്തലയ്ക്കുള്ളില്‍ ഒളിപ്പിച്ച് പറമ്പിലൂടെ നടന്നു. പടിഞ്ഞാറേപറമ്പില്‍ രാക്കമ്മ ജോലിക്കാരെ ഉച്ചത്തില്‍ ശകാരിച്ചുകൊണ്ട് നില്‍പ്പുണ്ട്. അവരുടെ മുന്നിലൂടെ അല്‍പ്പം മറഞ്ഞ് നടക്കാന്‍തുടങ്ങി. ലക്ഷ്യം തെറ്റിയില്ല. കൊടുങ്കാറ്റ് പോലെ അവര്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എത്ര തേങ്ങാ എടുത്തെടാ ചെക്കാ.

 

ഞാന്‍, കൊച്ചമ്മേ.. കുപ്പി ഒളിപ്പിക്കാന്‍ ശ്രമിച്ചു.. എന്താടാ അത് ഇവിടെ താ നോക്കട്ടെ... അവര്‍ ആക്രോശിച്ചപ്പോള്‍ ചുവന്ന തുപ്പല്‍ പുറത്തേക്ക് ചിതറി. മടിച്ച് ചാരായക്കുപ്പി നീട്ടി. ഓഹോ ഇതുവഴി വേണം നിനക്ക് കടത്താനല്ലേ... ഇവിടെ കൊണ്ടുവാ... ഇതിന്റെ കാശ് എത്രയാന്നു വച്ചാല്‍ കാര്യസ്ഥന്‍ ഗോവിന്ദനോട് വാങ്ങിച്ചോ...

 

അവര്‍ കുപ്പിയുടെ അടപ്പ് തുറന്ന് മണപ്പിച്ചു കൊണ്ട് നടന്നു പോയി. കാര്യം നടന്നു. ഇനി വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടന്നാല്‍ മതി. ഗോവണിപ്പടിതുറന്ന് അകത്തേക്ക് കയറി. രാക്കമ്മയുടെ മുറി കടന്നേ മച്ചിനടുത്തേക്ക് പോകാനാവൂ. രാക്കമ്മ കട്ടിലില്‍ മലര്‍ന്നുകിടക്കുകയാണ്. മുറിയില്‍ ചാരായക്കുപ്പി കാലിയായി കിടക്കുന്നുണ്ട്. കൂര്‍ക്കംവലിയുടെ ശബ്ദം കേള്‍ക്കാം.

 

മുറിയുടെ മൂലയിലെ മുക്കാലിയിൽ താക്കോലിരിപ്പുണ്ട്. മുറിതുറന്ന് അകത്തേക്ക് കയറി. കൂരിരുട്ട് .. മടിയിലിരുന്ന തീപ്പെട്ടി ഉരച്ചു നോക്കി. വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുന്നതിനാലാവണം കത്തുന്നില്ല. ഗോവണിപ്പടിയിലാകെ വെള്ളം തളം കെട്ടി നില്‍ക്കുന്നു. എല്ലായിടത്തും വെള്ളം മാത്രം..

 

English Summary: Neelakkoduveli e-novel written by Jalapalan Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com