ADVERTISEMENT

തീ പിടിച്ച പൂളമരം

 

നേരം ഉച്ചയോടടുത്തപ്പോഴാണ് സിദ്ദു എഴുന്നേറ്റത്. സൂര്യന്‍റെ സ്വര്‍ണ്ണവെളിച്ചം അവനിലേക്ക് ചൂട് ചൊരിഞ്ഞുതുടങ്ങിയിരുന്നു. ഉണര്‍ന്നിട്ടും കുറച്ചുനേരം അങ്ങനെ തന്നെ കിടന്നു. ക്ലോക്ക് പതിനൊന്ന് തവണ മുട്ടിയപ്പോഴാണ് സമയം അവനറിഞ്ഞത്. പൊറിഞ്ചുവിന്‍റെ വീട് നിശ്ശബ്ദമാണ്. പുറത്താരുമില്ല. അവന്‍ എഴുന്നേറ്റ് ദിനകര്‍മ്മങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി വസ്ത്രം മാറി. അമ്മയെ അകത്തെങ്ങും കണ്ടില്ല. അടുക്കളയില്‍ ഇഡ്ഡലിയും ചട്ട്ണിയും. അമ്മയുടെ സ്ഥിരം പതിപ്പുകള്‍ പാത്രങ്ങളില്‍ ബന്ധനസ്ഥരായി കിടന്നു. തിങ്കള്‍ മുതല്‍ വെള്ളിവരെ കാലത്ത് ഇഡ്ഡലിയും ചട്ട്ണിയുമായിരിക്കും. അച്ഛന് ഓഫീസില്‍ പോകണമെന്നുള്ളതിനാല്‍ സമയം വെച്ചുള്ള പരീക്ഷണത്തിന് അമ്മ തയ്യാറല്ല. ശനിയും ഞായറും മറ്റ് ഒഴിവു ദിവസങ്ങളിലും ചപ്പാത്തിയോ ബൂരിയോ ദോശയോ പ്രതീക്ഷിക്കാം.

 

ഉമ്മറത്ത് താടിക്ക് കൈ കൊടുത്ത് വിദൂരതയില്‍ നോക്കി മുട്ടക്കച്ചവടത്തില്‍ നഷ്ടംവന്നപോലെ മുത്തശ്ശന്‍ ഇരിപ്പുണ്ട്. അവനെ കണ്ടപ്പോള്‍ ദീര്‍ഘമായൊന്നു  ശ്വസിച്ചു. എന്തോ പന്തികേടുണ്ടെന്നേ തോന്നിയുള്ളൂ. ഒന്നുംപറയാതെ വീണ്ടും മിഴികള്‍ അകലേക്കുവിട്ടു. 

‘‘എന്തുപറ്റി മുത്തശ്ശാ. ഒരുഷാറില്ലല്ലോ. ഇന്നെന്താ ഉശിരന്‍ കേറ്റിയില്ലേ?’’

‘‘എവിടുന്ന്? ഉണ്ടെങ്കിലല്ലേ ഉശിരന്‍ കേറ്റാന്‍ പറ്റുള്ളൂ’’

‘‘സ്റ്റോക്കൊക്കെ തീര്‍ന്നോ?’’

‘‘ഒന്നും പറേണ്ടെന്‍റെ കുട്ട്യേ..’’ അത്രയും പറഞ്ഞ് ഇഷ്ടമില്ലാത്ത എന്തോ ഒന്ന് ഓര്‍ത്തെടുത്ത് പറയും വണ്ണം മുത്തശ്ശന്‍ കസേരയില്‍നിന്ന് എഴുന്നേറ്റു.

‘‘... കണക്കിനും സ്റ്റോക്കിനുമൊന്നും കുറവുണ്ടായിരുന്നില്ല. കുടിക്കണ ആളുമാറി പോയീന്ന് മാത്രം. ഒപ്പത്തിനൊപ്പം പിടിക്കാനുള്ള തത്രപ്പാടില് എന്തു കണക്ക്..’’

‘‘തെളിച്ചുപറ. ഒന്നും മനസ്സിലാവ്ണില്ല്യാ..’’

‘‘ഇത്രേം കാലത്തെ ജീവിതത്തില് പറ്റാത്ത ഒരു ചതി ഇന്നലെ പറ്റി. പുതിയ നാടല്ലേ, അയല്‍വക്കല്ലേ എന്നൊക്കെ കരുതി ആ പൊറിഞ്ചൂനെ ഒന്നു വിളിച്ചു, രണ്ടെണ്ണം കൊടുക്കാംന്ന്  വെച്ച്. കുപ്പി മുമ്പില് വെച്ച് ആദ്യത്തെ പെഗ്ഗ് ഒഴിക്കാനേ എന്‍റെ ആവശ്യംണ്ടായുള്ളൂ. പിന്നെ ഒഴിക്കലും കുടിക്കലും ഒക്കെ തനിച്ചായി. കാഴ്ചക്കാരനായി ഇരുന്നാ വെള്ളം കുടിച്ച് തീര്‍ക്കേണ്ടി വരുംന്ന് ഉറപ്പായി. പിന്നെ വിട്ടുകൊടുത്തില്ല. ഒപ്പത്തിനൊപ്പം ഞാനും പിടിച്ചു. കുപ്പി കാലി ആയപ്പൊ മത്സരം തീര്‍ന്നു. ഒരു ഫുള്ള് പൊട്ടിച്ച് രണ്ട് പെഗ്ഗേ ഞാന്‍ കുടിച്ചിരുന്നുള്ളു, മിനിഞ്ഞാന്ന്. ദാ  കെടക്കുന്നു കാറ്റുപോയ ബലൂണ്‍ പോലെ കുപ്പി...’’

 

സിദ്ദുവിന് തോന്നിയത് പക്ഷേ ഒരനാഥപ്രേതം പോലെ കുപ്പി കിടക്കുന്നതായിട്ടാണ്.

‘‘....ഇനിയിപ്പൊ അതോര്‍ത്തിട്ട് കാര്യംല്ല്യാ. നീയൊരു കാര്യം ചെയ്യ്, ഇവിടെ എവിട്യൊക്ക്യോ നല്ല നാടന്‍ വാറ്റ്ണ്ട്​ത്രേ. ഒന്നുപോയി തപ്പിപ്പിടിച്ചു കൊണ്ടുവാ. അടുത്ത ക്വാട്ട കിട്ടണവരെ വായുവിഴുങ്ങി ഇരിക്കാന്‍ പറ്റില്ലല്ലോ..’’

‘‘ഉം. ശരി പിന്നെയ്, ഞാന്‍ ഇന്നലെ പറഞ്ഞ പാത്രമേറിന്‍റെ കാര്യംണ്ടല്ലോ അത് സത്യാട്ടോ. സാക്ഷി സഹിതം ഞാന്‍ വിസ്തരിച്ച് തരാം...’’

‘‘അതിന്‍റെയൊന്നും ആവശ്യംല്ലാ. പൊറിഞ്ചു അതല്ലാ അതിലപ്പുറം ചെയ്യും. നീ വേഗം ചെന്ന് ഞാന്‍ പറഞ്ഞത് തപ്പികൊണ്ടുവാ. എണ്ണയില്ലാതായ വിളക്ക് പടുതിരി കത്തും. അത് ദോഷാ.’’

 

മുത്തശ്ശന്‍ മദ്യത്തിനിട്ടിരിക്കുന്ന ഓമന പേരാണ് എണ്ണ. വിളക്ക് ഒരേസമയം മുത്തശ്ശനും വീടുമാകാം. കത്തിയാലും ഇല്ലെങ്കിലും വിളക്കില്‍ എണ്ണയുണ്ടെങ്കിലേ മുത്തശ്ശന് ഇരിക്കപ്പൊറുതി കിട്ടുകയുള്ളൂ. സിദ്ദു ചുറ്റുപാടുംനോക്കി പുറത്തിറങ്ങി.

 

മുന്നിലൂടെ അതിവേഗത്തില്‍ പഞ്ഞിനിറച്ച് ഒരു ടെമ്പോവാന്‍ കടന്നുപോയി. അന്തരീക്ഷത്തില്‍ ഇടതടവില്ലാതെ പഞ്ഞി അലഞ്ഞുതിരിഞ്ഞു പറക്കുന്നുണ്ട്. സിദ്ദു അലസമായെന്നവണ്ണം സ്കൂളിലേക്കു കടന്നു. വിശാലമായ സ്കൂള്‍ ഗ്രൗണ്ടില്‍ പിച്ചിപറിച്ചിട്ട പോലെ പഞ്ഞി പരന്നുകിടക്കുന്നുണ്ട്. ഗ്രൗണ്ടിന്‍റെ അറ്റത്ത് അതിരിട്ട് മാവും പ്ലാവും പൂളയും നിൽക്കുന്നുണ്ട്. മാവും പ്ലാവും പൂത്തില്ലെങ്കിലും പൂള പൂത്ത് പഞ്ഞിപൊഴിക്കുന്നുണ്ട്. അവന്‍ ഗ്രൗണ്ടിലൂടെ നടന്ന് അപ്പുറത്തെ ഗേറ്റിനരികിലെത്തി. ആ ഗേറ്റും കുട്ടികള്‍ക്കായി തുറന്നിട്ടിരിക്കുന്നു. പുറകുവശത്തുനിന്നും മറ്റു പലേടങ്ങളില്‍നിന്നും വരുന്ന കുട്ടികള്‍ക്കുള്ള ഷോര്‍ട്ട്കട്ടാണ് ആ ഗേറ്റ്. മൈതാനത്തിനെ നടുവിലിട്ട് നാലുപുറവും അടുക്കുംചിട്ടയുമില്ലാതെ സ്കൂള്‍ മുറികള്‍ ചിതറിക്കിടന്നിരുന്നു. മിക്ക ക്ലാസ്സ് റൂമിന്‍റെയും വാതിലുകള്‍ അടഞ്ഞുകിടന്നു. അടഞ്ഞുകിടന്ന വാതിലില്‍ പോയി തട്ടിവിളിച്ച് പരാജയപ്പെട്ട പഞ്ഞികള്‍ അവിടെത്തന്നെ വീഴുകയോ അന്തരീക്ഷത്തില്‍ പറന്നു നടക്കുകയോ ചെയ്യുന്നുണ്ട്. 

 

പുറകിലെ ഗേറ്റുകടന്ന് അവന്‍ ഒരു നടപ്പാതയിലെത്തി. അതിന്‍റെ ഒരറ്റം പാടത്തേക്കും മറ്റേ അറ്റം ഇടവിട്ട് വീടുകള്‍ നിൽക്കുന്നതിനിടയിലൂടെയും നീണ്ടുപോയി. അവന്‍ പാടത്തേക്കുള്ള വഴിയിലൂടെ നടന്ന് പാടം തുടങ്ങുന്നിടത്ത് കുറച്ചുനേരം ആലോചിച്ചുനിന്നു. പാടത്തിന് അപ്പുറത്ത് മലകള്‍ തുടങ്ങുന്നു. അടുത്താണെന്ന് തോന്നുമെങ്കിലും നടന്നാല്‍ എളുപ്പത്തിലൊന്നും മലക്കടിവാരത്തില്‍ എത്തില്ലെന്ന് അവനു മനസ്സിലായി. പാടത്തിന്‍റെ അറ്റത്ത് ഒരരികിലൂടെ കൈതമൊന്ത പടര്‍ന്നുപിടിച്ച ആ തോട് പെരുമ്പാമ്പിനെ പോലെ വളഞ്ഞുപുളഞ്ഞുപോകുന്നുണ്ട്. പാടത്തേക്കിറങ്ങാതെ അവന്‍ തിരിഞ്ഞുനടന്നു. വീടുകള്‍ക്കിടയിലൂടെയുള്ള വഴി, തലേന്ന് സൈക്കിള്‍ക്കാരന്‍ വിജയന്‍റെ വീടിനുമുന്നില്‍ പോകുന്നിടത്താണ് ചെന്നെത്തിയത്. വഴിയും വെളിച്ചവും സമയവും തലേന്നത്തെപോലെ കിടന്നു. 

 

വിജയന്‍ ഒരു സൈക്കിള്‍ അഴിച്ചിട്ട് എന്തോ തിരുപ്പിടിച്ചുകൊണ്ടിരിക്കുകയാണ്. പണിക്കിടയില്‍ അവനെ ഒന്നുകണ്ടെങ്കിലും തലേന്നു കണ്ട പരിചയത്തിന്‍റെ ലാഞ്ചനപോലും ആ മുഖത്ത് മിന്നിമാഞ്ഞില്ല. അവന്‍ കയറ്റത്തിലൂടെ നടന്ന് നീണ്ടുകിടക്കുന്ന കനാലിന്‍പ്പുറത്തെത്തി. സംശയമേതുമില്ലാതെ കനാലിന്‍പുറത്തെ വഴിയിലൂടെ തനിക്കു നടക്കാനാകുന്നുണ്ട് എന്നവന് മനസ്സിലായി. അവന്‍ കരുതിയിരുന്നതുപോലെ തലേദിവസം അവനും മാധവേട്ടനും എത്തിയിടത്ത് പൂളമരങ്ങള്‍ക്കു കീഴെ കിടയ്ക്കാടിലെ ഭ്രാന്തിന്‍റെ വംശപരമ്പരകളുടെ ഇപ്പോഴത്തെ കണ്ണിയായ ചാക്കപ്പന്‍ ഇരിപ്പുണ്ടായിരുന്നു. അതേ കല്ലില്‍, അതേ ഇരിപ്പ്, കഴിഞ്ഞ ദിവസത്തെ ആ നിമിഷം അണുവിടപോലും ചലിക്കാതെ, അപ്പോള്‍ ആ നിമിഷത്തിലും ആവര്‍ത്തിക്കുകയാണ്. ഒരു വ്യത്യാസമുണ്ട്; മാധവേട്ടന്‍റെ അസാന്നിദ്ധ്യത്തിന്‍റെ. പൂളമരങ്ങള്‍ക്കിടയിലൂടെ മൂളിക്കടന്നുപോയ കാറ്റില്‍ പഞ്ഞികള്‍ തൂവി പറന്നു. അവന്‍ ചുറ്റുപാടും നോക്കി. ആരുമില്ല. സാവകാശം അവന്‍ ആ കരിവീട്ടിലേക്ക് നടന്നു.

 

വീടിനുനേരെ ഒരാള്‍ നടന്നുവരുന്നതുകണ്ടപ്പോള്‍ ചാക്കപ്പന്‍ എഴുന്നേറ്റു. ആ പരിസരത്തൊന്നും അങ്ങനെ ഒരാളെ ചാക്കപ്പന്‍ കണ്ടിട്ടില്ല. സാധാരണ ചാക്കപ്പന്‍ പോകാറുള്ള ചായക്കടയിലോ, കള്ളുഷാപ്പിലോ, പലചരക്കുകടയിലോ, ഇറച്ചിക്കടയിലോ ഒന്നും. കരി വാങ്ങാന്‍ വരുന്നവരെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ചാക്കപ്പനറിയാം. എന്തായാലും കരിവാങ്ങാനല്ല. പിന്നെന്തിന്? പട്ടച്ചാരായം വാങ്ങാനോ. ഇത്രപോന്ന അപരിചിതനായ ഒരുവനോ? ചാക്കപ്പന് അങ്ങനെയൊരു തോന്നല്‍ തനിക്കുളളില്‍ ഉണ്ടായതില്‍ ചിരിപ്പൊട്ടി. അയാള്‍പോലും അറിയാതെ അയാളൊന്നുറക്കെ ചിരിച്ചുപോയി. 

 

അസാധാരണമായി ചാക്കപ്പന്‍ ചിരിക്കുന്നതുകണ്ടപ്പോള്‍ സിദ്ദുവിനാശങ്കയായി. മാധവേട്ടന്‍ പറഞ്ഞപ്രകാരം അയാളൊരിക്കലും അപകടകാരിയായിട്ടില്ല. ആ ഒരു ധൈര്യം മാത്രമാണ് അവനെ അവിടെ എത്തിച്ചത്. പക്ഷെ അടുത്ത ഏതുനിമിഷത്തിലും അയാളുടെ മനസ്സ് മാറിയാലോ...? അവന്‍റെ കാലടികളില്‍ മന്ദത കനംവെച്ചുതൂങ്ങി. കാല്‍ വലിച്ചുനടക്കാന്‍ അവന് പ്രയാസമനുഭവപ്പെട്ടു. മുത്തശ്ശന്‍ പറഞ്ഞപ്പോള്‍, ഇന്നലത്തെ പരിചയം വെച്ച് ഒരൂക്കിന് ചാടിപ്പുറപ്പെട്ടതാണ്. വേണ്ടായിരുന്നു എന്നവന് തോന്നി.

 

കരിക്കും, വാറ്റു ചാരായത്തിനുമല്ലെങ്കില്‍ എക്സൈസുകരുടേയോ, കള്ള് ഷാപ്പുകാരുടെയോ ചാരനായാലോ? ചാക്കപ്പന്‍റെ ചിന്തകള്‍ ആ വഴിക്കാണ് പൂളകളെ വകഞ്ഞുനീക്കിപ്പോയത്. ഷാപ്പുകളില്‍ തിരക്ക് കുറയുമ്പോഴോ, വാറ്റുകാര്‍ കള്ളച്ചാരായം വിറ്റു കീശ വീര്‍പ്പിക്കുന്നുണ്ടെന്ന് തോന്നുമ്പോഴോ അബ്കാരി കോണ്‍ട്രാക്ടര്‍മാരോ അവരുടെ ചില്ലറ മേടിക്കുന്ന എക്സൈസുകാരോ ഇങ്ങനെ ചില വേലകളിറക്കുമെന്ന് ചാക്കപ്പനറിയാം. അങ്ങനെയുള്ള വേലയിറക്കലില്‍ കുടുങ്ങി പല കള്ളവാറ്റുക്കാരും കുപ്പീം കുടോം തലയില്‍വെച്ച് സ്റ്റേഷനിലേക്ക് നടന്നുപോയിട്ടുമുണ്ട്. 

 

പക്ഷേ, പേരിനുമാത്രം, കരിക്കച്ചവടത്തിനൊപ്പം, അതുകൊണ്ടുമാത്രം കുടുംബം പോറ്റാന്‍ പറ്റില്ലെന്ന കൊടും സത്യത്തില്‍, മാവേലി നാടും ഓലക്കുടയും സ്വപ്നം കണ്ടുനടക്കുന്ന തനിക്കെതിരെ ആരെങ്കിലും പണിയെറക്കാന്‍ വന്നാല്‍ അവനെയങ്ങനെ വെറുതെ വിടില്ലെന്ന് ചാക്കപ്പന്‍ ഉറപ്പിച്ചു. തന്‍റെ പാര്‍ട്ടി അധികാരത്തില്‍ വരുന്നതുവരെയെങ്കിലും തനിക്കിവിടെ ജീവിച്ചേപറ്റൂ. അവന്‍റെ പണിയറിയട്ടെ. എന്നിട്ടാകാം മറുപണി എന്നു തീരുമാനിച്ച് ചാക്കപ്പന്‍ ജാഗ്രതയോടെ, കൗശലം നിറഞ്ഞ കണ്ണുകളോടെ അവനെ ആകെയൊന്നുഴിഞ്ഞുനോക്കി. 

 

ഒരു തുടക്കം തപ്പിപ്പിടിക്കാനായി സിദ്ദു സ്വല്പ നേരമൊന്നു തമ്പിട്ടു. അപ്പോഴേക്കും ചോദ്യചിഹ്നം നിവര്‍ന്ന മുഖഭാവത്തോടെ ചാക്കപ്പന്‍ അവനുമുന്നില്‍ തെളിഞ്ഞുനിന്നു. 

‘‘ഞാന്‍.... എന്നെ മനസ്സിലായില്ലേ.... ഇന്നലെ മാധവേട്ടന്‍റൊപ്പം ഇവിടെ വന്നിരുന്നു...’’

‘‘നീയ്യോ...? മാധവേട്ടന്‍റൊപ്പോ... ആരാ ഈ മാധവേട്ടന്‍...?’’

‘‘മാധവേട്ടന്‍.... മാധവേട്ടനെ അറീല്ലേ.. ഇന്നലെ ഞങ്ങള് ഒന്നിച്ചല്ലേ ഇവിടെ വന്നത്.’’

‘‘ഏതു മാധവേട്ടന്‍? അങ്ങനെ ഒരാള് ഈ കിടയ്ക്കാട് ഉണ്ടോ?’’

‘‘ഉണ്ട്...ഞാന്‍... നിങ്ങക്ക് ഓര്‍മ്മേല്ല്യാഞ്ഞിട്ടാണ്.’’

ചാക്കപ്പന്‍ അവനെ ആകെയുഴിഞ്ഞുനോക്കി. അപ്പോള്‍ കാര്യങ്ങള്‍ വിചാരിച്ചതുവിട്ടല്ല എന്നുറപ്പായി. ആരുടെയെങ്കിലുമൊക്കെ പേരുപറഞ്ഞ് അടുത്തുകൂടുക. എന്നിട്ട് കാര്യം നടത്തുക. കളി ചാക്കപ്പനോട്. കാണിച്ചുകൊടുക്കാം, ചാക്കപ്പന്‍ ആരാണെന്ന്...

‘‘അതൊക്കെ അവിടെ നിക്കട്ടെ. എന്താപ്പൊ നിനക്ക് വേണ്ടത്?’’

നേരെ കാര്യത്തിലേക്കുള്ള വഴിതെളിഞ്ഞപ്പോള്‍ സിദ്ദുവിനാശ്വാസമായി. എങ്ങനെയതു പറഞ്ഞു ഫലിപ്പിക്കണം എന്നതില്‍ വീണ്ടും അവന് തപ്പലും തടയലുമായി.

‘‘എനിക്ക് ....’’ അവന്‍ അത്രയും പറഞ്ഞ് ‘കുപ്പി’ എന്നപോലെ കൈത്തണ്ട ഉയര്‍ത്തി ആംഗ്യം കാണിച്ചു. ചാക്കപ്പന്‍ മനസ്സിലാവാത്തതുപോലെ നില്പു തുടര്‍ന്നു. അവസാനം രണ്ടും കല്പിച്ച് അവന്‍ പറഞ്ഞു.

‘‘എനിക്കൊരു കുപ്പി വാറ്റുവേണം...നല്ല നാടന്‍... എത്രയാ വില...?’’

 

ചാക്കപ്പന് തീവെട്ടുപോലെ കാര്യങ്ങള്‍ തെളിഞ്ഞുകിട്ടി. അതുവരെ തണുത്തുറഞ്ഞുനിന്നിരുന്ന ഒരു പൂളമരം അയാളുടെ തലയ്ക്കകത്തിരുന്ന് കത്തി തുടങ്ങി. ആ ചൂടില്‍ ചാക്കപ്പനാകെ വെന്തു. 

തന്‍റെ തലക്കകത്ത് മൂളിപറക്കുന്ന തീ ഗോളങ്ങള്‍ കൂട്ടിയിടിച്ച് കത്തിതീരുന്നത് ചാക്കപ്പനറിഞ്ഞു. തലയ്ക്കകം മാത്രമല്ല, ദേഹം മുഴുവനും ചുറ്റുപാടും തീ നിറഞ്ഞു തിമിര്‍ക്കുകയാണെന്നാണ് തോന്നിയത്. മറുപടി വേണ്ടതും തീകൊണ്ടാണ് എന്നതില്‍ സംശയമില്ലായിരുന്നു. ഇത്തിള്‍ നീറ്റാനായി കത്തിച്ച അടുപ്പില്‍നിന്ന് ചെമന്നു ജ്വലിക്കുന്ന തീക്കനലുകള്‍ മടിയേതുമില്ലാതെ അയാള്‍ പാത്രത്തിലേക്ക് കോരിയിട്ടു. ചാക്കപ്പനോട് ഒന്നു കളിച്ചവര്‍ രണ്ടാമതൊരു കളിക്ക്  വന്നുകൂടാ എന്നയാള്‍ക്കു നിര്‍ബന്ധമായിരുന്നു. 

 

സംഗതി ഏറ്റു എന്നമട്ടില്‍ സിദ്ദു ദീര്‍ഘനിശ്വാസം വിട്ടു. അധികം വൈകാതെ ചുട്ടെരിയുന്ന തീക്കനലുകള്‍ അവന്‍റെ മുഖത്തും കഴുത്തിലും പാറിവീണു. ചാടി പിടഞ്ഞ് തട്ടിക്കളയുന്നതിനിടയില്‍ ഒരു തീക്കോരിയില്‍ കനലുകളുമായി കത്തുന്ന മുഖത്തോടെ ചാക്കപ്പന്‍. 

‘‘തരാടാ നിനക്ക്, കരള് കത്തുന്ന നല്ല നാടന്‍ സാധനം, കൊണ്ടോയ്ക്കോ’’

പറഞ്ഞുതീരാന്‍ നിന്നില്ല ചാക്കപ്പന്‍ വീണ്ടും കനലുകള്‍ അവനു നേര്‍ക്ക് എറിഞ്ഞു. ഒരുവിധത്തില്‍ ഒഴിഞ്ഞുമാറി അവന്‍ രക്ഷപ്പെട്ടോടി. പുറകില്‍ അലറിക്കൊണ്ടയാളുടെ സാന്നിദ്ധ്യമുണ്ടായിരുന്നതിനാല്‍ അവന്‍ തിരിഞ്ഞുനോക്കിയില്ല. കനാലിലെ വെള്ളത്തില്‍ചാടി മുങ്ങിക്കിടന്ന് പൊള്ളിയത് തണുപ്പിക്കാമെന്നുവെച്ച് അവന്‍ കനാലിലേക്കു നോക്കി. അവന്‍ അമ്പരന്നുപോയി. വെള്ളമില്ലാതെ, ലാഞ്ചനപോലുമില്ലാതെ, വറ്റിവരണ്ട് കനാല്‍ ശൂന്യമായി കിടക്കുന്നു.  തലേന്ന് നിറഞ്ഞൊഴുകിക്കിടന്ന കനാല്‍ ഇതുതന്നെയോ എന്നവന്‍ ആശ്ചര്യപ്പെട്ടു. 

അവന്‍ കനാലിന്‍ പുറത്തൂടെ വേഗത്തിൽ നടന്നു, തലേന്നത്തെ അതേവഴിയിലൂടെ. ആ വഴി നേരെ ടാര്‍റോഡില്‍ ചെന്നുമുട്ടി. ഒരു വഴി കല്ല്ട്ട്മട കോളനിയിലേക്ക് സ്വാഗതം എന്നെഴുതിയ ബോര്‍ഡിനു കീഴിലൂടെ ഉള്ളിലേക്ക് നീണ്ടുകിടന്നു. മറ്റേത് കിടയ്ക്കാടിന്‍റെ നാഢീ ഞരമ്പുകളിലേക്കും. ഒരു നിമിഷം എന്തുവേണമെന്ന് അവന്‍ പകച്ചു. 

 

മാധവേട്ടന്‍ ഒപ്പമുണ്ടായിരുന്നിട്ടുകൂടി ഭയത്തിന്‍റെ ആവരണങ്ങളുണ്ടായിരുന്നു. ആ കോളനിയില്‍ ചെന്നു തിരിച്ചുപോരുമ്പോള്‍ ഒട്ടും അപകടകരമല്ലാത്ത ഇടങ്ങള്‍കൂടി പുലിവാലുകളായി മാറുമ്പോള്‍, സ്വതവേ അപായകരമായ സ്ഥലങ്ങള്‍, മാധവേട്ടനില്ലാതെ എങ്ങനെ മാറിമറിഞ്ഞുവന്ന് തന്നെ നുറുക്കി കളയുമെന്ന് അവന് ആശങ്കയുണ്ടായി. ചാക്കപ്പന്‍റെ കരിവാറ്റുകേന്ദ്രത്തില്‍നിന്നും രക്ഷപ്പെട്ടോടിയതുപോലെ കല്ല്ട്ട്മട കോളനിയില്‍നിന്നും തിരികെ പോരാനാവില്ലെന്ന് അവനുറപ്പായിരുന്നു. അനാവശ്യമായ ഒരു സാഹസത്തിന് മുതിരേണ്ട എന്നുകരുതി അവന്‍ സാവകാശം കിടയ്ക്കാട്ടേക്ക്, കിഴക്കോട്ടുള്ള വഴിയിലൂടെ നടന്നു. കിടയ്ക്കാട്ട് വെച്ച് ആദ്യമായി മുത്തശ്ശന്‍ ഒരു കാര്യം പറഞ്ഞത് ശരിയാംവണ്ണം നിവര്‍ത്തിച്ചുകൊടുക്കാന്‍ തന്നെക്കൊണ്ടായില്ലല്ലോ എന്ന ഇച്ഛാഭംഗം അവനില്‍ നീറിക്കിടന്നു. കവലയില്‍ എത്തിയപ്പോള്‍, തലേന്ന് ഊണുകഴിച്ച ഹോട്ടലില്‍ തിരക്കുതന്നെ. ബ്രാലിന്‍ കഷണം കൂട്ടിയുള്ള ചോറൂണായിരിക്കും. വായില്‍ വെള്ളമൂറിയെങ്കിലും പിടികൊടുക്കാതെ അവന്‍ വീട്ടിലേക്കുനടന്നു.

 

പമ്മിപ്പതുങ്ങി അകത്തുകടന്നപ്പോള്‍ മുത്തശ്ശന്‍ ഉച്ചയുറക്കത്തിലാണ്. ഊണു കഴിഞ്ഞാല്‍ ചിലപ്പൊഴൊക്കെ ഒരു ഉറക്കുമുണ്ട്. ഒന്നൊന്നര മണിക്കൂര്‍ ഇനി ശല്യമുണ്ടാകില്ല. എഴുന്നേറ്റാല്‍ ആദ്യമന്വേഷിക്കുക തന്നെയായിരിക്കും. അതേക്കുറിച്ചാലോചിച്ച് വേവലാതികൊള്ളേണ്ടെന്നും അപ്പോള്‍ ആകാമെന്നു കരുതി സിദ്ദു ഊണു കഴിച്ച് മുറിയിലേക്ക് നടന്നു. ജനാലക്കലിരുന്ന് അവന്‍ പൊറിഞ്ചുവിന്‍റെ, രാത്രിയിലേക്ക് ഒരുങ്ങിക്കിടക്കുന്ന പാത്രപടനിലത്തിലേക്ക് നോക്കിയിരുന്നു. പൊറിഞ്ചു ഇപ്പോള്‍ വെയിലൊട്ടും കളയാതെ, വിയര്‍പ്പുതുള്ളികളാല്‍ പ്രതിരോധമിട്ട് കല്ലുകള്‍ ചെത്തിമിനുക്കി നില്ക്കുകയായിരിക്കും. 

 

ആ ഒരു സമയത്തിനായി നോക്കിയിരിക്കുമ്പോള്‍, പെയ്തു തീരാത്ത മഴപോലെ മൂടി കെട്ടി നിന്നിരുന്ന ഉറക്കം അവനിലേക്ക് എവിടെ നിന്നോ അലച്ചെത്തി. നിലത്ത്, മടങ്ങാന്‍ കൂട്ടാക്കാതെ കിടക്കുന്ന കിടയ്ക്കയില്‍ ചെന്നുവീണു. അര്‍ദ്ധസുഷുപ്തിയില്‍ അവന്‍, ജാലകത്തിനിടയിലൂടെ ഇടയ്ക്കിടെ വന്നെത്തി നോക്കി കടന്നുപോകുന്ന പഞ്ഞികള്‍ കണ്ടു. 

 

ആരുടെയോ ആഹ്ലാദം കവിഞ്ഞൊഴുകുന്ന ശബ്ദത്തിലാണ് അവനിലെ ഉറക്കം തോര്‍ന്നത്. ജാലകത്തിനുപുറത്ത് ഇരുട്ടിന് പിടികൊടുത്തമരാതെ കുതറിനില്‍ക്കുന്ന വെളിച്ചം. നേരം ഏറെയായിക്കഴിഞ്ഞെന്ന് അവനു മനസ്സിലായി. മുത്തശ്ശന്‍റെ മുറിയില്‍ നിന്നാണ് സംസാരം. അവിടെ ലേബലിന്‍റെ ആവരണ ഗമയൊന്നുമില്ലാത്ത, നഗ്നമായ ഒരു കുപ്പിയില്‍ നിറമില്ലാത്ത മദ്യം. അപ്പുറവും ഇപ്പുറവും മുത്തശ്ശനു പൊറിഞ്ചുവും. ലഹരി സിരകളില്‍ കയറുമ്പോള്‍ ഉണ്ടാകാറുള്ള ചിരിയും ഉത്സാഹവും മുത്തശ്ശനില്‍ നിറഞ്ഞിരിക്കുന്നു. പൊറിഞ്ചുവില്‍ ഒരു വ്യത്യാസവുമില്ലെന്ന് അവന്‍ അമ്പരന്നു. മുത്തശ്ശന്‍ പറഞ്ഞതുപോലെ പൊറിഞ്ചുവിന് എളുപ്പത്തില്‍ മദ്യം ഏല്ക്കുന്നുണ്ടാകില്ല.

‘‘നീയൊരു ഗ്ലാസ്സ് വലിക്ക് പൊറിഞ്ച്വോ...’’

‘‘അയ്യോ, വേണ്ട സാറെ, ഞാന്‍ പറഞ്ഞില്ലേ കാര്യങ്ങള്‍ടെ ഒരു കെടപ്പ്..’’

‘‘ഇത്രേം നന്നായി കുടിക്കണ ഒരാളുടെ മുമ്പിലിരുന്ന് ഞാന്‍ മാത്രം  കുടിക്കുമ്പോ... ഒന്നും കഴിക്കാത്ത ഒരാളാന്ന് വെച്ചാ പോട്ടെ...’’

‘‘ഇപ്പൊ മനസ്സിലായില്യേ, ഇങ്ങനേംണ്ട് പൊറിഞ്ചൂന് ഒരു മൊഖം..’’

‘‘ഉവ്വുവ്വ്, അത് മനസ്സിലായി..’’ മുത്തശ്ശന്‍ എന്തോ തമാശ ആസ്വദിച്ചെന്നപോലെ ഉറക്കെ ചിരിച്ചു. പൊറിഞ്ചുവും മടി കൂടാതെ ചിരിയില്‍ പങ്കുകൊണ്ടു. 

‘‘ങ്ഹാ, എപ്പളാ തന്‍റെ മോന്‍ കേറിവര്വാ. എനിയ്ക്കൊന്നു കാണാന്‍.’’

‘‘പത്തുമണി കഴിഞ്ഞാ എപ്പ വേണമെങ്കിലും കേറിവരും..’’

‘‘എന്തായാലും ഇങ്ങനെ ചെല മക്കള്ണ്ടാവണത് നല്ലതാ. തന്താര്‍ക്ക് ഒരു പേടീം ബഹുമാനൊക്കെ വേണംല്ലോ....’’

ആ സമയത്ത് കടന്നുവന്ന സിദ്ദുവിനെ മുത്തശ്ശന്‍ കണ്ടു. മുത്തശ്ശൻ ഒന്നുകൂടി ഉഷാറായി. 

‘‘ഇന്നുരാത്രി പാത്രമേറ് കാണാംന്ന് വിചാരിക്കണ്ട...’’ പൊറിഞ്ചു നാണംകലര്‍ന്ന് ചിരിച്ചു. സിദ്ദുവിന് സമാധാനം തോന്നി. അയാളതു കാര്യമായിട്ടെടുക്കുന്നില്ല. മുത്തശ്ശന്‍ ഒഴിഞ്ഞ ഗ്ലാസ്സിലേക്ക് കുപ്പി ചെരിച്ചു. പൊറിഞ്ചു അല്പമൊരു ധര്‍മ്മസങ്കടം, നെഞ്ചില്‍ കിനിയുന്നത് പുറത്തുകാണിക്കാതെ നോക്കിയിരിപ്പുണ്ട്.

 

‘‘കണ്ടോ. ഇങ്ങനേംണ്ട് ഒരു പൊറിഞ്ചു. ഒരു തുള്ളി അടിയ്ക്കാതെ, വേറൊരാള് കുടിക്കുന്നത് നോക്കിയിരിക്കുന്ന പൊറിഞ്ചു.’’ അപ്പോള്‍ പൊറിഞ്ചു കുടിച്ചിട്ടില്ലെന്നത് ശരിയാണ്. 

‘‘എന്താ കാരണംന്ന് ചോദിച്ചോ നീയ്യ്. ചോദിക്ക്..’’

പൊറിഞ്ചു നാണം കലര്‍ന്ന് ചിരിച്ചതേയുള്ളൂ.

‘‘പൊറിഞ്ചൂന് ഒരു മോനുണ്ട്. തോമുട്ടി. കച്ചോടത്തിന് വണ്ടി ഓടിക്കണ അവന്‍ ഇന്നുരാത്രി തിരിച്ചെത്തും. ഇന്നുതൊട്ട് ഒരു രണ്ടുദിവസത്തേക്ക് ഷോ ഉണ്ടാവില്ല. അന്നാമ്മയ്ക്ക് മനസ്സമാധാനായിട്ട് കിടന്നുറങ്ങാം..’’

‘‘ഓ മനസ്സമാധാനം ക്കെ കണക്കന്നെ. പൂക്കുറ്റി ആയാ പിന്നെ അവനെ പിടിച്ചാ കിട്ടില്യാ. തല്ലുംകുത്തുംന്നുണ്ടാവില്ല. എന്തെങ്കിലുമൊക്കെ തെറിപ്പറഞ്ഞ് അവിടെ എവിടേങ്കിലും കിടന്നോളും..’’

‘‘എന്തുപറഞ്ഞാ അവന്‍ തന്നെ ഒതുക്കീത്. പറയ്യ്. അല്ലെങ്കി വേണ്ടാ ഞാന്‍ തന്നെ പറയാം. രണ്ട് പുലികള് ഒന്നിച്ച് ഒരു മടേല് കെടക്കണ്ടാന്ന്. അപ്പൊ പല്ലുകൊഴിഞ്ഞ്, ഉശിരും വീറും കുറഞ്ഞ പുലി മടേന്ന് ഇറങ്ങീന്ന് മാത്രം. മറ്റേ പുലി, നായാടാന്‍ പോകുമ്പോ, കേറാലോന്ന് വെച്ച്ട്ട്...’’

പറഞ്ഞ് തീരുന്നതിനു മുന്‍പ്, സ്വയം ഉണ്ടാക്കിയ ഒരു ഫലിതത്തിന്‍റെ ആത്മസംതൃപ്തിയില്‍ പുളകിതനായി മുത്തശ്ശന്‍ ഉറക്കെയിരുന്ന് ചിരിച്ചു. പൊറിഞ്ചു ഇടംകണ്ണിട്ട് സിദ്ദുവിനെ നോക്കി. 

‘‘അതുപോട്ടെ. നിന്നോട് ഞാനൊരു സംഗതി പറഞ്ഞിട്ടുണ്ടായിരുന്നല്ലോ. അതെന്തായി?’’

‘‘ഓ അത് കിട്ടിയില്ല. സ്ഥലം ക്യത്യമായിട്ട് മനസ്സിലായില്ല. അല്ലേലും കാര്യം നടന്നാ മതിയല്ലോ...’’

‘‘അതെന്‍റെ മിടുക്ക്. നിയവിടെ കെടക്കണ കണ്ടപ്പോഴേ എനിക്ക് മനസ്സിലായി, നിന്നെക്കൊണ്ട് കൂടീട്ടില്ല്യാന്ന്. അതുവിചാരിച്ച് എനിക്ക് പച്ചക്കിരിക്കാന്‍ പറ്റ്വോ? ഞാന്‍ പൊറിഞ്ചൂനെ വിട്ടു വാങ്ങിപ്പിച്ചു...’’

നിര്‍ത്തി എന്ന മട്ടില്‍ മുത്തശ്ശന്‍ കുപ്പി അടച്ചു. വിനീത വിധേയനായി എഴുന്നേറ്റ പൊറിഞ്ചു യാത്ര പറഞ്ഞിറങ്ങി.

 

തുടരും…

 

English Summary: ‘Kidaikattile Poolamarangal’ E-Novel written by P. Reghunath, Chapter 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com