ADVERTISEMENT

മാൻവിയും ചില അപ്രതീക്ഷിത സംഭവങ്ങളും

 

ടൗണിലെത്തിയപ്പോഴും കെ.കെ.യുടെ ആ സുഹൃത്തിനെപ്പറ്റിയാണ് ഞാൻ ആലോചിച്ചത്. എന്തൊക്കെയോ രഹസ്യങ്ങൾ അയാളിലുണ്ട്. അയാൾ എന്തോ ഒളിപ്പിക്കുന്നു. കുറച്ചു കാലം ജയിലിൽ കിടന്നതു കൊണ്ടും കുറ്റവാളികളുമായി സമ്പർക്കമുണ്ടായിരുന്നതുകൊണ്ടും എനിക്കു കള്ളത്തരങ്ങൾ മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടില്ല. കള്ളന്മാരുടെ മനഃശാസ്ത്രം എനിക്ക് മനഃപാഠമാണ്. ഇയാൾ ഒരു പഠിച്ച കള്ളനാണെന്നതു സംശയമില്ല. പക്ഷേ എന്റെ ലക്ഷ്യം കെ.കെയായതുകൊണ്ട് ഞാനതു വിട്ടു.

 

‘ഫെമിന’ കണ്ടു പിടിക്കാൻ പ്രയാസമുണ്ടായില്ല. പ്രശസ്തമായ കരി ഫാഷൻ മാളിന്റെ എതിർവശത്ത് ഒരു കുഞ്ഞുകടയായിരുന്നു അത്. പെയിന്റൊന്നും ചെയ്യാതെ മണ്ണിഷ്ടികകൾ കൊണ്ടുണ്ടാക്കിയ പ്രത്യേകതരം ബൊത്തീക്. ജനലുകളൊക്കെ മുളന്തണ്ടുകൾ കൊണ്ടാണ്.

 

അകത്തു കയറിയ ഞാൻ കൗണ്ടറിലിരിക്കുന്ന പെൺകുട്ടിയോട് – അവൾ അവിടത്തെ അക്കൗണ്ടന്റായിരിക്കും – എനിക്ക് മാൻവിയെ കാണണം എന്നാവശ്യപ്പെട്ടു.

അവൾ പുഞ്ചിരിച്ചു കൊണ്ട് എനിക്ക് മറുപടി തന്നു, ‘‘മാൻവി മാഡം ഇന്നു വന്നിട്ടില്ല.’’

ആ ഉത്തരം എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ഇത്ര ദൂരം അലഞ്ഞിട്ടു കാണാൻ പറ്റാതിരിക്കുക എന്നു പറഞ്ഞാലതു വല്ലാത്ത കഷ്ടം തന്നെയാണ്. ഒരു തടസ്സം കഴിയുമ്പോൾ മറ്റൊന്ന് ഫ്ലൈറ്റു പിടിച്ചു വന്നുകൊണ്ടിരിക്കുന്നു.

 

‘‘ആട്ടെ മാഡത്തെ എവിടെച്ചെന്നാൽ കാണാം? എത്ര മണി വരെ ഉണ്ടാകും?’’, തുടരെത്തുടരെ നാക്കിന്റെ ട്രിഗർ വലിച്ച് ഞാൻ ചോദ്യങ്ങൾ ചോദിച്ചു. മറുപടി പറയാൻ ആ അക്കൗണ്ടന്റിന് ഒരു മടിയുണ്ടായിരുന്നു. എന്റെ വെപ്രാളം കണ്ട് എന്തോ അത്യാവശ്യമെന്നു കരുതിയാവും അവസാനം അവൾ എനിക്ക് മറുപടി തന്നു. സൗത്ത് ടൗണിലെ മറ്റൊരു ബ്രാഞ്ചിലാണത്രേ മാൻവി.

 

ഞാൻ പിന്നെ ഒന്നും നോക്കിയില്ല. ലാൻഡ്മാർക്ക് ചോദിച്ചറിഞ്ഞ് നേരേ അങ്ങോട്ടു വിടാൻ തീരുമാനിച്ചു. പക്ഷേ ആ പെൺകുട്ടി, ഇപ്പോൾ സൗത്ത് ബ്രാഞ്ച് അടച്ചു കഴിഞ്ഞിരിക്കുമെന്നും ഇന്നിനി മാൻവിയെ കാണാൻ പറ്റില്ലെന്നും പറഞ്ഞതോടെ ഞാൻ നിരാശയോടെ എന്റെ താവളത്തിലേക്കു മടങ്ങി; നാളെയാവാൻ കാത്തിരുന്നു.

 

പിറ്റേന്നു പത്തു മണിയോടെ ഞാൻ നഗരത്തിന്റെ തെക്കേ ഭാഗത്തേക്കു പുറപ്പെട്ടു. പതിവിലുമധികം വേഗത്തിലാണ് ഇന്ന് എന്റെ വണ്ടി പായുന്നത്. എത്രയും വേഗം മാൻവിയെ കാണണം, കെ.കെ എവിടെയാണെന്നറിയണം.

 

മനസ്സിൽ വണ്ടിയെക്കാൾ വേഗത്തിൽ ചിന്തകൾ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു. കെ.കെ ശരിക്കും ഒരു വ്യക്തിയല്ല. അയാളെ ചുറ്റിപ്പറ്റി ഒരുപാട് പേർ അണിനിരക്കുന്നു. ‘ഗ്യാങ്സ്റ്റർ സിറ്റി’ എന്ന അദ്ദേഹത്തിന്റെ കഥയിലെ ഒരു വാചകം ഞാനോർത്തു:

‘‘കൊല്ലാനായാലും ചാവാനായാലും ഒരുമിച്ച്. കാരണം ഒറ്റക്കു നിന്നവൻ ചതിച്ചിട്ടേയുള്ളു. ചതിക്കപ്പെട്ടിട്ടേയുള്ളു.’’

സ്വന്തം അനുഭവത്തിൽ നിന്നാവണം കെ.കെ അതെഴുതിയത്, എനിക്കു തോന്നി.

 

ഫെമിനയുടെ സൗത്ത്ബ്രാഞ്ചും മണ്ണിഷ്ടികകൾ കൊണ്ടാണ്. കണ്ടാൽ വളരെ പഴക്കം തോന്നിപ്പിക്കുന്ന ഇന്റീരിയറും. ഞാൻ അവിടെക്കണ്ട പെൺകുട്ടിയോട് മാൻവിയെ കാണണം എന്ന ആവശ്യം ഉന്നയിച്ചു. പക്ഷേ അവളാകെ സംഭ്രമത്തിലായിരുന്നു. അവളുടെ ഫോണിൽ കോളുകൾ മാറി മാറി വരുന്നു. ചിലതൊന്നും അവൾ ശ്രദ്ധിക്കുന്നു പോലുമില്ല. ഞാൻ പറയുന്നതൊന്നും കേൾക്കുന്ന ഭാവവുമില്ല. ആകെ വിറളി പിടിച്ച് പോലെ അവൾ നിൽക്കുകയാണ്.

 

ഞാൻ അവളെ വിട്ട് കടയ്ക്കുള്ളിലേക്കു നോക്കി. ‘യെസ് സാർ എന്തു വേണം?’ എന്നു ചോദിച്ചു കൊണ്ട് ഒരു സ്റ്റാഫ് അരികിലേക്കു വന്നു. മാൻവിയെ കാണണമെന്നും കസ്റ്റമർ അല്ലെന്നും ഞാൻ പറഞ്ഞു. അയാൾ എന്റെ അടുത്തേക്ക് വന്ന് രഹസ്യമായി പറഞ്ഞു, ‘‘മാൻവി മാഡം ഇന്നലെ മുതൽ മിസിങാണ്, മാൻവിയുടെ ഇരട്ട സഹോദരിയാണ് ആ നിൽക്കുന്ന മന്യ.’’ ആദ്യം കണ്ട പെൺകുട്ടിയുടെ ടെൻഷന്റെ കാരണം എനിക്കിപ്പോൾ മനസ്സിലായി.

ഇനിയെന്തു ചെയ്യണമെന്നറിയാതെ ഞാൻ കുഴങ്ങി. തിരിച്ചുപോകണോ, മന്യയെ ആശ്വസിപ്പിക്കണോ? മാൻവിയെ കാണാനില്ലെങ്കിൽ കെ.കെയുടെ നോവലിന്റെ പുതിയ ചാപ്റ്റർ എങ്ങനെ ഓൺലൈൻ മാഗസിന്റെ ഓഫീസിലെത്തും എന്നോർത്തപ്പോൾ എനിക്ക് കൂടുതൽ വിഷമമായി.

 

അടുത്തനിമിഷം  ഫെമിനയുടെ മുന്നിൽ ഒരു ജീപ്പു വന്നു നിന്നു. ഇന്നലെ മറ്റേ ബ്രാഞ്ചിൽ ഞാൻ കണ്ട ആ അക്കൗണ്ടന്റും കുറെ പൊലീസുകാരും ചാടിയിറങ്ങി അകത്തേക്കു വന്നു. അക്കൗണ്ടന്റ് എന്നെ ചൂണ്ടിക്കാട്ടി പൊലീസിനോട് എന്തോ പറയുന്നു. എനിക്കൊന്നും മനസ്സിലായില്ല. മന്യ വിളറി വെളുത്തു നോക്കി നിന്നു.

 

പൊലീസുകാരൻ എന്റെ അടുത്ത് വന്നു. എന്നെ അടിമുടി ഒന്ന് നോക്കി. മുഖത്ത് വല്ലാത്ത ഗൗരവമാണ്. മന്യ ഒന്നും മനസ്സിലാകാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കുകയാണ്. ചുറ്റും ഭയപ്പെടുത്തുന്ന നിശ്ശബ്ദത. അവിടെയുള്ള കസ്റ്റമേഴ്സ് പോലും അദ്ഭുതത്തോടെ മിഴിച്ചു നിൽക്കുകയാണ്.

 

പെട്ടെന്നാണ് കൈവിലങ്ങുമായി മറ്റൊരു പൊലീസുകാരൻ രംഗപ്രവേശം ചെയ്തത്. അയാൾ ഒരു കോൺസ്റ്റബിൾ ആണെന്ന് ഞാനൂഹിച്ചു. പിന്നെ എല്ലാം വേഗത്തിലായിരുന്നു. ആ കോൺസ്റ്റബിൾ എന്റെ കൈയിൽ വിലങ്ങ് വെച്ചു. ഞാൻ ആകെ വിറച്ചു പോയി.

 

‘‘എന്താണ്, ഇതെന്താണ് സാർ?’’ എന്ന് ഞാൻ പരിഭ്രമം നിറഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

അയാൾ എന്നെ മന്യയുടെ നേരെ മുൻപിൽ കൊണ്ട് വന്നു നിർത്തി ഞെട്ടിക്കുന്ന ഒരു പ്രസ്താവന നടത്തി:‘‘മാൻവിയുടെ

മൃതദേഹം നഗരത്തിലെ മെട്രോമാർക്കറ്റ് സ്ട്രീറ്റിൽനിന്നു കണ്ടു കിട്ടിയിരിക്കുന്നു. മുറിവുകളോ ചതവുകളോ ഇല്ല. ശ്വാസം മുട്ടിച്ചാണ് കൊന്നിരിക്കുന്നത്. ഒരു അഞ്ച് മണിക്കൂർ എങ്കിലും മുൻപേ മരിച്ചിട്ടുണ്ടാകും എന്നാണ് ഞങ്ങളുടെ പ്രാഥമിക നിഗമനം. ബോഡി ഡംപ് ചെയ്തതിന് വിറ്റ്നെസ്സുകൾ ആരുമില്ല. പക്ഷേ ഇന്നലെ വൈകുന്നേരം മുതൽ മാൻവിയുമായി കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിച്ച ഏക വ്യക്തി ഇയാളാണ്. പൊലീസ് ഓഫിസർ ഹൈദരലി വധക്കേസിലുൾപ്പെട്ട ലാസറുമായി ഇയാൾക്ക് ബന്ധമുണ്ടെന്നു ഞങ്ങൾക്കു വിവരം കിട്ടിയിട്ടുണ്ട്. ഇയാൾക്ക് ജയിൽ പശ്ചാത്തലവുമുണ്ടല്ലോ.’’

 

പൊലീസുകാരൻ പറഞ്ഞത് കേട്ട് ഞാനാകെ നടുങ്ങി. ഒന്നും എന്റെ തലക്കകത്തു കേറുന്നില്ല. മൊത്തം ശൂന്യം. കഷ്ടിച്ചു 16 മണിക്കൂറായിട്ടില്ല, ഞാൻ മാൻവി എന്ന പേരു ജീവിതത്തിലാദ്യമായി കേട്ടിട്ട്. ഇതുവരെ ഞാനവളെ കണ്ടിട്ടുമില്ല. പക്ഷേ ഇതാ ആ പതിനാറു മണിക്കൂറിനകം ഞാൻ മാൻവിയുടെ കൊലയാളിയായി മുദ്ര കുത്തി അറസ്റ്റു ചെയ്യപ്പെട്ടിരിക്കുന്നു!

 

അവരെന്നെ വണ്ടിയിലേക്ക് തള്ളിക്കേറ്റി. മെല്ലെ തല പൊക്കി ഞാൻ മന്യയെ നോക്കി. അവർ പൊട്ടിക്കരയുകയായിരുന്നു.

 

(തുടരും)

 

English Summary :  KK Chila Anweshana Kurippukal E - novel written by Swarandeep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com