ADVERTISEMENT

കമ്മീഷണർ ഓഫീസിലായിരുന്നു അനിൽ മാർക്കോസ്. 

 

‘‘താനീ കേസിൽ ഒരു പാട് സ്ട്രെയിനെടുക്കുന്നുണ്ട് എന്നെനിക്കറിയാം. പക്ഷേ സംഭവം മീഡിയ ഏറ്റെടുത്ത സ്ഥിതിയ്ക്ക് കൂടുതൽ അലേർട്ട് ആയിരിക്കണം’’ അശോക് മാത്യു, അനിലിനെ ആശ്വസിപ്പിച്ചു. 

 

‘‘എനിക്കറിയാം സാർ. പക്ഷേ ആദ്യമായാണ് ഇങ്ങനെ ഒന്ന്. സാധാരണ നമ്മളൊക്കെ പറയുന്ന പോലെ എവിടെയെങ്കിലും ഒരു കയ്യൊപ്പ് ഉപേക്ഷിച്ചിട്ടുണ്ടാവും. ഏതെങ്കിലും ഇത് എല്ലാം കൊണ്ടും സാഹചര്യം അയാൾക്കനുകൂലമായതു പോലെയാണ്. എന്റെ ഇത്രയും വർഷത്തെ ജീവിതത്തിൽ ആദ്യമാണ് ഇങ്ങനെയൊരു അനുഭവം.’’

 

‘‘താനിങ്ങനെ നെഗറ്റീവ് ആവതെടോ, എന്തോ മാസ്ക് ധരിച്ചിരുന്നുവെന്നല്ലേ പറഞ്ഞത്?’’

 

‘‘അതെ സാർ. ഞാനത് ഗൂഗിളിൽ നോക്കി. തീയേറ്ററിക്കൽ മാസ്ക് ആണ്. പണ്ടൊക്കെ ഗ്രീക്ക് നാടകങ്ങളിൽ ഉപയോഗിച്ചിരുന്ന പോലെ. ട്രാജിക് നാടകങ്ങൾക്കും കോമെടി നാടകങ്ങൾക്കും ഉള്ളത് പോലെ .സത്യത്തിൽ ഇന്നത്തെ കാലത്തേ നാടകങ്ങളിൽ ഇത്തരം മാസ്കുകൾ ഉപയോഗിക്കുന്നില്ല. പണ്ടത്തെ നാടകങ്ങളിലായിരുന്നു മുഖം മുഴുവൻ മൂടുന്ന തരത്തിലുള്ള ഇവയുടെ ഉപയോഗം.ഇത് എന്ത് മെറ്റീരിയൽ കൊണ്ടാണ് നിർമ്മിച്ചതെന്ന് മനസ്സിലാവുന്നില്ല. കണ്ടിട്ട് പഴയ തീയേറ്ററുകളിൽ ഉള്ള പോലെ തടി കൊണ്ടാണോ എന്ന് തോന്നുന്നു.’’

 

‘‘തനിക്കിതിനെക്കുറിച്ച് നല്ല അറിവുണ്ടല്ലോ’’

 

‘‘ഗൂഗിളിൽ എന്താണ് സർ ഇല്ലാത്തത്? ഋഷിയുടെ സ്പോട്ടിൽ നിന്നും നമുക്ക് അയാളുടെയും ഒരു പെൺകുട്ടിയുടെയും വിരലടയാളം ലഭിച്ചിരുന്നു. പരിശോധനയിൽ നിന്നും അത് വലിയ പ്രായമില്ലാത്ത ഒരു പെൺകുട്ടിയുടേതാണെന്ന് മനസ്സിലായി. ഋഷിയ്ക്ക് അധികം സുഹൃത്തുക്കളുണ്ടായിരുന്നില്ല. അല്ലെങ്കിൽ പഴയ സുഹൃത്തുക്കളുമായൊന്നും അയാളിപ്പോൾ ബന്ധം പുലർത്തുന്നില്ല. അതുകൊണ്ട് അയാളെക്കുറിച്ച് അധികമാർക്കുമറിയില്ല, എന്നാൽ അയാളുടെ ഫോൺ ഡീറ്റെയിൽസ് എടുത്തപ്പോൾ സ്ഥിരമായി വിളിക്കുന്ന ഒരു നമ്പറിൽ കോൺടാക്ട് ചെയ്ത് അയാളുടെ കാമുകിയെ കണ്ടെത്തി. മിലി എന്നാണ് അവളുടെ പേര്. ഈ കൊലപാതകി അയാളുടെ ഫ്ലാറ്റിൽ എത്തും മുൻപ് അവൾ ഫ്ലാറ്റിൽ എത്തിയിരുന്നു. അവളുടേതാണ് വിരലടയാളം. വേട്ടക്കാരൻ പൂർണമായും അയാളെ മറച്ചു സാർ.’’

 

‘‘അപ്പോൾ ആ പ്രതീക്ഷയും ഇല്ല അല്ലെ.’’

 

‘‘ഇല്ല സാർ. പെൺകുട്ടിയാണോ എന്ന സംശയം അതോടെ തീർന്നു. എന്നാൽ സിസിടിവിയിലെ ദൃശ്യത്തിൽ ഒരു സ്ത്രീയുടെ നടപ്പും ഭാവവും അയാൾക്കുണ്ടായിരുന്നോ എന്നൊരു സംശയമുണ്ട്. പക്ഷേ എന്തിനാണ് ഒരു സ്ത്രീ എമ്മയെ പോലെ ഒരു പെൺകുട്ടിക്ക് ഇത്തരത്തിൽ ഗിഫ്റ്റുകൾ നൽകുന്നത്? കണക്ഷൻ പ്രോബ്ലം ഉണ്ട് സാർ. ഞാൻ ആ മാസ്കിനു പിന്നാലെയാണ്. എമ്മയുടെ ഡ്രാമ ലാബുമായി ഇതിനു ബന്ധമുണ്ടെന്നാണ് എന്റെ അനുമാനം.’’

 

‘‘ofcourse, we have got the connections there’’

 

‘‘അതെ സാർ. ഞാൻ എമ്മയോടൊന്ന് സംസാരിക്കാൻ പോവുകയാണ്. രണ്ടു ദിവസമായല്ലോ ഋഷി മരിച്ചിട്ട്. ആ കുട്ടി മെന്റൽ ട്രോമയിലായിരുന്നു. ഞാൻ പിന്നെ വിളിച്ചില്ല. കൂടുതൽ സംസാരിച്ചിട്ട് ഞാനറിയിക്കാം സാർ.’’

 

‘‘എന്താണെങ്കിലും വേഗം വേണം അനിൽ. മീഡിയ സ്വസ്ഥത തരില്ല.’’

 

‘‘sure sir’’

 

ഓഫീസിൽ നിന്ന് ഇറങ്ങി ജീപ്പിലിരിക്കുമ്പോഴാണ് അനിൽ മാർക്കോസ് എമ്മയെ വിളിച്ചത്.

 

*******

 

ഞാനും മീരയും അപ്പോൾ ലുലു മാളിലെ ഫുഡ് കോർട്ടിലായിരുന്നു. ഒരിക്കൽ ജീവനായി കണ്ട ഒരാളുടെ നഷ്ടത്തെ അപ്പോഴും ഞാൻ ഉൾക്കൊണ്ടിരുന്നില്ല. അവനെന്നെ ഉപേക്ഷിച്ച് പോയതാണ്, മറ്റൊരർത്ഥത്തിൽ അവനില്ലായ്മ ഞാൻ സ്വീകരിച്ചതാണ്, എന്നാലും ഞാൻ കാരണം അവന്റെ ജീവൻ ഇല്ലാതായെന്ന അറിവ് എനിക്ക് ക്ഷമിക്കാൻ കഴിയുന്നതല്ല. എന്തിനാണ് അയാൾ ഋഷിയെ കൊലപ്പെടുത്തിയത്...

 

‘‘സാർ പറയൂ’’

 

‘‘എമ്മാ എനിക്ക് തന്നെയെന്ന് കാണണം. എവിടെയാണ്?’’

 

‘‘ഞാൻ മീരയ്‌ക്കൊപ്പം ലുലു മാളിലാണ് സാർ. ഒരാളെ വെയിറ്റ് ചെയ്യുന്നു’’

 

‘‘ആരെ?’’

 

‘‘ഡ്രാമ ലാബിൽ ഉള്ള ഒരു സുഹൃത്ത്. കുറച്ചു നാളായി അങ്ങോട്ട് പോയിട്ട്, അതിന്റെ കുറച്ചു ചർച്ചകൾ’’

 

‘‘അയാൾ ഇങ്ങോട്ട് വിളിച്ചതാണോ?’’

 

‘‘അതെ, ആര്യൻ’’

 

‘‘അതെ, താനന്നു സംശയമുള്ളവരുടെ കൂട്ടത്തിൽ ഈ പേര് എന്നോട് പറഞ്ഞിരുന്നു.’’

 

‘‘ഉം...’’

 

‘‘എന്തിനാണ് അയാൾ കാണണമെന്ന് പറഞ്ഞത്?’’

 

‘‘വാർത്തകളൊക്കെ വായിച്ചപ്പോൾ കാണണമെന്ന് പറഞ്ഞതാണ് സാർ. മീരയുമുണ്ട്. ഞാൻ അയാളോട് സംസാരിച്ച ശേഷം സാറിനെ വിളിക്കാം’’

 

‘‘ശരി. വിളിക്കൂ’’

 

ഞാനും മീരയും ഏകദേശം അര മണിക്കൂറായി ആര്യനെ കാത്തിരിക്കുന്നു. എഴുന്നേറ്റു പോകാൻ തുടങ്ങിയപ്പോഴേക്കും അവനെത്തി. ആര്യന്റെ കണ്ണുകളിൽ ചോദ്യഭാവം. 

‘‘ഹേ, എമ്മാ. നിന്നെയിപ്പോ ലാബിലേക്ക് കാണുന്നില്ലല്ലോ. പഠനം അവസാനിപ്പിച്ചോ? കേസൊക്കെ എന്തായി?’’

 

ആര്യനെക്കണ്ട് എനിക്ക് അസ്വസ്ഥത തോന്നി. ഇവനാണോ അയാൾ? ആ അജ്ഞാതൻ? എനിക്ക് സമ്മാനമയക്കുന്നവൻ? ഋഷിയെ കൊലപ്പെടുത്തിയവൻ? 

 

‘‘വരൂ ആര്യൻ, ഇരിക്കൂ’’

മീരയാണ് ആര്യനെ ഇരിപ്പിടത്തിലേയ്ക്ക് ക്ഷണിച്ചത്. അവളോട് അപരിചിതത്വം തോന്നിയെങ്കിലും എന്നെ നോക്കി നിഗൂഢമായ ഒരു ചിരി ചിരിച്ച് ആര്യൻ കസേരയിലിരുന്നു. അയാളുടെ കണ്ണുകൾ എല്ലായ്പ്പോഴും എന്റെ മുഖത്തായിരുന്നു. എനിക്ക് വല്ലാതെ ദേഷ്യം വന്നു തുടങ്ങിയിരുന്നു, ഒപ്പം ഭയവും. 

 

‘‘ആര്യൻ, ഞാൻ മീര. എമ്മയുടെ സുഹൃത്താണ്. ഞങ്ങളൊരു കാര്യമറിയാനാണ് ആര്യനെ കാണണമെന്ന് പറഞ്ഞത് ’’

 

ആര്യൻ അപ്പോഴാണ് മീരയുടെ മുഖത്തേയ്ക്ക് നോക്കിയത്. അവന്റെ മുഖത്ത് ഒരു പുച്ഛം പരക്കുന്നുണ്ടായായിരുന്നു.

 

‘‘ചോദിക്കൂ. എമ്മയ്ക്ക്എന്തെങ്കിലും പ്രശ്നമുണ്ടോ? ആരാണ് അവൾക്ക് സമ്മാനമയക്കുന്ന അയാൾ?’’

 

പത്രങ്ങളും ചാനലുകളും ഋഷിയുടെ മരണത്തോടെ തുടങ്ങി വച്ച വാർത്തകൾ എല്ലാവരും അറിയുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫോണിന് പോലും വിശ്രമമില്ല. വിളികൾ, അന്വേഷണങ്ങൾ, ഉത്കണ്ഠകൾ, ഫോണെടുക്കാൻ തന്നെ തോന്നുന്നതേയില്ല. 

 

‘‘ഉണ്ടോ ഇല്ലയോ എന്ന് ആര്യന് അറിയില്ലേ?’’

മീരയുടെ ചോദ്യത്തിലേക്ക് ആര്യൻ പകച്ചു നോക്കി.

 

‘‘എനിക്ക് മനസ്സിലായില്ല. അവളുടെ പ്രശ്നമെന്താണെന്ന് എനിക്കെങ്ങനെ അറിയാം?’’

 

‘‘നിങ്ങളല്ലേ ആര്യൻ, അവളുടെ പ്രശ്നം?’’

 

‘‘ഞാനോ?’’

 

‘‘നിങ്ങൾ അവളെ ലാബിൽ വല്ലാതെ ഉപദ്രവിക്കുന്നത് തന്നെയാണ് അവളുടെ പ്രശ്നം’’

 

‘‘ഞാനൊരു പ്രശ്നമാണെങ്കിൽ അതിന്റെ അടിസ്ഥാന കാരണം എന്താണെന്ന് എമ്മയ്ക്ക് നന്നായി അറിയാം. എനിക്കിവളെ ഇഷ്ടമാണ്.’’

 

‘‘അവൾക്ക് നിങ്ങളെ ഇഷ്ടമല്ലലോ’’

 

‘‘അവൾക്കെന്തു കൊണ്ട് എന്നെ ഇഷ്ടപ്പെട്ടുകൂടാ? പലപ്പോഴും പലരിൽ നിന്നും ഞാനാണ് അവളെ പ്രൊട്ടക്ട് ചെയ്തിട്ടുള്ളത്. അതൊന്നും അവൾക്കറിയില്ല’’

 

‘‘എന്താണ് ആര്യൻ ഉദ്ദേശിക്കുന്നത്. നിങ്ങളെങ്ങനെ അവളെ സംരക്ഷിച്ചെന്നാണ്?’’

 

‘‘നിങ്ങളെന്താണ് പോലീസാണോ? ഒരുമാതിരി ചോദ്യം ചെയ്യുന്നത് പോലെ..’’

 

‘‘കാര്യങ്ങൾ ഗൗരവമാണ് ആര്യൻ. ഞങ്ങൾക്ക് നിങ്ങളുടെ സഹായം വേണം’’

ഇവളെന്താണ് ആര്യനോട്‌ പറയുന്നത്. അവനെ ചോദ്യം ചെയ്യാൻ വന്നിട്ടിപ്പോൾ അവന്റെ സഹായം ആവശ്യപ്പെടുന്നോ! മീര എന്തോ മനസ്സിൽ കരുതിയിരുന്നത് പോലെ തോന്നി.

 

‘‘ഞാനെന്ത് സഹായമാണ് ചെയ്യേണ്ടത്? ’’

 

‘‘ആരെക്കുറിച്ചാണ് ആര്യൻ മുൻപേ പറഞ്ഞത്? അവിടെ എമ്മയ്ക്ക് എതിരെ സംസാരിക്കുന്നവരുണ്ടോ നിങ്ങളുടെ ലാബിൽ?’’

 

‘‘ഉണ്ട്. അവളുടെ പല ഫെയ്‌സ്ബുക്ക് പോസ്റ്റുകളും അവിടെ ചർച്ചയാകാറുണ്ട്. ഒരിക്കൽ ലാബിൽ നടന്ന ഒരു സംഭവം ആരുടേയും അനുവാദമില്ലാതെ അവൾ പോസ്റ്റാക്കി. എബി സാർ അത് വിഷയമാക്കി. പുറത്താക്കണമെന്നായിരുന്നു മാനേജ്‌മെന്റിന്റെ ആവശ്യം. പക്ഷേ ഞങ്ങൾ വിദ്യാർഥികൾ അവൾക്കൊപ്പമാണ് നിന്നത്. പിന്നീടൊരിക്കൽ എബി സാർ അത് ഒരു സുഹൃത്തിനോട് സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അവൾക്ക് എന്തെങ്കിലും പണി കൊടുക്കുമെന്ന് ’’

 

അത് മീരയ്ക്ക് പുതുമയുള്ള ഒരു അറിവായിരുന്നു. എമ്മ ഇതുവരെ പറയാത്ത ഒരു കഥ. 

 

‘‘അതെന്താണ് ആ കഥ? ’’

 

‘‘ആര്യൻ, കഥയറിയാതെ നീ സംസാരിക്കരുത്. അയാളെന്താ ചെയ്തത്. നിന്റെ കൂടി ഒപ്പം അഭിനയിച്ച കുട്ടിയല്ലേ നീലിമ. അവളൊറ്റയ്ക്ക് കയറി വന്നപ്പോൾ പുള്ളിയെന്താ ചെയ്തത്? അയാളുടെ കൂടെ കിടക്കാൻ വരാമോ എന്ന് ചോദിച്ചത് പിന്നെ എങ്ങനെ ചോദ്യം ചെയ്യാതെ ഇരിക്കാനാവും? ’’

എന്റെ മനസ്സിൽ നീലിമയുടെ കരയുന്ന മുഖമായിരുന്നു.

 

‘‘അതുകൊണ്ടാണല്ലോ അന്ന് വിദ്യാർഥികളെല്ലാം നിനക്കൊപ്പം നിന്നത്. എന്നാൽ നീ പ്രതികരിച്ച രീതി തെറ്റിപ്പോയി എമ്മാ. ഫെയ്‌സ്ബുക്കിൽ ഇട്ട് നാട് മുഴുവൻ അറിയിച്ചായിരുന്നില്ല അതൊന്നും ചെയ്യേണ്ടിയിരുന്നത്. നമുക്കവിടെ വിദ്യാർഥികളെക്കൂട്ടി പ്രതികരിക്കാമായിരുന്നു’’

 

ഞാനൊന്നും മിണ്ടിയില്ല. എല്ലാം അവിടെ വന്നാണ് അവസാനിക്കുന്നത്. ഫെയ്‌സ്ബുക്ക്-

 

എന്റെ ഋഷിയുൾപ്പെടെ മൂന്നു പേരുടെ മരണത്തിന്റെ വേരുകൾ അതിലാണ് കൊരുത്തു കിടക്കുന്നത്. ഇനിയും അതെന്റെ ജീവിതത്തിൽ വേണ്ട... വീട്ടിൽ ചെന്നാലുടനെ തന്നെ അക്കൗണ്ട് കളയണമെന്നു ഞാൻ തീരുമാനിച്ചു.   

 

‘‘ആര്യൻ പറഞ്ഞത് ശരിയാണ്. എന്നാൽ അയാൾ എമ്മയ്ക്ക് പണി എങ്ങനെ കൊടുക്കുമെന്നാണ് ആര്യന് തോന്നുന്നത്. പക്ഷേ അങ്ങനെ വിരോധമുള്ള ഒരാൾക്ക് മണികർണികയെ പോലെയൊരു കഥാപാത്രം അയാൾ നൽകുമോ?’’

 

‘‘അതിനെക്കുറിച്ചൊന്നും എനിക്കറിയില്ല. നാടകത്തിലേയ്ക്ക് എമ്മ തന്നെ വേണമെന്ന് പറഞ്ഞത് വിശാഖ് മാഷാണ് എന്നാണു ഞാൻ മനസിലാക്കുന്നത്.’’

 

എനിക്കാണ് അമ്പരപ്പ് തോന്നിയത്. മണികർണികയെക്കുറിച്ച് എന്നോട് സംസാരിച്ചത് എബി സാറാണ്. അത് ഞാൻ തന്നെ ചെയ്യണമെന്ന് അയാൾ നിർബന്ധം പോലെ പറഞ്ഞു. അയാൾക്കെന്നോടുള്ള ദേഷ്യമെല്ലാം അവിടെ അവസാനിച്ചുവെന്നാണ് ഞാൻ കരുതിയത്. അപ്പോൾ അവിടെ എനിക്ക് വേണ്ടി വാദിച്ചത് വിശാഖ് മാഷായിരുന്നോ?

 

‘‘നിങ്ങൾ പ്രശ്നമെന്താണെന്ന് പറയൂ. ഒരു കാര്യം പറയാം, എനിക്ക് എമ്മയെ ഇപ്പോഴും ഇഷ്ടമാണ്. അവളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്. ഞാൻ നല്ല പൊസ്സസ്സീവ് ആണ്. അതുകൊണ്ട് അവളെ നഷ്ടപ്പെടുന്നതോർക്കുമ്പോൾ അവളെക്കുറിച്ച് പലരോടും ഞങ്ങൾ തമ്മിൽ അടുപ്പമാണെന്ന് പറഞ്ഞിട്ടുണ്ട്.’’

 

‘‘സ്നേഹം അങ്ങനെ നിർബന്ധിച്ച് നേടാൻ കഴിയുന്ന ഒന്നല്ല ആര്യൻ’’,

മീര അവന്റെ വാക്കുകൾക്കിടയിൽ സ്നേഹത്തെക്കുറിച്ച് സംസാരിച്ചു.

‘‘അത് സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഒന്നാണ്. ആര്യന് എമ്മയെ ഇഷ്ടമായിരുന്നെങ്കിൽ കാത്തിരിക്കാൻ തയ്യാറാകണമായിരുന്നു. ഒരാളെക്കുറിച്ച് മോശമായി പറഞ്ഞാണോ സ്വന്തമാക്കുന്നത് ’’

 

‘‘എന്റെ രീതി ഇതാണ് മീര. എനിക്കിതെ പറ്റൂ. എന്നാൽ അവൾക്ക് ഇതുവരെ അപകടമായത് ഒന്നും ഞാൻ ചെയ്തിട്ടില്ല.’’

 

‘‘ഈ ചെയ്തുകൊണ്ടിരിക്കുന്നത് അവൾക്ക് അപകടമാണെന്ന് നിങ്ങളെന്നാണ് മനസിലാക്കുക!’’

മീരയ്ക്ക് ദേഷ്യം വന്നിരുന്നു. മറുപടി പറയാൻ ആയിരിക്കാം വാക്കുകൾ അവളുടെ ഉള്ളിൽ നിന്നും കിതച്ചു പൊന്തി ഉയരുന്നു. ഞാൻ മാത്രമല്ലലോ അനുഭവിക്കുന്നത് എന്റെ കൂട്ടുകാരികളും കൂടിയല്ലേ, എന്റെ ഭയവും വേദനകളും അവൾക്ക് നന്നായി അറിയാം. 

 

പെട്ടെന്ന് ആര്യൻ എഴുന്നേറ്റു.

‘‘ഞാൻ പോവ്വാണ്. ഇവൾ വിളിച്ചത് കൊണ്ടാണ് ഞാൻ വന്നത്. ഇവൾ മറ്റാരുടേതുമാകാൻ ഞാൻ സമ്മതിക്കില്ല.’’

ആരുടേയും മറുപടി കേൾക്കാൻ നിൽക്കാതെ ആര്യൻ വെട്ടിത്തിരിഞ്ഞു പോയി.

 

അവന്റെ ധാർഷ്ട്യം നിറഞ്ഞ ആ ഇറങ്ങിപ്പോക്ക് എനിക്കിഷ്ടമായില്ല. പറയാതെ അവൻ പിന്നെയുമെന്തോ ബാക്കി വച്ചിരുന്നു. അനിൽ മാർക്കോസിനെ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞിട്ടും അയാൾ വെറുതെ മൂളി കേട്ടതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല . ഞാൻ തന്നെ അജ്ഞാതനെ കണ്ടെത്താൻ മുന്നിട്ടിറങ്ങണമെന്നാണ് തോന്നുന്നത്. മറ്റാര്ക്കും എന്റെ ജീവിതത്തിൽ ഇത്ര താല്പര്യമുണ്ടാകാൻ ഇടയില്ലല്ലോ. വീട്ടിൽ ചെന്നപ്പോൾ ആദ്യം ചെയ്തത് മനസ്സിൽ തീരുമാനിച്ച ഒന്ന് നടപ്പിലാക്കുകയായിരുന്നു. ഞാൻ മൊബൈലെടുത്ത്. ഫെയ്‌സ്ബുക്ക് സെറ്റിങ്സിൽ പോയി എന്റെ അകൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു. ഇനി അയാളെങ്ങനെ എന്റെ ജീവിതം അറിയും?

 

നഷ്ടപ്പെട്ടു പോയ എന്റെ മറ്റൊരു ലോകവും സൗഹൃദങ്ങളുമോർത്തപ്പോൾ ദേഷ്യമാണ് തോന്നിയത്. ആരു ചെയ്ത തെറ്റിനാണ് ഇങ്ങനെ ശിക്ഷിക്കപ്പെടുന്നത്? എന്ത് തന്നെ ആയാലും അയാളെ കണ്ടെത്തണം! 

 

അനിൽ മാർക്കോസ് പറഞ്ഞതനുസരിച്ച് ഋഷിയെ കൊല്ലാൻ വന്നപ്പോഴും അന്ന് കോഴിക്കോട് നാടകത്തിനു വന്നപ്പോഴും അയാൾ തീയേറ്ററിൽ മാസ്ക്ക് വച്ചിരുന്നു. അതായത് എന്റെ നാടകവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒരാൾ തന്നെയാണത്. 

മണികർണിക എനിക്ക് കിട്ടാൻ കാരണം എബി സാർ ആയിരിക്കും എന്ന് തന്നെയാണ് ഞാൻ കരുതിയത്, എന്നാൽ അത് വിശാഖ് മാഷ് കാരണമായിരുന്നു, എന്തുകൊണ്ട് മാഷ് അതെന്നോട് പറഞ്ഞില്ല? അല്ലെങ്കിലും മണികർണിക തുടങ്ങിയതിനു ശേഷം തന്നെയാണല്ലോ എന്റെ ജീവിതത്തിൽ ഈ അനുഭവങ്ങളൊക്കെ തന്നെ...

ആരാണ് അയാൾ?

ആ അജ്ഞാതൻ?

 

എനിക്കിപ്പോൾ എന്റെ മുന്നിൽ നിൽക്കുന്ന എല്ലാവരെയും സംശയമാണ്!

 

English Summary: ‘Njan Emma John’ e-Novel written by Sreeparvathy, Chapter- 18

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com