ADVERTISEMENT

‘ഗോപ്യം’

(മോഹനൻ പുഞ്ചക്കുറിഞ്ചിയുടെ നോവലിന്റെ രണ്ടാമധ്യായം)

 

ചില കാര്യങ്ങൾ ജീവിതത്തെ നെടുകേ പിളർക്കും. കാര്യങ്ങളെയും കാരണങ്ങളെയും അപ്പുറവും ഇപ്പുറവുമായി പകുത്തെടുക്കും. റെയ്ച്ചലിന്റെ മരണം അങ്ങനെയൊന്നായിരുന്നു. പള്ളിച്ചാൽ വീടിനെയപ്പാടെ അതു നെടുകേ മുറിച്ചു. നിവർന്നു നിൽക്കാൻപോലും പരസഹായം വേണ്ടിയിരുന്നിട്ടും ഏലിയാമ്മ ആ സംഭവത്തോടെ പാപ്പിയെ പൂർണമായി അവഗണിച്ചു. തട്ടിനുമുകളിലിരുന്നു വാട്ടക്കപ്പ പൂത്തു. മൺകലത്തിൽ കുടംപുളി കൈതൊടാതെ കറുത്തുചുളിഞ്ഞു. 

പാപ്പി തീറ്റയും കുടിയും മിക്കവാറും പുറത്തുനിന്നാക്കിയിരുന്നു. തനിക്കും റെയ്ച്ചലിനുമിടയിൽ നടന്നതെല്ലാം ഏലിയാമ്മ ഊഹിച്ചെടുത്തെന്ന തിരിച്ചറിവ് അയാളെ നിശബ്ദനാക്കി. ഇടയ്ക്ക് മെക്കിട്ടുകയറിയപ്പോൾ, എല്ലാം പോലീസിനോടും നാട്ടുകാരോടും വെട്ടിത്തുറന്നുപറയും എന്ന് ഏലിയാമ്മ  ഭീഷണിപ്പെടുത്തിയതോടെയാണു പാപ്പിയുടെ പത്തി താണത്. അല്ലെങ്കിൽത്തന്നെ നാട്ടുകാർ അടക്കം പറഞ്ഞുതുടങ്ങിയിരുന്നു. പക്ഷേ, പാപ്പിയുടെ മുളങ്കമ്പിന്റെ കൂർപ്പിൽ അവരെല്ലാം നിശബ്ദരായി. അതിലും കൂർത്ത ജീവിതസാഹചര്യങ്ങൾ കീറിമുറിച്ച ഏലിയാമ്മയ്ക്ക് അതിനോടുള്ള പേടി പോയത് സ്വാഭാവികം.

 

കാര്യങ്ങൾ ഇങ്ങനൊക്കെയാണെങ്കിലും അളയിൽ ഒളിക്കുന്ന എലിയായിരുന്നില്ല, പാപ്പി. തന്നെ അവഗണിക്കുന്ന ഏലിയാമ്മയോട് അയാളുടെ പ്രതികാരം വേറൊരു വിധത്തിലായിരുന്നു. വൈകുന്നേരങ്ങളിൽ മൂക്കറ്റം കുടിച്ചുവരുമ്പോൾ  കോളനിയിലെ പെണ്ണുങ്ങളെയും കൂടി അയാൾ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോന്നു. ഏലിയാമ്മ വീട്ടിലുള്ളപ്പോൾത്തന്നെ, തൊട്ടപ്പുറത്തെ മുറിയിൽ അവരുമായി അയാൾ കൂത്താടി. ഏലിയാമ്മയ്ക്കു കാണാനായി അയാൾ വാതിൽ മലർക്കെ തുറന്നിട്ടു. 

‘‘നിങ്ങളിതെന്തു ഭാവിച്ചാ? ’’

ചോരയേക്കാൾ കരുത്തോടെ സിരകളിലൂടെ ഒഴുകുന്ന മരുന്നിന്റെ ക്ഷീണത്തിലും ഒരു ദിവസം ഏലിയാമ്മ അയാളെ നേരിട്ടു.

‘‘ഉം എന്താ?’’ മുളങ്കമ്പ് കറക്കി വായുവിൽ ഒരു വട്ടം വരച്ച് പാപ്പി വികൃതമായി ചിരിച്ചു,‘‘നിനക്കിനി ഇതിനൊന്നും ആവതില്ലല്ലോ. പക്ഷേ, എനിക്കിതൊക്കെ വേണം... ഞാനൊരാണാ.’’

‘‘കെട്ടിക്കാൻ പ്രായമായ പെൺകൊച്ചൊള്ളവീടാ ഇത്.’’

‘‘ഇതെന്റെ വീടാ. തള്ളേം മോളേം എറക്കിവിടാത്തത് എന്റെ ദയ. ഒന്നുമില്ലേ കൊറേനാള് വെച്ചുവിളമ്പിത്തന്നതല്ലേന്നോർത്തു. അതുകൊണ്ട് ഭരിക്കാൻ വരാതെ മിണ്ടാണ്ട് ഒരു മൂലയ്ക്കിരുന്നോണം.’’

മുളങ്കമ്പ് കഴുത്തിനുനേരേ നീണ്ടപ്പോൾ ഏലിയാമ്മ ഒരു തീരുമാനമെടുത്തു. അവർ പിറ്റേന്നുതന്നെ സെന്റ് ജോസഫ് പുണ്യാളനു മുന്നിൽ സങ്കടങ്ങളുടെ മെഴുകുതിരി കൊളുത്തി. അങ്ങനെയാണ് ചേർപ്പുങ്കലച്ചന്റെ സഹായത്തോടെ വീടിനോടു േചർന്ന് രണ്ടുസെന്റു സ്ഥലം തട്ടയിൽ നാരാണയന്റെ പുറംപോക്കിൽനിന്നു നേടിയെടുത്തത്. കെട്ടുതാലിവരെ വിറ്റ് അവൾ അവിടൊരു ചായ്പ്പ് കെട്ടി റബേക്കയെയും കൂട്ടി അങ്ങോട്ടു താമസം മാറ്റി. റബേക്ക അപ്പോഴേക്കും സൊസൈറ്റിയിൽനിന്നു വായ്പയെടുത്ത് ഒരു തയ്യൽമെഷീൻ വാങ്ങി അത്യാവശ്യം വരുമാനം നേടിത്തുടങ്ങിയിരുന്നു. വയ്യെങ്കിലും ഏലിയാമ്മ മുടന്തിനടന്ന് ദിവസം നാലുപെട്ടി മെഴുകുതിരികൾ ഉണ്ടാക്കി വിൽക്കുമായിരുന്നു. പട്ടിണിയായിട്ടും അവർ ജീവിതത്തിൽ സമാധാനമറിഞ്ഞ നാളുകളായിരുന്നു അത്.

 

റെയ്ച്ചലിനോടുള്ള കടുംകൈയോടെ പാപ്പിയെ വെറുത്തെങ്കിലും അയാളുടെ രതിപാഠങ്ങൾ അസ്വദിക്കാൻ റബേക്കയ്ക്ക് ഇതു സുവർണാവസരമായി. പലപ്പോഴും പാപ്പി ഒരേസമയം, ഒന്നിലേറെ പെണ്ണുങ്ങളുമായിട്ടായിരുന്നു കേളി. ചായ്പിലുള്ളവർ കേൾക്കാനായി അശ്ലീലവാക്കുകൾ ഉറക്കെ വിളിച്ചുപറഞ്ഞായിരുന്നു അയാളുടെ ലീല. അതിനു പരിഹാരമായി ഏലിയാമ്മ ഒരു ട്രാൻസിസ്റ്റർ റേഡിയോ വാങ്ങി. ഇരുട്ടായാൽ വാതിലും ജനലും അടച്ച് റേഡിയോ ഉച്ചത്തിൽ വയ്ക്കും. പക്ഷേ, അതുകൊണ്ടും ഫലമുണ്ടായില്ല. കഥകളിപ്പദമോ സംഗീതക്കച്ചേരിയോ പാടി, ഇംഗ്ലിഷ് വാർത്തയും പറഞ്ഞ് റേഡിയോ നിശബ്ദമാകും. പാപ്പിയുടെ പ്രക്ഷേപണം അപ്പോൾ തുടങ്ങുകയേ ഉള്ളൂ. പുലർച്ചെവരെ അതു നീളുകയും ചെയ്യും. മരുന്നിന്റെ ക്ഷീണത്തിൽ ഏലിയാമ്മ തളർന്നുറങ്ങിയാൽപിന്നെ റബേക്കയ്ക്കുമുന്നിൽ സ്വാതന്ത്ര്യത്തിന്റെ പെരുംകടലാണ്. അവൾ ജനാലയിലൂടെ കാണാക്കാഴ്ചകളിലേക്കു തോണിതുഴയും. പാപ്പിയുടെ കടുംകൈകൾ കണ്ട് അവളുടെ ഉറക്കം നഷ്പ്പെട്ടു. ദിവസം ചെല്ലുന്തോറും ആൺകൂട്ടിനായുള്ള  ദാഹം ഏറിവന്നു. അക്കാലത്താണ് റബേക്കയുടെ ജീവിതത്തിലേക്ക് ആന്റണി പടികയറിച്ചെല്ലുന്നത്.

 

കുടിയേറ്റമണ്ണിൽ അതു വറുതിയുടെ കാലമായിരുന്നു. കുരുമുളകിനു ദ്രുതവാട്ടം. ഇഞ്ചിക്കു വിലയില്ല. കാപ്പിയും ചതിച്ചു. ആരുടെ കൈയിലും നൂറുരൂപ തികച്ചെടുക്കാനില്ല. അതു മുതലാക്കിയായിരുന്നു ‘പത്തേക്കർ ചിട്ടിഫണ്ടു’മായി കൊച്ചോമിലേക്കുള്ള ആന്റണിയുടെ രംഗപ്രവേശം. അടുത്തകൊല്ലം കൃഷി പൊലിക്കുമ്പോൾ പലിശ സഹിതം പണം മടക്കാമെന്ന കരാറിൽ, ചോദിച്ചവർക്കെല്ലാം അയാൾ പണം വായ്പ കൊടുത്തു. പള്ളിച്ചാൽ പാപ്പിയും കിട്ടിയതു വാങ്ങി കീശയിലിട്ടു. പിന്നീടാണ് പാപ്പിയുടെ സ്വഭാവവിശേഷങ്ങളെപ്പറ്റി ആന്റണി അറിയുന്നത്. അതോടെ എങ്ങനെയും പണം തിരിച്ചുപിടിക്കാനുള്ള ശ്രമമായി. ആദ്യത്തെ തവണ കറുത്തു തടിച്ച ലെതർ ബാഗും കക്ഷത്തിൽവച്ച് ആന്റണി, പൂട്ടിയിട്ടിരുന്ന പള്ളിച്ചാൽ വീടിനു വലത്തുവയ്ക്കുമ്പോൾ തൊട്ടപ്പുറത്ത് ചായ്പിലൂടെ റബേക്ക പുറത്തേക്കു തലനീട്ടി. ആറടിപ്പൊക്കത്തേക്കാൾ ആന്റണിയുടെ കട്ടിമീശയാണ് അവളെ ആകർഷിച്ചത്. ഈട്ടിത്തടി പോലെ കരുത്തുറ്റ ശരീരം. മാംസത്തൂക്കം നോക്കിയാൽ പാപ്പിയുടെ ഇരട്ടികാണും. ഇയാൾ കൊള്ളാമല്ലോ എന്ന് അവൾ മനസ്സിൽ പറഞ്ഞു.

‘‘ഇവിടാരുമില്ലേ?’’

അയൽപക്കത്തെ ജനാലച്ചതുരത്തിനപ്പുറം റബേക്കയെ കണ്ട് ആന്റണി  വിളിച്ചു ചോദിച്ചു.

‘‘അവിടെ ആരും ഇല്ലേ?’’

റബേക്കയും മറുചോദ്യമെറിഞ്ഞു.

‘‘വീടു പൂട്ടിയിട്ടേക്കുന്നു.’’

‘‘അപ്പോ ആരും കാണില്ല.’’

അവൾ കുണുങ്ങിച്ചിരിച്ചു. അതൊരു കളിയാക്കലായി ആന്റണിക്കു തോന്നി. 

‘‘ആരാ?’’

അവൾ കൈയാംഗ്യത്തോടെ ചോദിച്ചു. അയാൾ മിണ്ടിയില്ല. കൊച്ചുവർത്തമാനം പറ‍ഞ്ഞുനിൽക്കാൻ ആന്റണിക്കു നേരമില്ല. മിണ്ടാതെ പടിയിറങ്ങുമ്പോൾ അവൾ വീടിനു വെളിയിലേക്കു വന്നുനിന്നു.

‘‘ആരു വന്നൂന്നു പറയണം?’’

ആന്റണി അപ്പോഴും മിണ്ടിയില്ല. തിരിഞ്ഞുനോക്കിപോലുമില്ല.

‘‘പറയാൻ കൊള്ളാത്ത പേരാണെങ്കിൽ പറയണ്ട.’’

പിന്നിൽ വീണ്ടും ചിരിക്കിലുക്കം.  അയാൾ നടപ്പിനു വേഗം കൂട്ടി.

‘‘ആരാടീ?’’

അകത്തുനിന്ന് ഏലിയാമ്മ ചോദിച്ചു.

‘‘ആ...പേരില്ലാത്ത ഒരാള്...അപ്പനെ കാണാൻ വന്നതാ.’’

‘‘അപ്പനോ? മിണ്ടരുത്...’’

ഏലിയാമ്മ കയർത്തു. എല്ലാ ബന്ധവും അറുത്തെറിഞ്ഞതാണ്. എന്നിട്ടും റബേക്കയ്ക്ക് അപ്പനോടൊരു ചായ്‌വുണ്ടോ എന്ന് അവർ സംശയിച്ചു. റബേക്കയുടെ പെരുമാറ്റവും ചലനങ്ങളുമെല്ലാം അയാളെ ഓർമിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഏലിയാമ്മ ഉള്ളിന്റെയുള്ളിൽ അവളെ പേടിച്ചു.

‘‘വല്ല കൂട്ടിക്കൊടുപ്പുകാരനുമായിരിക്കും. വേറാരാ അങ്ങേരെ തേടി വരുന്നേ... വായിന്നോക്കി നിൽക്കാതെ നിന്റെ കാര്യം നോക്കെടീ പെണ്ണേ.’’

ഏലിയാമ്മ ഒച്ചവച്ചു.

ആന്റണി പിന്നെയും രണ്ടുതവണകൂടി പള്ളിച്ചാലിലെ വീടിനു പ്രദക്ഷിണം വച്ചു മടങ്ങി. രണ്ടുതവണയും ജനാലയിലൂടെ റബേക്ക കള്ളച്ചിരിയോടെ അയാളെ നോക്കി. പക്ഷേ, അവളോടു സംസാരിക്കാൻ അയാൾക്കു ലജ്ജതോന്നി. ചോദിക്കാനും പറയാനും വേറെതെങ്കിലുമൊരു മനുഷ്യജീവിയെ കിട്ടിയിരുന്നെങ്കിലെന്ന് അയാൾ ആഗ്രഹിച്ചു. അടുത്ത തവണ വന്നപ്പോൾ ആ ആഗ്രഹം സാധിച്ചു.  മെഴുകുതിരിയച്ച് വെയിലത്തുണക്കുന്ന ഏലിയാമ്മയെ കൈയുയർത്തിക്കാട്ടി അയാൾ ശ്രദ്ധയാകർഷിച്ചു.

‘‘ഇവിടാരുമില്ലേ അമ്മച്ചീ...’’

ഏലിയാമ്മ ആ ചോദ്യം അവഗണിച്ചു.

‘‘കുറേ തവണയായി ഞാൻ കേറിയെറങ്ങുന്നു. കവലേ ചോദിക്കുമ്പോ പറേം പാടത്തുകാണുമെന്ന്. അവിടെ ചെല്ലുമ്പോ ഇപ്പോ പോയല്ലോന്നു പറേം.... പാപ്പി മുങ്ങിനടക്കുവാന്ന് എനിക്കുറപ്പാ,’’ ആന്റണി പറഞ്ഞു, ‘‘അമ്മച്ചി കേൾക്കുന്നുണ്ടോ? അയാൾ എപ്പോ വരുമെന്നെങ്കിലും ഒന്നു പറയ്.’’

‘‘അവിടുത്തെ കാര്യമൊന്നും എനിക്കറിയില്ല. ഞങ്ങളോടു ചോദിക്കുകേം വേണ്ട.’’

ഏലിയാമ്മ മുഖമുയർത്താതെ വിളിച്ചുപറഞ്ഞു. അയൽപക്കങ്ങൾ തമ്മിൽ ശത്രുതയിലാണെന്ന് ആന്റണി ഉറപ്പിച്ചു. പാപ്പിയെപ്പോലൊരുത്തനുമായി ചേർന്നുപോയെങ്കിലേ അത്ഭുതമുള്ളൂ. കൂടുതലൊന്നും ചോദിച്ചിട്ടു കാര്യമില്ലാത്തതിനാൽ അയാൾ മിണ്ടാതെ ഇറങ്ങിപ്പോന്നു. നടയിറങ്ങുമ്പോൾ പിന്നിൽനിന്നു പതിവുപോലെ ചിരിക്കിലുക്കം വന്നു കൊളുത്തി. തിരിഞ്ഞുനോക്കുമ്പോൾ ജനാലയ്ക്കപ്പുറം അതേ കള്ളച്ചിരിയോടെ അവളുണ്ടായിരുന്നു. അയാൾക്കു ശരിക്കും ദേഷ്യംവന്നു.  പിന്നീട് കവലയിൽ ആരോ പറഞ്ഞപ്പോഴാണ് ആന്റണി അറിഞ്ഞത് പാപ്പിയുടെ കെട്ടിയോളും മകളുമായിരുന്നു അതെന്ന്. ആ നിമിഷം അയാൾ കൊടുങ്കാറ്റുപോലെ പള്ളിച്ചാലിലെ വീട്ടുമുറ്റത്തേക്കിരമ്പിവന്നു.

‘‘പാപ്പിയെവിടെപ്പോയെന്ന് നിങ്ങൾക്കറിയില്ല അല്ലേ? തള്ളേം മോളുംകൂടി ആളുകളെ വിഡ്ഢിയാക്കാനിറങ്ങിയിരിക്കുവാണോ?’’

ഏലിയാമ്മയെ നോക്കി ആന്റണി അലറി. ഏലിയാമ്മ ഒന്നും സംഭവിക്കാത്തതുപോലെ തലയുയർത്തിനോക്കി.

‘‘എന്താ നോക്കുന്നേ? കെട്ടിയോനല്ലെന്നു പറയാൻ പോവാണോ?’’

ആന്റണി വീട്ടുമുറ്റത്തേക്കു ചെന്നു.

‘‘കെട്ടിയോനും കെട്ടിയോളുമൊക്കെ പണ്ട്. ഇപ്പോൾ അയാളെന്റെ ആരുമല്ല സാറേ.’’

‘‘നിയമപരമായിട്ട് ബന്ധം ഒഴിഞ്ഞിട്ടൊന്നുമില്ലല്ലോ. അപ്പോ അയാളു തരാനൊള്ള കാശിന് നിങ്ങളും ഉത്തരവാദിയാ.’’

ഏലിയാമ്മ പരുങ്ങി.

‘‘എന്താന്നുവച്ചാ വിറ്റോ പണയംവച്ചോ എന്റെ കാശു തരണം.’’

ആന്റണിയുടെ ശബ്ദമുയർന്നു.

‘‘സൗകര്യമില്ല....,’’മൂർച്ചയുള്ളൊരു ശബ്ദം പുറത്തേക്കു ചാടിവീണു, ‘‘സൗകര്യമില്ല. ഇങ്ങേരു പോയി കേസ് കൊടുക്ക്.’’

കുലുങ്ങിച്ചിരിച്ച പെണ്ണുതന്നെയാണോ ചീറ്റപ്പുലിയെപ്പോലെ അലറുന്നതെന്ന് ആന്റണി അത്ഭുതപ്പെട്ടു. കുടുക്കു തയ്ച്ചുകൊണ്ടിരുന്ന കുപ്പായം തോളിലേക്കിട്ട്, മുടി മാടിക്കെട്ടി റബേക്ക മുറ്റത്തേക്കിറങ്ങി.

‘‘ഞങ്ങളോടു ചോദിച്ചിട്ടാണോ അങ്ങേർക്കു കാശുകൊടുത്തേ? അല്ലല്ലോ? പിന്നെന്നാത്തിനാ ഞങ്ങളു സമാധാനം പറേന്നേ?’’

ആന്റണി മിണ്ടിയില്ല. സത്യത്തിൽ ഇപ്പോഴാണ് അയാൾ അവളെ ശ്രദ്ധിക്കുന്നത്. കറുപ്പിന് ഇത്ര അഴകോ എന്ന് അയാൾ വിസ്മയിച്ചു.  എന്തുഭംഗിയാണ് അവളുടെ ചുണ്ടുകൾ ചലിക്കുന്നതു കാണാനെന്ന് കൗതുകം കൊണ്ടു. ഇനിയുമിനിയും അവൾ സംസാരിക്കാൻ കൊതിച്ചു.

‘‘ഇനി സാറൊന്നുകൂടി കേട്ടോ,’’ റബേക്ക, അയാൾക്കരികിലേക്കു വന്നു മുഖത്തു തറപ്പിച്ചുനോക്കിപ്പറഞ്ഞു, ‘‘ആ കാശ് തിരിച്ചുകിട്ടാൻ പോകുന്നില്ല. അങ്ങേര് തരത്തില്ല. ഉറപ്പാ...’’

‘‘എന്താ പേര്?’’

ബാഗ് ഇടത്തേ കക്ഷത്തിൽനിന്നു വലത്തേക്കു മാറ്റി സ്ഥാപിച്ചുകൊണ്ട് ആന്റണി പതിയെ ചോദിച്ചു. അനവസരത്തിലുള്ള ചോദ്യം അവളെ പരിഭ്രമിപ്പിച്ചു. 

‘‘പേരില്ല.’’

അവൾ കോപത്തോടെ ചുണ്ടുകടിച്ചു.

‘‘അതോ പറയാൻ കൊള്ളാത്ത പേരായിട്ടാണോ?’’

അവൾ ചിരിച്ചുപോയി.

‘‘സാറു പോയേ... ഞങ്ങൾക്കു വേറെ പണിയുണ്ട്.’’

ഏലിയാമ്മ മുഖം കടുപ്പിച്ചപ്പോൾ ആന്റണി മടിയോടെ തിരിച്ചുനടന്നു. റബേക്ക അപ്പോഴും കുലുങ്ങിച്ചിരിച്ചു. അവളുടെ നോട്ടം തന്റെ മുഖത്താണോ അരക്കെട്ടിലാണോ എന്ന് അന്നാദ്യമായി ആന്റണിക്കു സംശയംതോന്നി. പെട്ടെന്നു നഗ്നനായതുപോലെ അയാൾ ലജ്ജിച്ചു. 

പടിയിറങ്ങിപ്പോയ ആന്റണി പിന്നെയും വന്നു; ഒരിക്കലല്ല, പലതവണ. പക്ഷേ, റബേക്ക പിടികൊടുത്തില്ല. ഒഴിഞ്ഞുമാറുന്തോറും അയാൾ കൂടുതൽ അടുത്തേക്കുവരുമെന്ന് അവൾക്കറിയാമായിരുന്നു. ആറടി നീളവും ഈട്ടിക്കരുത്തുമുള്ള അയാളെ തനിക്ക് ആവശ്യമുണ്ടെന്ന് അവൾ  ഉറപ്പിച്ചിരുന്നു. റബേക്കയുടെ മനസ്സിളക്കാനായി അവസാനം ആന്റണി ഒരു വാഗ്ദാനം മുന്നോട്ടുവച്ചു-പത്തേക്കർ ചിട്ടിക്കമ്പനിയിൽ ഒരു ജോലി.

‘‘ആർക്കുവേണം, ഈ പരട്ട ജോലി...,’’റബേക്ക ചിരിച്ചുതള്ളി, ‘‘ഞാനൊരുമാസം തയ്ച്ചുണ്ടാക്കുന്നത് എത്രരൂപയാന്നറിയാമോ?’’

ആന്റണി കട്ടിമീശ തടവി മിണ്ടാതെ നിന്നു. അയാൾ അവളെ കണ്ണുകൊണ്ടു കോരിക്കുടിക്കുകയായിരുന്നു. റബേക്കയെ കാണുമ്പോൾ അയാളുടെ നാവു വരളുന്നു. ഉടൽ സ്തംഭിക്കുന്നു.

‘‘അവളു നിന്ദിച്ചതൊന്നുമല്ല സാറേ,’’ ഏലിയാമ്മ പറഞ്ഞു, ‘‘ജോലിയല്ല ഒരു ജീവിതമാ അവൾക്കിപ്പോ വേണ്ടേ... സാറിനതു പറ്റുകേലല്ലോ?’’

‘‘പറ്റും.’’

മറുപടി പെട്ടെന്നായിരുന്നു. ഏലിയാമ്മ ഒരുനിമിഷം അന്തിച്ചുനിന്നു. പിന്നെ തലയാട്ടിച്ചിരിച്ചു.

‘‘അങ്ങനെ ചുമ്മാ പറഞ്ഞാപ്പോരാ സാറേ. വീട്ടുകാരും നാട്ടുകാരുമൊക്കെ അറിഞ്ഞുവേണം.’’

‘‘ഞാൻ നാട്ടിൽവരെ പോയിട്ടുവരാം. അപ്പൻ എതിർക്കും. പക്ഷേ, ഞാൻ സമ്മതിപ്പിക്കും, എങ്ങനെങ്കിലും.’’

ആന്റണി തീർത്തുപറഞ്ഞു.

‘‘എങ്കിൽ കേറിവാ...ഒരു കപ്പു കാപ്പി കുടിച്ചാട്ടെ.’’

ഏലിയാമ്മ ചേലത്തുമ്പിൽ കൈതുടച്ച്, ആദ്യമായി ആന്റണിയെ അകത്തേക്കു ക്ഷണിച്ചു.

‘‘ഇപ്പോ വേണ്ട. എല്ലാത്തിനും ഒരു തീരുമാനമായിട്ടു മതി.’’

ആന്റണി ബലം പിടിച്ചു. 

‘‘അങ്ങനെ വേണം ആണുങ്ങൾ.’’

റബേക്ക ചുണ്ടുകടിച്ച് ചിരിയടക്കി.

ആന്റണി വിചാരിച്ചതുപോലെ എളുപ്പമായിരുന്നില്ല കാര്യങ്ങൾ. ആന്റണിയുടെ അമ്മ അന്നമ്മ തീർത്തുപറഞ്ഞു-ഇതു നടക്കില്ല. പത്തേക്കറിൽനിന്നൊരു ബന്ധത്തിനു കൊതിച്ച് സ്വന്തക്കാരും ബന്ധക്കാരുമായി എത്രയെണ്ണം കാത്തുനിൽക്കുന്നു. അപ്പോഴാണ്, എവിടെനിന്നോ ഒന്നിനെ വിളിച്ചോണ്ടുവരുന്നത്. അതും പുറത്തുപറയാൻ കൊള്ളാത്ത ചുറ്റുപാടിൽനിന്ന്.

‘‘അപ്പൻ പറയട്ടെ. ആദർശം പ്രസംഗത്തിൽ മാത്രം പോരല്ലോ...’’

ആന്റണി തുറുപ്പുചീട്ടിറക്കി. ‘എന്റെ സത്യാന്വേഷണപരീക്ഷ’കളുടെ താളുകൾ ചുമ്മാ മറിച്ചു ജോസഫ് പാപ്പൻ ഉമിനീരിറക്കി. മക്കളുടെ ഇഷ്ടത്തിന് എതിരുനിൽക്കേണ്ടിവരുന്ന സാഹചര്യത്തെപ്പറ്റി ഗാന്ധിജി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് അദ്ദേഹം ആലോചിച്ചു.

‘‘ഓരോരുത്തരുടെയും വിശ്വാസങ്ങളാണ് ചിന്തകളും വാക്കും പ്രവൃത്തിയുമാകുന്നെതെന്ന് ഗാന്ധിജി പറഞ്ഞത് അപ്പനറിയാമായിരിക്കാമല്ലോ അല്ലേ? പ്രവൃത്തികളാണു മൂല്യങ്ങളാവുന്നത്. ആ മൂല്യങ്ങളാവട്ടെ, ജീവിതത്തിന്റെ വിധിയുമാവും.’’

ആന്റണി കുടഞ്ഞിട്ട വാക്കുകൾ കേട്ട് ജോസഫ് പാപ്പൻ ഞെട്ടി. ഇവനെന്നാണ് ഗാന്ധിജിയെ വായിച്ചതെന്ന് ആലോചിക്കുന്തോറും അദ്ദേഹത്തിന്റെ ഉടൽ വിറകൊണ്ടു.

‘‘ഓരോ വീടും ഓരോ വിദ്യാലയമാണ്. മാതാപിതാക്കൾ അധ്യാപകരും. അങ്ങനേം ഗാന്ധി പറഞ്ഞിട്ടുണ്ട്. ആരെതിർത്താലും അപ്പനെതിർക്കില്ലെന്ന് നല്ല ഉറപ്പുള്ളതുകൊണ്ടാ ഞാൻ നേരേ ഇങ്ങുപോന്നത്.’’

കപട ഗദ്ഗദത്തിൽ ശബ്ദം വിറപ്പിച്ച് ആന്റണി മൂക്കുതുടച്ചു. ചെക്കൻ രണ്ടും കൽപ്പിച്ചുള്ള വരവാണല്ലോയെന്ന് ജോസഫ് പാപ്പൻ ചിന്തിച്ചു.

‘‘നിന്റമ്മ ഇങ്ങനെ ഇടന്തടിച്ചുനിൽക്കുമ്പോളെങ്ങനാടാ... പിന്നെ അമേരിക്കേന്നു സോജന്റേം അഭിപ്രായമറിയണ്ടായോ?’’

ജോസഫ് പാപ്പൻ മുടന്തൻ ന്യായങ്ങൾ നിരത്തി.

‘‘അവരെയൊക്കെ ഞാൻ സമ്മതിപ്പിച്ചോളാം. അപ്പനൊന്നു കൂടെനിന്നാൽ മതി. 

നിങ്ങൾ മനുഷ്യനായതുകൊണ്ടുമാത്രം വലിയവനാകുന്നില്ല. മനുഷ്യത്വമുള്ളവനാകുമ്പോഴാണ് വലിയവനാകുന്നത് എന്നല്ല്യോ അപ്പാ ഗാന്ധിജി പറഞ്ഞേക്കൂന്നേ...’’

‘‘ആന്റണീ...അവനവന്റെ കാര്യസാധ്യത്തിനുമാത്രം എടുത്തു പ്രയോഗിക്കാനുള്ളതല്ല മഹാത്മജി... അതു മറക്കണ്ട,’’ ഒളികണ്ണിട്ടുനോക്കുന്ന ആന്റണിയെ ജോസഫ് പാപ്പൻ ശാസിച്ചു, ‘‘പിന്നെ, ഇതിന്റെ പേരിലായാലും നീ ഗാന്ധിജിയെ വായിക്കാൻ സമയം കണ്ടെത്തിയെന്നറിയുന്നതിൽ വലിയ സന്തോഷം...’’

കാര്യത്തിലേക്കു കടക്കാതെ അപ്പൻ കാടുംപടപ്പും തല്ലിനിൽക്കുന്നതിൽ ആന്റണി അസ്വസ്ഥനായി. അതു മനസ്സിലാക്കി ജോസഫ് പാപ്പൻ നയം വ്യക്തമാക്കി.

‘‘കെട്ടിനു ഞാൻ സമ്മതിക്കാം. പക്ഷേ, പറഞ്ഞുകേട്ടിടത്തോളം നമ്മളെപ്പോലുള്ളവർക്ക് കേറിച്ചെല്ലാൻ കൊള്ളാവുന്നൊരിടമല്ല അവരടെ വീട്. അതുകൊണ്ട് കെട്ടുകഴിഞ്ഞാൽ അവളേംകൊണ്ട് ഇങ്ങോട്ടുപോന്നോണം. ആചാരോം കീഴ്‌വഴക്കോമൊന്നും നോക്കണ്ട. അതു സമ്മതമാണെങ്കിൽ...’’

‘‘സമ്മതം...’’

ആന്റണി തുള്ളിച്ചാടിയില്ലെന്നേയുള്ളൂ. കാര്യങ്ങൾ ഇത്രവേഗം പരിസമാപ്തിയിലെത്തിയതിൽ അയാൾക്കുതന്നെ അത്ഭുതം തോന്നി. പഠിച്ചുവച്ച ഗാന്ധിസൂക്തങ്ങൾ ഇനിയും ബാക്കിയാണ്. രണ്ടു രാത്രിയിലെ ഉറക്കമിളപ്പാണ്. അപ്പൻ ഗാന്ധി ഭക്തനാണെന്നു പറഞ്ഞപ്പോൾ റബേക്ക ഉപദേശിച്ചുതന്നെ ബുദ്ധിയാണ്. അവൾ കൂടെയുണ്ടെങ്കിൽ പത്തേക്കർ ചിട്ടിഫണ്ട് ഇനിയുമെത്രയോ വളരാനിരിക്കുന്നു എന്ന് ആന്റണി കണക്കുകൂട്ടി.

 

‘‘അങ്ങയുടെ പേരിലാണ് ഞാൻ വഴങ്ങിയത്...അറിയാമല്ലോ..’’

ആന്റണി പോയശേഷം, ഗാന്ധിസൂക്തങ്ങളുടെ പുസ്തകം അലമാരയിൽത്തന്നെയില്ലേ എന്നു പരിശോധിക്കുന്നതിനിടയിൽ ജോസഫ് പാപ്പൻ മഹാത്മജിയോടു സംസാരിച്ചു. സന്ദിഗ്ധഘട്ടങ്ങളിൽ എപ്പോഴും ചെയ്യാറുള്ളപോലെ പുസ്തമെടുത്ത് കണ്ണടച്ച് ഒരു താളു തുറന്നു.

 

‘‘ഏറ്റവും വിഷാദകരമായ ഘട്ടങ്ങളിൽ സ്വയം അടിയറവ് പറയില്ലെന്ന് നിങ്ങൾ തീരുമാനിച്ചാൽ അതാണ് ശക്തി.’’

ജോസഫ് പാപ്പനോടു ഗാന്ധിജി പറഞ്ഞു. അതോടെ മഹാത്മാവ് ഈ വിഷയത്തിൽ തന്റെ പക്ഷത്തോ ആന്റണിയുടെ പക്ഷത്തോ എന്നു ജോസഫ് പാപ്പനു സംശയമായി. അതുകാരണം തൽക്കാലം അദ്ദേഹം ഗാന്ധിജിയെ വിട്ട് കർത്താവിന്റെ ചിത്രത്തിനുമുന്നിലേക്കു സ്ഥാനം മാറി, കുരിശുവരച്ചു  പിറുപിറുത്തു. ‘കർത്താവേ കാത്തോളണേ!’ എന്നായിരുന്നു ആ പ്രാർഥനയെന്ന് കർത്താവിനുപോലും വ്യക്തമായിട്ടുണ്ടാവില്ല.

 

(തുടരും)

 

English Summary: Rabecca E- novel written by Rajeev Sivshankar

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com